വിശ്വത്തിലെ പരിണാമപ്രക്രിയകള്‍
പ്രാമാണികമായി, നിഷ്പക്ഷവും നിരുപാധികവുമായി ബ്രഹ്മസത്യത്തെ ദര്‍ശിക്കുമ്പോള്‍, ആ പൊരുളിന്റെ ക്രിയാത്മകതയുടെ ഭാഗമായി നടക്കുന്ന എല്ലാ പ്രക്രിയകളും ബ്രഹ്മത്തില്‍ നിന്നും വേറല്ല എന്നുവരും. അങ്ങിനെ നോക്കുമ്പോള്‍ ബാഹ്യപ്രക്രിയകളെയും ദൃശ്യങ്ങളെയും തിരികെ ബ്രഹ്മത്തിലേക്ക് കൊണ്ടുപോയി അതിനോട് ബന്ധപ്പെടുത്തി കാണേണ്ടി വരും
വിശ്വരചനയെ രണ്ടുതരത്തില്‍ കാണാം. നിശ്ചേഷ്ടവും സചേതനവും ആയ തരത്തില്‍ സദാ പ്രാണസ്പന്ദനം നടന്നുകൊണ്ടിരിക്കുന്ന ഒരു സചേതനത്വം വിശ്വത്തിനില്ലെന്നു വന്നാല്‍ അത് ഗണിതശാസ്ത്രസമ്മതമോ, ന്യായശാസ്ത്ര സമ്മതമോ ആയ ഒരു വിശ്വകങ്കാളം മാത്രമായിരിക്കും. അതിന് ബാഹ്യരൂപം മാത്രമേ ഉണ്ടാവുകയുള്ളൂ. വിശ്വത്തിന്റെ ഈ സചേതനത്വം ഭൗതികശാസ്ത്രജ്ഞനോ തത്വശാസ്ത്രജ്ഞനോ താത്വികമായ തെളിവുകള്‍ നിരത്തി തെളിയിക്കേണ്ട ആവശ്യകതയ്ക്ക് ഒരു സ്ഥാനവുമില്ല. ദാര്‍ശനികചിന്തയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഈ വസ്തുതകളെ സത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതായിട്ട് കണക്കാക്കാവുന്നതാണ്. അഥവാ അവയ്ക്ക് സദാത്മകതയുടേതായ ഒരു ഉള്‍ക്കനമുണ്ട്. ദൃശ്യലോകത്തിനപ്പുറത്തുള്ള അദൃശ്യസത്യത്തെ വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കുമ്പോള്‍ നാം സ്വാഭാവികമായും ന്യായശാസ്ത്രചിന്തയുടെ തലത്തിലേക്ക് പ്രവേശിക്കും. അധ്യാരോപദര്‍ശനത്തിലെ ഒന്നാം ശ്ലോകവും ഒത്ത മധ്യത്തിലെ അഞ്ചാം ശ്ലോകവും അവസാന ശ്ലോകവും ചേര്‍ത്ത് വച്ച് മനസ്സിലാക്കുമ്പോള്‍, പ്രപഞ്ച സൃഷ്ടിയെ സംബന്ധിക്കുന്ന വ്യക്തമായ കാഴ്ചപ്പാട് ബ്രഹ്മവിദ്യക്ക് ഇണങ്ങുന്ന തരത്തില്‍ വെളിപ്പെടുത്താന്‍ നാരായണഗുരു ഉദ്ദേശിച്ചിരുന്നുവെന്നത് നിസ്തര്‍ക്കമാണ്.
