ജാത്യാധിഷ്ഠിത വ്യക്തിബോധം

‘ജാതികളുടെ മേല്‍കീഴ് വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സാമൂഹ്യപരിഷ്‌കാരം നടക്കണമെങ്കില്‍, ജാത്യാധിഷ്ഠിത വ്യക്തിബോധം ഉണ്ടാവേണ്ടതുണ്ട്. ജാത്യാധിഷ്ഠിത വ്യക്തിബോധത്തില്‍ നിന്നുമാത്രമേ അവകാശബോധമുണ്ടാവുകയുള്ളൂ. ആ രാഷ്ട്രീയപ്രക്രിയ മുന്നോട്ടുവളരുകയും പോവുകയും ചെയ്താല്‍ മാത്രമേ സാമൂഹികവിമോചനം സാധ്യമാകൂ’ എന്ന് ആദ്യം തിരിച്ചറിഞ്ഞത് ഈഴവരായിരുന്നു. അവര്‍ നേതൃത്വം കൊടുത്ത കേരളനവോത്ഥാന പ്രസ്ഥാനം ഒരു രാഷ്ട്രീയപ്രക്രിയയുടെ തുടക്കമായിരുന്നുവെന്ന് പി.കെ.ബാലകൃഷ്ണനെ അനുവര്‍ത്തിച്ച് ഏറെ വൈകിയാണെങ്കിലും രാജന്‍ഗുരുക്കള്‍ക്കും അംഗീകരിക്കേണ്ടിവന്നു

“കേരളത്തിലെ ഏറ്റവും വലുതും ഏറ്റവും വിപ്ലവകരവുമായ ഒരു സംഭവമാണ് എസ്.എന്‍.ഡി.പി.യോഗത്തിന്റെ സ്ഥാപനമെന്നത് ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും നിഷേധിക്കാനാവാത്ത ഒരു മൗലിക ചരിത്രസത്യമാണ്. സാമുദായിക സമത്വത്തിനുവേണ്ടിയുള്ള സംഘടിത യജ്ഞം കേരളത്തിലാദ്യമായി ഉണ്ടായത് ഈഴവരുടെ സമുദായസംഘടനയായ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആരംഭത്തോടെയാണ്’59 എന്ന പി.കെ.ബാലകൃഷ്ണന്റെ വിലയിരുത്തല്‍ നിഷ്പക്ഷമതികളായ ചരിത്രകാരന്മാരെല്ലാം അംഗീകരിക്കും. ‘സാമുദായിക, സാംസ്‌കാരിക ,രാഷ്ട്രീയ വിഭവശേഷിയില്ലാത്ത, എന്നാല്‍ വമ്പിച്ച സാമ്പത്തികവിഭവശേഷിയുള്ള ജാതികളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഈഴവരിലായിരുന്നു സ്വാതന്ത്ര്യബോധം ശക്തിയാര്‍ജ്ജിച്ച് സംഘടിതമുന്നേറ്റത്തിന്റെ ഊര്‍ജ്ജപ്രവാഹമായി മാറിയത്’60 എന്ന് രാജന്‍ഗുരുക്കള്‍ സമ്മതിക്കുന്നുണ്ട്. ‘ജാതികളുടെ മേല്‍കീഴ് വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സാമൂഹ്യപരിഷ്‌കാരം നടക്കണമെങ്കില്‍, ജാത്യാധിഷ്ഠിത വ്യക്തിബോധം ഉണ്ടാവേണ്ടതുണ്ട്. ജാത്യാധിഷ്ഠിത വ്യക്തിബോധത്തില്‍ നിന്നുമാത്രമേ അവകാശബോധമുണ്ടാവുകയുള്ളൂ. ആ രാഷ്ട്രീയപ്രക്രിയ മുന്നോട്ടുവളരുകയും പോവുകയും ചെയ്താല്‍ മാത്രമേ സാമൂഹികവിമോചനം സാധ്യമാകൂ’ എന്ന് ആദ്യം തിരിച്ചറിഞ്ഞത് ഈഴവരായിരുന്നു. അവര്‍ നേതൃത്വം കൊടുത്ത കേരളനവോത്ഥാന പ്രസ്ഥാനം ഒരു രാഷ്ട്രീയപ്രക്രിയയുടെ തുടക്കമായിരുന്നുവെന്ന് പി.കെ.