സ്വയം തോല്‍ക്കുന്ന കോണ്‍ഗ്രസ്
അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം കോണ്‍ഗ്രസിന് ഭരിക്കാന്‍ അണിയറ ഒരുങ്ങി കഴിഞ്ഞു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മന:പായസം ഉണ്ട് തുടങ്ങി. അതിന്റെ പ്രതിഫലനങ്ങളാണ് ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യവുമായി അവര്‍ നിരത്തിലിറങ്ങിയിരിക്കുന്നതില്‍ നിന്ന് തെളിയുന്നത്. മന്ത്രിമാരാകുന്നതിനെക്കുറിച്ചും അവര്‍ക്കിടയില്‍ ചര്‍ച്ച കനക്കുകയാണ്. കോണ്‍ഗ്രസിനെ വിജയിപ്പിക്കേണ്ടവര്‍ അതിനെ തോല്പിക്കാന്‍ വാശിപിടിക്കുകയാണ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റാണ് മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ കേരളത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന അരിക്കൊമ്പന്മാര്‍ അനവധിയാണ്.
”ഞാന്‍ ഗാന്ധിയാണ്; സവര്‍ക്കറല്ല. ഞാന്‍ മാപ്പു പറയില്ല” ഈ വാക്കുകള്‍ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. കോലാറില്‍ നടത്തിയ പ്രസംഗത്തിന് ഗുജറാത്തിലെ കോടതി രാഹുല്‍ഗാന്ധിയെ ശിക്ഷിക്കുകയും തുടര്‍ന്ന് പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അത് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനാണ് രാഹുലിന്റെ വക്കീല്‍ ശ്രമിച്ചത്.
പക്ഷെ ഭരണകൂടത്തിന്റെ ഇംഗിതത്തിന് തലയാട്ടുന്ന കോടതിയായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മാറുന്നുണ്ടോ എന്ന് നിഷ്പക്ഷമതികള്‍ക്ക് തോന്നാവുന്ന തരത്തില്‍ കോടതികള്‍ ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഈ രാഷ്ട്രീയ ദശാസന്ധിയില്‍ നിന്നുവേണം കേരളത്തിലെ കോണ്‍ഗ്രസിന്റെ അന്തപ്പുര കലഹങ്ങളുടെ കാതലന്വേഷിക്കാന്‍. മോദി ത്രിപുര തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കും എന്നാണ്. മോദി പറഞ്ഞാല്‍ അത് സംഭവിച്ചിരിക്കും എന്നാണ് മോദി ഭക്തരുടെ ഉറച്ച വിശ്വാസം. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളം ബി.ജെ.പിയ്ക്ക് എളുപ്പത്തില്‍ പിടിക്കാന്‍ ആവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറയായ ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ കൂട്ടിയാല്‍ അത് എളുപ്പമാകും. അതിന്റെ അതിതീവ്രമായ നയതന്ത്രം മോദി കെട്ടഴിച്ചു കഴിഞ്ഞു. ആ രാഷ്ട്രീയ തന്ത്രത്തിന്റെ ആദ്യ നീക്കത്തിന്റെഫലമായാണ് കേരളത്തിന്റെ ആദര്‍ശ ധീരനായ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.
മലയാറ്റൂരിലേക്ക് ബിജെപി നേതാക്കളുടെ കുരിശ് യാത്ര. ക്രിസ്തീയ ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ഉറപ്പ് കൊടുക്കല്‍. മലയാളികള്‍ക്ക് അര്‍ഹതപ്പെട്ട വന്ദേഭാരത് ട്രെയിന്‍ മോദിയുടെ സമ്മാനമായി ദാനം ചെയ്യപ്പെടുന്നത്. അങ്ങിനെ മോദി കേരളം പിടിക്കാന്‍ വന്ദേഭാരതില്‍ സൂപ്പര്‍ഫാസ്റ്റായി എത്തുകയാണ്. ആ വണ്ടിയില്‍ അനിലിനൊപ്പം ആരെല്ലാം കയറും? ഇതാണ് അടുത്താഴ്ചയിലെ രാഷ്ട്രീയത്തിലെ മില്യണ്‍ ഡോളര്‍ ചോദ്യം.
കോണ്‍ഗ്രസിനെ തോല്പിക്കാൻ
എത്ര നേതാക്കള്‍?
