പുസ്തക വില്പന
മേപ്രാണം സുകുമാരൻ കവിതകൾ നിരന്തരം എഴുതിക്കൊണ്ടിരുന്നു.
ഒരു കവിതാസഹാരം പുറത്തിറക്കണമെന്നത് അയാളുടെ ജീവിതാഭിലാഷം ആയിരുന്നു.
ആ അഭിലാഷം ഭാര്യയായ വിമലയെ അറിയിച്ചപ്പോൾ അവൾ പറഞ്ഞു:
”ആരെങ്കിലും ഇക്കാലത്ത് കവിതകൾ വായിക്കുമോ? പ്രത്യേകിച്ച്… ”
‘പ്രത്യേകിച്ച് നിങ്ങടെ കവിതകൾ’ എന്നു വിമല പറയാൻ പോയതായിരുന്നു. പക്ഷേ, വിമർശനം തീരെ സഹിക്കാത്ത ആളായതുകൊണ്ട് കത്തിയെടുത്തെങ്ങാനും കുത്തിയെങ്കിലോ എന്നു പേടിച്ച് പറയാൻ പോയത് തുടക്കത്തിലേ വിഴുങ്ങി.
” പ്രത്യേകിച്ച്? എന്താ നിർത്തിക്കളഞ്ഞത്?” മേപ്രാണം ചോദിച്ചു.
”കൊറോണ കാരണം വരുമാനമില്ലാതെ പലരും വീട്ടിലിരിക്കയല്ലേ…അങ്ങനെ പറഞ്ഞതാണ്” വിമല തടിയൂരി.
”എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെടി. വേണമെങ്കിൽ അന്ത്യാഭിലാഷമായി കരുതിക്കോളൂ.”
”ആയിക്കോട്ടെ. അതിന് കാശെവിടെന്നാ?” വിമല ചോദിച്ചു.
”ഈ ആവശ്യത്തിനായി നീയറിയാതെ പോസ്റ്റാഫീസിൽ ഞാനൊരു ആർഡി ചേർന്നിട്ടുണ്ടായിരുന്നു. അടുത്ത മാസമത് വട്ടമെത്തും ” അയാളൊരു നുണ പറഞ്ഞു.
കൊവിഡ് വന്ന ആളാണ്. വന്നവർക്ക് പിന്നെയും കൊവിഡ് പിടിപെട്ട് കുഴഞ്ഞുവീണ് മരിക്കുന്ന കാലമാണ്. അതോർത്ത് ഭർത്താവിന്റെ ‘അന്ത്യാഭിലാഷ’ത്തിന് തടസ്സം നിന്നില്ല വിമല.
ബാങ്കിൽനിന്ന് ലോണെടുത്ത തുക കൊണ്ട് അയാൾ പുസ്തകം അച്ചടിച്ചു.
പുസ്തകങ്ങൾ വിൽക്കാനുള്ള ശ്രമം ആരംഭിച്ചപ്പോഴാണ് അയാളൊരു സത്യം മനസ്സിലാക്കിയത്. പുസ്തകങ്ങൾ വിറ്റഴിക്കൽ അത്ര എളുപ്പമല്ല. അടുത്ത ചങ്ങാതിമാർ പോലും ‘കവിത വായിക്കാറില്ല, കഥയായിരുന്നെങ്കിൽ വാങ്ങാമായിരുന്നു’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. നാലഞ്ചു കവിതാ ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും പരസ്യമെന്നോണം അയാൾ തന്റെ കവിതാ സമാഹാരത്തെക്കുറിച്ച് പോസ്റ്റിട്ടു. നൂറു രൂപയുടെ ബുക്കിന് മുപ്പതു ശതമാനം കഴിവും പ്രഖ്യാപിച്ചു. എവിടെ! എല്ലാവരും ആശംസകൾ നേർന്നു എന്നല്ലാതെ ഒരാൾ പോലും പുസ്തകം വാങ്ങാൻ മുന്നോട്ടുവന്നില്ല. വിമല പറഞ്ഞത് സത്യമായി വരുന്നത് അയാൾ നടുക്കത്തോടെ ഓർത്തു.
