സമുദായ ചരിത്രത്തില്‍ ഇത് സര്‍വകാല റെക്കോഡ്

കാല്‍ നൂറ്റാണ്ടു പിന്നിട്ട വെള്ളാപ്പള്ളി നടേശന്റെ ജനറല്‍ സെക്രട്ടറി കാലഘട്ടം സമുദായത്തിന്റെ സുവര്‍ണ്ണകാലമാണ്. 27 വര്‍ഷം സംഘടനാരംഗത്തും സ്ഥാപനങ്ങളുടെ എണ്ണത്തിലും കുതിച്ചുചാട്ടം ഉണ്ടായി. മൈക്രോഫിനാന്‍സ് പദ്ധതിപ്രകാരം കോടിക്കണക്കിനു രൂപയുടെ വായ്പ സമുദായ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ആസ്ഥാനമന്ദിരം പുതുക്കിപ്പണിതു. കോണ്‍ഫറന്‍സ് ഹാളും മ്യൂസിയവും നവീകരിച്ച മന്ദിരത്തിലാണ്. ഇതോടൊപ്പം ധ്യാനകേന്ദ്രവും നിര്‍മ്മിച്ചു.

എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുന്ന 96 നവംബറിലെ ഒരു ദിവസം. ഞാന്‍ അന്ന് ‘മാതൃഭൂമി’യുടെ കൊല്ലം ബ്യൂറോ ചീഫ് ആണ്. ശാശ്വതീകാനന്ദ സ്വാമി എന്നെ ഫോണില്‍ വിളിച്ച് അദ്ദേഹം പ്രശാന്തി ഹോട്ടലില്‍ ഉണ്ടെന്നും ഒന്ന് കണ്ടാല്‍ കൊള്ളാമെന്നും പറഞ്ഞു. അന്ന് ഒരു ഹര്‍ത്താല്‍ ദിനമായിരുന്നു. വാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. ഒരു സുഹൃത്തിന്റെ ടൂവീലറില്‍ കയറി അവിടെ എത്തിയപ്പോള്‍ സ്വാമിയുടെ മുറിയില്‍ വെള്ളാപ്പള്ളി നടേശനും ഉണ്ട്. സ്വാമി ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്നും എല്ലാ സഹായവും നല്‍കണമെന്നും പറഞ്ഞു. അദ്ദേഹം ജയിക്കുകയും ചെയ്തു. 1996 നവംബര്‍ 17ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.

ഫെബ്രുവരി 3 ന് എസ്.എൻ ട്രസ്റ്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടും സ്ഥാനങ്ങളും വെള്ളാപ്പള്ളി ഏറ്റെടുത്തിട്ട് 27 വര്‍ഷമാകുന്നു. ഇത് ഒരു സര്‍വ്വകാല റെക്കോഡ് ആണ്.

സ്ഥാപക ജനറല്‍ സെക്രട്ടറി മഹാകവി കുമാരനാശാനോ എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും അമരക്കാരന്‍ ആയിരുന്ന മുന്‍ മുഖ്യമന്ത്രി കൂടിയായ ആര്‍. ശങ്കറിനോ വെള്ളാപ്പള്ളിനടേശൻ വഹിച്ച കാലത്തോളം സെക്രട്ടറി ആകാന്‍ കഴിഞ്ഞിട്ടില്ല.

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പകരക്കാരനില്ലാത്ത ഈ അമരക്കാരനുമായി കാല്‍ നൂറ്റാണ്ടു പിന്നിട്ട സൗഹൃദമാണ് ഈ ലേഖകനുള്ളത്. എന്റെ കൊല്ലത്തെ വീടിന്റെ പാലുകാച്ചിന് അനുഗ്രഹവുമായി അദ്ദേഹം വന്നു. വെച്ചൂച്ചിറയിലെ എന്റെ വീട്ടിലും വന്നിട്ടുണ്ട്. ഞാന്‍ സെക്രട്ടറി ആയിരുന്ന വെച്ചൂച്ചിറ പരുവ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് പത്‌നി സമേതനായി വന്ന് മുഖ്യാതിഥി ആയി. എന്റെ രണ്ടുപെണ്‍മക്കളുടേയും വിവാഹത്തിലും പങ്കെടുത്തു. ആ സൗഹൃദം ഇന്നും തുടരുന്നു.

