ഈ പകലിൽ വെന്ത ഹൃദയവുമായി

ജീവിതത്തിൽ ആദ്യമായിയായിരുന്നു വിനീത് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറുന്നത്!അവന്റെ മുഖത്ത് അതിശയത്തിന്റെ കുളിര് നിറഞ്ഞിരുന്നു.വിനീത് പതിയെ സെക്കൻഡ് ഫ്ലോറിലേക്കുള്ള സ്റ്റെപ്പുകൾ കയറി, മുകളിൽ കൂട്ടുകാരുടെ പാർട്ടി തുടങ്ങി കഴിഞ്ഞിരുന്നു..
“ഹായ് വിനീത് “
പതിഞ്ഞ സ്വരത്തിൽ വാതിലിൽ ചാരി നിന്ന് കോണിപടികൾ നോക്കി സിഗരറ്റ് വലിക്കുന്ന അമീർ ആരുന്നു അത്.
“എന്താ നീ ലേറ്റ്? നീ സ്റ്റെപ് കയറിയാണോ വന്നത്..? ലിഫ്റ്റ് വർക്കിംഗ്‌ അല്ലെ?”
അമീർ ചോദിച്ചു.
“ഉവ്വ്.. ലിഫ്റ്റിൽ കയറാൻ ഒരു പേടി.. നീ സിഗരറ്റ് വലിക്കുവോ?”
വിനീത് തിരക്കി
“ഇങ്ങനെയുള്ള പ്രത്യേക സമയങ്ങളിൽ.. നീ വാ.. അവിടെ പരിപാടി തുടങ്ങി..”

ടേബിളിൽ മുന്തിയ ഭക്ഷണ വിഭവങ്ങൾ നിറഞ്ഞിരുന്നു. അവയൊക്കെ കണ്ട് വിനീതിന് അത്ഭുതം തോന്നിയിരുന്നു.. ആ കൂട്ടത്തിൽ വിനീത് കേട്ടിട്ടുള്ള വിഭവങ്ങൾ ചുരുക്കമായിരുന്നു. കുഴിമന്തിയും ബീഫും ചിക്കനും ഐസ്ക്രീം തുടങ്ങിയവ മാത്രമായിരുന്നു പരിചിതമായിട്ടുണ്ടായിരുന്നത്.. അവയൊക്കെ കഴിക്കാൻ പോയിട്ട്, കാണാൻ തന്നെ ഭാഗ്യമുണ്ടായിരുന്നില്ല വിനീതിന്. അവന്റെ നാവിൽ വെള്ളം നിറഞ്ഞു.നന്നായി വിശക്കുന്നുമുണ്ട്. ഉച്ച നേരമല്ലേ.
“ഇരിക്കട..”അമീർ പറഞ്ഞു.
വിശ്വജിത്ത് , വിനീതിനെ കണ്ടതായി ഭാവിച്ചില്ല..പിറന്നാളുകാരൻ തന്നെ ഗൗനിക്കാത്തതിൽ വിനീതിന് വിഷമം തോന്നി. ശരിക്കും പറഞ്ഞാൽ വിനീതിനെ വിശ്വജിത്ത് തന്റെ പിറന്നാളിന് ക്ഷണിച്ചിരുന്നില്ല. ക്ലാസ്സിലെ എല്ലാവരോടും കൂടി ജിത്തു പറഞ്ഞത് ശരിയാണ്.. അത് പക്ഷെ താൻ നടത്തുന്ന പാർട്ടിയിൽ എല്ലാവരും കൂടി വലിഞ്ഞു കയറി വരുവാനായിരുന്നില്ല.
“വരുന്ന പതിനാലാം തിയതി എന്റെ പിറന്നാളാണ്.. റോയൽ ഹോട്ടലിൽ ഒരു പാർട്ടിയുണ്ട്.. നിങ്ങളെ ക്ഷണിക്കുന്നു.”
ശരിക്കും ഇതൊരു ക്ഷണം തന്നെയല്ലേ, അത് വിനീത് സ്വീകരിച്ചു.പക്ഷെ ജിത്തു കരുതിയില്ല, വിനീത് കയറി വരുമെന്ന്. വന്ന സ്ഥിതിക്ക് മടക്കി അയക്കാനും പ്രയാസം. കൂട്ടുകാർ എന്ത് കരുതും.

വിശ്വജിത്ത് , വിനീതിനെ കണ്ടതായി ഭാവിച്ചില്ല..പിറന്നാളുകാരൻ തന്നെ ഗൗനിക്കാത്തതിൽ വിനീതിന് വിഷമം തോന്നി. ശരിക്കും പറഞ്ഞാൽ വിനീതിനെ വിശ്വജിത്ത് തന്റെ പിറന്നാളിന് ക്ഷണിച്ചിരുന്നില്ല. ക്ലാസ്സിലെ എല്ലാവരോടും കൂടി ജിത്തു പറഞ്ഞത് ശരിയാണ്.. അത് പക്ഷെ താൻ നടത്തുന്ന പാർട്ടിയിൽ എല്ലാവരും കൂടി വലിഞ്ഞു കയറി വരുവാനായിരുന്നില്ല.

