തീർത്ഥക്കരെ

അപ്പോള്‍ രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു. തെരുവില്‍ മങ്ങിക്കത്തുന്ന വഴിവിളക്കിന്റെ താഴെ നിന്ന് ഒരു കിഴവന്‍ നിസ്സഹായതയോടെ ചുറ്റും നോക്കുകയായിരുന്നു. എണ്‍പതു വയസ്സുണ്ടാകും കിഴവന്. കാഴ്ചയില്‍ അനേകം ജന്മങ്ങളുടെ ദൂരം കടന്നുവരുന്ന ഒരാളെപ്പെലെയുണ്ട് അയാള്‍.

തന്റെ വീട്ടുമുറ്റത്ത് വെറുതെ ദുരേയ്ക്കും നോക്കി നില്‍ക്കുമ്പോഴാണ് വിശ്വനാഥന്‍ കിഴവനെ കണ്ടത്. കുറെ നേരമായി അയാള്‍ അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട്. എങ്ങോട്ടും പോകാതെ അല്ലെങ്കില്‍ എങ്ങും പോകാതെ അല്ലെങ്കില്‍ എങ്ങും പോകാനില്ലാതെ.

തെരുവിപ്പോള്‍ ഒരു ശ്മശാനം പോലെയാണ്. ആളനക്കമില്ല. കത്തിക്കരിഞ്ഞും ഇടിഞ്ഞും പൊളിഞ്ഞും കിടക്കുന്ന വീടുകള്‍ക്കിടയില്‍ നിന്ന് ചാവുമണം പോയിട്ടില്ല. എവിടെയൊക്കെയോ ദീനരോദനങ്ങള്‍ കേള്‍ക്കും പോലെയുണ്ട്. ശവം കരിഞ്ഞതിന്റെ ഗന്ധം വായുവില്‍ പാട കെട്ടി നില്‍ക്കുന്നു. ഇപ്പോള്‍ ആരും പുറത്തിറങ്ങാറില്ല, മരണം പേടിച്ച്.

അര്‍ദ്ധരാത്രിക്ക് ഈ കിഴവന്‍ എവിടെ നിന്നു വന്നു? അയാള്‍ ആരാണ്? എങ്ങോട്ടും പോകാതെ ആ തെരുവ് വിളക്കിന്റെ കീഴെ പാവം നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി.

വേണോ വേണ്ടയോ എന്ന് കുറെ നേരം മനസ്സില്‍ തര്‍ക്കിച്ച ശേഷം വിശ്വനാഥന്‍ തെരുവിലിറങ്ങി കിഴവന്റെ അടുത്തേക്കു ചെന്നു.
”ആരാ, മനസ്സിലായില്ലല്ലോ?” വിശ്വനാഥന്‍ ചോദിച്ചു. ”കുറേ നേരമായല്ലോ ഇവിടെ നില്‍ക്കാന്‍ തുടങ്ങീട്ട്. നിങ്ങളാരെയെങ്കിലും കാത്തു നില്‍ക്കുകയാണോ?”

യാതൊരു ഭാവഭേദവും കൂടാതെ പതറിയ സ്വരത്തില്‍ കിഴവന്‍ പറഞ്ഞു.
”അതെ എന്റെ മരണത്തെ”

തെരുവിപ്പോള്‍ ഒരു ശ്മശാനം പോലെയാണ്. ആളനക്കമില്ല. കത്തിക്കരിഞ്ഞും ഇടിഞ്ഞും പൊളിഞ്ഞും കിടക്കുന്ന വീടുകള്‍ക്കിടയില്‍ നിന്ന് ചാവുമണം പോയിട്ടില്ല.