കേരളത്തിലെ രാഷ്ട്രീയത്തിന്റെ പ്രത്യേകത ഓരോ അഞ്ചുവര്‍ഷവും ഭരണമാറ്റത്തിന്റെ മണിമുഴക്കത്തിന്റേതാണ്. ആ മണിശബ്ദം കഴിഞ്ഞ ടേമില്‍ നിലച്ചു. തെരഞ്ഞെടുപ്പ് ശാസ്ത്രം അഥവാ സെഫോളജി പറഞ്ഞിരുന്നത് ഭരണവിരുദ്ധ വികാരമാണ് കേരളത്തിലെ രാഷ്ട്രീയ ഫലം നിശ്ചയിക്കുന്നത് എന്നായിരുന്നു. ആന്റി ഇന്‍ക്യുബന്‍സിയാണ് തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നത് എന്നതാണ് പൊതുവിശ്വാസം. അത് തിരുത്തപ്പെട്ടു. പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തി. വന്‍ഭൂരിപക്ഷത്തിലുള്ള ഒരു രണ്ടാമൂഴം. പക്ഷെ തുടര്‍ഭരണത്തില്‍ പിണറായിക്ക് കാലിടറി. രണ്ടാമൂഴത്തിന്റെ രണ്ടാംവാര്‍ഷികം തകരച്ചെണ്ട കൊട്ടിയാണ് പിണറായി സര്‍ക്കാര്‍ ആഘോഷിച്ചത്. ആഘോഷപൂര്‍വം കൊണ്ടാടാന്‍ ഒരു നേട്ടവും ഉണ്ടായില്ല. മറിച്ച് ജനവിരുദ്ധ നിലപാടുകളില്‍ അത് ആടിയുലഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വിചാരണകള്‍ രാഷ്ട്രീയ രംഗം കൊഴുപ്പിച്ചു. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍കോഴ, ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവ് ചെയ്യല്‍, കസ്റ്റഡി മരണം തുടങ്ങി നിരവധി വിഷയങ്ങള്‍ നീറിപ്പുകഞ്ഞു. വീട്ട്കരം, ഭൂമിക്കരം, വെള്ളക്കരം, പെട്രോള്‍കരം തുടങ്ങി ഒട്ടനവധി മേഖലകള്‍ കേരളത്തെ വിലക്കയറ്റത്തിലേക്ക് വലിച്ചു കയറ്റി.
മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ആഹ്ളാദം പടര്‍ത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം കോണ്‍ഗ്രസിന് ഭരിക്കാന്‍ അണിയറ ഒരുക്കി കഴിഞ്ഞു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മന:പായസം ഉണ്ട് തുടങ്ങി. അതിന്റെ പ്രതിഫലനങ്ങളാണ് ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യവുമായി അവര്‍ നിരത്തിലിറങ്ങിയിരിക്കുന്നതില്‍ നിന്ന് തെളിയുന്നത്. മന്ത്രിമാരാകുന്നതിനെക്കുറിച്ചും അവര്‍ക്കിടയില്‍ ചര്‍ച്ച കനക്കുകയാണ്. അധികാരത്തിനു വേണ്ടി മദിച്ചു നടക്കുന്ന അരിക്കൊമ്പനെ ആര് പിടിച്ചു കെട്ടും എന്നത് കെ.പി.സി.സി. മീറ്റിംഗിലെ വാചകമേളയായി മാറിയത് അങ്ങിനെയാണ്. കോണ്‍ഗ്രസിനെ വിജയിപ്പിക്കേണ്ടവര്‍ അതിനെ തോല്പിക്കാന്‍ വാശിപിടിക്കുകയാണ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റാണ് മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ കേരളത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന അരിക്കൊമ്പന്മാര്‍ അനവധിയാണ്.
വൈക്കം സത്യാഗ്രഹത്തിന്റെ
ശതാബ്ദി ആഘോഷം കലഹവേദി
ഇരുണ്ട കാലത്ത് നിന്ന് കേരളത്തിന് ഉയര്‍പ്പുണ്ടാക്കിയ അത്യപൂര്‍വമായ സമരചരിത്രമാണ് വൈക്കത്തിന്റേത്. എസ്.എന്‍.ഡി.പി യോഗം നേതാവായിരുന്ന ടി.കെ. മാധവന്‍ നേതൃത്വം നല്‍കിയ സമരം മലയാളിയുടെ മനോഘടന തന്നെ മാറ്റിക്കുറിച്ചു. പെരിയാര്‍ ഇ.വി. രാമസ്വാമിനായ്ക്കരും ചിറ്റേടത്തു ശങ്കുപിള്ളയും കേളപ്പനും ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫും എ.കെ. പിള്ളയും കൂറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും മന്നത്തു പത്മനാഭനും ചേര്‍ന്ന സമരത്തിന്റെ മുന്‍നിര കേരള രാഷ്ട്രീയത്തിന്റെ ഭൂമിക മാറ്റി. മനുഷ്യന് വഴി നടക്കാനുള്ള സ്വാതന്ത്ര്യം പിടിച്ചു വാങ്ങാന്‍ ആ സമരത്തിന് കഴിഞ്ഞു. എന്നാല്‍ സമരചരിത്രത്തിന്റെ ശതാബ്ദി ആഘോഷ വേളയില്‍ അതിന്റെ രാഷ്ട്രീയ സാദ്ധ്യതകളല്ല അന്വേഷിച്ചത്. അവര്‍ പുതിയ അധികാര കസേരകള്‍ക്ക് വേണ്ടിയുള്ള കിടമത്സരത്തിനാണ് വേദി ഉപയോഗിച്ചത്. കലഹം ത്രിവര്‍ണപതാക പുതച്ച് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേദിയില്‍ നിന്ന് പുറത്തു വന്നപ്പോള്‍ പല പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്ത പരന്നു. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സി എന്ന പ്രചാരണത്തിന് ആക്കം കൂട്ടി.
