ചിതറി വീണ താരകം പോല മർത്യനിന്ന്
ഒന്ന്
ഭൂമിയൊന്ന് സൂര്യനൊന്ന് ചന്ദ്രനൊന്ന് വായുവൊന്ന്
വെള്ളമൊന്ന് അനിലനൊന്ന്
അഗ്നിയൊന്ന് വർഷമൊന്ന് മനുഷ്യനൊന്ന്
മതവുമൊന്ന് ജാതിയൊന്ന്
ദൈവമൊന്ന്
പിന്നെയെന്തേ?
ചിതറി വീണ
താരകം പോല മർത്യനിന്ന്
മതത്തിനുള്ളിൽ
ജാതി കൊണ്ടു
കോട്ട കെട്ടി
ആടിടുന്നു?
രണ്ട്
രണ്ടിനൊന്നാകുവാൻ കൊതി,
ഒന്നായ രണ്ടിനിണ്ടൽ തീണ്ടി,
രണ്ടായി നില്പുണ്ട്,
രണ്ടിലൊന്നറിയേണമെന്നു ചൊല്ലി.
രണ്ട് രണ്ടിൽ ചേരാതെ മണ്ടുന്ന കാഴ്ചയും,
രണ്ടുമൊന്നിലടങ്ങാത്ത വീഴ്ചയും,
രണ്ടൊന്നാക്കിയോരെല്ലാം
ഒത്തുചേർന്നിന്നു രണ്ടാക്കും നേരത്ത്,
രണ്ടിനെത്ര തണ്ടെന്ന ചോദ്യവും,
തണ്ടിലേറാതെ കാലം
കടക്കുവാനുണ്ട് നാളെന്നതോർക്കാതെ,
ഒന്നായിരുന്നതിന്ന്,
രണ്ടായ് പിരിഞ്ഞു.
രണ്ടിനിന്നു സന്തോഷമോ !!!കണ്ട് കാലം കളയുവോർ, രണ്ടുമൊന്നായിരിക്കട്ടെ.
മൂന്ന്
മൂന്നിനായ് മുന്നൊരുക്കം
നടത്തിയ മധുരകാലത്തിനോർമ്മകൾ,
മധുവസന്തമായ്
തീർന്നൊരാ നാളുകൾ
മനസ്സിലേക്കെത്തിയാനന്ദമായ്.
മൂന്ന് ഉരുവായ് തിരിയും നേരത്ത്
മുൻ പൊന്നുമില്ലാത്ത പോൽ
മുഖകാന്തി കൂടി പെണ്ണിന്ന്
മുറ്റത്തേക്കോട്ടം കൂടി
മുതിർന്നവർ ചൊല്ലി വിശേഷം,
മൂന്നാമതൊരാൾ വരുന്നു
മുറ്റത്തോടിക്കളിക്കാനെന്നും
മൊഴിയുന്നാനന്ദമോടെ
മാരനരികത്തണയാൻ
മനംകുളിർത്തുള്ളം
മുറമാറി മിടിക്കുന്നു
മൂന്നാമനെ പുല്കുവാൻ
മുന്നിലെ ഒന്നും രണ്ടും മനസ്സൊരുക്കി,
മുഖപടം മാറ്റി
മൂന്ന് മുന്നിലെത്തി.
മുന്നിലണഞ്ഞൊരു മൂന്നാമനെ,
മാറോടു ചേർത്തണച്ചു ഒന്നും രണ്ടും ചേർന്നുണ്ടായ
മൂന്നിൻ മുന്നിൽ
മുട്ടുമടക്കിയ നാൾകൾ കൊഴിഞ്ഞെങ്ങോ പോയി,
മൂന്നിൻ വാക്കിൻ ശരമുനയേറ്റ്
പിടയുന്ന കാലമായ്…..
നാല്
നാലകത്തെപ്പൊഴും
നാലാളു കൂടുവാൻ
നാളെത്ര കാക്കണം
നാമെന്തു ചെയ്യണം.
നാലിലൊന്നാകണം
നാടു നന്നാകുവാൻ
നല്ലതു ചൊല്ലണം
നന്മ നിറയണം.
നാൽവർ കൂടുന്നിടം
നന്നായ് ചമക്കണം
നാശം വിതക്കാതെ
നരധർമ്മമുരക്കണം.
