കത്തോലിക്കാ സഭ വാളെടുക്കുന്നത് ആർക്ക് നേരെ?

ക്രൈസ്തവ സമൂഹവും മുസ്ലീം സമൂഹവും നേടിയ സമ്പത്തിനും വിദ്യാഭ്യാസത്തിനും ഈ സംഘര്‍ഷത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. തൊണ്ണൂറുകള്‍ മുതല്‍ രണ്ടായിരം വരെ കേരളത്തില്‍ കത്തോലിക്ക പള്ളികള്‍ പുതുക്കി പണിയുന്നതിന്റെ വാര്‍ത്തകള്‍ സമൃദ്ധമായിരുന്നു. പണം വരാനുള്ള വഴികളുണ്ടായിരുന്നു. സംഭാവനയുടെ രൂപത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ രീതിയിലും സഭയുടെ അല്‍മേനികള്‍ സഭയ്ക്ക് ധാരാളം പണം നല്‍കിയിരുന്നു. കത്തോലിക്കരുടെ പറുദീസയായ പാലയിലും കാഞ്ഞിരപ്പള്ളിയിലും ലോകോത്തര ആഡംബര കാറുകളുടെ പ്രദര്‍ശനം നടന്ന കാലംകൂടിയായിരുന്നു അത്. റബറിനും നാണ്യവിളകള്‍ക്കും ലഭിച്ച ഉയര്‍ന്ന വരുമാനം ഈ കാഴ്ചകളുടെ പ്രധാന പിന്‍ബലമായിരുന്നു. എന്നാല്‍ ഈ ധനസമൃദ്ധിക്ക് ദീര്‍ഘായുസുണ്ടായിരുന്നില്ല. റബറും നാണ്യവിളകളും മോഹവില നല്‍കുന്ന കാലം അസ്തമിച്ചു. വരുമാനം കുറഞ്ഞു. സമുദായത്തിന്റെ വിലപേശല്‍ ശേഷിയും കുറഞ്ഞു.

കേരളം ഒരു യുദ്ധഭൂമിയായി മാറുകയാണ്. യുദ്ധം അരങ്ങേറുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും സാമൂഹ്യമാധ്യമങ്ങളിലും ക്ലബ്ബ്ഹൗസുകളിലും ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലുമാണ്. കേരളത്തില്‍ ഇതരമത വിശ്വാസികള്‍ക്കെതിരെ മുസ്ലീങ്ങള്‍ നടത്തുന്നത് നര്‍കോട്ടിക് ജിഹാദാണെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന ഒരു കുരിശുയുദ്ധപ്രഖ്യാപനമാണ്.

ബിഷപ്പിന്റെ കുറവിലങ്ങാട് പ്രസ്താവന വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി. രണ്ടാഴ്ചക്കാലം ക്രൈസ്തവ സമൂഹത്തെ ഒപ്പം നിറുത്താനുള്ള ഞാണിന്മേല്‍ കളികളിലായിരുന്നു സി.പി.എം. അണിയറ നീക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാരിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി. തെറ്റായ പരാമര്‍ശം നടത്തിയവര്‍ സമൂഹത്തിന്റെ നിലപാട് മനസിലാക്കി തിരുത്തണമെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. ലൗജിഹാദും നര്‍കോട്ടിക് ജിഹാദും നടക്കുന്നുവെന്ന ആരോപണങ്ങള്‍ കണക്കുകള്‍ നിരത്തി ഖണ്ഡിച്ച മുഖ്യമന്ത്രി, പ്രണയവും ലഹരിമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ലെന്ന് വ്യക്തമാക്കി. സാമൂഹ്യതിന്മകള്‍ക്ക് ഏതെങ്കിലും മതത്തിന്റെ നിറം നല്‍കരുതെന്ന് അദ്ദേഹം സമൂഹത്തോട് ആവശ്യപ്പെട്ടു. ആ പ്രവണത മുളയിലേ നുള്ളേണ്ടതാണെന്ന് പറയാനും അദ്ദേഹം മടിച്ചില്ല.

