വീണ്ടുമൊരു മഹാപ്രക്ഷോഭം അനിവാര്യം

ക്ഷേത്രപ്രവേശനവിളംബരത്തിന് 86 വയസ്

ക്ഷേത്രങ്ങളിൽ തുല്യനീതിയ്ക്കായും സവർണാധിപത്യം തിരികെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും ക്ഷേത്ര പ്രവേശന വിളംബര പ്രക്ഷോഭ മാതൃകയിൽ വീണ്ടുമൊരു മഹാ പ്രക്ഷോഭം ഇവിടെ അനിവാര്യമായിരിക്കുന്നു

ജാതിവിവേചനം, സാമൂഹ്യ ഉച്ചനീചത്വം, അയിത്താചാരം, അസ്‌പൃശ്യത പോലുള്ള സാമൂഹ്യ തിന്മകൾക്ക് അറുതി വരുത്താനുള്ള പ്രചാരണങ്ങൾക്കും പോരാട്ടങ്ങൾക്കും ദീഘകാലത്തെ ചരിത്ര പാരമ്പര്യമുണ്ട്. എന്നിട്ടും അവയ്ക്കൊക്കെ തീർത്തും അറുതി വരുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കേരള ചരിത്രത്തിൽ ഐതിഹാസികമെന്ന് വിശേഷിപ്പിക്കാവുന്ന ക്ഷേത്രപ്രവേശന വിളംബരം നടന്ന് 86 സംവത്സരങ്ങൾ പിന്നിട്ട് കാലവും ലോകവും ഏറെ മാറ്റങ്ങൾക്ക് വിധേയമായിട്ടും ‘കോരന് കഞ്ഞി കുമ്പിളിൽ തന്നെ’ എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് ഇന്നും കേരളത്തിലെ പിന്നാക്ക വിഭാഗത്തിന്റെ സ്ഥിതി.

‘ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’

എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശം ക്ഷേത്രങ്ങളിൽ ഇന്നും പാലിയ്ക്കപ്പെടുന്നില്ലെന്നിടത്താണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ചരിത്രപരമായ ലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നത്. ഈഴവരാദി പിന്നാക്ക വിഭാഗക്കാർക്ക് ക്ഷേത്രത്തിനുള്ളിൽ കടന്ന് ദൈവത്തെ ആരാധന നടത്താമെന്നതിനപ്പുറം ശ്രീകോവിൽ വാതിൽ കടന്ന് ഉള്ളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ശ്രീകോവിലിനുള്ളിൽ പൂജാദി ക‌ർമ്മങ്ങൾ നടത്താനും ഭഗവാനുമായി നേരിട്ട് സംവദിക്കാനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പോലും ഇന്നും പൂണൂൽ ധാരികളായ ബ്രാഹ്മണർക്കേ അവകാശവും അനുവാദവുമുള്ളു. ശബരിമല സന്നിധാനത്തും മാളികപ്പുറത്തും മേൽശാന്തിമാരെ നിയമിക്കാൻ ക്ഷണിക്കുന്ന അപേക്ഷയിൽ തന്നെ അപേക്ഷകർ ബ്രാഹ്മണരായിരിക്കണമെന്നാണ് നിബന്ധന. ഗുരുവായൂർ ക്ഷേത്രം പോലുള്ള മഹാക്ഷേത്രങ്ങളിലും അബ്രാഹ്മണ ശാന്തിമാർക്ക് ശ്രീകോവിലിന് വെളിയിലാണ് സ്ഥാനം. ഇനി ഏതെങ്കിലും അബ്രാഹ്മണനോ പിന്നാക്കക്കാരനോ ആയ ഒരാളെ ദേവസ്വം ബോർ‌ഡ് ശാന്തിക്കാരനായി നിയമിച്ചാൽ പോലും ശ്രീകോവിലിനുള്ളിലേക്ക് കടന്ന് പൂജാദി കർമ്മങ്ങൾ ചെയ്യാൻ ഭ്രഷ്ട് കൽപ്പിച്ച സംഭവങ്ങൾ ഈ ഡിജിറ്റൽ യുഗത്തിൽ തന്നെയാണ് അരങ്ങേറുന്നത്.