തന്റെ സാന്നിദ്ധ്യം കിഴവന് ഇഷ്ടമായില്ലെന്നു വിശ്വനാഥന്‍ ഊഹിച്ചു. അതിന്റെ ജാള്യതയോടെ പിന്‍വാങ്ങാന്‍ തുടങ്ങുമ്പോള്‍ ഭീതിയും വേദനയും നിറഞ്ഞ കണ്ണുകളുയര്‍ത്തി കിഴവന്‍ ഒരു നിമിഷം വിശ്വനാഥനെ നോക്കി.

”ഞാനെന്റെ മക്കളെ അന്വേഷിക്കുകയാണ്.” ഇടറിയ സ്വരത്തില്‍ കിഴവന്‍ പറഞ്ഞു. ”എനിക്കെന്റെ വീടെവിടെയായിരുന്നെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല. എല്ലാം നഷ്ടപ്പെട്ടു എനിക്ക്. എന്റെ പടച്ച തമ്പുരാനേ ആരെങ്കിലും എന്നെ ഒന്നു കൊന്നു തന്നിരുന്നെങ്കില്‍….”

അനുതാപം കൊണ്ട് വിശ്വനാഥന്റെ ഹൃദയം വിങ്ങി:
”എന്താ നിങ്ങളുടെ പേര്”?
കിഴവന്‍ ഒരു ഉള്‍വിലാപത്തിന്റെ ഇടര്‍ച്ചയില്‍ സ്വന്തം പേര് ഓര്‍ത്തെടുത്തു.
”മുസ്തഫ”
”ഈ തെരുവില്‍ തന്നെയായിരുന്നോ നിങ്ങളുടെ വീട്?” വിശ്വനാഥന്‍ ചോദിച്ചു. ”കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങള്‍ എവിടെയായിരുന്നു?”

”എനിക്കറിഞ്ഞുകൂടെന്റെ കുഞ്ഞേ!” കിഴവന്റെ വാക്കുകള്‍ ഇടമുറിഞ്ഞു. ”എന്റെ വീട് ഒരു പഴയ വീടായിരുന്നു. പള്ളിക്കപ്പുറത്ത്. എന്റെ മക്കള്‍ ജനിച്ചത് ഇവിടെയാണ്. ഈ തെരുവിലാണ് അവര്‍ കളിച്ചു വളര്‍ന്നത്. ഇപ്പോള്‍ വീടുമില്ല പള്ളിയുമില്ല. പരിചയമുള്ള ഒരാളെയും കണ്ടുമുട്ടുന്നില്ല. എനിക്കിപ്പോ ഇവിടം ഏതോ ഒരന്യദേശം പോലെയാ തോന്നുന്നെ”

കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം പാടകെട്ടിയ ആകാശത്തില്‍ നിലവിളികള്‍ മാറ്റൊലിയുണ്ടാക്കുന്നു.

അപ്പോഴേയ്ക്കും കിഴവന്‍ വിങ്ങിപ്പൊട്ടി എന്തുപറഞ്ഞ് കിഴവനെ സമാധാനിപ്പിക്കുമെന്നറിയാതെ വിശ്വനാഥന്‍ വിഷമിച്ചു.
”നീ ഏതാ കുഞ്ഞേ?” കണ്ണുനീര്‍ വടിച്ചു കളഞ്ഞതിനു ശേഷം കിഴവന്‍ ചോദിച്ചു. ”എവിട്യാ നിന്റെ വീട്?”
”ഞാന്‍ ഗംഗുവിന്റെ മകനാ” വിശ്വനാഥന്‍ പറഞ്ഞു. ”ഓര്‍മ്മയുണ്ടോ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഗംഗുവിനെ?”

”ഇല്ല. ഞാനാരേം ഓര്‍ക്കുന്നില്ല. എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല! എന്റെ ഓര്‍മ്മയില്‍ കത്തിയെരിയുന്ന നഗരവും മനുഷ്യരുമാണുള്ളത്”
ശിഥിലമായിപ്പോയ മനസ്സിന്റെ ആഴങ്ങളില്‍ നിന്ന് എന്തൊക്കെയോ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട് കിഴവന്‍ നരച്ച കണ്ണുകളുയര്‍ത്തി അയാളെ നോക്കി.

