വായനയിൽ മുഴുകുമ്പോൾ
വായന
പലപ്പോഴും
അങ്ങനെയാണ്.
വരികൾകൊണ്ട്
വരച്ചിടുന്ന വഴികളിൽ
വാകയോളം
ചുവന്ന അഞ്ചിതൾ
ഓർമ്മകളൊക്കെയും
കണ്ടേക്കാം.
കാട്
നഗരമാകുന്നതും
നഗരം
നരകമാകുന്നതും
നാം കണ്ടേക്കാം.
ചിലപ്പോഴാകട്ടെ
ചത്ത മീനിന്റെ
കണ്ണുകളിൽ
ഒളിഞ്ഞിരിക്കാൻ
കൊതിക്കുന്ന
കടലും
കായലും
കരിമണലും
നാം കണ്ടെന്നിരിക്കും,
മറ്റുചിലപ്പോഴാവട്ടെ
നഗരം
നിദ്രയുടെ
വസന്തത്തിലേക്ക്
വഴുതിവീഴവേ,
നക്ഷത്രങ്ങളുടെ
നാൽക്കവലയിൽ
ഇരുന്നുകൊണ്ട്
രക്തം ചീന്തിയ
തെരുവുകളിലേക്ക്
സ്വാതന്ത്ര്യത്തിനായി
ഉറ്റുനോക്കുന്നവരേയും
നാം
കണ്ടുമുട്ടിയേക്കാം.
വായന
പലപ്പോഴും
അങ്ങനെയാണ്.
കാലിച്ചായ കുടിക്കാൻ
മോഷണം നടത്തുന്ന
ഒരുവന്റെ വിശപ്പിൽ
നിന്ന്,
കടൽക്കൊള്ള
നടത്തുന്ന ഒരുവന്റെ
ദിക്ക് തെറ്റിയ
കപ്പലിലേക്ക്
കൊണ്ട്
എത്തിക്കുന്ന ഒന്ന്.
വായന
പലപ്പോഴും
അങ്ങനെയാണ്.
തുടക്കത്തിൽ
വഴിനീളെ
കണ്ടുമുട്ടുന്ന
അപരിചിതർ
തന്നെയാകും
ഒരുപക്ഷെ
ഒടുവിൽ
അത്രമേൽ
പ്രിയപ്പെട്ടവരായി
മാറുന്നതും,
എന്നാൽ
ചിലരാകട്ടെ
യാത്ര പറയാൻപോലും
കൂട്ടാക്കാതെ
ഓർമ്മകളിൽ
ഒരു കാൽപ്പാടുപോലും
ബാക്കിവെക്കാതെ
കടന്ന് പോയെന്നിരിക്കും.
വായന
പലപ്പോഴും
അങ്ങനെയാണ്.