വന്ദേഭാരതും വാട്ടർ മെട്രോയും
കേരളത്തിന് അഭിമാനിക്കാവുന്ന മാസമാണ് കഴിഞ്ഞു പോയത്. ഇന്ത്യൻ റെയിൽവേയുടെ ആധുനിക മുഖമായ വന്ദേഭാരത് ട്രെയിനിന്റെയും സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ മാതൃകയായി മാറാനാകുന്ന കൊച്ചിയിലെ വാട്ടർ മെട്രോയുടെയും സർവീസുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു.
ഇന്ത്യയേക്കാളും സാമ്പത്തികമായി സാമൂഹികമായും പിന്നിൽ നിൽക്കുന്ന രാജ്യങ്ങൾ പൊതുഗതാഗതത്തിൽ മാതൃകാപരമായ മാറ്റങ്ങൾ നടപ്പാക്കി കഴിഞ്ഞിട്ടും നാം ഇപ്പോഴും ബ്രിട്ടീഷുകാർ അവശേഷിപ്പിച്ച നൂറ്റാണ്ടുകളുടെ പഴക്കമുള്ള റെയിൽ സംവിധാനവുമായി കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലയുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. ഭാഷാ, സാംസ്കാരിക വൈവിദ്ധ്യങ്ങളേറെയുള്ള ഭാരതത്തിലെ ജനങ്ങളെ ചേർത്തു നിറുത്തുന്നതിൽ റെയിൽവേയ്ക്കും വലിയൊരു പങ്കുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. എന്നിരുന്നാലും റെയിൽവേയുടെ വികസന പദ്ധതികളിൽ ഏറ്റവും അവസാന പങ്കായിരുന്നു കേരളത്തിന് ലഭിക്കാറ്. പഴകി തുരുമ്പിച്ച്, ചോരുന്ന ബോഗികളുമൊക്കെയായി മറ്റ് സംസ്ഥാനക്കാർ ഉപേക്ഷിച്ച ട്രെയിനുകളും വികസനമില്ലാത്ത സ്റ്റേഷനുകളും റെയിൽപ്പാതകളും പഴഞ്ചൻ സിഗ്നൽ സംവിധാനങ്ങളുമൊക്കെയായി അവഗണനയുടെ പാളത്തിലായിരുന്നു കേരളം.
ഇന്ത്യൻ റെയിൽവേയുടെ ആധുനിക മുഖമായി മാറുന്ന വന്ദേഭാരത് ട്രെയിനുകളിലൊന്ന് ആദ്യഘട്ടത്തിൽ തന്നെ കേരളത്തിൽ സർവീസ് ആരംഭിച്ചത് വലിയ കാര്യമാണ്. ഒരുപക്ഷേ ചരിത്രത്തിൽ ആദ്യമാകും ഇത്തരമൊരു പരിഗണന റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിന് പ്രധാനമന്ത്രിയോടും കേന്ദ്രസർക്കാരിനോടും നന്ദി പറയാം. നിലവിലെ പഴഞ്ചൻ ശൈലിയിലെ കോച്ചുകളെല്ലാം മാറ്റി ഇന്ത്യൻ റെയിൽവേയിൽ പൂർണമായി വന്ദേഭാരത് മോഡലിലെ കോച്ചുകൾ വരുമെന്നും പ്രതീക്ഷിക്കാം. ഇന്ത്യയ്ക്ക് നാണക്കേടായിരുന്ന, ട്രെയിനിൽ നിന്ന് പാളത്തിലേക്ക് തുറക്കുന്നടോയ് ലറ്റ് സംവിധാനം ഏതാനും വർഷം കൊണ്ട് അവസാനിപ്പിച്ച് ആധുനിക ബയോടോയ് ലറ്റുകൾ എല്ലാ ട്രെയിനുകളിൽ സ്ഥാപിച്ച റെയിൽമന്ത്രാലയത്തിന് ഇക്കാര്യവും സാധിക്കാവുന്നതേയുള്ളൂ.
രാജ്യത്തിന്റെ തെക്കേ അറ്റത്തു കിടക്കുന്ന ചെറിയൊരു സംസ്ഥാനമാണ് കേരളം. പക്ഷേ രാജ്യമെമ്പാടും കേരളീയരുണ്ട്. അവരുടെ പ്രധാന യാത്രാമാർഗവും ട്രെയിനാണ്. അതിനാൽ തന്നെ റെയിൽ വികസനത്തിന്റെ കാര്യത്തിൽ പ്രധാന പരിഗണന നാം അർഹിക്കുന്നു. രാജ്യമെമ്പാടും റോഡ്, വ്യോമ, ജല ഗതാഗത രംഗങ്ങളിൽ വമ്പൻ വികസനങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിലേക്കും അത്തരം പദ്ധതികൾ കൊണ്ടുവരണം.
വന്ദേഭാരതിന്റെ പേരിൽ രാഷ്ട്രീയ വിവാദങ്ങൾ നടന്നുകൊള്ളട്ടെ. പക്ഷേ മാറുന്ന ഇന്ത്യൻ റെയിൽവേയുടെ മുഖമാണ് വന്ദേഭാരത് ട്രെയിൻ. ആധുനിക സൗകര്യങ്ങൾ ഉള്ള, മികച്ച സേവനങ്ങൾ ലഭിക്കുന്ന അതിവേഗ ട്രെയിനുകൾ കേരളത്തിന് വലിയ ഗുണം ചെയ്യും. ഇപ്പോൾ തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ റെയിൽ വഴിയോ റോഡ് വഴിയോ യാത്ര ചെയ്യുന്നത് ഭീകരമായ അവസ്ഥയാണ്. എപ്പോൾ എത്തുമെന്ന് നിശ്ചയമില്ലാതെ വേണം യാത്ര തിരിക്കാൻ.
