സരോജിനി

എന്നാലും എന്തിനാണ് സരോജിനി കള്ളുങ്കുടം തട്ടിമറിച്ചത്?അക്കരപ്പറമ്പിലെ വേലു ചെത്തിയിറക്കിയ ഒന്നാന്തരം പനങ്കള്ള് കിട്ടിയപാടേ ഉള്ളങ്കയ്യിലൊഴിച്ച് മാറ്റുനോക്കി വച്ചതായിരുന്നു. ഹൊ !! ഒരൊന്നൊന്നരക്കള്ളായിരുന്നു! ഓർക്കുന്തോറും ഗോവിന്ദന് നെഞ്ചിലൂടൊരെരിവു പുകഞ്ഞുനീറി. നാരായണന്റെ തലയിണയ്ക്കടിയിൽനിന്നും ബീഡി തപ്പിയെടുത്ത് ചുണ്ടിൽവച്ചു പുറത്തേയ്ക്കിറങ്ങി. നേർത്ത നിലാവെട്ടം കവുങ്ങിൻതോട്ടത്തിലൂടെ ഒഴുകിപ്പരന്നിരിക്കുന്നു. ചിമ്മിണി വറ്റി പുകഞ്ഞു തുടങ്ങിയ റാന്തൽത്തിരിയിൽനിന്നും തീയൂറ്റി ഗോവിന്ദൻ ആഞ്ഞുവലിച്ചു.ബീഡിപ്പുകയിഷ്ടമാവാഞ്ഞോ എന്തോ കടവാവലുകൾ വാഴത്തോട്ടത്തിൽനിന്നും ചിറകടിച്ചെങ്ങോ പറന്നു പോയി.
” തീ “
ഒന്നുഞെട്ടി.. നാരായണനാണ്.
തോട്ടുവക്കത്തൂടെ ആരോ കുടിച്ചുൻമത്തനായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്നുണ്ട്. ബീഡിയുടെ മണം കിട്ടിയിട്ടോ എന്തോ അയാൾ ഉറക്കെ പാടാൻ തുടങ്ങി.
” ജ്യോതിമാൻ ബീഡി വലിക്കണം
ആയുസ്സിന്റെ ബലത്തിന്
നെയ്യും പാലും കഴിക്കണ്ട
കാട്ടാനയുടെ ബലം വരും”

നാരായണൻ പുകയാഞ്ഞെടുത്തു. അറിയാതൊരു ചുമ നെഞ്ചംകുലുക്കി കടന്നുപോയി. വഴിപോക്കന്റെ പാട്ട് പൊടുന്നനെ നിലയ്ക്കുകയും ചീവീടുകൾ പതിവില്ലാത്തവിധം ശബ്ദമുണ്ടാക്കിത്തുടങ്ങുകയും ചെയ്തു.
“ന്നാലും ഗോയിന്നാ … ഓളീയിര്ട്ടത്ത് ഇക്കണ്ട വയല് മുഴുവനും താണ്ടി ഈട വന്ന് ഇപ്പണി കാണിക്കണ്ട കാര്യംന്താ ? ഇനി… ഓളന്ന്യാണോ?”
“ഓളല്ലാണ്ട് വേറെ പെണ്ണൊര്ത്തി ഈ ഇര്ട്ടത്ത് ഇങ്ങോട്ട് കേറിവര്വോ ? ഇന്നാട്ടിലെന്നല്ല ഈ ദേശത്തൊന്നും അയ്നുമ്മാത്രം ഉശിറ്ള്ള വേറൊരു പെണ്ണില്ല , അതെനിയ്ക്കൊർപ്പാ …”

രണ്ടുസഹോദരങ്ങൾ ഏകസഹോദരിയുടെ കുരുത്തക്കേടുകൾ സഹിച്ച് പ്രതികരിക്കാനാവാതെ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. കാവൽപ്പുരയ്ക്കുചുറ്റും നെഞ്ചുനീറി നടക്കുകയാണിരുവരും.
“വെളിച്ചം ത്തിരി കൊറവായ്നെങ്കിലും ഞാങ്കണ്ടതാ .ഓള കുര്ത്തക്കേട് ബല്ലാണ്ട് കൂടീണ്ട്. ഇപ്പം നമ്മള നെഞ്ചത്ത്ട്ടാ കളി…..”
ഗോവിന്ദൻ ആ സന്ദർഭത്തെ അതേപടി വിവരിക്കാൻ തുടങ്ങി.
അയാൾ കണ്ണുകൾ ഒന്നു കുറുക്കി…. പെട്ടെന്ന് തല ചെരിച്ച് വലതുപുരികത്തിലേയ്ക്ക് തുറിച്ചുനോക്കിക്കൊണ്ട് തലയാഞ്ഞു കുടഞ്ഞു.
“വെള്ത്ത കാലാ ഞാങ്കണ്ടത്. വയൽച്ചേറ് പറ്റീണ്ടെങ്കിലും ഉപ്പൂറ്റീമല് കുട്ടന്തട്ടാൻ അളവെടുത്ത് പണിഞ്ഞ വെള്ളിപ്പാസാരം കണ്ടാ ഇയ്ക്കറിയൂലേ…”
“ബല്ല പൂച്ച്യറ്റേയ്ക്ക്യും … “