”മുമ്പ് എവിട്യെങ്കിലും വച്ച് കണ്ടതായി ഓര്‍ക്കുന്നില്ല”
”ഞാന്‍ വേറെ ഒരിടത്തായിരുന്നു. ഒന്നൊന്നര മാസം മുമ്പുവരെ” വിശ്വനാഥന്‍ പറഞ്ഞു. ”ലഹളയെക്കുറിച്ചു കേട്ടിട്ടാ ഞാന്‍ ഓടിപ്പോന്നെ”
”ലഹളയൊക്കെ കഴിഞ്ഞോ?” തകര്‍ന്ന മനസ്സിന്റെ ദുഃഖഭാരത്തോടെ കിഴവന്‍ ചോദിച്ചു. ”ആരെങ്കിലും ബാക്കിയുണ്ടോ ജീവനോടെ?”
കിഴവനെ എന്തു പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയാതെ വിശ്വനാഥന്‍ വിഷമിച്ചു.

എല്ലാം നഷ്ടപ്പെട്ടതിന്റെ സങ്കടത്തോടെ കിഴവന്‍ ചോദിക്കുന്നു.
”ഇവിടെ ഒരു പള്ളിയുണ്ടായിരുന്നതെവിടെ? പള്ളിപ്പറമ്പിലെ എന്റെ ഭാര്യയുടെ ശവകുടീരമെവിടെ? ഒന്നും ബാക്കിയില്ല. എന്റെ അയല്‍ക്കാര്‍ക്കെന്താ സംഭവിച്ചത്? എനിക്കൊന്നു ഓര്‍മ്മയില്ല. എന്റെ തലയ്ക്കകത്തു മുഴുവന്‍ പുകയാ!”

ഇരുണ്ട പുക പടര്‍ന്ന കിഴവന്റെ ഓര്‍മ്മകളില്‍ തെരുവ് കത്തുന്നു. നഗരം കത്തുന്നു. വഴിവക്കില്‍ നിന്ന് ഒരു പച്ചമരം കത്തുന്നു.
തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ വിശ്വനാഥന്‍ സ്വന്തം നിഴല്‍ നോക്കി നിന്നു

മങ്ങിയ നിലാവില്‍ പുഴയുടെ കിഴക്കേക്കരയില്‍ മഴ ചാറുന്നു. അതിലെയാണ് ഒന്നൊന്നര മാസം മുമ്പ് നേതാവിന്റെ രഥയാത്ര കടന്നുപോയത്.
വെന്തു കരിഞ്ഞ ചുമരുകളില്‍ കത്തിപ്പോയ വീടുകളുടെ ഓര്‍മ്മ ഒരു വിലാപം പോലെ തങ്ങി നില്‍ക്കുന്നു.

മുമ്പ് പൂക്കള്‍ വിറ്റിരുന്ന തെരുവില്‍ ഇപ്പോള്‍ വില്‍ക്കുന്നത് നുണകളാണ്.
കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം പാടകെട്ടിയ ആകാശത്തില്‍ നിലവിളികള്‍ മാറ്റൊലിയുണ്ടാക്കുന്നു.
എത്രാമത്തെ യുദ്ധമാണ് കഴിഞ്ഞത്? ഇപ്പോള്‍ തെരുവില്‍ തളംകെട്ടി കിടക്കുന്നത് ദൈവത്തിന്റെ ചോരയാണ്.

