”നാമുദ്ദേശിക്കുന്ന ഏകമതം”
എല്ലാ മതങ്ങളുടെയും സ്മൃതികള്‍ ലോകത്ത് സൃഷ്ടിക്കുന്ന വിപത്തിനുള്ള മറുമരുന്നും ഗുരുവിന്റെ ഏകമതത്തി ലുണ്ട്. അതാണ് സര്‍വ്വമത സമ്മേളനത്തില്‍ പറഞ്ഞ ‘ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും യേശുവിന്റെ സ്‌നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും’ ചേര്‍ന്ന മനുഷ്യജാതിയുടെ മതം.
ഗുരുവിനെ സമീപിച്ചാല്‍ ക്ഷേത്രസ്ഥാപനം നടത്തിക്കിട്ടും എന്ന് കരുതിയി രുന്ന ”ഹിന്ദുക്കളില്‍ ചിലര്‍” ആരൊക്കെയായിരുന്നു എന്നറിയാന്‍ സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കര്‍ രേഖപ്പെടുത്തിയ ഒരു സംഭവവും ഉപകരിക്കും. സംഭവം 1089-ാമാണ്ട് മേടമാസത്തില്‍ കോട്ടയത്ത് വച്ച് കൂടിയ കേരളീയ നായര്‍ മഹാജന യോഗത്തില്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ള നടത്തിയ പ്രസംഗമാണ്. യോഗത്തില്‍ ഗുരുവും സന്നിഹിതനായിരുന്നു. പ്രസംഗത്തിലെ ഒരു ഭാഗം ഇതാണ്. ”നായന്മാര്‍ക്ക് പ്രത്യേകം ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെടണം. ആ ക്ഷേത്രങ്ങളില്‍ നായന്മാര്‍ തന്നെ അര്‍ച്ചകന്മാരായിത്തീരണം. പ്രതിഷ്ഠിച്ചുതരാന്‍ നമുക്കാളുണ്ട്. ഇതാ ഇവിടെ സന്നി ഹിതരായിരിക്കുന്ന മഹാന്‍ ശ്രീനാരായണഗുരു സ്വാമികള്‍ നമ്മുടെ അഭ്യര്‍ത്ഥനയെ നിറവേറ്റിത്തരും.”
ശ്രീനാരായണഗുരു അവസാനമായി സന്ന്യാസം നല്കിയത് ആനന്ദഷേണായിക്കായിരുന്നു. ആനന്ദതീര്‍ത്ഥര്‍ എന്ന സന്ന്യാസ നാമവും നല്കി. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റും ഈ ശിഷ്യനായിരുന്നു. ആദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കായി ഗുരുവിനെ സമീപിച്ചിരുന്ന ”ഹിന്ദുക്കളില്‍ ചിലരുടെ” വ്യാപ്തി മനസ്സിലാക്കാന്‍ ഉപകരിക്കുന്നതാണ് ഈ ബ്രാഹ്മണ ശിഷ്യന്റെ ശിവഗിരിയിലെ സാന്നിദ്ധ്യം.
ആദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കായി ഏത് മതവിഭാഗത്തില്‍പ്പെട്ടവര്‍ സമീപി ച്ചാലും ഇവരുടെ പശ്ചാത്തലമനുസരിച്ച് ”വേണ്ടതു ചെയ്യുവാന്‍” തനിക്ക് സന്തോഷ മാണെന്നുള്ള ഗുരുവിന്റെ പ്രസ്താവനയുടെ കൂടെ മതപരമായ കാര്യങ്ങളില്‍ ഓരോ വ്യക്തിയും പിന്‍തുടരേണ്ട മാര്‍ഗ്ഗത്തെപ്പറ്റിയുള്ള ഗുരുവിന്റെ നിര്‍ദ്ദേശം കൂടി അറി ഞ്ഞാലേ ഏക മതത്തിന്റെ വക്താവായിരിക്കുകയും, അതേ സമയംതന്നെ ശുദ്ധ ഹിന്ദു മതത്തിന്റെ തത്ത്വങ്ങള്‍ ജനങ്ങളെ പഠിപ്പിക്കണമെന്നും ഹിന്ദുമതം പരിഷ്‌ക്കരി ക്കണമെന്നും പറഞ്ഞതിന്റെയും പൊരുള്‍ വൈരുദ്ധ്യമില്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. സി. വി. കുഞ്ഞുരാമനുമായുള്ള സംവാദത്തിലാണ് ഈ നിര്‍ദ്ദേശ മുള്ളത്.
