കോണ്‍ഗ്രസ്സിന്റെ സാദ്ധ്യത തരൂരിലൂടെ

നേതൃത്വനിരയിലുള്ള സ്ഥാനങ്ങളെല്ലാം തെരഞ്ഞെടുപ്പിലൂടെ പൂര്‍ത്തീകരിക്കുന്ന ഒരു സംവിധാനം കൊണ്ടുവന്നാണ് ഗാന്ധിജി കോണ്‍ഗ്രസിനെ വലിയ സാമൂഹ്യപ്രസ്ഥാനമായി വികസിപ്പിച്ചത്. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കുന്നതിന് ജനാധിപത്യ സംഘടനാ സംവിധാനം ആവശ്യമാണെന്ന് ഗാന്ധി പഠിപ്പിക്കുകയായിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായം പറയാനും പ്രകടമാക്കാനുമുള്ള അവസരം നല്‍കി. നോമിനേഷന്‍ അവസാനിപ്പിച്ചു. നേതൃത്വസ്ഥാനത്തിന് പരിഗണിക്കപ്പെടാനുള്ള യോഗ്യത സാമൂഹ്യസേവനവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി മാറി.

ബോംബെയില്‍ 1885 ല്‍ കൂടിയ സമ്മേളനമാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 72 പ്രതിനിധികളാണ് അതില്‍ പങ്കെടുത്തത്. ദാദബായി നവറോജി, സുരേന്ദ്രനാഥ് ബാനര്‍ജി, ഫിറോസ് ഷാ മേത്ത, രാമസ്വാമി മുതലിയാര്‍ തുടങ്ങിയ പ്രമുഖരാണ് അതിന് നേതൃത്വം കൊടുത്തത്. ഒരു ഐ.സി.എസ് ഓഫീസറായ എ.ഒ.ഹ്യൂം ആയിരുന്നു അതിന്റെ സ്ഥാപകന്‍. ഇന്ത്യയുടെ ലക്ഷ്യം സ്വരാജ് ആണ് എന്ന് പ്രഖ്യാപിച്ചത് ബാലഗംഗാധര തിലക് ആയിരുന്നു. ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണം നിരവധി പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെടുകയായിരുന്നു. ചംബാരനിലും ഖേദയിലും ഗാന്ധിജി നടത്തിയ കാര്‍ഷിക സമരങ്ങളോടുകൂടിയാണ് ഇന്ത്യന്‍ ദേശീയത ക്രമേണ രൂപപ്പെടാന്‍ ആരംഭിച്ചത്. പിന്നീട് പല സമരങ്ങളിലൂടെയും വികസിച്ചാണ് ഇന്ത്യന്‍ ദേശീയത ശക്തിപ്പെട്ടത്.

ശശി തരൂർ ,മല്ലികാർജുന ഖാർഗെ, സോണിയാ ഗാന്ധി എന്നിവർ യോഗത്തിൽ

മഹാത്മഗാന്ധിയായിരുന്നു തുടക്കത്തില്‍ സമ്പന്നരും ഉന്നതകുലജാതരുമായ ഏതാനും പേരുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ (എലീറ്റ്പാര്‍ട്ടി) ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത്. നേതൃത്വനിരയിലുള്ള സ്ഥാനങ്ങളെല്ലാം തെരഞ്ഞെടുപ്പിലൂടെ പൂര്‍ത്തീകരിക്കുന്ന ഒരു സംവിധാനം കൊണ്ടുവന്നാണ് ഗാന്ധി കോണ്‍ഗ്രസ്സിനെ വലിയ സാമൂഹ്യപ്രസ്ഥാനമായി വികസിപ്പിച്ചത്. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കുന്നതിന് ജനാധിപത്യ സംഘടനാ സംവിധാനം ആവശ്യമാണെന്ന് ഗാന്ധി പഠിപ്പിക്കുകയായിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായം പറയാനും പ്രകടമാക്കാനുമുള്ള അവസരം നല്‍കി. നോമിനേഷന്‍ അവസാനിപ്പിച്ചു. നേതൃത്വസ്ഥാനത്തിന് പരിഗണിക്കപ്പെടാനുള്ള യോഗ്യത സാമൂഹ്യസേവനവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി മാറി. ഇതിന്റെ ചുവടു പിടിച്ചു കൊണ്ടാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ ഹൈക്കമാന്റ് നോമിനികളെ നേരിട്ട് നിയമിക്കാതെ തെരഞ്ഞെടുപ്പിലൂടെ നിയമിക്കാന്‍ ശ്രമിച്ചത്. അപ്പോഴും അതൊരു ഗാന്ധികുടുംബ വിധേയന്‍ ആകാന്‍ വേണ്ട ജാഗ്രത അവര്‍ കാണിച്ചു. യഥാര്‍ത്ഥത്തില്‍ 22 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷസ്ഥാനത്ത് ഒരു തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷനെ സ്ഥാപിച്ചു. അതാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ.

