അഴിമതിയെന്ന മാറാവ്യാധി

സർക്കാർ സർവീസിലെ അഴിമതിയുടെ ഏറ്റവും വൃത്തികെട്ട എപ്പിസോഡാണ് കഴിഞ്ഞ ആഴ്ച പാലക്കാട്ടെ മണ്ണാർക്കാട്ട് കേരളം കണ്ടത്. പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ മുറിയിൽ നിന്ന് സംസ്ഥാന വിജിലൻസ് പിടിച്ചെടുത്തത് 1.05 കോടിയുടെ സമ്പാദ്യം ! ഒരു കോടി രൂപ സാധാരണക്കാരന്റെ ഭാവനയ്ക്ക് അപ്പുറമുള്ള തുകയാണ്. റവന്യൂ വകുപ്പിലെ ഏറ്റവും താഴെ തട്ടിലുള്ള ജീവനക്കാരന് ഇത്ര ഭീമമായ തുക കൈക്കൂലിയിലൂടെ സമ്പാദിക്കാമെങ്കിൽ ഉയർന്ന തലത്തിലുള്ളവരുടെ കാര്യം പറയാനുണ്ടോ. പാലക്കയം വില്ലേജിലെ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ വില്ലേജ് അസിസ്റ്റന്റ് വി.സുരേഷ് കുമാറാണ് കൈക്കൂലി വാങ്ങവേ കുടുങ്ങിയത്. പഴയ വില്ലേജ് മാൻ ആണ് ഇപ്പോഴത്തെ വില്ലേജ് അസിസ്റ്റന്റ്. അര ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നുണ്ടാകും.

2500 രൂപ മാസവാടകയുള്ള ഇയാളുടെ മുറിയിൽ നിന്ന് 35.7 ലക്ഷം രൂപ, 45 ലക്ഷം സ്ഥിരനിക്ഷേപ രേഖകൾ, 25 ലക്ഷം ബാലൻസുള്ള സേവിംഗ്സ് അക്കൗണ്ട് പാസ്ബുക്ക്, 9000 രൂപയുടെ 17 കിലോ നാണയം എന്നിങ്ങിനെയാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. കുടംപുളിയും തേനും പേനകളും മുതൽ കൈക്കൂലിയായി വാങ്ങിയ ഇയാളുടെ വിശാലമനസ്കതയെക്കുറിച്ച് പറയാതെ വയ്യ.

മൂന്നുവർഷം മുമ്പാണ് അവിവാഹിതനായ ഇയാൾ പാലക്കയത്ത് ജോലിക്കെത്തിയത്. സുരേഷ് കുമാർ സ്വന്തം നിലയിലാണോ അതോ സഹപ്രവർത്തകർക്കു കൂടി വേണ്ടിയാണോ കൈക്കൂലി പണം സമ്പാദിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു വില്ലേജ് അസിസ്റ്റന്റ് മാത്രം വിചാരിച്ചാൽ വില്ലേജ് ഓഫീസിൽ എന്തും നടക്കുമെന്ന് കരുതാനുമാവില്ല. അങ്ങിനെയാണെങ്കിൽ പങ്കുവച്ചശേഷമുള്ള തുകയാകണം ഇത്. വീട് വയ്ക്കാൻ വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്നാണ് സുരേഷിന്റെ മൊഴി. കൂലിപ്പണിക്കാർ മുതൽ സാദാതൊഴിലാളികൾ വരെ പണിയെടുത്ത് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന നാടാണിത്. അവരെ കൂടി അപമാനിക്കുന്നതായി ഈ മൊഴി.

എക്കാലത്തും അഴിമതിയുടെ പൂരം നടക്കുന്ന വകുപ്പാണ് സംസ്ഥാന ഭരണ സംവിധാനത്തിന്റെ നട്ടെല്ലു കൂടിയായ റവന്യൂ വകുപ്പ്. വില്ലേജ് അസിസ്റ്റന്റ് മുതൽ ജില്ലാ കളക്ടറും ചീഫ് സെക്രട്ടറിയും വരെയുള്ള ശ്രേണിയിലെ വകുപ്പിലെ ഉദ്യോഗസ്ഥരാണ് സർക്കാരിനെ അക്ഷരാർത്ഥത്തിൽ ചലിപ്പിക്കുന്നത്. ജനങ്ങളുമായും അവരുടെ പ്രശ്നങ്ങളുമായും ഏറ്റവുമധികം ഇടപെടുന്ന വകുപ്പിലെ ഉദ്യോഗസ്ഥർ സർക്കാരിന്റെ മുഖമാണെന്നും പറയാം. കിടപ്പാടത്തിന്റെ കരമടച്ച രശീതിൽ തുടങ്ങി കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് വരെ സാധാരണ ജനങ്ങൾ ഇവരെയാണ് ആശ്രയിക്കുന്നത്. റവന്യൂ വകുപ്പുമായി ഒരിക്കലെങ്കിലും ബന്ധപ്പെടാതെ ഒരു പൗരനും മുന്നോട്ടുപോകാനാവില്ല. വകുപ്പിലെ ജീവനക്കാരുടെ പെരുമാറ്റവും പ്രവൃത്തിയും ഓരോ സർക്കാരിനും നിർണായകവും പ്രധാനപ്പെട്ടതുമാണ്. നിസാര കാരണങ്ങൾ പറഞ്ഞ് മാസങ്ങളും വർഷങ്ങളും ജനങ്ങളെ നടത്തിക്കുന്നതിനും കൈക്കൂലി ചോദിച്ചുവാങ്ങുന്നതിനും പണ്ടേ കുപ്രസിദ്ധിയുള്ളവരാണ് റവന്യൂ ജീവനക്കാർ. ഒറ്റപ്പെട്ട് ജീവിച്ച അസാധാരണ സ്വഭാവമുള്ള സുരേഷ് കുമാറിന് കൈക്കൂലിക്കാര്യത്തിൽ പ്രത്യേക വൈഭവം തന്നെ ഉണ്ടായിരുന്നു. ഇത്തരം ആയിരക്കണക്കിന് ജീവനക്കാർ സർക്കാർ സർവീസിലുണ്ട്. ഇതിനിടെയിലും കുറെ നല്ലവരായ, സത്യസന്ധരായ, കാര്യപ്രാപ്തിയുള്ള ജീവനക്കാരുടെ അക്ഷീണമായ സേവനങ്ങൾ കൊണ്ടാണ് വകുപ്പും സർക്കാരും മുന്നോട്ടുപോകുന്നതു തന്നെ.

