യക്ഷി ഇന്നും അവിടെയുണ്ട്

മലയാളികളുടെ ആസ്വാദന സംസ്‌കാരത്തെ ഉടച്ചു വാര്‍ത്ത അതുല്യ കലാകാരനാണ് കാനായി കുഞ്ഞിരാമന്‍.സവര്‍ണ സൗന്ദര്യ ബോധം കലയില്‍ നിലനില്‍ക്കുന്നുവെന്നത് വാസ്തവമാണ്-ലാന്‍ഡ് സ്‌കേപ്പിങ്ങിന്റെ കലയ്ക്കും ശില്പഭാഷയ്ക്കും പുതിയ മാനം സൃഷ്ടിച്ച കാനായി തുറന്ന് പറയുന്നു.

ശില്പകലയെ പബ്ലിക്ക് ആര്‍ട്ടാക്കി മാറ്റിയ ഒരാള്‍ എന്ന നിലയില്‍ മലയാളിയുടെ ആസ്വാദന സംസ്‌കാരത്തെ എങ്ങനെയാണ് നോക്കി കാണുന്നത് ?

ഞാന്‍ സായ്പ്പിന്റെ നാട്ടില്‍ (ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴില്‍ മൂന്നു വര്‍ഷക്കാലം ജീവിച്ച ഒരാളാണ്. അവിടെ സ്ഥിരമായി താമസിക്കാന്‍ തോന്നിയില്ല. സ്വന്തം നാടിനെ ഞാന്‍ സ്‌നേഹിക്കുന്നതുകൊണ്ടാണ് തിരികെ വന്നത്. സായ്പ്പിന്റെ നാട്ടില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്. അവിടെ എന്റെ ആവശ്യമുണ്ടായിരുന്നില്ല അഥവാ എനിക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഞാന്‍ ഒരു ഗാന്ധിയനാണ്. എന്റെ മാതൃകയും ഗാന്ധിയാണ്. ഗാന്ധി എവിടെയൊക്കെ പോയിട്ടും ഇന്ത്യയിലേക്ക് മടങ്ങി വന്നില്ലേ. അതുപോലെ ഞാനും കേരളത്തിലേക്ക് വന്നു. നേരേ പോയത് ചോളമണ്ഡല (മദ്രാസ്) ത്തിലേക്കാണ്. വാസുദേവന്‍ നമ്പൂതിരിയും ജാതവേദന്‍ നമ്പൂതിരിയും ഒരു എഴുത്തെഴുതി. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു – പാലക്കാട് നല്ല വിസ്തൃതമായ ഒരു സ്ഥലമുണ്ട്. അവിടെ വലിയ ശില്പം ചെയ്യാന്‍ സാധ്യതയുണ്ട്. പക്ഷെ പാലക്കാടിന്റെ ഭാഷയില്‍ ചെയ്യണം. പനയും പാലയും യക്ഷിക്കഥകളും ചുറ്റുപിണഞ്ഞു കിടക്കുന്ന , അമ്പത്തിയഞ്ച് വര്‍ഷം പഴക്കമുള്ള ‘മലമ്പുഴ യക്ഷി ‘ ഉണ്ടായത്. ഇതെനിക്കു വീണുകിട്ടിയ വലിയ അവസരമായിരുന്നു. ഇതിനായി ഞാന്‍ മോഡലുകള്‍ ഉണ്ടാക്കി. ഇതുപോലെയുളള ശില്‍പങ്ങള്‍ അമ്പലത്തിലൊക്കെ വെച്ചാല്‍ കുഴപ്പമാവില്ലേയെന്നും അതു ദൈവത്തിന്റെ സ്ഥലമല്ലേയെന്നും ചോദിക്കുന്നവരുണ്ട്. ഞാന്‍ ഒന്നു പറയട്ടെ, എന്റെ ക്ഷേത്രം പ്രകൃതിയാണ്. അതുകൊണ്ട് എന്റെ കലയില്‍ നഗ്‌നതയുടെ ഭാഷ ഒരു പ്രശ്‌നമല്ല. അതുകൊണ്ടാണ് ഈ ശില്പം ചെയ്യാന്‍ അനുവാദം പോലും കിട്ടിയത്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മലയാളിയുടെ ശില്പാസ്വാദനക്ഷമത വര്‍ദ്ധിച്ചുവെന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.

