അറിവാകുന്ന മഹാസാഗരത്തിലെ തിരയിളക്കം!
പ്രപഞ്ചോത്പ്പത്തിയെപ്പറ്റി വൈദിക ചിന്തകരില്‍ കാണുന്ന അജ്ഞേയവാദത്തിന്റെയും സന്ദേഹവാദത്തിന്റേതുമായ സ്പര്‍ശം, ആധുനിക ശാസ്ത്രജ്ഞന്മാരോട് സാദൃശ്യം പുലര്‍ത്തുന്നതു കാണാം. ഈ പ്രപഞ്ചം അതില്‍ ഉള്ളടങ്ങിയിരിക്കുന്ന സാധ്യതകളുടെ കാര്യത്തില്‍ എത്രത്തോളം ദുര്‍ജ്ഞേയവും അതിവിപുലവും ആണെന്നുള്ളത് കണക്കിലെടുക്കുമ്പോള്‍ അത് അറിഞ്ഞെത്താന്‍ ഈശ്വരനു പോലും പ്രയാസമാണെന്നു വരാമെന്നാണ് അവരുടെ വാദം.
വിശ്വരചനയെ സംബന്ധിച്ച്, അടിസ്ഥാനപരമായി സ്വീകരിക്കാവുന്ന ഒന്നാണ് റെഡ്ഷിഫ്റ്റ് എന്ന് വിളിച്ചു പോരുന്ന പ്രതിഭാസം. യൂക്ലിഡിന്റെയും ന്യൂട്ടന്റെയും സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി അക്കാലം വരെ നിലനിന്നിരുന്ന വിശ്വരചനാ സങ്കല്പങ്ങളെ, റെഡ്ഷിഫ്റ്റ് എന്നതിന്റെ അടിസ്ഥാനത്തില്‍ അടിമുടി പിടിച്ചുകുലുക്കിയത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. ഐന്‍സ്റ്റിന്റെ ആപേക്ഷികാ സിദ്ധാന്തം അതുവരെയുണ്ടായിരുന്ന സിദ്ധാന്തങ്ങളെ മറയത്താക്കി. തുടര്‍ന്ന് ഇലക്‌ട്രോ മാഗ്‌നറ്റിസും ക്വാണ്ടം മെക്കാനിക്‌സവും രംഗപ്രവേശം ചെയ്തതോടെ ആശയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായെങ്കിലും ക്വാണ്ടം മെക്കാനക്‌സിന്റെ ഏറ്റവും ആധുനികമായ കണ്ടുപിടുത്തങ്ങള്‍ ദാര്‍ശനികമായ കാഴ്ചപ്പാടിനോടടുത്ത് നില്‍ക്കുന്നതു കാണാം. ശാസ്ത്രചിന്തയില്‍, പ്രത്യക്ഷ നിരീക്ഷണം നടത്തി കണ്ടെത്തിയ വസ്തുതകള്‍ വച്ചുകൊണ്ട് ചിന്തിക്കണമെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആധുനിക ശാസ്ത്രം ലക്ഷ്യമാക്കുന്നത്, നേരിട്ട് കണ്ടറിയാവുന്ന വസ്തുതകള്‍ യുക്തിപൂര്‍വം വിശദീകരിക്കുവാന്‍ ആകുന്നില്ലെങ്കില്‍, ആ വസ്തുതകള്‍ക്ക് ഇണങ്ങുന്ന പുതിയ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കുന്ന തരത്തിലുള്ളതാണ്. അതായത് വസ്തുതകള്‍ വച്ചുകൊണ്ടല്ല സിദ്ധാന്തങ്ങള്‍ക്ക് അവര്‍ രൂപം നല്‍കുന്നത് പകരം അനുഭവ നിരപേക്ഷമെന്നോ ശ്രൗതമെന്നോ വിളിക്കാവുന്ന സമീപന രീതി അതിന്റേതായ ബലത്തില്‍ ആധുനിക ശാസ്ത്രത്തിന്റെ ഉള്ളിലേക്ക് കടന്നു കയറുന്നതു കാണാം.