നാരായണൻ പാളവിശറി കൊണ്ടൊന്നാഞ്ഞ് വീശി. മടിയിൽനിന്ന് മൂക്കിപ്പൊടിഡപ്പി തപ്പിയെടുത്തൊരു നുള്ള് ഇരുമൂക്കിലേയ്ക്കും തള്ളിക്കയറ്റി ,കണ്ണുകൊണ്ടു രണ്ടുദോശ പരത്തി ശേഷം ഒരു ബിന്ദുവിലേയ്ക്കുറ്റുനോക്കി അസ്സലായി രണ്ടുതുമ്മലു തുമ്മി. രാത്രിയുറക്കത്തിന് കയറിയ അമ്പലപ്പിറാവുകൾ തട്ടുമ്പുറത്തുനിന്ന് പ്രതിഷേധിച്ചുകുറുകി.
പൊടി നൽകിയ ആലസ്യത്തിൽനിന്നും പൊടുന്നനെ ചാടിയെണീറ്റ് മുഷിഞ്ഞതോർത്താൽ വിയർത്തമുഖവും കക്ഷവും അമർത്തിത്തുടച്ച് നാരായണൻ ഗോവിന്ദനെനോക്കി മുഖം കറുപ്പിച്ചു.
” ഇഞ്ഞി ഒന്നും മിണ്ടണ്ടാ …… “നാരായണൻ നിരാശയോടെ കുപ്പയിലേയ്ക്കാഞ്ഞുതുപ്പി.

“പറ്റിപ്പോയി , ഈ മുതുപാതിരയ്ക്ക് ഓള് എതിര്പോക്കൂടി വകവയ്ക്കാണ്ടെ ഈട കേറിവരുംന്ന് ഞാങ്കരുതീലാ . “
ഗോവിന്ദൻ നഷ്ടബോധത്തോടെ, അതിലേറെ കുറ്റബോധത്തോടെ ഏട്ടനെയും കൂട്ടി കിടക്കപ്പായിലെത്തി.
“ന്റെ നെഞ്ചത്തെ ചൂട് കൊട്ത്ത് ഞാനുയിര് വെപ്പിച്ചെട്ത്ത മോളാ…ഓള് ..”നാരായണന് കലി തീരുന്നില്ല.
ഗോവിന്ദൻ കൈപ്പടം കൂട്ടിത്തിരുമ്മി ഇരുകൈകളും നന്നായൊന്നുകുടഞ്ഞു .
പുല്ലുമേഞ്ഞ വളപ്പുരയുടെ കോലായയിൽ ആ സഹോദരങ്ങൾ ഉറക്കം കിട്ടാതെ ഒരു പായയുടെ ഇരുകരകളിലും തിരിഞ്ഞും മറിഞ്ഞും കിടന്ന് ഇരുട്ടിനെ മാന്തിപ്പൊളിച്ചു.

ചെറിയപുരയ്ക്കലെ കോരൻമൂപ്പരുടേം മാതമൂപ്പത്തിയുടേം മക്കളാണ് നാരായണനും ഗോവിന്ദനും സരോജിനിയും. മാതമൂപ്പത്തി പതിനൊന്നു പെറ്റെങ്കിലും ഉയിരോടെ കിട്ടിയത് ഈ മൂന്നെണ്ണത്തിനെയാണ്. ഇരുനൂറുപറ ഇരിപ്പൂനിലവും കണ്ണെത്താത്തത്ര തൊടിയുമുണ്ടിവർക്ക് ! കോരൻമൂപ്പരുടെ നോട്ടംകിട്ടാത്ത ഒരമരത്തൈ പോലും ഇക്കണ്ട തൊടിയിലില്ലെന്ന് ഇരുകയ്യും എളിയിൽ കുത്തി മാതമൂപ്പത്തി വീമ്പുപറയും. വീമ്പു മാത്രമല്ലാ, അതാണ് സത്യവും.

നാരായണനും ഗോവിന്ദനും നേരത്തിനുണ്ടും ഉറങ്ങിയും തേച്ചുകുളിച്ചും ആവോളം മോന്തിയും തന്തപ്പേര് വെടക്കാക്കിയെന്നല്ലാതെ കാര്യമായൊന്നും ശ്രദ്ധിച്ചില്ല.
നെല്ലാണോ പതിരാണോ എന്നുറപ്പില്ലാത്ത രണ്ടു വിത്തുകളാണു നിങ്ങളുടെയെന്ന് മാത പലവുരു കോരൻമൂപ്പരുടെ മുമ്പിലുവന്ന് എണ്ണിപ്പെറുക്കിയെങ്കിലും മറുപടി കേൾക്കുമ്പോൾ തലതാഴ്ത്തി അടുക്കളത്തടുക്കില് വന്ന് കുന്തിരിച്ചിരുന്ന് പല്ലിറുമ്മുന്നതോടെ അന്നത്തെ കോലാഹലം അവസാനിക്കും.
“നല്ല കനംള്ള ഒന്ന്ണ്ടല്ലോ … നെന്നേപ്പോലെ .ന്റെ മോള്! ഇത്ങ്ങളെ രണ്ടെണ്ണത്തിന്റെ കാര്യത്തില് ഇനിക്കൊരൊർപ്പൂല്യ.
ന്നാ ഓള് … സരോയ്നി ,ന്റെ മോളന്ന്യാ…”

