ഇത്രമാത്രം
നിങ്ങൾ എനിക്ക് മഴയായിരുന്നു
ഉണർന്നു പെയ്തില്ലായിരുന്നുവെങ്കിൽ
എന്നിലെ വിത്തുകൾ നിന്റെ കുളിരുകൊണ്ട്
മുളയ്ക്കുകയോഞാൻ
കറകളെല്ലാം കഴുകി വൃത്തിയാക്കിയ
പിച്ചള പാത്രം പോലെ
തിളങ്ങുകയോ ചെയ്യില്ലായിരുന്നു.
നിങ്ങൾ ഇപ്പോൾ എനിക്ക് സംഗീതമാണ്,
എത്ര കേട്ടാലും മതിവരാത്ത, ആത്മാവിൽ
എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന,
ഗസലു പോലെ തീരെ ചെറിയ ശബ്ദത്തിൽ
അസാമാന്യമാം വിധം എനിക്ക് ശാന്തിയേകുന്ന ഒന്ന്.
ധ്വനിമേളങ്ങൾ കൊണ്ട്, താള ലയങ്ങൾകൊണ്ട്
എന്നെ പൊതിയുന്ന സ്നേഹം,
പ്രണയപ്പൊള്ളിക്കലുകൾ,
ഉൾത്തരിപ്പ് പകരുന്ന വൈദ്യുത പൂക്കൾ,
ഇരുട്ടറയിലേക്ക് കടന്നുവരുന്ന പ്രകാശ ബിന്ദു..
കരൾ പിടഞ്ഞ നേരങ്ങളിലെ കരുതലുള്ള കരം.
കൊതിച്ചു കൊതിച്ചു കാത്തിരുന്ന പ്രണയ പൂനിലാവ്,
നിഴൽ യുദ്ധമൊരുക്കി കിടങ്ങുതീർക്കാത്ത പടയാളി.
അണഞ്ഞു പോകാതെ കരുതിവച്ച
ജീവനാളം പോലെ തുടിപ്പുണർത്തുന്ന
മാന്ത്രിക സ്പർശം,
അതുകൊണ്ട്
തായ്‌ത്തടിയിലെ ചുരുക്കം കേടുവന്ന ശൽക്കങ്ങളെ
ദൂരെയാക്കി,
പടം പൊഴിക്കുന്ന നാഗത്തെപ്പോലെ തിളങ്ങി
ഒന്ന് തളിർക്കാൻ നിങ്ങളുടെ
ഒരു ചെറു വാക്കിന്റെ ചാറ്റൽ മഴ തന്നെ
ധാരാളമായിരുന്നു.