ബാലകൃഷ്ണനെ അനുവര്‍ത്തിച്ച് ഏറെ വൈകിയാണെങ്കിലും രാജന്‍ഗുരുക്കള്‍ക്കും അംഗീകരിക്കേണ്ടിവന്നു. ‘വ്യക്തിയുടെ ശബ്ദങ്ങളെ സമൂഹത്തിന്റെ സ്വരമാക്കി മാറ്റുന്ന പ്രത്യയശാസ്ത്രപരമായ പ്രവര്‍ത്തനമാണ് രാഷ്ട്രീയപ്രവര്‍ത്തനം. അതിന് സംഘടനയെന്ന ഉപകരണം ആവശ്യമാണ്’ എന്ന് മാര്‍ക്‌സിയന്‍ ശൈലിയില്‍ പറയുന്നുവെന്നുമാത്രം61. ‘നമ്മുടെ ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകള്‍ വിശ്വസിക്കുന്നതുപോലെ അവ (എസ്.എന്‍.ഡി.പി. യോഗം തുടങ്ങിയ സാമുദായികസംഘടനകള്‍) പരിഷ്‌കാരപ്രസ്ഥാനങ്ങളോ കമ്മ്യൂണല്‍സംഘടനകളോ ആയിരുന്നില്ല. വര്‍ഗ്ഗഘടനയുടെ ഉള്ളടക്കം വര്‍ഗ്ഗീയമായിത്തീര്‍ന്ന ഒരു നാട്ടില്‍, വര്‍ഗ്ഗീയമായ വര്‍ഗ്ഗസ്വഭാവങ്ങള്‍ മൂവായിരം കൊല്ലം അഭംഗുരം വളര്‍ച്ചപ്രാപിച്ച ഒരു നാട്ടില്‍ ,വിപ്ലവകരമായ ഒരു സാമൂഹ്യപ്രസ്ഥാനത്തിന് വര്‍ഗ്ഗീയ പ്രസ്ഥാനമായി മാത്രമേ സ്വയം പ്രകടമാക്കാന്‍ നിവൃത്തിയുള്ളൂ’62 വെന്ന പി.കെ.ബാലകൃഷ്ണന്റെ നിരീക്ഷണംകൂടി ശ്രദ്ധിക്കുക.

കേരളനവോത്ഥാനത്തെ പ്രാധാന്യേന ജാതിവിരുദ്ധപ്രസ്ഥാനമായി വീക്ഷിക്കുമ്പോള്‍ സവര്‍ണ്ണസമുദായസംഘടനകളായ കേരളീയ നായര്‍സമാജമോ, യോഗക്ഷേമസഭയോ നമ്പൂതിരിയുവജനസംഘമോ നായര്‍ സര്‍വ്വീസ് സൊസൈറ്റിയോ, എസ്.എന്‍.ഡി.പി. യോഗത്തെപ്പോലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ തീവ്രവും നിരന്തരവും വ്യാപകവുമായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നു കാണാം. ജാതീയമായ അടിമത്തവും മര്‍ദ്ദനവും സവര്‍ണ്ണസംഘടനകള്‍ക്കോ അതിന്റെ നേതാക്കള്‍ക്കോ ബാധകമായ ഒരു പ്രശ്‌നമായിരുന്നില്ല. നമ്പൂതിരി സമുദായത്തിലെ അപ്ഫന്മാര്‍ക്ക് വേളികഴിക്കാനോ കുടുംബസ്വത്തില്‍ അവകാശം ഉന്നയിക്കാനോ കഴിയാതിരുന്നതും അന്തര്‍ജ്ജനങ്ങള്‍ക്ക് മറക്കുടയ്ക്കുള്ളിലെ മഹാനരകത്തെ ഭേദിച്ച് പുറത്തുവരാന്‍ സാധിക്കാതെ ഇരുന്നതുമായിരുന്നു വലിയ ജീവല്‍പ്രശ്‌നങ്ങള്‍. നമ്പൂതിരിസമുദായത്തെ വരിഞ്ഞുമുറുക്കിയ ആചാരങ്ങളെല്ലാം അവര്‍ സ്വയംവരിച്ചതായിരുന്നു. നമ്പൂതിരിദാസ്യവും സംബന്ധയേര്‍പ്പാടും ഒരു പുണ്യകര്‍മ്മം പോലെ നൂറ്റാണ്ടുകളോളം ആത്മനിര്‍വൃതിയോടെ നിര്‍വ്വഹിച്ചുപോന്ന നായന്മാര്‍ക്ക് പില്‍ക്കാലത്ത് അത് അപകര്‍ഷമായി തോന്നുകയും തന്തയാരെന്ന് അറിയാത്ത ഒരു