”എന്റെ വീട്ടുമുറ്റത്ത് ഒരു മരത്തിന്മേല്‍ മുല്ല പടര്‍ന്നു കിടന്നിരുന്നു” കിഴവന്റെ ഓര്‍മ്മയില്‍ ഒരു ചെറിയ പ്രകാശകിരണംവീഴുന്നു. ”അതൊരു കാടുപോലെ പൂക്കുന്നുണ്ടായിരുന്നു. എന്റെ മകള്‍ അതില്‍ നിന്നു പൂ പറിച്ച് മാല കെട്ടിയിരുന്നു. ആ മുല്ല കത്തിപ്പോയിട്ടുണ്ടാവ്വോ? എന്റെ മകള്… അവള് എന്റെ ചങ്ങാതിയുടെ മകനെ സ്‌നേഹിക്കുന്നുണ്ട്…”
ഏതോ ഓര്‍മ്മയില്‍ വിശ്വനാഥന്റെ ഹൃദയം നടുങ്ങി. വലിച്ചു കീറി തീയിലേക്കെറിയപ്പെട്ട ഒരു പെണ്‍കിടാവിന്റെ നിലവിളി തീ പിടിച്ച് കത്തിപ്പോകുന്നു.

”വേണ്ട കുഞ്ഞേ!” കിഴവന്‍ കൈയെടുത്തു വിലക്കി: ”ആരെങ്കിലും അറിഞ്ഞാല്‍ നിന്റെ വീടിനും അവര് തീ വയ്ക്കും”

കിഴവന്‍ വേച്ചു വേച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വനാഥന്‍ ചോദിച്ചു.
”എങ്ങോട്ടാ പോകുന്നെ.. ? ഈ രാത്രീല്.. ഒറ്റയ്ക്ക്…”

”എനിക്കറീല്ല” കിഴവന്‍ തിരിഞ്ഞു നിന്ന് വിശ്വനാഥന്റെ നേരെ നോക്കി.. ”എല്ലാം നഷ്ടപ്പെട്ടില്ലേ എനിക്ക്? എന്റെ വീടും നഗരോം ഒക്കെ”

കൈയില്‍ നിന്നും ജീവിതം ചോര്‍ന്നു പോയ കിഴവനെ തന്റെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോയാലോ എന്ന് വിശ്വനാഥന്‍ ആലോചിച്ചു. എല്ലാ ബന്ധങ്ങളും അറ്റ്, എല്ലാം നഷ്ടപ്പെട്ട്, എങ്ങോട്ടും പോകാനില്ലാതെ ഒരു പാവം കിഴവനെ തെരുവില്‍ ഉപേക്ഷിക്കുന്നതെങ്ങനെ?
വിശ്വനാഥന്‍ ചോദിച്ചു.
”നമുക്ക് എന്റെ വീട്ടിലേക്കു പോയാലോ?”
വിശ്വാസം വരാതെ കിഴവന്‍ വിശ്വനാഥന്റെ നേരെ നോക്കി.
”നിന്റെ വീട്ടിലേയ്‌ക്കോ?”
വിശ്വനാഥന്‍ പറഞ്ഞു.
”അതും ഒരു വീടാണ്”
”വേണ്ട കുഞ്ഞേ!” കിഴവന്‍ കൈയെടുത്തു വിലക്കി: ”ആരെങ്കിലും അറിഞ്ഞാല്‍ നിന്റെ വീടിനും അവര് തീ വയ്ക്കും”
പിന്നെ ഒരു നിമിഷം എന്തോ ഓര്‍ത്തുനിന്നിട്ട് കിഴവന്‍ ചോദിച്ചു.
”ഏതെങ്കിലും ഒരു വീട് ബാക്കിയൊണ്ടോ. കത്തിപ്പോകാതെ?”
ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവാതെ വിശ്വനാഥന്‍ നിശബ്ദമായി കിഴവനെ നോക്കി.

