ജാതിവ്യവസ്ഥയും കേരളനവോത്ഥാനവും
ബ്രിട്ടീഷുകാരുടെ നൂറ്റമ്പത് വര്‍ഷത്തെ സാമ്പത്തിക ചൂഷണഭരണത്തെപ്പറ്റി എഴുതി വിലപിക്കുകയും രോഷം കൊള്ളുകയും അതിനവര്‍ പ്രായശ്ചിത്തവും നഷ്ടപരിഹാരവും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സവര്‍ണ്ണപണ്ഡിതന്മാരും ചരിത്രകാരന്മാരും 3500 വര്‍ഷത്തോളം സ്വന്തം സഹോദരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി അവരുടെ സകല മനുഷ്യാവകാശങ്ങളും നിഷേധിച്ചതിന്റെ ചരിത്രമോ, ബ്രിട്ടീഷ് ഭരണത്തിലൂടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളോ പ്രത്യേകിച്ചും അവര്‍ണ്ണവിഭാഗത്തിനുണ്ടായ ഉണര്‍വോ മുന്നേറ്റമോ സ്മരിക്കാറില്ല –
ഡോ. എസ്.ഷാജിയുടെ ലേഖന പരമ്പര ആരംഭിക്കുന്നു
ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അധഃകൃത പിന്നോക്കജാതികളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ജീവിതത്തിനുമേല്‍ ജാതിവ്യവസ്ഥയെന്ന ഭീകരവ്യവസ്ഥ നൂറ്റാണ്ടുകളോളം നടത്തിയ മൃഗീയവും മനുഷ്യത്വരഹിതവുമായ പീഡനങ്ങളുടെ ഹ്രസ്വചരിത്രം കുമാരനാശാന്റെ രചനകളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും വായനക്കാര്‍ക്ക് ലഭിക്കും.
സനാതനമെന്നോ ചിരഞ്ജീവിയെന്നോ വിശേഷിപ്പിക്കാവുന്ന ഭാരതീയ – കേരളീയ ജാതിജീവിതത്തിന്റെ ഭ്രാന്തവും ബീഭത്സവുമായ ഭൂതകാലമുഖങ്ങള്‍ അതിന്റെ സമഗ്രതയില്‍ ദര്‍ശിക്കണമെങ്കില്‍ ചരിത്രം വേറെ പഠിക്കണം. ‘ഭൂമിയിലെ മനുഷ്യവംശത്തിനിടയില്‍ ഇന്നോളം പ്രത്യക്ഷപ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും ഭയാനകവും ദ്രോഹബുദ്ധിയുള്ളതുമായ വേര്‍തിരിവ് ഹിന്ദുക്കള്‍ക്കിടയിലാണ് വികസിച്ച് വന്നത്. ‘ജാതി’ എന്ന പേരില്‍ ഈ ജനവിഭാഗം നിലനിര്‍ത്തിപ്പോരുന്നതും മുറുകെപ്പിടിക്കുന്നതുമായ പ്രമാണങ്ങളും ആചാരങ്ങളും ലോകത്തിലെ മറ്റേത് ജനവിഭാഗങ്ങളെ അപേക്ഷിച്ചും അങ്ങേയറ്റം നിന്ദ്യവും പ്രാകൃതവുമാണ്. ജാതി ഇന്ത്യയ്ക്ക് തികഞ്ഞൊരു ശാപമാണെന്നുമാത്രമല്ല, ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണവുമാണ്. അതാകട്ട, ഇന്ത്യക്കാരുടെ മോചനത്തിനും പുരോഗതിയ്ക്കുമുള്ള ഏറ്റവും വലിയ തടസവുമാണ്’. ഇന്ത്യന്‍ ജാതിവ്യവസ്ഥയെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ ശ്രമിച്ച പാശ്ചാത്യചരിത്രകാരന്‍ ഡോ.