സമുദായമായി വിളിക്കപ്പെടുന്നത് അപമാനമാണെന്ന് വിചാരിക്കുകയും ചെയ്തപ്പോഴുണ്ടായ മനോവിഷമമായിരുന്നു നായര്‍ സമുദായത്തെ മുഖ്യമായി അലട്ടിയത്. പണ്ടെന്നോ ഉണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കുക, തിരുവിതാംകൂര്‍സര്‍ക്കാറില്‍ പരദേശബ്രാഹ്മണര്‍ക്കുണ്ടായിരുന്ന ആധിപത്യം അവസാനിപ്പിക്കുക, സമുദായം തലയിലേറ്റിയ വിനാശകരമായ ആചാരങ്ങള്‍ നിര്‍ത്തലാക്കുക എന്നിവയായിരുന്നു നായര്‍സംഘടനകള്‍ ലക്ഷ്യമാക്കിയത്. കേരളീയ നായര്‍സമാജത്തിനും നായര്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്കും മുമ്പ് പിറന്ന ‘മലയാളി സഭ'(1884) എന്ന നായര്‍സഭയുടെയും അവര്‍ നേതൃത്വം നല്‍കി സമര്‍പ്പിച്ച ‘മലയാളി മെമ്മോറിയല്‍’ (1891) എന്ന ‘നായര്‍ മെമ്മോറിയലി’63ന്റെയും പരമോദ്ദേശ്യം തിരുവിതാംകൂര്‍ സര്‍ക്കാറിലെ പട്ടന്മാരുടെ അധികാരകുത്തക തകര്‍ത്ത് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഉന്നതപദവികള്‍ പിടിച്ചെടുക്കുക എന്നതായിരുന്നല്ലോ. ‘തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്’ (1890) എന്ന വാദത്തിന്റെ പിന്നില്‍ ഒളിഞ്ഞിരുന്നതും ഈ ലക്ഷ്യമായിരുന്നു. ജാതീയമായ പീഡനങ്ങളോ അയിത്തമോ ‘മലയാളിസഭ’ക്കാരെ അലട്ടിയവിഷയമായിരുന്നില്ല. അഞ്ഞൂറുരൂപയ്ക്കുമേല്‍ ശമ്പളമുള്ള ഉദ്യോഗം കിട്ടുന്നില്ല എന്നതായിരുന്നു അവരുടെ പ്രധാനപരാതി. മലയാളി മെമ്മോറിയലിലൂടെ നായന്മാരുടെ ആവലാതിയ്ക്കും നിലവിളിയ്ക്കും ഏറെക്കുറെ പരിഹാരമുണ്ടായി. ബ്രിട്ടീഷുകാര്‍ നേരിട്ടുഭരിച്ച മലബാറിലും നാട്ടുരാജ്യമായ കൊച്ചിയിലും നമ്പൂതിരി ജന്മിമേധാവിത്വം തുടര്‍ന്നുപോന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഉദ്യോഗതലത്തില്‍ തിരുവിതാംകൂറിലേതുപോലെ വിവേചനം നായന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നില്ല. മലബാറിനെ സംബന്ധിക്കുന്ന തെളിവുകള്‍ മലയാളി മെമ്മോറിയലില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മെമ്മോറിയലിന്റെ അവസാനഭാഗത്ത് ‘ബ്രിട്ടീഷ് ഗവണ്‍മെന്റുകാര്‍ ചെയ്യുന്നതുപോലെ സര്‍ക്കാര്‍സര്‍വ്വീസിലുള്ള ഓരോ സമുദായക്കാരെ നീതിയ്ക്കടുത്തവണ്ണം നിരപ്പാക്കാന്‍ കല്‍പ്പനയുണ്ടാകണം’ എന്ന് തിരുവിതാംകൂര്‍ സര്‍ക്കാറിനോട് അപേക്ഷിക്കുന്നതുകാണാം.