അപരമതഹിംസ മനുഷ്യ സമൂഹത്തിന്റെ സൗഹാര്‍ദ്ദത്തെയാണ് കീറിപ്പിളരുന്നത്. സമൂഹത്തിന്റെ താല്പര്യത്തിന് എതിരായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് തിന്മകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിന്മകളെ ഏതെങ്കിലും മതവിഭാഗത്തോട് മാത്രം ചേര്‍ത്തു ഉപമിക്കുന്നത് വേര്‍തിരിവുകളെ ശക്തിപ്പെടുത്തുകയായിരിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. അതോടൊപ്പം കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംഗിന്റെ സന്ദേശമാണ് പ്രസക്തമെന്നും പിണറായി വിജയന്‍ പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ”അന്ധകാരത്തെ അന്ധകാരം കൊണ്ട് തുടച്ചു നീക്കാനാവില്ല; അന്ധകാരത്തെ ഇല്ലാതാക്കാന്‍ കഴിയുന്നത് വെളിച്ചത്തിനാണ്. വിദ്വേഷത്തെ വിദ്വേഷം കൊണ്ട് തുടച്ചുനീക്കാനാവില്ല; വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിയുന്നത് സ്നേഹത്തിനാണ്”

പദവികളുടെ ഉത്തരവാദിത്വം

ഓരോ പദവികളും അധികാരം മാത്രമല്ല; അത് വലിയ ഉത്തരവാദിത്വം കൂടിയാണ്. ഒരു മഹാഇടവകയിലെ അജപാലന്റെ അധികാരം ആ ഇടവകയിലെ കുഞ്ഞാടുകളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വം കൂടിയാണ്. ഈ ധാര്‍മ്മികതയും ജനാധിപത്യബോധവുമാണ് പാലാ ബിഷപ്പ് മറന്നു പോയത്. പാലാ ബിഷപ്പിന്റെ സുവിശേഷ പ്രസംഗം ആത്മീയതയുടെ തരിശുഭൂമിയായിരുന്നു. അതൊരു ‘വെറുപ്പ് പേച്ച്” ആയി പ്രതിദ്ധ്വനിച്ചു. യേശുദേവന്‍ സ്നേഹത്തിന്റെ ആകാശ കാഴ്ചയാണ്. എല്ലാവരെയും സ്നേഹത്തിന്റെ മിശ്രണമായ സ്വര്‍ണചാമരം വീശിക്കാട്ടേണ്ട പിതാവ് ”ഹേററ് സ്പീച്ച്” നടത്തി സര്‍വരെയും ഞെട്ടിച്ചു. സ്വന്തം അജഗണങ്ങളെ മുസ്ലീങ്ങള്‍ക്കെതിരെ തിരിയാന്‍ ദുഷ്‌പ്രേരണ ചെലുത്തുകയാണ് അദ്ദേഹം ചെയ്തത്. സ്വന്തം പദവിയുടെ ഉത്തരവാദിത്വമാണ് അദ്ദേഹം നിരാകരിച്ചത്.

വെറുപ്പ് ചുരത്തുന്ന ഭാഷണങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കുറ്റകരമായ പ്രവൃത്തിയാണ്. ഒരു സര്‍ക്കാരിന്റെ ചുമതല അതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കലാണ്. എന്നാല്‍ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി മൃദുസമീപനം സ്വീകരിക്കുകയും ചുഴിയിലാണ്ട ബിഷപ്പിനെ കൈനീട്ടി രക്ഷപ്പെടുത്തുകയുമായിരുന്നു. മുഖ്യമന്ത്രി അപ്പോള്‍ പറഞ്ഞത് ബിഷപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്നായിരുന്നു. കാരണം, ബിഷപ്പിന്റെ പ്രസ്താവന പൊതുപ്രവര്‍ത്തനമല്ലെന്ന് വ്യാഖ്യാനിച്ചുകൊണ്ടാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. സാമൂഹ്യസംഘര്‍ഷത്തിന് അയവു വരുത്താന്‍ അത് സഹായിച്ചു എന്നത് നേരാണ്. പക്ഷെ പദവികളുടെ ഉത്തരവാദിത്വം അവിടെ നിറവേറ്റപ്പെടാതെ പോയി.

മുഖ്യമന്ത്രി പറഞ്ഞത് അളവുകോലായി എടുത്താല്‍ മുസ്ലീങ്ങള്‍ക്കോ, ഹിന്ദുക്കള്‍ക്കോ, ക്രിസ്ത്യാനികള്‍ക്കോ എതിരായി വിഷം വമിപ്പിക്കുന്ന പ്രസ്താവന നടത്തുന്ന ആര്‍ക്കെതിരെയും നിയമനടപടി സാദ്ധ്യമല്ലാതാവും. മതവൈരം വളര്‍ത്തുന്ന സാധാരണക്കാര്‍ക്കെതിരെ മാത്രം നിയമനടപടികള്‍ക്ക് പോയാല്‍ ചില വിശുദ്ധപശുക്കള്‍ക്ക് മാത്രം എന്തും പറയാം എന്ന നിലവരും. ഇത് മതവൈരം പ്രസംഗിച്ച പുരോഹിതന്റെ പ്രവൃത്തിയെക്കാള്‍ മോശമായി മാറും.

