അയാളുടെ വീട്ടിലേക്കുള്ള വഴി

അവിടെയെത്തുമ്പോൾ മല്ലി തളർന്നിരുന്നു.
രാവിലത്തെ ഓട്ടത്തിനിടയിൽ ബ്രേക്ക്ഫാസ്ററ് കഴിച്ചു കാണില്ല, അതുകൊണ്ടാണ് ക്ഷീണം എന്നൊക്കെ പറഞ്ഞു പറഞ്ഞ് കാണുന്നവരും, കേൾവിക്കാരുമൊക്കെ മുഷിഞ്ഞു പോയിരുന്നല്ലോ. അല്ലെങ്കിലും എപ്പോഴാണ്, എവിടെയാണ് നല്ല കേൾവിയുണ്ടാവുന്നത്, കാഴ്ചകളല്ലാതെ! അത്രമാത്രം ക്ഷമയും, സ്നേഹവും, സമയവും, കാരുണ്യവുമൊക്കെ ഒരു ജീവിയിൽ നിന്നും തന്നെ ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ?

പ്രഭാതഭക്ഷണം കഴിക്കാതെ താൻ ഒരിക്കലും പുറത്തിറങ്ങിയിട്ടില്ല. ഇത്രയും വർഷത്തിനിടയിൽ എത്ര ഇഡ്ഡലി പുഴുങ്ങിയിരിക്കുന്നു. റേഷൻ കടയിൽ അരിയുള്ള കാലം കഞ്ഞിയെങ്കിലും രാവിലെ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. പിന്നെ ഓട്ടവും, തിരക്കുമൊക്കെ. അതിനെയൊക്കെ നിലയ്ക്ക് നിർത്താനുള്ള മനസ്സുറപ്പൊക്കെ എന്നേ കൈവരിച്ചു കഴിഞ്ഞു. ഒന്നിനും നേരമില്ല എന്ന പതിവു പരാതികൾ തന്റെ നാവിൽ നിന്നും വീണിട്ടേയില്ല. സമയത്തെ ഏതു രീതിയിൽ വേണമെങ്കിലും വലിച്ചു നീട്ടാനും, എങ്കോണിപ്പിക്കാനും, സമയത്തിന്റെ വക്കത്ത് പൂക്കൾ തുന്നി സുഗന്ധിതമാക്കാനും, സമയത്തിന്റെ മുഖത്ത് ചിത്രം വരയ്ക്കാനും, സമയത്തോടൊത്തു പല്ലാങ്കുഴി കളിക്കാനുമൊക്കെ കഴിവുള്ളവളാണ് മല്ലി.

നിറഞ്ഞു വരയുന്തോറും സമയത്തിന്റെ ചില അരികുകൾ ശൂന്യമായി പോകുന്നു എന്നതു മാത്രമാണ് ചിലപ്പോഴെങ്കിലും അവളെ അലട്ടുന്ന പ്രശ്നം. അറിയാതെയെങ്കിലും മനസ്സുറപ്പിന് മുന്നിൽ വിളറുന്ന ചില വിജനമായ ഇടങ്ങൾ. ഹരിതാഭമല്ലാത്ത ചില ചക്രങ്ങളുടെ ഏങ്ങിക്കുരച്ചുള്ള അകയാത്രകൾ. ചിലപ്പോഴൊക്കെയും നെറ്റിയിൽ വിയർപ്പിറ്റുന്ന ആവിയന്ത്രമായി അവളങ്ങനെ മാറാറുണ്ട്. തുളവീണ ചക്രമെടുത്ത് ഓടാറുണ്ട്. ബെല്ലടിക്കുന്ന നേരത്ത് എവിടെയും എത്താനില്ലെങ്കിലും, ഏതെങ്കിലുമൊരു നിതാന്ത ലക്ഷ്യം ഉറപ്പിച്ചിട്ടില്ലെങ്കിലും അവളോടിക്കൊണ്ടിരുന്നു.
പലപ്പോഴും തളർന്നു വീണു.

