രാത്രിയുടെവാലും തലയും

കൂന്താലിയുമായി പുരയിടത്തിലേക്ക് നീങ്ങുമ്പോൾ സ്വന്തമാകാൻ പോകുന്ന നിധിയെക്കുറിച്ചു മാത്രമായിരുന്നു എന്റെ ചിന്ത.

കരിമ്പാറപോലെ കടുപ്പമുള്ള മണ്ണിൽ ആദ്യത്തെ വെട്ട് വീണപ്പോഴേ കൂന്താലി ഒന്ന് ഇടഞ്ഞു. മണ്ണിനെ കീഴ് പ്പെടുത്താനുള്ള വാശിയിൽ ഞാൻ പണി തുടർന്നു.
ഒരു നേർത്ത ലോഹനാദം മണ്ണിനടിയിൽനിന്ന് പുറത്തേക്ക് വന്നു. തൊട്ടുതാഴെ നിധികുംഭത്തിൽനിന്നാണതെന്ന് ഉറപ്പായിരുന്നു. നിധികുംഭത്തിൽ കൂന്താലിമുന തട്ടിയപ്പോഴുണ്ടായ ആ നാദം എന്റെ ആവേശവും ഉത്സാഹവും പെരുപ്പിച്ചു.
മണ്ണ് ഇളക്കിനീക്കിയ വിടവിലൂടെ നിധികുംഭത്തിന്റെ ചെറിയൊരുഭാഗം തെളിഞ്ഞു. കാഴ്ചക്കത് ശിശുവിന്റെ തലപോലെ ഇരുന്നു. പെട്ടെന്ന് എനിക്കൊരു പ്രേരണയുണ്ടായി. ദൗത്യം നിർവ്വഹിക്കുന്ന വയറ്റാട്ടിയുടെ കൈകൾ മാതിരി എന്റെ കൈ രണ്ടും ചൊടിയോടെ പ്രവർത്തിച്ചു.

മുഖമാകെ വിയർപ്പു പൊടിഞ്ഞ് ഉപ്പുരസം ചുണ്ടുകളിലേക്ക് കിനിഞ്ഞിറങ്ങിക്കൊണ്ടിരുന്നു. വിയർപ്പിൻമണികൾ തുടച്ചുനീക്കാൻവേണ്ട ചെറിയ സമയംപോലും നഷ്ടപ്പെടുത്താൻ ഞാനിഷ്ടപ്പെട്ടില്ല. സൂക്ഷ്മവും ഏകാഗ്രവുമായി മനസ്സ് പണിയിൽമാത്രം ഉറച്ചിരിക്കുകയായിരുന്നു.
കണ്ടെടുക്കരുതെന്ന് നിശ്ചയിച്ച് കുടുംബപരമ്പരയിലെ മുതുമുത്തച്ഛൻ കുഴിച്ചിട്ടതാവണം ഈ നിധി. കാറ്റും വെളിച്ചവുമേൽക്കാതെ ഭൂഗർഭത്തിൽ അത് കിടന്നു. പുറംലോകത്തേക്ക് അതിനെ കൊണ്ടുവരാൻ ഞാൻ പെടാപ്പാടുപെട്ടു. അതൊരു ശിശുവാണെന്നുതന്നെ സങ്കല്പിക്കാനായിരുന്നു എനിക്ക് കൗതുകം.
അതിന്റെ പുറം നിറയെ കനത്തിൽ മണ്ണ് പറ്റിപ്പിടിച്ചിരുന്നു. അത് കാര്യമാക്കാതെ ഞാനതിനെ ഓമനിക്കുകയും തഴുകിത്തലോടുകയും ചെയ്തു. തുരുതുരെ ചുംബനങ്ങൾ ചൊരിഞ്ഞു. ആഹ്ളാദത്തിന്റേതായ ഒരു വീർപ്പുമുട്ട്–നിർവൃതി–ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു.