ജോണ്‍ വില്‍സന്റെ മേലുദ്ധരിച്ച സംക്ഷിപ്ത വാക്യങ്ങളില്‍ ജാതിവ്യവസ്ഥയുടെ പൈശാചികമുഖം തെളിഞ്ഞുകാണാം. പാശ്ചാത്യരെപ്പോലെ ഭാരതീയരും കേരളീയരുമായ അനവധി പഠിതാക്കളും ചരിത്രകാരന്മാരും നവോത്ഥാന നായകന്മാരും മറ്റും ഇന്ത്യന്‍ ജീവിതത്തില്‍ ജാതിവ്യവസ്ഥയെന്ന മഹാവ്യാധി സൃഷ്ടിച്ച കൊടിയ വിപത്തിനെപ്പറ്റി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏറ്റവും അതിശയകരമായ വസ്തുത ഈ മഹാമാരിയെ അനുകൂലിക്കുകയും അതിനുവേണ്ടി വാദിക്കുകയും ചെയ്തവര്‍ ഉണ്ടായിരുന്നുവെന്നതാണ്. ഇന്നും അത്തരക്കാര്‍ നമ്മുടെ രാജ്യത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുവെന്നത് ഭീതിജനകമാണ്. അവരെല്ലാം ജാതിവ്യവസ്ഥയുടെ നേട്ടങ്ങള്‍ ഏറെക്കുറെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായ സവര്‍ണ്ണഹിന്ദു വിഭാഗമാണെന്ന് മാത്രം. പേരിനോടൊപ്പം ജാതിവാലുകള്‍ ചേര്‍ക്കുന്നതിലൂടെ അറിഞ്ഞോ അറിയാതെയോ പാരമ്പര്യജാതിവ്യവസ്ഥയോട് അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു . അദ്വൈതസിദ്ധാന്ത സ്ഥാപകനായ ആദിശങ്കരന്‍ മുതല്‍ അയല്‍പക്കത്തെ ശങ്കരപ്പിള്ള വരെ സ്വന്തം ജാതിബോധത്തില്‍ അഭിമാനക്കുകയോ അഹങ്കരിക്കുകയോ ചെയ്തവരാണ്. മറിച്ച്, ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയും അപമാനിക്കപ്പെടുകയും ജീവിതത്തിലെ സമസ്ത പൗരാവകാശങ്ങളും സുഖഭോഗങ്ങളും നിഷേധിക്കപ്പെടുകയും ചെയ്ത അവര്‍ണ്ണവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു മനുഷ്യനും ജാതിവ്യവസ്ഥയെ വെറുപ്പോടും ഭയത്തോടുമല്ലാതെ കാണാനാവില്ല.
ജാതിവ്യവസ്ഥയെ മാതൃകാവ്യവസ്ഥയായി കണ്ട് ന്യായീകരിച്ചവരുമുണ്ട്. മഹാത്മാഗാന്ധി മുതല്‍ എം.ജി.എസ്.നാരായണന്‍ വരെ അതില്‍പ്പെടും. അത്തരക്കാര്‍ക്ക് അംബേദ്കര്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്: ‘ഈ മനോഭാവം നമുക്ക് ശരിയായി മനസ്സിലാക്കാവുന്നതാണ്. കാരണം, ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയും ചരിത്രകാരന്മാരുടെയും കൂട്ടത്തില്‍ ഏറിയ പങ്കും ബ്രാഹ്മണരാണല്ലോ. സ്വന്തം മുന്‍ഗാമികളുടെ ദുഷ്ടപ്രവൃത്തികള്‍ തുറന്നുകാട്ടാനോ, മുന്‍ഗാമികള്‍ കരുതിക്കൂട്ടി ചെയ്ത തിന്മകള്‍ സമ്മതിക്കാനോ ഉള്ള ധൈര്യം അവര്‍ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ’ ജാതിവ്യവസ്ഥയുടെ വലിയൊരു ഇരയായിരുന്നല്ലോ അംബേദ്കര്‍. മാത്രമല്ല, അതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച വ്യക്തിയുമായിരുന്നു. ജാതിയെക്കുറിച്ച് അദ്ദേഹം നടത്തിയ ചില വിലയിരുത്തലുകള്‍ കാണുക: ‘ജാതിവ്യവസ്ഥ ഹൈന്ദവസമൂഹത്തിലെ തലതിരിഞ്ഞൊരു വിഭാഗത്തിന്റെ അഹന്തയും സ്വാര്‍ത്ഥതയും മൂര്‍ത്തമാക്കുന്ന ഒരു സാമൂഹികവ്യവസ്ഥയാണ്. അത് ഹിന്ദുക്കളെ പൂര്‍ണ്ണമായി വിഘടിപ്പിക്കുകയും അവര്‍ക്ക് ധര്‍മഭ്രംശം