അസഹിഷ്ണുതയുടെ പേന
‘കവിതാച്ചെപ്പ് ‘ എന്ന കവിതകൾക്കു മാത്രമായുള്ള വാട് സാപ്പ് ഗ്രൂപ്പിലെ അംഗമാണ് കവിയായ മേപ്രാണം സുകുമാരൻ. ഒന്നു രണ്ടു വാരികകളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസാരത്തിൽ സൗമ്യൻ. പെരുമാറ്റത്തിൽ വിനയൻ. ഭാര്യയോടും മക്കളോടും അയാൾ കാണിക്കുന്ന സ്നേഹം ലോകത്തിൽ ഒരു ഭർത്താവും കാണിക്കുന്നുണ്ടാവില്ല. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവൻ.
ഇങ്ങനെയൊക്കെ ആണെങ്കിലും കവിതാച്ചെപ്പ് ഗ്രൂപ്പിൽ ആരെങ്കിലും കവിത പോസ്റ്റു ചെയ്താൽ മട്ടുമാറും. ബാധകയറിയപോലെ കലിയിളകും.
ഏതു കവിതയായാലും രൂക്ഷമായ കൂരമ്പുകൾ എയ്ത് കവിതയെ കുത്തിക്കീറും.. കവിത പോസ്റ്റ് ചെയ്ത ഒരാളും അയാളിൽ നിന്ന് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട.
ആദ്യമായി കവിത പോസ്റ്റുചെയ്ത ജേക്കബ് പോത്തേഴക്കാട് , മേപ്രാണം സുകുമാരന്റെ വിമർശനമേറ്റ് നെഞ്ചുവേദന സഹിക്കാനാവാതെ ആശുപത്രിയിൽ കിടന്നത് അഞ്ചു ദിവസം ! പുതുതായി ചേർന്ന ശാലിനി പി.നായർ പേടിച്ച് ഒരു കവിതയും പോസ്റ്റു ചെയ്യാൻ പോയില്ല എന്നു മാത്രമല്ല, ടെൻഷനടിച്ച് ഒരാഴ്ചകൊണ്ട് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകുകയും ചെയ്തു.
കവിതാച്ചെപ്പിൽ പുതിയ കവിത വന്നാൽ അക്കാര്യം സുകുമാരന്റെ ഭാര്യ വിമലയ്ക്ക് ഉടനെ പിടികിട്ടും. മറുപടി എഴുതുന്നതിനോടൊപ്പം പറച്ചിലുമുണ്ട് സുകുമാരന്. ആ പറച്ചിലിലെ ശകാരങ്ങൾ വിമലയ്ക്ക് പരിചിതമാണല്ലോ!
ഒരു ദിവസം, ‘കൊല്ലും എല്ലാറ്റിനെയും കൊല്ലും ഞാൻ ‘ എന്ന അലർച്ച കേട്ടാണ് തൊട്ടപ്പുറത്ത് താമസിക്കുന്ന ജമീല ഓടിയെത്തിയത്. അന്നേരം, സിറ്റൗട്ടിൽ മൊബൈലും പിടിച്ചിരിക്കുന്ന വിമലയെക്കണ്ടപ്പോൾ ജമീലയ്ക്ക് ആശ്വാസമായി.
”മോള് പുറത്തേക്കു വന്നത് നന്നായി. അല്ലെങ്കിൽ അവൻ നിന്നെ കുത്തിക്കൊന്നേനെ ”
അതു കേട്ട് വിമല ചിരിച്ചു.
” ചിരിക്ക്യാ..! എന്തു പറ്റി നിന്റെ കെട്ട്യോന്?”
”പ്രശ്നമൊന്നുമില്ല ജമീൽത്താ.., ആൾ ഒരു കവിത വാട്സാപ്പിലിട്ടിട്ടുണ്ട്. അതിന്റെ കലിപ്പാണ്”
”അതിനെന്തിന് അവന് കലി വരണം? അവനല്ലേ കവിതയിട്ടത്? ”
” കവിതയിട്ടത് മൂപ്പര് തന്നെ ! പക്ഷേ, വായനക്കാർക്ക് കവിത ഇഷ്ടപ്പെട്ടില്ല. ഒരാൾ ‘ഇത്ര മോശം കവിത ജീവിതത്തിൽ വായിച്ചിട്ടില്ല, ഇതിലും ഭേദം ഞാൻ തല പൊട്ടിത്തെറിച്ച് മരിക്ക്യാർന്നു ‘ എന്നെഴുതി. അതാ ഇത്രയ്ക്കും പ്രശ്നമായത്. ജമീൽത്ത ഒന്നു നോക്ക് ”
വിമല സ്മാർട് ഫോൺ ജമീലയുടെ നേരെ നീട്ടി.
