ഭീകരതയുടെ
അടിവേരുകള്‍
ജുഡീഷ്യറിയെ
ചോദ്യം ചെയ്യുമ്പോൾ
ജഡ്ജി കാവി കൗപീനം ധരിച്ചിട്ടുണ്ടോ, ചുവന്ന ലങ്കോട്ടി കെട്ടിയിട്ടുണ്ടോ എന്നുള്ളതല്ല, അത് വിളിച്ചു പറയാന്‍ യാതൊരു സങ്കോചവുമില്ലാത്ത സ്ഥിതിയിലേക്ക് ഒരു സംഘടന വളര്‍ന്നുവെന്നതാണ് പ്രധാനം. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം നോക്കുന്നത് വലിയൊരു വിപത്തിന്റെ ചെറിയ ദൃഷ്ടാന്തമാണ്. ജനാധിപത്യ സംവിധാനത്തില്‍ നമ്മുടെ റിപ്പബ്ലിക്കിനും ഭരണഘടനയ്ക്കും വലിയ വെല്ലുവിളി ഉയര്‍ന്നുവന്നിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം
നമ്മുടെ നാട്ടില്‍ വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുവേ ഭരണഘടനാ സ്ഥാപനങ്ങളോട് നാമമാത്രമായിട്ടാണെങ്കിലും ബഹുമാനം പ്രകടിപ്പിക്കുന്നവരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല സമുദായ സംഘടനകളും ഇതര സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഇതേ രീതി പിന്തുടരുന്നു.
എന്നാല്‍ ഒരു കാലത്തും ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യ വ്യവസ്ഥിതിയേയും അംഗീകരിക്കാത്ത ചില സംഘടനകളുണ്ട്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇങ്ങനെയുള്ള സ്ഥാപനങ്ങളോട്, അത് പാര്‍ലമെന്റ് ആകാം, അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാകാം, സുപ്രീംകോടതി, ഹൈക്കോടതി എന്നിവയാകാം. ഇവയോട് യാതൊരു തരത്തിലുള്ള ആദരവോ ബഹുമാനമോ പ്രകടിപ്പിക്കാറില്ല. അതേപോലെ രാഷ്ട്രപതി, പ്രധാനമന്ത്രി, സൈനികമേധാവികള്‍ തുടങ്ങി പരമ്പരാഗതമായി നമ്മള്‍ ഒരു ആദരവ് കൊടുക്കുന്ന സംവിധാനങ്ങളോടൊന്നും യാതൊരുവിധ ആദരവോ പ്രതിപത്തിയോ കാണിക്കാത്ത സംഘടനകളുണ്ട്.
ഇപ്പോള്‍ നമ്മള്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്ന നക്സലൈറ്റുകള്‍ ഇങ്ങനെയായിരുന്നു. അവരെ അറസ്റ്റ് ചെയ്താല്‍ വക്കീലിനെ വയ്ക്കില്ല, കേസ് തര്‍ക്കിക്കില്ല. കാരണം അവര്‍ നീതിന്യായ സംവിധാനത്തില്‍ വിശ്വസിക്കുന്നില്ല. ബൂര്‍ഷ്വാ കോടതി തുലയട്ടെയെന്ന് അവര്‍ മുദ്രാവാക്യം വിളിക്കും. കെ. വേണു, കെ.എന്‍. രാമചന്ദ്രന്‍, ഫിലിപ്പ് എം പ്രസാദ്, അജിത, കുന്നിക്കല്‍ നാരായണന്‍ തുടങ്ങിയവര്‍ നീതിന്യായ സംവിധാനത്തെ ബഹുമാനിക്കാത്തവരും തൃണവല്‍ഗണിക്കുന്നവരുമായിരുന്നു.
അങ്ങനെയുള്ള മറ്റു സംഘടനകളുമുണ്ട്. മുന്‍കാലത്ത് ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയേയോ, ഭൂപരമായ ഐക്യത്തെയോ, പരമാധികാരത്തെയോ അംഗീകരിക്കില്ലായിരുന്നു.