അതു കേൾക്കുമ്പോ സരോജിനിക്ക് അഭിമാനമാണ്. അപ്പനെന്റെ കൂടെണ്ടെങ്കില് പൂവാലിത്തോട് ഞാൻ തിരിച്ചൊഴുക്കിവിടുമെന്നമട്ടിൽ കാലിൻമുകളിൽകാല് കേറ്റിവച്ച് അവൾ വിശാലമായ തൊടിയിലേക്ക് കണ്ണെറിഞ്ഞിരിക്കും.
നാരായണനേക്കാൾ പത്തുവയസ്സിളപ്പമുണ്ടിവൾക്ക് ! ഗോവിന്ദനാവട്ടെ നാരായണൻ ഉണ്ടായി ഒന്നരക്കൊല്ലത്തിനുള്ളിൽ പിറന്നു. രണ്ടാളും ഒരു നുകത്തിൽപൂട്ടിയ കാളകളെപ്പോലെയാണ്. എടുപ്പും നടപ്പും കണ്ടാൽ ഇരട്ടകളെന്ന പോലെ !തെക്കും വടക്കും തിരിച്ച് പണിക്കാരെ നോക്കാൻ ഏൽപ്പിച്ചാൽ ഉച്ചയാവുംമുൻപ് രണ്ടാളും ഒരിടത്തെത്തും. എത്ര മൂർച്ചയിൽ ചീത്ത പറഞ്ഞിട്ടും കാര്യമില്ലെന്ന് പണിക്കാരുവരെ കുശുകുശുക്കും.
പടിഞ്ഞാറേയതിരിലെ പാലമരപ്പൊത്തിലും വളപ്പൊരയുടെ കഴുക്കോലിൽ ഞാത്തിയിട്ട ഉറിയിലും റാക്ക് ഉണ്ടെന്ന് കോരമ്മൂപ്പരെ കൈപിടിച്ചു കൊണ്ടുപോയി കാട്ടിക്കൊടുത്തിട്ടുണ്ട് സരോജിനി.
“ഓല രണ്ടാളേം മംഗലം കൈപ്പിക്കീ …. ഈ പൊകേത്തിര്ന്ന് ഇയ്ക്ക് വയ്യാണ്ടായി..”
മാതമൂപ്പത്തി കൊല്ലം പത്തായി ഈ പായ്യാരം തുടങ്ങീട്ട്. പറഞ്ഞിട്ടെന്താ ….. അവർക്ക് രണ്ടുപേർക്കും റാ ക്ക് സേവയ്ക്കപ്പുറം മറ്റൊന്നിനും താൽപര്യമില്ല. പെണ്ണുണ്ടെന്നും പറഞ്ഞ് ഇപ്പോ ഈവഴിയാരും കടന്നുവരാറുമില്ല.
“ചക്കരേം ഈച്ചേമായി നടന്നോ …. വയ്യാത്ത കാലം വര്മ്പോ ഇത്തിരി കഞ്ഞീന്റെ ബെള്ളം തരാൻ ഞാണ്ടാവുംന്ന് നിരീക്കണ്ടാ…” -ആയമ്മ ഏങ്ങിക്കരയും. അമ്പത്തഞ്ചായെങ്കിലും ആരോഗ്യം കുറഞ്ഞെങ്കിലും നാലഞ്ച് മുറീം രണ്ട് വരാന്തേം തട്ടുമ്പുറോം ഉള്ള വലിയൊരുവീടിന്റെ മുഴുവൻകാര്യവും അവരൊറ്റയ്ക്കുനോക്കി . അടുക്കളയിൽ അഞ്ഞാഴി അരിയുടെ കഞ്ഞിയില്ലാത്ത ദിവസങ്ങളില്ല. നാലഞ്ചുപടല കായോ മൂന്നാലുമെരട് കപ്പയോ പുഴുങ്ങാത്ത അടുക്കള സങ്കൽപ്പിക്കാൻ കൂടി കഴിയില്ല…. എങ്ങനെ നോക്ക്യാലും അതിപ്പോ മഴക്കാലമായാലും പണിക്കാര് പതിനഞ്ച് ഏറ്റവും കുറഞ്ഞത് നിത്യവും കാണും.
നയിച്ച് നയിച്ച് ഞാനൊരു മൂലയ്ക്കാവാറായെന്ന് അവരങ്ങനെ പായ്യാരം പറഞ്ഞുകൊണ്ടിരിക്കും. ആകെയുള്ള സമാധാനം സരോജിനിയാണ്. പുഷ്പംപോലെ അടുക്കളയും വീടും കൈകാര്യം ചെയ്തുകളയും . വേണമെങ്കിൽ നാലൊടി പറമ്പിലെ മഞ്ഞള് ഒരുദിവസംകൊണ്ടു കൊത്തി മേലേമുറ്റത്ത് കൂട്ടിയിടാനും മുരിക്കുമരത്തിലേണികുത്തിച്ചാരി ചാക്കുകണക്കിന് കുരുമുളക് പറിക്കാനും മറ്റെന്തുപണിക്കായാലും അവളൊറ്റയ്ക്കു മതി. പക്ഷേ, തോന്നണം !. അമ്മയ്ക്കുവയ്യെന്ന് തോന്നിയാൽമാത്രമേ പത്തുകയ്യും പത്തുകാലും വച്ചവൾ പറന്നുനടക്കൂ… തന്റേടിയും ന്യായവാദക്കാരിയുമാണ് തന്റെ മകളെന്ന് കോരൻമൂപ്പര് അഭിമാനിക്കുമ്പോൾ അടക്കോം ഒതുക്കോം ഇല്ലാത്ത തോന്ന്യാസക്കാരിയാണെന്ന് അമ്മ ഞൊടിയും .