മുന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവ്വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം നൽകാനുള്ള കേന്ദ്രസസർക്കാർ തീരുമാനം ശരിവച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റ ഭൂരിപക്ഷവിധിയും ഇത്തരുണത്തിൽ ഏറെ പ്രസക്തമാകുകയാണ്. ജാതിസംവരണം ഇനി അധികകാലം തുടരാനാകില്ലെന്ന വിധിയിലെ പരാമർശം ഞെട്ടലുളവാക്കുന്നതാണ്. ജാതിസംവരണ വ്യവസ്ഥയിൽ മാറ്റം വരുത്താൻ ആലോചിക്കേണ്ട സമയമായെന്നാണ് മുന്നാക്ക സംവരണത്തെ അനുകൂലിച്ച രണ്ട് ജഡ്ജിമാരുടെ വിധിന്യായത്തിൽ പറയുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന സംവരണത്തിന്റെ ഭാവിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സാമ്പത്തിക സംവരണം മുന്നാക്ക വിഭാഗക്കാർക്ക് മാത്രമായി ചുരുക്കി, അതിന്റെ ആനുകൂല്യം പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ ദരിദ്രർക്കും നൽകണമെന്ന് ബഞ്ചിലെ രണ്ട് ജഡ്ജിമാരുടെ ആവശ്യം മൂന്നംഗ ഭൂരിപക്ഷ ബഞ്ച് തള്ളുകയും ചെയ്തു. സാമ്പത്തിക സംവരണം എന്ന ഓമനപ്പേരിൽ വിളിക്കുന്ന മുന്നാക്കത്തിലെ പാവങ്ങൾക്കായി ഏർപ്പെടുത്തിയ സംവരണത്തിൽ നിന്ന് പട്ടികജാതി, പട്ടികവ‌ർഗ്ഗ വിഭാഗങ്ങളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ഒഴിവാക്കിയതിൽ എന്ത് നീതീകരണമുണ്ടെന്ന ചോദ്യമാണുയരുന്നത്. വിധിയ്ക്കെതിരെ തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ പുന:പരിശോധന ഹർജി നൽകാൻ തീരുമാനിക്കുകയും ഇക്കാര്യം ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിച്ചുകൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ സ്ഥിതിയോ ?

1936 നവംബർ 12 ന് തിരുവിതാംകൂർ സർക്കാർ വിളംബരംചെയ‌്ത ക്ഷേത്രപ്രവേശന നിയമം കേരളത്തിലെ ഇതരപ്രദേശങ്ങളിൽ മാത്രമല്ല, രാജ്യമാകെ ഉറ്റുനോക്കിയ ഒന്നാണ‌്. നവോത്ഥാന നായകരും അധ:സ്ഥിത ജനവിഭാഗങ്ങളും ഒരേ വികാരവായ‌്പോടെ നടത്തിയ സുദീർഘമായ പോരാട്ടത്തിന്റെ ഫലംകൂടിയാണ‌് അവർണരുടെ ആരാധനാ സ്വാതന്ത്ര്യത്തിന‌് വഴിതെളിച്ച ഈ വിളംബരം. സാമൂഹിക പരിഷ‌്കരണത്തിന‌ുവേണ്ടി 19–ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ പരിസമാപ‌്തിയിലാണ‌് വിപ്ലവകരമായ ക്ഷേത്രപ്രവേശന വിളംബരം നടന്നത്. സമരമുഖരിതമായ ഒരു പശ‌്ചാത്തലമുണ്ടായിരുന്നെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചില ഘടകങ്ങളും വിളംബരം പുറപ്പെടുവിക്കുന്നതിന‌് ചാലകശക്തിയായി വർത്തിച്ചെന്ന‌ത‌് ചരിത്രപരമായ വസ‌്തുതയാണ‌്.

ക്ഷേത്രവഴികളിൽ സഞ്ചാരസ്വാതന്ത്ര്യം എന്നതായിരുന്നു വൈക്കം സത്യഗ്രഹത്തിലെ മുഖ്യ ആവശ്യം. എന്നാൽ, പതിയെ അത‌് ആരാധനാസ്വാതന്ത്ര്യത്തിനുള്ള പ്രക്ഷേ‌ാഭമായി പരിണമിക്കുകയായിരുന്നു. 1924 ൽ തുടങ്ങിയ വൈക്കം സത്യഗ്രഹത്തിന് നടുനായകത്വം വഹിച്ചത് ടി.കെ മാധവനടക്കമുള്ള മഹാരഥൻമാരായിരുന്നു.