ഭഗവാംശ്ചിത്രകാരവത്
അധ്യാരോപദര്‍ശനത്തിലെ അവസാന ശ്ലോകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വിത്തും അതില്‍ നിന്നുണ്ടാകുന്ന വടവൃക്ഷവും ദൃശ്യവസ്തുക്കളാണ്. അഞ്ചാം ശ്ലോകത്തില്‍ പറയുന്ന ചിത്രവും ചിത്രകാരനും തമ്മിലുള്ള ബന്ധം വെറും ദൃശ്യവസ്തു ലോകമല്ല മറിച്ച്, അത് സത്യത്തിന്റെ തലത്തിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതായിക്കാണാം. ആദ്യശ്ലോകത്തില്‍ സൂചിപ്പിക്കുന്ന ചിത്രം ചിന്ത്യത്തിന്റെ ഗണത്തില്‍പ്പെടുന്നതാണ്. അപ്പോള്‍ ആദ്യ-അവസാന ശ്ലോകങ്ങളില്‍പ്പറയുന്ന ചിന്ത്യ-ദൃശ്യ ലോകത്തിനു നടുവില്‍ അവയെ കൂട്ടിയിണക്കുന്ന ഒരു കണ്ണിപോലെ അഞ്ചാം ശ്ലോകത്തിലെ ചിത്രം വരുന്നു. ചിത്രകാരനും ചിത്രവും തമ്മിലുള്ള ബന്ധം പോലെ, നടുനിലയില്‍ നില്‍ക്കുന്ന ഒരു സത്യത്തിന് നാരായണഗുരു ഇവിടെ മര്‍മ്മസ്ഥാനം നല്‍കിയിരിക്കുന്നു എന്നു കരുതുണം.
പ്രപഞ്ചസൃഷ്ടിയും യോഗബുദ്ധിയും
ഇതില്‍ നിന്നും നമുക്ക് ഒരു നിഗമനത്തിലെത്താവുന്നതാണ്. പ്രപഞ്ചസൃഷ്ടിയെയോ പ്രപഞ്ചരചനയെയോ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ദൃശ്യവസ്തുക്കള്‍ക്കോ ചിന്ത്യമായ വസ്തുക്കള്‍ക്കോ മാത്രമല്ല സ്ഥാനമുള്ളത്. ഇത് രണ്ടും മനുഷ്യന്റെ അന്വേഷണബുദ്ധിയില്‍ തെളിഞ്ഞു വരുന്നതു മാത്രം. നിര്‍ണ്ണീതമായ സത്യസ്വരൂപത്തിന്റെ സ്വഭാവമുള്ള ചില സൂക്ഷ്മവശങ്ങള്‍ക്കു കൂടി അവിടെ സ്ഥാനമുണ്ട്. അത് തെളിഞ്ഞ് കിട്ടേണ്ടത് അന്തര്‍ദര്‍ശനം വഴിയാണെന്നു മാത്രം. പാശ്ചാത്യ ചിന്തയില്‍ ഇതിനെ ഡയലറ്റിക്‌സ് എന്നു വിളിക്കും. ഭാരതത്തില്‍ അത്തരം ബുദ്ധിയെ യോഗബുദ്ധിയെന്നാണ് വിളിച്ചു പോരുന്നത്. ആധുനിക ഗണിതശാസ്ത്രത്തിലെ സമവാക്യങ്ങളും, രണ്ട് വശങ്ങളെ തമ്മില്‍ സമീകരിച്ച് രണ്ടിനും നടുവിലുള്ള ഏകസത്യം ഉള്‍ക്കണ്ണുകൊണ്ട് കാണുകയാണ് ചെയ്യുന്നത്.
വിശ്വരചനയില്‍ ഉള്ളടങ്ങിയിരിക്കുന്ന നവചേതനത്വത്തെ കണക്കിലെടുത്തുകൊണ്ട് ചിന്തിക്കുമ്പോള്‍ പരുക്കനായ യാഥാര്‍ത്ഥ്യങ്ങളും തത്വപ്രധാനമായ സത്യത്തിന്റെ സൂക്ഷ്മഭാവങ്ങളും തമ്മില്‍ കൂട്ടിക്കുഴയ്ക്കുവാന്‍ പാടില്ല. ഈശ്വരന്‍ പ്രപഞ്ചസൃഷ്ടി നടത്തിയതിന്റെ സ്വഭാവമാണ് അധ്യാരോപദര്‍ശനത്തിന്റെ പത്ത് ശ്ലോകങ്ങളില്‍ ഗുരു വിവരിക്കുന്നത്. ഈ പത്ത് ശ്ലോകങ്ങളില്‍ക്കൂടി കടന്നു പോകുമ്പോള്‍, അവ തമ്മില്‍ ആന്തരികമായ ഒരു പൊരുത്തവും ബാഹ്യമായ ഒരു തുടര്‍ച്ചയും ഉണ്ടായിരിക്കാന്‍ ഗുരു ശ്രദ്ധവയ്ക്കുന്നതായി നമുക്ക് കാണാന്‍ കഴിയും.