ഇരുണ്ട കാലത്ത് നിന്ന് കേരളത്തിന് ഉയര്‍പ്പുണ്ടാക്കിയ അത്യപൂര്‍വമായ സമരചരിത്രമാണ് വൈക്കത്തിന്റേത്. എസ്.എന്‍.ഡി.പി യോഗം നേതാവായിരുന്ന ടി.കെ. മാധവന്‍ നേതൃത്വം നല്‍കിയ സമരം മലയാളിയുടെ മനോഘടന തന്നെ മാറ്റിക്കുറിച്ചു.
1921-ല്‍ ടി.കെ. മാധവന്‍ മഹാത്മാഗാന്ധിയെ കണ്ടത് വലിയ രാഷ്ട്രീയ നീക്കമായിരുന്നു. ജാതിവിവേചന വിരുദ്ധ സമരത്തിന്റെ ചക്രവാളം വികസിപ്പിക്കാന്‍ അതിനു കഴിഞ്ഞു. ടി.കെ. മാധവന്‍ എന്ന വലിയ രാഷ്ട്രീയസ്തംഭം അന്നെടുത്ത നിലപാട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നല്‍കിയ സംഭാവന മഹത്തരമായിരുന്നു. അതുവരെ ജാതിവിവേചന വിരുദ്ധസമരം കേരളത്തില്‍ മാത്രം ഒതുങ്ങി നിന്ന ഒരു പ്രാദേശിക സമരമായിരുന്നു. അതിനെ ദേശീയ സമരത്തിന്റെ ഭാഗമാക്കാന്‍ ടി.കെ മാധവന്‍ നടത്തിയ നീക്കമാണ് ടി.കെ മാധവന്റെ രാഷ്ട്രീയ ഒൗന്നത്യത്തെ വെളിപ്പെടുത്തിയത്. സമരത്തിന്റെ സാധ്യത അദ്ദേഹം ഗാന്ധിജിയെ ബോധ്യപ്പെടുത്തി. കേരളത്തിലെ ജാതിവിവേചന വിരുദ്ധ സമരം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിര്‍വഹിക്കപ്പെട്ടാല്‍ അത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വലിയ ഊര്‍ജ്ജമായി മാറുമെന്ന് മാധവന്‍ ഗാന്ധിജിയെ ബോധ്യപ്പെടുത്തി. വൈക്കം സത്യഗ്രഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തും; ഒപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം വൈക്കം സത്യാഗ്രഹത്തെയും ശാക്തീകരിക്കും. ഈ ഇരട്ട സാധ്യത തിരിച്ചറിഞ്ഞ ഗാന്ധിജി സമരത്തെ നെഞ്ചേറ്റുകയായിരുന്നു. ‘തീണ്ടലും തൊടീലും’ ഇന്ത്യയില്‍ നിന്ന് പുറത്താക്കപ്പെടും വരെ ഇന്ത്യ പൂര്‍ണസ്വരാജിന് അര്‍ഹമാവില്ലെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. ഹിന്ദുയിസത്തിന്റെ സനാതന സത്യം ബ്രാഹ്‌മണിക്കലാണ് എന്ന കാര്യം ഈ സമരമുഖത്തു നിന്നാണ് ശബ്ദത്തില്‍ മുഖരിതമായത്. ചാതുര്‍വര്‍ണ്യത്തെ ഉറപ്പിച്ചുനിര്‍ത്താനാണ് സനാതന ധര്‍മ്മം ശ്രമിച്ചത്. പിന്നാക്കക്കാരനും ദളിതനും അടിമയായിരിക്കണം എന്ന് സനാതനധര്‍മ്മം ആവശ്യപ്പെടുന്നു. സത്യത്തില്‍ ബ്രാഹ്‌മണിക്കല്‍ അധീശത്വത്തിന്റെ ഒരു ഉല്പന്നം മാത്രമാണ് സനാതനധര്‍മ്മം. ഇത് തിരിച്ചറിഞ്ഞ ഗാന്ധിജി കോണ്‍ഗ്രസ്സിനെക്കൊണ്ട് അയിത്തോച്ചാടന തീരുമാനം എടുപ്പിക്കുകയായിരുന്നു. ഗാന്ധിജിയുടെ അഹിംസയിലൂന്നിയ സത്യാഗ്രഹത്തിന്റെ പരീക്ഷണവിജയം കൂടിയായിരുന്ന സത്യാഗ്രഹ സമരം.