ഒരിക്കൽ അവളൊരു കുഴിക്കരികിൽ വീണു കിടക്കുമ്പോഴാണ് അവളാ ഒരു കാലുള്ളയാളെ കാണുന്നത്. തന്നിലുള്ള (താനൊരിക്കലും ഗുണഭോക്താവ് ആയിട്ടില്ലാത്ത) നിതാന്ത ശുഭാപ്തി വിശ്വാസത്തിന്റെ രണ്ടു മൊഡ്യൂൾ അവൾ അവന് പകർന്നു നൽകി. അത്ഭുതമെന്നോണം അവൻ എഴുന്നേറ്റു നിന്നു. ഒരു കാലിന്റെ പകുതി അപ്പോഴും വായുവിൽ തന്നെയായിരുന്നു. സന്തുലനം തെറ്റാതെ, ഊന്നു വടിയില്ലാതെ അവൻ നടന്നു പോകുന്നത് നോക്കി അവള് പുഞ്ചിരിച്ചു. അവളും എഴുന്നേറ്റിരുന്നു. പൊടിക്കാറ്റൂതി മണ്ണു മഴ ചാറിച്ച് വാഹനങ്ങൾ തിരക്കിട്ട് പൊയ്ക്കൊണ്ടിരുന്നു. അവളാ വഴി വക്കിൽ തന്നെ ഇരുന്നു. അയാൾ തിരികെ വന്ന് അവളുടെ അരികിൽ ഇരുന്നു. അലയടിക്കുന്ന കടലിന്റെ അരികു പറ്റിയ തിരകൾ മണ്ണിൽ അള്ളിപ്പിടിക്കുമ്പോലെ അവർ വഴിവക്കത്തെ മരങ്ങളിൽ ഒട്ടിയിരുന്നു.

അന്ന് അയാളെ കാണാനുള്ള ഓട്ടത്തിൽ ആയിരുന്നു മല്ലി. നഗരത്തിരക്കിലെ ഒറ്റപ്പെട്ട വീട്ടിൽ ഒറ്റക്കായ ഒരു കാലുള്ളയാളെ കാണുവാൻ. ഇതുവരെ അറിയാത്ത ഏതോ നിഗൂഡതയിലേക്ക് സമയത്തിന്റെ അരിക് വലിച്ചിഴച്ചുകൊണ്ടു പോകും പോലെ. യാത്രകളൊക്കെ ലക്ഷ്യങ്ങൾ ഇല്ലാത്തതായിരുന്നു. അല്ലെങ്കിൽ ലക്ഷ്യങ്ങളൊക്കെ കബളിപ്പിച്ചു കൊണ്ടിരുന്നു. അവ തീവണ്ടിക്കമ്പാർട്ടുമെന്റുകൾ പോലെ വികാരരഹിതമായി കയറാനും ഇറങ്ങാനുള്ള വഴികൾ കാണിച്ചു തന്നു. പല ബോഗികൾ ചേർത്തു കിതയ്ക്കുന്ന കൽക്കരി വണ്ടി പോലെ കറുപ്പു തുപ്പുന്ന യാത്രയാണ് താനെന്ന് അവൾക്ക് തോന്നി. ഈ യാത്രയോ! താനെന്തിനാണ് അയാളെ കാണുന്നത്! ?

ദുരിതങ്ങൾ മാലകോർത്ത് കഴുത്തിലിട്ടു വിരാജിക്കുന്ന ബൗദ്ധിനിയായി അവള്. ശുഭ്ര മേഘങ്ങൾ പറുദീസ കെട്ടുന്ന മലയോര വഴിയിലൂടെയായിരുന്നു അവള് കയറിയ ഓട്ടോറിക്ഷ പൊയ്ക്കൊണ്ടിരുന്നത്.
സന്ധ്യയാവുമ്പോൾ വഴി നീളെ തെരുവു പട്ടികൾക്ക് തീറ്റ നൽകി
രാവേറെയും വീട്ടിൽ പോകാതെ കഴിയുന്ന ഒരാളുടെ വണ്ടിയിലാണ് അവള് കുഴികൾ ചാടിച്ചാടി പൊയ്ക്കൊണ്ടിരുന്നത്. അയാളുടെ വണ്ടി അവള് തിരഞ്ഞെടുത്തതായിരുന്നു. അയാളുടെ മുഖം കാണുവാൻ നിരവധി തവണ വഴി വക്കിൽ അവള് കാത്തു നിന്നു. പട്ടികളും അയാളുടെ വരവു കാത്തു നിൽക്കുമായിരുന്നു. ഒരിക്കലും അയാളുടെ മുഖമവൾ കണ്ടതേയില്ല. ചിലപ്പോഴൊക്കെ അവള് പട്ടിയായി മാറുകയും ഭക്ഷണത്തിനു വേണ്ടി കടിപിടി കൂടുകയും ചെയ്തു. അയാള് പുഞ്ചിരിച്ചോ ആവോ?