പ്രപഞ്ചോത്പ്പത്തിയെപ്പറ്റി വൈദിക ചിന്തകരില്‍ കാണുന്ന അജ്ഞേയവാദത്തിന്റെയും സന്ദേഹവാദത്തിന്റേതുമായ സ്പര്‍ശം, ആധുനിക ശാസ്ത്രജ്ഞന്മാരോട് സാദൃശ്യം പുലര്‍ത്തുന്നതു കാണാം. ഈ പ്രപഞ്ചം അതില്‍ ഉള്ളടങ്ങിയിരിക്കുന്ന സാധ്യതകളുടെ കാര്യത്തില്‍ എത്രത്തോളം ദുര്‍ജ്ഞേയവും അതിവിപുലവും ആണെന്നുള്ളത് കണക്കിലെടുക്കുമ്പോള്‍ അത് അറിഞ്ഞെത്താന്‍ ഈശ്വരനു പോലും പ്രയാസമാണെന്നു വരാമെന്നാണ് അവരുടെ വാദം. ഈശ്വരന്റെ സര്‍വജ്ഞതയുള്ള ഒരുതരം വിശ്വാസരാഹിത്യം ധൈര്യപൂര്‍വം ഉറപ്പിച്ചു പറയാന്‍ വൈദികചിന്തകര്‍ മടി കാണിക്കുന്നില്ല. ഈ പരാമര്‍ശം ആധുനിക തത്വചിന്തയ്ക്കും ആധുനിക ശാസ്ത്രത്തിനും സമാനമായ ഒരു പദവി ഋഗ്വേദത്തിന് നല്‍കുന്നുണ്ട്.
ബൈബിളില്‍, ഏഴു ദിവസം കൊണ്ടാണ് ദൈവം പ്രപഞ്ച സൃഷ്ടി നടത്തിയെന്നാണ് പറഞ്ഞിരിക്കുന്നത്. ഓരോ ദിവസവും നടക്കുന്ന സൃഷ്ടി മൂല്യപരമെന്നോ ആനന്ദപരമെന്നോ പറയാവുന്ന ഓരോ തലത്തെയാണ് സൂചിപ്പിക്കുന്നത്. ഈ ഏഴു മൂല്യതലങ്ങളും നാരായണഗുരു അധ്യാരോപദര്‍ശനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന സൃഷ്ടിചിത്രത്തിലെ പത്ത് തലങ്ങളും തമ്മില്‍ സജാതീയത ദര്‍ശിക്കാവുന്നതാണ്. ആറു ദിവസം കൊണ്ട് ദൈവം നടത്തിയിരിക്കുന്ന സൃഷ്ടിക്രമത്തിന്റെ ഓരോ ഘട്ടത്തിലും ‘അതു നല്ലതാണ് എന്നവന്‍ കണ്ടു’ എന്ന് എടുത്തു പറയാറുണ്ട്. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് മൂല്യപരമായ അഥവാ ആനന്ദപരമായ ഒരു ഭാവന ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നുവെന്നുവേണം. ഏഴാം ദിവസം, ദൈവത്തിന്റെ സര്‍ഗശേഷി മുഴുവന്‍ ഉരുകിച്ചേര്‍ന്ന് ഒന്നായിത്തീര്‍ന്നിരിക്കുന്നു. ഒരു തരത്തിലുള്ള ഇരട്ട നിരാകരണമാണ് ആകെക്കൂടി അവിടെ നടക്കുന്നതെന്ന് പറയാം. ദൈവത്തിന്റെ ഉണ്മയില്‍ എല്ലാം നിരാകൃതമായിത്തീരുന്നു.