സത്യനിര്‍ണയത്തിന്റെ സ്വഭാവം
പരമമായ പൊരുള്‍ അഥവാ ബ്രഹ്മസത്യം തികച്ചു അര്‍ത്ഥവത്തായിരിക്കണമെന്നുണ്ടെങ്കില്‍ അതിനെ വസ്തുതകളുടെയും സിദ്ധാന്തങ്ങളുടേതുമായ രണ്ടുവശങ്ങളില്‍ നിന്ന് വീക്ഷിക്കുക തന്നെ വേണം. നിങ്ങള്‍ക്ക് എന്തിലാണ് വിശ്വാസമെന്ന് ശാസ്ത്രജ്ഞരോട് ചോദിച്ചാല്‍ ,അയാള്‍ പറയാന്‍ ഇഷ്ടപ്പെടുന്ന മറുപടി ,വസ്തുതകളിലാണ് തനിക്ക് വിശ്വാസം എന്നായിരിക്കും. ഇനി വിശ്വാസികളുടെ കാര്യമെടുത്താല്‍, അവര്‍ക്ക് വിശ്വാസമുള്ളത് ഉന്നതചിന്ത കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുന്ന ഒന്നിലായിരിക്കും. എന്നാല്‍ സര്‍വവിദ്യാപ്രതിഷ്ഠയായി കണക്കാക്കപ്പെടുന്ന ബ്രഹ്മവിദ്യയുടെ സന്ദര്‍ഭമെടുത്താല്‍, അതില്‍ ഈ രണ്ടു നിലപാടുകളും അന്യോന്യം വൈരുദ്ധ്യമുണ്ടാകാത്ത തരത്തില്‍ അതിന്റെ കേന്ദ്രസ്ഥാനത്ത് ഇണങ്ങിച്ചേരുന്നുണ്ടാകും. ഇങ്ങനെ, സത്യനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും പ്രത്യേക വശത്തേക്ക് ചേരി തിരിഞ്ഞുനിന്നുകൊണ്ട് സത്യത്തെപ്പറ്റി പറയുന്നതായ തെറ്റിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. സത്യമാകട്ടെ ഒന്നാണ് താനും. അപ്പോള്‍ സത്യത്തെ സത്യമായി ദര്‍ശിക്കുന്നതിന്, വസ്തുതകളുടെ വശത്തു നിന്ന് ഇങ്ങോട്ടും താത്വികമായ വിചാരത്തിന്റെ സ്ഥാനത്തു നിന്ന് അങ്ങോട്ടും കൊണ്ടുപോയി സമനിലയിലാക്കേണ്ടിയിരിക്കുന്നു. ഈയൊരു പ്രത്യേകത ദര്‍ശനമാലയിലെ ഓരോ ശ്ലോകത്തിലുമുണ്ട്. നിരന്തരമായ പരിണാമഗതിയോടുകൂടിയ പ്രപഞ്ച രചനക്ക് പരമമായ പൊരുളില്‍ നിന്ന് അന്യമല്ലാത്ത ഒരു സ്ഥാനം നല്‍കി ചിത്രത്തിന് പൂര്‍ണ്ണത കൈവരുത്തണമെങ്കില്‍, വസ്തുനിഷ്ഠമായ പരിണാമ പ്രക്രിയക്കും അതിന്റെ താത്വികമായ വശത്തിനും ഒരു പോലെ ആ പൊരുളിനുള്ളില്‍ സ്ഥാനം നല്‍കിയേ മതിയാവൂ.