അയാളുടെ വീട്ടിലേക്കുള്ള യാത്ര അയാളുടെ വണ്ടിയിൽ തന്നെ വേണമെന്നു അവള് ഉറപ്പിച്ചിരുന്നു. അയാള് വരും വരെ വെയിലത്ത് തന്നെ കാത്തുനിന്നു. മുഖമില്ലാത്ത അയാളെ തിരിച്ചറിയുന്നതെങ്ങിനെ? അവൾക്ക് സുപരിചിതമായ മണം അയാൾ ക്കുണ്ടായിരുന്നു. പട്ടികളുടെയും, ഭക്ഷണത്തിന്റെയും മണം.

നീർത്തിപ്പിടിച്ച സമയവിരിയിലെ അരികു പോലെ തന്നെ വഴിയിൽ കുഴികളും, തടാകങ്ങളും, ഉണങ്ങിയ നിറമില്ലാത്ത മരങ്ങളും ഉണ്ടായിരുന്നു. ജീവികളെയൊ ന്നിനെയും കണ്ടില്ല. വയറു നിറഞ്ഞ നായ്ക്കൾ ഉറങ്ങുകയായിരിക്കും. ആലോചനകൾ ക്കിടയിൽ വണ്ടി നിന്നു. അയാളിറങ്ങി കുനി ഞ്ഞിരിക്കുന്നു. അയാളുടെ മുഖം കാണാനായി മല്ലിയും കുനിഞ്ഞു. “ഇല്ല, അയാൾക്ക് മുഖം ഇല്ല”.
ചക്രം അഴിഞ്ഞു പോയിരിക്കുന്നു. ഉരുണ്ടുരുണ്ട് അത് അടുത്തുള്ള തടാകത്തിൽ വീണിരിയ്ക്കും. ഒഴുകിയൊഴുകിയത് ദൂരേയ്ക്ക് പോയിരിക്കും.
മുഖമില്ലാത്തയാൾ അടുത്തു വരുന്നു. അയാള് സംസാരിക്കുന്നുണ്ട്. വലിയ ബഹുമാനം, കരുതൽ, ക്ഷമാപണം ഒക്കെ അയാളുടെ ശബ്ദത്തിൽ ഉണ്ടാകേണ്ടതാണ്. മല്ലി കാത്തു നിന്നു.

അയാള് കഥ പറയുകയാണിപ്പോൾ. അയാളിപ്പോൾ മാപ്പാണ് പറയേണ്ടത്. തന്നെ എത്രയും പെട്ടെന്ന് പറഞ്ഞയിടത്തേക്ക് എത്തിക്കുകയാണ് ചെയ്യേണ്ടത്. അയാളെന്താണ് ഇപ്പോള് കഥ പറയുന്നത്. എത്രയോ ദിവസം അയാളുടെ മുഖം കാണാൻ താൻ കാത്തു നിന്നിരുന്നു. മുഖമില്ലാത്തയാൾ തന്നെ കണ്ടതേയില്ല. കുറ്റം മറക്കാൻ കഥ ചമക്കുന്നവർ. ഇയാളും ?

