തുടങ്ങാം സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ലളിതമായി
ഗ്രാമ-നഗര വ്യത്യാസമില്ലാതെ 10 ഏക്കര്‍ സ്ഥലത്ത് ഇനി സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങാം. കുറഞ്ഞത് 10 ഏക്കര്‍ മതി. എന്നാല്‍ ബഹുനില സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് മിനിമം 5 ഏക്കര്‍ മതിയാകും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ ആണ് 5 ഏക്കറില്‍ നിര്‍മ്മിക്കുക. വ്യവസായ എസ്റ്റേറ്റുകള്‍ക്ക് ഭൂമി പരിഗണിക്കുമ്പോള്‍ ഏതാനും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ഏറെക്കാലത്തെ സംരംഭ സമൂഹത്തിന്റെ ആവശ്യമായിരുന്നു സ്വകാര്യ എസ്റ്റേറ്റുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ലളിതമാക്കണമെന്നത്. 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഒരു ഉത്തരവ് ഇറക്കി എങ്കിലും എസ്റ്റേറ്റുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വികസിതമായ ഭൂമിയും കെട്ടിടവും സംരംഭ വികസനത്തിന് ഒഴിച്ചുകൂടാനാകാത്തതാണ് എന്ന് എല്ലാവരും സമ്മതിക്കും. സ്ഥലപരിമിതി സംരംഭ വികസനത്തിന് കേരളത്തില്‍ ഒരു തടസ്സം തന്നെയാണ്. ഈ കുറവ് പരിഹരിക്കുവാനുള്ള ഫലപ്രദമായ ഒരു ശ്രമം ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നു. നടപടികള്‍ ലളിതമാക്കിയിരിക്കുന്നു. നടപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഏരിയായും നിശ്ചയിച്ചിരിക്കുന്നു.
10 ഏക്കറില്‍ തുടങ്ങാം
ഗ്രാമ-നഗര വ്യത്യാസമില്ലാതെ 10 ഏക്കര്‍ സ്ഥലത്ത് ഇനി സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങാം. കുറഞ്ഞത് 10 ഏക്കര്‍ മതി. എന്നാല്‍ ബഹുനില സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് മിനിമം 5 ഏക്കര്‍ മതിയാകും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ ആണ് 5 ഏക്കറില്‍ നിര്‍മ്മിക്കുക. വ്യവസായ എസ്റ്റേറ്റുകള്‍ക്ക് ഭൂമി പരിഗണിക്കുമ്പോള്‍ ഏതാനും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
(1) പരിസ്ഥിതി ലോല പ്രദേശങ്ങള്‍, തീരദേശനിയമം ബാധകമായിട്ടുള്ള പ്രദേശങ്ങള്‍, നെല്‍വയല്‍ – തണ്ണീര്‍ത്തട നിയമത്തിനകത്തു വരുന്ന പ്രദേശങ്ങള്‍ എന്നിവ പരിഗണിക്കില്ല.
(2) സ്ഥലത്തിന് മറ്റെന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കില്‍ അതും പരിഗണിക്കില്ല.
(3) വൈദ്യുതി, വെള്ളം, പരിസ്ഥിതി, ഗതാഗത സൗകര്യങ്ങള്‍ എന്നിവ അനുകൂലമായിരിക്കണം, ലഭ്യത ഉറപ്പാക്കണം.
(4) ഫോറം നമ്പര്‍ -1ല്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഫോറം നമ്പര്‍ 2-ല്‍ പെര്‍മിറ്റ് ലഭിക്കും. വ്യവസായ വാണിജ്യ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
(5) രണ്ട് വര്‍ഷത്തിനുള്ളില്‍ എസ്റ്റേറ്റ് പ്രവര്‍ത്തനക്ഷമമാക്കണം
(6) പൊതുവൈദ്യുതി, സ്ട്രീറ്റ് ലൈറ്റ്, റോഡ്, വാട്ടര്‍സപ്ലൈ, പൊതുമാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍, സീവേജ് നിര്‍മ്മാര്‍ജ്ജന സംവിധാനവും അപേക്ഷകര്‍ തന്നെ ഉണ്ടാക്കിക്കൊടുക്കണം.
(7) റെഡ് കാറ്റഗറി സംരംഭങ്ങള്‍ അനുവദിക്കാന്‍ പാടില്ല. മഴവെള്ളശേഖരണ സംവിധാനവും ഏര്‍പ്പെടുത്തണം.
(8) വ്യവസായ യൂണിറ്റുകള്‍ക്കാണ് സ്ഥലം നല്‍കേണ്ടത്. എന്നാല്‍ ഗോഡൗണുകള്‍, ലോജിസ്റ്റിക് സര്‍വീസുകള്‍, വാഹനങ്ങളുടെ റിപ്പയറിംഗ്/സര്‍വീസിംഗ് എന്നിവക്കും അനുവദിക്കാവുന്നതാണ്. എന്നാല്‍ ഷോറുമുകള്‍ പറ്റില്ല.
3 കോടി വരെ
സര്‍ക്കാര്‍ ധനസഹായം
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 3 കോടി രൂപ വരെ സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നതാണ്. ഏക്കര്‍ ഒന്നിന് 30 ലക്ഷം രൂപ പ്രകാരം പരമാവധി 3 കോടി രൂപ വരെയാണ് ഇങ്ങനെ ലഭിക്കുക.
റോഡ്, വൈദ്യുതി, വെള്ളം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പൊതുസേവന സൗകര്യങ്ങള്‍, കാന നിര്‍മ്മാണം, ആവശ്യമെങ്കില്‍ ലാബ്/ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക്ക് ആവശ്യമായ നിക്ഷേപം പരിഗണിച്ചാണ് ഗ്രാന്റ് അനുവദിക്കുന്നത്.
കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, എം.എസ്.എം.ഇ. കണ്‍സോഷ്യങ്ങള്‍ എന്നിവക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഏരിയായുടെ കാര്യത്തില്‍ ആവശ്യമെങ്കില്‍ KLR Act-ല്‍ ഇളവ് അനുവദിക്കും.
സംരംഭകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍
പ്രഖ്യാപിക്കപ്പെടുന്ന സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്ക് സര്‍ക്കാര്‍ എസ്റ്റേറ്റുകളില്‍ സംരംഭകര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭിക്കും.
- തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതി കൂടാതെ സംരംഭങ്ങള്‍ തുടങ്ങാം.
- കെട്ടിട നിര്‍മ്മാണ ചടങ്ങളില്‍ ഇളവുകള്‍ ലഭിക്കും.
- പ്രത്യേക സാമ്പത്തിക മേഖല (SEZ) ആയി പ്രഖ്യാപിക്കുന്നതിനും, അതനുസരിച്ചുള്ള സൗകര്യങ്ങള്‍ നേടിയെടുക്കുന്നതിനും കഴിയും.
- ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയും സര്‍ക്കാര്‍ സബ്‌സിഡി ആനുകൂല്യങ്ങളും ലഭിക്കുക എളുപ്പമാകും.
- പൊതുസേവന സൗകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍ സ്ഥാപിത ചെലവുകള്‍ വലിയ അളവില്‍ കുറക്കുവാന്‍ കഴിയും. (പ്രത്യേകിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത്)
- എല്ലാത്തിനും ഉപരി മാറ്റി വയ്ക്കപ്പെട്ട സ്ഥലത്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വലിയ അളവില്‍ കുറക്കുവാന്‍ സാധിക്കും.
- Plug&playഎന്ന രീതിയില്‍ ബഹനില സമുച്ചയങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സൗകര്യം ലഭിക്കും.