കേരളത്തിലെ കോണ്‍ഗ്രസ് അതിന്റെ ശതാബ്ദി ആഘോഷിച്ചപ്പോള്‍ സമരത്തിന്റെ രാഷ്ട്രീയം ചര്‍ച്ചയായില്ല. വൈക്കം സത്യഗ്രഹസമരം എന്തിനുവേണ്ടിയായിരുന്നു? അതിന്റെ ഗുണഫലങ്ങള്‍ എന്തെല്ലാമായിരുന്നു? നൂറ് വര്‍ഷത്തിന് ശേഷം സവര്‍ണമേധാവിത്വം ഏതു രീതിയിലാണ് ഇന്ന് സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്? എന്ന കാര്യങ്ങളൊന്നും കോണ്‍ഗ്രസിന്റെ അന്വേഷണപരിധിയില്‍ വന്നില്ല. പകരം വേദിയില്‍ ഉയര്‍ന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കമായിരുന്നു. ആരാകണം മുഖ്യമന്ത്രി എന്ന പഴയ ചോദ്യത്തിന്റെ തുടര്‍ച്ച. കൈ നനയാതെ മീന്‍ പിടിക്കുന്നതാണ് കോണ്‍ഗ്രസ് ശൈലി. എതിര്‍പക്ഷം ഭരിച്ച് നശിച്ച് പുറത്താകുമ്പോള്‍ ഒഴിയുന്ന കസേരയില്‍ ഓടിക്കയറി ഇരിക്കുക എന്നതാണ് ശീലം. രാഷ്ട്രീയ അദ്ധ്വാനം കോണ്‍ഗ്രസിന് അറിയില്ല. ശതാബ്ദിവേളയില്‍ ഇരിക്കാന്‍ കസേര കിട്ടാത്തവര്‍, പ്രസംഗിക്കാന്‍ അവസരം കിട്ടാത്തവര്‍ ഇവരൊക്കെ കലഹക്കൊടി ഉയര്‍ത്തി. എല്ലാ മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരും പ്രസംഗിക്കണം എന്നതായിരുന്നു മാനദണ്ഡം. പക്ഷെ ഇത് ബോധപൂര്‍വം ലംഘിച്ചുകൊണ്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ. മുരളീധരനെ മാത്രം പ്രസംഗിപ്പിച്ചില്ല. ഇത് ബോധപൂര്‍വമാണെന്നായിരുന്നു മുരളീധരന്റെ വാദം. തന്നെ പാര്‍ട്ടിക്ക് ആവശ്യമില്ലെങ്കില്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം തന്നെ നിറുത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ തുടര്‍ന്ന് പല ഊഹാപോഹങ്ങളും ഉയര്‍ന്നു. മുരളീധരന്‍ ബിജെപി യിലേക്ക് എന്ന ശ്രുതി പരന്നു. അല്പം നിശബ്ദത പാലിച്ച മുരളി അവസാനം കെ. കരുണാകരന്റെ മകന്‍ ബിജെപിയിലേക്ക് പോകില്ല എന്ന് പറഞ്ഞാണ് ആ വാര്‍ത്ത അവസാനിപ്പിച്ചത്. തുടര്‍ന്ന് നടന്ന പല വിവാദങ്ങളും കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവയായിരുന്നു.
തകര്‍ന്നു തരിപ്പണമായ സംഘടനാ സംവിധാനമാണ് കോണ്‍ഗ്രസിനെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ പോകുന്നത്, 2024 ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ 2019 ആവര്‍ത്തിക്കില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത് ദേശീയ തലത്തില്‍ മോദിയും ബിജെപിയും ഏല്പിക്കുന്ന പ്രഹരത്തെ തടുക്കാന്‍ ശ്രമിക്കലാണ്. കോണ്‍ഗ്രസിന് സ്വന്തമായി ഒരു പദ്ധതിയും ഇല്ല.
