പോകുന്ന വഴിയേ തെളിക്കുക
തെളിക്കുന്ന വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ തെ ളിക്കുക എന്നതായിരുന്നു നാണുവിന്റെ ശൈലി. മറ്റു ഉഴവുകാരുടെ മര്‍ദ്ദനമേല്‍ക്കുന്ന കാളകളുടെ പുറം പലപ്പോഴും നാണു തന്റെ ഉഴവിനുശേഷം ചെന്നു തലോടിക്കൊടുക്കുമായിരുന്നു. മാത്രവുമല്ല പുല്ലും വെള്ളവും അവകള്‍ക്ക് കൂടുതല്‍ കൊടുക്കുകയും ചെയ്യുമായിരുന്നു.
വയല്‍വാരം വീടിനു സ്വന്തമായി വളരെയേറെ നിലമുണ്ടായിരുന്നു. വിത്തു വിതയ്ക്കുന്നതിനും ഞാറു പിരിച്ചു നടുന്നതിനും പാകമായ നിലയില്‍ ആ നിലം ഉഴുതുമറിച്ച് ഒരുക്കിയിടുന്നത് പുരുഷന്മാരായ ഒരുപറ്റം വേലക്കാരായിരുന്നു. അവര്‍ ഉഴുതുകൊണ്ടിരിക്കുമ്പോള്‍ കൂടെക്കൂടെ കലപ്പയേന്തുന്ന കാളകളെ ചാട്ടവാറുകൊണ്ട് അടിക്കുക പതിവായിരുന്നു. ആ മിണ്ടാപ്രാണികളെ അങ്ങനെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്നത് കാണുമ്പോള്‍ നാണുവിന് ആ അടികളോരോന്നും തന്റെ ദേഹത്ത് ഏല്‍ക്കുന്നതുപോലെ നോവുമായിരുന്നു.
”ഇവറ്റകളെ ഇപ്രകാരം ക്രൂരമായി അടിക്കരുത്. ഇങ്ങനെയുള്ളൊരു ചാട്ടവാറടി നിങ്ങളുടെ ദേഹത്താണ് ഏല്‍ക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് വേദനിക്കാതിരിക്കുമോ?” നാണു ഒരിക്കല്‍ സങ്കടത്തോടെ അവരോടു ചോദിച്ചു. എന്നിട്ടും അവരുടെ ഉപദ്രവത്തിനു കുറവൊന്നുമുണ്ടായില്ല. അതിനാല്‍ നാണുവും അവര്‍ക്കൊപ്പമിറങ്ങി നിലമുഴുവാന്‍ തന്നെ നിശ്ചയിച്ചു. വയല്‍വാരത്തു നല്ല ചുറുചുറുക്കുള്ള കാളക്കുട്ടന്മാരുണ്ടായിരുന്നു. അതില്‍ ഒരുജോഡി കാളകളെയുമായി നാണു അടുത്തദിവസം രാവിലെ വയലില്‍ ഉഴാനിറങ്ങി. കലപ്പയേന്തുന്ന കാളകളോട് കൂട്ടുകാരോടെന്നപോലെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് നാണു ഉഴുതത്. ഉഴുന്നതിനിടയില്‍ കാളകളെ അടിക്കാനുള്ള ചാട്ടവാര്‍ നാണു കൈകൊണ്ടു തൊടുകപോലുമുണ്ടായിരുന്നില്ല. കാളകള്‍ മടികാണിക്കുകയാണെങ്കില്‍ അവയുടെ വാലിലോ മുതുകത്തോ മെല്ലെ തട്ടിത്തട്ടി പ്രോ ത്‌സാഹിപ്പിക്കുമായിരുന്നു. ഒപ്പം ഒരൊച്ചയും പുറപ്പെടുവിക്കുമായിരുന്നു. അത്രയും മതി. അപ്പോഴേക്കും കാളകള്‍ പഴയതിലും വേഗത്തില്‍ നടക്കാന്‍ തുടങ്ങും.
സാധാരണഗതിയില്‍ ഉഴവുകാര്‍ നിശ്ചയിക്കുന്ന വഴിയിലൂടെ യും ചാലിലൂടെയുമാണ് കാളകളെ അവര്‍ ഉഴാന്‍ അടിച്ചു വിട്ടിരുന്നത്. എന്നാല്‍ നാണു അങ്ങനെയായിരുന്നില്ല. നാണുവിനു പ്രത്യേകിച്ചൊരു ഉഴവുചാലുമുണ്ടായിരുന്നില്ല. കാളകള്‍ പോകു ന്ന വഴിയേതോ അതായിരുന്നു നാണുവിന്റെ ഉഴവുചാല്‍.
തെളിക്കുന്ന വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ തെളിക്കുക എന്നതായിരുന്നു നാണുവിന്റെ ശൈലി. മറ്റു ഉഴവുകാരുടെ മര്‍ദ്ദനമേല്‍ക്കുന്ന കാളകളുടെ പുറം പലപ്പോഴും നാണു തന്റെ ഉഴവിനുശേഷം ചെന്നു തലോടിക്കൊടുക്കുമായിരുന്നു. മാത്രവുമല്ല പുല്ലും വെള്ളവും അവകള്‍ക്ക് കൂടുതല്‍ കൊടുക്കുകയും ചെയ്യുമായിരുന്നു.
മിണ്ടാപ്രാണികളായ മൃഗങ്ങളോട് എന്നും നാണുവിന് അളവറ്റ കനിവും സ്‌നേഹവുമായിരുന്നു. അവയുടെ സ്വാതന്ത്ര്യത്തില്‍ ഒരിക്കല്‍പ്പോലും നാണു കൈകടത്തിയിരുന്നില്ല.