പരംപൊരുളിന്റെ ആനന്ദാത്മകത ഇങ്ങനെ പരമാവധിയില്‍ എത്തി നിറവാര്‍ന്നിരിക്കുന്നതിന്റെ മറ്റൊരു ഭാവം ‘അധ്യാരോപദര്‍ശന’ത്തില്‍ പത്താം ശ്ലോകത്തില്‍ കാണാം. ശ്ലോകമിങ്ങനെ
”ധാനാദിവ വടോ യസ്മാത്
പ്രാദുരാസീദിദം ജഗത്
സ ബ്രഹ്മ സ ശിവോ വിഷ്ണുഃ
സ പരഃ സര്‍വ്വ ഏ സഃ”
ഏറ്റവും ചെറിയ ഒരു വിത്തില്‍ നിന്ന് വളരെ വലിയ വടവൃക്ഷം വെളിപ്പെട്ടു വരുന്നതു പോലെയാണ്, ഈ ജഗത് ഈശ്വരനില്‍ നിന്നും വെളിപ്പെട്ടു വന്നത്. ആ ഈശ്വരന്‍ തന്നെയാണ് ബ്രഹ്മാവ് ആ ഈശ്വരന്‍ തന്നെയാണ് വിഷ്ണു. ആ ഈശ്വരന്‍ തന്നെയാണ് ശിവന്‍. ആ ഈശ്വരന്‍ തന്നെയാണ് സര്‍വാതീതന്‍. ആ ഈശ്വരന്‍ തന്നെയാണ് സര്‍വവും. സൃഷ്ടിക്കും സ്ഥിതിക്കും നാശത്തിനും കാരണമാകുന്നത് ഒരു സത്യം തന്നെയാണ്. ഓരോന്നിനും ഓരോ കാരണം കണ്ടെത്തിയാല്‍ സത്യം പലതുണ്ടെന്നു വരും. പ്രപഞ്ചത്തിന്റെ ഏകാത്മകതയ്ക്ക് ഇത് നിരക്കുന്നതല്ല. അതുകൊണ്ട് അധ്യാരോപദര്‍ശനം അവസാനിപ്പിച്ചുകൊണ്ട് ഗുരു പറയുന്നു, യാതൊന്നില്‍ നിന്നാണോ ആദിയില്‍ ഇതെല്ലാം വെളിവായി വന്നത് അതു തന്നെയാണ് ബ്രഹ്മാവ്, അതുതന്നെയാണ് വിഷ്ണു, അത് തന്നെയാണ് ശിവന്‍. ശിവപുരാണത്തില്‍ ശിവനെന്നും വിഷ്ണുപുരാണത്തിലും ഭാഗവതത്തിലും വിഷ്ണുവെന്നും ദേവീഭാഗവതത്തില്‍ ദേവിയെന്നുമൊക്കെ ഭാവന ചെയ്യുന്നത് ഈ ഒരൊറ്റ സത്യത്തെ തന്നെയാണ്. ഈ സൃഷ്ടിസ്ഥിതിലയങ്ങളുടെ സ്ഥാനത്തെക്കുറിച്ച് ആത്മോപദേശ ശതകത്തില്‍ ഗുരു പറയുന്നു.
”കടലിലെഴുംതിരപോലെ കായമോരോ-
നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്
കടലിലജസ്രവമുള്ള കര്‍മ്മമത്രേ!”
സംവിത് എന്നാല്‍ അറിവ് എന്നര്‍ത്ഥം ‘മൂലസംവിത്കടല്‍’ എന്നാല്‍ സകലതിനും ആദികാരണമായിരിക്കുന്ന അറിവാകുന്ന കടല്‍. കടലിന്റെ സ്വഭാവമാണ് തിരകളെ ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്നത്. കടലില്‍ തന്നെ അന്തര്‍ഭവിച്ചിരിക്കുന്ന സര്‍ഗവൈഭവമാണ് തിരകളെ ഉണ്ടാക്കുന്നത്. തിരകള്‍ നിരന്തരം ഉയരുകയും അമരുകയും ചെയ്തുകൊണ്ടിരിക്കുന്നു. കടല്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. തിര ഉയരുമ്പോഴും അല്പസമയം ഇരുണ്ടുമറിയുമ്പോഴും തിരിയെ അമരുമ്പോഴുമൊക്കെ അത് കടല്‍ മാത്രമാണ്. അതുപോലെ അറിവാകുന്ന മഹാസാഗരത്തില്‍ ഉണ്ടാകുന്ന ഒരു ചെറിയ തിരയിളക്കമാണ് നാമോരോരുത്തരും. പ്രപഞ്ചത്തില്‍ ഒന്നൊന്നായി തൊട്ടെണ്ണാവുന്നതിന്റെയെല്ലാം ഉണ്മയും ഇത്തരത്തിലുള്ളതാണ്.