നെഹ്‌റുവിന്റെ ലെഗസി നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസ് ആഗോളവത്കരണത്തെയും നിയോലിബറല്‍ പോളിസികളെയും സ്വീകരിച്ചുകൊണ്ട് പൊതുമേഖലയെ ക്രമേണ കൈയൊഴിയാന്‍ തുടങ്ങി. ഇതോടെ കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര വ്യക്തത നഷ്ടപ്പെട്ടു. ജനാധിപത്യ സംഘടനാ സംവിധാനവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും നഷ്ടപ്പെട്ടതോടുകൂടി കോണ്‍ഗ്രസ് എന്ന ആള്‍ക്കൂട്ടം അനാഥമായി. അതിന്റെ പരിക്കുകളിലാണ് കോണ്‍ഗ്രസ് ഇന്നത്തേതു പോലെ ദുര്‍ബലപ്പെട്ടത്.

കോണ്‍ഗ്രസ്സിന്റെ
പ്രത്യയശാസ്ത്രം

കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം നെഹ്‌റുവിയന്‍ സോഷ്യലിസം എന്ന പേരില്‍ അറിയപ്പെടുന്നതായിരുന്നു. അത് ജനാധിപത്യ സോഷ്യലിസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യവും സമത്വവും സഹിഷ്ണുതയും അതിന്റെ മുഖമുദ്രയായിരുന്നു. അത് വ്യക്തി സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുകയും ജനങ്ങളുടെ സാമ്പത്തിക ജീവിതം കേന്ദ്രീകൃതമായ സാമ്പത്തിക ആസൂത്രണത്തിലൂന്നിയതും സാമൂഹ്യനിയന്ത്രണത്തിലുള്ളതുമായിരിക്കണമെന്ന് കരുതുകയും ചെയ്തു. ആ രാഷ്ട്രീയ കാഴ്ചപ്പാടിനെ നരസിംഹറാവുവിന്റെ കാലത്ത് കോണ്‍ഗ്രസ്സ് കൈയ്യൊഴിഞ്ഞു. നെഹ്‌റുവിന്റെ ലെഗസി നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസ്സ് ആഗോളവത്കരണത്തെയും നിയോലിബറല്‍ പോളിസികളെയും സ്വീകരിച്ചുകൊണ്ട് പൊതുമേഖലയെ ക്രമേണ കൈയ്യൊഴിയാന്‍ തുടങ്ങി. ഇതോടുകൂടി കോണ്‍ഗ്രസ്സിന് പ്രത്യയശാസ്ത്ര വ്യക്തത നഷ്ടപ്പെട്ടു. ജനാധിപത്യ സംഘടനാ സംവിധാനവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും നഷ്ടപ്പെട്ടതോടുകൂടി കോണ്‍ഗ്രസ്സ് എന്ന ആള്‍ക്കൂട്ടം അനാഥമായി. അതിന്റെ പരിക്കുകളിലാണ് കോണ്‍ഗ്രസ്സ് ഇന്നത്തേതു പോലെ ദുര്‍ബലപ്പെട്ടത്. വലിയ തോതില്‍ കോണ്‍ഗ്രസ്സിന്റെ വോട്ടു ബാങ്കുകള്‍ ഇളകിപ്പോയി. ഒരിടത്തും കോണ്‍ഗ്രസ്സ് ജയിക്കുമെന്നോ ഭരിക്കുമെന്നോ ഉറപ്പില്ലാതായി.

തരൂരിന്റെ
നേട്ടം

തെരഞ്ഞെടുപ്പ് എന്താണെന്ന് അറിയാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയിട്ട് 22 വര്‍ഷം കഴിഞ്ഞു. കോണ്‍ഗ്രസ്സ് സംഘടനയുടെ നേതൃത്വത്തില്‍ ആര് വരണം എന്ന് ഗാന്ധി കുടുംബം തീരുമാനിക്കും. കോണ്‍ഗ്രസ്സിന്റെ പ്രധാന കുഴപ്പമായി നട് വര്‍ സിംഗിനെപ്പോലുള്ള പരിണത പ്രജ്ഞരായ നേതാക്കള്‍ പറഞ്ഞത് ഓരോ സംസ്ഥാനത്തെയും നേതാക്കള്‍ക്കും അഖിലേന്ത്യാതലത്തിലുള്ള നേതാക്കള്‍ക്കും ഗാന്ധി കുടുംബവുമായി നേരിട്ട് ബന്ധപ്പെടാന്‍ ബുദ്ധിമുട്ടാണ് എന്നാണ്. കാരണം ബന്ധപ്പെടാന്‍ ചില ഇടനിലക്കാര്‍ ആവശ്യമാണ്. ഇപ്പോള്‍ കേരളത്തിലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് രാഹുല്‍ഗാന്ധിയുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നത് കെ.സി വേണുഗോപാല്‍ വഴിയാണ്. ഈ ഇടത്തട്ടുബന്ധം കോണ്‍ഗ്രസിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുകയാണ്.

