മരുത്വമലയുടെ മഹത്വം

ഔഷധ സസ്യത്താല്‍ ആവൃതമാം
മരുത്വാമലതന്‍ മഹത്വമല്ലോ
പ്രകൃതിയൊരുക്കിയ വന്‍ഗുഹയും
മരുത്വാമലതന്‍ വനാന്തരത്തില്‍
പാമ്പും പുലിയുമാ തോഴരായി
വന്‍ ഗുഹക്കിരുവശം കാവലായി
ആഹാര പാനീയ നിദ്രയുമാ-
പ്പാടേയുപേക്ഷിച്ചു സ്വാമിതാനും
ഒരു വന്‍ തപസ്സിന്‍ തുടക്കമായി
രാവും പകലുമറിഞ്ഞിടാതേ
മാസദിനങ്ങള്‍ കടന്നുപോയി
ചില ദിനം ആ കൊടും പാറതന്നില്‍
ബാലാര്‍ക്കന്‍ വന്നു തഴുകി നില്‍ക്കും
ഒരു ദിവ്യയോഗിയെ ദൃശ്യമാകും
ശ്രുതിമീട്ടി ഒഴുകുന്ന ചോലകളും
അംബര ചുംബിയാം പര്‍വ്വതവും
മാരുതന്‍ തന്റെ തലോടലാലേ
ആടിക്കളിക്കുന്ന വൃക്ഷജാലം
ഓടിക്കളിക്കും കലമാനിന്‍കൂട്ടം
ചാടിത്തിമര്‍ക്കുന്നു വാനരന്മാര്‍
കു കൂ കുയിലുകള്‍ ഉല്ലസിക്കും
മതി മറന്നാടും മയിലുകളും
ഒരു നികുഞ്ജത്തിന്‍ മറവിലൂടെ
ഒളി കണ്ണെറിയുന്ന തത്തകളും
പല വര്‍ണ്ണ ശോഭയാലങ്ങുമിങ്ങും
തല നീട്ടി നില്‍ക്കും മലരുകളും
മലരുകള്‍ തോറുമാമുത്തമിട്ട്
അലയടിച്ചെത്തും പൂമ്പാറ്റകളും
മൂളിപ്പറക്കുന്ന വണ്ടിണകള്‍
പാറിപ്പറക്കും പറവകളും
പല മരച്ചില്ലയില്‍ ഒത്തുകൂടി
പലതും പലവഴി പോയ് മറയും
പ്രകൃതിതന്‍ വികൃതികളാസ്വദിച്ചും
ആത്മാവിന്‍ ജ്ഞാനവും നേടി സ്വാമി
ആത്മാവിന്‍ ജ്യോതിസായ് മാറി സ്വാമി
അറിവിനെ അറിവിലേക്കറിയുവാനായ്
ഒരു നൂറു ശ്ലോകം രചിച്ചു സ്വാമി
ഒരു നവോത്ഥാനത്തിന്‍ തുടക്കമിട്ട്
മരുത്വാമലയെയും വിട്ടിറങ്ങി
മലയാള മണ്ണിന്റെ മാറിലേയ്ക്കായ്
ഒരു നവോത്ഥാനത്തിന്‍ നായകനായ്
ആ ദിവ്യയോഗി ഇറങ്ങിമെല്ലേ.

8606739925

Author

Scroll to top
Close
Browse Categories