പക്ഷെ വിനീതിന്,തന്നെ വിളിച്ചത് ഒരു വലിയ കാര്യം തന്നെയായിരുന്നു.കാരണം ഒരിക്കൽ പോലും വിനീതിനെ ഒന്നിനും ആരും ക്ഷണിക്കാറില്ല. ഗ്രൗണ്ടിൽ കളിക്കാനോ, പുറത്തു പോയി ഭക്ഷണം കഴിക്കാനോ.. എന്തിന് ഒപ്പം ഇരുന്ന് ഉച്ച ഭക്ഷണം കഴിക്കാൻ പോലും ആരും വിനീതിനെ വിളിക്കില്ല. എന്നും ഒറ്റയ്ക്കാണ് അവൻ, സ്കൂളിൽ വരുന്നതും പോകുന്നതും,ആഹാരം കഴിക്കുന്നതും.. അങ്ങനെ എല്ലാം ഒറ്റയ്ക്ക് തന്നെ. അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. കൂട്ടുകാർക്ക് ഒപ്പം ഒരു കൂടിചേരൽ. ഒരുമിച്ചു ആഹാരം കഴിക്കാൻ.. ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിക്കാൻ..ആരും തന്നെ ഒപ്പം ചേർക്കാത്തതിന്റെ കാരണം വിനീതിന് അറിയില്ല. ജാതിയും നിറവും നോക്കിയിട്ടാണോ? അറിയില്ല.
തന്റെ മുന്നിലെ ഭക്ഷണ വിഭവങ്ങൾ കണ്ട് അവന്റെ കൈ തരിച്ചു. അവന്റെ മനസ്സ് കൊതിച്ചു. കൊതി അടക്കാൻ കഴിയാതെ ഒരു കട്ട് ലെറ്റ് എടുത്ത് കഴിക്കാൻ തുടങ്ങും നേരം ജിത്തു പറഞ്ഞു.
“അത് അവിടെ ആ ഒഴിഞ്ഞ പാത്രത്തിലേക്ക് വെയ്ക്ക് ഡാ. നീ ഇപ്പൊ വന്നു കേറിയതല്ലേ ഒള്ളു.. ഞങ്ങളൊക്കെ നേരം കൊറച്ചായി വന്നിട്ട്.. നീ ആർത്തി കാണിക്കണ്ട. നീ എടുത്തത് ഞങ്ങൾ ആരും എടുക്കില്ല.. അത് നിനക്കാണ്.. തൊടുന്നതെല്ലാം നിനക്ക് എടുക്കാം എന്ന് കരുതി എല്ലാത്തിലും കേറി തൊട്ടാൽ നിന്റെ ചെകിള ഞാൻ പൊട്ടിക്കും.. ഹ ഹാ..”.
ജിത്തു ഉറക്കെ ചിരിച്ചു. അത് കണ്ട് കൂട്ടുകാരും ചിരിച്ചു.വിനീത് മാത്രം ഉരുകി തീർന്നു. അവന് കരയാൻ തോന്നി.. കണ്ണുകൾ തുളുമ്പി.. എന്നിട്ടും എല്ലാവരും ചിരിച്ചപ്പോൾ അവർക്കൊപ്പം ഒന്നും സംഭവിക്കാത്ത പോലെ വിനീതും ചിരിക്കാൻ ശ്രമിച്ചു.
ഒടുവിൽ എല്ലാവരും കഴിക്കാൻ തുടങ്ങിയപ്പോൾ വിനീതും എല്ലാം മറന്ന് കഴിക്കാനായി തുടങ്ങി.കുഴി മന്തി വിനീത് കഴിക്കുന്നത് കണ്ടപ്പോൾ ജിത്തു ചോദിച്ചു.
“മന്തി സൂപ്പർ ആണല്ലേ..?”
“അതെ.. നല്ല രുചിയുണ്ട്.”
“കഴിച്ചോ.. കഴിച്ചോ.. ഇതൊന്നും നീ മുമ്പ് കണ്ടിട്ട് പോലും കാണില്ലല്ലോ… ഹ ഹാ “
വിനീതിന്റെ മുഖം വാടി.. ഒരു പത്താം ക്ലാസ്സുക്കാരൻ അഭിമുഖികരിക്കേണ്ടി വന്ന വലിയ അപമാനം തന്നെയായിരുന്നു ഇത്..
