അടുത്ത മുഖ്യമന്ത്രി ഏത് “നായർ’?

കേരളത്തില്‍ പ്രത്യയശാസ്ത്ര ചിന്ത സാദ്ധ്യമല്ലാതായി. രാഷ്ട്രീയം തന്നെ കൂടുതല്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതമായി. കോണ്‍ഗ്രസ് രാഷ്ട്രീയം ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നത് ചില വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമികേഡറാക്കാന്‍ പോയ സുധാകരന്റെ ശബ്ദം തന്നെ ഇപ്പോള്‍ കേള്‍ക്കാനില്ല.ഇപ്പോള്‍ പ്രധാന ചര്‍ച്ച ഏത് നായരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ്. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ഡോക്ടര്‍ ശശിതരൂര്‍ – ഇവരിലാരാണ് മുഖ്യമന്ത്രി എന്നതാണ് തര്‍ക്കം. ശശിതരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തുടങ്ങുന്നതോടുകൂടിയാണ് കോണ്‍ഗ്രസില്‍ നിന്നും വിഭാഗീയതയുടെ തീക്കാറ്റുയരാന്‍ തുടങ്ങിയത്.

മൂന്ന് വര്‍ഷം കഴിഞ്ഞ് ചോദിക്കേണ്ട ഒരു ചോദ്യം ഇപ്പോള്‍ ഉയര്‍ന്നു വരുന്നു. ആരാണ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? അതിനുള്ള ഉത്തരവും ചോദിക്കുന്നവര്‍ നല്‍കുന്നുണ്ട്. അതൊരു നായര്‍ മുഖ്യമന്ത്രിയായിരിക്കും. അപ്പോള്‍ അടുത്ത ചോദ്യം ഉയരുന്നു. ഏത് നായരായിരിക്കും അടുത്ത മുഖ്യമന്ത്രി? കേരളം അങ്ങനെയുള്ള ചോദ്യങ്ങള്‍ ഇതിനുമുമ്പ് ചോദിച്ചിട്ടില്ല. എന്നാലിപ്പോള്‍ ജാതിയും മതവും വല്ലാത്ത ഒരു കോംബോ സൃഷ്ടിച്ചിരിക്കുന്നു. അതാണ് ഈ ചോദ്യങ്ങള്‍ ഉയരുന്നതിന്റെ കാരണം.

ഈ ഹൈപ്പോത്തെറ്റിക്കലായ ചോദ്യങ്ങള്‍ ഉയരുന്നത് അടുത്ത മുഖ്യമന്ത്രി ഒരു നായരാണ് എന്ന ഉറപ്പിലാണ്. അവിടെയാണ് കേരളത്തിന്റെ രാഷ്ട്രീയം ബാലസാഹിത്യമായി മാറിയത്. രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ കഴിയാതെ പ്രത്യയശാസ്ത്രം പറയാതെ ഓരോ നേതാവിന്റെയും പിന്നാലെ പോകുന്ന രാഷ്ട്രീയ സഞ്ചാരമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ പ്രത്യയശാസ്ത്ര ചിന്ത സാധ്യമല്ലാതായി. രാഷ്ട്രീയം തന്നെ കൂടുതല്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതമായി. കോണ്‍ഗ്രസ് രാഷ്ട്രീയം ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നത് ചില വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമികേഡറാക്കാന്‍ പോയ സുധാകരന്റെ ശബ്ദം തന്നെ ഇപ്പോള്‍ കേള്‍ക്കാനില്ല.
ഇപ്പോള്‍ പ്രധാന ചര്‍ച്ച ഏത് നായരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ്. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ഡോക്ടര്‍ ശശി തരൂര്‍ – ഇവരിലാരാണ് മുഖ്യമന്ത്രി എന്നതാണ് തര്‍ക്കം. ശശിതരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തുടങ്ങുന്നതോടുകൂടിയാണ് കോണ്‍ഗ്രസില്‍ നിന്നും വിഭാഗീയതയുടെ തീക്കാറ്റുയരാന്‍ തുടങ്ങിയത്. ശശിതരൂര്‍ കേരളത്തിലേയ്ക്ക് വരുന്നത് ഇവിടെയുള്ള നേതാക്കളുടെ ഉറക്കം കെടുത്തുന്നു.