കലയുടെ ഭാഷയില്‍ ശ്ലീലം / അശ്ലീലം എന്നീ പ്രത്യയങ്ങളുടെ ആവശ്യമുണ്ടോ ? കല എന്നത് അതില്‍ത്തന്നെ ഒരു കമ്യൂണിക്കേറ്റീവ് മീഡിയമല്ലേ ?

ഞാന്‍ ശില്പനിര്‍മ്മാണത്തെ ഒരു അധ്യയന – അദ്ധ്യാപന വ്യവസ്ഥയിലാണ് (education status) കണ്ടതും, അതിന്‍പ്രകാരമാണ് ഓരോ ശില്പവും ചെയ്തതും. അമ്മ നല്ല കലാസ്വാദകയായിരുന്നു. ഞാന്‍ ഭിത്തിയിലൊക്കെ വരച്ചതിനെ അച്ഛന്‍ എതിര്‍ക്കുമ്പോള്‍ കൂടെ നിന്നിരുന്നത് അമ്മയാണ്. ശില്പം പെയിന്റിംഗ് പോലെയല്ല. വലിയ ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ ശില്പങ്ങള്‍ക്ക് കഴിയും. ശില്‍പം ഒരു റീയല്‍ ലൈഫിനെ (real life) നമുക്ക് കാട്ടിത്തരും. അതുകൊണ്ട് യക്ഷി ഇന്നും അവിടെയുണ്ട്. പര്‍ദ്ദയുമിട്ട് മുസ്ലീം സ്ത്രീകള്‍ യക്ഷി കാണാന്‍ എത്തിയത് എന്നെ അത്ഭുതപ്പെടുത്തി. എന്നെ കൊന്നുകളയുമെന്നു പറഞ്ഞ സദാചാരക്കാരും ഉണ്ടായിരുന്നു. ഞാന്‍ അതൊന്നും വകവയ്ക്കാതെയാണ് ഇത്തരം ശില്പങ്ങള്‍ ചെയ്തത്. ഞാന്‍ ശില്പനിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പുവരെ കേരളത്തിലുണ്ടായിരുന്നത് പ്രതിമകളാണ്. . മലയുടെ മുകളിലേക്ക് നോക്കി നില്‍ക്കുന്ന വലിയ ശില്പങ്ങളാണ് ഞാന്‍ ചെയ്തത്. വീടുകളിലെ ഗ്യാലറികളില്‍ വെയ്ക്കാനല്ല ഞാന്‍ ശില്പങ്ങള്‍ ചെയ്തത്. അത് ഒരു മ്യൂസിയം ഐറ്റം ആകരുതെന്ന നിര്‍ബന്ധബുദ്ധി എനിക്കുണ്ടായിരുന്നു. അമ്പലങ്ങളില്‍ പോലും ശില്പങ്ങള്‍ പുറത്തു വെയ്ക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തി രണ്ടില്‍ എനിക്ക് അമേരിക്കയിലേക്ക് ക്ഷണം ലഭിച്ചു. അവര്‍ ഇവിടെ വന്നപ്പോള്‍ എടുത്ത യക്ഷിയുടെ പടം കാട്ടിത്തന്നു. കേരളത്തിലെ ഏറ്റവും വലിയ ശില്പമാണിതെന്നു പറഞ്ഞു. അമേരിക്കയില്‍ പോലും ഇതുപോലൊരു നഗ്‌നശില്പമില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. യക്ഷിയോടു കൂടി ശ്ലീല/ അശ്ലീല പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. അല്ലെങ്കില്‍ നഗ്‌നശില്‍പം അത്തരം വിവേചനങ്ങളെ മറികടന്നുവെന്നാണ് ഞാന്‍ കരുതുന്നത്.