എല്ലാ മതങ്ങളും സമബുദ്ധിയോടെ പഠിച്ച് അവയിലെ പ്രധാനതത്ത്വങ്ങള്‍ വ്യത്യാസമില്ലെന്ന് മനസ്സിലാക്കിക്കഴിയുമ്പോള്‍ വെളിപ്പെട്ടു കിട്ടുന്നതാണ് ”നാമുദ്ദേശിക്കുന്ന ഏകമതം” എന്ന് ഗുരു പറയുന്നു. അതേ സമയം ഇത്തരം ആഴത്തിലുള്ള പഠനങ്ങള്‍ എല്ലാവര്‍ക്കും സാദ്ധ്യമല്ല എന്ന തിരിച്ചറിവും ഗുരുവിനുണ്ട്. അതുകൊണ്ട് ”അന്വേഷണ ബുദ്ധിയും ജ്ഞാനതൃഷ്ണയും ഉളളവര്‍ക്കു മാത്രമേ ഈ ഉപദേശം സാധ്യമാവുകയുള്ളൂ” എന്നും ഗുരു പറയുന്നു. വളരെ കുറച്ചുപേരായിരിക്കും ഇത്തര ത്തില്‍ ജ്ഞാനാന്വേഷണം നടത്തുക. അപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മതവിശ്വാസികള്‍ എന്തുചെയ്യണം? അതിനുത്തരവും ഗുരു തന്നെ നല്കിയിട്ടുണ്ട്: ”സാമാന്യ ജനങ്ങള്‍ക്ക് അവര്‍ വിശ്വസിക്കുന്ന മതത്തിന് ആധാരമായ ഗ്രന്ഥം പ്രമാണമായിത്തന്നെ ഇരിക്കണം.”
ഇതുവരെ പറഞ്ഞതില്‍ നിന്ന്, ശ്രീനാരായണഗുരുവിന് ഹിന്ദുമതത്തോടുള്ള സമീപനം എന്തായിരുന്നു എന്ന് വിലയിരുത്താന്‍, ഗുരുവിന്റെ വാക്കുകളില്‍ നിന്നു തന്നെ സ്വരൂപിക്കാവുന്ന ചില അടിസ്ഥാന ഘടകങ്ങളുണ്ട്: 1) ഹിന്ദു മതത്തെപ്പറ്റി യുള്ള വിശാലവീക്ഷണം. 2) ജാതിവ്യവസ്ഥയുടെ പേരില്‍ ഹിന്ദുമതത്തെ അധിക്ഷേ പിക്കാന്‍ ഗുരു തയ്യാറല്ലായിരുന്നു. 3) പരിവര്‍ത്തനം വേണ്ടത് മതത്തിനല്ല മനുഷ്യ നാണ് എന്ന ഗുരുവിന്റെ നിലപാട്. 4) എല്ലാ മതങ്ങളും ഗുരുവിന് സമ്മതമായിരുന്നു. 5) ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കും ആദ്ധ്യാത്മികമായ ആവശ്യങ്ങള്‍ സാധിച്ചുകൊടു ക്കാന്‍ ഗുരു തയ്യാറായിരുന്നു. 6) സാധാരണക്കാര്‍ക്ക് അവരവരുടെ മതത്തിന്റെ ഗ്രന്ഥം പ്രമാണമായിരിക്കണം.