”നിനക്കറിയാമോ. ഈ നഗരത്തെ എന്റെ വീടിനെക്കാള്‍ സ്‌നേഹിച്ച ഒരാളാ ഞാന്‍” കിഴവന്‍ നെടുവീര്‍പ്പിട്ടു. ”യാതൊരു വേര്‍തിരിവും കൂടാതെ. എന്നിട്ടെന്താ ഉണ്ടായത്? എന്റെ മകള്‍ തെരുവില്‍ കിടന്നു കത്തുന്നത് ഞാന്‍ കണ്ടു. കുത്തു കൊണ്ട മുറിവില്‍ നിന്നും രക്തമൊലിപ്പിച്ചു കിടക്കുന്ന എന്റെ മകന്റെ ജഡം ഞാന്‍ കണ്ടു. ഞാനാര്‍ക്ക് എന്തു ദ്രോഹം ചെയ്തിട്ട്? ഞാന്‍ ആരുടെയെങ്കിലും ശത്രുവായിരുന്നോ? പടച്ച തമ്പുരാനേ, എന്റെ സങ്കടം ഞാന്‍ ആരോടു പറയും? ഒരു ശ്മശാനം പോലെ കിടക്കുന്ന തെരുവില്‍ എവിടെയായിരുന്നു എന്റെ വീടെന്നു പോലും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ലല്ലോ എനിക്ക്”

വിശ്വനാഥന്‍ കുറെക്കൂടി ചേര്‍ന്നു നിന്ന് കിഴവന്റെ ചുമലില്‍ കൈവച്ചു.
”സഹിക്ക്, സമാധാനിക്ക്. എന്നല്ലാതെ ഞാനെന്താ പറയ്യാ?”

”എന്നെപ്പോലെ ഒരു പാവത്തിനോട് ഇങ്ങനെ ചെയ്യാമോ?” കിഴവനു ശ്വാസം മുട്ടി. അയാള്‍ വല്ലാതെ ചുമച്ചു. ”നിനക്കറിയ്യോ കുഞ്ഞേ, ക്ഷേത്രത്തിലെ പൂജയ്ക്കുള്ള പൂവ് വിറ്റാ ഞങ്ങള് ജീവിച്ചെ. എന്റെ ഉപ്പൂപ്പമാരുടെ കാലം തൊട്ട്…”
ചുമ കൊണ്ടു കൂനിപ്പോകുന്ന കിഴവനെ വിശ്വനാഥന്‍ ചേര്‍ത്തുപിടിച്ചു.
”വേണ്ട കുഞ്ഞേ!” കിഴവന്‍ വിശ്വനാഥനെ തടഞ്ഞു. ”നീ പൊയ്‌ക്കോ. എന്റെ കൂടെ നിന്നെ കണ്ടാല്‍ നിന്നെയും അവര് കൊല്ലും! നീയന്തിനാ വെറുതെ ചാകുന്നേ?”

കീറിയ ഉടുപ്പിന്റെ കീശയില്‍ നിന്ന് ഒരു കടലാസ്സ് പൊതിയെടുത്ത് കിഴവന്‍ വിശ്വനാഥന്റെ നേരെ നീട്ടി.

കുറച്ച് ചോക്ലേറ്റോ. എന്റെ കൊച്ചുമോനു വേണ്ടി വാങ്ങീത്. തീയില്‍ക്കിടന്ന് കത്തിപ്പോയ എന്റെ കൊച്ചുമോന് ഇനിയെന്തിനാ ചോക്ലേറ്റ്? ഇതു നീ നിന്റെ മകനു കൊടുക്ക്”

കടലാസ്സ് പൊതി വിശ്വനാഥന്റെ കൈയില്‍ വച്ചു കൊടുത്തതിനു ശേഷം കിഴവന്‍ പ്രാഞ്ചി പ്രാഞ്ചി നടക്കാന്‍ തുടങ്ങി.
വിശ്വനാഥന്‍ നോക്കി നില്‍ക്കെ, അകലെ വിജനമായ തെരുവിന്റെ അങ്ങേ അറ്റത്ത് കിഴവന്‍ കാഴ്ചയില്‍ നിന്നു മറഞ്ഞു.
നിലാവ് മങ്ങി.
ദൈവത്തിന്റെ നിശബ്ദതയില്‍ ആകാശം ഇരുണ്ടു

Author

Scroll to top
Close
Browse Categories