ന്യൂസ്‌മേക്കര്‍ ഓഫ് ദി ഇയര്‍

ഈ വര്‍ഷം മനോരമ ന്യൂസ്‌മേക്കറായി തെരഞ്ഞെടുക്കുന്നത് ഡോക്ടര്‍ ശശിതരൂരിനെയാണ്. മത്സരം നടക്കുന്നതേയുള്ളു. എങ്കിലും ന്യൂസ്‌മേക്കര്‍ ആരാണെന്ന് അറിയാന്‍ പാഴൂര്‍പടിക്ക് പോകേണ്ടതില്ല. അത് ശശിതരൂര്‍ ആണ്. ആ മത്സരത്തിന്റെ ഡിബേറ്റ് നടക്കുന്ന സമയത്ത് അയ്യപ്പദാസ് ശശിതരൂരിനോട് ചോദിച്ചു. ‘മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ?’ ഇതിന് തരൂര്‍ പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ താന്‍ തയ്യാര്‍ എന്നായിരുന്നു. പക്ഷെ അതിന് താന്‍ മാത്രം തയ്യാറായിട്ട് കാര്യമില്ല. അത് തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണ്. ഇതിന് മുമ്പ് ചില അഭിമുഖങ്ങളില്‍ ഇക്കാര്യം ശശിതരൂര്‍ വ്യക്തമാക്കിയിരുന്നു. ഒരാള്‍ക്ക് മുഖ്യമന്ത്രിയാകണമെങ്കില്‍ അതിന് ഒരു വെഹിക്കിള്‍ അല്ലെങ്കില്‍ വാഹനം ആവശ്യമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് സി.പി.എം. പാര്‍ട്ടിയിലൂടെയാണ്. അതുപോലെ തരൂരിന് മുഖ്യമന്ത്രിയാകണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വേണം. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്റെ വെഹിക്കിള്‍ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ന്യൂസ്‌മേക്കര്‍ ഓഫ് ദി ഇയര്‍ ആയതുകൊണ്ട് തനിക്ക് മുഖ്യമന്ത്രി ആവാന്‍ കഴിയില്ലെന്ന് തരൂരിന് അറിയാം.

കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കണമെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവണം. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് കാലം കോണ്‍ഗ്രസ് എന്താണെന്ന് തരൂരിനെ ബോധ്യപ്പെടുത്തിയ കാലമായിരുന്നു. ഹൈക്കമാന്റ് അല്ലെങ്കില്‍ ഗാന്ധി കുടുംബം അതാണ് കോണ്‍ഗ്രസ്. ഗാന്ധി കുടുംബത്തിന് അനഭിമതനായ ഒരാള്‍ക്ക് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാകല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരിക്കലും നടക്കാത്ത സ്വപ്‌നം എന്ന് കോണ്‍ഗ്രസുകാര്‍ പറയും. അതുകൊണ്ടാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ശക്തമായി തരൂരിന്റെ നീക്കത്തെ എതിര്‍ക്കുന്നത്. തരൂര്‍ കേരളത്തില്‍ സജീവമാകേണ്ട എന്നാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത്. തരൂരിന് പുറത്തുനിന്നുള്ള പിന്തുണ കൂടിയാലും അകത്തു നിന്നുള്ള എതിര്‍പ്പ് ശക്തമാകാനാണ് സാധ്യത.

നായര്‍ക്ക് നായരെ കാണാമോ?

ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ല് ഉണ്ട്. ‘Dog does not eat dog’ .ഒരു പട്ടി മറ്റൊരു പട്ടിയെ തിന്നില്ല. അതിന്റെ അര്‍ത്ഥം ഒരേ പ്രൊഫഷന്‍ ചെയ്യുന്നവര്‍ പരസ്പരം പാലം വലിക്കില്ല എന്നാണ്. ഒരു പത്രപ്രവര്‍ത്തകന്‍ അഴിമതി കാണിച്ചാല്‍ മറ്റൊരു പത്രപ്രവര്‍ത്തകന്‍ അത് പുറത്തുകൊണ്ടുവരില്ല. അതൊരു പരസ്പരം കാക്കലാണ്. ഇതിന്റെ നേരെ എതിരാണ് സമുദായ സംഘടനകളിലെ സ്ഥിതി. അതുകൊണ്ടാണ് പണ്ട് മന്നത്തുപത്മനാഭന്‍ പറഞ്ഞത് ‘ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂട’ എന്ന്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്റെ ശത്രുക്കളെ ഓര്‍ത്തുകൊണ്ടാണ് ശശിതരൂര്‍ മന്നത്തിന്റെ ആ വാക്കുകളെ സ്മരിച്ചത്. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ശശി തരൂര്‍ നടത്തിയ നിരീക്ഷണം പെട്ടെന്ന് ഒരു വാര്‍ത്ത ബോംബായി പൊട്ടിത്തെറിച്ചു. ഏത് നായര്‍ക്ക് ഏത് നായരെ കണ്ടുകൂട എന്നായി സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. ഒരു നായര്‍ പോരിന്റെ ചൂടും ചൂരും അതിനുണ്ടായി. മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്ന ചിലരാണ് തരൂരിനെ തോണ്ടിയതെന്ന് മുമ്പ് കെ. മുരളീധരന്‍ പറഞ്ഞുവെച്ചിരുന്നു. അങ്ങിനെ തരൂരിനെ കാണാന്‍ ഇഷ്ടപ്പെടാത്തവരായി വി.ഡി. സതീശനും, കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും മാറി.
ഒരു പക്ഷേ ശത്രുപക്ഷത്തുള്ള ഇവരുടെ ഭൂപടമായിരിക്കണം ചങ്ങനാശേരിയില്‍ പ്രസംഗിക്കുമ്പോള്‍ തരൂരിന്റെ മനോമുകുരത്തില്‍ ഉണ്ടായിരിക്കുക. തന്റെ ഒരു തമാശയായിരുന്നു അതെന്ന് തരൂര്‍ തുറന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഓഡിയന്‍സ് ആ തമാശ എല്ലാ അര്‍ത്ഥത്തിലും ആസ്വദിക്കുകയും കൈയ്യടിക്കുകയും ചെയ്തു. പക്ഷെ പിന്നീട് അത് വിശദീകരിക്കാന്‍ തരൂര്‍ തയ്യാറായി. ‘ഞാനൊരു തമാശ പറഞ്ഞതാണ്. നമ്മുടെ രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിച്ചു.

കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം
ഒരു പ്ലാന്ററ്റ് പ്രോസസ്

അപ്രതീക്ഷിതമായ ഒരു നേരത്താണ് സതീശനെതിരെ സുകുമാരന്‍നായര്‍ വാര്‍ത്താബോംബ് പൊട്ടിച്ചത്. ‘പറവൂരില്‍ സതീശന്റെ തട്ടകത്തില്‍ ചെന്ന് സതീശനെ പരിഹസിച്ചു. പെരുന്നയില്‍ വന്ന് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടു ചോദിച്ച സതീശനാണ് തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ വോട്ടിനുവേണ്ടി ഞാന്‍ ഒരു സമുദായനേതാവിന്റെയും തിണ്ണ നിരങ്ങിയില്ല എന്ന് പറഞ്ഞു നടക്കുന്നത് എന്ന് വെളിപ്പെടുത്തിയാണ് സതീശന് എതിരെ സുകുമാരന്‍നായര്‍ നീങ്ങിയത്. സതീശന് എതിരെ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം സുകുമാരന്‍ നായര്‍ നീങ്ങുന്നുണ്ട്. ഒന്നരമണിക്കൂര്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് സതീശന്‍ ചെലവഴിച്ചെന്നും അതിനെ തുടര്‍ന്ന് പറവൂര്‍ എന്‍.എസ്.എസ്. കരയോഗം സെക്രട്ടറിയെ വിളിച്ച് പറഞ്ഞെന്നും സുകുമാരന്‍നായര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും സുകുമാരന്‍നായര്‍ സതീശനെതിരെ സംസാരിച്ചു. സതീശന്‍ നായര്‍ സമുദായത്തെ വേദനിപ്പിച്ചു എന്നാണ് സുകുമാരന്‍നായര്‍ ആരോപിക്കുന്നത്. സതീശന്‍ ഒരിക്കല്‍ പറഞ്ഞു. ”സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടന്നുകൊടുക്കുന്നവരാണ് രാഷ്ട്രീയ നേതാക്കള്‍” അങ്ങിനെ ചെയ്യുന്നവര്‍ക്ക് എതിരെ നിലപാട് എടുത്ത സതീശന്റെ ഭാഷയാണ് സുകുമാരന്‍നായരെ ചൊടിപ്പിച്ചത്. സതീശന്റെ ഭാഷയും ടോണും മോശമാണെന്നാണ് സുകുമാരന്‍നായര്‍ പറയുന്നത്. അത്തരം ഭാഷ അംഗീകരിക്കാനാവില്ല. നായര്‍ സമുദായം അത് മറക്കില്ല.

