ബലൂണുകള്‍ പറക്കുന്നു; ആകാശം മുട്ടെ ആശങ്ക
അമേരിക്കയിലെ ‘മൊണ്ടാന’ എന്ന പ്രദേശത്താണ് ഈ ബലൂണ്‍ കാണപ്പെട്ടത്. ആണവനിലയങ്ങളുള്‍പ്പെടെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലമാണ് മൊണ്ടാന. എണ്‍പതിനായിരം മുതല്‍ ഒരുലക്ഷം അടി ഉയരത്തിലാണ് ബലൂണ്‍ കണ്ടെത്തിയത്. ഏതാണ്ട് മൂന്ന് ബസുകളുടെ വലിപ്പമാണ് അതിന് ഉള്ളത്. ‘എയ്റോസ്റ്റാറ്റുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഈ ബലൂണുകള്‍ മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ചൈന റഷ്യയുടെ പക്കല്‍നിന്നും വാങ്ങിയിരുന്നു. പിന്നീട് സ്വയം നിര്‍മ്മിക്കുവാനും തുടങ്ങി
ഒരു ചൈനീസ് ബലൂണ്‍ ഉയര്‍ത്തിയ പൊല്ലാപ്പുകള്‍ ഇനിയും അവസാനിക്കുന്നില്ല. അമേരിക്കയിലെ മാല്‍സ്ട്രോം വ്യോമസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മൊണ്ടാനയുടെ ആകാശത്തു ജനുവരി 28 നു പ്രത്യക്ഷപ്പെട്ട കൂറ്റന്‍ ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ട അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും ബലൂണിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത് അമേരിക്ക അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പിടിക്കപ്പെട്ടപ്പോള്‍ ചൈന പറഞ്ഞത്, കാലാവസ്ഥാപഠനത്തിനായി അയച്ച ബലൂണുകള്‍ ആയിരുന്നു എന്നാണ്. എന്നാല്‍, അതില്‍നിന്നും കാലാവസ്ഥാപഠനത്തിനുള്ള ഒരു ഉപകരണവും ലഭിച്ചിട്ടുമില്ല. മാത്രമല്ല, ബലൂണ്‍ നിര്‍മ്മാതാക്കളുടെ ചൈനയുടെ സൈന്യത്തിന് നേരിട്ട് ബന്ധമുള്ളതായും അമേരിക്കയ്ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
അമേരിക്കയുടെ ആകാശത്തു രണ്ടാഴ്ചമുമ്പ് പ്രത്യക്ഷപ്പെട്ട വലിയ ബലൂണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴും അതിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ തുടരുകയാണ്.അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അത് ചൈനയുടെ ചാരബലൂണ്‍ ആണെന്നായിരുന്നു. പിന്നീട് അത് ചൈനയുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചെങ്കിലും ചാരപ്രവര്‍ത്തനങ്ങള്‍ക്കല്ല പകരം കാലാവസ്ഥാപഠനങ്ങള്‍ക്കായാണ് പറത്തിയതെന്നായിരുന്നു ചൈനയുടെ വിശദീകരണം. എന്നാല്‍ ശക്തമായ കാറ്റില്‍ അതിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അമേരിക്കയിലെ മൊണ്ടാനയ്ക്കു മുകളില്‍ എത്തിപ്പെടുകയും ചെയ്തതെന്നാണ് ചൈന വിശദീകരിച്ചത്. എന്നാല്‍ ഒരു രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ മറ്റൊരു രാജ്യം തങ്ങളുടെ ബലൂണ്‍ എത്തിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായതിനാല്‍ സ്വാഭാവികമായും ചൈന പ്രതിരോധത്തില്‍ ആവുകയും ചെയ്തു.
അമേരിക്കയുടെ
ചാരബലൂണുകള്‍
ഇപ്പോള്‍ ചൈനയെ പഴിക്കുമ്പോഴും ചരിത്രം പരിശോധിക്കുമ്പോള്‍ അമേരിക്കയെ സംബന്ധിച്ച് ചാരബലൂണ്‍ പ്രയോഗം പുതിയ കാര്യമല്ല. ശീതയുദ്ധകാലത്തു അമേരിക്ക സോവിയറ്റ് യൂണിയന്റെയും, ചൈനയുടെയും ആകാശത്തേക്ക് ധാരാളം ബലൂണുകള്‍ പറത്തി വിട്ടിരുന്നു. ചൈനയെ എന്നും സംശയത്തിന്റെ നിഴലിലാണ് ഉണ്ടാകാറുള്ളത്. കോവിഡ് ലോകത്തെ വിറപ്പിച്ചപ്പോള്‍, ചൈനയില്‍ നിന്നും ഉദയം കൊണ്ട കൊറോണ വൈറസ് ചൈനയുടെതന്നെ ജൈവായുധം ആണോയെന്ന് ലോകരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചാരബലൂണുകള്‍ അമേരിക്കയുടെ മുകളില്‍ പറപ്പിച്ചുകൊണ്ട് ചൈന വീണ്ടും സംശയത്തിന്റെ നിഴലില്‍ ആയിരിക്കുന്നു. മാത്രമല്ല, അമേരിക്കയിലെ മൂന്ന് ആണവമിസൈല്‍ വിക്ഷേപണകേന്ദ്രങ്ങളില്‍ ഒന്നായ മാല്‍സ്ട്രോം വ്യോമസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്നത് മൊണ്ടാനയിലാണ്. അതുകൊണ്ടുകൂടെയാണ് ചൈനീസ് ബലൂണ്‍ ചാരപ്രവൃത്തിയാണ് നടത്തിയതെന്ന ആരോപണം ഉയരുന്നതും.