ആൺമക്കൾ കുട്ടിയും കോലുമായി കളിസ്ഥലം തേടിപ്പോകുമ്പോൾ അന്നന്നത്തെ കൂട്ടാൻവകകൾക്കുവേണ്ടി സരോജിനിയെ ആശ്രയിക്കുകയും പണിക്കാരെ ആരെയും കൂട്ടുവിളിക്കാതെ അവളതൊക്കെ സംഘടിപ്പിക്കുകയുംചെയ്ത് അമ്മയ്ക്കു നല്ലൊരു സഹായിയായി.മരങ്കേറ്റം പഠിച്ചതുകൊണ്ട് വയസ്സറിയിച്ചിട്ടും ശീലം മാറിയില്ല.
“ആരെങ്കിലും പടികടന്നുവരുമ്പോഴെങ്കിലും നിലത്തിറങ്ങി നിൽക്കരുതോ കുരിപ്പേ “ന്ന് മാത പറഞ്ഞുകുഴങ്ങി. സരോജിനിക്കിതു വയസ്സ് ഇരുപത്തിരണ്ടാണ്. ദാമുവും രാമഞ്ചേട്ടനും തമ്പാനും വേലപ്പനും … എന്തിനധികം പറയണം , അക്കരയ്ക്കലെ പാറുക്കുട്ട്യമ്മായി വരെ എത്രയെത്ര ആലോചനകൾ കൊണ്ടുവന്നു ! ഒക്കെയും കലങ്ങിപ്പോയി. എങ്ങനെ പോകാണ്ടിരിക്കും? തലയുയർത്തിപ്പിടിച്ച കാട്ടുപോത്തിനെപ്പോലെയല്ലേ പെണ്ണിന്റെ നിൽപ്പ്! തെയ്യം കെട്ടിച്ചമഞ്ഞ കാടങ്കോട്ട് മാക്കത്തിനെപ്പോലെ ഭൂമി ചവിട്ടിക്കുലുക്കിയാണ് നടത്തം !

പെണ്ണുകാണാൻ കാരണോർമാര് വര്മ്പോ മാവിൻതുഞ്ചത്തോ പേരക്കൊമ്പത്തോ പറങ്കിമാവിൻതൂമ്പിലോ പാവാട വലിച്ചുകുത്തി കയറിനിൽക്കുന്നുണ്ടാവും അവൾ ! ആ കൃത്യസമയംനോക്കി ഇവൾ എങ്ങിനെ മരത്തിന്റെ മോളിലെത്തിയെന്ന് തലയിൽ കൈവച്ച് തള്ള പിറുപിറുക്കും. ദല്ലാൾമാർക്കൊക്കെ ഈ മരങ്കേറ്റം അറിയാം.എന്നിട്ടും വരുന്ന ചില ആലോചനകൾ തടസ്സമില്ലാതെ മുൻപോട്ടുപോകും. എന്നാൽ അങ്ങനെവരുന്ന ചെക്കൻമാരെ കണ്ടാലോ ? …
കൂടിയാൽ അഞ്ചടി പൊക്കം, പൊന്തിയ പല്ല്, സൂക്ഷിച്ചുനോക്കിയാലറിയാം ചട്ടുകാല് , കോങ്കണ്ണ് ….. ഇത്തരക്കാരെ
കാണുമ്പോൾ പെണ്ണിന് ചുണ്ടിനൊരു കോട്ടം .

ആൾക്കാരുടെ മുൻപില് മുടിയഴിച്ചിട്ടുനിൽക്കുക, തോട്ടില് ചൂണ്ടയിടാൻ പോവുക, ചൂളമടിക്കുക , മുററത്തെ മുറിബീഡികൾ പെറുക്കിവലിക്കുക, ചെക്കൻമാർക്കൊപ്പം ആമകുത്താൻ പോവുക …. അങ്ങനെ ഒരുപാട് കുറ്റങ്ങൾ അവളിൽ ആരോപിക്കപ്പെട്ടു. എന്തിനേറെ പറയണം , കണങ്കാലിൽ രോമമുണ്ടെന്ന പേരിൽത്തനെ നല്ലൊരാലോചന പിണങ്ങിപ്പിരിഞ്ഞുപോയി.
“പൊർത്ത്ന്ന് ആൾക്കാര് വര്മ്പോളെങ്കിലും പാവാട താത്തിട്ടൂടേ കൊരങ്ങേ …” -എന്ന നാരായണേട്ടന്റെ ചോദ്യത്തിന് കോരൻമൂപ്പരുടെ തീപ്പാറുന്ന നോട്ടമായിരുന്നു മറുപടി.

