വക്കം: വേറിട്ട വ്യക്തിത്വമുള്ള നേതാവ്
ആർ.ശങ്കറിന് സംഭവിച്ചതുപോലെ സ്വന്തം പാർട്ടിയ്ക്കുള്ളിൽ നിന്നു തന്നെയാണ് അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റപ്പെട്ടത്. ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളിൽ അധിഷ്ഠിതമായി ചെറുപ്പകാലത്ത്പഠിച്ച സംഘടനാ പ്രവർത്തനമാണ് പിൽക്കാലത്ത് രാഷ്ട്രീയത്തിലും പയറ്റിത്തെളിയാൻ വക്കത്തിന് പ്രചോദനമായത്.
എന്നും വേറിട്ട പന്ഥാവിലൂടെ സഞ്ചരിക്കുകയും സഞ്ചരിച്ച വഴികളെ തന്റേതായ ശൈലിയിൽ കർമ്മനിരതമാക്കുകയും ചെയ്ത ചങ്കൂറ്റമുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമൻ. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്നും ഒറ്റയാനായി വേറിട്ട വ്യക്തിത്വം പുലർത്തിയ വക്കം എതിർപ്പുകളെയും ഒതുക്കലുകളെയുമെല്ലാം പുല്ലാക്കിയാണ് അധികാരത്തിന്റെ ഉന്നത ശ്രേണികളിലെത്തിയത്. ഒരിയ്ക്കൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ആർ.ശങ്കറിന് സംഭവിച്ചതുപോലെ സ്വന്തം പാർട്ടിയ്ക്കുള്ളിൽ നിന്നു തന്നെയാണ് അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റപ്പെട്ടത്. ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളിൽ അധിഷ്ഠിതമായി ചെറുപ്പകാലത്ത്പഠിച്ച സംഘടനാ പ്രവർത്തനമാണ് പിൽക്കാലത്ത് രാഷ്ട്രീയത്തിലും പയറ്റിത്തെളിയാൻ വക്കത്തിന് പ്രചോദനമായത്. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയെന്ന് ചരിത്രം രേഖപ്പെടുത്തിയ ആർ.ശങ്കറിനെ രാഷ്ട്രീയ ഗുരുവായി അംഗീകരിച്ചയാളാണ് വക്കം. ഏത് വിഷയത്തിലും സ്വന്തമായി നിലപാടുള്ളയാളായിരുന്നു. മന്ത്രിയായിരിക്കെയും സ്പീക്കറായിരിക്കെയും ഇത് പലകുറി അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗവും യോഗ നേതൃത്വവുമായും ഉറ്റബന്ധം പുലർത്തിയിരുന്നു.
അധികാരസ്ഥാനങ്ങളിലിരുന്നപ്പോഴൊക്കെ സമുദായത്തിനു വേണ്ടിയും എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനു വേണ്ടിയും ചെയ്യാൻ കഴിയാവുന്ന എല്ലാവിധ സഹായങ്ങളും ചെയ്തിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെ അമരക്കാരനെന്ന നിലയിൽ പ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ അഭിനന്ദിക്കാനും പ്രോത്സാഹന വാക്കുകൾ പറയാനും ഒരു മടിയും കാട്ടാത്ത ആളായിരുന്നു. മന്ത്രിയായും സ്പീക്കറായുമൊക്കെ അധികാരസ്ഥാനങ്ങളിൽ ഇരുന്നപ്പോൾ സമുദായവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. കൊല്ലം എസ്.എൻ കോളേജിന് സ്ഥലം പതിച്ചുകിട്ടുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക ഇടപെടലാണ് അദ്ദേഹം നടത്തിയത്. കോഴഞ്ചേരിയിൽ ടി.കെ മാധവന്റെ പ്രതിമ സ്ഥാപിക്കാനും അത് അനാവരണം ചെയ്യാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ വിലപ്പെട്ടതാണ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹവും ഞാനും തമ്മിൽ ഏർപ്പെട്ട ഒരു പന്തയത്തിന്റെ കഥ വിസ്മരിയ്ക്കാനാകില്ല. യു.ഡി.എഫ് 85 ന് മുകളിൽ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് വക്കം പറഞ്ഞു. എന്നാൽ യു.ഡി.എഫിന് 75 സീറ്റ് പോലും കിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. വക്കം തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ പന്തയത്തിന് ക്ഷണിച്ചത്.
പന്തയത്തിൽ തോൽക്കുന്നയാൾ ജയിക്കുന്നയാളുടെ വീട്ടിലെത്തി സ്വർണമോതിരം നൽകണമെന്നായിരുന്നു വ്യവസ്ഥ. രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെങ്കിലും അതെച്ചൊല്ലി രണ്ടുപേർ ഒരു പന്തയത്തിലേക്ക് പോയത് പൊതുസമൂഹത്തിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും കൗതുകമുണർത്തി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ എന്റെ പ്രവചനം ശരിയായി. 72 സീറ്റ് മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്. പന്തയത്തിൽ തോൽവി സമ്മതിച്ച വക്കം പന്തയ വ്യവസ്ഥ പ്രകാരം കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി നവരത്നം പതിച്ച രണ്ടുപവന്റെ മോതിരം സമ്മാനിച്ചു. ഭാര്യ പ്രീതി നടേശന്റെ സാന്നിദ്ധ്യത്തിലാണ് എന്റെ വിരലിൽ മോതിരം അണിയിച്ചത്. പന്തയത്തിൽ തോറ്റതിൽ ദു:ഖം ഉണ്ടെങ്കിലും വാക്കിന് സ്വർണ്ണത്തെക്കാൾ വില കൽപ്പിക്കുന്നതിനാൽ പറഞ്ഞ വാക്ക് പാലിക്കുന്നുവെന്നാണ് വക്കം പറഞ്ഞത്. യു.ഡി.എഫ് ഭരണം രണ്ട് വർഷം തികയ്ക്കില്ലെന്ന് പറഞ്ഞ് പുതിയൊരു പന്തയത്തിന് അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും ഒഴിഞ്ഞുമാറി. ഭൂരിപക്ഷം കുറവായതിനാൽ മന്ത്രിസഭ താഴെ വീഴില്ലെന്നും ഐക്യത്തോടെ പ്രവർത്തിച്ചാൽ അത് സാദ്ധ്യമാകുമെന്നും വക്കം പറഞ്ഞു. അത് ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി യോഗത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും ഉണ്ടായ കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. ആ മഹാനുഭാവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.