കോണ്‍ഗ്രസ്സിന് ഒരു സ്ഥിരം പ്രസിഡന്റ് എന്നത് ഒരു സംഘടന സംവിധാനത്തിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. പ്രസിഡന്റില്ലാത്ത അല്ലെങ്കില്‍ നേതാവില്ലാത്ത പാര്‍ട്ടി എങ്ങിനെയാണ് മുന്നോട്ടു പോവുക? ഈ ചോദ്യത്തിന്റെ ഉത്തരത്തിനുവേണ്ടി വലിയ അന്വേഷണം ആരംഭിച്ചപ്പോള്‍ ഗാന്ധി കുടുംബം ആദ്യം അന്വേഷിച്ചത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയായിരുന്നു. അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ കമല്‍നാഥിനെ കൊണ്ടുവരാന്‍ ശ്രമിച്ചു. അദ്ദേഹവും ഒഴിഞ്ഞു മാറി. അപ്പോഴാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ സോണിയ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയായി വരുന്നത്. ഗാന്ധികുടുംബം പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമേ വിജയിക്കുകയുള്ളൂ എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന ഒന്നായിരുന്നു. എങ്കിലും ശശിതരൂര്‍ മത്സരിക്കാന്‍ തയ്യാറാവുകയായിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാളില്ലെങ്കില്‍ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി – ഇവരില്‍ ഒരാളല്ല അദ്ധ്യക്ഷ സ്ഥാനത്തിനുവേണ്ടി സ്ഥാനാര്‍ത്ഥിയാകുന്നതെങ്കില്‍ താന്‍ മത്സരിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം മത്സരരംഗത്തു വന്നത്. ആ മത്സരം ശ്രദ്ധേയമായി.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യയും ലോകവും ശ്രദ്ധിക്കുന്നതായി മാറി. അതിനും പ്രധാനപ്പെട്ട കാരണക്കാരന്‍ ശശി തരൂരായിരുന്നു.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യയും ലോകവും ശ്രദ്ധിക്കുന്നതായി മാറി. അതിനും പ്രധാനപ്പെട്ട കാരണക്കാരന്‍ ശശി തരൂരായിരുന്നു. ശശി തരൂരിനെ ഒരു ലോകപൗരനായിട്ടാണ് മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാണുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചു കൊണ്ടാണ് തരൂര്‍ തന്റെ മേല്‍വിലാസം ഗ്ലോബലാക്കിയത്.

തരൂരിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ‘Think tomorrow; Think Tharoor’ എന്നായിരുന്നു. നാളെയെക്കുറിച്ച് ചിന്തിക്കൂ; തരൂറിനെക്കുറിച്ച് ചിന്തിക്കൂ. ഇത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ അസ്തിത്വത്തെ പുതുക്കാന്‍ ആവശ്യപ്പെടുന്ന മുദ്രാവാക്യമായിരുന്നു. 1885 ല്‍ തുടങ്ങിയ പ്രസ്ഥാനം 2022 ല്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനനുസരിച്ച് മാറണം. മാറിയില്ലെങ്കില്‍ രാഷ്ട്രീയ നേതൃത്വം അവകാശപ്പെടാന്‍ അതിന് കഴിയില്ല. കോണ്‍ഗ്രസ്സിനെ ചത്ത കുതിരയാക്കി മാറ്റിയത് നോമിനേഷനാണ്. പ്രദേശ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ മുതല്‍ ബൂത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ വരെ നോമിനേറ്റ് ചെയ്യപ്പെടുന്നു. ഇത് തിരുത്തണമെന്നാണ് തരൂര്‍ ആവശ്യപ്പെട്ടത്. എല്ലാ ഘടകങ്ങളിലും തെരഞ്ഞെടുപ്പ് നടത്താനും കോണ്‍ഗ്രസ്സിലേയ്ക്ക് ജനാധിപത്യ സംഘടനാ സംവിധാനത്തിന്റെ ഗ്ലൂക്കോസ് കുത്തിവെക്കാനുമാണ് ശശി തരൂര്‍ ശ്രമിച്ചത്. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്റ് കള്‍ച്ചര്‍ മാറണമെന്ന് തരൂര്‍ പറഞ്ഞു. ആരും പറയാന്‍ ധൈര്യപ്പെടാത്ത കാര്യം പറയുകയും അതിനുവേണ്ടി ഇച്ഛാശക്തിയോടുകൂടി രംഗത്തു വരികയും ചെയ്തു. ഓരോ സംസ്ഥാനത്തും പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ അദ്ധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്റിനെ ഭയപ്പെടുന്നതു കാരണം തനിക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പോലും വോട്ട് ചെയ്യില്ല എന്ന് മനസ്സിലാക്കിയാണ് രഹസ്യവോട്ട് വേണമെന്ന് തരൂര്‍ ആവശ്യപ്പെട്ടത്. ആ ആവശ്യവും അംഗീകരിക്കാന്‍ അവസാനം കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി തയ്യാറായി.

തരൂരിന്റെ ഏറ്റവും വലിയ നേട്ടം കോണ്‍ഗ്രസ്സിനെ ജനാധിപത്യ സംവിധാനമുള്ള സംഘടനയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള പരിശ്രമത്തില്‍ വിജയിച്ചതാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹംതയ്യാറായിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സില്‍ ഒരു തെരഞ്ഞെടുപ്പ് ജാലകം തുറക്കില്ലായിരുന്നു. കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പ് നടത്തിച്ചതാണ് നേട്ടം. തെരഞ്ഞെടുപ്പിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ തരൂര്‍ വ്യക്തമാക്കിയത് തെരഞ്ഞെടുപ്പു നടന്നതാണ് പ്രധാനമെന്നായിരുന്നു. പ്രവര്‍ത്തക സമിതിയിലേയ്ക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്താന്‍ മറന്നുപോയ പാര്‍ട്ടിയെ തെരഞ്ഞെടുപ്പിനോട് ചേര്‍ത്തു നിര്‍ത്തി എന്നതാണ് തരൂരിന്റെ നേട്ടം.