ഏറ്റവും ഒടുവില്‍ എസ്.എന്‍.ഡി.പി യോഗത്തെക്കുറിച്ചും എന്‍.എസ്.എസ് നെക്കുറിച്ചും ഞാന്‍ എഴുതിയ ‘പീത പതാകയും സ്വര്‍ണ്ണപതാക’യും എന്ന പുസ്തകം 2022 നവംബര്‍ 29ന് കൊല്ലം പ്രസ് ക്ലബിൽ പ്രകാശനം ചെയ്തതും ശ്രീവെള്ളാപ്പള്ളി നടേശനാണ്. എന്‍.എസ്.എസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും തിരു-കൊച്ചി നിയമസഭാ സ്പീക്കറും മലയാളരാജ്യം പത്രാധിപരും ആയിരുന്ന വി. ഗംഗാധരന്റെ മകനും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ മുന്‍ ചെയര്‍മാനുമായ ജി. രാജ്‌മോഹനു നല്‍കി ആയിരുന്നു പ്രകാശനം.

ഹിന്ദു ഐക്യം ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാവുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രകാശന ചടങ്ങില്‍ പറഞ്ഞു. ഹിന്ദുഐക്യം എന്നാല്‍ നായര്‍-ഈഴവ ഐക്യം മാത്രമല്ല, നായാടി മുതല്‍ നമ്പൂതിരി വരെ ഈ ഐക്യത്തിന്‍ കീഴില്‍ വരും. -ജനലക്ഷങ്ങളുടെ നേതാവ് അറിയിച്ചു.

കാല്‍ നൂറ്റാണ്ടിലെ ന്യൂസ് മേക്കര്‍

കേരളം ഇന്നേവരെ കണ്ട ഏറ്റവും മഹാനായ മനുഷ്യനാര് എന്ന ചോദ്യത്തിന് ശ്രീനാരായണഗുരുദേവന്‍ എന്നാണ് എന്റെ ഉത്തരം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ ന്യൂസ്‌മേക്കര്‍ ആരെന്ന ചോദ്യത്തിന് വെള്ളാപ്പള്ളി നടേശന്‍ എന്നും ഉത്തരം. കുലാചലങ്ങള്‍ കുലുക്കിയെറിയുന്ന കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച പ്രസ്താവനകള്‍, നിലപാടുകള്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി, നവോത്ഥാന സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം മുന്നോട്ട് വച്ച് ആശയങ്ങള്‍ കേരളം മുഴുവന്‍ കാതോര്‍ത്തു.

ഗുരുദേവന്റെയും ഡോ. പല്പുവിന്റെയും കുമാരനാശാന്റെയും കാലത്തിനു ശേഷം എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രവര്‍ത്തനം ഏറ്റവും സജീവമായത് സി. കേശവന്റെയും പിന്നീട് ആര്‍. ശങ്കറുടെയും കാലത്താണ്. സി. കേശവന്‍ നയിച്ച നിവര്‍ത്തന പ്രക്ഷോഭവും അതിന്റെ ഭാഗമായുള്ള കോഴഞ്ചേരി പ്രസംഗവും അതിന്റെ ഫലമായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ രൂപീകരണവും സാമുദായിക സംവരണവും കേരള ചരിത്രത്തിന്റെ ഭാഗമാണല്ലോ.

ആര്‍. ശങ്കര്‍ യുഗം സംഘടനാ രംഗത്തും വിദ്യാഭ്യാസരംഗത്തും സമുദായത്തിന് കുതിച്ചുചാട്ടം ഉണ്ടായ കാലമാണ്. ‘സംഘടനകൊണ്ട് ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്ന ശ്രീനാരായണ ദര്‍ശനം അദ്ദേഹം നടപ്പാക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയായ ആര്‍. ശങ്കര്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ എസ്.എന്‍. ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന എസ്.എന്‍. കോളേജുകള്‍ ആര്‍. ശങ്കറുടെ അനശ്വര സ്മാരകങ്ങള്‍ ആണ്.

