അശ്രുപുഷ്പം

ഇനിയേതു ജന്മത്തിലെവിടെ, യെന്നെ, ങ്ങനെ
ഒരു നോക്കു കാണുമെന്നറിയില്ല എങ്കിലും
ഒരു വാക്കു മിണ്ടാതെ പോയതില്‍ പരിഭവം
ഒരു തേങ്ങലായെന്നിലുരുകുമീ വേളയില്‍
ഒരു സാന്ത്വനത്തിനായ് തിരയുന്നു മാനസം
ഗതകാല സ്മൃതിയിലാ ശ്രാവണപ്പുലരികള്‍

നിറമൊന്നു മങ്ങുമീ തിരുവോണ നാളിലും
കുളിരാര്‍ന്നൊരോര്‍മ്മയായ് പഴയോണ നാളുകള്‍
നിറമേറെയാണന്നുപൂവിനും പുല്ലിനും
കുളിരേറെയാണന്നുപുലര്‍കാല മഞ്ഞിനും
അഴകേറെയാണന്നുപുഴയിലോളത്തിനും
മിഴിവേറെയാണന്നുദയാദ്രിയില്‍ സൂര്യനും

പുതുപൂക്കളാല്‍ കോടി ചാര്‍ത്തിയ മേടുകള്‍
ചിരിതൂകി മാടിവിളിച്ച പൂവാടികള്‍
ഒരു കുമ്പിള്‍, ചേമ്പിലക്കുമ്പിള്‍ പൂക്കുടയായ്
അതിലാകെ പുക്കളിറുത്തു പൂവിടുന്നു നാം
പലജാതി കുസുമങ്ങളിഴചേര്‍ത്തു കോര്‍ത്തതാം
മണിമാല്യമെന്നപോല്‍ ഒരു ചാരു പൂക്കളം

നറുചാണകത്താല്‍ ചെരാതു ചമച്ചതില്‍
ചെറുകൂവതന്‍ പൂവു തിരിയായ് തെളിച്ചതും
ഒരു നാളിലും നാളമണയാത്ത ദീപ്തമാം
സ്മൃതിയായി ജീവനില്‍ പ്രഭ തൂകി നിന്നിടും
ജീവിതത്തില്‍ കൊടും ചൂടെത്രയേല്കിലും
വാടാതെ നില്‍കുമോ പൂക്കളമോര്‍മ്മയില്‍
ഇന്നു ഞാനാ സ്മരണാങ്കണത്തിലായ്
അര്‍പ്പിച്ചിടുന്നശ്രു പൂക്കളാല്‍ പൂക്കളം.

Author

Scroll to top
Close
Browse Categories