അനില്‍ ആന്റണിയും
കോണ്‍ഗ്രസ്സും
കോണ്‍ഗ്രസിന്റെ ആദര്‍ശമുഖമായിരുന്ന ആന്റണിയുടെ മകന്‍ ബിജെപിക്കാരനാകാന്‍ പോകുന്നത് കോണ്‍ഗ്രസ്സ് അറിഞ്ഞിരുന്നില്ലേ? അറിഞ്ഞിരുന്നെങ്കില്‍ അത് തടയാന്‍ കോണ്‍ഗ്രസ് എന്തു ചെയ്തു? അനില്‍ ആന്റണി ഒന്നുമറിയാത്ത മന്ദബുദ്ധിയാണെന്നാണ് പൊതുവേ കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അനിലെങ്ങിനെ കോണ്‍ഗ്രസ്സിന്റെ ഡിജിറ്റല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററായി? അതിന് ഉത്തരം നല്‍കാന്‍ കോണ്‍ഗ്രസ്സിനാവുന്നില്ല. കേരളത്തില്‍ ബിജെപി കോണ്‍ഗ്രസ്സിന്റെ അരമനയില്‍ കയറി കോണ്‍ഗ്രസ്സിന്റെ രാജകുമാരനെ പിടിച്ചിറക്കി കൊണ്ടുപോയിരിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന ആദര്‍ശത്തിനുവേണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ആന്റണിക്കെന്തു കൊണ്ടാണ് സ്വന്തം മകനെ തന്റെ രാഷ്ട്രീയം പരിശീലിപ്പിക്കാന്‍ കഴിയാതെ പോയത്? സ്വന്തം മകനെ ബി.ജെ.പി.യ്ക്ക് വളരാന്‍ ഉപകരണമായി വലിച്ചെറിഞ്ഞു കൊടുക്കാന്‍ മാത്രമുള്ള രാഷ്ട്രീയബോധ്യമാണോ ആന്റണിക്കുണ്ടായിരുന്നത്. ആന്റണിയുടെ മകനൊപ്പം പോകാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ എത്ര മക്കളുണ്ടാവും? നരേന്ദ്രമോദി കൊച്ചിയിലെത്തുമ്പോള്‍ വേദി പങ്കുവെക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകനുണ്ടാകുമോ? ചോദ്യങ്ങള്‍ മലയാളിയുടെ മനസിനെ തിക്കുമുട്ടിക്കുകയാണ്. മോദി തന്നെ ആന്റണിയുടെ മകനെ അവതരിപ്പിക്കുമെന്നാണ് ബിജെപി പറയുന്നത്. പകല്‍ കോണ്‍ഗ്രസ്സും രാത്രി ബിജെപി യുമായി പ്രവര്‍ത്തിച്ച നിരവധി പേര്‍ കോണ്‍ഗ്രസ്സിലുണ്ട്. അവര്‍ എന്തു ചെയ്യും? ആന്റണിയുടെ ആദര്‍ശധീരത ഒരു സുപ്രഭാതം കൊണ്ട് ഒലിച്ചു പോയി. നിലയില്ലാ കയത്തിലായ കോണ്‍ഗ്രസ്സിൽ നിന്ന് പലരും ചാടി രക്ഷപ്പെടുകയാണ്. ആന്റണിയുടെ ആശിര്‍വാദത്തോടുകൂടിയാണ് അനില്‍ ആന്റണി രക്ഷപ്പെട്ടതെന്നാണ് മുന്‍കേന്ദ്രമന്ത്രി കണ്ണന്താനം പറഞ്ഞത്.