നായര്‍ സമുദായത്തിന് അനര്‍ത്ഥകാര്യകളായി ഭവിച്ച അവാന്തരജാതി വഴക്കുകളെയും ദായക്രമത്തെയും സംബന്ധത്തെയും പൂര്‍വ്വാചാരതല്‍പരതയെയും കൈകാര്യം ചെയ്യുക എന്ന ദൗത്യമായിരുന്നു ആശയപരമായി കേരളീയ നായര്‍സമാജത്തിനും ക്രിയാത്മകമായി എന്‍.എസ്.എസ്സിനും നിറവേറ്റാനുണ്ടായിരുന്നത്. കേരളീയ നായര്‍സമാജവും സമസ്തകേരള നായര്‍സമാജവും നായര്‍പ്രമാണികളുടെ നേതൃത്വത്തിലായിരുന്നുവെങ്കിലും നിത്യപ്രവര്‍ത്തനമില്ലാത്ത ആ സംഘടനകള്‍ക്ക് നേതാക്കന്മാരുടെ വലയത്തിനപ്പുറം കടക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് മന്നത്ത് പത്മനാഭന്റെ അഭിപ്രായം64. ഇതെല്ലാം നായന്മാരുടെ ആഭ്യന്തരപ്രശ്‌നമായിരുന്നു.

അധഃകൃത പിന്നോക്കജാതികളായ ഈഴവരാദികളുടെ ജീവിതത്തെ നരകസമാനമാക്കിത്തീര്‍ത്ത ജാതി എന്ന ദുര്‍ഭൂതത്തെ നായന്മാര്‍ക്ക് നേരിടേണ്ടി വന്നില്ല. യാഥാസ്ഥിതികരായ ഭൂരിപക്ഷം നായന്മാരും ജാത്യാചാരങ്ങളുടെ കാവല്‍ഭടന്മാരായിനിന്ന് അധഃകൃതരെ പീഡിപ്പിച്ചപ്പോള്‍, പുരോഗമനവാദികളായ ചുരുക്കം നായന്മാര്‍, അവരുടെ അവശതകളെ അനുഭാവത്തോടെ കണ്ട് അവശ്യം സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. ജി.പി.പിള്ള, സി.രാമന്‍തമ്പി, സി.കൃഷ്ണപിള്ള, മന്നത്ത് പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള തുടങ്ങിയവര്‍ അതില്‍പ്പെടും. വൈക്കം സത്യാഗ്രഹത്തിലും സഞ്ചാരസ്വാതന്ത്ര്യവിഷയത്തിലും അത് പ്രകടമാണ്. മലബാറില്‍ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരും സി. ശങ്കരന്‍നായരും കൊച്ചിയില്‍ ടി.കെ.കൃഷ്ണമേനോനും അയിത്തജാതിക്കാരോട് അനുകമ്പ പുലര്‍ത്തിയവരായിരുന്നു. കെ.പി. കേശവമേനോനും കെ.കേളപ്പനും എ.കെ പിള്ളയും കണ്ണന്തോടത്ത് വേലായുധമേനോനുമൊക്കെ ടി.കെ.