നാം കോടികള്‍ മുടക്കി വീടുകള്‍ വയ്ക്കുന്നു. ലക്ഷങ്ങള്‍ മുടക്കി അതിന്റെ ഇന്റീരിയര്‍ ശരിയാക്കുന്നു. പക്ഷെ ഒരു മൈക്രോ ശില്പമോ ഒരു പെയിന്റിംഗോ ഒന്നും അതിനായി വിനിയോഗിച്ചു കാണുന്നില്ല. ദൃശ്യസാക്ഷരതയില്‍ നാം ഇപ്പോഴും പിന്നില്‍ തന്നെയാണോ ?

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തില്‍ എന്റെ ഒരു അദ്ധ്യാപകനാണ് എന്നെ ആര്‍ട്ടിസ്റ്റ് വിദ്യാര്‍ത്ഥിയാക്കിയത്. ഞാന്‍ ഇവിടെ നിന്നും നാടുവിട്ടു പോയി. കല പഠിച്ചു. തിരികെ ഇവിടെ എത്തി. സ്‌കൂളുകളിലെ ഡ്രോയിംഗ് ടീച്ചര്‍ എന്ന തസ്തിക പക്ഷെ ഇപ്പോള്‍ ഇല്ലായെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചിത്രകലയും ശില്പകലയും ഒരു സിലബസ് ഐറ്റമാക്കണം. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ പക്ഷെ ഇതില്ല. ചെറിയ കുട്ടികളെ കല പഠിപ്പിക്കണം. എന്നിട്ട് അവര്‍ സായിപ്പിന്റെ നാട്ടില്‍ പോയിക്കോട്ടെ. ഉന്നതബിരുദങ്ങള്‍ എടുത്തോട്ടെ. ലിപിയല്ല പഠിപ്പിക്കേണ്ടത് മറിച്ച് കലയാണ് പഠിപ്പിക്കേണ്ടത്. നമ്മുടെ ജന്മഭാഷയാണ് ചിത്രഭാഷ . ഇവിടെ സിലബസ് ഉണ്ടാക്കുന്നവരാണ് ഈ നാടിനെ നശിപ്പിക്കുന്നത്. അവര്‍ ശിക്ഷിക്കപ്പെടണം. എങ്കില്‍ മാത്രമേ ചിത്രഭാഷയോട് ഒരു സ്‌നേഹമൊക്കെ വരികയുള്ളു. വീടിന്റെ പോസിറ്റീവ് വൈബായി ചിത്രഭാഷ മാറുകയുള്ളു.

ലാന്‍ഡ് സ്‌കേപ്പിങ്ങിന്റെ കലയെയും ശില്പഭാഷയെയും മലയാളി ചെറുതായി കാണുന്നുണ്ടോ ? ഭരണകൂടം ശംഖുമുഖത്തെ ശില്പത്തെയും ലാന്‍ഡ് സ്‌കേപ്പിങ്ങിനെയും അവഹേളിക്കുന്ന തരത്തില്‍ നടത്തിയ ചില ഇടപെടലുകള്‍ വിവാദമായിരുന്നല്ലോ ? ഇപ്പോള്‍ ഭരണകൂടത്തിന്റെ നിലപാടെന്താണ് ?

ഇത്രയും വലിയ അപമാനിക്കല്‍ ലോകത്തിലെ ഒരു നാട്ടിലും ഉണ്ടാവില്ല. ഭരണകൂടത്തിന് വലുത് ഹെലികോപ്റ്ററാണ്. കലാകാര സംഘടനകളും മറ്റു ചില സ്വതന്ത്ര സംഘടനകളും അതിനെതിരെ സമരം ചെയ്തു. പക്ഷെ ഫലമുണ്ടായില്ല. ലോകത്തിലെ ഏറ്റവും വലിയ മെര്‍മെയ് ഡ് (mermaid ) ശില്പം എന്ന വിശേഷണം ലഭിച്ച ഒരു ശില്പത്തെയാണ് അവഹേളിച്ചത്. ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍ മൗനം പാലിച്ചു. പ്രകോപനമുണ്ടാക്കാനല്ല നന്മയിലേക്ക് നയിക്കാനാണ് ഇതുണ്ടാക്കിയത്.ഏറ്റവും വലിയ ശില്‍പമാണ് mermaid . ഇതിനു തന്നെയാണ് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് ലഭിച്ചതും.

