സംസാരത്തിൽ സത്യത്തിന്റെ സൗന്ദര്യം, നിലപാടുകളിൽ ആത്മാർത്ഥത

2009ല്‍ വെള്ളാപ്പള്ളി നടേശന്‍ ലൗജിഹാദ് യാഥാർത്ഥ്യമാണെന്ന് പറഞ്ഞിരുന്നു . അന്ന് ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ അതിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. വെള്ളാപ്പള്ളി നടേശന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ 2022ല്‍ പാലാ ബിഷപ്പിന് പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് പ്രസംഗിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും അമരത്ത് വെള്ളാപ്പള്ളി നടേശന്‍ 27 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇത് ഒരു സര്‍വകാല റെക്കോഡാണ്.

പ്രഗത്ഭരായ കുമാരനാശാന്‍, ആര്‍. ശങ്കര്‍, എം. കെ. രാഘവന്‍ എന്നിവര്‍ക്ക് പോലും ഇത്രയും ദീര്‍ഘമായ കാലയളവ് എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃസ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ മോശക്കാരായതുകൊണ്ടല്ല. സമുദായത്തിനകത്ത് നിന്ന് തന്നെ വലിയ എതിര്‍പ്പും വ്യക്തിപരമായ സ്പര്‍ദ്ധയും എല്ലായ്‌പ്പോഴും സമുദായനേതാക്കന്മാര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കാലയളവ് പൂര്‍ത്തീകരിക്കാതെ, അല്ലെങ്കില്‍ രണ്ടോമൂന്നോ ഊഴം കഴിയുമ്പോള്‍ പുറത്തു പോകേണ്ടി വന്നു. വെള്ളാപ്പള്ളി നടേശനും എതിര്‍പ്പുകള്‍ക്ക് ഒരു ക്ഷാമവും ജനറല്‍ സെക്രട്ടറിയായതു മുതല്‍ ഉണ്ടായിട്ടില്ല.

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ ഒരു പ്രധാനസ്ഥാനം നേരത്തെ വഹിച്ചിട്ടുള്ള ആളല്ല.ശിവഗിരിയില്‍ പൊലീസ് നടപടിക്ക് ശേഷം ഈഴവ സമുദായത്തില്‍ വലിയ വികാരവിക്ഷോഭം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രംഗത്തേക്ക് വന്നത്. ശാശ്വതികാനന്ദസ്വാമികളെ ശിവഗിരിയില്‍ നിന്ന് ബലപ്രയോഗം നടത്തി പുറത്താക്കിയ സർക്കാർ അദ്ദേഹത്തിന് എതിരെ നില്‍ക്കുന്ന ശക്തികളെ അതിരുകടന്ന് പ്രീണിപ്പിക്കുകയും ചെയ്യുന്നുവെന്ന ആവലാതി സമുദായത്തില്‍ നിലനിന്നിരുന്നു.

ഭരണമുന്നണിയുടെ ഭാഗമായിരുന്ന കെ.കരുണാകരനും, ഗൗരിയമ്മയ്ക്കു പോലും പൊലിസ് നടപടിയോട് വലിയ വിയോജിപ്പുണ്ടായിരുന്നു. അതുപോലെ പ്രതിപക്ഷകക്ഷികള്‍ പൂര്‍ണമായും വി.എസ്.അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ പരിപൂര്‍ണമായിട്ടും ശിവഗിരിയിലെ പൊലീസ് നടപടിയെ എതിര്‍ത്തു. ഇത്തരമൊരു സാഹചര്യത്തിലാണ് ശാശ്വതികാനന്ദ സ്വാമികളുടെ ശക്തമായ പിന്തുണയോടെ വെള്ളാപ്പള്ളി നടേശന്‍ ട്രസ്റ്റിന്റെ അമരത്ത് എത്തുന്നത്. ആ കാലത്തു തന്നെ അദ്ദേഹത്തിന് ഒളിഞ്ഞും തെളിഞ്ഞും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. സിപിഎമ്മിന്റെയും വിഎസ് അച്യുതാനന്ദന്റെയും പിന്തുണ ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും ആബന്ധം അവസാനിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടായി. സിപിഎം വെള്ളാപ്പള്ളി നടേശനോട് വ്യക്തമായ ശത്രുത വച്ചുപുലര്‍ത്തി. പ്രത്യേകിച്ച് കൊല്ലം എസ്.എന്‍. കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടായി. അത് വിദ്യാര്‍ത്ഥി സമരം എന്ന നിലവിട്ട് എസ്.എന്‍.ഡി.പി യോഗത്തോടും ശ്രീനാരായണഗുരുവിനോടുമുള്ള ഒരു വലിയ അവജ്ഞയും അവഹേളനവുമായി മാറുന്ന സാഹചര്യമുണ്ടായി.