മാധവന്‍ നേതൃത്വം കൊടുത്ത സഞ്ചാരസ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നത് കോണ്‍ഗ്രസ്സിന്റെ നേതാക്കളെന്ന നിലയിലായിരുന്നു. കോണ്‍ഗ്രസ്സ് കൊടിയും പിടിച്ച് ഖദര്‍മുണ്ടും ഷര്‍ട്ടും ഗാന്ധിതൊപ്പിയും ധരിച്ച്, മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള സവര്‍ണ്ണജാഥ തന്നെ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണല്ലോ നടന്നത്65. ബ്രാഹ്മണവിഭാഗത്തില്‍പ്പെട്ട കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും ടി.ആര്‍.കൃഷ്ണസ്വാമിഅയ്യരും വൈക്കം സത്യാഗ്രഹത്തിലും, ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ് ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്തത് കോണ്‍ഗ്രസ്സിന്റെ പ്രതിനിധികളായിട്ടായിരുന്നു. ‘നമ്പൂതിരിയെ മനുഷ്യനാക്കാന്‍’ വേണ്ടി രൂപീകരിച്ച യോഗക്ഷേമസഭയിലെയും നമ്പൂതിരി യുവജനസംഘത്തിലെയും അംഗങ്ങളില്‍ ചിലര്‍ – വി.ടി.ഭട്ടതിരിപ്പാട്, ബി.ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഇ.എം.എസ്സ് തുടങ്ങിയവര്‍ – കോണ്‍ഗ്രസ്സിന്റെ ഭാഗമായി നിന്ന് ജാതിവിവേചനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുകയുണ്ടായി. മലബാറില്‍ അയിത്തത്തിനെതിരെ അടരാടിയ രണ്ട് പ്രമുഖ ബ്രാഹ്മണരാണ് സ്വാമി ആനന്ദതീര്‍ത്ഥരും മഞ്ചേരി രാമയ്യരും. ഗുരുദേവഭക്തനും ബ്രഹ്മവിദ്യാസംഘത്തിന്റെ സ്ഥാപകനുമായ രാമയ്യര്‍ ആര്യസമാജം, മഹാബോധിസംഘം, സെര്‍വന്‍സ് ഓഫ് ഇന്ത്യന്‍ സൊസൈറ്റി തുടങ്ങിയ സംഘടനകളിലൂടെ അസ് പർശ്യതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ കര്‍മ്മനിരതനായി. ഗുരുവിന്റെ ശിഷ്യനും ഗാന്ധിജിയുടെ അനുയായിയുമായി നിന്നുകൊണ്ട് അധഃകൃതജാതികളുടെ മോചനത്തിനും സവര്‍ണ്ണമേധാവിത്വത്തിനുമെതിരെ തീക്ഷ്ണമായി പോരാടിയ ആനന്ദതീര്‍ത്ഥസ്വാമികള്‍ അനേകം പീഡനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. ഗുരുവിന്റെ മറ്റൊരു ശിഷ്യനായ സ്വാമി ധര്‍മ്മതീര്‍ത്ഥരും ഗുരുവിനെ ഏറെ ആദരിച്ചിരുന്നവരായ ആഗമാനന്ദസ്വാമികളും തമിഴ്‌നാട്ടുകാരനും ഹൈക്കോടതി ജഡ്ജിയുമായിരുന്ന സദാശിവഅയ്യരും ജാതിരഹിതമായ സമൂഹസൃഷ്ടിയ്ക്കുവേണ്ടിവാദിച്ച സവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട ശ്രേഷ്ഠവ്യക്തിത്വങ്ങളാണ്.