ഊതി വീര്‍പ്പിച്ച
ബലൂണ്‍

ഒരു വശത്ത് സുകുമാരന്‍നായര്‍ സതീശനെതിരെ തിരിയുമ്പോള്‍ മറുവശത്ത് ഡോക്ടര്‍ ശശിതരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തള്ളിക്കൊണ്ടു വരികയായിരുന്നു മറ്റുചിലര്‍. കോണ്‍ഗ്രസ് എം.പി രാഘവന്റെ നേതൃത്വത്തിലാണ് ആ നീക്കം ശക്തിപ്പെട്ടത്. രാഘവന്റെയും കൂടെയുള്ളവരുടെയും ശ്രമഫലമായി ശശിതരൂര്‍ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ വരുന്നു. പരിപാടിയുടെ തലേദിവസം യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് പിന്മാറുന്നു. കാരണം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം യൂത്ത് കോണ്‍ഗ്രസിനെ .വിലക്കുകയായിരുന്നു. എന്നാല്‍ പരിപാടി നിശ്ചയിച്ച സ്ഥലത്തു തന്നെ നിശ്ചയിച്ച സമയത്ത് വലിയ ബഹുജനപങ്കാളിത്തത്തോടുകൂടി നടന്നു.

ഈ വര്‍ഷം മനോരമ ന്യൂസ്‌മേക്കറായി തെരഞ്ഞെടുക്കുന്നത് ഡോക്ടര്‍ ശശിതരൂരിനെയാണ്. മത്സരം നടക്കുന്നതേയുള്ളു. എങ്കിലും ന്യൂസ്‌മേക്കര്‍ ആരാണെന്ന് അറിയാന്‍ പാഴൂര്‍പടിക്ക് പോകേണ്ടതില്ല. അത് ശശിതരൂര്‍ ആണ്. ആ മത്സരത്തിന്റെ ഡിബേറ്റ് നടക്കുന്ന സമയത്ത് അയ്യപ്പദാസ് ശശിതരൂരിനോട് ചോദിച്ചു. ‘മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ?’ ഇതിന് തരൂര്‍ പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ താന്‍ തയ്യാര്‍ എന്നായിരുന്നു. പക്ഷെ അതിന് താന്‍ മാത്രം തയ്യാറായിട്ട് കാര്യമില്ല. അത് തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണ്.

ശശിതരൂര്‍ വലിയൊരു കോണ്‍ഗ്രസ് നേതാവായി മാറുന്നത് അതോടുകൂടിയാണ്. അന്ന് സതീശന്‍ പൊട്ടിത്തെറിച്ചു. ശശിതരൂര്‍ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണാണ് എന്ന് സതീശന്‍ പ്രസ്താവിച്ചത് അപ്പോഴാണ്. സൂചികൊണ്ട് കുത്തിയാല്‍ അത് പൊട്ടിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളൊന്നും അങ്ങിനെ പൊട്ടിപ്പോകുന്നവരല്ലെന്നും സതീശന്‍ വ്യക്തമാക്കി. കാരണം സതീശനും രമേശ്‌ചെന്നിത്തലയുമൊക്കെ കെഎസ്‌യുവിലൂടെ നിരന്തരം പ്രവര്‍ത്തിച്ച് വളര്‍ന്നുവന്ന നേതാക്കളാണ്. അവര്‍ സ്ഥിരം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ്. അതേ സമയം ശശിതരൂര്‍ ആകാശത്തു നിന്ന് കെട്ടിയിറക്കിയ നേതാവാണ്. ഭൂമിയില്‍ വേരില്ലാത്ത അപ്പുപ്പന്‍ താടി.

ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ ഒന്നാം മലബാര്‍ യാത്ര ആരംഭിക്കുന്നത്. പാണക്കാട് സന്ദര്‍ശനം നടത്തി മുസ്ലീംലീഗിന്റെ സൗഹൃദവും സപ്പോര്‍ട്ടും ഉറപ്പുവരുത്തുന്നു. താമരശ്ശേരി ബിഷപ്പിനെ സന്ദര്‍ശിക്കുന്നു. അവിടന്ന് കട്ട സപ്പോര്‍ട്ട് നേടുന്നു. പിന്നീട് എം.ടി. വാസുദേവന്‍നായരെ കാണുന്നു. സാഹിത്യചര്‍ച്ചകളില്‍ മുഴുകുന്നു. പിന്നീട് ടി. പത്മനാഭന്റെ കരം പിടിക്കുന്നു. അങ്ങിനെ മലബാറില്‍ ഒരു പടയോട്ടം പൂര്‍ത്തിയാക്കി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിക്കുന്നു.

പിന്നീട് തരൂരിന്റെ നോട്ടം മധ്യതിരുവിതാംകൂറിലേക്കായിരുന്നു. പാലാ ബിഷപ്പിനെയും സി.എസ്.ഐ. തിരുമേനിയേയും കത്തോലിക്ക ബാവയെയും കാണുന്നു, പിന്തുണ നേടുന്നു. ഒപ്പം എന്‍.എസ്.എസിന്റെ മന്നം ജൻമദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഇനി മാരമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ജനുവരി 13 മുതല്‍ തരൂര്‍ രണ്ടാം മലബാര്‍ സന്ദര്‍ശനം ആരംഭിക്കുകയാണ്. ആദ്യ സന്ദര്‍ശനത്തില്‍ കാണാന്‍ കഴിയാത്തവരെ രണ്ടാം സന്ദര്‍ശനത്തില്‍ കാണും. എന്‍.എസ്.എസ്. ആസ്ഥാന സന്ദര്‍ശനം കഴിഞ്ഞ് ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനത്ത് എത്തിയ തരൂരിനോട് കേരളത്തിലേയ്ക്ക് വരണം എന്നാണ് കത്തോലിക്ക മേധാവി ആവശ്യപ്പെട്ടത്. കത്തോലിക്കബാവ പറഞ്ഞത് രണ്ട്‌വട്ടം കേരളത്തില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയപ്പെട്ടത് കോണ്‍ഗ്രസ്സിന്റെ അപചയം കൊണ്ടാണെന്നായിരുന്നു, ഇത് മാറണം. തരൂര്‍ കേരളത്തില്‍ സജീവമാകണം. അതിന് ശേഷം തരൂര്‍ പറഞ്ഞത് ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നിയമസഭയിലേക്ക് മത്സരിക്കാം എന്നായിരുന്നു.

‘പടക്കു മുന്നേ
പാളയത്തില്‍ പട’