രാഷ്ട്രീയം
കരിയറാണോ?

കോണ്‍ഗ്രസ്സ് ആക്ഷേപിക്കപ്പെട്ടത് ബി.ജെ.പിയുടെ റിക്രൂട്ടിംഗ് സെന്ററാണ് എന്ന നിലയിലാണ്. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ എം.എല്‍.എ മാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേയ്ക്ക് കൂറുമാറി. കോടികളാണ് ആ കച്ചവടത്തിന് കാരണമായത്. ഇതിനെ അതിശക്തമായ രീതിയിലാണ് ശശി തരൂര്‍ എതിര്‍ത്തത്. ഇത്ര എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്നതാണോ ഐഡിയോളജി എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. രാഷ്ട്രീയം എന്നത് ഒരു കരിയര്‍ ആണോ അതോ അതൊരു ക്വാസാണോ എന്നതാണ് പ്രധാന ചോദ്യം. കരിയര്‍ ആണെങ്കില്‍ വില്‍ക്കാം ക്വാസാണെങ്കില്‍ വില്‍ക്കാനാവില്ല. അതുകൊണ്ട് രാഷ്ട്രീയം ഒരു പ്രത്യേക വ്യവസ്ഥ നിര്‍മ്മിക്കാന്‍ വേണ്ടി നടത്തുന്ന ഇച്ഛാശക്തിയോടുകൂടിയ പ്രവര്‍ത്തിയായിരിക്കണമെന്ന് അദ്ദേഹം പറയുന്നുണ്ട്. അങ്ങിനെയാണ് ഗാന്ധി ഇന്ത്യ നിര്‍മ്മിച്ചത്.

രമേശ് ചെന്നിത്തല
കെ. സുധാകരന്‍
വി.ഡി. സതീശന്‍

മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ഇന്ത്യ ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇന്ന് സംഘടനാപരമായി മൃതാവസ്ഥയിലാണ്. അധികാരമില്ലാത്തതിന്റെ പേരില്‍ മറുകണ്ടം ചാടുന്ന നേതാക്കന്മാരുടെ പാര്‍ട്ടിയായി അത് മാറിക്കൊണ്ടിരിക്കയാണ്. കാക്കത്തൊള്ളായിരം ഗ്രൂപ്പുകള്‍ അതിന്റെ ശാപവും ശക്തിയുമാണ്. രാഷ്ട്രീയത്തെ കരീയറാക്കി മാറ്റിയ നേതാക്കളുടെ കാലുവാരല്‍ പ്രസ്ഥാനത്തിന്റെ തന്നെ വിശ്വാസ്യത നശിപ്പിച്ചു. കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലേയ്ക്കുള്ള കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ നാണം കെടുത്തുന്നുണ്ട്. നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ലേബലില്‍ മത്സരിച്ച് ജയിച്ചവര്‍ ഗോവയില്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു. അത് പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തു. ഇതിനുള്ള പ്രധാന കാരണം പ്രത്യയശാസ്ത്ര വ്യക്തതയില്ലായ്മയാണ്.

മൂന്ന് പ്രധാന പ്രശ്നങ്ങള്‍ ഇന്ന് കോണ്‍ഗ്രസ്സിനെ കാര്‍ന്ന് തിന്നുന്നുണ്ട്. ഒന്ന് വിശ്വാസമില്ലായ്മ, രണ്ട് സംഘടനാപരമായ ജീര്‍ണ്ണത, മൂന്ന് പ്രത്യയശാസ്ത്ര വ്യക്തതയില്ലായ്മ. ഈ മൂന്ന് പ്രശ്നത്തിനും പരിഹാരം കാണാന്‍ കഴിഞ്ഞാല്‍ മാത്രമേ കോണ്‍ഗ്രസ്സിന് മുന്നോട്ട് സഞ്ചരിക്കാനാവൂ. ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ നിന്ന് രാഹുല്‍ഗാന്ധിയെ തോല്പിച്ചത് സ്മൃതി ഇറാനിയാണ്. അമേത്തി മണ്ഡലം നിലനിര്‍ത്താന്‍ കഴിയാതെ പോയതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്ക്ക് കേരളത്തിലെ വയനാട്ടില്‍ നിന്ന് പാര്‍ലിമെന്റില്‍ എത്തേണ്ടി വന്നത്. കോണ്‍ഗ്രസ്സിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞാണ് രാഹുല്‍ ഭാരത് ജോഡോ യാത്രയ്ക്ക് തിരിച്ചത്.

സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വശക്തികള്‍ പിടിമുറിക്കിയത് കോണ്‍ഗ്രസ്സ് ഒഴിഞ്ഞുകൊടുത്ത രാഷ്ട്രീയ ഇടത്തിലാണ്. ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ നിരന്തരം നശിപ്പിക്കപ്പെട്ട കൊണ്ടിരിക്കയാണ്. നെഹ്‌റുവി ന്റെയും അംബേദ് കറിന്റെയും രാഷ്ട്രീയ പാരമ്പര്യം സൃഷ്ടിച്ച മതേതര ഇന്ത്യയെ ബലപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെ കഴിവിനെയാണ് വീണ്ടെടുക്കേണ്ടത്. അതിനുവേണ്ടിയാണ് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് അഞ്ചുമാസം കൊണ്ട് കാശ്മീരില്‍ അവസാനിക്കുന്ന പദയാത്ര. അതു മതേതര ജനാധിപത്യ ഇന്ത്യയുടെ കാഴ്ചപ്പാടിനെ ഓര്‍മ്മപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വീണ്ടും പരാജയപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷ പദവി ഒഴിഞ്ഞത്. ആ ഒഴിഞ്ഞ സ്ഥാനത്താണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നതും മല്ലികാര്‍ജ്ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടതും.

തരൂര്‍
എലീറ്റാണ്

ശശി തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രംഗത്തു വന്നപ്പോള്‍ കേരളത്തിലെ നേതാക്കളാണ് അതിനെ ശക്തമായി എതിര്‍ത്തത്. അതിനു പ്രധാന കാരണം തരൂരിന് സംഘടനാ പരിചയം ഇല്ലെന്നായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുധാകരന്‍ പറഞ്ഞത് ശശി തരൂര്‍ ഒരു ട്രെയിനി മാത്രമാണെന്നായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശക്തമായ ഖാര്‍ഗെ പക്ഷപാതികളായി. തലമുറ മാറ്റത്തിനും ചെറുപ്പത്തിനും വേണ്ടി വാദിച്ച സതീശന്‍ എണ്‍പതുവയസായ പരിചയ സമ്പന്നനുവേണ്ടി കക്ഷി ചേര്‍ന്നു. കൊടിക്കുന്നില്‍ സുരേഷും രാജ്മോഹന്‍ ഉണ്ണിത്താനും ശശി തരൂരിനെ മോശമായ രീതിയില്‍ ചിത്രീകരിച്ചു. അതേ സമയം കേരളത്തിലെ ചെറുപ്പക്കാര്‍ തരൂരിനൊപ്പം നിന്നു. ശബരീനാഥും രാഘവനും ഹൈബി ഈഡനും തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്തുണ നല്‍കി.

കോണ്‍ഗ്രസ്സിലേയ്ക്ക് സംഘടനാ ജനാധിപത്യത്തിന്റെ വാതില്‍ തുറന്നു കൊണ്ടാണ് ശശിതരൂര്‍ പാന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സ് നേതാവായി മാറിയത്. ഇന്ന് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞാല്‍ എല്ലാ സംസ്ഥാനത്തുമുള്ള കോണ്‍ഗ്രസ്സ് നേതാക്കളുമായി ബന്ധം പുലര്‍ത്താന്‍ കഴിയുന്ന വ്യക്തിയായി ശശി തരൂര്‍ മാറിയിട്ടുണ്ട്. അനര്‍ഗളമായി ഹിന്ദിയും ഇംഗ്ലീഷും മലയാളവും സംസാരിക്കുന്ന തരൂര്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ വരെ സാധ്യതയുള്ള നേതാവായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയാവാം; പക്ഷെ അതിന് കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്ന വാഹനം ആവശ്യമാണ് എന്ന കാര്യം കൃത്യമായി തിരിച്ചറിയുന്ന നേതാവുകൂടിയാണ് അദ്ദേഹം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഉറച്ചപ്പോള്‍ ഒരു കാര്യമേ തരൂര്‍ ഉറപ്പിച്ചിരുന്നുള്ളൂ. അത് കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെ പ്രവര്‍ത്തനക്ഷമമാക്കലായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഉറച്ചപ്പോള്‍ ഒരു കാര്യമേ തരൂര്‍ ഉറപ്പിച്ചിരുന്നുള്ളൂ. അത് കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെ പ്രവര്‍ത്തനക്ഷമമാക്കലായിരുന്നു. അതില്‍ അദ്ദേഹം വിജയിച്ചു. മാത്രമല്ല ഗാന്ധി കുടുംബത്തിന്റെ എല്ലാ സഹായവും ഉണ്ടായിരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെ 7897 വോട്ടു നേടിയപ്പോള്‍ തരൂര്‍ 1072 വോട്ട് നേടി. തരൂര്‍ ആഗ്രഹിച്ചതു നേടി. അതുകൊണ്ടാണ് മാധ്യമങ്ങള്‍ ”തോറ്റിട്ടും ജയിച്ച തരൂര്‍” എന്ന് വെണ്ടക്ക നിരത്തിയത്. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് അനഭിമതരായ നേതാക്കള്‍ മത്സരിച്ച സമയത്ത് അവര്‍ പ്രഗത്ഭരായിരുന്നെങ്കിലും കാര്യമായി വോട്ട് നേടാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് ചരിത്രം. 1977 ല്‍ ബ്രഹ്മാനന്ദ റെഡ്ഡിക്കെതിരെ മത്സരിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റായിക്ക് 160 വോട്ടു മാത്രമാണ് കിട്ടിയത്. 1999 ല്‍ സീതാറാം കേസരിക്കെതിരെ മത്സരിച്ച ശക്തനായ ശരദ് പവാറിന് 882 വോട്ട് കിട്ടി. എന്നാല്‍ 2000ത്തില്‍ സോണിയഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്രപ്രസാദയ്ക്ക് കിട്ടിയത് കേവലം 94 വോട്ടായിരുന്നു. കോണ്‍ഗ്രസ്സില്‍ ഗാന്ധി കുടുംബത്തിന്റെ ശക്തി എത്ര പ്രബലമാണ് എന്നത് മനസ്സിലാക്കാന്‍ ഈ കണക്ക് മതി.