കേരളനവോത്ഥാനചരിത്രത്തില്‍ നാരായണഗുരുവിനൊപ്പം വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് ചട്ടമ്പിസ്വാമികള്‍. സന്ന്യാസം, സാമൂഹികപരിഷ്‌കരണം, മതേതരത്വം, ജാതിരാഹിത്യം, പൊതുജനസമ്പര്‍ക്കം, ഭിന്നജാതിമതസ്ഥരായ ശിഷ്യഗണങ്ങള്‍, ആരാധകവൃന്ദം, ലക്ഷോപലക്ഷം അനുയായികള്‍ തുടങ്ങിയകാര്യങ്ങളില്‍ നാരായണഗുരുവിനുണ്ടായിരുന്ന ഔന്നത്യമോ മഹത്വമോ സ്ഥാനമോ കൈവരിക്കാന്‍ ചട്ടമ്പിസ്വാമികള്‍ക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. സ്വാമി ചിന്മായാനന്ദനും66 പി.കെ.പരമേശ്വരന്‍ നായരും67 മറ്റും പറഞ്ഞതുപോലെ അജ്ഞാതവാസസദൃശമായൊരു ജീവിതമാണ് അദ്ദേഹം നയിച്ചത്. സാമൂഹികപരിഷ്‌കരണം പണ്ഡിതനായ അദ്ദേഹത്തിന്റെ ജീവിതാദര്‍ശമോ ലക്ഷ്യമോ ആയിരുന്നില്ല68. ശൂദ്രനും വേദാധികാരമുണ്ടെന്ന് സ്ഥാപിക്കുന്ന ‘വേദാധികാരനിരൂപണ’വും നായന്മാരുടെ നാടാണ് കേരളമെന്ന് വാദിച്ചുറപ്പിക്കുന്ന ‘പ്രാചീന മലയാള’വും ക്രിസ്തുമതഖണ്ഡനം നടത്തുന്ന ‘ക്രിസ്തുമതഛേദന’വും എഴുതിയ ചട്ടമ്പിസ്വാമികളില്‍ നാരായണഗുരുവിനെപോലെ ജാതിമതരഹിതനായ ഒരു മാനവികനെ അഭിദര്‍ശിക്കുക പ്രയാസമാണ്. വാസ്തവത്തില്‍ കേരളനവോത്ഥാനചരിത്രത്തില്‍ ചട്ടമ്പിസ്വാമികളുടെ സ്ഥാനം നാമമാത്രമാണ്

ഗാന്ധിജി
പി.കെ. ബാലകൃഷ്ണൻ
ടി.കെ. മാധവൻ

കുറിപ്പുകള്‍

  1. നാരായണഗുരു, പുറം. 107.
    ‘അവരുടെ എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രവര്‍ത്തനഫലം അവര്‍ക്കുമാത്രമല്ല പ്രയോജനപ്പെട്ടത്. അവരേക്കാള്‍ കഷ്ടതയനുഭവിക്കുന്ന പുലയര്‍, പറയര്‍ മുതലായ സമുദായത്തില്‍പ്പെട്ടവര്‍ക്കും ഉപയോഗപ്പെട്ടു. എസ്.എന്‍.ഡി.പി.യുടെ സംഘടനാബലവും പ്രക്ഷോഭണവും കൊണ്ട് സവര്‍ണ്ണരുടെയും ഗവണ്‍മെന്റിന്റെയും കണ്ണുതുറന്നു’എന്നു മന്നത്ത് പത്മനാഭന്‍ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ് (എന്റെ ജീവിതസ്മരണകള്‍, പുറം. 77).
  2. മിത്ത് ചരിത്രം സമൂഹം, പുറം. 401, 451.
  3. അതേപുസ്തകം. പുറം. 446.
  4. ഒരു വീരപുളകത്തിന്റെ കഥ, പുറം. 35.