വാട്സാപ്പ് എന്നു മാത്രം കേട്ടിട്ടുള്ള ജമീല ഫോണിന്റെ സ്ക്രീനിലേക്കു നോക്കി. അന്നേരം വീട്ടിന്നകത്തുനിന്ന്
‘ നിന്നെ ഞാൻ വെട്ടിക്കൊല്ലുമെടാ… ‘ എന്ന അലർച്ച വീണ്ടും കേട്ടു.
” എൻ്റുമ്മോ ” എന്നു നിലവിളിച്ച് ജമീല റോഡിലേക്കോടി..
*
മേപ്രാണം സുകുമാരൻ കൂടെക്കൂടെ വൈലന്റാകുന്നത് ഭാര്യ വിമലയ്ക്ക് തലവേദനയായി മാറി.
ആളുകൾ കവിതാച്ചെപ്പിൽ കവിതകൾ പോസ്റ്റു ചെയ്യട്ടെ. ഒന്നിനു കൊള്ളാത്ത കവിതായാണെങ്കിലും കലി വന്ന് വായിൽ തോന്നിയത് എഴുതേണ്ട വല്ല കാര്യമുണ്ടോ? അതാണ് വിമലയ്ക്ക് മനസ്സിലാകാത്തത്.
”നിങ്ങൾക്ക് കുറച്ചു മയത്തിലൊക്കെ എഴുതിക്കൂടെ?” സഹികെട്ട് ഒരു ദിവസം വിമല ഉപദേശിച്ചു.
”അതെനിക്ക് പറ്റുന്നില്ലെടി..കവിത വായിച്ചു എഴുതാൻ തുടങ്ങിയാൽ എനിക്കൊരു വിറയൽ വരും. പേന ഒരു ആയുധം കൂടിയല്ലേ?”
” മറ്റുള്ളവർ നിങ്ങളുടെ കവിതയെ കുറ്റപ്പെടുത്തുമ്പോൾ എന്തിനാ വിറയൽ”
”എന്റെ നല്ല കവിതയെ വെറുതെ കുറ്റപ്പെടുത്തുമ്പോൾ സഹിക്കാൻ പറ്റുമോ?
വിമലയ്ക്ക് ഒരു പിടിയും കിട്ടിയില്ല. ഇനി ഇപ്പോ പേനയായിരിക്കുമോ പ്രശ്നം?
ഊണു കഴിഞ്ഞ് ഉറങ്ങുന്ന ശീലമുണ്ട് മേപ്രാണം സുകുമാരന്. നീണ്ട ഉറക്കം കഴിഞ്ഞേ ആൾ എഴുന്നേൽക്കൂ.
സുകുമാരൻ ഉറങ്ങാൻ തുടങ്ങിയപ്പോൾ പേനയുമായി വിമല പ്രഭാകര പണിക്കരുടെ അടുത്തേക്കു ചെന്നു.
കാര്യങ്ങൾ അവതരിപ്പിച്ച്, പേന പണിക്കരെ കാണിച്ചിട്ട് പറഞ്ഞു:
”പേനയാണ് കുഴപ്പമെന്ന് തോന്നുന്നു. ഒന്നു മന്ത്രിച്ചു തരണം ”
പേനയുടെ പ്രശ്നം പറഞ്ഞ് പരിഹാരത്തിനായി ആദ്യമായാണ് ഒരാൾ വരുന്നത്. കാശ് തടയുന്ന കാര്യമായതുകൊണ്ട് മറ്റൊന്നും പറയാതെ പണിക്കർ ജപിച്ച്, മന്ത്രിച്ച് പേന തിരിക കൊടുത്തു.
‘ഇനി ഒരു പ്രശ്നവുമുണ്ടാവില്ല. ആള് സോഫ്റ്റായിക്കോളും.
പക്ഷേ, മേപ്രാണം സുകുമാരൻ സോഫ്റ്റായില്ല.
ഇനി എന്തു ചെയ്യും? അപ്പോഴാണ് മുരിയാംപാടത്തുള്ള ഡോക്ടർ ഡിസൂസയെക്കുറിച്ച് കേൾക്കുന്നത്. കൂട്ടുകാരിയായ സബീനയാണ് ഡോക്ടറെ കുറിച്ച് പറഞ്ഞത്. ഏതുതരം മാനസിക പ്രശ്നങ്ങളും അദ്ദേഹം മാറ്റിത്തരുമെന്ന് കേട്ടപ്പോൾ വിമലയ്ക്ക് പ്രതീക്ഷ കൈവന്നു. പ്രത്യേകതരം പെരുമാറ്റവും ചികിത്സാരീതിയുമാണ്, അത് കണ്ട് തെറ്റിദ്ധരിക്കരുതെന്നും സബീന സൂചിപ്പിച്ചിരുന്നു.
ഒരു കണക്കിന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വിമല മേപ്രാണം സുകുമാരനെ ഡോക്ടറുടെ അടുത്തെത്തിച്ചു.
വിമലയാണ് സംസാരിച്ചത്.