അഞ്ച്
അഞ്ചൊന്നു കൊഞ്ചിപ്പറഞ്ഞു,
നെഞ്ചേറ്റിയഞ്ചിനെ ഞാനുമീ പ്രബുദ്ധരും
അഞ്ചഞ്ച് കൊല്ലം കഴിഞ്ഞിടുമ്പോഴെന്റെ
നെഞ്ചകം വിങ്ങിപ്പിടഞ്ഞിടുന്നു.
നെഞ്ചേറ്റിയ യഞ്ചിനെ
വഞ്ചകനെന്നറിഞ്ഞിന്നു
തഞ്ചത്തിൽ താഴെയിറക്കി,
പുഞ്ചിരിച്ചെത്തിയ
പുത്തൻ അഞ്ചിനെയേറ്റിവെച്ചു.
വൻ ചതിയാലിന്നു മെന്റെ
പഞ്ചവത്സരം പാഴ് വേലയായ്…….
ആറ്
ആറുമഴകോടൊഴുകുന്നു,
ഭൂമിതൻമാറിലന്നേരമിരുളുന്നു, നേരം വെളുത്തുനില്ക്കെ,
ദിഗന്തം നടുങ്ങുമാറിടിനാദം മുഴങ്ങുന്നു,
ഉരുൾപൊട്ടിയടരുന്നു
ആറു ഗതി മാറിയൊഴുകുന്നു
പുണരിയെ പുല്കുവാൻ
കുതിക്കയാണിന്നിവൾ രൗദ്രയായ്,
പുണ്ഡ്രകേളിയെ പേറിയീ നേരവും.
പുണൽ എൻ്റെ ജീവനെ ദ്യോതിപ്പിച്ചുള്ളം കുളിർപ്പിച്ച കാലവും പോയിതാ,
നീരു നൈർമ്മല്യമോടെ നല്കിയോൾ യാത്രയായ്…..
ആറ്, അതിവേഗമങ്ങു പോയ്….
ഏഴ്
ഏഴിനഴക്
എഴുത്താണിയാൽ
എഴുതുവാൻ,
ഏറെയുണ്ട്.
ഏഴു കടൽ താണ്ടി
ഏഴിലംപാലയെ
തഴുകുന്ന കാറ്റും കണ്ട കൗതുക കാഴ്ചപറയുന്ന കേൾക്കുവാൻ എന്നിൽ
കൊതിയുമുണ്ട്.
ഏഴ് വർണ്ണങ്ങൾ ചാർത്തിയ മഴവില്ലഴകിനും മനസ്സിൽ കുടിയേറുവാൻ മോഹമുണ്ട്.
ഏഴഴകുള്ള കായാവിൻ ചാരുത വർണ്ണിപ്പാനാകാതെ ഉഴറുന്ന മാനസം,
ഏഴ് സ്വരങ്ങളാൽ വിസ്മയരാഗം പൊഴിക്കുന്ന പുല്ലാങ്കുഴലിനാൽ,
പൗരാണികത്തിൻ്റെ പാൽമധുരമേകി ഏഴു് ഋഷികളെ സ്മരിച്ചിടുമ്പോൾ,
പുളകം തീർക്കും പുരണത്തിലലിഞ്ഞ ആറും ഏഴിന്ന് മാറ്റ് കൂട്ടി,
ഏഴെൻ്റെ ഹൃദയത്തിൽ കുളിരേകി ആഴ്ന്നിറങ്ങി.
എട്ട്
എട്ടിനെ കെട്ടില്ലാതാക്കിയെടുക്കുവാൻ നോക്കിയ നേരത്ത്,
എട്ടിനോടൊപ്പം കെട്ടുപിണഞ്ഞുവീ ജീവിതം.
എട്ടെന്നെഴുതുവാൻ, തൊട്ടൊന്നിടതും വലതും മാറി
ഞെരിഞ്ഞങ്ങമർന്നുമുയർന്ന് പൊങ്ങിയൊന്നു ചേർന്നു.
സ്പഷ്ടമായ് തൊട്ടു വായെട്ടിനെ ഇഷ്ടമോടെ.
എട്ടു, കെട്ടിലും മട്ടിലും മട്ടുപ്പാവുമായ് പ്രൗഢിയിൽ നിവർന്നു നില്പു.