മലയാളിയുടെ കപടസദാചാരവും ഒരു വലിയ ഘടകമായി മാറുന്നില്ലേ ?

വീട് നന്നായാലേ ഇനി നാട് നന്നാകുകയുള്ളു. ഇവിടെ കുട്ടികളെ ഡേ കെയറില്‍ ആക്കുന്നു. എന്നിട്ട് വൈകുന്നേരങ്ങളില്‍ ഏതാണ്ട് പാര്‍സല്‍ എടുക്കുംപോലെയാണ് തിരികെയെടുത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സ്‌കൂള്‍ വീടാണ്. അദ്ധ്യാപകര്‍ അച്ഛനമ്മമാരാണ്. കേരളത്തിലെ കുട്ടികള്‍ക്ക് (മനുഷ്യരാവാന്‍) ആവശ്യമില്ലാത്ത കാര്യങ്ങളാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത്. നമ്മള്‍ കുട്ടികളെ ഉപദേശിക്കുമ്പോള്‍ മഹാത്മാക്കള്‍ എങ്ങനെ ജീവിച്ചു അതുപോലെ ജീവിക്കണം എന്നൊക്കെ പഠിപ്പിക്കും അവരുടെ മാതാപിതാക്കള്‍. എങ്ങനെ ജീവിച്ചുവെന്നൊക്കെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ വിട്ടുപോകും. അദ്ധ്യാപകര്‍ ശമ്പളം വാങ്ങാന്‍ വരുന്നവര്‍ മാത്രമായി മാറി. വിദ്യാഭ്യാസ നയങ്ങള്‍ പുതുക്കണം. വാമൊഴി / വരമൊഴി സംസ്‌കാരത്തില്‍ അമ്പും വില്ലും എന്നപോലെയില്‍ നിന്നും മാറി. അന്ന് എണ്ണ വേണ്ടായിരുന്നു. fuel വേണ്ട. ക്രമേണ ചക്രം കണ്ടുപിടിച്ചു. അവന്‍ അന്നുപയോഗിച്ച അമ്പ് ഇന്ന് മിസൈലാണ്. മനുഷ്യര്‍ കൂടുതല്‍ മെക്കാനിക്കലായി മാറിയ കാലത്തില്‍ കാപട്യം ഏറി വരും.

സ്ത്രീകള്‍ ശില്പകലയില്‍ വേണ്ട പോലെ വ്യാപരിക്കാത്തതിനെ എങ്ങനെ നിരീക്ഷിക്കുന്നു. ?

ഏറ്റവും അധികം കായികാദ്ധ്വാനം ആവശ്യമുള്ള ഒരു കലയാണ് ശില്പകല . പെയിന്റിംഗിന് അത്രയും അദ്ധ്വാനം ആവശ്യമില്ല. അവരുടെ ശരീര പ്രകൃതിയൊന്നും ശില്പകലയ്ക്കു വഴങ്ങുന്നതല്ല. കേരളത്തില്‍ ഇതുവരെ വലിയ ശില്പങ്ങള്‍ ചെയ്യുന്നവര്‍ വന്നിട്ടില്ല. അതിനെ ഒരു പബ്ലിക്ക് സ്പീയറില്‍ കൊണ്ടുവരാന്‍ സ്ത്രീകളായ ശില്പികള്‍ക്കു കഴിയുമെന്നു തോന്നുന്നില്ല.

മീഡിയ ഒരു സവര്‍ണ സൗന്ദര്യ ബോധത്തെയാണ് കലയില്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നത് എന്ന വാദത്തെ എങ്ങനെ നിരീക്ഷിക്കുന്നു ?