“കവിതകൾ നിരൂപണം ചെയ്യുമ്പോഴാ പ്രശ്നം. വീട്ടിലും പുറമെയും ഒരു പ്രശ്നവുമില്ല. പേന കയ്യിലെടുക്കുമ്പോൾ ശരീരത്തിൽ വിറയൽ വരുമത്രെ. പിന്നെ ആളെ പിടിച്ചാൽ കിട്ടില്ല”
ഡോക്ടർ കുറച്ചു നേരം ചിന്തയിലാണ്ടു. പിന്നെ മേപ്രാണം സുകുമാരന്റെ അടുത്തേക്കു ചെന്നു. സ്റ്റെതസ്കോപ്പ് നെഞ്ചിലും പുറത്തും വെച്ചു. ശ്വാസം വലിച്ചുവിടാൻ പറഞ്ഞു. തുടർന്ന് പ്രഷറും നോക്കി.
” ഒരു കുഴപ്പവും കാണുന്നില്ല. ആട്ടെ ആൾ എഴുതുന്ന പേന കൊണ്ടുവന്നിട്ടുണ്ടോ?” ഡോക്ടർ ചോദിച്ചു.
‘ ഉം ‘ എന്നു പറഞ്ഞ് വിമല കറുത്ത പൈലറ്റ് പേന ഡോക്ടർക്ക് കൊടുത്തു.
ഡോക്ടർ പേന തിരിച്ചും മറിച്ചും കിടത്തി സ്റ്റെതസ്കോപ്പ് വെച്ച് പരിശോധിച്ചു. പിന്നെ പേനയുടെ പ്രഷറും നോക്കി.
ഡോക്ടറെക്കുറിച്ച് നേരത്തേ സബീന സൂചന തന്നിരുന്നതു കൊണ്ട് വിമലയ്ക്ക് അമ്പരപ്പുണ്ടായില്ല.
ഡോക്ടർ എന്താണ് പറയാൻ പോകുന്നതെന്ന് കാത്ത് വിമല ആകാംഷയോടെയിരിക്കുമ്പോഴാണ് അദ്ദേഹം പറഞ്ഞത് :
‘ പേനയ്ക്കാണ് കുഴപ്പം. അതു മാറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. എന്റെ പേന കണ്ടില്ലേ.. അതു പോലത്തെ പേന വാങ്ങിയാൽ മതി. പേര് ഞാൻ കുറിച്ചു തരാം.. ‘ എന്നു പറഞ്ഞ് ഡോക്ടർ സുകുമാരന്റെ പേന തിരിച്ചുകൊടുത്ത് വാങ്ങേണ്ട പേനയുടെ പേര് കടലാസ്സിൽ എഴുതാൻ തുടങ്ങി…
പിന്നെ, നിമിഷ നേരം കൊണ്ടായിരുന്നു എല്ലാം സംഭവിച്ചത്. ഡോക്ടറുടെ പേന തട്ടിപ്പറിച്ച് ‘എന്നാപ്പിന്നെ ഇതു പോരെ?’ എന്നു പറഞ്ഞ് മേപ്രാണം സുകുമാരൻ വാതിൽ തുറന്ന് പുറത്തേക്കൊരു പാച്ചിലായിരുന്നു!
ഡോക്ടർ ആകെ അമ്പരന്നുപോയി.
”സോറി ഡോക്ടറെ..സാറിന്റെ പേന സൂത്രത്തിൽ ആൾടെ കയ്യിൽ നിന്ന് വാങ്ങി ഉടനെ കൊണ്ടുവന്നു തരാം . അതുവരെ ഈ പേന സാർ ഉപയോഗിച്ചോളൂ” വിമല കയ്യിലിരുന്ന പേന ഡോക്ടറുടെ മേശപ്പുറത്തു വെച്ചുകൊടുത്തു.
” അതു സാരമില്ല ” ഡോക്ടർ പറഞ്ഞു.
മനസ്സിലേറെ വിഷമത്തോടെ, ഒരിക്കൽ കൂടി സോറി പറഞ്ഞ് കൺസൾട്ടിങ് റൂമിൽ നിന്ന് വിമല പുറത്തേക്കിറങ്ങി.
ഒരു നെടുവീർപ്പോടെ ഡോക്ടർ ഇരിക്കുമ്പോഴാണ് അടുത്ത രോഗി ഭാര്യയുമായി മുറിയിലേക്കു കടന്നുവന്നത്.
വിവരങ്ങൾ ചോദിച്ചറിഞ്ഞുള്ള പരിശോധനയ്ക്ക് ശേഷം മേശപ്പുറത്തു കിടന്നിരുന്ന പേനയെടുത്ത് ഡോക്ടർ ഡിസൂസ മരുന്ന് കുറിക്കാൻ തുടങ്ങി
അന്നേരം ഡോക്ടർ ഡിസൂസയുടെ ശരീരമാകെ ഒരു വിറയൽ പടർന്നുകയറി..