അയാള് ഒരു മടക്കയാത്രയിൽ ആയിരുന്നു. കൂർത്ത കല്ലുകൾ പരന്നു കിടക്കുന്ന കാട്ടുവഴി ആയിരുന്നത്രെ. അത് വാടക ഓട്ടമല്ല, സ്വന്തം ഓട്ട’മായിരുന്നുവെന്ന് അയാള്. ഉള്ളിൽ ചിരി പൊട്ടി. സ്പോൺസേഡ് അല്ലാത്ത എത്രയോട്ടങ്ങൾ സ്വയം ഓടിയ ആളോടാണ് ഇയാൾ കഥ പറയുന്നത്. ചില നേരങ്ങളിൽ ചിലർ വലിയ കഥകൾ പറഞ്ഞു ചെറുതാകും. ചിലപ്പോൾ കുട്ടികളെ പോലെ കരയും. ചേർത്തു പിടിക്കാനും, തലയിൽ തഴുകി ആശ്വസിപ്പിക്കാനും, ശുഭാപ്തി വിശ്വാസത്തിന്റെ രണ്ടു മൊഡ്യൂൾ പകർന്നു കൊടുക്കാനുമൊക്കെ തോന്നാറുണ്ട്. പക്ഷേ ഈ മുഖമില്ലാത്ത ആളുടെ ഉള്ളിലെന്തെന്ന് അറിയാൻ കഴിഞ്ഞില്ല. ഇതുവരെയും. ഇപ്പോള് കഥ വരുന്നത് നേരമില്ലാത്ത നേരത്തും. അല്ലെങ്കിലും ലക്ഷ്യങ്ങളാകെയും മാഞ്ഞു പോകയും, ചിത്രങ്ങളായും, ഓർമകളായും കൂട്ടിക്കെട്ടി വലിച്ചിഴച്ചു പോകയാണല്ലോ താൻ. എന്തിന് തിരക്കു കൂട്ടണം? എന്തിനയാളെ അവഗണിക്കണം? സമയത്തെ കുറച്ചു കൂടി വിടർത്തി വെക്കാനും, അതിന്റെ അരികിൽ കഥ കേൾക്കാനായി ഒരു ചാരുപടി നിർത്തി വെക്കാനും മല്ലി തീരുമാനിച്ചു.

അയാള് പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ സ്വന്തം ഓട്ടമായിരുന്നു. ഒരു പക്ഷേ, സ്വന്തമെന്ന നിലയിലുള്ള അയാളുടെ അവസാനത്തെ ഓട്ടം. വഴിയാത്രയില് അയാളുടെ ഭാര്യ ഉണ്ടായിരുന്നത്രെ ഒപ്പം. മുഖമില്ലാത്തയാൾക്ക് കരയാൻ കഴിയുമോ! എങ്ങലടിക്കുമ്പോലെ തോന്നി.
അവള് മരിച്ചിരിക്കുമോ ? അയാളത്രമാത്രം അവളെ സ്നേഹിച്ചിരുന്നോ?

അത്രയും വിങ്ങാൻ മാത്രം ഒരാളിൽ ഒരാൾക്ക് പടരാൻ കഴിയുമോ? അങ്ങിനെയെങ്കിൽ തന്നെ എത്രകാലം അയാള് വിങ്ങിക്കരയും? ഇതും കടന്നു പോകുമെന്ന് പറയാൻ തോന്നി. പക്ഷേ മുഖമില്ലാത്തയാളോട് എന്ത് പറയാൻ. പൊതുവേ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന തനിക്ക് ഇതെന്ത് പറ്റി ഇയാളോട് മാത്രം ഒരു രസക്കുറവ് എന്ന് മല്ലി ചിന്തിച്ചു. അയാൾക്ക് മുഖമില്ലാത്തത് തനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. എങ്കിലും കേൾക്കണം. അവൾക്ക് എന്തു പറ്റി?

അവളും അയാളും, അവളുടെ പ്രണേതാവിന്റെ അടുത്തേക്കുള്ള യാത്രയായിരുന്നുവത്രേ. അവസാന നിമിഷം വരെ അയാള് അവളുടെ കൈകളിൽ ഇറുക്കിപ്പിടിച്ചിരുന്നു. തിരികെയിറങ്ങുമ്പോൾ അയാൾക്ക് കൈനഷ്ടമായിരുന്നു. ഇപ്പോഴയാളുടെ വണ്ടിയുടെ ചക്രവും.

മല്ലിയപ്പോഴാണ് അത് ശ്രദ്ധിച്ചത്. അയാൾക്ക് കൈകളും ഇല്ലായിരുന്നു. മല്ലി ബാഗിൽ തിരഞ്ഞു. ശുഭാപ്തി വിശ്വാസത്തിന്റെ ഏതു മോഡ്യുളാണ് ഇയാൾക്ക് ചേരുക.

പട്ടികൾ ഉറക്കമുണർന്നിരുന്നു. തീറ്റവണ്ടി കാത്തു അവ സ്വന്തം ഇടങ്ങളിൽ കാത്തു നിന്നു. അയാൾക്ക് പോണം. ഇരുൾ വീഴുന്നു. അയാൾ തന്നെ കാത്തിരിക്കുന്നുണ്ടാവുമോ!

Author

Scroll to top
Close
Browse Categories