സാംസ്‌കാരിക വെല്ലുവിളി

കേരളം ഇന്ന് നേരിടുന്നത് വലിയൊരു സാംസ്‌കാരിക വെല്ലുവിളിയാണ്. കൊളോണിയല്‍ എഴുത്തുകാര്‍ എഴുതിവെച്ച മതവൈരത്തിന്റെ കഥ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. ഇതിനെ തിരുത്താന്‍ ശേഷിയുള്ള ഒരു സാംസ്‌കാരിക മണ്ഡലം ഇപ്പോള്‍ കേരളത്തിനില്ല .ജാതി ഒരു പ്രത്യയശാസ്ത്ര ഉപകരണമാണെങ്കിലും അതൊരു ജീവിതവീക്ഷണം കൂടിയാണ്. അനുഷ്ഠാനപരത, വംശീയ ഓര്‍മ്മ, ഭൂതകാല സ്മൃതി, ഐതിഹ്യ മാഹാത്മ്യം, ദൈനംദിന ജീവിതാവിഷ്‌കാരം തുടങ്ങിയവയാണ് ജാതിയെ നിരന്തരം പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ പൊതുമണ്ഡലത്തിന്റെ സാന്നിദ്ധ്യവും ശക്തിയും കുറയുമ്പോള്‍ പ്രതിലോമശക്തികള്‍ മുന്നണിയില്‍ പ്രത്യക്ഷപ്പെടും. സുകുമാര്‍ അഴീക്കോടിനെയും പ്രൊഫ. എം.എന്‍. വിജയനെപ്പോലുള്ളവരുടെ അഭാവം പൊതുമണ്ഡലത്തെ ദുര്‍ബലപ്പെടുത്തി. അതിനാല്‍ വംശീയത തന്നെ ഒരു സാംസ്‌കാരിക രൂപമായി സ്വയം പ്രഖ്യാപിക്കുകയാണ്. ജാതി ഒരു വലിയ സ്വാധീനശക്തിയായി മാറുന്നതങ്ങിനെയാണ്. കേരളത്തിന്റെ സാമൂഹ്യഘടനയില്‍ സമകാലിക വിവാദം വലിയ ആഘാതം സൃഷ്ടിച്ചുകൊണ്ടാവും കടന്നു പോകുക.

ഇതിന് സാംസ്‌കാരികമെന്ന പോലെ തന്നെ സാമ്പത്തികവിദ്യാഭ്യാസ മേഖലകള്‍ക്കും വലിയ പങ്കുണ്ട്. ക്രൈസ്തവ സമൂഹവും മുസ്ലീം സമൂഹവും നേടിയ സമ്പത്തിനും വിദ്യാഭ്യാസത്തിനും ഈ സംഘര്‍ഷത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. തൊണ്ണൂറുകള്‍ മുതല്‍ രണ്ടായിരം വരെ കേരളത്തില്‍ കത്തോലിക്ക പള്ളികള്‍ പുതുക്കി പണിയുന്നതിന്റെ വാര്‍ത്തകള്‍ സമൃദ്ധമായിരുന്നു. പണം വരാനുള്ള വഴികളുണ്ടായിരുന്നു. സംഭാവനയുടെ രൂപത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ രീതിയിലും സഭയുടെ അല്‍മേനികള്‍ സഭയ്ക്ക് ധാരാളം പണം നല്‍കിയിരുന്നു. കത്തോലിക്കരുടെ പറുദീസയായ പാലയിലും കാഞ്ഞിരപ്പള്ളിയിലും ലോകോത്തര ആഡംബര കാറുകളുടെ പ്രദര്‍ശനം നടന്ന കാലംകൂടിയായിരുന്നു അത്. റബറിനും നാണ്യവിളകള്‍ക്കും ലഭിച്ച ഉയര്‍ന്ന വരുമാനം ഈ കാഴ്ചകളുടെ പ്രധാന പിന്‍ബലമായിരുന്നു. എന്നാല്‍ ഈ ധനസമൃദ്ധിക്ക് ദീര്‍ഘായുസുണ്ടായിരുന്നില്ല. റബ്ബറും നാണ്യവിളകളും മോഹവില നല്‍കുന്ന കാലം അസ്തമിച്ചു. വരുമാനം കുറഞ്ഞു. സമുദായത്തിന്റെ വിലപേശല്‍ ശേഷിയും കുറഞ്ഞു.