ഹുക്കുമത്ത്-എ-ഇലാഹി എന്നുവിളിക്കുന്ന ദൈവിക രാജ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരായിരുന്നു അവര്‍. സര്‍ക്കാരിന് കരം കൊടുക്കുകയോ – തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയോ, ഔപചാരികമായ വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുകയോ, ഇംഗ്ലീഷ് പോലുള്ള വിദേശഭാഷകള്‍ പഠിക്കുകയോ, സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുകയോ ചെയ്യുമായിരുന്നില്ല. 1965ലും 71ലും യുദ്ധമുണ്ടായപ്പോള്‍ അവര്‍ പാകിസ്ഥാനെ പിന്തുണച്ചു. കാശ്മീരിനെ ഇന്ത്യയിൽ ലയിപ്പിച്ചത് അവർ അംഗീകരിക്കുന്നില്ല. കാശ്മീരില്‍ ജമാ-അത്തെ-ഇസ്ലാമിക്ക് വേറെ യൂണിറ്റുണ്ട്. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാഗാന്ധി ആ സംഘടനയെ നിരോധിച്ചു.
എന്നാല്‍ സമീപകാലത്ത് അവര്‍ ഇന്ത്യന്‍ഭരണഘടന അംഗീകരിക്കുന്നതായി ഭാവിക്കുകയും സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങുകയും ചെയ്തു. പക്ഷേ അവരുടെ അടിസ്ഥാന സിദ്ധാന്തം പഴയതു തന്നെയാണ്. അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. ഇപ്പോഴത്തേത് ആളുകളെ കബളിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രം.
ഭീകര സംഘടനകള്‍ക്ക് ഇങ്ങനെ ചില സൂത്രങ്ങളുണ്ട്. ‘തക്കിയ’ എന്നു പറയും. ജനാധിപത്യവാദികളും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നവരുമായി അഭിനയിക്കും. ആപത് സൂചനയാണ് ഇത്. ജമാ അത്തെ ഇസ്‌ളാമിയുടെവിദ്യാര്‍ത്ഥി വിഭാഗമായി തുടങ്ങിയതാണ് സിമി. (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ). ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചാവേര്‍ പോരാളികളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ തീവ്രവാദസംഘടനയെന്ന് മുദ്രയടിച്ച് സിമിയെ നിരോധിച്ചു. നേതാക്കന്മാരെ അറസ്റ്റ് ചെയ്തു. ആ സമയത്ത് സിമിയുടെ കുറെ പ്രവര്‍ത്തകര്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയും സത്യസന്ധമായ മറ്റ് ജോലിക്ക് പോകുകയും ചെയ്തു. ചിലരൊക്കെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ അഭയം തേടി. മുസ്ലീംലീഗ് അടക്കം മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ കയറിപ്പറ്റി. എന്നാല്‍ അതിതീവ്ര ചിന്താഗതിക്കാരായ മറ്റൊരു വിഭാഗം വിധ്വംസക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ബോംബ്സ്ഫോടനം നടത്തുക, കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുക, വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുക, അങ്ങനെ സകലവിധ ഭീകര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു വിഭാഗം ഉണ്ട്. അവരില്‍ ചിലരാണ് പില്‍ക്കാലത്ത് നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് (എന്‍ഡിഎഫ്) എന്ന പേരില്‍ സംഘടിച്ചത്. ഇവര്‍ പിന്നീട് പോപ്പുലര്‍ഫ്രണ്ട് ഒഫ് ഇന്ത്യ എന്ന് പേരുമാറ്റി. അതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ.)
ഇവര്‍ പഴയകാല ജമാ അത്തെ ഇസ്ലാമിയില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നു എന്ന് ഭാവിക്കുന്നവരാണ്. വാ തുറന്നാല്‍ അംബേദ്ക്കറെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ദളിത്, പിന്നാക്ക, ന്യൂനപക്ഷ ഐക്യത്തെ കുറിച്ചും അവകാശ സംരക്ഷണത്തെ കുറിച്ചുമൊക്കെ വാചാലരാകും. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഭരണഘടനയോട് എന്തെങ്കിലും കൂറോ, ബഹുമാനമോ ജനാധിപത്യ സംവിധാനത്തോട് അശേഷമെങ്കിലും താല്പര്യമോ ഇല്ല.