ഏകമതം എന്ന വിശാലമായ ചട്ടക്കൂടിനുള്ളില്‍ ഹിന്ദുമതത്തിന് ഗുരു നല്കിയിരുന്ന സ്ഥാനം എന്താണെന്ന് മനസ്സിലാക്കാന്‍, ഈ ഘടകങ്ങള്‍ കൂടാതെ മറ്റ് ചില രേഖകളും ലഭ്യമാണ്. അതിലൊന്ന് 1920-ല്‍ എഴുതിയ ‘അനുകമ്പാദശകം’ എന്ന കൃതിയാണ്. സകല ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും സകല ഗുരുക്കന്മാരും മുനിമാരും പറയുന്ന വാക്കുകളുടെ പൊരുള്‍ ഒന്നുതന്നെയാണെന്ന് ഈ കൃതിയുടെ ഉപസംഹാ രത്തില്‍ പറയുന്നു. ഈ പൊരുള്‍ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കുന്നത്, അല്ലെങ്കില്‍ പ്രതിഫലിക്കേണ്ടത് അനുകമ്പയുടെ രൂപത്തിലാണ്.
അനുകമ്പയുടെ മൂര്‍ത്ത രൂപങ്ങളുടെ ഒരു നിരതന്നെ ഈ കൃതിയില്‍ നല്‍കിയിട്ടുണ്ട്. നേരിട്ടുള്ള പരാമര്‍ശവുമുണ്ട്, വ്യംഗ്യമായ ശൈലിയില്‍ അവതരിപ്പിച്ചിട്ടുള്ളതുമുണ്ട്. വ്യംഗ്യമായതിന്റെ വ്യാഖ്യാനവും നേരിട്ടുള്ള പരമാര്‍ശവും വച്ച് നോക്കുമ്പോള്‍ ഗീതോപദേശം നല്കുന്ന ശ്രീകൃഷ്ണന്‍, ബുദ്ധഭഗവാന്‍, ശങ്കരാചാര്യര്‍, ശ്രീരാമന്‍, ധര്‍മ്മപുത്രര്‍, യേശു, മുഹമ്മദ് നബി, തമിഴ് സിദ്ധന്മാര്‍ മുതലായവരെല്ലാം അനുകമ്പയുടെ പ്രതീകങ്ങളാണ്. കൂടാതെ കാമധേനുവും കല്പവൃക്ഷവും അതില്‍പ്പെടും. ശ്രീനാരായണഗുരുവിന്റെ ‘ഏകമതം’ എന്ന മഹാനദിയില്‍ സംഗമിക്കുന്ന വ്യത്യസ്ത പാരമ്പര്യങ്ങളുടെ ധാരകളായി ഈ പരാമര്‍ങ്ങളെയെല്ലാം കണക്കാക്കാം. ഗുരു വിഭാവനം ചെയ്യുന്ന ഏകമതത്തിന്റെ ദാര്‍ശനികമായ നിര്‍വചനം ‘ആത്മോപദേശ ശതകം’ 49-ാം ശ്ലോകത്തിലും നല്കിയിട്ടുണ്ട്.