ഇരുപത്തിരണ്ടുവയസ്സിൽ ചില്ലറക്കിനാവുകളും പുഞ്ചിരികളുമായി അവളങ്ങനെ പടിഞ്ഞാറ്റുംമുറിദേശത്ത് രാജാത്തിയായി വാഴുകയാണ്. കൂട്ടുകാർക്കൊക്കെയും മൂന്നും നാലും കുട്ടികളായി. അവളാകട്ടെ അണിഞ്ഞൊരുങ്ങി കിട്ടാവുന്നതിലും വലിയ പൂവുംചൂടി നടന്നു. അവൾക്കു വിലസുന്നതിനെന്ത്? രാവിലെ പലഹാരമുണ്ടാക്കുന്ന ചുരുക്കം ചില വീടുകളിലൊന്നാണവളുടേത് ! ഉച്ചയ്ക്ക് മൂന്നുകൂട്ടം കറികളും മോരും നിർബന്ധം . ഓണത്തിനും തിരുവാതിരയ്ക്കും അഞ്ചും ആറും ജോഡി ദാവണികളാണവൾക്കു കിട്ടുന്നത്. നല്ലൊരു മാരനെ കണ്ടുപിടിക്കാൻ ആങ്ങളമാർക്കു കഴിഞ്ഞില്ലെന്നതൊരു പോരായ്ക തന്നെയാണെന്ന് നാട്ടുകാർ അടക്കം പറഞ്ഞെങ്കിലും മറ്റൊരുകുറവും അവൾക്കില്ലായിരുന്നു. സഹോദരങ്ങൾക്ക് പെങ്ങളുടെ കല്യാണക്കാര്യത്തിൽ ഒരു ചൂടും ഉണ്ടായില്ല. അവർക്കപ്പോഴും സരോജിനി ഒരു കുട്ടിയായിരുന്നു. യൗവ്വനം ആഘോഷിച്ചുനടക്കുന്നതിനിടെ അവർക്ക് കുഞ്ഞിപ്പെങ്ങളുടെ മനോഗതം തിരിച്ചറിയാനുമായില്ല.

ഈ രാവിൽ സരോജിനിയും ഉറങ്ങിയില്ല. അന്നത്തെദിവസം സരോജിനി ആദ്യമായൊരാളെ സ്നേഹിച്ചുതുടങ്ങിയിരുന്നു.ചക്കരമിഠായി കൊതിയോടെ തിന്നുമ്പോലെ അവളിടയ്ക്കിടെ ഉമിനീർ ആഞ്ഞിറക്കി. പ്രണയനൊമ്പരംകൊണ്ട് ചുട്ടുപൊള്ളുന്ന മനസ്സും ശരീരവും അവളെ ഉൻമാദിനിയാക്കി. ഇരുട്ടത്ത് വയൽവരമ്പിലൂടെ കാവൽപ്പുരയിലേയ്ക്കോടിയപ്പോൾ വീണുമുട്ടുപൊട്ടിയതിനുപോലും വല്ലാത്തൊരു സുഖം.

നാരായണേട്ടന്റെ മംഗലം ഇനി നീട്ടിക്കൊണ്ടുപോവാൻ വയ്യത്രെ. പാറുക്കുട്ടിയമ്മായി കൊണ്ടുവന്ന ആലോചന അമ്മയ്ക്ക് നല്ലോണം പിടിച്ചൂന്ന് . അപ്പനോടാണ് അമ്മ പറയുന്നതെങ്കിലും താനവിടെ കേട്ടുകൊണ്ടിരുന്നു. അടക്കോം ഒതുക്കോം ഉള്ള പെൺകിടാവാണത്രെ! നെറം കുറഞ്ഞാലും കാണാൻ നല്ല ചന്തക്കാരിയാണെന്ന് .മുപ്പത്പണിക്കാർക്ക് മൂന്നുനേരം വെച്ചുവിളമ്പാനുളള പാകതയുണ്ടെന്ന്! കയ്യില് കിട്ടിയതെന്തും കറിയാക്കാനുള്ള വിരുതുണ്ടെന്നും ചക്കകൊണ്ടുമാത്രം നൂറൂകൂട്ടാൻ ചമയ്ക്കാൻ മിടുക്കിയാണെന്നും മറ്റും വീമ്പടിക്കുന്നുണ്ടായിരുന്നു. പാറുക്കുട്ട്യമ്മായീടെ അകന്ന ബന്ധത്തിലുള്ളതാണ്, അതോണ്ടാവും ആയമ്മയ്ക്ക് നൂറു നാവ്.