ക്ഷേത്രവഴികളിൽ സഞ്ചാരസ്വാതന്ത്ര്യം എന്നതായിരുന്നു വൈക്കം സത്യഗ്രഹത്തിലെ മുഖ്യ ആവശ്യം. എന്നാൽ, പതിയെ അത‌് ആരാധനാസ്വാതന്ത്ര്യത്തിനുള്ള പ്രക്ഷേ‌ാഭമായി പരിണമിക്കുകയായിരുന്നു. 1924 ൽ തുടങ്ങിയ വൈക്കം സത്യഗ്രഹത്തിന് നടുനായകത്വം വഹിച്ചത് ടി.കെ മാധവനടക്കമുള്ള മഹാരഥൻമാരായിരുന്നു. ഗാന്ധിജിയുടെ ഇടപെടലോടെ വലിയ ബഹുജനസമരമായി മാറി. സത്യഗ്രഹം വിജയിപ്പിക്കുന്നതിന‌ായി ജാതി മത ഭേദമെന്യേ കേരളീയർ മാത്രമല്ല, മറുനാട്ടുകാരും എത്തിച്ചേർന്നു. സവർണജാഥ നയിച്ച മന്നത്തു പത്മനാഭനും പഞ്ചാബിൽനിന്ന‌ുള്ള അകാലികളും തമിഴ‌്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനക്കാരും സമരത്തിന‌് ഐക്യദാർഢ്യം പകരാൻ എത്തിയിരുന്നു.

വിഗ്രഹപ്രതിഷ‌്ഠയും വേദപഠനവും ക്ഷേത്രാരാധനയും ബ്രാഹ്മണരുടെ മാത്രം അവകാശമെന്ന ആചാരത്തെ ലംഘിച്ച ശ്രീനാരായണഗുരുദേവനും ടി.കെ മാധവനും സി.വി കുഞ്ഞുരാമനും ജനവികാരം ആളിക്കത്തിച്ചു.

വൈക്കം സത്യഗ്രഹം ക്ഷേത്രപരിസരത്ത‌് സഞ്ചാരസ്വാതന്ത്ര്യത്തിന‌ു വേണ്ടിയുള്ളതായിരുന്നിട്ടുപോലും ക്ഷേത്രം തന്ത്രിയും ഭരണകൂടവും വിട്ടുവീഴ‌്ചയ‌്ക്ക‌് ഒരുക്കമായിരുന്നില്ല. 1925 ൽ സമവായ ചർച്ചയ‌്ക്ക‌് എത്തിയ ഗാന്ധിജിയെ ക്ഷേത്രം തന്ത്രിയായ ഇണ്ടംതുരുത്തി നമ്പൂതിരി വീട്ടിൽ കയ‌റ്റിയില്ല. അദ്ദേഹം പോയശേഷം ഇരുന്നസ്ഥലം ചാണകവെള്ളം തളിച്ച‌് ‘ശുദ്ധമാക്കുക’യും ചെയ‌്തു. 1930 ഓടെ തിരുവിതാംകൂറിൽ അവർണർക്ക‌് ക്ഷേത്ര പ്രവേശനം കൂടിയേ തീരൂ എന്ന നിലവന്നു. പേര‌ിൽ ഹിന്ദുവെങ്കിലും ഹിന്ദുവിന‌ുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെതിരെ അവർണർ സംഘടിച്ചു. നികുതി പിരിക്കാനെത്തിയ ഉദ്യോ ഗസ്ഥർക്ക‌് ജനങ്ങളിൽനിന്ന‌് അവഹേളനം പതിവായി. വരുമാനം കുറഞ്ഞതോടെ സർക്കാരും സാമ്പത്തിക ഞെരുക്കത്തിലായി. ഇതിന‌ു പുറമെയാണ‌് ജനകീയ പ്രക്ഷേ‌ാഭങ്ങളും മതപരിവർത്തനവും ഉയർത്തിയ വെല്ലുവിളി. 1936ൽ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും 1937 ജനുവരിയിലാണ‌് ഇത‌് യാഥാർത്ഥ്യമായത‌്. ജനുവരി 12 ന‌് ഗാന്ധിജിയുടെ നേതൃത്വത്തിൽ നാനാജാതിയിലുംപെട്ടവർ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ അത‌് ചരിത്രമുഹൂർത്തമായി. തുടർന്ന് പട്ടാള മൈതാനത്ത് ചേർന്ന ഗംഭീര യോഗത്തിൽ സംസാരിച്ച ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