നിരപരാധികളെ കൊലപ്പെടുത്തുകയും ജനവാസകേന്ദ്രങ്ങളിലും വാഹനങ്ങളിലും ബോംബുവച്ച് ജനങ്ങളെ ഭയചകിതരാക്കുയുമാണ് തീവ്രവാദ സംഘടനകളുടെ പൊതുവെയുള്ള സ്വഭാവം.നൈജീരിയയില്‍ ബോക്കോഹറാം, സോമാലിയയില്‍ അല്‍ഷബാബ്, അഫ് ഗാനിസ്ഥാനില്‍ അല്‍ഖ്വയ്ദ, സിറിയയിലും ഇറാക്കിലും ഇസ്ലാമിക് സ്റ്റേറ്റ്, കാശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ബംഗ്ലാദേശില്‍ ഹുജി എന്നി പേരുകളിലാണ് ജിഹാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.
നമ്മുടെ രാജ്യത്ത് 1991 മുതല്‍ സമീപം കാലം വരെ ഇന്ത്യന്‍ മുജാഹിദിന്‍ എന്ന പേരിലാണ് ഭീകരസംഘടന ഒളിവില്‍ പ്രവര്‍ത്തിച്ചത്.
ബോര്‍ഡ് വെച്ച ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാനോ ലെറ്റര്‍ഹെഡ് അടിക്കാനോ പറ്റാത്തത് കൊണ്ട് സ്ഫോടനങ്ങളുണ്ടാക്കി നിരപരാധികളെ കൊന്നാണ് അവര്‍ ശക്തി തെളിയിച്ചത്. പാക് ചാര സംഘടനയായ ഐ.എസ്.ഐ യുടെയും വിദേശത്തിരുന്ന് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ദാവൂദ് ഇബ്രാഹിമിനെ പോലുള്ള അധോലോകനായകന്‍മാരുടേയും സഹായത്തോടെയാണ് ഈ സംഘടന പ്രവര്‍ത്തിച്ചത്.സിമിയുടേയും ഇന്ത്യന്‍മുജാഹിദിന്റെയും കാണപ്പെടുന്ന രൂപമാണ് പോപ്പുലര്‍ഫ്രണ്ട് ഓഫ്ഇന്ത്യ
മുംബൈ ഭീകരാക്രമണത്തിനും പൂനയിലെ ജര്‍മ്മന്‍ ബേക്കറി ആക്രമണത്തിന് ശേഷം പൊതുവെ ഇത്തരംവിധ്വംസകപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായ ശേഷമാണ് ഇവരെയൊക്കെ ഒതുക്കിയത്.
1991 മുതല്‍ 2009 വരെ നിരന്തരമായി, അഹമ്മദാബാദില്‍, മുംബെയില്‍, ജയ് പൂരില്‍, ഹൈദരാബാദില്‍, ഗോഹട്ടിയിലൊക്കെ സ്ഫോടനങ്ങളുടെ ഒമ്പതാം ഉത്സവമായിരുന്നു. നൂറുകണക്കിനാളുകള്‍ മരിച്ചു. പിന്നീട് ഇതിന് വലിയ ശമനമുണ്ടായി. ആ രീതിയിലുള്ള പ്രവര്‍ത്തനം അവര്‍ താരതമ്യേന കുറച്ചു. പ്രവര്‍ത്തനം ഇല്ല എന്ന് പറയാനാവില്ല. എപ്പോഴാണ് അവര്‍ അടിക്കുകയെന്നും പറയാനാവില്ല.
സിമിയുടേയും ഇന്ത്യൻ മുജാഹിദിന്റെയും കാണപ്പെടുന്നരൂപമാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇവര്‍ പൗരാവകാശ പ്രവര്‍ത്തകരും ദളിത്, ന്യൂനപക്ഷ അവകാശ സംരക്ഷകരും ഭരണഘടനയുടെ കാവലാളുകളുമായി പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടു.