വന്ദേഭാരത് കൊണ്ട് കേരളത്തിലെ റെയിൽവേയുടെ കുറവുകൾ പരിഹരിക്കാനാവില്ല. വളവുകൾ ഏറെയുള്ള പാതയായതിനാൽ 100 കിലോമീറ്ററിലോ അതിലും അധികം വേഗതയിലോ ട്രെയിനുകൾക്ക് കേരളത്തിൽ സഞ്ചരിക്കാനാവില്ല. എങ്കിലും സ്റ്റോപ്പുകൾ കുറച്ചും പ്രത്യേക പരിഗണന നൽകിയും വന്ദേഭാരത് സർവീസ് നടത്തുന്നത് ഗുണകരമാണ്. ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം പൂർണതോതിൽ നടപ്പാക്കുകയും റെയിൽപാതകളുടെ വളവുകൾ കുറയ്ക്കുകയും തിരക്കേറിയ റൂട്ടിലെങ്കിലും ഇനിയും പാളങ്ങളുടെ എണ്ണം കൂട്ടുകയും കൂടി ചെയ്യാനായാൽ നിലവിൽ ട്രെയിൻയാത്രയുടെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളായ തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്റ്റേഷനുകളിൽ വലിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സ്റ്റേഷനുകളും ആധുനികവത്കരിക്കപ്പെടേണ്ട കാലം കഴിഞ്ഞു. ഒരു വന്ദേഭാരതിൽ മാത്രം ഒതുക്കാതെ കേരളത്തിൽ റെയിൽവേ സംവിധാനത്തിന് സമഗ്രവികസനം കൊണ്ടുവരാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം. അതിനായി സംസ്ഥാനസർക്കാർ എല്ലാ മാർഗങ്ങളും അവലംബിക്കണം.
കേരളത്തിൽ നമ്മുടെ പൊതുഗതാഗത രംഗത്തെ യാത്രാസംസ്കാരത്തിന് കൊച്ചി മെട്രോ റെയിൽ കൊണ്ടുവന്ന മാറ്റം വിലപ്പെട്ടതായിരുന്നു. അഞ്ച് വർഷത്തിന് ശേഷം മറ്റൊരു വിപ്ളവകരമായ മുന്നേറ്റമാണ് കൊച്ചി മെട്രോയുടെ ഉപകമ്പനിയായ കൊച്ചി വാട്ടർ മെട്രോ. ഇത്രയും ആധുനികമായ വൈദ്യുത ബോട്ടുകളും അത്യാധുനിക ടെർമിനലുകളെന്ന ജെട്ടികളും ഇന്ത്യയിൽ വേറെയില്ല. വിപുലമായ ഈ സംയോജിത യാത്രാ സംവിധാനം ലോകത്ത് തന്നെ ആദ്യമാണെന്ന് അറിയുമ്പോഴാണ് വാട്ടർമെട്രോയുടെ പ്രാധാന്യം വ്യക്തമാവുക.
7.6 കോടി രൂപ വീതം വിലവരുന്ന വലിയ 23 ബോട്ടുകളാണ് ആദ്യഘട്ടം പൂർത്തിയാകുമ്പോൾ സർവീസ് നടത്തുക. ഇതിൽ 9 എണ്ണം കൊണ്ടാണ് ഹൈക്കോർട്ട് – വൈപ്പിൻ, വൈറ്റില – കാക്കനാട് റൂട്ടിൽ സർവീസ് ആരംഭിച്ചത്. അഭിമാനകരമായ വസ്തുത ഈ അലുമിനിയം ഇരട്ട ഹൾ, എ.സി വൈദ്യുത ബോട്ടുകൾ ലോകോത്തരമായ രീതിയിൽ ആധുനിക സംവിധാനങ്ങളുമായി നിർമ്മിച്ചത് പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ആണെന്നതാണ്. 55 ചെറിയ ബോട്ടുകൾ കൂടി എത്തി, 38 ടെർമിനലുകളും സജ്ജമായാലേ 1138 കോടിയുടെ ഈ പദ്ധതി സമ്പൂർണമാകൂ.
വേമ്പനാട്ട് കായലിലെ പത്തിലധികം ദ്വീപുകളിലെ യാത്രാദുരിതം അവസാനിപ്പിക്കാൻ വാട്ടർ മെട്രോ ഉപകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഈ സംവിധാനം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് നൽകുന്ന ഉൗർജം ചെറുതല്ല.
സംസ്ഥാന സർക്കാരിനും തുല്യപങ്കാളിത്തമുള്ള കമ്പനിയാണ് കൊച്ചി വാട്ടർമെട്രോ. കൊച്ചി മെട്രോയും വാട്ടർ മെട്രോയും ഏറ്റവും ഭംഗിയായി പരിപാലിക്കാൻ, ഇതേ ഭംഗിയോടെ ദീർഘകാലം നിലനിറുത്താനുള്ള ചുമതല നാം ഓരോരുത്തർക്കുമുണ്ട്. മാറുന്ന കേരളമാണ് വന്ദേഭാരതിന്റെയും കൊച്ചി മെട്രോയുടെയും വാട്ടർ മെട്രോയുടെയും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആധുനിക സംവിധാനങ്ങൾ ദൃശ്യമാക്കുന്നത്. അവയെ കണ്ണിലെ കൃഷ്ണമണി പോലെ നമുക്ക് കാത്തുസൂക്ഷിക്കേണ്ടതുമുണ്ട്. സർക്കാരുകൾ മാത്രമല്ല നാമെല്ലാവരും അതിനു വേണ്ടി ശ്രമിക്കണം.