ശ്മശാന പാതകളിൽ
ഉന്മാദത്തിന്റെ ലഹരി നുണയാനയാൾ
മുരുക്കുമരത്തിലിരുന്നൊരു
വേതാളത്തെ
തോളിലേക്കിറക്കി.
തോളിലിരുന്ന് കാതു പറിക്കുന്നേരം ,
പൊടുന്നനെയത്
ശിരസ്സിലേക്കിറങ്ങി.
ശിരസ്സിൽ നിന്നും
ശീഘ്രത്തിലവൻ
സിരകളിലൂടൊഴുകി
ശിഥിലങ്ങളായി.
കണ്ടതെല്ലാം കശക്കിയെറിഞ്ഞ്
കണ്ണുകളെയവൻ
കീചകനാക്കി.
നാനാഗന്ധങ്ങൾ തൻ
നാനാർത്ഥങ്ങൾ തേടി
നാടാകെയലയാൻ
നാസികയോടുരഞ്ഞു.
അധരത്തിലിരുന്ന്
വാക് ശരങ്ങളാൽ
വാഗ്ദേവതയുടെ
രുധിരം നുണഞ്ഞു.
ബാധ്യതകളെയെല്ലാം
ബലിച്ചോറാക്കി
പിണ്ഡം വച്ചൊഴിയുന്ന
ബാഹുക്കളുണ്ടാക്കി.
തലോടിയുണർത്തിയ
പൂമൊട്ടിനെപ്പോലും
തല്ലിക്കൊഴിച്ച
വിരലുകളായി.
ഇപ്പോൾ
കാഴ്ചയില്ലാതെ,
കേൾവിയില്ലാതെ,
ഗന്ധമറിയാതെ
രുചിയില്ലാതെ
ശ്മശാന പാതയിലലയുന്ന
പാദങ്ങളാണ്.
9947098561