വി.എം. സുധീരനടക്കമുള്ള കോണ്‍ഗ്രസിലെ ചില ‘പ്രബുദ്ധ’ നേതാക്കള്‍ വെള്ളാപ്പള്ളി നടേശനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു. ഇങ്ങനെയൊക്കെ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നെങ്കിലും അതൊന്നും വെള്ളാപ്പള്ളി നടേശനെ ബാധിച്ചില്ല.

പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ഈ നിലപാട് എല്‍.ഡിഎഫിന് വലിയ തിരിച്ചടിയായി. തിരുവിതാംകൂറില്‍ പ്രത്യേകിച്ച് കൊല്ലം ജില്ലയില്‍ പുനലൂര്‍ ഒഴികെയുള്ള എല്ലാ സീറ്റുകളും നഷ്ടപ്പെട്ടു. വര്‍ക്കലയില്‍ മത്സരിച്ച കൊല്ലം ജില്ലാ സെക്രട്ടറി ഗുരുദാസന്‍ പരാജയപ്പെട്ടു. ഒരു വലിയ തിരിച്ചടി അന്ന് എല്‍ഡിഎഫിന് ഉണ്ടായി. പിന്നീടാണ് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള ആളുകള്‍ ആ നിലപാടില്‍ നിന്ന് മാറ്റം വരുത്തിയത്. ഇതേപോലെ പലതരത്തിലുള്ള എതിര്‍പ്പുകള്‍ വെള്ളാപ്പള്ളി നടേശന് നേരിടേണ്ടി വന്നിട്ടുണ്ട്.
കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സി.പി.എം നടത്തിയ തീവ്രസമരമായിരുന്നു അതിലൊന്ന്. ക്ഷേത്രനടയില്‍ സമരം പാടില്ലെന്ന് കോടതി ഉത്തരവ് വന്നപ്പോള്‍ അത് ദുര്‍വ്യാഖ്യാനം ചെയ്ത് വെള്ളാപ്പള്ളി നടേശന്റെ വീട്ടുപടിക്കല്‍ സമരം നടത്തി.എന്നിട്ട് പോലും വെള്ളാപ്പള്ളി നടേശന്‍ കുലുങ്ങിയില്ല.

പിന്നെയും പല തരത്തിലുള്ള എതിര്‍പ്പുകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എ.കെ. ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വന്നപ്പോള്‍ മറ്റു സമുദായനേതാക്കന്മാര്‍ക്ക് കൊടുത്തിരുന്ന ആദരവോ പരിഗണനയോ കൊടുക്കാന്‍ യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. ‘ഈഴവ സമുദായത്തെ പഞ്ചാര കാണിച്ച് വഞ്ചിച്ച’യാളാണ് ഉമ്മന്‍ചാണ്ടിയെന്ന് ആ കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ വാലാണ് രമേശ് ചെന്നിത്തലയെന്നും മെത്രാന്‍-മുത്തൂറ്റ് – മനോരമ ഭരണമാണ് ഈ നാട്ടില്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു. ഏതു സമയത്തും സമുദായതാല്പര്യമാണ് അദ്ദേഹം ഉയര്‍ത്തിപിടിച്ചത്.

വെള്ളാപ്പള്ളി നടേശന്റെ സപ്തതി കണിച്ചുകുളങ്ങരയില്‍ വെച്ച് ആഘോഷിച്ചപ്പോൾ എല്‍.ഡി.എഫിന്റെ മിക്കവാറും എല്ലാ നേതാക്കളും ആഘോഷം ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു. പക്ഷേ സപ്തതി ആഘോഷത്തെ അതൊന്നും ബാധിച്ചില്ല. എല്ലാം ഭംഗിയായി നടന്നു.
ക്രിസ്ത്യന്‍, മുസ്ലീം സംഘടനകള്‍ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠത്തിനെതിരെ വലിയ സമരം നടത്തിയിരുന്നു. അതിലൊന്നും ഒരു കാര്യവുമില്ലായെന്നും അതിനെതിരെ സമരം ചെയ്യുന്നത് ബാലിശമാണെന്നുമുള്ള നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ചത്.

രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും മാറി വന്നിട്ടുണ്ട്. പക്ഷേ ആ നിലപാടുകളെല്ലാം സമുദായ താല്പര്യം മുന്‍നിര്‍ത്തിയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി. അതുകൊണ്ട് പിന്നാക്ക സമുദായങ്ങള്‍ക്ക് കിട്ടേണ്ടിയിരുന്ന ‘ബാക്ക്‌ലോഗ്’ നികത്താന്‍ പറ്റാതെ പോയി. ഈ വിഷയങ്ങളൊക്കെ അദ്ദേഹം ശക്തമായി ഉന്നയിച്ചു. 2006ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും എല്‍.ഡി.എഫിനെ പിന്തുണച്ചു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. വെള്ളാപ്പള്ളി നടേശനും വി.എസും സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നു. പക്ഷേ അവര്‍ പരസ്പരബഹുമാനത്തിന്റെയും ആദരവിന്റെയും അന്തരീക്ഷം നിലനിര്‍ത്തിയിരുന്നു.

2011ലെ തിരഞ്ഞെടുപ്പില്‍ അങ്ങിനെയൊരു രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് ഗുണകരമായി. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയെങ്കിലും എല്‍.ഡി.എഫിന് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടി. അരൂര്‍ തൊട്ട് ആറ്റിങ്ങല്‍ വരെയുള്ള പ്രദേശത്ത് എല്‍.ഡി.എഫിനു വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭൂരിപക്ഷം രണ്ടുപേരിലൊതുങ്ങിയത്.

അടുത്തകൊല്ലം കാര്യങ്ങള്‍ മാറി . 2012ല്‍ മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി ഒരു വലിയ വിഷയമായി വന്നു. യു.ഡി.എഫ് സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ന്യൂനപക്ഷ കേന്ദ്രീകൃതമാണ്.

അവിടെ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്, പ്രത്യേകിച്ച് പിന്നാക്ക സമുദായങ്ങള്‍ക്ക് ഭരണാനുകൂല്യങ്ങള്‍ കുറവായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഒരു പ്രത്യേകത സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വകുപ്പുകളൊക്കെ ലീഗിന്റെയും കേരളാകോണ്‍ഗ്രസിന്റെയും കൈകളിലായിരിക്കുമെന്നതാണ്. വ്യവസായം, വിദ്യാഭ്യാസം, മരാമത്ത്, നഗരാസൂത്രണം, തദ്ദേശസ്വയംഭരണം എന്നീ പ്രധാനപ്പെട്ട വകുപ്പുകള്‍ ഈ പാര്‍ട്ടികള്‍ കൈയടക്കി വച്ചു. ബഡ്ജറ്റിന്റെ 35-40 ശതമാനം വരുന്ന വകുപ്പുകള്‍ ലീഗിന്റെ കൈയില്‍. 10-20 ശതമാനം കേരളാ കോണ്‍ഗ്രസിന്റെ കൈയിലും. ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ മലപ്പുറം, കോട്ടയം ജില്ലകൾക്ക് മാറ്റിവെച്ചിട്ട് ബാക്കിവല്ലതുമുണ്ടെങ്കിലേ സര്‍വാണി സദ്യക്ക്, മറ്റ് 12 ജില്ലകള്‍ക്കു ലഭിക്കൂ. അങ്ങനെ ഒരു സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശന്‍ നിലപാടില്‍ വലിയ മാറ്റം വരുത്തി. പിറവം ഉപതിരഞ്ഞെടുപ്പിനു ശേഷം ലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടി അഞ്ചാം മന്ത്രിയെ കൊടുത്തു. തുടര്‍ന്നാണ് അതുവരെയുണ്ടായിരുന്ന എല്ലാ അസ്വാരസ്യങ്ങളും മറന്ന് എന്‍.എസ്.എസുമായി വീണ്ടും കൈ കോര്‍ത്തത്. ഭൂരിപക്ഷ സമുദായ ഐക്യം എന്ന അജണ്ടയിലേക്ക് അദ്ദേഹം വന്നു. എന്നാല്‍ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കിട്ടിക്കഴിഞ്ഞതോടെ ജി. സുകുമാരന്‍നായരുടെ ഭൂരിപക്ഷം സ്‌നേഹം അവസാനിച്ചു.