പാംപ്ലാനിയും ആലഞ്ചേരിയും
കോണ്‍ഗ്രസ്സും
കോണ്‍ഗ്രസ് സ്വപ്‌നലോകത്താണ്. മോദിയോടുള്ള എതിര്‍പ്പും പിണറായിയോടുള്ള വിരോധവും ഭരണവിരുദ്ധ വികാരവും ചേര്‍ന്ന് തങ്ങളെ അടുത്ത ഭരണത്തില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസ്സിനെ ജയിപ്പിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. തങ്ങള്‍ ഒന്നും ചെയ്യില്ല. ഈ മനോഭാവത്തിന്റെ തലക്കടിക്കുകയാണ്
പാംപ്ലാനിയും ആലഞ്ചേരി പിതാവും. അവര്‍ അരമനയില്‍ ഇരുന്ന് രാഷ്ട്രീയ കളിക്കാന്‍ തീരുമാനിച്ചു. ആലഞ്ചേരി പിതാവ് അഴിമതിക്കാരനാണ് എന്ന് സഭയുടെ അല്‍മായര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അത് കേട്ട് ഓടിയെത്തിയത് കേന്ദ്ര അന്വേഷണ ഏജന്‍സികളാണ്. ആലഞ്ചേരി പിതാവിന്റെ അരമനയ്ക്ക് പുറത്ത് ഇ ഡി കാത്തു നില്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസ് സ്വപ്‌നലോകത്താണ്. മോദിയോടുള്ള എതിര്‍പ്പും പിണറായിയോടുള്ള വിരോധവും ഭരണവിരുദ്ധ വികാരവും ചേര്‍ന്ന് തങ്ങളെ അടുത്ത ഭരണത്തില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസ്സിനെ ജയിപ്പിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. തങ്ങള്‍ ഒന്നും ചെയ്യില്ല. ഈ മനോഭാവത്തിന്റെ തലക്കടിക്കുകയാണ് പാംപ്ലാനിയുംആലഞ്ചേരി പിതാവും.
കേരളത്തിലെ ക്രൈസ്തവ സഭ മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധികളെയാണ് നേരിടുന്നത്. അതില്‍ പ്രധാനമാണ് ആലഞ്ചേരി പിതാവും അല്‍മായരും തമ്മിലുള്ള സംഘര്‍ഷം. കേരളത്തില്‍ ക്രൈസ്തവസഭ അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിരുന്നത് കോണ്‍ഗ്രസ്സിനെയും കേരള കോണ്‍ഗ്രസ്സിനെയും ഉപയോഗിച്ചായിരുന്നു. ഇപ്പോള്‍ അവര്‍ പോര തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍, അതുകൊണ്ട് അവര്‍ കോണ്‍ഗ്രസ്സിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അതിന്റെ വിശുദ്ധ പ്രഖ്യാപനമായിരുന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടേത്. അദ്ദേഹം പറഞ്ഞത് റബറിന്റെ വില കിലോഗ്രാമിന് 300 രൂപയാക്കി തന്നാല്‍ കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് എംപിയില്ലാത്ത വിഷമം കുടിയേറ്റ ജനത മാറ്റിത്തരാമെന്നായിരുന്നു. മോദി ഡല്‍ഹിയില്‍ അരമന സന്ദര്‍ശിച്ചതും നാഗാലാന്റ് ,ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ക്രിസ്തീയ സഭ മൊത്തമായി ബിജെപിയായി മാറിയതും കേരള രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചന വ്യക്തമാക്കുന്നുണ്ട്. വിമോചന സമരത്തിന്റെ മുന്‍നിര കന്യാസ്ത്രീമഠങ്ങളായിരുന്നു എന്ന കാര്യം മറക്കേണ്ടതില്ല. സ്വന്തംകാര്യസാദ്ധ്യത്തിനു വേണ്ടി ആരുടെ കൂടെ കൂടാനും മടിക്കാത്ത ഒരു സംസ്‌കാരം കത്തോലിക്ക സഭയ്ക്കുണ്ട്. ആര്‍.എസ്.എസിന്റെ മുന്‍കാല നയം വ്യക്തമാക്കുന്നത് രാജ്യത്തിന്റെ ശത്രുക്കളാണ് ക്രിസ്ത്യാനികള്‍ എന്നായിരുന്നു. ഒന്നാമത്തെ ശത്രു കമ്യൂണിസ്റ്റും രണ്ടാമത്തെ ശത്രു മുസ്ലീമും മൂന്നാമത്തെ ശത്രു ക്രിസ്ത്യാനിയുമാണ്. അതുകൊണ്ടാണ് വടക്കേ ഇന്ത്യയില്‍ ഹിന്ദുതീവ്രവാദികള്‍ ക്രിസ്ത്യന്‍ മിഷനറിമാരെ ജീവനോടെ ചുട്ടുകൊന്നത്. കേരളത്തിലെ കത്തോലിക്ക സഭയെ സംബന്ധിച്ച് അവരുടെ ആവശ്യങ്ങള്‍ സാക്ഷാത്കരിച്ചു കൊടുക്കുന്ന ഏത് പാര്‍ട്ടിയുമായും സഖ്യമാകാം.
