പാവങ്ങളെ കാണാതെ പോകരുത്

കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ വൃദ്ധരും വിധവകളും അവിവാഹിതകളും വികലാംഗരുമായ 52,43,712 പേരുടെ വലിയ പ്രതീക്ഷയാണ്, ആശ്വാസമാണ്, സാന്ത്വനമാണ് സാമൂഹ്യക്ഷേമ പെൻഷനുകൾ. ഈ തുകയ്ക്ക് വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളത്തിലെ ക്ഷേമ പെൻഷൻ പദ്ധതി. കേന്ദ്രവിഹിതം 200 മുതൽ 500 വരെയാണെങ്കിലും സംസ്ഥാനം ബാക്കി തുക ചേർത്ത് മാസം 1600 രൂപയാണ് വൃദ്ധർ, വിധവകൾ, കർഷകർ, വികലാംഗർ അവിവാഹിതകളായ മുതിർന്ന സ്ത്രീകൾ തുടങ്ങിയ വിഭാഗങ്ങളിലായി വിതരണം ചെയ്യുന്നത്. പിണറായി സർക്കാരാണ് പെൻഷൻ തുക 1600ൽ എത്തിച്ചത്. മാസങ്ങളുടെ കുടിശിക തീർത്ത് കൃത്യമായ രീതിയിൽ വിതരണം നടത്തിയതും ഈ സർക്കാരാണ്. അതിന്റെ ക്രെഡിറ്റും പുണ്യവും ഈ സർക്കാരിനുണ്ട്. കാരണം പെൻഷൻ ഗുണഭോക്താക്കളുടെ 62 ശതമാനവും സ്ത്രീകളാണ്. 60 ശതമാനം വൃദ്ധരാണ്. സംസ്ഥാനത്തെ വൃദ്ധജനങ്ങളുടെ 75 ശതമാനവും 1600 രൂപ പെൻഷൻ വാങ്ങുന്നുണ്ട്. ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 81 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്നവരുമാണ്. പക്ഷേ കുറച്ചു നാളായി പെൻഷൻ വിതരണം വൈകുന്നത് ഈ പാവങ്ങളെ, പ്രത്യേകിച്ച് വൃദ്ധരെ വിഷമിപ്പിക്കുന്നു. സ്വന്തം നിലയിൽ മരുന്നിനെങ്കിലും ഉപകരിക്കുന്ന തുക അവർക്ക് നൽകുന്ന ആത്മാഭിമാനം ചെറുതല്ല. അവരുടെ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ വിലാപം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിൽപ്പെട്ടവർക്കാണ് ക്ഷേമപെൻഷനുകൾക്ക് അർഹത. കുറേ നാളുകളായി ഒരു പരാതിക്കും ഇടവരുത്താതെ നടന്നുവന്ന പെൻഷൻ വിതരണം ഈ മാർച്ചിന് ശേഷം ഇഴയുകയാണ്. കൃത്യമായി ലഭിച്ചുവന്ന തുക മുടങ്ങുന്നത് തീർത്തും പാവപ്പെട്ടവരും ബി.പി.എല്ലുകാരുമായ ഗുണഭോക്താക്കളുടെ മനസിൽ വലിയ വിഷമവും വേദനയും സൃഷ്ടിക്കുന്നുണ്ട്.

കുടിശിക ജൂൺ എട്ടുമുതൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗം സഹ. ബാങ്കുകളിലും യഥാസമയം ഫണ്ട് എത്തിയില്ല. കഴിഞ്ഞ ദിവസവും ഉടനെ വിതരണം നടക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും അത് സംഭവിച്ചില്ല. ഓണക്കാലമാണ് വരുന്നത്. അതിന് മുമ്പേ കുടിശിക രണ്ട് ഘട്ടമായെങ്കിലും തീർക്കാൻ സർക്കാർ ശ്രമിക്കണം. കഴിഞ്ഞ ഫെബ്രുവരിയിൽ കൺസോർഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളിൽ നിന്ന് 8.5 ശതമാനം പലിശയ്ക്ക് 800 കോടി രൂപ വായ്പ എടുത്തതിനുശേഷമാണ് പെൻഷൻ തുക വിതരണം ചെയ്തത്. ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ എന്നിവ ലഭിച്ചവർ ജൂൺ 30നുളളിൽ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. ഇനി ചെറിയൊരു ശതമാനം മാത്രമാണ് മസ്റ്ററിംഗിന് അവശേഷിക്കുന്നത്. പാവപ്പെട്ടവരും പിന്നാക്ക ജനവിഭാഗവും ഇടതുസർക്കാരിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ക്ഷേമപെൻഷനുകളുടെ തുക കൂട്ടുകയും അതിന്റെ വിതരണം കൃത്യമാക്കിയതും ഇടതുസർക്കാരിന് തുടർഭരണം കിട്ടുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്. പാവപ്പെട്ട ഈ ഗുണഭോക്താക്കളുടെ അനുഗ്രഹം കൂടി ഈ സർക്കാരിനുണ്ട്. ജീവിതാന്ത്യത്തിൽ കണ്ണീരും ദു:ഖവുമായി കഴിയുന്ന ലക്ഷക്കണക്കിന് വൃദ്ധരുടെയും വിധവകളുടെയും വികലാംഗരുടെയും കർഷകരുടെയും അമൂല്യമായ സന്തോഷമാണ് ക്ഷേമപെൻഷനുകൾ. പരമദരിദ്രരായ അവരിൽ ദു:ഖവും പ്രതിഷേധവും സൃഷ്ടിക്കാതെ എത്രയും വേഗം അക്കൗണ്ടുകളിലേക്ക് പണമെത്തിക്കണം. ഏറ്റവും മുൻഗണന കൊടുക്കേണ്ട പദ്ധതികളുടെ ഭാഗമായി ക്ഷേമപെൻഷനുകളെ പരിഗണിക്കണം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഇവരുടെ കാര്യത്തിൽ വിഘാതമാകരുതെന്നാണ് അപേക്ഷ.