ബോധത്തിലെ പരിണാമഗതി
പരിണാമ വാദികള്‍ പരിണാമത്തെ ഒരു വസ്തുത (Fact) ആയിട്ടാണ് ചിത്രീകരിക്കുന്നത്. പരിണാമം വിവരിക്കുന്ന പ്രദര്‍ശനങ്ങളില്‍, പരിണാമഗതി മുന്നോട്ടു പോകുന്നതിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കുന്ന തരത്തിലായിരിക്കും അവ ക്രമീകരിച്ചിരിക്കുന്നത്. ജീവലോകത്തിലെ അമീബ മുതല്‍ മനുഷ്യന്‍ വരെ ഉണ്ടായി വന്നതെങ്ങനെയെന്ന് വ്യക്തമാക്കാനാണ് ഈ പ്രദര്‍ശനം ലക്ഷ്യമാക്കുന്നത്. ഇപ്രകാരം നേരിട്ട് കാണാവുന്ന മാതൃകകളെ വച്ചുകൊണ്ട് പരിണാമ ഗതിയുടെ ചിത്രം ഉള്ളില്‍ രൂപീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലയിടത്തൊക്കെ ചില കണ്ണികള്‍ വിട്ടു പോയിരിക്കുന്നതായും അതിനുള്ള വസ്തുനിഷ്ഠമായ തെളിവുകള്‍ ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും തോന്നിപ്പോകും. ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാതൃകകള്‍ വച്ചുകൊണ്ട് നാം ഊഹിച്ചെടുക്കുന്ന പരിണാമ സ്വഭാവത്തെപ്പറ്റി ആരെങ്കിലും ചോദിച്ചെന്നിരിക്കട്ടെ, ‘ഡാര്‍വിന്‍ കണ്ടോ കുരങ്ങന്‍ എവിടെയെങ്കിലും മനുഷ്യനായി മാറുന്നതായിട്ട്? എന്ന് ഈ പ്രസക്തമായ ചോദ്യം നാരായണഗുരു തന്നെ ഒരിക്കല്‍ ഒരു വളച്ചുകെട്ടുകൂടാതെ ചോദിക്കുകയുണ്ടായി. ഇതിന് ലഭിക്കുന്ന ഉത്തരം ”ഇല്ല” എന്നായിരിക്കും എന്നുള്ളതില്‍ സംശയമില്ല.
പരിണാമം എന്നതില്‍ നിരന്തരമായ ഒരു മാറ്റം അഥവാ സംഭൂതി പ്രക്രിയ നടക്കുന്നു എന്നത് അന്തര്‍ഭവച്ചിരിക്കുന്നു. പരിണാമവാദത്തിന് ഏതെങ്കിലുമൊരു തരത്തില്‍ അര്‍ത്ഥം കിട്ടണമെന്നുണ്ടെങ്കില്‍, നമ്മുടെ തന്നെ ബോധം നടത്തുന്ന വിശദീകരണ രൂപത്തിലുള്ള വൃത്തി, വെറും പരുക്കനായ യാഥാര്‍ത്ഥ്യങ്ങളുടെ സന്ദര്‍ഭത്തിനുള്ളിലേക്ക് കടന്ന്കയറി അതിന് രൂപം നല്‍കേണ്ടിവരും. പരിണാമവാദിയുടെ വാദഗതികള്‍ ആശ്രയിക്കുന്നത് വെറും പരുക്കനായ വസ്തുതകളടങ്ങുന്ന ഒരുവശത്തെയാണ്. ജീവിവര്‍ഗ്ഗങ്ങളിലെല്ലാം പൊതുവായുള്ള ബോധത്തെയും കൂടി മറുവശത്ത് ആശ്രയിക്കുന്നുണ്ട്. അപ്പോഴാണ് ഈ രണ്ടിന്റെയും അടിസ്ഥാനത്തില്‍ ഇതുരണ്ടുമല്ലാത്ത, അതായത് ചിത്ത്, ജഡം എന്ന ദ്വൈതത്തിനവസരമില്ലാത്തതായ ഒരു സിദ്ധാന്തം രൂപീകരിച്ചെടുക്കാന്‍ സാധ്യമാകുന്നത്. ഇങ്ങനെ തത്വരൂപീകരണം നടക്കുമ്പോള്‍ ഇപ്പറഞ്ഞ രണ്ടുവശങ്ങളില്‍ ഏതെങ്കിലുമൊന്നിന് പ്രാമുഖ്യം കൂടിയെന്നും, മറ്റേത് അതിന് സഹായകം മാത്രമാണെന്നും വന്നേക്കാം. അങ്ങനെ നോക്കുമ്പോള്‍ പരിണാമം എന്നതിനെ കേന്ദ്രീകരിച്ചുണ്ടായിട്ടുള്ള എല്ലാ വാദഗതികളെയും നമുക്ക് ഒരു കീഴ്‌മേല്‍ വ്യവസ്ഥയില്‍ അടുക്കി വച്ച് മനസ്സിലാക്കാന്‍ സാധിക്കും. അതില്‍ ഏറ്റവും താഴെ വരുന്നത് യാന്ത്രികതയ്ക്ക് മുഖ്യസ്ഥാനമുള്ള ഡാര്‍വിന്റേതാണ്.
(തുടരും)