വരുത്തുകയും ചെയ്തു. അന്യസമ്പര്‍ക്കം ആഗ്രഹിക്കാതെ സ്വന്തം മാളത്തിനുള്ളില്‍ ജീവിക്കുന്ന എലിയെപ്പോലെയാണ് ഹിന്ദു. ഹിന്ദുക്കള്‍ക്കിടയില്‍ സാമൂഹികശാസ്ത്രജ്ഞര്‍ പറയുന്ന മനുഷ്യവര്‍ഗ്ഗബോധം തീരെയില്ല. മനുഷ്യവര്‍ഗ്ഗത്തെപ്പറ്റിയുള്ള ഹൈന്ദവബോധവുമില്ല. ഓരോ ഹിന്ദുവിലുമുള്ള ബോധം അയാളുടെ ജാതിയെപ്പറ്റിയുള്ള ബോധമാണ്. ഹിന്ദുക്കളുടെ സാഹിത്യം മുഴുവന്‍ ജാതിയുടെ വംശചരിത്രം നിറഞ്ഞതാണ്. അതില്‍ ഒരു ജാതിയുടെ ഉത്ഭവം ഉദാത്തമാണെന്നും മറ്റുള്ളവരുടെ ഉല്‍പത്തി ഹീനമാണെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് കാണുന്നത്. ജാതി പൊതുപ്രവര്‍ത്തനത്തെ നിഗ്രഹിക്കുന്നു. പരോപകാര തല്‍പരതയെ നശിപ്പിക്കുന്നു. ജാതിവ്യവസ്ഥയെന്നത് ബ്രാഹ്മണമതത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ്. ഈ ബ്രാഹ്മണമതമാണ് ഹിന്ദുമതത്തെ വിഷലിപ്തമാക്കിയത്. അതിനെ നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഹിന്ദുക്കള്‍ക്ക് ഹിന്ദുമതത്തെ രക്ഷിക്കാന്‍ കഴിയൂ.
ഒരു ഹിന്ദു അന്യജാതിക്കാരെ വിദേശിയെ പോലെയാണ് കണക്കാക്കുന്നത്. അവര്‍ക്കെതിരെ വിവേചനം കാട്ടാനും നിര്‍ലജ്ജം ചതിവ് പ്രയോഗിക്കാനും അയാള്‍ക്ക് ഒരു മടിയുമില്ല. ഹിന്ദുക്കളുടെ ആദര്‍ശമായ ചാതുര്‍വര്‍ണ്ണ്യത്തെ മാതൃകാപരമായ സാമൂഹികരൂപമായി അംഗീകരിക്കാന്‍ ജന്മനാ മന്ദബുദ്ധിയായ ഒരുവനുമാത്രമേ കഴിയൂ. വൈയക്തികമായും സാമൂഹികമായും അതൊരു വിഡ്ഢിത്തവും കുറ്റകൃത്യവുമാണ്. വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനുമുള്ള അവകാശം ഒരു വര്‍ഗ്ഗത്തിനുമാത്രം; വ്യാപാരം ഒരേയൊരു വര്‍ഗ്ഗത്തിനുമാത്രം; ജോലി ചെയ്യേണ്ടത് ഒരേയൊരു വര്‍ഗ്ഗം മാത്രം. വ്യക്തികളെ സംബന്ധിച്ച് ഇതിന്റെ ഭവിഷ്യത്തുകള്‍ വ്യക്തമാണ്. തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെടാന്‍ പാടില്ലാത്തവരുമായ ജനങ്ങളുള്ള മറ്റൊരു സമൂഹം ലോകത്തിലെവിടെയെങ്കിലുമുണ്ടോ? ‘ജാതിവ്യവസ്ഥയെ താങ്ങിനിര്‍ത്തിയ രണ്ട് തൂണുകള്‍ മിശ്രവിവാഹത്തിനും മിശ്രഭോജനത്തിനും എതിരായ നിരോധനമാണ്. ഹിന്ദുമതത്തിന്റെ ആത്മാവാണ് ജാതി. അതിനെ വേര്‍തിരിക്കാനാവില്ല. ഹിന്ദുസമൂഹത്തില്‍ സമുദായങ്ങള്‍ ആദരവിന്റെ ആരോഹണക്രമത്തിലും അവജ്ഞതയുടെ അവരോഹണക്രമത്തിലും വിന്യസിക്കപ്പെട്ടിരിക്കുന്നു. അസ്പൃർശ്യരും ഹിന്ദുക്കളും തമ്മിലുള്ള സഹജമായ ശത്രുത തെളിയിക്കാന്‍ ജാതിവ്യവസ്ഥ ഒന്നുമാത്രം മതി. ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്കുമുമ്പില്‍ ദയാശീലരും ഉദാരമതികളുമാകുമ്പോള്‍ അസ്പൃർശ്യരുടെ രാഷ്ട്രീയാവശ്യങ്ങളെ ഒരു ബുള്‍പ്പട്ടിയുടെ വിടാപ്പിടുത്തത്തോടുകൂടിയും ഒരു വിശ്വാസഘാതകന്റെ പ്രതിലോമപരതയോടുകൂടിയും എതിര്‍ക്കുന്നു. ഹിന്ദുക്കള്‍ക്ക് സഹജവും രൂഢമൂലവുമായ ഒരു യാഥാസ്ഥിതികതയുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുമായി, അതായത് ജനാധിപത്യവുമായി സഹവര്‍ത്തിത്വം സാധ്യമല്ലാതാകുന്ന ഒരു മതവുമുണ്ട്. അവരുടെ ചായ്‌വും മനോഭാവവും ഒരു മനുഷ്യന്‍ ഒറ്റ മൂല്യം എന്ന ജനാധിപത്യസിദ്ധാന്തത്തിനെതിരാണ്. ഒരോ ഹിന്ദുവും സാമൂഹികമായി ടോറിയും രാഷ്ട്രീയമായി വിപ്ലവവാദിയുമാണ്.
ജാതി മനുഷ്യനെ നിര്‍വീര്യനാക്കുന്നു. അതൊരു വന്ധ്യംകരണപ്രക്രിയയാണ്. ചരിത്രത്തിലുടനീളം ഇന്ത്യയുടെ വിധിയായിത്തീര്‍ന്ന പരാജയത്തിനുകാരണം നിശ്ചയമായും ജാതി തന്നെയാണ്. ജാതി പൊതുവായ സംഘടിപ്പിക്കലിനെയും സമാഹരണത്തെയും തടഞ്ഞു. ക്ഷത്രിയര്‍ മാത്രം പോരാടണമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. അതിന് പ്രതിരോധശേഷി ഇല്ലായിരുന്നു. ഇന്ത്യന്‍ യുദ്ധങ്ങളില്‍ ഏറിയ പങ്കും ഒരൊറ്റ ഏറ്റുമുട്ടലിലോ ഒരൊറ്റ സൈനികനടപടികളിലോ ഒതുങ്ങിനിന്ന യുദ്ധങ്ങളാണ്. ഒരു ഹിന്ദുവിന് അയാളുടെ ജാതിമാറ്റുവാന്‍ സാധ്യമല്ല. ഒരു ഹിന്ദു ജനിക്കുന്നത് ഒരു ജാതിയിലാണ്. അയാള്‍ മരിക്കുന്നതും ആ ജാതിയില്‍ അംഗമായിട്ടാണ്. ജാതിയില്ലാത്ത ഹിന്ദുവില്ല. അയാള്‍ക്ക് ജാതിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യമല്ല. ജനനം മുതല്‍ മരണം വരെ അയാള്‍ ജാതിയുടെ ബന്ധനത്തിലാണ്’.
ജാതിയെയും വര്‍ണ്ണത്തെയും ഹിന്ദുമതത്തെയും കുറിച്ച് അംബേദ്കര്‍ നടത്തിയ വിപുലമായ പഠനത്തില്‍ നിന്നുമുള്ള ചില വാക്യങ്ങളേ ഇവിടെ ഉദ്ധരിച്ചിട്ടുള്ളൂ. ജാതിവ്യവസ്ഥ മൂലം അനേകം ശതവര്‍ഷങ്ങള്‍ അസ്പൃർശ്യര്‍ അനുഭവിച്ച മര്‍ദ്ദനത്തിന്റെയും ചൂഷണത്തിന്റെയും നരകയാതനകളുടെയും ചരിത്രം എത്രയോ പറയാനുണ്ട്. കേരളത്തിലെ ജാതിവ്യവസ്ഥയുടെ സ്വഭാവസവിശേഷതകള്‍ അവതരിപ്പിക്കുന്നതിന് ഒരു പശ്ചാത്തലം എന്ന നിലയിലാണ്, ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെയും ഹിന്ദുമതത്തിന്റെയും ജീര്‍ണ്ണമുഖം അനാവരണം ചെയ്യുന്ന അംബേദ്കറുടെ ചില നിരീക്ഷണങ്ങള്‍ ഇവിടെ ചേര്‍ത്തത്. ഇന്ത്യയിലെ അയിത്തജാതിക്കാര്‍ അനുഭവിച്ച പീഡനങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്ന അനേകം കീഴാളപഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വര്‍ത്തമാനകാല ഇന്ത്യയില്‍ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ ദാരുണകഥകള്‍ വിവരിക്കുന്ന ആത്മകഥനങ്ങളും ഇന്ന് ലഭ്യമാണ്.