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യത്തിലും സംസ്ഥാന സർക്കാർ പ്രത്യേകം കരുതൽ നൽകണം. ലക്ഷക്കണക്കിന് കുട്ടികളുടെ വിശപ്പകറ്റുന്ന പദ്ധതിയാണിത്. മാർച്ചിലെയും ജൂണിലെയും ഉച്ചഭക്ഷണ വിഹിതം സർക്കാർ നൽകിയിട്ടില്ല. പണ്ടേ തന്നെ കടത്തിലാണ് സ്കൂൾ അടുക്കളകൾ പ്രവർത്തിക്കുന്നത്. തുച്ഛമായ വിഹിതമാണ് സർക്കാർ നൽകുന്നത്. ബാക്കി തുക അദ്ധ്യാപകരുൾപ്പടെ ജീവനക്കാരും പി.ടി.എയും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും മാനേജ്മെന്റുകളും ചേർന്നാണ് നൽകി വരുന്നത്. പുറംസഹായം ലഭിക്കാത്ത സ്കൂളുകളിൽ ജീവനക്കാർ പലചരക്കുകടകളിൽ നിന്ന് സാധനങ്ങൾ കടം വാങ്ങിയാണ് ഉച്ചഭക്ഷണം നൽകുന്നത്. ശമ്പളത്തിൽ പകുതി ഇത്തരം കടകളിൽ നൽകേണ്ടി വന്ന അദ്ധ്യാപകരുമുണ്ട്. അവരുടെ ജോലി നിലനിറുത്താനുള്ള ശ്രമം കൂടിയാകും അത്. എന്നിരുന്നാലും ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ പശിയടക്കുന്ന പദ്ധതിയാണിത്. 150 കുട്ടികൾക്ക് വരെയുള്ള സ്കൂളുകളിൽ ഒരാൾക്ക് എട്ടു രൂപയും അതിന് മുകളിൽ കുട്ടികൾ ഉള്ളിടത്ത് ആറ് രൂപയുമാണ് ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സർക്കാർ നൽകുന്നത്. ആഴ്ചയിൽ ഒരിക്കൽ മുട്ടയും പാലും ദിവസവും മൂന്ന് കറികളും ഈ തുക കൊണ്ട് വേണം തയ്യാറാക്കാൻ. പച്ചക്കറിക്ക് തീവിലയായ ഈ സമയത്ത് പോലും ഭൂരിഭാഗം സ്കൂളുകളും ഈ പദ്ധതി ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നുണ്ട്. അദ്ധ്യാപകരും കുട്ടികളും വീടുകളിൽ നിന്ന് പച്ചക്കറിയുമായി വരുന്ന കാഴ്ച പല സ്കൂളുകളിലും കാണാം. വിഹിതം ഉടനെ വർദ്ധിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ഉള്ളത് കൃത്യമായി നൽകാൻ സർക്കാർ പ്രത്യേകം ശ്രദ്ധ നൽകണം. സ്കൂൾ പാചകതൊഴിലാളികളും ഇതേ പരിഗണന അർഹിക്കുന്നവരാണ്. ‘അന്നവിചാരം മുന്നവിചാരം കാര്യവിചാരം പിന്നവിചാരം’ എന്നാണല്ലോ ചൊല്ല്. ക്ഷേമ പെൻഷനുകളുടെയും സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെയും കാര്യത്തിൽ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പ്രത്യേക ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷ.

Author

Scroll to top
Close
Browse Categories