  5. മുസ്ലീങ്ങള്‍, ജൂതന്മാര്‍, ചാന്നാന്മാര്‍, ഹരിജനങ്ങള്‍, മലയാള ബ്രാഹ്മണര്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ മലയാളി മെമ്മോറിയലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മെമ്മോറിയല്‍ സമര്‍പ്പിക്കുന്ന കാലത്ത് തിരുവിതാംകൂറിലെ ആകെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ 16,167 ആയിരുന്നു. അതില്‍ 11668 വും മലയാള ഹിന്ദുക്കള്‍ അഥവാ നായന്മാരായിരുന്നു. പട്ടന്മാരുള്‍പ്പെടെയുള്ള പരദേശഹിന്ദുക്കള്‍ 3135 വും ക്രിസ്ത്യാനികള്‍ 1,029 വും ഉദ്യോഗങ്ങളേ വഹിച്ചിരുന്നുള്ളൂ. മഹാഭൂരിപക്ഷം ഉദ്യോഗസ്ഥന്മാരും നായന്മാരായിരുന്നു. അവരെക്കാള്‍ ഉയര്‍ന്ന ശമ്പളവും പദവിയുമുള്ള ഉദ്യോഗങ്ങള്‍ പട്ടന്മാര്‍ കൂടുതല്‍ കരസ്ഥമാക്കി എന്നതാണ് നായന്മാരെ വ്യാകുലപ്പെടുത്തിയതെന്ന്, മലയാളി മെമ്മോറിയലിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കില്‍ നിന്നുതന്നെ ഗ്രഹിക്കാനാവും. മെമ്മോറിയലിലെ ഉള്ളടക്കവും പദപ്രയോഗങ്ങളും അഭ്യര്‍ത്ഥനകളും വായിച്ചാല്‍ത്തന്നെ അതൊരു നായര്‍ മെമ്മോറിയലാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ടി. വേണുഗോപാലന്‍ എഴുതുന്നതുകാണുക: ‘അതുവരെ തിരുവിതാംകൂറിലെ മറ്റു സമുദായങ്ങളെ സാമുദായികവും ജാതീയവും സാമ്പത്തികവും പ്രാതിനിധ്യസംബന്ധവുമായ തന്ത്രങ്ങളാല്‍ അടിച്ചമര്‍ത്തിക്കഴിഞ്ഞുപോന്ന നായര്‍ പ്രമാണിവര്‍ഗ്ഗത്തിന്, പരദേശി ബ്രാഹ്മണരുടെ മേധാവിത്വം കൊണ്ട് സംഭവിച്ച സ്വാധീനക്ഷയത്താല്‍ വളര്‍ന്ന രോഷമാണ് മലയാളി മെമ്മോറിയലിന് ഉത്ഭവം നല്‍കിയത്…നായന്മാരുടെ പ്രക്ഷോഭമാകട്ടെ രാജ്യത്തിന്റെ ഐശ്വര്യങ്ങള്‍ മുഴുവന്‍ തങ്ങള്‍ക്ക് കുത്തകയായി കിട്ടുന്നതിനുവേണ്ടിയുള്ളതും… മെമ്മോറിയലിലും അതിനുമുമ്പും പിമ്പുമുള്ള ജി.പി.യുടെ ലേഖനങ്ങളിലും നായന്മാരുടെ അവകാശവാദങ്ങളാണ് മുഴങ്ങികേട്ടത്.’
    (സ്വദേശാഭിമാനി രാജദ്രോഹിയായ രാജ്യസ്‌നേഹി, പുറം. 652 – 654).
  6. എന്റെ ജീവിതസ്മരണകള്‍, പുറം. 118 – 119.
  7. അതേപുസ്തകം, പുറം. 84.
  8. “secret initiation”. Swami Chinmayananantha. CHATTAMBI SWAMIKAL The great scholar-saint of Kerala ,KPK Menon
  9. ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരകഗ്രന്ഥം – 1953, പുറം. 15.
  10. വിശദമായി അറിയാന്‍ ‘ചട്ടമ്പിസ്വാമികള്‍ സാമൂഹികപരിഷ്‌കര്‍ത്താവോ?’എന്ന ലേഖനം കാണുക. (ചരിത്രം സാഹിത്യം സംസ്‌കാരം, ഡോ. എസ്. ഷാജി, കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, വര്‍ക്കല, 2015, പുറം. 84 – 91).

Author

Scroll to top
Close
Browse Categories