പത്രവൃത്താന്തം

ദിനപ്പത്രം മൂന്നെണ്ണമീ
വീട്ടിലുണ്ടെന്നാലുമെന്റെ
മകനവയൊന്നും കൈയാൽ
തൊടുകയില്ല !
സഹികെട്ടുപോയൊരു നാൾ
ശകാരിക്കാൻ തുനിഞ്ഞപ്പോൾ
ഗതികെട്ടവനെൻ പക്ക –
ലിരുന്നൊരെണ്ണം,
മലർക്കെത്തുറന്നുവെച്ചു
വായിക്കാൻ തുടങ്ങയായി
തലക്കെട്ടുകളോരോന്നാ-
യുച്ചത്തിലേവം:
‘പാർട്ടിയെമ്മെല്ലേമാരാരും
ചാടിപ്പോകാതിരിപ്പാനായ്
ഹോട്ടൽമുറിക്കുള്ളിൽ പൂട്ടി
ജനാധിപത്യം’ .
‘നേതാവൊരാൾ
കള്ളപ്പണക്കേസിൽപ്പെട്ടു
പരുങ്ങിനില്പൂ ‘.
‘പെൺവാണിഭം കൊഴുക്കുന്നു
നഗരത്തിൽ ‘ ; ‘പിടികൂടി
കഞ്ചാവിന്റെ വൻശേഖരം
നിശാസദസ്സിൽ ‘ .
‘അമ്മാവനോടൊപ്പം നവ-
വധു ഒളിച്ചോടി ‘ ; ‘തന്റെ
കൺമണിയെക്കളഞ്ഞാരോ
അഴുക്കുചാലിൽ ‘ .
‘മദ്യപിക്കാൻ പണം ചോദി-
ച്ചച്ഛനെ വധിച്ചു പുത്രൻ’ ;
‘കുട്ടികളെക്കൊന്നൊരമ്മ
വിഷം കഴിച്ചു’ .
‘ലക്ഷങ്ങൾ കവർന്നു ഹണി –
ട്രാപ്പിൽ ‘; ‘വിദ്യാർത്ഥിനികൾക്കു
അശ്ശീല ചിത്രങ്ങളയ-
ച്ചൊരധ്യാപകൻ’ .
‘സാമൂഹിക മാധ്യമത്തി –
ലടുപ്പത്തിലായൊരാൾതൻ
പ്രേമത്തിനായ് നാടുവിട്ടു
മധ്യവയസ്‌ക…’
പത്രപാരായണമേവം
പുരോഗമിക്കവേ, മനം
കുറ്റബോധത്താലേ സ്വയം
ശപിച്ചുപോയി!
ഉറക്കം നടിച്ചു കണ്ണൊ –
ന്നടച്ചൊട്ടു കഴിയവേ
മിടുക്കനവൻ വിജയ –
മാർന്നെണീറ്റുപോയ്!
‘നാണംകെട്ടീയച്ഛ’ നെന്നെൻ
പുത്രനപ്പോൾ പറഞ്ഞുവോ?
നേരാണു, ഞാൻ തല കുമ്പി –
ട്ടിരിക്കയല്ലീ!
ഇല്ല, പത്രം വായിക്കുവാൻ
ചൊല്ലുകില്ലെൻ മോനേ,യിനി
ഇല്ല ജാഗ്രതക്കുറവെ-
നിക്കു വരില്ല.
ദിനപ്പത്രവൃത്താന്തവു-
മശ്ലീലമാക്കി നീ; യിളം –
മനസ്സും മലിനമാക്കി
കെട്ട കാലമേ !

Author

Scroll to top
Close
Browse Categories