എയ്റോസ്റ്റാറ്റുകള്‍
ശത്രുരാജ്യങ്ങളെ നിരീക്ഷിക്കുന്നതിനായി പല രാജ്യങ്ങളും വിവിധങ്ങളായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. അമേരിക്കയിലെ ‘മൊണ്ടാന’ എന്ന പ്രദേശത്താണ് ഈ ബലൂണ്‍ കാണപ്പെട്ടത് എന്ന് പറഞ്ഞല്ലോ. ആണവനിലയങ്ങളുള്‍പ്പെടെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലമാണ് മൊണ്ടാന. എണ്‍പതിനായിരം മുതല്‍ ഒരുലക്ഷം അടി ഉയരത്തിലാണ് ബലൂണ്‍ കണ്ടെത്തിയത്. ഏതാണ്ട് മൂന്ന് ബസുകളുടെ വലിപ്പമാണ് അതിന് ഉള്ളത്. ‘എയ്റോസ്റ്റാറ്റുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഈ ബലൂണുകള്‍ മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ചൈന റഷ്യയുടെ പക്കല്‍നിന്നും വാങ്ങിയിരുന്നു. പിന്നീട് സ്വയം നിര്‍മ്മിക്കുവാനും തുടങ്ങി. ഒരു പ്രദേശത്തിനെക്കുറിച്ചു പഠിക്കുവാനും, അവിടെനിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനുമാണ് ഇത്തരം ‘എയ്റോസ്റ്റാറ്റുകള്‍’ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
വെടിവെച്ചിട്ടത്
ദിവസങ്ങള്‍ക്കുശേഷം
2022 ല്‍ അമേരിക്കയുടെ സമീപത്തുള്ള പല ദ്വീപുകളിലും ഇത്തരം ചൈനീസ് ബലൂണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈന വര്‍ഷങ്ങളായി അവരുടെ രാജ്യത്തിന്റെ അന്തരീക്ഷത്തില്‍ കാലാവസ്ഥാസംബന്ധമായും, ഭൂമിശാസ്ത്രപരമായ പല പഠനങ്ങള്‍ക്കായും ബലൂണുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ഇത്തവണ കൃത്യമായി ബലൂണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചപ്പോള്‍ ആദ്യം ചൈന പ്രതികരിച്ചില്ല എങ്കിലും പിന്നീട് അവര്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയാണുണ്ടായത്. അമേരിക്ക അവരുടെ F-22 യുദ്ധവിമാനം അയച്ച് വെടിവെച്ചിടുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും പിന്നീട് കാര്യമായ പ്രശ്‌നങ്ങള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാവില്ലെന്ന് സ്ഥിരീകരിച്ചതിനാലും, വെടിവെച്ചാല്‍ സ്‌ഫോടനം ഉണ്ടായേക്കാമെന്ന കാര്യംകൂടി പരിഗണിച്ചുകൊണ്ടും അതില്‍നിന്നും ആദ്യം പിന്മാറി. ആറു ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 4 ന് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മുകളില്‍ എത്തുവാനായി കാത്തിരുന്നതിനുശേഷമാണ് വെടിവെച്ചിട്ടത്.
റദ്ദാക്കിയ സന്ദര്‍ശനം
മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജോണ്‍ ബ്ലിങ്കണ്‍ അടുത്തുതന്നെ വിവിധ തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ക്കായി ചൈന സന്ദര്‍ശിക്കുവാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. എന്നാല്‍ ഈ സംഭവത്തിന് ശേഷം അദ്ദേഹം ചൈന സന്ദര്‍ശനം റദ്ദാക്കി. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ സംഭവത്തിന് ബ്ലിങ്കന്റെ സന്ദര്‍ശനവുമായി ബന്ധമുണ്ടെന്നും സന്ദര്‍ശനത്തിന് മുമ്പ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനാണ് ചൈന ഇങ്ങനെയൊരു ശ്രമം നടത്തിയെന്നുമാണ് അമേരിക്കയുടെ ആരോപണം.