ദാര്‍ശനികമോ പ്രതീകാത്മകമോ ആയ ശൈലിയല്ലാതെ, നിലവിലുള്ള മതങ്ങ ളുടെ ഭാഷയില്‍ ശ്രീനാരായണഗുരുവിന്റെ ഏകമതവും അതില്‍ ഹിന്ദു മതത്തിന്റെ സ്ഥാനം എന്താണെന്നും വ്യക്തമാക്കുന്ന മറ്റൊരു രേഖയുമുണ്ട്. 1924-ല്‍ നടന്ന സര്‍വ്വമതസമ്മേളനത്തിന്റെ സ്വാഗതപ്രസംഗമാണിത്. ഗുരുവിനോട് ആലോചിച്ച് തയ്യാറാക്കിയ ഈ പ്രസംഗം, സമ്മേളനത്തില്‍ സന്നിഹിതനായിരുന്ന ഗുരുവിന്റെ സാന്നിദ്ധ്യത്തിലാണ് സ്വാമി സത്യവ്രതന്‍ വായിച്ചത്. അതിലെ ഒരു വാചകം ഇതാണ്: ”ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും ക്രിസ്തുവിന്റെ സ്‌നേഹവും മുഹമ്മ ദിന്റെ സാഹോദര്യവും ചേര്‍ന്നെങ്കിലല്ലാതെ ലോകശാന്തിക്കുപയുക്തമായ മനുഷ്യ ജാതിയുടെ മതം പൂര്‍ണ്ണമാകയില്ലെന്നാണ് ശ്രീനാരായണ പരമഹംസര്‍ സിദ്ധാന്തിക്കുന്നത്.” ലോകമെമ്പാടുമുള്ള മതങ്ങളുടെ കേന്ദ്രതത്ത്വമായിരിക്കുന്ന ആശയ ങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ശ്രീനാരായണഗുരുവിന്റെ ഏകമതത്തില്‍ സ്ഥാനമുണ്ടെന്നാണല്ലൊ ഈ വാചകത്തിന്റെ അര്‍ത്ഥം. അതില്‍ ഹിന്ദുമതത്തില്‍ നിന്ന് സ്വീകരിക്കുന്ന താകട്ടെ ജ്ഞാനവും.
ശ്രീനാരായണഗുരു തന്നെ നല്കിയ മാനദണ്ഡം വച്ച് നോക്കിയാല്‍ ഇപ്പറഞ്ഞ എല്ലാ മതങ്ങളുടെയും ആശയങ്ങളും മൂല്യങ്ങളും ഉള്‍ക്കൊണ്ട് ഏക മതം സ്വാംശീകരി ക്കാന്‍ കഴിയുന്നത് ”അന്വേഷണ ബുദ്ധിയും ജ്ഞാനതൃഷ്ണയും” ഉള്ളവര്‍ക്കാണ്. ഇത്തരക്കാരില്‍ മതത്തിന്റെ ആവശ്യം തന്നെ ഇല്ലാത്തവരും ഉണ്ടാകാം. എന്നാല്‍, ഗുരു തന്നെ പറഞ്ഞതുപോലെ, സാമാന്യ ജനങ്ങളെ സംബന്ധിച്ചിടത്തോളം ജന്മം കൊണ്ട് അവരവര്‍ക്കു പശ്ചാത്തലമായ മതമേതാണോ ആ മതത്തിന്റെ മൂല്യം ഉള്‍ക്കൊള്ളാനായിരിക്കും എളുപ്പം – അങ്ങനെ വരുമ്പോള്‍ ആ മതത്തിന് ആധാരമായ ഗ്രന്ഥങ്ങള്‍ അവര്‍ക്ക് പ്രമാണമായിരിക്കുകയും വേണം. സ്വാമി സത്യവ്രതന്‍ പരാമര്‍ ശിച്ച മൂല്യങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്വാംശീകരിച്ചു കഴിഞ്ഞാല്‍ സ്വാഭാവികമായും മറ്റ് മൂല്യങ്ങളും സ്വീകാര്യമായി മാറും. കരുണയുള്ളവര്‍ക്കു സാഹോദര്യവും സ്‌നേ ഹവും, സാഹോദര്യമുള്ളവര്‍ക്ക് കരുണയും സ്‌നേഹവും ഉണ്ടാകുമല്ലൊ. ജ്ഞാന മുള്ളവരില്‍ സഹജമായിത്തന്നെ മറ്റ് മൂല്യങ്ങളും പ്രകടമാകും. അങ്ങനെ വരുമ്പോള്‍ ഒരു മതത്തിന്റെ മര്‍മ്മം, കേന്ദ്രതത്ത്വം, അഥവാ ആ മതത്തിന്റെ പ്രവാചകന്‍ പ്രതിനി ധാനം ചെയ്ത മൂല്യം ഉള്‍ക്കൊള്ളുന്നവര്‍ മറ്റൊരു മതത്തിനും എതിരായിരിക്കുകയുമില്ല.