ഇതേ സമയം മുസ്ലീം സമുദായം കൂടുതല്‍ സമ്പന്നമാകാന്‍ തുടങ്ങി. ഗള്‍ഫ് പണവും വിദ്യാഭ്യാസ സ്വാംശീകരണവും അവരുടെ നില മെച്ചപ്പെടുത്തി. ഒരു സമയത്ത് പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കാതിരുന്ന മുസ്ലീങ്ങള്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ കഠിന പരിശ്രമത്തിന്റെ ഫലമായി കുതിച്ചു കയറ്റം നടത്തി. അവരുടെ സമുദായ വിലപേശല്‍ ശേഷി വര്‍ദ്ധിച്ചു. ഒരു കാലത്ത് എറണാകുളത്തെ കളക്ടറെ തീരുമാനിച്ചിരുന്നത് എറണാകുളം ബിഷപ്പ്ഹൗസായിരുന്നു. ഇന്നത് ഒരു പഴയകഥ മാത്രമാണ്. കേരളത്തിലെ പല ജില്ലകളിലും ഇപ്പോള്‍ മുസ്ലീം കളക്ടര്‍മാരാണ് ഭരണം നടത്തുന്നത്. കേരളത്തിന്റെ പുതിയ സാമ്പത്തികസാംസ്‌കാരികബ്യൂറോക്രാറ്റിക് സന്തുലിതാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇപ്പോഴത്തെ ക്രൈസ്തവ ഇസ്ലാം അവിശ്വാസത്തിന്റെ അടിത്തറ.

രാഷ്ട്രീയ മാറ്റത്തിലെ രാസപ്രക്രിയ

വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ പുരോഹിതന്മാര്‍ ലൗജിഹാദ് മര്‍മ്മരങ്ങള്‍ സൃഷ്ടിച്ചിരുന്നു. പക്ഷെ അന്ന് അതെല്ലാം കററക്കിസം ക്ലാസുകളിലും കുടുംബസദസ്സുകളിലും കുടുംബ മേല്‍ക്കോയ്മകളിലും മാത്രമായി ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ പ്രൊഫസര്‍ ജോസഫിന്റെ കൈ മുസ്ലീം തീവ്രവാദികളായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിയെടുത്തപ്പോള്‍ ഇസ്ലാമോഫോബിയ മധ്യതിരുവിതാംകൂറില്‍ ഒരു ദൂര്‍ഭൂതമായി അലഞ്ഞു നടന്നു. അത് ക്രൈസ്തവരുടെ ഇടയില്‍ ഒരു പനിക്കോളായി ബാധിച്ചു. 2011 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയെങ്കിലും പള്ളിയുടെ സാന്നിദ്ധ്യം മുസ്ലീം നിഴലില്‍ ആയി. സര്‍ക്കാര്‍ അധികാരഘടനയില്‍ ക്രൈസ്തവന്റെ സ്ഥാനം മുസ്ലീമിന് താഴെയായി. യുഡിഎഫ് മുന്നണിയില്‍ കേരള കോണ്‍ഗ്രസ് അവഗണിക്കപ്പെട്ടു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ ഗ്രഹണത്തിലായി. മുസ്ലീംലീഗ് അഞ്ചാംമന്ത്രിയെ ചോദിച്ചത് ഈ പശ്ചാത്തലത്തിലാണ്. മുസ്ലീംലീഗ് വഴി സൃഷ്ടിക്കപ്പെട്ട ഇസ്ലാമോഫോബിയയുടെ അനന്തരഫലമാണ് മാണി കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയത്. പരസ്പരം മുതുക് ചൊറിയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പഠിക്കേണ്ട പാഠമാണത്.