‘ഷമ്മി തന്നെയാടാ ഹീറോ

ഹൈബി ഈഡന്‍

കേരളത്തിന്റെ യുവത്വം യഥാര്‍ത്ഥത്തില്‍ തരൂരിന് ഒപ്പമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഹൈബി ഈഡന്റെ കമന്റ് ഹിറ്റായത് അതുകൊണ്ടാണ്. ഈഡനിട്ട പോസ്റ്റ് ‘ഷമ്മി തന്നെയാടാ ഹീറോ’ എന്നായിരുന്നു. അധികം പറയാത്ത ആ വാചകത്തിന് ആയിരം നാവായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ അത് പരന്നൊഴുകി. കോണ്‍ഗ്രസ്സിന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സ്വപ്നം കാണുന്ന ചെറുപ്പക്കാരെല്ലാം ശശി തരൂരിന്റെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരാണ്. മാത്രമല്ല എതിരാളികള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ വാചകങ്ങള്‍ ഉതിര്‍ക്കാനും അദ്ദേഹം വിദഗ്ദ്ധനായിരുന്നു.

തരൂരിലെ
വിമതന്‍

തരൂരിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍’ എന്ന നോവല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലവും സ്വാതന്ത്ര്യാനന്തരമുള്ള മൂന്ന് ദശാബ്ദങ്ങളും മഹാഭാരത കഥയുടെ പശ്ചാത്തലത്തിലാണ് തരൂര്‍ ചിത്രീകരിക്കുന്നത്. ഇന്ത്യയുടെ കറുത്തുപോയ ജനാധിപത്യത്തെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന നോവല്‍ അടിയന്തിരാവസ്ഥയെയും അതിന്റെ സൃഷ്ടി കര്‍ത്താവിനെയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും അതില്‍ കഥാപാത്രങ്ങളാണ്. ഇന്ദിരാഗാന്ധി വിമര്‍ശിക്കപ്പെടുന്നുണ്ട്.

ഒരു വിമര്‍ശന കേന്ദ്രമായി മാറിയ തരൂര്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടാവുമോ അതോ ജി 23 നേതാക്കളില്‍ ചിലരെപ്പോലെ സംഘടന ഉപേക്ഷിച്ചുപോകുമോ എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുകയുണ്ടായി. എന്നാല്‍ ആ ചോദ്യത്തിന് കാര്യമായ പ്രസക്തി ഇല്ലെന്ന് വേണം കരുതാന്‍. കാരണം ഒരു പ്രത്യേകഘട്ടത്തില്‍ അതിശക്തമായി വിമര്‍ശിച്ച ഒരു പ്രസ്ഥാനത്തെ അതിന്റെ കുറവുകളും സാധ്യതകളും തിരിച്ചറിഞ്ഞു തന്നെയാണ് തരൂര്‍ തിരഞ്ഞെടുത്തത്. ഭിന്നാഭിപ്രായമുള്ളവര്‍ക്ക് നിലനില്‍ക്കാന്‍ പറ്റുന്ന ഒരു സംഘടനാ സംവിധാനം കോണ്‍ഗ്രസ്സിനുണ്ട്. ആഴത്തിലുള്ള സംവാദ സാദ്ധ്യത അതിനില്ലെങ്കിലും മതനിരപേക്ഷവും ജനാധിപത്യനിരതവുമായ ഒരു വലിയ സ്പെയിസ് സൂക്ഷിക്കുന്ന സംഘടനയാണ് കോണ്‍ഗ്രസ്സ് എന്നതു മാത്രമല്ല തരൂരിനെപ്പോലുള്ള ഒരാള്‍ക്ക് അതില്‍ നിലനില്‍ക്കാനും വ്യാപരിക്കാനും കഴിയുന്നതിന് പല കാരണങ്ങളും ഉണ്ട്. കോണ്‍ഗ്രസ്സിന് തരൂരിനെ പോലുള്ളവര്‍ ഇന്ന് ആവശ്യമാണ്. ഹിന്ദു വര്‍ഗ്ഗീയ വാദത്തിന്റെ തണലില്‍ സുസംഘടിതമായ ആര്‍.എസ്.എസിന്റെ പിന്‍ബലമുള്ള ബി.ജെ.പിയോട് മത്സരിക്കാന്‍ സര്‍ഗ്ഗശേഷിയുള്ള മതേതര മനസ്സുള്ള വിശ്വപൗരനായി അംഗീകരിക്കപ്പെടുന്ന പ്രതിഭകളെ അനിവാര്യമായും ആവശ്യമുണ്ട്. ഈആവശ്യകത തരൂരിനെ സംഘടനയ്ക്ക് അകത്ത് കാത്തു സൂക്ഷിക്കും.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ പിന്തുണച്ച സമയത്ത് പറഞ്ഞ പ്രധാന വാദം കോണ്‍ഗ്രസ്സിനൊരു ദളിത് നേതാവ് പ്രസിഡന്റായി വരുന്നു എന്നാണ്.

