കോടിയേരി: മാഞ്ഞുപോയ മന്ദസ്മിതം
കോടിയേരി ബാലകൃഷ്ണൻ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ നഷ്ടമാകുന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രസാദാത്മകമായ മുഖങ്ങളിലൊന്നാണ്. നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തന്നെ സമീപിക്കുന്നവരുടെ ആവശ്യങ്ങളെയും സൗമ്യമായും സ്നേഹപൂർണമായും പ്രായോഗിക ബുദ്ധിയോടെയും കൈകാര്യം ചെയ്ത് ജനമനസുകളിലേക്ക്കടന്നു കയറി അവിടെ കുടിയിരുന്ന അപൂർവ നേതാവാണ് കോടിയേരി. പൊതുവേ കാർക്കശ്യക്കാരാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ. പ്രത്യേകിച്ച് മുതിർന്നവർ. കയ്‌പ്പേറിയ രാഷ്ട്രീയ, ജീവിത അനുഭവങ്ങളാകാം അതിന് കാരണം. അവിടെയും കോടിയേരി വ്യത്യസ്തനായിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, പ്രത്യയശാസ്ത്രഭാരമില്ലാതെ സി.പി.എമ്മിനും സമൂഹത്തിനും ഇടയിൽ ദീർഘനാളായി നിലകൊണ്ട പാലമാണ് ഒക്ടോബർ ഒന്നിന് ഇല്ലാതായത്.
കൗമാരത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമർപ്പിക്കപ്പെട്ടതാണ് ആ ജീവിതം. അന്ത്യശ്വാസം വരെ പാർട്ടിയായിരുന്നു അദ്ദേഹത്തിന് എല്ലാം. 17ാം വയസിൽ ബ്രാഞ്ച് കമ്മിറ്റി അംഗമായി തുടങ്ങിയ പാർട്ടി ജീവിതം പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിൽ വരെ എത്തി. അതിനിടെ പാർട്ടിയുടെ എല്ലാ തട്ടുകളിലൂടെയും വിദ്യാർത്ഥി, യുവജന, കർഷക പ്രസ്ഥാനങ്ങളുടെ സാരഥ്യത്തിലൂടെയും ജില്ലാ, സംസ്ഥാന സെക്രട്ടറിയായും കടന്നുപോയി. ഇതിനിടെയാണ് 2008ൽ പോളിറ്റ് ബ്യൂറോ അംഗമായത്. 24 വർഷം നിയമസഭാംഗമായിരുന്നു. പ്രതിപക്ഷ ഉപനേതാവായും നേതാവായും വി.എസ്. മന്ത്രിസഭയിൽ ആഭ്യന്തര, ടൂറിസം മന്ത്രിയായും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയ വിഭാഗീയതയുടെ കാലത്തും പ്രതിയോഗികൾക്കും സ്വീകാര്യനായി നിൽക്കാൻ കഴിഞ്ഞത് കോടിയേരിയുടെ സവിശേഷമായ സ്വഭാവഗുണം കൊണ്ടുതന്നെയാണ്. കോടിയേരി സംസ്ഥാന സെക്രട്ടറിയായതുകൊണ്ടാണ് പാർട്ടിയിൽ വീണ്ടും ഐക്യം കൊണ്ടുവരാൻ സാധിച്ചത്. എതിർപക്ഷത്തെ വെട്ടിനിരത്താതെ സമവായത്തിലൂടെ ചേർത്തുനിറുത്താൻ കഴിഞ്ഞതിന്റെ രഹസ്യവും രസതന്ത്രവും കോടിയേരിയുടെ സമീപനരീതി തന്നെ. എങ്കിലും പാർട്ടിക്കാര്യങ്ങളിലും നിലപാടുകളുടെ കണിശതയിലും വിട്ടുവീഴ്ചകളൊന്നുമുണ്ടായിട്ടുമില്ല.. കക്ഷി, രാഷ്ട്രീയ, വർഗ, വർണ ഭേദമില്ലായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദത്തിന്. മത, സാമുദായിക, സംഘടനാ നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്താൻ കഴിഞ്ഞതും അതുകൊണ്ടാണ്. ബന്ധങ്ങൾഉൗഷ് മളതയോടെ നിലനിറുത്താനുള്ള അസാധാരണമായ വൈഭവം കോടിയേരി ബാലകൃഷ്ണന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു.
കോടിയേരിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് 12ാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട കുട്ടിയെ കമ്മ്യൂണിസത്തിലേക്ക് നയിച്ചത് ജീവിതത്തിലെ കഷ്ടപ്പാടുകളാണ്. പശുവിനെ വളർത്തിയും പറമ്പ് വിറ്റുമാണ് അമ്മ നാരായണി മകനെ പഠിപ്പിച്ചത്. തിരുവനന്തപുരം യൂണിവേ ഴ് സിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ‘മിസ’ തടവുകാരനായി ജയിൽവാസവും വേണ്ടിവന്നു. പിണറായി വിജയനും ഇക്കാലത്ത് ജയിലിലുണ്ടായിരുന്നു. ഇരുവരുടെയും സൗഹൃദം പാർട്ടിക്കും സംസ്ഥാന ഭരണത്തിനും നൽകിയ കരുത്ത് ചെറുതല്ല. പിണറായി വിജയൻ ഭരണത്തെ പാർട്ടിയുമായും ജനങ്ങളുമായും ചേർത്ത് നിറുത്തിയതിൽ സുപ്രധാന പങ്ക് കോടിയേരിയുടേതാണ്. ചരിത്രത്തിലാദ്യമായി ഇടതുസർക്കാരിനെ കേരളത്തിൽ തുടർഭരണത്തിലേക്ക് നയിക്കാൻ കാരണവും മറ്റൊന്നല്ല. ജനകീയ പ്രശ്നങ്ങളെ സൗമ്യമായി കൈകാര്യം ചെയ്യാനും തണുപ്പിക്കാനും ഒപ്പം നിറുത്തുവാനുമുള്ള കോടിയേരിക്കുള്ള മിടുക്ക് മാതൃകാപരമാണ്.