ഈ സംഘടനകളുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ശരിക്കുള്ള നേതാക്കന്മാര്‍ ആരെന്ന് ആര്‍ക്കും അറിയില്ലയെന്നതാണ്. പുറമേ കാണുന്നവരായിരിക്കില്ല നേതാക്കള്‍. രഹസ്യ സ്വഭാവമുള്ള സംഘടനയാണ്. ഇലക്ട്രോണിക് മീഡിയ നന്നായി ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വരെയുണ്ട്. രഹസ്യസ്വഭാവമുള്ള വിധ്വംസക പ്രവര്‍ത്തികളാണ് മുഴുവന്‍. കൊലപാതകം നടത്താനുള്ള പരിശീലനം വരെ നല്‍കുന്നു.
ഒറ്റ വാട്സാപ്പ് സന്ദേശം കൊണ്ട് നൂറുകണക്കിനാളുകളെ സംഘടിപ്പിക്കാനും പ്രകടനം നടത്താനും ഇവര്‍ക്ക് സാധിക്കും.
ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് കൊച്ചിയില്‍ രാത്രി 11നും 12നുമൊക്കെ നൂറുകണക്കിന് പോപ്പുലര്‍ഫ്രണ്ടുകാര്‍ വളരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തി. സംസ്ഥാനത്തിന്റെ നാനാഭാഗത്തും ഇത് നടന്നു.
എപ്പോഴും പ്രകോപനമുണ്ടാക്കിക്കൊണ്ടിരിക്കുകയെന്നതാണ് ഇവരുടെ രീതി. വളരെ സമാധാനപരമായി ശബരിമല സമരം നടക്കുമ്പോള്‍ അതിലേക്ക് കല്ല് വലിച്ചെറിയാന്‍ മടിക്കാത്തവരാണ് ഇവര്‍.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമരം നടന്നപ്പോള്‍ വളരെ വളരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി മലപ്പുറം കത്തി അരയില്‍ വെച്ച് കൈലിമുണ്ട് ഉടുത്ത് അരയില്‍ പച്ച ബെല്‍റ്റ് കെട്ടിയാണ് പ്രകടനം നടത്തിയത്. ’21ല്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ തുടങ്ങിയ ആക്രമണോത്സുകമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു.
എന്നാല്‍ ഇതിന്റെയൊക്കെ ഫലം വളരെ വിപരീതമായിരുന്നു. ഇവരുടെ ഇത്തരം പ്രവൃത്തികള്‍ കൊണ്ട് പൗരത്വനിമയഭേദഗതിയോട് എതിര്‍പ്പുള്ള അമുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ക്ക് തന്നെ പ്രക്ഷോഭത്തോട് തീരെ അനുഭാവമില്ലാതായി.
എണ്ണത്തില്‍ കുറവാണെങ്കിലും ഇവര്‍ ചെയ്യുന്ന അതിക്രമത്തിന് മുസ്ലീം സമുദായം മൊത്തത്തില്‍ ഉത്തരം പറയേണ്ട അവസ്ഥയായി.
അതുകൊണ്ട് കൂടിയാണ് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാളുകളുടെ ഇടയില്‍ വലിയ തോതില്‍ മുസ്ലീം വിരോധം ഉണ്ടായത്. ആര്‍.എസ്.എസ്സും മറ്റും എത്രയോ കൊല്ലം പരിശ്രമിച്ചിട്ടും ഹിന്ദുക്കളെ മുഴുവന്‍ മുസ്ലീം വിരുദ്ധരാക്കാന്‍ പറ്റിയില്ല. എന്നാല്‍ ഈ തീവ്രവാദ സംഘടനകളുടെ പ്രവൃത്തി കൊണ്ട് ക്രിസ്ത്യന്‍ സമുദായത്തില്‍ പോലും മുസ്ലീം വിരോധം വളര്‍ന്നു.