സുകുമാരന്‍നായര്‍ ഈ സഖ്യത്തിൽ നിന്ന് ഏകപക്ഷീയമായി പിന്‍മാറി. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്ന ആശയം മുൻനിർത്തി ബി.ഡി.ജെ.എസ് രൂപീകരണതീരുമാനവുമായി മുന്നോട്ടുപോയി. തുടര്‍ന്ന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ വെള്ളാപ്പള്ളി നടേശനെ ആക്രമിച്ചു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടന്ന സമത്വമുന്നേറ്റ യാത്ര പ്രകമ്പനം സൃഷ്ടിച്ചു. ആ ഒരു വികാരം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

2016ലെ തിരഞ്ഞെടുപ്പിലെ എൽ.ഡി. എഫ് വിജയത്തിൽ ബി.ഡി.ജെ.എസ് ഉണ്ടാക്കിയ വികാരം വലിയ പങ്കുവഹിച്ചു. യു.ഡി.എഫ് ഭരണത്തില്‍ ഭൂരിപക്ഷ സമുദായക്കാര്‍ക്ക് രക്ഷയില്ല എന്ന തോന്നല്‍ അതിശക്തമായി നിലനിര്‍ത്താന്‍ സാധിച്ചു. ഭൂരിപക്ഷ വോട്ടുകളില്‍ ഗണ്യമായ വിഭാഗം എല്‍.ഡി.എഫിലേക്കു വന്നു. എല്‍.ഡി.എഫിന്റെ ഭാഗത്ത് നിന്നവര്‍ അവിടെത്തന്നെ നിന്നു. കോണ്‍ഗ്രസിന്റെ ഭാഗത്തുണ്ടായിരുന്ന പിന്നാക്കക്കാരുടെ വോട്ടുകള്‍ ബിജെപി-ബിഡിജെഎസ് സഖ്യത്തിലേക്കു പോയി.

ഏറ്റുമാനൂര്‍, വൈക്കം, തൃപ്പൂണിത്തുറ, വൈപ്പിന്‍, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക, ഗുരുവായൂര്‍, മണലൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി-ബിഡിജെഎസ് സഖ്യം വളരെയധികം വോട്ടുപിടിച്ചു. പറവൂര്‍ ഒഴികെ ബാക്കിയെല്ലാ മണ്ഡലങ്ങളിലും ഇത് എല്‍ഡിഎഫിനാണ് ഗുണം ചെയ്തത്. പറവൂരിൽ വി.ഡി.സതീശന്‍ ഇതിനെ അതിജീവിച്ചു. ബി.ഡി.ജെ.എസ് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പുവരുത്തി. മുപ്പതിനായിരം, നാല്പതിനായിരം വോട്ടുകള്‍ പല മണ്ഡലങ്ങളിലും ബി.ജെ.പി. -ബിഡിജെഎസ് സഖ്യത്തിന് നേടാനായി. ബിജെപിക്ക് ഒരിക്കലും സമാഹരിക്കാനാകുമായിരുന്നില്ല ഇത്രയും വോട്ടുകള്‍. അവര്‍ക്ക് എത്ര പോയാലും പതിനായിരം വോട്ട് മാത്രമേ നേടാന്‍ കഴിയുമായിരുന്നുള്ളു.
പിടിച്ച വോട്ട് മാത്രമല്ല അതുണ്ടാക്കിയ മന:ശാസ്ത്ര അന്തരീക്ഷവും എല്‍ഡിഎഫിന് വളരെ ഗുണകരമായി മാറി. 2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ യഥാര്‍ത്ഥ ശക്തി പ്രതിഫലിച്ചില്ലെങ്കില്‍ പോലും ഭൂരിപക്ഷ സമുദായ വോട്ടുകളിലെ ഏകീകരണം എല്‍ഡിഎഫിന് അനുകൂലമായി മാറി. അതിന്റെ പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഭരണാനുകൂല്യങ്ങള്‍ നീതിപൂര്‍വമായി വിഭജിക്കപ്പെടുകയില്ലെന്ന പഴയകാല അനുഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസമാണ്. ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ മാത്രമല്ല ക്രിസ്ത്യന്‍ സമുദായത്തിലും ഈ വിശ്വാസമുണ്ടായി. ക്രിസ്ത്യന്‍ സമുദായത്തില്‍ വലിയൊരു മാറ്റത്തിന് ഇത് വഴി തെളിച്ചു. എസ്.എന്‍.ഡി.പി യോഗവും ഹിന്ദുസംഘടനകളും പറഞ്ഞിരുന്ന പല കാര്യങ്ങളും ക്രിസ്ത്യന്‍ സംഘടനകള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങി.
2009ല്‍ വെള്ളാപ്പള്ളി നടേശന്‍ ലൗജിഹാദ് യാഥാർത്ഥ്യമാണെന്ന് പറഞ്ഞിരുന്നു . അന്ന് ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ അതിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. വെള്ളാപ്പള്ളി നടേശന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ 2022ല്‍ പാലാ ബിഷപ്പിന് പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് പ്രസംഗിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതൊക്കെയാണെങ്കിലും ഈഴവ സമുദായത്തില്‍ നേതാക്കന്മാരായി അഭിനയിച്ചു നടക്കുന്ന ഒരു വിഭാഗം വെള്ളാപ്പള്ളി നടേശനെ പുറത്താക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ ഒരു നിര്‍ഭാഗ്യം കൂടിയാണ് ഇത്. വെള്ളാപ്പള്ളി നടേശന്റെ കൂടെ നടന്ന ആളുകള്‍ കുറച്ചുകഴിയുമ്പോള്‍ തള്ളിപ്പറഞ്ഞ് ഒറ്റുകൊടുക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