അതേസമയം ശ്രീനാരായണഗുരുവിന്റെ മതവീക്ഷണത്തിന്റെ മറ്റൊരു ശ്രദ്ധേയ മായ തലവും ഓര്‍ക്കേണ്ടതുണ്ട്. മതത്തിന് പ്രമാണമായിരിക്കുന്ന ഗ്രന്ഥങ്ങളില്‍ മാനവികതയ്ക്കും ധാര്‍മ്മികതയ്ക്കും നിരക്കാത്ത ഉപദേശങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ കൃത്രിമമെന്നു പറഞ്ഞ് മതാചാര്യന്മാര്‍ തന്നെ തള്ളിക്കളയേണ്ടതാണെന്ന നിര്‍ദ്ദേശമാണ് ഈ വശം. ഈ നിര്‍ദ്ദേശമുള്ളതും സി.വി. കുഞ്ഞുരാമനുമായുള്ള സംഭാഷണ ത്തിലാണ്. ”ഉള്ള മതസ്ഥന്മാര്‍ തന്നെ അന്യോന്യം കലഹിക്കുമ്പോള്‍ നാമൊരു പുതിയ മതമുണ്ടാക്കിയാല്‍ കലഹം വര്‍ദ്ധിക്കുകയേ ഉള്ളു” എന്ന ഗുരുവിന്റെ അഭിപ്രായവും ശ്രീനാരായണഗുരുവിന്റെ മതവീക്ഷണത്തിന്റെ മറ്റൊരു മര്‍മ്മപ്രധാനമായ വശമാണ്.
”ഹിന്ദുവിന്റെ ജ്ഞാനം” ശ്രീനാരായണഗുരുവിന്റെ ഏക മതത്തിന്റെ ഒരവിഭാജ്യ ഘടകമാണെന്നു കണ്ടു. ശുദ്ധ ഹിന്ദു മതത്തിന്റെ തത്ത്വങ്ങള്‍ ജനങ്ങളെ പഠിപ്പി ക്കണം എന്ന് നിര്‍ദ്ദേശിച്ചതും ഗുരു തന്നെയാണ്. ഗുരുവിനെ സമീപിച്ചിരുന്ന സാമാന്യ ജനങ്ങളാവട്ടെ ”ഹിന്ദുക്കളില്‍ ചിലര്‍” ആണെന്നും ഗുരു തന്നെ പറയുക യുണ്ടായി. സ്വാഭാവികമായും അവരുടെ പശ്ചാത്തലമനുസരിച്ച് ഹിന്ദുമതതത്ത്വങ്ങള്‍ അറിഞ്ഞിരിക്കണം എന്നുള്ളത് ശ്രീനാരായണഗുരുവിന്റെ ജീവിതവീക്ഷണത്തിന്റെ ഭാഗമാണ്. ”ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തണം” എന്നുള്ളതും ഗുരുവിന്റെ ഉപദേശങ്ങളില്‍ ഒന്നാണ്. സാധാരണക്കാരെ സംബന്ധിച്ചിട ത്തോളം ഈശ്വരാരാധന മതവിശ്വാസത്തിന്റെ ഭാഗമായതുകൊണ്ട് മതതത്ത്വങ്ങള്‍ അറിയുന്നതും ഈശ്വരാരാധനയുടെ ഭാഗമാണ്. ഇങ്ങനെ ഗുരുവിന്റെ തന്നെ വാക്കുകളെ കോര്‍ത്തിണക്കുമ്പോള്‍ മനസ്സിലാകും ഗുരുവിന്റെ ഏകമത സങ്കല്പവും ഹിന്ദു മതത്തോടുള്ള സമീപനവും പസ്പരവിരുദ്ധമല്ല എന്നു മാത്രമല്ല പരസ്പര പൂരകവുമാണെന്ന്.