ഇനി ഇപ്പോ എന്തു ചെയ്യും?
അപ്പോഴാണ് അയാൾ വൈക്കം മുഹമ്മദ് ബഷീറിനെയും കേശവദേവിനെയും ഓർത്തത്. അവർ വീടുകളിൽ കയറിയിറങ്ങി പുസ്തകം വിറ്റഴിച്ചതും മനസ്സിലെത്തി.
പിന്നെയൊന്നും ആലോചിച്ചില്ല.
പുസ്തകം നിറച്ച ബാഗുമായി മേപ്രാണത്തുള്ള സുകുമാരൻ ബസ്സിൽ കയറി ചേറ്റുവയിലേക്ക് പുറപ്പെട്ടു. തന്നെ അറിയുന്നവരാണല്ലോ പുസ്തകം വാങ്ങാത്തത്!
ചേറ്റുവയിലെത്തിയ അയാൾ വീടുവിടാന്തരം കയറിയിറങ്ങി. നല്ല പ്രതികരണമാണ് ലഭിച്ചത്. കവിത വായിക്കുന്നവരല്ലെങ്കിലും വീട്ടുകാരെല്ലാവരും പുസ്തകം വാങ്ങി സഹകരിച്ചു.
ബാങ്കിലെ ലോണടച്ചു തീർക്കാൻ കഴിയുമെന്ന പ്രതീക്ഷ അയാളിൽ വളർന്നുവന്നു.
വളരെ പ്രതീക്ഷയോടെയാണ് അയാൾ അടുത്ത വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്കു കടന്നത്. കൊട്ടാരം പോലത്തെ വീട്. കല്ലുകൾ പാകിയ മുറ്റം . കുറച്ചു ദൂരം നടന്നിട്ട് വേണം വീടിന്റെ മുന്നിലെത്താനും കോളിങ് ബെല്ലടിക്കാനും. പകുതി ദൂരമെത്തിയെപ്പോഴാണ് ഒരു നായ കുരച്ചു കൊണ്ട് പാഞ്ഞെത്തിയത്. പഞ്ഞിക്കെട്ട് പോലെയുള്ള ഒരു സാധനം. പൊമേറിയൻ നായ. സ്വന്തം കല്യാണം ക്ഷണിക്കാനായി ഒരു വീട്ടിലേക്കു കയറിച്ചെന്ന സെയ്തുക്കയുടെ മകൻ അബ്ബാസിനെ പൊമേറിയൻ നായ ചാടി കഴുത്തിൽ കടിച്ചതും കല്യാണം നാലു മാസത്തേക്ക് മാറ്റിവെച്ചതും മിന്നൽപ്പിണർ പോലെ മേപ്രാണത്തിന്റെ തലച്ചോറിലൂടെ കടന്നുപോയി. അയാളുടെ പകുതി ജീവൻ ആ നിമിഷം നഷ്ടപ്പെട്ടു,
നായ അടുത്തെത്തിക്കഴിഞ്ഞു. ഓടിയാൽ തന്റെ മോലെ ചാടിവീഴും. തീർച്ച.
സുകുമാരൻ ഉറക്കെ നിലവിളിച്ച് തന്റെ കയ്യിലെ ബാഗ് വീശി.
നായയുടെ കുരയും മനുഷ്യന്റെ നിലവിളിയും കേട്ട് ഗൃഹനാഥനും ഭാര്യയും വാതിൽ തുറന്ന് പുറത്തേക്കു വന്നു.
പുറത്തെ കാഴ്ച കണ്ട് അന്തിച്ചു നിന്ന ഗൃഹനാഥൻ ഉറക്കെ വിളിച്ചുകൂവി.
” വേഗം ഓടി രക്ഷപ്പെട്ടോളൂ…”
അപ്പോഴാണ് മേപ്രാണം ശരിക്കും കിടുങ്ങിയത്. ഗൃഹനാഥന് നിയന്ത്രിക്കാൻ പറ്റാത്ത നായയാണ്. “ഗംട്ടാ ഇവിടെ വാടാ… ” എന്ന് ഗൃഹനാഥ ഒച്ചവെക്കുന്നുണ്ടെങ്കിലും പ്രയോജനമുണ്ടായില്ല.