വര്‍ഷങ്ങളുടെ പഴക്കമുണ്ട്
പല ആവശ്യങ്ങള്‍ക്കായി രാജ്യങ്ങള്‍ ബലൂണ്‍ പറത്തുന്നത് ഇത് ആദ്യമായല്ല. ആയിരത്തി എഴുനൂറുകളില്‍ തന്നെ നിരീക്ഷണങ്ങള്‍ക്കായി ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. 1836 ല്‍ അമേരിക്കയില്‍ ആഭ്യന്തരയുദ്ധം നടന്നപ്പോഴും എതിര്‍ചേരിയുടെ നീക്കങ്ങള്‍ മനസിലാക്കുവാനും, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുവാനും ബലൂണിന്റെ സഹായം തേടിയിരുന്നു. മാത്രമല്ല രണ്ടാം ലോക മഹായുദ്ധകാലത്തു ബ്രിട്ടന്‍ ഔദ്യോഗികമായി ഇത്തരമൊരു ബലൂണ്‍ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. അമേരിക്കയില്‍ തന്നെ ആയിരത്തിത്തൊള്ളായിരത്തി എണ്ണൂറുകളില്‍ അമേരിക്ക ഡ്രഗ്‌സിന്റെ ഒഴുക്ക് അറിയുവാനും തടയുന്നതിനുമായി ബലൂണ്‍ ഉപയോഗിച്ചുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ശീതയുദ്ധസമയത്തും അമേരിക്കയും, സോവിയറ്റ് യൂണിയനും ചാരബലൂണുകള്‍ ഉപയോഗിച്ചിരുന്നു.
ടെക്‌നോളജി ഇത്രയേറെ വളര്‍ന്ന കാലത്തും ചൈന ബലൂണുകള്‍ ഉപയോഗിച്ചുകൊണ്ട് നിരീക്ഷണം നടത്തുന്നത് എന്തിനായിരിക്കാം എന്നത് പ്രധാനമാണ്. ലഭ്യമായ അറിവുവച്ചു ഉപഗ്രഹനിരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം ബലൂണ്‍ ഉപയോഗിച്ചുകൂടി നിരീക്ഷണങ്ങള്‍ നടത്തുകവഴി, അവതമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഭൂപ്രകൃതിയില്‍ വന്ന മാറ്റങ്ങള്‍ പഠിക്കുക എന്നതാവാം ചൈനയുടെ ലക്ഷ്യം എന്നാണു അവര്‍ അവകാശപ്പെടുന്നത്. ഉപഗ്രഹങ്ങളെ അപേക്ഷിച്ചു ബലൂണുകള്‍ വളരെ മെല്ലെ ചലിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനും കഴിയും എന്ന ഗുണം കൂടെയുണ്ട്. കൂടാതെ ബലൂണുകളുടെ നിയന്ത്രണം കൂടുതല്‍ ലളിതമാണുതാനും.
ബലൂണില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ സാറ്റലെറ്റ് വഴി ചൈനയില്‍ എത്തിച്ചേരുന്നുണ്ടെന്നും വിദഗ് ദ്ധര്‍ പറയുന്നു. അമേരിക്കയില്‍ കണ്ടതിനൊപ്പം ലാറ്റിന്‍ അമേരിക്കയിലും, കാനഡയിലും ഇത്തരം ബലൂണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയുടെ മുകളില്‍ മാത്രമല്ല, ഈ ബലൂണ്‍ മറ്റു രാജ്യങ്ങളായ ഇന്ത്യ, ജപ്പാന്‍, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, തായ് വാൻ, കാനഡ എന്നിവരുടെ മുകളില്‍ കൂടി പറന്നിട്ടുണ്ട് എന്നാണ് അമേരിക്ക അറിയിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് കേവലം, അമേരിക്ക-ചൈന രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമല്ല. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുവാനോ, അവരുടെ വ്യോമമേഖലയിലോ ഭൂപ്രദേശത്തോ കടന്നുകയറുവാനോ താല്‍പ്പര്യമില്ലെന്ന് ചൈന ഉറക്കെ പ്രഖ്യാപിക്കുമ്പോളും, ചൈനയില്‍ നിന്ന് അറിയാതെ ഇത്രയുംദൂരം താണ്ടി ബലൂണ്‍ വിവിധ രാജ്യങ്ങള്‍ കടന്ന് അമേരിക്കയുടെ മുകളില്‍ എത്തിയതും, ചാരബലൂണില്‍ നിന്ന് ലഭിച്ച സാധനസാമഗ്രികളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ ആ ന്യായത്തെ വെറുതെയങ്ങു തള്ളിക്കളയാന്‍ അമേരിക്കയും തയ്യാറല്ല.