‘അവർണരുടെയും സവർണരുടെയും പൊതുജനാഭിപ്രായങ്ങൾ ശക്തിപ്പെടുത്താൻ നിങ്ങൾ തുടർച്ചയായി ശ്രമങ്ങൾ നടത്തിയിരുന്നില്ലെങ്കിൽ ലോകത്തിലുള്ള സകല മനസ്സും ഉണ്ടായിരുന്നാൽ കൂടി മഹാരാജാവിനു പോലും ഈ വിളംബര പ്രഖ്യാപനം നടത്തുക അസാദ്ധ്യമായേനെ.’

ഈഴവരെപ്പോലെയുള്ള ഒരു സമുദായം ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായതെന്ന് സി.രാജഗോപാലാചാരി പ്രസ്താവിച്ചതും വിസ്മരിക്കാവുന്നതല്ല. പൊതുജനഹിതത്തെ ആദരിക്കാത്ത പക്ഷം രാജ്യഭരണം ദുഷ്ക്കരമായിത്തീരുമെന്നും പൊതുജനങ്ങളുടെ ശബ്ദം കേട്ടപ്പോഴാണ് തിരുമനസ്സ് കൊണ്ട് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപനം ചെയ്തതെന്നും ദിവാൻ സർ സി.പി രാമസ്വാമി അയ്യർ പോലും അന്ന് തുറന്നു പറഞ്ഞു. സി.വി കുഞ്ഞുരാമൻ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്.

ഈഴവരെപ്പോലെയുള്ള ഒരു സമുദായം ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായതെന്ന് സി.രാജഗോപാലാചാരി പ്രസ്താവിച്ചതും വിസ്മരിക്കാവുന്നതല്ല. പൊതുജനഹിതത്തെ ആദരിക്കാത്ത പക്ഷം രാജ്യഭരണം ദുഷ്ക്കരമായിത്തീരുമെന്നും പൊതുജനങ്ങളുടെ ശബ്ദം കേട്ടപ്പോഴാണ് തിരുമനസ്സ് കൊണ്ട് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപനം ചെയ്തതെന്നും ദിവാൻ സർ സി.പി രാമസ്വാമി അയ്യർ പോലും അന്ന് തുറന്നു പറഞ്ഞു. സി.വി കുഞ്ഞുരാമൻ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്.

വിളംബരം കൊണ്ട് ഈഴവർക്ക് വലിയ പ്രയോജനമൊന്നും ഉണ്ടാകില്ലെന്ന ചിന്താഗതിക്കാരനായിരുന്നു സി.വി. നിഷേധിക്കപ്പെട്ട അവകാശങ്ങളും അധികാരങ്ങളും പിടിച്ചുവാങ്ങുക, അതിലൂടെ സമുദായത്തിന്റെ അഭിമാനത്തെ പരിരക്ഷിക്കുക എന്നതിൽ കവിഞ്ഞ പ്രതീക്ഷയൊന്നും സി.വിയ്ക്കുണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ പ്രവേശിക്കുക എന്നതിനെക്കാൾ സമുദായത്തിന് അപമാനകരമായ നിയമങ്ങളെയും ആചാരങ്ങളെയും നിർമ്മാർജ്ജനം ചെയ്യുകയായിരുന്നു ടി.കെ മാധവന്റെയും സി.വിയുടെയും ലക്ഷ്യം. 1931 ൽ ആലപ്പുഴയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 28-ാം വാർഷിക പൊതുയോഗത്തിൽ സി.വി നടത്തിയ പ്രസംഗം ദീർഘദൃഷ്ടിയോടെയുള്ളതായിരുന്നു.