തന്നെ മറ്റുള്ളവർ വല്ലാത്ത രീതിയിൽ നോക്കി ഓരോന്നും കാണിക്കുമ്പോൾ വിനീതിന്റെ ഹൃദയം പിടഞ്ഞു… മുഖം കൊണ്ട് ഓരോ ആളുകളും കാണിക്കുന്ന ഗോഷ്ടികൾ അവനെ വേദനിപ്പിച്ചു.. ചിലർ ചിരിച്ചോണ്ട് പരിഹസിക്കുന്നു.. ചിലർ സഹതാപം ഭാവിച്ചുകൊണ്ട് പരിഹസിക്കുന്നു.. ചിലർ ഊറിയൂറി ചിരിക്കുന്നു, ചിരി അടക്കുന്നു.. വിനീതിന് എഴുന്നേൽക്കാൻ തോന്നി. അവൻ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് പതിയെ കസേരയിൽ നിന്നും എഴുന്നേറ്റു.
“നീ എഴുന്നേറ്റോ?? പോകുവാണോ? തിന്നുന്നില്ലേ?”
കൂട്ടത്തിൽ ഒരാൾ പരിഹാസത്തോടെ ചോദിച്ചു.
“ഇല്ല. ഇറങ്ങുവാ..”
വളരെ വിനയത്തോടെ വിനീത് മറുപടിയും നൽകിയിറങ്ങി. ജിത്തുവിന് പിറന്നാൾ ആശംസകളും നൽകി സ്റ്റെപ് ഇറങ്ങുമ്പോൾ വിനീതിന്റെ കണ്ണിൽ നിന്നും വെള്ളമൊഴുകി തുടങ്ങിയിരുന്നു.
വളരെ സന്തോഷത്തിലായിരുന്നു വിനീത് തന്റെ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്. രണ്ട് ദിവസം മുൻപ് തന്നെ,തനിക്ക് ഉള്ളതിൽ നല്ല ഷർട്ടും പാന്റും കഴുകി ഉണക്കി ഇസ്തിരിയിട്ട് വെച്ചിരുന്നു. അനിയനും അനിയത്തിയും ഒപ്പം വരാൻ വാശി പിടിച്ചിരുന്നു.ഒടുവിൽ വരുമ്പോ ഐസ് ക്രീം കൊണ്ട് വരാമെന്ന ഉറപ്പിലാണ് കുഞ്ഞനുജത്തിയും അനുജനും വിനീതിനെ യാത്രയാക്കിയത്.
എന്തായാലും ഐസ് ക്രീം പിറന്നാളിന് ഉണ്ടാകും. തനിക്കു ലഭിക്കുന്ന ഐസ് ക്രീം കരുതിവെയ്ക്കാമെന്നും വിനീത് കരുതിയിരുന്നു.അടുക്കളയിൽ കഞ്ഞിവെയ്ക്കുന്നതിന്റെ ഇടയിലാണ് അമ്മ വണ്ടി കാശ് മുപ്പത് രൂപ എടുത്തു കൊടുത്തത്.വീട്ടിൽ നിന്നും ഇറങ്ങും മുൻപ് അമ്മ പറഞ്ഞിരുന്നു.
“മോനെ അധികം വൈകണ്ട. അവരൊക്കെ വലിയ വീട്ടിലെ കുട്ടികളാ.. നോക്കിയും കണ്ടുമൊക്കെ നിക്കണേ മോനെ..”
“ശരിക്കും വരണ്ടേയിരുന്നില്ല.”
കോണിപ്പടികൾ ഇറങ്ങുന്നതിനിടയിൽ ചിന്തിച്ചു.പുറത്തിറങ്ങി വിനീത് ഒന്ന് ചുറ്റും നോക്കി..
“കയ്യിൽ ആകെ ബാക്കി ഇരുപത് രൂപ.. വണ്ടി ക്യാഷ് അങ്ങോട്ട്‌ പത്തുരൂപ.. ബാക്കി പത്ത്. അനിയനും അനിയത്തിക്കും എങ്ങനെ ഐസ് ക്രീം വാങ്ങും..? അവർ കുട്ടികളാ.. വാങ്ങാതെ പോയ.. സങ്കടം ആകും.. എന്ത് ചെയ്യും?”
വീട്ടിലെത്തി തന്റെ സഹോദരങ്ങൾക്ക് ഐസ് ക്രീം കൊടുത്തപ്പോൾ അവരുടെ മുഖത്തെ സന്തോഷം വിനീതിന് നേരിയ ആശ്വാസം നൽകി.പത്തിന്റെ രണ്ട് ബോൾ ഐസ് ക്രീം വാങ്ങാൻ വേണ്ടി ആറ് കിലോമീറ്റർ വീട്ടിലേക്ക് നടന്നു വന്ന ക്ഷീണം വിനീത് മറന്നു.
“ഇത് അലിഞ്ഞു പോയി ചേട്ടായി..”
അനിയത്തിയാണ് പറഞ്ഞത്. നാല് വയസേ ഒള്ളുവെങ്കിലും കാന്താരി പെണ്ണാണ്.