ഓൺലൈൻ സംവിധാനങ്ങൾ, നടപടിക്രമങ്ങളുടെ ലഘൂകരണം, അഴിമതിക്കെതിരെ കർക്കശമായ നടപടികൾ, ജോലി സമയം ഉൾപ്പെടെ കൃത്യമായ സേവനം തുടങ്ങിയ സമീപനങ്ങൾ കൊണ്ടേ സർക്കാർ വകുപ്പുകളെ ശുദ്ധീകരിക്കാനാവൂ. സർവീസ് സംഘടനകളുടെ ധാർഷ്ട്യവും അഹങ്കാരവും നാം പലപ്പോഴും കാണുന്നതാണ്. ഓഫീസുകളിലെ പഞ്ചിംഗ് പദ്ധതി നടപ്പാകാതെ നോക്കാനും നടപ്പാക്കിയ ഇടത്ത് അവ പൊളിക്കാനും സംഘടിത ശേഷികൊണ്ട് അവർ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. അച്ചടക്കനടപടികളെ പുഷ്പം പോലെ നേരിടാനും ഈ സംഘടനാ നേതൃത്വത്തിനു കഴിയും. ഓരോ ഫയലും ഒരു ജീവിതമാണെന്നും അതിൽ അലംഭാവം കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ ജീവനക്കാരുടെ മനസിലേക്ക് ആ സന്ദേശം കയറിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

ഉപദേശം മതിയാക്കി പ്രവൃത്തിയിലേക്ക് നീങ്ങാനുള്ള നിമിത്തമായി പാലക്കയം സംഭവം മാറണം. അതിനുള്ള കടുത്ത നടപടികൾക്ക് ഇടതുസർക്കാർ തയ്യാറാകണം. അവർക്ക് അതിന് നിഷ്‌പ്രയാസം കഴിയുകയും ചെയ്യും. സർവീസ് രംഗത്തെ ശക്തമായ സംഘടനകൾ ഇടതുപക്ഷത്തിന് കീഴിലാണെന്നതാണ് കാരണം. കർക്കശമായ നടപടികളിലേക്കുള്ള ചില സൂചനകൾ മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ. രാജനും നൽകിയെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയെങ്കിലേ കാര്യമുള്ളൂ. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങി, അവരിൽ നിന്ന് കൈക്കൂലിയും ചോദിച്ചുവാങ്ങി, അവരെ കഷ്ടപ്പെടുത്തുന്ന സ്വന്തം ജീവനക്കാരെ സംരക്ഷിക്കേണ്ട ഒരു ബാദ്ധ്യതയും സർക്കാരിനില്ല. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. ആറ് മാസം സസ്പെൻഷൻ കൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നതാണ് ജീവനക്കാരുടെ ആത്മവിശ്വാസത്തിന് കാരണം. സർക്കാർ വരുമാനത്തിന്റെ നല്ലൊരു പങ്കും ജീവനക്കാരുടെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്. കൈക്കൂലിക്കാരെയും പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവരെയും ഒതുക്കുക എന്നത് ദൗത്യമായി സർക്കാർ ഏറ്റെടുക്കണമെന്നാണ് അപേക്ഷ. ജീവനക്കാർക്കല്ല, ജനങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്.

പുതിയ തൊഴിൽ സാഹചര്യങ്ങളിൽ ജീവനക്കാരിൽ നിന്ന് ജനങ്ങളും സർക്കാരും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ഓൺലൈനായി പാസ്പോർട്ട് വരെ ലഭ്യമാകുന്ന കാലത്ത് അക്കാര്യം അവർക്ക് മനസിലായില്ലെങ്കിൽ മനസിലാക്കിക്കൊടുക്കാനുള്ള ചുമതല സർക്കാർ നിർവഹിക്കണം. ഓരോ ഫയലും വച്ചുതാമസിക്കുവർക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കണം. കൈക്കൂലിക്കേസിൽ പിടിയിലാകുന്നവരെ മൂന്നുമാസത്തിനകം വകുപ്പുതല അന്വേഷണം നടത്തി പിരിച്ചുവിടണമെന്ന് വിജിലൻസ് വകുപ്പ് സർക്കാരിന് ശുപാർശ ചെയ്തിട്ടുണ്ട്. അഴിമതി, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലും ഈ നടപടിയെടുക്കാമെന്നും ശുപാർശയിലുണ്ട്. അതിന് ശേഷം ജീവനക്കാർ അപ്പീൽ നൽകുകയോ കേസിന് പോവുകയോ ചെയ്യട്ടെ. ശക്തമായ ഇത്തരം നടപടികൾ ഉണ്ടായെങ്കിലേ കൈക്കൂലിയും അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനാവൂ.

Author

Scroll to top
Close
Browse Categories