നല്ല ഉശിരുള്ള ആണുങ്ങളില്ലാത്ത നശിച്ച നാടുതന്നെയിത് !. കള്ളുകുടിച്ചു കരളുവാടിയ മണകൊണാഞ്ചൻമാരാണ് നാട്ടിൽ നിറയെ. അവൾ പിറുപിറുത്തു . നടാടെയാണൊരൊത്തയുവാവിനെ സരോജിനി നേരിട്ടിന്നു കണ്ടത്. ആ ഓർമ്മയിൽ അവളുടെ ഹൃത്ത് ഒന്നുഗ്രമായി തുടിച്ചു. പതുക്കെയെഴുന്നേറ്റ് ജാലകവിരിനീക്കി പുറത്തേയ്ക്കുനോക്കി.
ദൂരെ മലഞ്ചെരുവിൽ വള്ളുവരിട്ട തീ പടർന്നു കത്തുന്നത് മങ്ങിയും തെളിഞ്ഞും കാണാം. കരിയാത്തൻകാവില് ഉത്സവപ്പെരുക്കം പാടവും താണ്ടി ചെവിയിൽവന്നു തുളുമ്പുന്നു. ഉത്സവം കൂടി വൈകി മടങ്ങുന്ന ഗ്രാമക്കാരുടെ കലപിലശബ്ദം ഇടവഴിയിൽനിന്നും ഇടക്കിടെ കേൾക്കാം.
തലയ്ക്കൽ ഊതിക്കെടുത്തിവച്ച മണ്ണെണ്ണവിളക്കുതട്ടിമറിച്ച് കുറിഞ്ഞിപ്പൂച്ച എന്തിനോ നീട്ടിക്കരഞ്ഞു. അവളുടെയുള്ളിലും ഒരു പൂച്ച പിടഞ്ഞുണർന്നു. മണ്ണെണ്ണമണം പിടിച്ചവൾ ദീർഘനിശ്വസം വിട്ടു. ആ നിശ്വാസം ചെന്നെത്തിയത് കുളിക്കടവിലേയ്ക്കായിരുന്നു. ആദ്യാനുരാഗത്തിന്റെ പ്രഥമദർശനസൗകുമാര്യത്തിലേയ്ക്കവൾ പിടിവിട്ടുവീഴുകയായിരുന്നു…
“ഓയ്…..കണ്ണമ്മൂരി കയററ്റിച്ച് ബര്ന്ന്ണ്ടേ…… മറച്ചോളീ…”.
നിറയെ മിനുസമുള്ള ഉരുളൻകല്ലുകൾ നിറഞ്ഞ സുതാര്യമായ പുഴ വെള്ളത്തിൽ കേളിയിലായിരുന്നു പെൺകിടാങ്ങളത്രയും. പൊടുന്നനെ അപരിചിതമായ ആ ഉറച്ച പുരുഷശബ്ദം കേട്ടൊന്നുപകച്ചെങ്കിലും ഉടുമുണ്ടുരിഞ്ഞവർ മുഖംപൊത്തി മാനംരക്ഷിച്ച് അരയ്ക്കൊപ്പം വെളളത്തിൽ മൂരിക്കുട്ടന്റെ വരവും കാത്തു നിന്നു.

സരോജിനി മുഖം മറച്ച മുണ്ടിനിടയിലൂടെ മൂരിക്കുട്ടനുപിന്നാലെ പാഞ്ഞുവരുന്ന ചെറുപ്പക്കാരനെ ഇടംകണ്ണിട്ടുനോക്കിനിന്നു. പേശീബലം കൊണ്ട് കാളയേക്കാൾ കരുത്തുള്ള സുന്ദരനായ ഒരാറടിക്കാരൻ! പെൺകടവിലേയ്ക്കുവരാതെ നിവൃത്തിയില്ലെന്നു വിളിച്ചുപറഞ്ഞവൻ ! മറച്ചോളീന്ന് മുന്നറിയിപ്പു തന്നവൻ!
പൂവാലനല്ലായിരുന്നതുകൊണ്ടുതന്നെ ആ സംഭവത്തോടെ പരമയോഗ്യനായി ഈ യുവാവ് സരോജിനിയുടെ ഹൃദയത്തെ കീഴടക്കി.

കുളികഴിഞ്ഞുള്ള ഒരുക്കം വിസ്തരിച്ചായിരുന്നു. പച്ചപ്പനംതത്ത പോലെ സുന്ദരിയായാണവൾ കരിയാത്തൻകാവിൽ തൊഴാൻ പോയത്. വാലിട്ടെഴുതിയ കണ്ണിൽ അനുരാഗത്തിന്റെ നനവും ചുവപ്പും . അധരങ്ങൾ പൊള്ളിത്തുടുത്തു പൊട്ടാറായൊരു പനിനീർചാമ്പയ്ക്ക പോലെ !…
. കാൽ വിറയ്ക്കാതെ ആൺകണ്ണുകൾക്കാ സൗന്ദര്യധാമത്തെ നോക്കാൻ സാധിക്കില്ലെന്നുറപ്പ് !