“ആണോ.ടൗണിൽ നിന്ന് വാങ്ങിയത് അല്ലെ… അതാ.. ഒരു കാര്യം ചെയ്യ്.. മോളുട്ടി അത് അപ്പുറത്തെ ലത ചേച്ചിയോട് പറ.. ഒന്ന് ഐസ് ക്രീം ഫ്രിഡ്ജിൽ വെക്കാൻ.. പിന്നെ എടുത്തു തിന്നാം..”
വിനീത് ഒരു ഐഡിയ പറഞ്ഞു കൊടുത്തു.
എന്നാൽ അതിനുള്ള ക്ഷമ കുട്ടികൾക്ക് ഉണ്ടായിരുന്നില്ല. അവരത് അങ്ങനെ തന്നെ കഴിച്ചു.
ഒന്നും പറയാതെ വസ്ത്രം മാറി പുറത്തേക്കിറങ്ങി. അതിനിടയിൽ അമ്മ വിശേഷം ചോദിക്കാൻ മറന്നില്ല.
“മോനെ.. എങ്ങനെയുണ്ടായിരുന്നു.. കുട്ടികൾക്ക് എല്ലോർക്കും നിന്നോട് സ്നേഹം ആരുന്നോ..?”
“ങാ അമ്മേ.. അതെ.. ഞാൻ പുഴക്കര വരെ പോണേയാണ്.. ഇപ്പോ വരാം “
പുഴയുടെ അടുത്തായി വിനീത്
എന്നും ഇരിക്കുന്ന ഒരിടമുണ്ട്. ഒരു തണൽ മരത്തിന്റെ ചാഞ്ഞ ചില്ല.. തന്റെ നൊമ്പരങ്ങൾ ആ ചില്ലയിലെ ഓരോ ഇതളുകൾക്കും അറിയാം.. പൊഴിഞ്ഞു പോകും ഇതളുകൾ പലതും വിനീതിനെ ഓർക്കാറുണ്ട്. അപ്പോഴും വിടരുന്ന ഇതളുകൾ വിനീതിനെ കേൾക്കും. ഏറെ നേരം ഏകാന്തത അനുഭവിച്ചൊടുവിൽ അവൻ തന്റെ വീട്ടിലേക്ക് നടന്നു.. കുളിമുറിയിൽ വിള്ളൽ വീണു തുടങ്ങിയ ഒരു വലിയ കണ്ണാടി ഇരിപ്പുണ്ട്. രണ്ട് വശങ്ങളും പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കി വിനീത് അല്പനേരം ഇരുന്നു.. എന്നിട്ട് തന്റെ ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്ത അനുഭവത്തെ പറ്റി ചിന്തിച്ചു.. ഇന്ന് ഉണ്ടായത്. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.. ഓരോ ആളുകളും തന്നെ പരിഹസിച്ച രീതിയിൽ വലിയ പുതുമ വിനീത് കണ്ടു.
തന്റെ ഓരോ കൂട്ടുകാരെയും കണ്ണാടിയ്ക്ക് മുന്നിൽ വിനീത് അവതരിപ്പിച്ചു.. അവർ പറഞ്ഞ ഓരോ വാക്കുകളും വിനീത് പറഞ്ഞു നോക്കി. ഒടുവിൽ അവൻ പൊട്ടിക്കരഞ്ഞു.. ദിവസങ്ങളോളം വിനീത് തന്റെ അനുഭവം വീണ്ടും വീണ്ടും കണ്ണാടിയ്ക്ക് മുന്നിൽ അവതരിപ്പിച്ചു..

ചില നേരത്തെ തീരുമാനങ്ങൾ, അനുഭവങ്ങൾ ജീവിതം തന്നെ പൂർണമായി മാറ്റി കളയും… ചില അനുഭവങ്ങൾ തിരിച്ചറിവിന്റെ വാതിലുകളായി തുറക്കാറുണ്ട്.വിനീതിന്റെയുള്ളിൽ ഒരു നടൻ ഉണ്ടെന്ന് തിരിച്ചറിയാൻ ആ അനുഭവം ആവശ്യമായിരുന്നു.അഭിനയം തന്റെ ജീവിതത്തിന്റെ താളമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ… പുതിയ ഒരു വിനീത് ജന്മമെടുക്കുകയായിരുന്നു.

7994766150

Author

Scroll to top
Close
Browse Categories