ഖാര്‍ഗെയുടെ
വെല്ലുവിളി

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ പിന്തുണച്ച സമയത്ത് പറഞ്ഞ പ്രധാന വാദം കോണ്‍ഗ്രസ്സിനൊരു ദളിത് നേതാവ് പ്രസിഡന്റായി വരുന്നു എന്നാണ്. ജഗ് ജീവൻ റാമിന് ശേഷം അദ്ധ്യക്ഷപദവിയിലെത്തുന്ന ദളിത് നേതാവാണ് ഖാര്‍ഗെ. മാത്രമല്ല നിജലിംഗപ്പയ്ക്കുശേഷം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തെത്തുന്ന കന്നഡ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമാണ് അദ്ദേഹം. കര്‍ണാടകത്തില്‍ മന്ത്രി-പ്രതിപക്ഷ നേതാവ്, കേന്ദ്രത്തില്‍ തൊഴില്‍ വകുപ്പും റെയില്‍വേയും കൈകാര്യംചെയ്ത കാബിനറ്റ് മന്ത്രി എന്നീ നിലകളിലും അദ്ദേഹം അനുഭവ സമ്പന്നനാണ്. ഇപ്പോള്‍ രാജ്യസഭയിലെ കോണ്‍ഗ്രസ്സിന്റെ നേതാവുകൂടിയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ദളിത് നേതാവിനെ അംഗീകരിക്കല്‍ ഒരു പുതിയ വിപണന സാധ്യതയായി മാറിയിട്ടുണ്ട്. നരേന്ദ്രമോദിയെ നേതൃത്വ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടിയ വേളയില്‍ ബി.ജെ.പി. പറഞ്ഞത് ഒരു പിന്നാക്കക്കാരന്‍ എന്നായിരുന്നു. ‘ചായവാല’ എന്ന പ്രതിച്ഛായ നല്ലവണ്ണം മാര്‍ക്കറ്റ് ചെയ്തുകൊണ്ടാണ് ബി.ജെ.പി. മുന്നേറിയത്. അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചത് തന്നെ ‘ഗരിബോം കാ നേതാ’ എന്ന അവതാരമായിട്ടായിരുന്നു. ദരിദ്രരുടെ മിശിഹ എന്ന നിലയില്‍ നരേന്ദ്രമോദി നല്ല നിലയില്‍ വിറ്റുപോയി. ഇന്ത്യയുടെ രാഷ്ട്രപിതാവായി ദ്രൗപതി മുര്‍ മുവിനെ കൊണ്ടുവന്നപ്പോള്‍ ബി.ജെ.പി. പറഞ്ഞു ഇതാ സന്താള്‍ വിഭാഗത്തിലെ ഒരു ആദിവാസിയെ ഞങ്ങള്‍ ഇന്ത്യയുടെ പ്രസിഡന്റാക്കിയിരിക്കുന്നു. അങ്ങിനെ പിന്നാക്ക ജാതിയും ദളിത് ജാതിയും ആദിവാസി ജാതിയും വല്ലാത്ത തരത്തില്‍ വിപണനം ചെയ്യപ്പെടുന്നതിനിടയിലാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ സവര്‍ണ രാഷ്ട്രീയ അധീശത്വം പുതിയ കാലത്ത് പിന്നാക്കക്കാരനെയും ദളിതരെയും ആദിവാസികളെയും പ്രദര്‍ശന മുഖപ്പുകളായി പ്രതിഷ്ഠിച്ചുകൊണ്ട് അധികാരം കൈപ്പിടിയില്‍ ഒതുക്കുന്ന പുതിയ കാഴ്ചയാണ് നമ്മള്‍ കാണുന്നത്. പേരിന് ഒരു പിന്നാക്കക്കാരനും ദളിതനും ആദിവാസിയും ഉണ്ടാവും. അവരെ നിഴല്‍ ചിത്രങ്ങളായി നിറുത്തി എല്ലാ അധികാരവും പഴയതുപോലെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുക എന്നതാണ് പുതിയ സവര്‍ണ്ണാധികാര കൗശലം. അത് തിരിച്ചറിയാതെ പിന്നാക്കക്കാരനും ദളിതനും ആദിവാസിയും സവര്‍ണനുചുറ്റും ആഹ്‌ളാദനൃത്തം ചവിട്ടുന്നു. ഈ നേതാക്കളാരും പിന്നാക്കക്കാരന്റെയോ ദളിതന്റെയോ ആദിവാസിയുടെയോ താല്‍പര്യം സംരക്ഷിക്കുന്നില്ല. അതിനുള്ള അധികാരശേഷിയും ഇച്ഛാശക്തിയും അവര്‍ക്കില്ല.

പാര്‍ട്ടി നേതൃസ്ഥാനത്തും പ്രധാനമന്ത്രിപദത്തിലും രാഷ്ട്രപതി പീഠത്തിലും താഴ്ന്നജാതിയില്‍പ്പെട്ടവര്‍ ഉപവിഷ്ഠരാക്കപ്പെടുമ്പോള്‍ അവരുടെ സ്വത്വത്തിന് സമഭാവനയും പരിഗണനയും കിട്ടലാണ് പ്രധാനം. പക്ഷെ അതൊരിക്കലും സംഭവിക്കുന്നില്ല.