ബ്രിട്ടീഷുകാരുടെ നൂറ്റമ്പത് വര്‍ഷത്തെ സാമ്പത്തിക ചൂഷണഭരണത്തെപ്പറ്റി എഴുതി വിലപിക്കുകയും രോഷം കൊള്ളുകയും അതിനവര്‍ പ്രായശ്ചിത്തവും നഷ്ടപരിഹാരവും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സവര്‍ണ്ണപണ്ഡിതന്മാരും ചരിത്രകാരന്മാരും 3500 വര്‍ഷത്തോളം സ്വന്തം സഹോദരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി അവരുടെ സകല മനുഷ്യാവകാശങ്ങളും നിഷേധിച്ചതിന്റെ ചരിത്രമോ, ബ്രിട്ടീഷ് ഭരണത്തിലൂടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളോ പ്രത്യേകിച്ചും അവര്‍ണ്ണവിഭാഗത്തിനുണ്ടായ ഉണര്‍വോ മുന്നേറ്റമോ സ്മരിക്കാറില്ല ‘യൂറോപ്പിലെ ജനങ്ങള്‍ക്ക് നവോത്ഥാനപ്രസ്ഥാനം എത്രയ്ക്ക് അനുഗ്രഹമായിരുന്നോ അതുപോലെ തന്നെയായിരുന്നു ഇന്ത്യയിലെ അസ്പൃശ്യര്‍ക്ക് ബ്രിട്ടീഷ് വാഴ്ചയുംഎന്ന് അംബേദ്കര്‍ എഴുതിയത് ഓര്‍ക്കുക. എന്തിനേറെ പറയുന്നു അധഃസ്ഥിതജാതികളോട് ചെയ്ത ഒരിക്കലും മാപ്പര്‍ഹിക്കാത്ത മഹാപാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി ജനാധിപത്യ ഇന്ത്യയില്‍ നടപ്പിലാക്കിയ സാമുദായിക സംവരണം പോലും, സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ ഭരണഘടനാവിരുദ്ധമായി; സാമ്പത്തിക സംവരണം എന്ന പേരില്‍ സംവരണം ഏര്‍പ്പെടുത്തി അട്ടിമറിച്ചു. പതിനഞ്ച് ശതമാനം വരുന്ന സവര്‍ണ്ണവിഭാഗത്തിന് പത്ത് ശതമാനവും അമ്പത്തിരണ്ടിലധികം വരുന്ന അവര്‍ണ്ണവിഭാഗത്തിന് ഇരുപത്തിയേഴ് ശതമാനവും എന്ന അനുപാതത്തില്‍ തന്നെ അനീതിയുടെ കരാളമുഖം പ്രത്യക്ഷമാണ്. ഈ സവര്‍ണ്ണ സംവരണം ഇന്ത്യയില്‍ ആദ്യം നടപ്പിലാക്കിയതാകട്ടെ, തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടി എന്ന ലേബലില്‍ അറിയപ്പെടുന്ന തൊണ്ണൂറുശതമാനവും അയിത്തജാതികള്‍ ചാവേറുകളും അടിമകളുമായി അണിച്ചേര്‍ന്നിട്ടുള്ള സി.പി.എം. നേതൃത്വം കൊടുക്കുന്ന കേരളത്തിലെ ഇടത് സര്‍ക്കാരാണെന്നത് നീതിബോധവും സമത്വവീക്ഷണവുമുള്ള ഏതൊരു മനുഷ്യസ്‌നേഹിയെയും ഞെട്ടിപ്പിക്കും (തുടരും)