തൊഴുതുമടങ്ങുമ്പോഴായിരുന്നു വീണ്ടും കണ്ണുകൾ കോർത്തു മുറിഞ്ഞതും ചുണ്ടുകൾ സമ്മതം മനസ്സറിവില്ലാതെ പറഞ്ഞതും. പേശിവാങ്ങിയ കുപ്പിവളകൾ ഇരുകൈകളിലും നിറച്ചിട്ട് ഇടയ്ക്കൊന്നുകിലുക്കി ഭംഗി നോക്കി അമ്മയ്ക്കൊപ്പം നടക്കുമ്പോഴാണ് ഇറച്ചിവിൽപ്പനയിടത്തുനിന്നും ആ ശബ്ദം അവളുടെ കർണ്ണപുടത്തിൽ വന്നലയടിച്ചത്.
“കാർന്നോരേ…. വലിയേടത്തെ പോത്തിനെയല്ലേ ഈ അർത്ത് തൂക്കീത്?
ഒര് നാല് റാത്തല് എട്ത്തോളീം… “
അവളാ പരിചിതശബ്ദധാരയിൽ ഇടറിനിന്നുപോയി. സ്ലേറ്റ് പെൻസിലുവലിപ്പത്തില് മീശനീട്ടിവച്ച ഒരു കുരുവിക്കൂടുകാരൻ!
“റാവുത്തര് മാപ്പിള പറഞ്ഞു ബെച്ചതാ ഈ എടത്തേ കൊറു.ന്നാലും ങ്ങക്ക് മാണ്ട്യേത് ഏട്ന്നാച്ചാ പറഞ്ഞോളീം… “
“നിക്കീം കാർണോരേ….” – കത്തിയുമായി തുടയരിയാനെത്തിയ അവറാച്ചനെ അയാൾ തടഞ്ഞു.
“ഇത് മേലേടത്തെ പോത്തന്ന്യല്ലേ…?”
” സംശംന്താ? അയ്ന്റെ കൊമ്പ് നോക്കീന്നും രാജാ…”
ആഹാ ,രാജൻ…നല്ല പേര്!
ഉറക്കപ്പായിൽ അവളവനു വരണമാല്യം ചാർത്തി രാജനെന്നു വിളിച്ചു , ചുമരിലൊന്നു തൊട്ടു , ഇക്കിളി പൂണ്ടു ചിരിച്ചു…
അപ്പുറത്തെ മുറിയിൽനിന്നും അമ്മ വിളിച്ചുപറഞ്ഞു:-
“അടങ്ങിക്കെടക്കെടീ കാന്താരീ… ഓള ഒട്ക്കത്തെ ഒര് ചിരി…”
നേരം പരപരാ വെളുത്തു . വളപ്പുരയിൽ നിന്നും ഉറക്കച്ചടവോടെ രണ്ടാങ്ങളാരും വീട്ടിലെത്തി. കോര്മൂപ്പരും മാതമൂപ്പത്തീം അരത്തിണ്ണയില് മുറുക്കും പുന്നാരവുമായിരിക്കുകയാണ് . ചുണ്ടുകോട്ടിക്കൊണ്ട് സരോജിനി കൂസലില്ലാതെ അടുക്കളപ്പുറത്തേയ്ക്കു നടന്നു. കയ്യിലെടുത്ത ദോശക്കഷ്ണങ്ങൾ കാക്കകൾക്കെറിഞ്ഞുകൊടുത്തുകൊണ്ടവൾ മൂളിപ്പാട്ടുപാടി.
“ന്തേയ് …. ഒറക്കം ശരിയായില്ലേ ?” കോരു മൂപ്പർ മക്കളുടെ മുഖം കണ്ട് ചോദിച്ചു. ഒരക്ഷരം മിണ്ടാതെ അവർ നിന്നുപരുങ്ങി.
“ഉം… ഇങ്ങക്ക് ഇന്നൊരു മെന കെട്ട പണിയുണ്ട്. വടക്കുംഭാഗത്തെ പിലാക്കൊമ്പുമ്മലെ കടന്നൽകൂട് നശിപ്പിച്ചു കളയണം . ഒണക്കകൊമ്പാണ്.. നല്ലോണം കര്തണം. “
ഇതുകേട്ട് സരോജിനി ധൃതിയിൽ ഓടിവന്നു.
“അതാടെ നിന്നോട്ടപ്പാ …. നമ്മക്ക് എന്തേം ചേതണ്ടോ ? അയ്റ്റിങ്ങളെ മേലക്ക് കേറാണ്ട് നോക്ക്യാ മതി … ഓലാടെ ജീവിച്ചോട്ടെ… “
“വേണ്ട കുഞ്ഞീ ….കാട്ടുകടന്നലാ… രണ്ട് കുത്ത് കിട്ട്യാപ്പിന്നെ നോക്കണ്ടാ…”
സരോജിനിയുടെ മുഖം വാടി. ഉറപ്പിച്ചൊരു കാര്യം പറഞ്ഞാൽ അതിൽപ്പിന്നെ മാറ്റമില്ല , അതാണപ്പൻ !.
“അപ്പാ…” നാരായണൻ പതുക്കെ വിളിച്ചു . “അത് ഇച്ചിരെ കൊയ്പ്പാ … അമ്മരത്തിന് കവരങ്ങളില്ല. മുയ്പ്പ് മാത്രേള്ളൂ ….
“അതേ….പിടിയൊന്നു വിട്ടാൽ താഴെ വീഴും ഒർപ്പ് . “ഗോവിന്ദനും നാരായണനെ പിൻതുണച്ചു.
“ന്നാ ഇന്ന് രാത്രി കാര്യം വെടിപ്പായി നട്ത്തണം. അക്കരയ്ക്കലെ കുഞ്ഞനേം കൂട്ടിക്കോ ….. ഓൻ മിടുക്കനാ…..” രണ്ടാളും ഒരുമിച്ചു തലയാട്ടി.
കാപ്പിക്കിടെ നാരായണന് പാറുക്കുട്ട്യമ്മായി കൊണ്ടന്ന കാര്യം മാതമൂപ്പത്തി അതിശയോക്തിയോടെയവതരിപ്പിച്ചു. കയ്യിലിരുന്ന കയ്യിൽകണയിലൂടെ കഞ്ഞിവെള്ളം പതുക്കെ കൈത്തണ്ടയിലൊരു ചെറിയചാലു തീർത്ത് മുട്ടിലുവന്ന് നിലത്തിറ്റുവീണു. വിയർത്തുചുവന്ന മുഖത്ത് കണ്ണുകൾ നക്ഷത്രപ്പൂക്കളെപ്പോലെ തിളങ്ങി. മരുമകൾ ഒരതിശയസ്വപ്നം പോലെ അവരുടെ വാക്കുകളിലെമ്പാടും നിന്ന് മിന്നി.
“നാരായണാ ഇതുങ്കൂടി യ്യ് പോയി നോക്കീല്ലെങ്കില് നാളെ മൊതല്ക്ക് ഞാനീടെ അടുപ്പ് കൂട്ടൂലാ…”
നാരായണൻ ഒന്നനങ്ങി …..
“ആദ്യം കുഞ്ഞീന്റെ മംഗലം കയ്യട്ടെ…. ന്ന്ട്ട് ഒടനെ എനക്ക് നോക്കാ…”
കോരുമൂപ്പരുടേതല്ലാത്ത മുഖങ്ങളൊക്കെ വാടി. മൂപ്പര് സരോജിനിയെ വിളിച്ചരികിലിരുത്തി :
“എണേ… അന്ന മംഗലം കൈപ്പിക്കണം….എന്തേയ്. “
“ഉം….”അവളൊരിളക്കത്തോടെ അപ്പനെ നോക്കിച്ചിരിച്ചു.
” അന്റെ മനസ്സില് ആരേലും ണ്ടോ? ബേം പറഞ്ഞാ ഞാങ്കെട്ടിത്തരും.”
“ണ്ട്…. “എല്ലാവരും അവളെ ആകാംക്ഷയോടെ നോക്കി….
കടായകടന്നുവച്ച് ആരോ ഓടിവരുന്നുണ്ട്.
“മൂപ്പറേ…. മൂപ്പറേ….”
എല്ലാവരുടെ കണ്ണുകളും അയാളിലേക്കായി.
ചമ്പക്കാട്ടെ കാര്യസ്ഥൻ ശങ്കരനാണ്….
“ഒര് വെള്ത്തമുണ്ട് ങ്ങെട്ത്തോളീ…..”
അയാള് കിതച്ചുകൊണ്ട് മാതമൂപ്പത്തിയോടു പറഞ്ഞു.
എടുത്ത് കൊടുക്കാൻ കണ്ണുകൊണ്ട് കൽപ്പിച്ച് മൂപ്പർ ഇരുന്നിടത്തുനിന്നും എണീറ്റു.
“മൂപ്പരേ… തോട്ടുവക്കത്തെ കടന്നൽക്കൂടിളകി ചമ്പക്കാട്ടെ വിത്തുകാളയെ പൊതിഞ്ഞു …. കാള വെറളിപിടിച്ചോടി. “
“ന്ന്ട്ട് …. “
ആന്തലോടെ മൂപ്പർ കാലൻകുടയെടുത്തു നിവർത്തി. പടിയിറങ്ങി.
“നോട്ടക്കാരൻ രാജനെ വയൽവരമ്പില് മറിച്ചിട്ടു കുത്തി. ചവിട്ടിക്കൂട്ടി. ന്ന്ട്ട് പാടത്തൂടെ ഓടിപ്പോയി. ഇനി എന്തൊക്ക്യാ കാണേണ്ടി വരിക … ഇയ്ക്കറഞ്ഞൂടാ …….. മൂപ്പരേ… ഒത്തൊരു മനിശനായിരുന്നു. നല്ല വൗശുള്ള ചെക്കൻ. “
എല്ലാവരുടേം ശ്രദ്ധ തോട്ടുവക്കിലേയ്ക്കുനീണ്ടു. പാടത്തിനക്കരെനിന്ന് കൂട്ടനിലവിളി കേൾക്കുന്നുണ്ട്.
“ആരും അട്ക്ക്ന്നില്ല മൂപ്പരേ… ഓന് നല്ലോണം പറ്റീണ്ട്. കൊടല്മാല വരമ്പത്ത് പരന്ന് കെടക്ക്വാത്രെ…
കടന്നൽക്കുത്ത് പേടിച്ച് ആരും വന്നെട്ക്കുന്നില്ല. “
“വരിൻ… ” അതൊരാജ്‌ഞയായിരുന്നു.
മല്ലുമുണ്ട് കൈനീട്ടി വാങ്ങി ശങ്കരൻ മൂപ്പരുടെ പിന്നാലെ ഇറങ്ങിയോടി.
നാരായണനും ഗോവിന്ദനും പോകാതെ തരമില്ലായിരുന്നു.
“എന്തൊക്കെ കാണണം പരദേവതേ…” മാതമൂപ്പത്തി എണ്ണിപ്പെറ്ക്കി മുറ്റത്തിരുന്നുതേങ്ങി .