‘ബ്രാഹ്മണൻ എവിടെ നിന്ന് താഴോട്ടിറങ്ങിയോ അവിടെവരെ ഒന്നു കയറണമെന്ന് ഞങ്ങൾക്ക് ഒരാഗ്രഹം ഉണ്ടായി. അവിടെ ചെന്നതുകൊണ്ടു മാത്രം ഈഴവൻ തൃപ്തനാവുകയില്ല. അവിടത്തെ മണി കിലുങ്ങുമോ എന്നും അവനൊന്ന് നോക്കണം. അല്ലാതെ അകത്തു കടന്നിട്ട് ശ്രീകോവിലിനു വെളിയിൽ നിൽക്കുന്ന ഏർപ്പാട് ഈഴവന് വേണ്ടതന്നെ. ആണ്ടിൽ 28.50 ലക്ഷം രൂപ ദേവസ്വം ഇനത്തിൽ ചെലവുണ്ട്. ഇതിൽ എട്ട് കാശ് പോലും ഈഴവന് കിട്ടുന്നില്ല. വെടിക്കെട്ടും ആറാട്ടും മാത്രം ഒളിഞ്ഞു നിന്ന് ഞങ്ങൾക്കും കാണാം. അതിനാൽ ക്ഷേത്രകാര്യങ്ങളിൽ ഇതേവരെ പ്രവേശനം ഇല്ലാതിരുന്നവർക്ക് ആ അവകാശം നൽകേണ്ടതാണ്.’

1936 നവംബർ 12 ന് തിരുവിതാംകൂർ സർക്കാർ വിളംബരംചെയ‌്ത ക്ഷേത്രപ്രവേശന നിയമം കേരളത്തിലെ ഇതരപ്രദേശങ്ങളിൽ മാത്രമല്ല, രാജ്യമാകെ ഉറ്റുനോക്കിയ ഒന്നാണ‌്. നവോത്ഥാന നായകരും അധ:സ്ഥിത ജനവിഭാഗങ്ങളും ഒരേ വികാരവായ‌്പോടെ നടത്തിയ സുദീർഘമായ പോരാട്ടത്തിന്റെ ഫലംകൂടിയാണ‌് അവർണരുടെ ആരാധനാ സ്വാതന്ത്ര്യത്തിന‌് വഴിതെളിച്ച ഈ വിളംബരം.

അന്ന് സി.വി പറഞ്ഞ കാര്യങ്ങൾക്ക് ഇന്നും വലിയമാറ്റമില്ലെന്നതാണ് നവോത്ഥാന കേരളത്തെ പിന്നോട്ട് നയിക്കുന്നത്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഈഴവരാദി പിന്നാക്കക്കാർക്ക് ഇന്നും ശ്രീകോവിലിന് വെളിയിൽ തന്നെയാണ് സ്ഥാനം.

ദേവസ്വം ബോർഡ് നിയമനങ്ങൾ പോലും മുന്നാക്കക്കാരുടെയും ബ്രാഹ്മണരുടെയും കുത്തകാവകാശം പോലെയായി. എന്നിട്ടും ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തിയതോടെ പിന്നാക്കക്കാരന്റെ സ്ഥിതി ഏറെ പരിതാപകരമായി മാറിക്കൊണ്ടിരിക്കുന്നു.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികവേളയിൽ പിന്നാക്ക വിഭാഗങ്ങളുടെ മേൽ വീണ്ടും സവർണാണാധിപത്യം സ്ഥാപിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി വേണം പുത്തൻ കോടതിവിധിയെയും വീക്ഷിക്കേണ്ടത്. വരാൻ പോകുന്ന വിപത്തിന്റെ തുടക്കമായി ഇതിനെ കാണേണ്ടി വരും. ചാതുർവർണ്യ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിന്റെ തുടക്കമാണിത്. ക്ഷേത്രങ്ങളിൽ തുല്യനീതിയ്ക്കായും സവർണാധിപത്യം തിരികെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും ക്ഷേത്ര പ്രവേശന വിളംബര പ്രക്ഷോഭ മാതൃകയിൽ വീണ്ടുമൊരു മഹാ പ്രക്ഷോഭം ഇവിടെ അനിവാര്യമായിരിക്കുന്നു.

Author

Scroll to top
Close
Browse Categories