ഇന്ന് മാധ്യമങ്ങളില്‍ മുഴുവന്‍ കോണ്‍ഗ്രസ്സിന് ഉള്ളിലെ പടയൊരുക്കമാണ് നിറഞ്ഞു നിന്നത്. ശശി തരൂര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞപ്പോള്‍ മറ്റ് ചില നേതാക്കളും അവരുടെ ആഗ്രഹങ്ങള്‍ പ്രകടമാക്കി. ടി.എന്‍. പ്രതാപന്‍ ലോകസഭയിലേക്ക് മത്സരിക്കാനില്ല, നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. ഹൈബി ഈഡന്‍ എവിടെയും മത്സരിക്കാന്‍ തയ്യാര്‍. മുരളീധരന്‍ വടകരയില്‍ തന്നെ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എല്ലാത്തിനും മറുപടി പറഞ്ഞത് സതീശനാണ്. ആര് എവിടെ മത്സരിക്കും എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം കെ. മുരളീധരന്‍ പറഞ്ഞത് അതൊക്കെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നായിരുന്നു. സതീശന്റെ നിലപാട് പാര്‍ട്ടി കേന്ദ്രീകൃതമാണ്. ആര് എവിടെ മത്സരിക്കും എന്നത് സംഘടനാപരമായി പാര്‍ട്ടി എടുക്കേണ്ട തീരുമാനമാണ്. അതാണ് മര്യാദ എന്ന് സതീശന്‍ വ്യക്തമാക്കി. എന്തായാലും തെരഞ്ഞെടുപ്പ് വരുന്നതിനു മുമ്പ് തന്നെ പാളയത്തില്‍ പട ആരംഭിച്ചു. മുന്‍ എം.പി.മാരെല്ലാം വീണ്ടും മത്സരിക്കാന്‍ സ്വയം തീരുമാനിച്ചാല്‍ അംങ്കം മുറുകും. കാര്യങ്ങള്‍ അപകടത്തിലേയ്ക്ക് നീങ്ങും. ഭൈമികാമുകന്മാര്‍ക്ക് മത്സരിക്കാന്‍ സീറ്റില്ലാതെ വരും. പലരും തലമുണ്ഡനം ചെയ്യും. പാര്‍ട്ടി വിട്ട് പോകും.

തറവാടി നായര്‍ പ്രയോഗം
ശശിതരൂരിന് ദോഷം

പെരുന്നയിലെ പോപ്പാണ് സുകുമാരന്‍നായര്‍. കത്തോലിക്കരുടെ തലവനെ പോപ്പെന്ന് വിളിക്കാമെങ്കില്‍ നായന്മാരുടെ തലവനെ പെരുന്നയിലെ പോപ്പെന്ന് വിളിക്കാം. സുകുമാരന്‍നായരുടെ ദൃഢവിശ്വാസം ഡോക്ടര്‍ ശശിതരൂര്‍ ഒരു തറവാടി നായരാണ് എന്നാണ്. രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂരം പ്രഖ്യാപിച്ച എന്‍.എസ്.എസ്. മന്നം ജയന്തിക്ക് രാഷ്ട്രീയനേതാക്കളെ അടുപ്പിക്കാറില്ല. അനുവാദം ചോദിക്കാതെ എന്‍.എസ്.എസി ന്റെ ബഡ്ജറ്റ് സമ്മേളനം നടക്കുമ്പോള്‍ കയറിച്ചെന്ന നായരായ സുരേഷ്‌ഗോപിയെ ഇറക്കിവിട്ടത് ചരിത്രമാണ്. സുരേഷ്‌ഗോപിയെ ഇറക്കിവിട്ടിടത്തേക്കാണ് ശശിതരൂരിനെ ക്ഷണിച്ചു കയറ്റിയത്. അതിന്റെ കാരണം പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സുകുമാരന്‍നായര്‍ പറഞ്ഞതിങ്ങനെയാണ് ”തരൂര്‍ ഒരു തറവാടിയാണ്. അദ്ദേഹം വിശ്വപൗരനാണ് അദ്ദേഹത്തിന്റെ അനന്തമായ അറിവും ബുദ്ധിയും കുറേശ്ശെ ഞങ്ങള്‍ക്ക് ലഭിക്കുന്നത് നല്ലതാണെന്നു കരുതി”

ഈ തറവാടി മുദ്ര ശശിതരൂരിന്റെ വ്യക്തിത്വത്തിനു കളങ്കമാണ്. പണ്ട് രമേശ് ചെന്നിത്തലയെ താക്കോല്‍സ്ഥാനത്ത് സ്ഥാപിക്കാന്‍ സുകുമാരന്‍നായര്‍ നടത്തിയ പ്രഖ്യാപനം രമേശിനെ നായരാക്കി ഒതുക്കാനാണ് സഹായിച്ചത്. സുകുമാരന്‍നായര്‍ അന്ന്പറഞ്ഞത് കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം നല്‍കിയ ഉറപ്പ് പാലിക്കണമെന്നാണ്. ആഭ്യന്തരമന്ത്രി സ്ഥാനം രമേശിന് നല്‍കിയില്ലെങ്കില്‍ ഭരണം തുടരാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തറവാടിയായ നായര്‍ മുദ്ര ശശിതരൂരിന്റെ വ്യക്തിത്വത്തെ ന്യൂനീകരിക്കും. ഒരു നായര്‍ മുഖ്യമന്ത്രിയായി അദ്ദേഹത്തെ വിഭാവനം ചെയ്യുന്നത് ജാതിരാഷ്ട്രീയത്തിന്റെ കണ്ണടക്കണ്ണുകളിലൂടെയാണ്. അങ്ങിനെ വന്നാല്‍ അത് മറ്റ് ഇതര സമുദായ അംഗങ്ങളെ അകറ്റി മാറ്റും.