കരുത്തുറ്റ പാർട്ടി നേതാവായിരിക്കുമ്പോഴും മികച്ച ഭരണാധികാരി കൂടിയായിരുന്നു കോടിയേരി. അദ്ദേഹം ആഭ്യന്തരമന്ത്രിസ്ഥാനം വഹിച്ച കാലഘട്ടമാണ് കേരളത്തിലെ പൊലീസ് സേനയുടെ സുവർണകാലം. സേനയെ ആധുനികവത്കരിക്കാനും പൊലീസുകാരിൽ ആത്മവിശ്വാസവും കർത്തവ്യബോധവും വളർത്താനും കൊണ്ടുവന്ന നിർണായകമായ പരിഷ്കാരങ്ങൾ ഇക്കാലത്താണ് നടപ്പായത്. കോൺസ്റ്റബിളായി വിരമിക്കുന്ന രീതിക്ക് അദ്ദേഹം അന്ത്യം കുറിച്ചു. യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ ഹെഡ്കോൺസ്റ്റബിൾ റാങ്കും 23ാം വർഷം എ.എസ്.ഐ റാങ്കും ഇന്ത്യയിൽ ആദ്യമായി നടപ്പാക്കി. പൊലീസ് സേനയെ ജനമനസുകളിലേക്കെത്തിച്ച ജനമൈ ത്രി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതികൾ, വിമുക്തഭടന്മാരുടെ ഹോം ഗാർഡ്, തണ്ടർബോൾട്ട് കമാൻഡോ ബറ്റാലിയൻ, തീരദേശ പൊലീസ്, തീരദേശ ജാഗ്രതാ സമിതികൾ, ശബരിമലയിലെ വെർച്വൽ ക്യൂ, കോൺസ്റ്റബിളിന് പകരം സിവിൽ പൊലീസ് ഓഫീസർ പദവി, പുതിയ പൊലീസ് ആക്ട്, പൊലീസുകാർക്കെല്ലാം ആഭ്യന്തര വകുപ്പിന്റെ മൊബൈൽ കണക്ഷൻ, എല്ലാ സ്റ്റേഷനുകളിലും കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും എന്നിങ്ങനെ കേരളപൊലീസിനെ കാലത്തിനനുസരിച്ച് മാറ്റിയ ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹം. കേരള ടൂറിസം വകുപ്പിന് പുതിയ മുഖം നൽകാനും കോടിയേരിയെന്ന ടൂറിസം മന്ത്രിക്ക് കഴിഞ്ഞു.
രണ്ടര വർഷം മുമ്പ് അർബുദം ആരോഗ്യത്തെ ആക്രമിച്ചപ്പോഴും ഏത് വെല്ലുവിളിയെയും ധൈര്യസമേതം നേരിടുന്ന പതിവ് സമീപനം കോടിയേരി തുടർന്നു. വ്യക്തിജീവിതത്തിലെ പരീക്ഷണ ഘട്ടത്തിനിടെ രോഗം കീഴടക്കാൻ ശ്രമിച്ചിട്ടും അതിന് വഴങ്ങാതെ തുടക്കം മുതൽക്കേ നെഞ്ചു വിരിച്ചുനിന്നു പോരാടി. ‘കരഞ്ഞിരുന്നാൽ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു’ എന്നാണ് വാർത്താസമ്മേളനത്തിൽ രോഗത്തെകുറിച്ച് അദ്ദേഹം പ്രതികരിച്ചത്. രോഗാതുരമായിട്ടും അവസാനകാലം വരെ പാർട്ടി ചുമതലകൾ കൃത്യമായി നിറവേറ്റിയാണ് കോടിയേരിയുടെ മടക്കം. അവിസ്മരണീയമായ സംഭാവനകൾ സ്വന്തം പാർട്ടിക്കും നാടിനും ജനതയ്ക്കും പകർന്ന് നൽകിയ ധീരമായ ജീവിതം.
എസ്.എൻ.ഡി.പി യോഗവും സി.പി.എമ്മും തമ്മിലുള്ള സൗഹൃദത്തിന്റെ പാലമാണ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിലൂടെ ഇല്ലാതായത്. യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ എന്റെ ഉറ്റബന്ധു കൂടിയായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും ആയിരുന്നപ്പോഴും സമുദായവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും തുണയായി നിന്നു. മലപോലെ വരുന്നതിനെ എലിപോലെയാക്കി പരിഹരിക്കാനുള്ള മാസ്മര ശക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. നന്മനിറഞ്ഞ ആ ചിരിയും പെരുമാറ്റവും മറക്കാനാകില്ല. നാടിനും ജനതയ്ക്കും തീരാനഷ്ടമാണ് ഈ വിയോഗം. ജനഹൃദയങ്ങളിൽ ഒളിമങ്ങാത്ത ഓർമ്മയായി ആ മന്ദസ്മിതം എന്നും ഉണ്ടാകും. കോടിയേരി ബാലകൃഷ്ണന്റെ ഉജ്ജ്വലസ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.