ഭാരതമാതാവിന്റെ ഗര്‍ഭാശയത്തില്‍ രൂപംകൊണ്ട മഹാപ്രതിഭകളുടെ ഭ്രൂണത്തിന്റെ വളര്‍ച്ചപോലും മുരടിപ്പിച്ചിരിക്കുന്ന ജാതിവ്യവസ്ഥയ്ക്ക് ഭരണാധികാരികള്‍ കൂടി ഒത്താശചെയ്തിരുന്ന കാലത്ത് ”ശുദ്ധഹിന്ദുമതത്തിന്റെ” തത്ത്വങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രീനാരായണഗുരു നിര്‍ദ്ദേശിച്ചത് എന്തിന് എന്ന മര്‍മ്മപ്രധാനമായ ചോദ്യത്തിന്റെ ഉത്തരം ലഭിച്ചുകഴിഞ്ഞു. ഭാരതത്തിലെ ആദ്ധ്യാത്മിക സാഹിത്യ ത്തിലെ രണ്ട് സാങ്കേതിക പദങ്ങള്‍ കൂടി ഉപയോഗിച്ചാല്‍ ഉത്തരം ഒന്നുകൂടി ലളിത മാകും. തുടക്കത്തില്‍ പരാമര്‍ശിച്ച ‘സ്മൃതി’, ‘ശ്രുതി’ എന്നീ സംജ്ഞകളാണ് ഈ സാങ്കേതിക പദങ്ങള്‍.
കാലത്തിനും ദേശത്തിനും അനുസരിച്ച് മാറേണ്ട നിയമസംഹിതകള്‍ വരുന്നത് ‘സ്മൃതി’ എന്ന വിഭാഗത്തിലാണ്. കാലാതീതമായ പ്രപഞ്ചവ്യവസ്ഥയും ജീവിത സത്യങ്ങളുമൊക്കെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് ശ്രുതികള്‍. ‘മനുസ്മൃതി’, പേരു സൂചിപ്പിക്കുന്നതുപോലെ, സ്മൃതി വിഭാഗത്തില്‍പ്പെട്ട ഒരു കൃതിയാണ്; ശ്രീനാരായണ ഗുരു മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ‘ഈശാവാസ്യോപനിഷത്ത്’ ശ്രുതി വിഭാഗത്തിന് ഒരുദാഹരണവും.
(ഈ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ചു പറഞ്ഞാല്‍, ഹിന്ദുമതത്തിലെ മാത്രമല്ല മറ്റ് മതസാഹിത്യങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളും നിയമങ്ങളും ചരിത്രവു മൊക്കെ വിവരിക്കുന്ന ഭാഗങ്ങളെ സ്മൃതിയായും അടിസ്ഥാനതത്ത്വങ്ങളെയും ദര്‍ശന ത്തെയും പ്രതിപാദിക്കുന്ന ഭാഗത്തെ ശ്രുതിയായും കണക്കാക്കാം. ഏത് മതത്തിന്റെ പ്രമാണ ഗ്രന്ഥങ്ങളുടെയും ഉള്ളടക്കത്തെ ഇങ്ങനെ രണ്ടായി തരം തിരിക്കാമെങ്കിലും ഹിന്ദുമത ഗ്രന്ഥങ്ങളും മറ്റ് മതഗ്രന്ഥങ്ങളും തമ്മില്‍ ഒരു വ്യത്യാസം കാണാം. ഹിന്ദു മതത്തില്‍, മനുസ്മൃതിയും ഈശാവാസ്യോപനിഷത്തും പോലെ, സ്മൃതിയും ശ്രുതിയും പ്രത്യേക ഗ്രന്ഥങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പല മതങ്ങ ളിലും ഒരേ പ്രമാണ ഗ്രന്ഥത്തില്‍ തന്നെ രണ്ട് വിഭാഗത്തില്‍ പെട്ട വിഷയങ്ങളും ഇടകലര്‍ന്ന് കിടക്കുന്നത് കാണാം.)