സവര്‍ണ സൗന്ദര്യ ബോധം കലയില്‍ നിലനില്‍ക്കുന്നുവെന്നത് വാസ്തവമാണ്. ന്യൂഡ് ആര്‍ട്ടിലൊക്കെ ബ്ലാക്ക് സൗന്ദര്യമില്ലാത്ത ഒന്നായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു. മേക്കപ്പ് ചെയ്താലും അതിന് പ്രാധാന്യം നല്‍കാറില്ല. ഇവിടെ ബ്ലാക്ക് ആര്‍ട്ടിന് പ്രസക്തിയില്ല.ജനാധിപത്യം ഇവിടെ വിഡ്ഢിത്തമായി മാറിയതുപോലെയാണിതും. മതവും ജാതിയും സൗന്ദര്യ സങ്കല്പത്തിലും കടന്നു കൂടിയിട്ടുണ്ട്.

താങ്കള്‍ തത്വചിന്താവഴികളിലൂടെ സഞ്ചരിക്കുന്ന ചില കവിതകളും എഴുതിയിട്ടുണ്ടല്ലോ. കവിതയുടെ വഴിയെ കുറിച്ച് ഒന്നു പറയാമോ ?

എന്റെ കവിതകള്‍ എല്ലാവര്‍ക്കും ഇഷ്ടടപ്പെടുമോ എന്നറിയില്ല. ഞാന്‍ എനിക്കു തോന്നുന്ന ചില കാര്യങ്ങളെ , അതും ശില്പത്തിലാക്കാന്‍ കഴിയാത്തവയെ ഇങ്ങനെ എഴുതിയിടുന്ന ഒരു രീതിയുണ്ട്. ഒരിക്കല്‍ ഞാനത് കെ.പി. അപ്പനെ ഒന്നു കാണിച്ചു. അദ്ദേഹം ഡി. സി. ബുക്‌സിന്റെ രവിയെ വിളിച്ചു പറഞ്ഞു കാനായി യുടെ കൈവശം കുറേ കവിതകളുണ്ട്. ഒന്നു നോക്കണം. അങ്ങനെ ആദ്യത്തെ കവിതാപുസ്തകം കെ.പി. അപ്പന്റെ അവതാരികയോടു കൂടി ഡി. സി. ബുക്‌സില്‍ നിന്നും പുറത്തുവന്നു. ഇപ്പോള്‍ മറ്റൊരു കവിതാപുസ്തകം കൂടി കെ. ജയകുമാറിന്റെ അവതാരികയോടെ വര ആര്‍ട്ട് ഗാലറിയില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്. ശില്പം കൊണ്ടു പൂരിപ്പിക്കാനാവാത്തവയാണ് ഞാന്‍ കവിതയില്‍ ആവിഷ്‌കരിക്കുന്നത്. അതിനെ തത്വചിന്ത എന്നൊക്കെ വിശേഷിപ്പിക്കാമോ എന്നുളളതാണ് എന്റെ സന്ദേഹം.

കലയുടെ നിര്‍മ്മിതിയില്‍ അധൈര്യരായി കഴിയുന്ന മാറിയ പുതിയ തലമുറയോട് എന്താണ് പറയാനുള്ളത് ?