ശാശ്വതീകാനന്ദ സ്വാമികള്‍ സമാധിയായ സമയത്ത് സി.കെ. വിദ്യാസാഗറിനോ മറ്റ് ആര്‍ക്കെങ്കിലുമോ ഒരു സംശയവും ഉണ്ടായിരുന്നില്ല. ആലുവാ പുഴയുടെ ഏറ്റവും വീതികൂടിയ തുറന്ന സ്ഥലത്തുവെച്ചാണ് അത്യാഹിതം ഉണ്ടായത്. അവിടെ വച്ച് ഒരു തരത്തിലും സ്വാമിയെ അപായപ്പെടുത്താന്‍ കഴിയില്ല. പുഴയുടെ നടുവില്‍ സ്വാമി മുങ്ങിത്താഴ്ന്നു പോകുകയായിരുന്നു. അതില്‍ യാതൊരു ദുരൂഹതയും ഇല്ലെന്ന കാര്യം വ്യക്തമാണ്. അന്ന് ഒരു തര്‍ക്കവും ആരോടും ഉന്നയിക്കാതിരുന്ന ആളുകള്‍ വെള്ളാപ്പള്ളി നടേശനുമായി മറ്റ് കാര്യങ്ങളില്‍ തെറ്റിക്കഴിഞ്ഞപ്പോള്‍ ആരോപണങ്ങളുമായി രംഗത്തെത്തി. വക്കീലായ സി.കെ. വിദ്യാസാഗര്‍ അടക്കം ആരോപണങ്ങൾ ഉന്നയിച്ച് പുകമറ ഉണ്ടാക്കാന്‍ ശ്രമിച്ചു. ശാശ്വതീകാനന്ദസ്വാമികളുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ഈ ദുഷ്‌പ്രചരണങ്ങള്‍ക്ക് വശംവദരായി.

പണമിടപാട് സ്ഥാപനം നടത്തി സന്തോഷമായി ജീവിച്ചിരുന്ന ആളാണ് ഗോകുലം ഗോപാലന്‍. സമുദായത്തിന്റെ വലിയൊരു നേതാവായി ഗോകുലം ഗോപാലന് സ്വയം തോന്നുകയും വലിയ തോതില്‍ പണം ചെലവഴിച്ച് വെള്ളാപ്പള്ളി നടേശനെതിരെ വിമതനായി രംഗത്തുവരികയും ചെയ്തു. ഇടക്കാലത്ത് വിട്ടുപോയ നേതാവാണ് എം.ബി. ശ്രീകുമാര്‍. എന്നാല്‍ അദ്ദേഹം തിരിച്ചുവന്നു. കൂടെ നടന്ന് ശത്രുപക്ഷത്തേക്ക് പോയ ശേഷം എം.ബി. ശ്രീകുമാറിനെപോലെ, സുഭാഷ്‌വാസുവിനെ പോലെ തിരിച്ചു വന്നവരുണ്ട്. തിരിച്ചുവന്നവരോട് വെള്ളാപ്പള്ളി നടേശന്‍ പ്രതികാരബുദ്ധിയോടെ പെരുമാറിയിട്ടില്ല. അത് അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയാണ്. എം.ബി. ശ്രീകുമാര്‍ തിരിച്ചുവന്നപ്പോള്‍ ഒരു യൂണിയന്‍ വിഭജിച്ച് പുതിയ യൂണിയനുണ്ടാക്കി അദ്ദേഹത്തിന് സ്ഥാനം കൊടുത്തു. ഇതിന്റെയൊന്നും ആവശ്യം വെള്ളാപ്പള്ളി നടേശനില്ല. പക്ഷേ അദ്ദേഹത്തിന്റെ രീതി അതാണ്. നിരവധി കോടതി വ്യവഹാരങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ നേരിട്ടത്. ആര്‍. ശങ്കറും, എം.കെ. രാഘവനുമൊക്കെ തട്ടിമറിഞ്ഞ് വീണത് കോടതി ഉത്തരവുകളുടെ പുറത്താണ്. ഇടയ്ക്കിടെ കോടതി ഉത്തരവുകള്‍ വന്നിട്ടുണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ വെള്ളാപ്പള്ളി നടേശനു കഴിഞ്ഞു. ഓരോ ഉത്തരവ് വരുമ്പോഴും ശത്രുക്കള്‍ പറയും വെള്ളാപ്പള്ളിയുടെ കത്തിക്കല്‍ തീര്‍ന്നുവെന്ന്. പക്ഷേ അദ്ദേഹം ശക്തനായി സ്ഥാനത്ത് തുടരുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിയുക.