2014ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ക്രൈസ്തവസഭയിലേക്കുള്ള പാലമായിട്ടാണ് ഉപയോഗിച്ചത്. കേരള സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന ഓരോ സംഭവങ്ങളും ക്രൈസ്തവമുസ്ലീം വിടവ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. 2016ല്‍ ഐസിസ് സ്ഥാപിക്കാന്‍ പോയ 21 പേരില്‍ ചില ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നത് ക്രൈസ്തവരില്‍ വീണ്ടും ഭയം സൃഷ്ടിച്ചു. മുസ്ലീം വിരുദ്ധ വര്‍ത്തമാനം ക്രൈസ്തവകുടുംബങ്ങളിലും സോഷ്യല്‍ മീഡിയയിലും വീണ്ടും മുഴങ്ങി. ടി.പി. സെന്‍കുമാര്‍ എന്ന പ്രോ ബി.ജെ.പി പോലീസ് ഓഫീസര്‍ മുസ്ലീം ജനസംഖ്യ ഹിന്ദുക്കളെ കവച്ചു വെക്കുന്നു എന്ന പ്രസ്താവന വീണ്ടും ഇസ്ലാമോഫോബിയയെ ശക്തിപ്പെടുത്തി. അതും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ ഒതുങ്ങി നിന്നു. 2019ല്‍ ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബിംഗ് വീണ്ടും മുസ്ലീങ്ങള്‍ക്കെതിരെയുള്ള വെറുപ്പ് പ്രചാരണം വര്‍ദ്ധിപ്പിച്ചു. അതുവരെ ആത്മീയ ഗുരുക്കളെ പോലെ സംസാരിച്ചിരുന്ന പല പുരോഹിതന്മാരും മതനേതാക്കളെ പോലെ സംസാരിക്കാന്‍ തുടങ്ങി. വെറുപ്പും വിദ്വേഷവും കൂടുതല്‍ ശക്തിയോടുകൂടി പ്രചരിക്കാന്‍ തുടങ്ങി. ടര്‍ക്കിയിലെ ഹാഗിയ സോഫിയ ഒരു മോസ്‌ക്കായിരുന്നു എന്ന നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ നേതാവ് സെയ്ദ് സാദിക് അലി ശിഹാബ് തങ്ങള്‍ ചന്ദ്രികയില്‍ ലേഖനമെഴുതിയതോടുകൂടി മുസ്ലീംക്രൈസ്തവ വൈരുദ്ധ്യം വീണ്ടും ശക്തിപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച തര്‍ക്കവും ഇരു സമുദായങ്ങളെയും വീണ്ടും അകറ്റി. രണ്ട്മാസങ്ങള്‍ക്ക് മുമ്പ് പാലാ ബിഷപ്പ് ഇറക്കിയ സര്‍ക്കുലര്‍ വലിയ ക്രൈസ്തവ കുടുംബങ്ങളെ സ്വപ്‌നം കാണുന്നതായിരുന്നു. കുടുംബത്തെ അര്‍ദ്ധഫുട്ബോള്‍ ടീമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സര്‍ക്കുലര്‍. അഞ്ചില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളും മറ്റ് പെര്‍ക്കുകളും സഭ വാഗ്ദാനം ചെയ്തു. ജനസംഖ്യാവര്‍ദ്ധന കൊണ്ട് പൊറുതി മുട്ടിയ ലോകത്ത് ഇതെല്ലാം അധികപറ്റാണ്. ഇതര സമൂഹങ്ങളെ അപേക്ഷിച്ച് ഈ വിഷയങ്ങള്‍ ക്രൈസ്തവമുസ്ലീം സംഘര്‍ഷത്തിന് മൂര്‍ച്ച കൂട്ടി.

കത്തോലിക്ക സഭയുടെ സംഭാവന

കേരളീയ ജീവിതത്തില്‍ കത്തോലിക്ക സഭയുടെ സംഭാവനകള്‍ മറ്റ് ഏതൊരു സമുദായത്തിന്റെയും പോലെ മികച്ചതാണ്. സഭയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും സാമ്പത്തിക വ്യവഹാരങ്ങളിലും വലിയ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവും മികച്ച ഉപഭോക്താക്കളും സഭ തന്നെയാണ്. സഭ പനപോലെ വളര്‍ന്നതിന് പിന്നിലെ ശക്തിയും ഇതൊക്കെയാണ്. കേരളത്തിലെ ഇതര മതസ്ഥര്‍ക്ക് സഭയും സഭയ്ക്ക് ഇതര മതസ്ഥരും ആവശ്യമായിരുന്നു. ഇനിയും അത് ആവശ്യമുള്ളതാണ്.

സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ എയ്ഡഡ്, സ്വാശ്രയം, സ്വാകാര്യംഎന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് അന്യമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവര്‍ കോടിക്കണക്കിന് രൂപ ഫീസ് ഇനത്തില്‍ സഭാ മാനേജ്മെന്റിന് നല്‍കുന്നുണ്ട്. സഭ നടത്തുന്ന ആശുപത്രികള്‍, ആതുരസേവന കേന്ദ്രങ്ങള്‍ മാത്രമല്ല; അവ വലിയ കച്ചവട സ്ഥാപനങ്ങള്‍ കൂടിയാണ്. ശതകോടികളാണ് അവിടെ അന്യമതസ്ഥര്‍ ചികിത്സയ്ക്കുവേണ്ടി ചെലവഴിക്കുന്നത്. സഭയും സഭയുടെ കുഞ്ഞാടുകളും നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍സ്വര്‍ണക്കടകളും, വസ്ത്രവ്യാപാര കേന്ദ്രങ്ങളും, ബാറുകളും, ബാര്‍ഹോട്ടലുകളും എത്രയാണെന്ന് സഭയ്ക്ക് അറിയോ? അവിടെ എത്രകോടി രൂപയുടെ ബിസിനസാണ് അന്യമതസ്ഥര്‍ നിര്‍വഹിക്കുന്നത് എന്ന് ബിഷപ്പിന് അറിയുമോ? പത്രസ്ഥാപനങ്ങളും മാധ്യമസ്ഥാപനങ്ങളും പണം ഉണ്ടാക്കുന്നതും വളരുന്നതും അന്യമതസ്ഥരുടെ പങ്കാളിത്തം കൊണ്ടുകൂടിയാണ്. അത് മറക്കുന്നത് ആര്‍ക്കും നല്ലതല്ല.

പാലാ ബിഷപ്പിന്റെ പ്രസ്താവന

എന്നാല്‍ എല്ലാ യാഥാര്‍ത്ഥ്യബോധവും നഷ്ടപ്പെട്ട രീതിയിലുള്ള ശബ്ദമാണ് പാലാ രൂപതയില്‍ നിന്ന് കേട്ടത്. പാലാ ബിഷപ്പ് പള്ളിയുടെ അള്‍ത്താരയില്‍ എഴുതി തയ്യാറാക്കിയ കുറിപ്പ് വായിച്ചു. ”ഇളം പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ, സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നുവേണ്ട ഒരുവിധം ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളിലും തീവ്രവാദികളായ ജിഹാദി ചിന്താഗതിക്കാര്‍ വലവിരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയിരിക്കുകയാണ്. കേരളത്തിൽ ലൗജിഹാദില്ല എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവർ വെറുതെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കയാണ്. നർകോട്ടിക് അല്ലെങ്കിൽ ഡ്രഗ് ജിഹാദാണ് പുതിയ കാര്യം. അമൂസ്ലീങ്ങളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കുന്ന പ്രവണതയെയാണ് നമ്മൾ നർക്കോട്ടിക് ജിഹാദ് എന്നു പറയുന്നത്. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് കഞ്ചാവ് കച്ചവടം ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് വ്യക്തമാണല്ലോ?

ഇതിനെ സഹായിക്കുന്ന തരത്തിൽ തന്നെയാണ് ഇരിങ്ങാലക്കുട രൂപത അദ്ധ്യക്ഷൻ ബിഷപ്പ് പോളി കണ്ണൂക്കാടൻ പള്ളിയിൽ പ്രസംഗിച്ചത്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ് ”തീവ്രവാദം അനിയന്ത്രിതമായിതുടരുമ്പോൾ നമ്മുടെ യുവതികളെയും യുവാക്കളെയും അനുധാവനം ചെയ്യാൻ നമ്മുടെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ലൗ ജിഹാദും ലഹരി ജിഹാദും തുടങ്ങിയ കുരുക്കുകളിൽ നമ്മുടെ കുട്ടികൾ വന്നുപെടാതിരിക്കാൻ മാതാപിതാക്കൾ നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്. നാല് മക്കളെങ്കിലും നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാകാൻ നാം പ്രത്യേകം ശ്രദ്ധിക്കണം”