കല എന്തെന്ന് മനസ്സിലാക്കാതെ വരയ്ക്കുന്നവരാണ് പുതിയ തലമുറ. കല ജന്മനാ ഉണ്ടാകുന്നതാണ്. അതിനെ അനലൈസ് ചെയ്യാന്‍ സാധ്യമല്ല. പക്ഷെ സ്‌കില്ലും ക്രാഫ്റ്റും നമുക്ക് പഠിക്കാനും പഠിപ്പിക്കാനുമാകും. അപ്പോഴും കോപ്പിയിംഗല്ല കല എന്ന വസ്തുത നാം മനസ്സിലാക്കിയേ മതിയാകൂ. അറിയുന്ന രീതിയില്‍ വരയക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.ഒപ്പം ഉള്ള സ്‌കില്ലുകളെ ഡെവലപ് ചെയ്യുകയും വേണം. ഫുട്‌ബോള്‍ കളി പോലും കാലിന്റെ കലയാണ്. അത് കാലിനെ പഠിപ്പിച്ചെടുക്കാം. കളിയും ജന്മവാസനയാണ്. അതിനും സ്‌കില്ലും ക്രാഫ്റ്റും ആവശ്യമാണ്. അതു കോപ്പി ചെയ്തിട്ട് കാര്യമില്ല. ആദ്യം പഠിക്കുന്ന അക്ഷരം പോലും നമ്മള്‍ മടുക്കും. അപ്പോഴും നമ്മുടെ താല്പര്യങ്ങള്‍ നിലനില്‍ക്കും. കലയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. വിദേശത്ത് അനാട്ടമി പഠിപ്പിക്കുമ്പോള്‍ പെണ്ണ് / പുരുഷന്‍ എന്നിങ്ങനെ പറഞ്ഞല്ല പഠിപ്പിക്കുന്നത്. അത് പണ്ടേ നിര്‍ത്തിയ കാര്യമാണ്. ഒരു ആള്‍രൂപം മെനയാന്‍ എല്ലാ ജനുസ്സിലും പെട്ട , നീഗ്രോയുടെ പോലും മസിലും ബോഡിയും ഒക്കെ മനസ്സിലാക്കണം. എങ്കിലേ ക്രിയേറ്റീവാകാന്‍ പറ്റൂ. ഞാന്‍ അനുകരിക്കേണ്ടത് എന്നെയാണ്.എന്നില്‍(Self) നിന്നാണ് എല്ലാം ഉണ്ടാകുന്നത്. ആ വഴി ചൂണ്ടിക്കാട്ടണം. പ്രകൃതിയുടെ ലക്ഷ്യമായിരുന്നു ആണ്‍ /പെണ്‍ വര്‍ഗത്തെ സൗന്ദര്യമുള്ളവരാക്കുക എന്നത്. പ്രപഞ്ച മാതാവിന്റെ മോളാണ് എന്റെ അമ്മ. verbal ഭാഷ മോശമായി മാറിയ കാലത്തിലാണ് പുതിയ തലമുറ വരയുടെ കലയില്‍ വ്യാപരിക്കുന്നത്. അതീവ ശ്രദ്ധയോടെ അവര്‍ക്കത് ചെയ്യാന്‍ കഴിയണം.

? പെര്‍വേര്‍ട്ടഡ് ( perverted) മലയാളിയുടെ കുഴപ്പങ്ങളെ എങ്ങനെയാണ് നിരീക്ഷിക്കുന്നത് ?

പ്രതികരിക്കാന്‍ വിസമ്മതിക്കുന്ന ഒരു മലയാളിയുണ്ട്. അതുകൊണ്ട് ഞാന്‍ പറയുന്നു കഴിയുമെങ്കില്‍ പ്രതികരിക്കുക എന്നാല്‍ അനുകരിക്കാതിരിക്കുക. ജീവാത്മാവ് എന്താണെന്ന് മനസ്സിലാക്കുക പ്രധാനമാണ്. ഞാന്‍ എന്നെ തന്നെ മനസ്സിലാക്കണം. മൂന്ന് വയസ്സുള്ള കുട്ടി ഉറുമ്പിനെ കണ്ടിട്ട് അതിന്റെ ചലനങ്ങള്‍ നോക്കി നില്‍ക്കും. എത്ര പ്രായമായാലും കുട്ടിയായിരിക്കണം. മനസ് ശുദ്ധമായാല്‍ മനുഷ്യന്‍ ശുദ്ധനാകും. ഈ ലോകത്തില്‍ പഠിക്കാനൊന്നുമില്ല. മനുഷ്യമനസ്സില്‍ രഹസ്യമുണ്ട്. പക്ഷെ പ്രകൃതിയില്‍ രഹസ്യങ്ങളില്ല. പ്രകൃതിയെ തുറന്ന മനസ്സോടെ നോക്കുക, എല്ലാം പറഞ്ഞു തരും. നിരീക്ഷിക്കാന്‍ അറിയില്ല. പക്ഷെ ഒന്നറിയാം – പ്രകൃതിയാണ് എല്ലാം തന്നത്. അതറിയുക തന്നെ വേണം. എല്ലാം എന്നിലുളളതാണെന്ന് തിരിച്ചറിയാന്‍ മലയാളി പരാജയപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ പെര്‍വേര്‍ട്ടഡ് മലയാളി ഇതിനെ കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്തവനാണ്.

Author

Scroll to top
Close
Browse Categories