മുഖ്യമന്ത്രിയാകാന്‍ നടക്കുന്ന മത്സരത്തില്‍ ഗാന്ധി കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകള്‍ പ്രധാനമാണ്. അത് ആര്‍ക്ക് വീഴും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. കോണ്‍ഗ്രസിന് ഒരു ക്രൗഡ് പുള്ളര്‍ നേതാവ് ഇപ്പോളില്ല. അത് ഉമ്മന്‍ചാണ്ടിയില്‍ അവസാനിച്ചു. ആ സ്‌പെയിസിലാണ് ശശിതരൂര്‍ കടന്നുവരാന്‍ ശ്രമിക്കുന്നത്. പക്ഷെ ഡല്‍ഹി നായരെ കേരള നായരാക്കി വാഴിക്കുന്നതു വഴി ശശിതരൂരിന്റെ സാധ്യതകളെ കൂടിയാണ് സുകുമാരന്‍നായര്‍ വിഴുങ്ങുന്നത്. ശശിതരൂരിനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചാല്‍ തന്നെ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുന്ന ഹൈക്കമാന്റ് അത് വെട്ടാനാണ് സാധ്യത. അവിടെ കൗശലക്കാരായ, രാഷ്ട്രീയ പ്രൊഫഷനലുകളായ വി.ഡി. സതീശനോ, രമേശ് ചെന്നിത്തലയോ, കെ.സി.വേണുഗോപാലോ പിടിമുറുക്കിയിരിക്കും.

പ്രതിപക്ഷ നേതാവാകാന്‍ കുപ്പായം തയ്യാറാക്കി വെച്ച രമേശ് ചെന്നിത്തലയെ താഴെയിറക്കി വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായി മാറിയത് നമ്മള്‍ കണ്ടതാണ്. കൂടുതല്‍ വോട്ട് കിട്ടിയിട്ടും ചെന്നിത്തലയല്ല സതീശനാണ് പ്രതിപക്ഷ നേതാവായത്. സതീശന്റെ പൂഴിക്കടകനില്‍ ചെന്നിത്തല വീണത് ചരിത്രമാണെങ്കില്‍ ഇനി അത് ശശിതരൂരിന്റെ വീഴ്ചയിലാണ് ആവര്‍ത്തിക്കപ്പെടുക. കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ അണയുന്നില്ല അടവുകള്‍. അത് ഒന്ന് തൊടുത്താല്‍ പത്താവും പത്ത് തൊടുത്താല്‍ നൂറാവും. ചില കാര്യങ്ങളില്‍ സ്വയം എക്‌സ്‌പോസായിപ്പോയത് തിരിച്ചറിഞ്ഞായിരിക്കും ഇനി സതീശന്‍ നീങ്ങുക. ബുദ്ധികൊണ്ട് മാത്രം ജയിക്കാവുന്നതല്ല രാഷ്ട്രീയം. അതിന് മാക്യവെല്ലിയന്‍ തന്ത്രങ്ങള്‍ വളരെ പ്രധാനമാണ്. ഇനി മൂന്ന് വര്‍ഷമുള്ളതുകൊണ്ട് പലതരം കീഴ് മറിച്ചിലുകളുടെ സാധ്യതകള്‍ അവിടെ കടന്നുവരാം. ഇന്ന് നടത്തുന്ന പ്രവചനങ്ങള്‍ വല്ലാതെ വേണമെങ്കില്‍ മാറിപ്പോകാം. എങ്കിലും തരൂരിന്റെ വഴി അത്ര എളുപ്പമാകില്ല.

Author

Scroll to top
Close
Browse Categories