ഈഴവർക്ക് നേരെ

ഇതിന് മുമ്പ് സഭ ഈഴവർക്ക് നേരെ തിരിഞ്ഞ സംഭവം ചരിത്രമാണ്. 2015 ജൂൺ 13ന് അപരസമുദായ ഹിംസയ്ക്ക് സഭയുടെ ഭാഗത്തു നിന്ന് നീക്കമുണ്ടായി. അന്ന് ലൗജിഹാദ് ഈഴവസമുദായത്തിന് നേരെയായിരുന്നു. ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടിലായിരുന്നു അന്ന് ലൗജിഹാദ് ആരോപിച്ചത്. മിശ്രവിവാഹത്തിനു നേരെ അദ്ദേഹം ആഞ്ഞടിച്ചു. മിശ്രവിവാഹം ക്രൈസ്തവ തനിമ തകർക്കുമെന്നായിരുന്നു ആനി കുഴിക്കാടന്റെ വാദം. ഈഴവ യുവാക്കൾ ക്രിസ്ത്യൻ യുവതികളെ പ്രണയവലയിൽ കുടുക്കി മതം മാറ്റുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇതിനെതിരെ പ്രതിഷേധം ഇരമ്പി. അന്ന് സി.പി.എം. ബിഷപ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. എം.എ. ബേബി ചോദിച്ചത് മാത്യു ആനിക്കുഴിക്കാടന് ഇതെങ്ങിനെ കഴിഞ്ഞു എന്നായിരുന്നു. വിശ്വഹിന്ദുപരിഷത്തും ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ രംഗത്തു വന്നു. പ്രതിഷേധം ശക്തമായപ്പോൾ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി പിതാവ് ഇടപെട്ട്പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ അതിനൊരു തുടർക്കഥ ഈയടുത്ത കാലത്തുണ്ടായി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളുടെ മതാദ്ധ്യാപകനും ഓൺലൈൻ പരിശീലകനുമായ ഫാദർ റോയികണ്ണൻചിറ ഈഴവർക്കെതിരെ തന്റെ ഓൺലൈൻ പഠനക്ലാസിൽ വിഷം തുപ്പി. ഈഴവ യുവാക്കൾ ലൗജിഹാദികളാണ്. കോട്ടയത്തെ ഒരുസീറോ മലബാർ ഇടവകയിൽ നിന്ന് ഒറ്റമാസം കൊണ്ട് ഒമ്പത് ക്രിസ്ത്യൻ യുവതികളെ ഈഴവ യുവാക്കൾ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയെന്നായിരുന്നുഅദ്ദേഹത്തിന്റെ ആരോപണം. കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കോണ്ടു പോകുന്നതിന് ഈഴവ യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ അദ്ദേഹം തന്റെ പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തി വീണ്ടും പ്രശ്നം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ദൗത്യം

കുറവിലങ്ങാട് അൾത്താരയിൽ മാതാവിന്റെ ജന്മദിനത്തിൽ ബിഷപ്പ് നടത്തിയ പ്രാർത്ഥനാ സന്ദേശം അപകടകരമായത് അത് മറ്റ് മതസ്ഥരെ പ്രതിക്കൂട്ടിൽ നിറുത്തിയതു കൊണ്ടാണ്. ക്രിസ്തുമാർഗ്ഗത്തിൽ നിന്ന് വഴിമാറിയ ശുശ്രൂഷാ സന്ദേശമായിരുന്നു അത്. അതുകൊണ്ടാണ് സിസ്റ്റർ അനുപമയും മറ്റ് ചിലരും ആ മഠത്തിലെ പ്രാർത്ഥന ബഹിഷ്‌കരിച്ചത്. മുസ്ലീം സമുദായാംഗങ്ങൾ നടത്തുന്ന കടകളിൽ നിന്ന് പച്ചക്കറി വാങ്ങരുത്. അവരുടെ ഓട്ടോറിക്ഷയിൽ കയറരുത് .അവരുടെ വണ്ടി വിളിക്കരുത് എന്നൊക്കെ ബിഷപ്പ് പറഞ്ഞു. മുസ്ലീങ്ങൾ പൂച്ചയും മുയലും പെറ്റു പെരുകുന്നതുപോലെ പെരുകുന്നു. ഇതെല്ലാം ക്രിസ്തുവഴികളിൽ നിന്നുള്ള വഴിമാറലാണ്. വർഗീയത വിളമ്പാൻ ക്രിസ്തു ഒരിടത്തും പഠിപ്പിച്ചിട്ടില്ലെന്നാണ് സിസ്റ്റർ അനുപമയുടെ വിശ്വാസം.

Author

Scroll to top
Close
Browse Categories