അപൂർവ്വം ചില വസ്തുക്കളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. പണ്ടേ എന്റെയുള്ളിൽ രൂപപ്പെട്ടതാണത്. ആലിപ്പഴത്തിന്റെയും പഞ്ഞിമിഠായിയുടെയും കാര്യമെടുക്കാം. കാണക്കാണെ ആലിപ്പഴം അലിഞ്ഞില്ലാതാവുന്നു. പ്ലാസ്റ്റിക് കൂടിൽനിന്ന് പുറത്തെടുക്കുന്ന പഞ്ഞിമിഠായിയാണെങ്കിൽ അത് കുറഞ്ഞ സമയത്തിനുള്ളിൽ ചുരുങ്ങിച്ചുരുങ്ങി കാണാതാവുന്നു.

പൊടുന്നനെ ഞാൻ ഞെട്ടിയുണർന്നു. കഴിഞ്ഞതെല്ലാം സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. എല്ലുമുറിയെ പണിയെടുത്തിട്ടെന്നപോലെ ശരീരം വിയർപ്പിൽ മുങ്ങിയിരുന്നു. തടവറപോലുള്ള സ്വന്തം കിടപ്പുമുറിയിൽ പഴയ കട്ടിലിലാണ് ഞാനിപ്പോൾ. ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞതും എന്റെയുള്ളിൽ നൈരാശ്യത്തിന്റെ ഒരു വൻതിര പൊട്ടിച്ചിതറി.

നിധിയുടെ കാര്യത്തിലും അങ്ങനെ വല്ലതും സംഭവിച്ചേക്കുമോയെന്ന് വെറുതെയെങ്കിലും ശങ്കിച്ചു. നിധികുംഭം നെഞ്ചോട് കുറെക്കൂടി ചേർത്തു പിടിച്ചു.

പെട്ടെന്നാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ചെയ്തികളെല്ലാം വട്ടുപിടിച്ചയാളുടെ മാതിരിയായി. അബദ്ധത്തിൽ തലകീഴായിപ്പോയ കുംഭത്തിന്റെ വാവട്ടത്തിലൂടെ സ്വർണനാണയങ്ങൾ കിലുകിലുക്കത്തോടെ ഉതിരാൻ തുടങ്ങി. മറ്റൊരബദ്ധംകൂടി പിണഞ്ഞു. നിധികുംഭം കൈവിട്ട് താഴെ വീണു.
പൊടുന്നനെ ഞാൻ ഞെട്ടിയുണർന്നു. കഴിഞ്ഞതെല്ലാം സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. എല്ലുമുറിയെ പണിയെടുത്തിട്ടെന്നപോലെ ശരീരം വിയർപ്പിൽ മുങ്ങിയിരുന്നു. തടവറപോലുള്ള സ്വന്തം കിടപ്പുമുറിയിൽ പഴയ കട്ടിലിലാണ് ഞാനിപ്പോൾ. ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞതും എന്റെയുള്ളിൽ നൈരാശ്യത്തിന്റെ ഒരു വൻതിര പൊട്ടിച്ചിതറി.
ആ മധുരസ്വപ്നം പോയിമറഞ്ഞതിൽ എനിക്ക് വിഷാദമുണ്ടായി. അതിന്റെ നീറ്റലിൽ മനസ്സുരുകവെ ഞാൻ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചയാണ് :
സ്വപ്നം എനിക്കായി നാണയങ്ങൾ കാഴ്ചവച്ചിട്ടു പോയിരിക്കുന്നു! കിടക്കയിൽ അവ മിന്നിത്തിളങ്ങി. തറയിൽ ഏതാനും പൊൻചക്രങ്ങൾ നെട്ടനെ വട്ടംകറങ്ങി. നാണ്യങ്ങൾ ചോർന്ന ശൂന്യമായ കുംഭം ഏതാണ്ടൊരു പാതിവട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടിളകുന്നുണ്ടായിരുന്നു. ഏതാനും സമയംകൂടി അതങ്ങനെ ചലിച്ചു.