സരോജിനി ബാധകയറിയപോലെ നിന്നുവിറച്ചുകൊണ്ട് അടുക്കളയിലേയ്ക്കൊരു മിന്നലുപോലെ കയറി.
വലതുകയ്യിൽ ആളുന്ന ചൂട്ടുകറ്റയുമായി സരോജിനി അലറിക്കൊണ്ട് വടക്കേപിലാവിന്റെ നേർക്കോടി….
കരിയാത്തൻകാവിലെ ഉത്സവക്കൊട്ട് മുറുക്കത്തിലായി.
ആ അലർച്ച കേട്ട് മാതമൂപ്പത്തി അവളുടെ പിന്നാലെയോടി, “മോളേ….”അമ്മക്കരച്ചിലുകേട്ട് കാറ്റാഞ്ഞുവീശി…
ദാവണി കേറ്റിക്കുത്തി വലംകയ്യിൽ തീഗോളവുമായി അവൾ കവരങ്ങളില്ലാത്ത പിലാവിന്റെ തുഞ്ചത്തെത്തി. അമ്പലത്തിൽ ഉത്സവക്കൊട്ട് കൊടുമ്പിരികൊണ്ടു. തെങ്ങിനേക്കാൾ ഉയരത്തിലുളള പിലാത്തുഞ്ചത്ത് അപ്പോഴൊരു തീപ്പന്തം ആളുയരത്തിൽനിന്ന് ആർത്തിയോടെ കത്തുകയായിരുന്നു !..

Author

Scroll to top
Close
Browse Categories