എട്ടു കെട്ടീടുവാൻ
എത്ര പണിപ്പെട്ടു,
കെട്ടഴിച്ചീടുവാൻ അത്ര പണിയില്ല.
എട്ടൊന്നെടുക്കുവാൻ നട്ടം തിരിഞ്ഞവർ, നടുറോഡിലങ്ങനെ പായുന്ന കാഴ്ചയും, സ്തബ്ധരായ് മാനവർ
കണ്ടു നില്ക്കെ,
കിട്ടിയൊരെട്ടിൻ്റെ പണിയുമായ് യാത്ര പോകുന്നവർ.
എട്ടാശ ഭേദിച്ചു ചന്ദ്രയാനമുയർത്തി ശാസ്ത്രലോകം,
ശാസ്ത്ര കുതുകികൾ ആശ്ചര്യമോടിന്നും അമ്പിളി താരകം നോക്കി നില്പു.
എട്ടായിരിക്കുമ്പോൾ ഒട്ടു വിലയുണ്ട്, ഛേദിച്ചാൽ പൂജ്യമായ്, ഒട്ടും വിലയില്ല.
കെട്ടായിരുന്നാലും എട്ടായി നില്ക്കുമ്പോൾ അഭിമാനമെന്നിലുമങ്കുരിക്കും.
ഒൻപത്
ഒൻപതെന്നോതുമ്പോൾ,
മുൻപിലുണ്ടാകണം,
ഒൻപതു മാസം, ദിനവും
ഒൻപതു നാഴിക, വിനാഴികനേരവും കഴിഞ്ഞൊരാ ഗേഹത്തിൻ
സ്മൃതികളും, മാനസ ഗർഭ ഗൃഹത്തിലീ യെന്നെ
വഹിച്ചൊരെൻ താതനെയും.
താനേ തുറന്നട യുന്നൊരീ ഒൻപതു വാതിലു നിർമ്മിച്ച
ശില്പി യെ, നേരെ വണങ്ങിടുന്നൊരു നവ മനുഷ്യനായ്.
പിറവി കൊണ്ടൊരാ മാത്രയിൽ, ജീവിതാന്ധകാരത്തിലുഴറാതെ
പ്രകാശിച്ചു കൊണ്ടൊരു യാത്ര.
ഒൻപതാം വമ്പൻ്റെ സന്തോഷം, സങ്കടം ഓതിടട്ടെ,
വൻ പാർന്ന ഒൻപത് എന്നെന്നെ വിളിക്കാതെ,
ഒൻപ് എന്നരുമയായ് പേരു ചൊന്നാൽ, ആ ഹ്ളാദമെന്നിലലയടിക്കും!
പത്ത്
പത്തെന്നെഴുതുവാൻ
മസ്തകം തന്നിലായ്, അക്കമിതൊന്നുമേ
ചേരാതെ നില്ക്കവേ, ചോദ്യങ്ങളൊക്കെയും പടിയിലിറക്കിയെൻ ഗേഹത്തിനുള്ളിൽ കടന്നങ്ങരിക്കേ,
പൂർവ്വസൂരികളെ പുല്കിയൊരു ശൂന്യത പിടിമുറുക്കി.
ഗണിച്ചു ഗണിച്ചണിയിച്ചു് ഒന്നിനലങ്കാര ശോഭയേകി,
ശൂന്യവും ചേർത്തു വിരാമമേകിയോർ,
അനവരതം ദശമം ശതം സഹസ്രം ലക്ഷം കോടി
പെരുകുമാവിദ്യയെ, ഉപനയിച്ചാനയിച്ചാെരു
വഴിതേടിയ നേരം
സ്തബ്ദനായ് നിന്നു പോയ്…
പൂർവ്വോത്തമന്മാർതൻ
ചിന്തകളാവാഹിച്ചു,
പകരാം മോദമോടെയിനി.
ഇനനവനുദിച്ചതു
നോക്കിനില്ക്കെ,
നയനങ്ങളിൽ പതിയുന്നാെരാകാരം
ശൂന്യമല്ലോ!
(പുണരി=കടൽ പുണ്ഡ്രകേളി=ആന പുണൽ=വെള്ളം)