നെഹ്‌റുവിന്റെ കോണ്‍ഗ്രസ്
ആധുനിക ഇന്ത്യയുടെ ആര്‍ക്കിടെക്റ്റുകളില്‍ ഏറ്റവും പ്രമുഖനായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ബുദ്ധിജീവിയും പ്രായോഗിക രാഷ്ട്രീയ നേതാവും സമന്വയിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം പുതിയ ഇന്ത്യ നിര്‍മ്മിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു. ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നേടുന്നതിലും സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചിന്തകളെ പാകപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ സ്വാധീനം നിഷേധിക്കാനാവുന്നതല്ല. ഭരണകൂടം മാച്ച് കളയുന്നതു കൊണ്ടു മാത്രം ചരിത്രം തുടച്ചുമാറ്റപ്പെടുന്നില്ല. നെഹ്‌റുവിന്റെ ആദ്യകാല ചിന്തകള്‍ ആധുനിക ജനാധിപത്യ ആശയങ്ങള്‍ രൂപപ്പെട്ടതും രണ്ടാം ഘട്ടം ഇന്ത്യന്‍ ചരിത്രവും തത്വശാസ്ത്രവും സ്വാംശീകരിച്ചതുമായിരുന്നു. 1912-ലാണ് ഇംഗ്ലണ്ടിലെ പ്രശസ്ത സര്‍വകലാശാലകളായ ഹാരോവിലും കേംബ്രിഡ്ജിലും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടക്കുന്നത്. അന്ന് ഗാന്ധിജി രാഷ്ട്രീയത്തിലേയ്ക്ക് വന്നിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ബാലഗംഗാധര തിലക് നേതൃത്വം നല്‍കിയ മിലിററന്റ് മൂവ്‌മെന്റിനൊപ്പം കൂടാന്‍ നെഹ്‌റു ആഗ്രഹിക്കുകയായിരുന്നു. ഫേബ്രിയന്‍ സോഷ്യലിസ്റ്റായ ബര്‍ണാഡ്ഷായും ലിബറല്‍ ചിന്തകനായ ബര്‍ട്ടറാന്റ് റസലും സ്വാധീനിച്ച നെഹ്‌റു ഇന്ത്യയുടെ എക്കാലത്തെയും മഹത്തായ രാഷ്ട്രീയ പ്രതീകമായി മാറുകയായിരുന്നു. സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യകല്പനയിലാണ് നെഹ്‌റുവിന്റെ കോണ്‍ഗ്രസ് വളര്‍ന്നത്. ഇന്ത്യന്‍ പൈതൃകത്തെ സ്‌നേഹിച്ച നെഹ്‌റു നല്ലൊരു ശാസ്ത്രമാനവീകതയുടെ വക്താവായിരുന്നു. അദ്ദേഹം തന്റെ പുസ്തകമായ ‘ഇന്ത്യയെ കണ്ടെത്തലില്‍’ എഴുതി ”ആധുനിക മനസ്സ് പ്രായോഗികവും പ്രാഗ്മാറ്റിക്കും ആണ്. അത് കൂടുതല്‍ പരോപകാരപരവും സദാചാരനിഷ്ഠവും സാമൂഹ്യപരതയില്‍ ഊന്നുന്നതുമാകണം, അതിനെ നയിക്കേണ്ടത് കൂടുതല്‍ മെച്ചപ്പെട്ട സാമൂഹ്യാവസ്ഥ ആഗ്രഹിക്കുന്ന പ്രായോഗിക ആദര്‍ശവാദത്തിലേയ്ക്കാണ്. അതിന്റെ മുന്നിലുള്ള ദൈവം മനുഷ്യരാശിയായിരിക്കണം. അതിന്റെ മതമാകട്ടെ സാമൂഹ്യസേവനവും ആയിരിക്കണം. സമഗ്രമായി മനുഷ്യനെ കണ്ട നെഹ്‌റുവിന്റെ ഏറ്റവും വലിയ സംഭാവന മതേതരത്വവും ജനാധിപത്യവുമാണ്. ഇതിനെ രണ്ടിനെയും അട്ടിമറിക്കാനുള്ള വ്യഗ്രതയാണ് സമകാലിക ഇന്ത്യയുടെ ഭരണകര്‍ത്താക്കള്‍ കാണിക്കുന്നത്.