വലിയ ഈശ്വരാധീനമുള്ള ആളാണ് വെള്ളാപ്പള്ളി നടേശന്‍. ഉറച്ച ഈശ്വരവിശ്വാസിയാണ്. ഈശ്വരവിശ്വാസം എപ്പോഴും മാനസികോര്‍ജ്ജം നല്‍കും. അതിലുപരി ദൈവാനുഗ്രഹമുള്ള ആളാണ് . എവിടെ പോയാലും ജയിച്ചേ വരൂവെന്നത് വ്യക്തമാണ്.
86-ാം വയസ്സിലും ഊര്‍ജ്ജത്തിന് ഒരു കുറവുമില്ല. നിരന്തരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ജരാനരകളോ വാര്‍ദ്ധക്യമോ ബാധിക്കില്ല. മുന്‍കാലങ്ങളില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ താക്കോല്‍ സ്ഥാനത്തിരുന്നവര്‍ വരേണ്യവിഭാഗത്തില്‍പ്പെട്ടവരാണ്. അങ്ങനെയല്ലാതെ സാധാരണക്കാരില്‍ നിന്ന് വന്നയാളാണ് വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹത്തിന്റെ തുറന്നടിച്ച സംസാരം ചിലപ്പോഴൊക്കെ ആളുകളില്‍ അമ്പരപ്പുണ്ടാക്കാറുണ്ട്.കേള്‍ക്കുന്നവര്‍ക്ക് അലോസരമുണ്ടാക്കമെങ്കിലും അതില്‍ സത്യത്തിന്റെ സൗന്ദര്യമുണ്ട്.ചമല്‍ക്കാരമല്ല ആത്മാര്‍ത്ഥതയാണ് പ്രധാനം. വെള്ളാപ്പള്ളി നടേശന്‍ ഒരു പച്ചമനുഷ്യനാണ്.

‘നീചഭംഗരാജയോഗം’ എന്നൊരു സങ്കല്‍പമുണ്ട് . നമ്മളെ വളരെ ദുഷിപ്പിച്ച് പറയുന്ന ആളുകള്‍ക്ക് തന്നെ അത് തിരിച്ചു പറയേണ്ട അവസ്ഥയുണ്ടാക്കും. 2016ലെ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ വാദിയായും സാമുദായിക വാദിയായും മദ്യമുതലാളിയായും ആക്ഷേപിച്ചുകൊണ്ട് നടന്ന ആളുകള്‍ കൃത്യം രണ്ടുകൊല്ലം കഴിഞ്ഞ് 2018ല്‍ അദ്ദേഹത്തെ നവോത്ഥാന നായകനായും മതനിരപേക്ഷ കേരളത്തിന്റെ കാവല്‍ഭടനായും വിശേഷിപ്പിച്ചു. അദ്ദേഹത്തെ ആക്ഷേപിച്ചവര്‍ നവോത്ഥാന സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ ആദരപൂര്‍വം ഉപവിഷ്ടനാക്കുകയും ചെയ്തു. വെള്ളാപ്പള്ളി നടേശനെ ഇന്ന് വിമര്‍ശിക്കുന്നവരും ദുഷിക്കുന്നവരും കുറച്ചു കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കി തിരുത്തേണ്ടി വരും. ഇനി തിരുത്തിയില്ലെങ്കില്‍ പോലും അംഗീകരിക്കേണ്ടതായി വരും. സംശയമില്ല.

Author

Scroll to top
Close
Browse Categories