ശ്രുതികളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് ഉപനിഷത്തുകളാണ്. തന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ ”ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം” എന്നൊരുപ ദേശവും ‘ആത്മോപദേശശതകം’ 14-ാം ശ്ലോകത്തില്‍ ഗുരു നല്കിയിട്ടുണ്ട്. ഗുരു വിന്റെ കൃതികളെയും ശ്രുതികളായി കണക്കാക്കാം. ”ശുദ്ധഹിന്ദുമതം” എന്ന പ്രയോ ഗത്തിലെ ‘ശുദ്ധവും’ ”ഹിന്ദുവിന്റെ ജ്ഞാനം” എന്നതിലെ ‘ജ്ഞാന’വും പ്രതിനിധീ കരിക്കുന്നതും ശ്രുതിയെത്തന്നെയെന്നു പറയാം. ജാതിവ്യവസ്ഥയെ നിലനിര്‍ത്താന്‍ ശ്രമിച്ചവര്‍ അതിനെ സാധൂകരിച്ചിരുന്നത് സ്മൃതികള്‍ ഉദ്ധരിച്ചുകൊണ്ടാണ്. അതാണ് ”മുമ്പേ സ്മൃതികളാല്‍ കോട്ട കെട്ടി” എന്ന് കുമാരനാശാന്‍ എഴുതിയതിന്റെ വിവക്ഷ. സ്മൃതികൊണ്ട് കെട്ടിയ കോട്ട ശ്രുതി എന്ന ആയുധംകൊണ്ട് ശ്രീനാരായണഗുരു പൊളിച്ചു എന്ന് ആലങ്കാരികമായി പറയാം. സ്മൃതിയില്‍ നിന്ന് ശ്രുതിയിലേക്കുള്ള ഈ മാറ്റത്തിലൂടെ, ഹിന്ദു മതത്തിലെ ‘ദുരവസ്ഥകള്‍ക്ക്’ പരിഹാരം കാണാനുള്ള മറുമരുന്ന് ഹിന്ദുമതത്തില്‍ത്തന്നെയുണ്ട് എന്ന് ഗുരു തെളിയിക്കുകയും ചെയ്തു.
ഹിന്ദുമതത്തിലെ സ്മൃതിയില്‍ നിന്ന് ശ്രുതിയിലേക്കുള്ള ഈ മാറ്റത്തിലൂടെ ശ്രീനാരായണഗുരുവിന്റെ മതവീക്ഷണത്തിന്റെ ചക്രവാളം വിശ്വത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഏകമതമായി വികസിക്കുകയും ചെയ്തു. ഈ ഏക മതത്തില്‍ സര്‍വ്വ മതങ്ങളിലെയും ശ്രുതികള്‍ക്ക് സ്ഥാനമുണ്ട്. എല്ലാ മതങ്ങളുടെയും സ്മൃതി കള്‍ ലോകത്ത് സൃഷ്ടിക്കുന്ന വിപത്തിനുള്ള മറുമരുന്നും ഗുരുവിന്റെ ഏകമതത്തിലുണ്ട്. അതാണ് സര്‍വ്വമത സമ്മേളനത്തില്‍ പറഞ്ഞ ‘ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും യേശുവിന്റെ സ്‌നേഹവും മുഹമ്മദ് നബിയുടെ സാഹോ ദര്യവും’ ചേര്‍ന്ന മനുഷ്യജാതിയുടെ മതം.
(9447863335)