സയന്റിഫിക്ടെമ്പറിന്റെ മനസ്സ് ഇന്ത്യയ്ക്ക് നല്‍കിയ നെഹ്‌റുവില്‍ നിന്ന് പരസ്പരം അധികാരത്തിനുവേണ്ടി കലഹിക്കുന്ന കോണ്‍ഗ്രസ്സിലേക്കുള്ള ദൂരം വളരെ കൂടുതലാണ്. കുറേക്കാലമായി കോണ്‍ഗ്രസ് പടലപ്പിണക്കത്തിന്റെ സര്‍ക്കസ് കൂടാരമായിട്ട്. ഹിന്ദി ഹൃദയമേഖലയില്‍ കോണ്‍ഗ്രസ്സിന് അധികാരമുള്ള രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും പരസ്പരം കാലുവാരാന്‍ ഒരുങ്ങുകയാണ്. അത് മൂര്‍ച്ഛിച്ചാല്‍ രാജേഷ്‌പൈലറ്റിന്റെ മകന്‍ മാധവറാവുവിന്റെ മകന്റെ വഴിയില്‍ സഞ്ചരിക്കും. സച്ചിന്‍ പൈലറ്റ് ബിജെപിയിൽ എത്തും. കേരളത്തില്‍ കോണ്‍ഗ്രസ് ഇനിയും ദുര്‍ബലപ്പെട്ടാല്‍ പലരും ബിജെപിയിലേക്ക് ഓടിക്കയറും.
ക്രൈസ്തവ സഭകളുടെ
ഇളക്കം കോണ്‍ഗ്രസിനെ
തകര്‍ക്കും
അമ്പതു ശതമാനത്തോളം അഹിന്ദുക്കള്‍ ഉള്ള കേരളത്തില്‍ ബിജെപിയ്ക്ക് അധികാരത്തിലേയ്ക്ക് വരാന്‍ ഒന്നുകില്‍ ക്രിസ്ത്യാനി സഹായിക്കണം അല്ലെങ്കില്‍ മുസ്ലീങ്ങൾ സഹായിക്കണം. ഇത് രണ്ടും കേരളത്തില്‍ കോണ്‍ഗ്രസിന് ഒപ്പമാണ്. അതില്‍ ഒന്നിനെ അടര്‍ത്തിമാറ്റിയാല്‍ കോണ്‍ഗ്രസ് പൊളിഞ്ഞു പോകും. പിന്നീട് ഭരണം പിടിക്കല്‍ എളുപ്പമാണ്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ കേരളത്തിലെ പ്രധാനപ്രതിപക്ഷം ബിജെപിയാവും. അതിന്റെ തുടര്‍ച്ചയില്‍ ഭരണകക്ഷിയാവാം. ഈ തന്ത്രം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനാണ് പാംപ്ലാനിയെയും ആലഞ്ചേരിയെയും ബിജെപി കൂടെകൂട്ടിയത്. ആലഞ്ചേരി പിതാവിന് ഇനി ബിജെപിയില്ലാതെ മുന്നോട്ടു പോകാന്‍ വഴിയില്ല. ബിജെപി കൈവിട്ടാല്‍ പിതാവ് ജയിലില്‍ ആകും.
ഇടതുപക്ഷത്തു നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും വിലപേശി നേടാവുന്നത് എല്ലാം തന്നെ നേടിയ ക്രൈസ്തവ സഭയ്ക്ക് ഇനി നേടാനുള്ളത് ബിജെപി യില്‍ നിന്നാണ്. ആര് രാജ്യം ഭരിച്ചാലും തങ്ങള്‍ക്ക് നേട്ടം ഉണ്ടാകണം എന്നത് മാത്രം കാംക്ഷിക്കുന്ന സഭാ നേതൃത്വം ഇനി മോദിയുടെ അജഗണങ്ങളായി മാറും. അതിനാല്‍ അത് കേരള രാഷ്ട്രീയത്തില്‍ ശക്തമായ ചേരിതിരിവ് സൃഷ്ടിക്കും. കോണ്‍ഗ്രസ്സിന്റെ അടിത്തറ ക്രൈസ്തവ സമൂഹമാണ്. അതിന് വിള്ളല്‍ വീഴുമ്പോള്‍ കോണ്‍ഗ്രസ് പൊളിഞ്ഞ് തീരും. ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ മുസ്ലീം ലീഗും മുസ്ലീം സമുദായവും എന്തു ചെയ്യും? അതിനുള്ള സ്വാഭാവിക ഉത്തരം അവര്‍ ഇടതുപക്ഷത്തേയ്ക്ക് മാറും. ഇത് സംഭവിച്ചാല്‍ അനില്‍ ആന്റണിയുടെ പിന്നാലെ നിരവധി പേര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് ചെല്ലും. ഓപ്പറേഷന്‍ താമര കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത് പാംപ്ലാനിയിലൂടെയും ആലഞ്ചേരിയിലൂടെയുമായിരിക്കും. തുടര്‍ന്ന് യഥാര്‍ത്ഥ ആര്‍.എസ്.എസ്. ബിജെപിയില്‍ പാര്‍ശ്വവത്കരിക്കപ്പെടും.