നാടക നടൻ കൂടിയാണ് മേപ്രാണം സുകുമാരൻ. നായയുടെ കടിയേൽക്കാതിരിക്കാനായി വടക്കൻപാട്ട് സിനിമകളിലെ അങ്കം വെട്ടിനെ കടത്തിവെട്ടും വിധം ബാഗ് പരിചയാക്കിയുള്ള ഒരു അഭ്യാസം തന്നെ അവിടെ അരങ്ങേറി. ആ അഭ്യാസത്തിനിടയിൽ, പകുതി തുറന്നുകിടന്നിരുന്ന ബാഗിൽനിന്ന് രണ്ട് കവിതാപുസ്തകങ്ങൾ പറന്ന് താഴെ വീണു.
അതോടെ ഗംട്ടൻ ശാന്തനായി. അത് വേഗം ചെന്ന് പുസ്തകത്തിന്റെ അടുത്തെത്തി മണത്തുനോക്കി. പിന്നെ സുകുമാരനെ ദയനീയമായി നോക്കിനിന്നു.
ഗൃഹനാഥൻ ശ്വാസം വിടാതെ എല്ലാം കണ്ടുനിൽക്കുകയായിരുന്നു.
ശാന്തനായി നിന്ന ഗംട്ടനെ അയാൾ പിടിച്ചുകൊണ്ടുപോയി കൂട്ടിലാക്കി വാതിലടച്ചു.
“ഗംട്ടൻ എന്നെ അനുസരിക്കാറില്ല. എനിക്കുമവനെ പേടിയാ. താങ്കളുടെ പ്രകടനം അസ്സലായി ”
അയാൾ മേപ്രാണത്തെ അഭിനന്ദിച്ചു.
”നാടക നടൻ കൂടിയാണ്” മേപ്രാണം താഴ്‌മയോടെ പറഞ്ഞു.
”നായ്ക്കളുടെ കടിയിൽനിന്ന് രക്ഷനേടൻ ഇത്തരം അടവുകളാണ് വേണ്ടത്. ബോധവൽക്കരിച്ചിട്ടെന്തു കാര്യം? ആട്ടെ, എന്തിനാ വന്നത്?” ഗൃഹനാഥൻ ചോദിച്ചു:
“ഞാനെഴുതിയ കവിതാസമാഹാരം വിൽക്കാൻ വന്നതാണ്”
” തന്നോളൂ..”
സുകുമാരൻ ബാഗിൽ നിന്ന് ഒരു പുസ്തകമെടുത്ത് അയാൾക്ക് കൊടുത്തു.
” രണ്ടെണ്ണം കൂടി ആയിക്കോട്ടെ. അത് നായയെ വരുതിയിലാക്കിയതിനുള്ള സമ്മാനമായി കൂട്ടിക്കോളൂ… ”
രണ്ടു പുസ്തകങ്ങൾ കൂടി കൊടുത്ത്, നന്ദി പറഞ്ഞ് മേപ്രാണം സുകുമാരൻ ഗേറ്റിനടുത്തേക്ക് നടക്കുമ്പോഴാണ് അതു കേട്ടത്:
”നമ്മുടെ ഗംട്ടൻ കഴിഞ്ഞ ജന്മത്തിൽ ഏതോ പാവം കവിയായിരുന്നിരിക്കണം”
ഗൃഹനാഥനാണത് പറഞ്ഞത്.
”ശരിയാ…”
ഗൃഹനാഥ ശരിവെച്ചു.
പുസ്തകം വിൽക്കണമെങ്കിൽ എന്തൊക്കെ സഹിക്കണം! ബാങ്ക് ലോണിന്റെ കാര്യമോർത്ത് പുസ്തക സഞ്ചിയുമായി മേപ്രാണം സുകുമാരൻ അടുത്ത വീട്ടിലേക്കു നടന്നു….
Mob: 9495170511