യുക്തിക്ക് നിരക്കാത്തതെങ്കിലും കാഴ്ച യാഥാർത്ഥ്യംതന്നെയെന്ന് പതിയെപ്പതിയെ ബോദ്ധ്യം വന്നു. ആ അത്ഭുത കാഴ്ചയിൽനിന്ന് എനിക്ക് കണ്ണെടുക്കാൻ മനസ്സുവന്നില്ല.
മച്ചിലെ വൈദ്യുത വള്ളിയിൽ തൂങ്ങി മുറിയിലെ ബൾബ് എരിയുന്നുണ്ടായിരുന്നു. അതിന്റെ വെളിച്ചം എപ്പോഴും ചീമുട്ടയുടെ മഞ്ഞക്കരു നിറത്തെയാണ് ഓർമ്മിപ്പിച്ചിരുന്നത്. മങ്ങിയ വെട്ടത്തിലും നാണ്യങ്ങൾ കണ്ണഞ്ചിപ്പിച്ചുകൊണ്ട് തിളങ്ങി. മഞ്ഞലോഹത്തിന്റെ ശോഭ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് നിയന്ത്രണം വിട്ടു. കിടക്കയിലും തറയിലും ചിതറിക്കിടന്ന നാണയങ്ങൾ വാരിക്കൂട്ടി ഞാൻ കുംഭത്തിലാക്കി.
പുറത്ത് ഏതോ ലഹരിക്കടിപ്പെട്ടിട്ടെന്നവണ്ണം ലോകം ഉറങ്ങിക്കിടക്കുകയാണ്. കാറ്റും സുഖനിദ്രയിൽ. ചില്ലകളിൽ ഇലകൾ അനക്കമറ്റ് തൂങ്ങിനിന്നു. അരിപ്പവെച്ച് ശുദ്ധീകരിച്ചതുപോലെ നിശ്ശബ്ദത.

ഭയത്തിന്റെ സാന്ദ്രരൂപത്തിൽ നിശ്ശബ്ദത എന്റെ ഉള്ളിൽ ഉറഞ്ഞുകൂടി. സ്വന്തം ഹൃദയത്തിന്റെ വേഗമാർന്ന മിടിപ്പു കേൾക്കാം എനിക്കിപ്പോൾ.
ഘനമൂകമായ അന്തരീക്ഷത്തെ ഒരു പൊലീസ് വാഹനത്തിന്റെ ഇരപ്പ് ഭേദിച്ചു. ഇരമ്പിയാർത്തുകൊണ്ട് വാഹനം വീട്ടുമുറ്റത്തേക്ക് എത്തി.
പൊലീസുകാർ ചാടിയിറങ്ങുന്നതിന്റെയും ബൂട്ടുകൾ ഭ്രാന്തമായി തറയിലമരുന്നതിന്റെയും ബഹളം.
നിധികുംഭം ഞാൻ ആവുന്നത്ര മാറോട് ചേർത്തു പിടിച്ചു. പൊലിസുകാർ അടുത്തെത്തി. കണ്ണുകൾ ഇറുകെ പൂട്ടി ചുമരിനോട് പുറംചേർന്ന് ഞാൻ വിറപൂണ്ടു നിന്നു. കുഴഞ്ഞ ശരീരം ഭിത്തിയുടെ പരുപരുപ്പിലൂടെ തറയിലേക്ക് ഉരസിയിറങ്ങി.

ഒരു ബലത്ത കൈ എന്നെ പൊക്കിയെടുത്തു. ഞാനൊരു മോഷ്ടാവല്ലാഞ്ഞിട്ടും മോഷ്ടാവിനോടെന്നപോലെയായിരുന്നു പൊലീസിന്റെ പെരുമാറ്റം. മര്യാദകെട്ട ചോദ്യങ്ങൾ. തൊലിപൊള്ളിക്കുന്ന വർത്തമാനങ്ങൾ.
ഒരു പൊലീസുകാരൻ എന്നെ വാഹനത്തിലേക്ക് തൂക്കിയെറിഞ്ഞു. എന്റെ ദുർബ്ബല ശരീരത്തിലൂടെ വേദനയുടെ ഒരു പുളച്ചിൽ പാഞ്ഞുപോയി.
കണ്ണു തുറക്കുമ്പോൾ ഞാൻ മറ്റെവിടെയോ ആണ്. പൊലീസും വാഹനവും എന്നെ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞിരുന്നു.
ഞാൻ നിധികുംഭം തിരഞ്ഞു. കാണാനില്ലാഞ്ഞിട്ടും ഞാനത് തിരഞ്ഞുകൊണ്ടിരുന്നു.

99758 55108
email: [email protected]

Author

Scroll to top
Close
Browse Categories