പ്രസംഗങ്ങളില്‍ എപ്പോഴും ഇവര്‍ ആര്‍.എസ്. എസുകാരെ വെല്ലുവിളിക്കും. ആര്‍.എസ്.എസ്. പ്രചാരകന്റെ വീട്, അല്ലെങ്കില്‍ മുഖ്യശിക്ഷകന്റെ വീട് ഞങ്ങള്‍ക്കറിയാം, അയാളുടെ വീട്ടിലേക്കുള്ള വഴി അറിയാം, അയാളുടെ ഭാര്യവീട് അറിയാം, അയാളുടെ കുട്ടികള്‍ ഏത് സ്‌കൂളിലാണ് പഠിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാംഎന്നൊക്കെ വിളിച്ചുപറയും. പൊതുവിജ്ഞാനം വെളിപ്പെടുത്താന്‍ വേണ്ടിയല്ല ഈ പ്രസംഗം. ഇത് കേള്‍ക്കുന്നവര്‍ ഭയപ്പെടണം. മുഖ്യശിക്ഷകന്‍ ഭയപ്പെട്ടില്ലെങ്കിലും അയാളുടെ ഭാര്യയും ഭാര്യവീട്ടുകാരും ഭയപ്പെടണം.
പോലീസ് സ്റ്റേഷന്റെ മുമ്പില്‍ പോയി നിന്ന് ഇവിടത്തെ സബ്ഇന്‍സ്പെക്ടര്‍ എവിടത്തുകാരനാണന്ന് ഞങ്ങള്‍ക്കറിയാം, റിട്ടയര്‍ ചെയ്യാന്‍ എത്രകൊല്ലമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, അയാളുടെ വീട്ടില്‍ ആരൊക്കെയുണ്ടെന്ന് അറിയാം എന്നൊക്കെ പ്രസംഗിക്കും. ഇത് പോലീസുകാരെ ഭയപ്പെടുത്താന്‍ വേണ്ടിയാണ്.
അഖില എന്ന പെണ്‍കുട്ടി മതംമാറി വിവാഹിതയായ ഹാദിയ കേസില്‍ പെണ്‍കുട്ടിയെ പിതാവിന് വിട്ടുകൊടുക്കാന്‍ ജസ്റ്റിസ് സുരേന്ദ്രമോഹനും ജസ്റ്റിസ് എബ്രഹാം മാത്യുവും ഉള്‍പ്പെടുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത ഉത്തരവ് വന്നപ്പോള്‍ ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നായരോ, ഈഴവനോ ആയിരിക്കാമെന്ന് ധരിച്ച് എറണാകുളത്ത് പോപ്പുലര്‍ഫ്രണ്ടുകാര്‍ വലിയ പ്രകടനം നടത്തി. ജസ്റ്റിസ് സുരേന്ദ്രമോഹനെതിരെ മുദ്രാവാക്യം മുഴക്കി. അയ്യായിരത്തോളം പേര്‍ പങ്കെടുത്ത പ്രകടനം പോലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് മുന്നേറി. ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ഒാര്‍ത്തഡോക്‌സ് ക്രിസ്ത്യാനിയാണെന്നതാണ് വാസ്തവം. (അദ്ദേഹത്തിന്റെ പിതാവ് കെ.വി. കുര്യാക്കോസ് എറണാകുളത്തെ പേര് കേട്ട വക്കീലായിരുന്നു)
ലൗജിഹാദ് കേസില്‍ വിധിപറഞ്ഞ ജസ്റ്റീസ് കെ.ടി. ശങ്കരനെതിരെ ഭീഷണി മുഴക്കിയത് മറ്റൊരു രീതിയിലായിരുന്നു.