സമുദായത്തിന്റെ സുവര്‍ണ്ണകാലം

കാല്‍ നൂറ്റാണ്ടു പിന്നിട്ട വെള്ളാപ്പള്ളി നടേശന്റെ ജനറല്‍ സെക്രട്ടറി കാലഘട്ടം സമുദായത്തിന്റെ സുവര്‍ണ്ണകാലമാണ്. 27 വര്‍ഷം സംഘടനാരംഗത്തും സ്ഥാപനങ്ങളുടെ എണ്ണത്തിലും കുതിച്ചുചാട്ടം ഉണ്ടായി.

മൈക്രോഫിനാന്‍സ് പദ്ധതിപ്രകാരം കോടിക്കണക്കിനു രൂപയുടെ വായ്പ സമുദായ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ആസ്ഥാനമന്ദിരം പുതുക്കിപ്പണിതു. കോണ്‍ഫറന്‍സ് ഹാളും മ്യൂസിയവും നവീകരിച്ച മന്ദിരത്തിലാണ്. ഇതോടൊപ്പം ധ്യാനകേന്ദ്രവും നിര്‍മ്മിച്ചു.

വെള്ളാപ്പള്ളി നടേശന്റെ സ്ഥാനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സമുദായ അംഗങ്ങളായ 50 യുവതി – യുവാക്കള്‍ക്ക് തിരുവനന്തപുരത്ത് അമൃതസിവില്‍ സര്‍വീസ് അക്കാദമിയില്‍ സൗജന്യപരിശീലനം നല്‍കി വരുന്നു. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.

1949ല്‍ ആര്‍. ശങ്കറും മന്നത്ത് പത്മനാഭനും ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചു. എസ്.എന്‍.ഡി.പി യോഗവും എന്‍.എസ്.എസും ഒരുപോലെ പങ്കാളികളായിരുന്നു. മന്നത്ത് പത്മനാഭന്‍ പ്രസിഡന്റും ആര്‍.ശങ്കര്‍ അംഗവും ആയി ഗവൺമെണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. എന്നാല്‍ ഹിന്ദുമഹാമണ്ഡലത്തിന് അധികം ആയുസ് ഉണ്ടായില്ല. 2001ലും നായര്‍-ഈഴവ ഐക്യത്തിന് വീണ്ടും ശ്രമം ഉണ്ടായെങ്കിലും അതും അല്പായുസ്സ് ആയിപ്പോയി. പി.കെ. നാരായണപ്പണിക്കരും വെള്ളാപ്പള്ളി നടേശനും ആയിരുന്നു രണ്ടാമത് നായര്‍-ഈഴവ ഐക്യത്തിന് മുന്‍കൈ എടുത്തത്.

ചരിത്രം സൃഷ്ടിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി കേരള നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷന്‍ കൂടിയാണ്. ശബരിമല സ്ത്രീ പ്രവേശനം ഇപ്പോള്‍ സമിതിയുടെ അജണ്ടയല്ല. എന്നാല്‍ ക്ഷേത്രങ്ങളില്‍ പൂജ നടത്താനുള്ള അവകാശം എല്ലാ ഹിന്ദുക്കള്‍ക്കും വേണം എന്നതാണ് സമിതിയുടെ ഇപ്പോഴത്തെ ആവശ്യം. നവോത്ഥാന ചരിത്രം പഠിപ്പിക്കുക, പുതിയ നവോത്ഥാന സാദ്ധ്യതകള്‍ കണ്ടെത്തുക, സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുക എന്നിവയാണ് വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റും പി. രാമഭദ്രന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള കേരള നവോത്ഥാന സമിതിയുടെ കര്‍മ്മപരിപാടികള്‍. ജില്ലാതലത്തില്‍ കമ്മിറ്റികളായി. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നു

Author

Scroll to top
Close
Browse Categories