പാര്‍ട്ടി നേതൃസ്ഥാനത്തും പ്രധാനമന്ത്രിപദത്തിലും രാഷ്ട്രപതി പീഠത്തിലും താഴ്ന്നജാതിയില്‍പ്പെട്ടവര്‍ ഉപവിഷ്ഠരാക്കപ്പെടുമ്പോള്‍ അവരുടെ സ്വത്വത്തിന് സമഭാവനയും പരിഗണനയും കിട്ടലാണ് പ്രധാനം. പക്ഷെ അതൊരിക്കലും സംഭവിക്കുന്നില്ല. പിന്നാക്കജാതിക്കാരനും ദളിതനും ആദിവാസിയും ഇന്നും അവഗണിക്കപ്പെടുകതന്നെയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ്സിന്റെ ഖാര്‍ഗെയ്ക്ക് പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയണം. ദളിത്, പിന്നാക്ക, ആദിവാസി സ്വത്വങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കുക എന്നത് ഇന്നും പ്രധാനമാണ്. അതിനുവേണ്ടി കൂടിയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്.
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി ഇന്ത്യയില്‍ ഒരു പ്രതിപക്ഷ ശബ്ദം ഉയര്‍ത്തുക എന്നതാണ്.ബി.ജെ.പി. ഭരണസംവിധാനത്തെ ജനാധിപത്യത്തിന്റെ ലക്ഷ്മണരേഖയ്ക്ക് അകത്തു നിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കി ഇന്ത്യവിട്ടുപോയ സമയത്ത് സായിപ്പ് പറഞ്ഞത് നാം ഈ രാജ്യത്തെ ഏല്‍പിക്കുന്നത് ഏതാനും വൈക്കോല്‍ മനുഷ്യരുടെ കൈകളിലാണ് എന്നായിരുന്നു. ഇവിടെ ജനാധിപത്യം അധികനാള്‍ പുലരാന്‍ സാധ്യതയില്ല എന്ന കാര്യവും അവര്‍ പ്രവചിച്ചിരുന്നു. ആ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുകയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഇന്ത്യ വികസിക്കുകയും ചെയ്തത്. പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കാവല്‍ശക്തി. ഇന്ത്യയില്‍ എല്ലാ മേഖലയിലും ചെറിയ സ്വാധീനങ്ങളെങ്കിലും ഉള്ള പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. ഇന്ത്യയില്‍ ഇരുപത് ശതമാനത്തിലധികം വോട്ട് ഷെയറുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്, പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിച്ച് നിറുത്താനുള്ള സംഘടനാശക്തിയില്ല. ഖാര്‍ഗെയുടെ പ്രധാന ശ്രദ്ധ പതിയേണ്ടത് ഇതിലാണ്. പ്രതിപക്ഷങ്ങളെ ഏകോപിപ്പിക്കാനുള്ള കരുത്താണ് കോണ്‍ഗ്രസ്സിന് ഭരണത്തിലേയ്ക്ക് തിരിച്ചുവരാനുള്ള വഴി.

കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നെങ്കിലും അത് പൂര്‍ണമായ ജനാധിപത്യ സംവിധാനത്തിലൂടെയായിരുന്നില്ല. പ്രസിഡന്റിന് വോട്ട്ചെയ്യാന്‍ അര്‍ഹരായവരെ നിശ്ചയിച്ചത് നോമിനേഷന്‍ വഴിയായിരുന്നു. അതായത് താഴെത്തട്ടില്‍ ജനാധിപത്യരീതിയല്ലായിരുന്നു. അവിടെ പഴയ നോമിനേഷന്‍ രീതി തന്നെയായിരുന്നു. ഇതുകൂടി മാറാന്‍ പറ്റുന്ന തരത്തില്‍ സംഘടന ചലനാത്മകമാകണം. പുതിയ പ്രസിഡന്റ് സംഘടനയുടെ എല്ലാ തലത്തിലും ജനാധിപത്യം കൊണ്ടുവരാനും സാധാരണ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടമാക്കാനും അവസരം നല്‍കുകയും ചെയ്യണം. അതോടൊപ്പം ശശി തരൂരിനെ, അദ്ദേഹത്തിലുള്ള നേതാവിനെ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കണം. ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ ഒരു ശക്തിസൗധമായിരുന്നു മൗഹവമോയിത്ര. പക്ഷെ, പ്രാദേശിക നേതൃത്വം അവരെ പുകച്ചു ചാടിച്ചു. അവര്‍ മമത നയിക്കുന്ന തൃണമൂലിന്റെ പാര്‍ലിമെന്റിലെ മിന്നുന്ന മുഖമായി മാറി. കേരളത്തിലെ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പും കുശുമ്പും ശശിതരൂരിനെ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്തുപോകാന്‍ സഹായമാകാതെ നോക്കേണ്ടതും ഖാര്‍ഗെയുടെ ഉത്തരവാദിത്വമാണ്. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതിയില്‍ ഇടംകൊടുത്തില്ലെങ്കില്‍ ഇവിടത്തെ കോണ്‍ഗ്രസ്സുകാര്‍ ശശിതരൂരിനെ മറ്റൊരു മൗഹവ മോയിത്രയാക്കും.

Author

Scroll to top
Close
Browse Categories