ലൗജിഹാദ് ഉണ്ടെന്നും അത് വളരെ ഗൗരവമായ വിഷയമാണെന്നും ജസ്റ്റിസ് ശങ്കരന്റെ വിധിയിലുണ്ടായിരുന്നു. വിധി വന്നതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് ശങ്കരനെ ആക്ഷേപിച്ചുകൊണ്ട് കൊച്ചി നഗരത്തിലെമ്പാടും പ്രത്യേകിച്ച് ഹൈക്കോടതി പരിസരത്തും പോസ്റ്റര്‍ പതിച്ചു. റിട്ടയര്‍ ചെയ്യുന്നത് വരെ ജസ്റ്റിസ് ശങ്കരന് പ്രത്യേക പോലീസ് സംരക്ഷണം നൽകേണ്ടിവന്നു. സഞ്ചരിക്കുമ്പോള്‍ കവചിത വാഹനത്തിന്റെ അകമ്പടി. വീട്ട് പടിക്കല്‍ പോലീസ് പിക്കറ്റ്. കടുത്ത ഭീഷണിയാണ് ജഡ്ജി നേരിട്ടത്. അദ്ധ്യാപകന്റെ കൈവെട്ടിയതുപോലെ ജഡ്ജിയുടെ കഴുത്ത് വെട്ടിയാലോ?
കോടതി ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിന്റെ മുമ്പില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി കല്പിക്കുന്നത്. കോടതിവിധികള്‍ ശരിയോ തെറ്റോ എന്നത് വേറെ കാര്യം. വേണമെങ്കില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാം. അതല്ലേ ചെയ്യേണ്ടത്. അതിന് പകരം കേസ് വിധിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞ് കൊണ്ട് പ്രകടനം നടത്തുകയെന്നത് മുമ്പൊരിക്കലും ഇല്ലാത്ത കാര്യമാണ്. മാവോയിസ്റ്റുകള്‍ പോലും ഇങ്ങനെ ചെയ്തിട്ടില്ല. ഇതുപോലുള്ള ഭീഷണികള്‍ നടത്തി ജഡ്ജിമാരെ വരുതിയിലാക്കാമെന്ന് പോപ്പുലർഫ്രണ്ടുകാർ വിചാരിക്കുന്നു.
ആലപ്പുഴയില്‍ വിവാദപരമായ പ്രകടനത്തില്‍ ഒരു ചെറിയ കുട്ടിയെക്കൊണ്ട് അത്യധികം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. ഈ പ്രകടനവുമായി ബന്ധപ്പെട്ട കേസ് നേരത്തെ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പോപ്പുലര്‍ഫ്രണ്ടിനും ബജ്രംഗ് ദളിനും പ്രകടനത്തിന് അനുമതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെഒരു നികുതിദായകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശവും കൊടുത്തിരുന്നു.
കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണ്. ഏഴ് കൊല്ലം കഠിനതടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റം. ഹൈക്കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചതു കൊണ്ടാണ് പോലീസ് കേസെടുത്തത്. അല്ലെങ്കില്‍ ഒരു കാലത്തും കേസ് എടുക്കുമായിരുന്നില്ല. നമ്മുടെ പോലീസിന് പോപ്പുലര്‍ഫ്രണ്ടുകാരെ പൊതുവെ പേടിയും ബഹുമാനവുമാണ്. പോലീസില്‍ തന്നെ ഇവര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. തൊടുപുഴയില്‍ തൊണ്ടിസഹിതം പിടിക്കപ്പെട്ട ഒരു പോലീസുകാരനെ പിരിച്ചുവിട്ടു. കണ്ടുപിടിക്കപ്പെട്ടതു കൊണ്ടാണ് ആ നടപടി ഉണ്ടായത്. കണ്ടുപിടിക്കപ്പെടാത്ത ആളുകള്‍ വേറെയുമുണ്ട്. പോലീസില്‍ മാത്രമല്ല ഫയര്‍ഫോഴ്‌സിലും എല്ലാ രംഗത്തുമുണ്ട്. സി.പി.എം. ഉള്‍പ്പെടെയുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളിലും ഇവര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്.
ആലപ്പുഴ റാലിയുടെ കാര്യത്തിൽ കോടതി നിര്‍ദ്ദേശം നല്‍കിയപ്പോള്‍ അറസ്റ്റ് ചെയ്യുകയല്ലാതെ പോലീസിന് വേറെ മാര്‍ഗ്ഗം ഇല്ലാതായി. അങ്ങനെ പോലീസ് പെട്ടെന്ന് ഞെട്ടിയെഴുന്നേല്‍ക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിന് മുമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ അവര്‍ ഗൗനിച്ചിരുന്നില്ല. സാധാരണ പോപ്പുലര്‍ ഫ്രണ്ടുകാര്‍ എന്തു ചെയ്താലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യില്ല. അതിഭയങ്കരമായ കൊലപാതകമൊന്നുമല്ലെങ്കില്‍….
പോപ്പുലര്‍ഫ്രണ്ടുകാര്‍ക്കെതിരെ പരാതിയുമായി ഞാനോ, നിങ്ങളോ പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ പരാതിയെടുത്ത് അവര്‍ മേശപ്പുറത്ത് പേപ്പര്‍വെയ്റ്റ് കയറ്റി വയ്ക്കും. അങ്ങനെയാണ് ശീലം.
ആലപ്പുഴ പ്രകടനത്തിന്റെ കേസ് അടുത്ത ദിവസം മറ്റൊരു ബെഞ്ചില്‍ വന്നപ്പോള്‍ ആ ജഡ്ജി ചോദിച്ചു. ‘സംഘടനയുടെ നേതാക്കള്‍ക്കെതിരെയല്ലേ കേസെടുക്കേണ്ടത്; തോളത്ത് കയറ്റിക്കൊണ്ടുപോയവര്‍ക്കെതിരെയല്ലല്ലോ’. അങ്ങനെയാണ് പോലീസ് സ്വാഗതസംഘം ചെയര്‍മാനേയും സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയേയും ഖജാന്‍ജിയേയും അന്വേഷിച്ചു പോകേണ്ട സാഹചര്യത്തിലെത്തിയത്.
കുറച്ചു പേരെ അറസ്റ്റു ചെയ്തു. മജിസ്‌ട്രേറ്റ് കോടതി അതിന്റെ ഗൗരവത്തില്‍ തന്നെ കാര്യങ്ങളെടുത്തു. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു.
അതിനുശേഷമാണ് ഇവര്‍ കോടതിക്കെതിരെ തിരിഞ്ഞതും ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം തിരഞ്ഞതും. അപ്പോള്‍ കോടതി പിന്നേയും കര്‍ക്കശമാക്കി.
സത്യത്തില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ ഒരു കാരണവശാലും പോലീസ് ഇവരെ അറസ്റ്റ് ചെയ്യുമായിരുന്നില്ല. ഇനി അറസ്റ്റ് ചെയ്താല്‍ തന്നെ മജിസ്ട്രേറ്റ് ഉടന്‍ ജാമ്യത്തില്‍ വിടുമായിരുന്നു. ഹൈക്കോടതി വടിയെടുത്തത് കൊണ്ടാണ് മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തത്. അല്ലെങ്കില്‍ മജിസ്ട്രേട്ട് ഇവരെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് ജാമ്യം കൊടുക്കുകയായിരുന്നു പതിവ്.
ഹൈക്കോടതി ജഡ്ജിയുടെ വീടെവിടെയാണെന്നും ഭാര്യയുടെ വീട് എവിടെയാണെന്നുമുള്ള പ്രസംഗങ്ങള്‍ അടുത്തയാഴ്ച പ്രതീക്ഷിക്കാം. പണ്ടത്തെപ്പോലെ മുദ്രാവാക്യങ്ങള്‍ വിളിച്ച് ഹൈക്കോടതി മാര്‍ച്ച് നടത്താനും സാദ്ധ്യതയുണ്ട്. തീവ്രവാദികള്‍ ഇങ്ങനെയൊക്കെ പ്രസംഗിച്ചാലും നമ്മള്‍ക്ക് അത്ഭുതപ്പെടാന്‍ അവകാശമില്ല. കാരണം കുഴപ്പം പിടിച്ച ഈ രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
നമ്മളുടെ നാട്ടിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ പത്തോ പതിനഞ്ചോ വോട്ടിന് വേണ്ടി ഇവരെ പ്രീണിപ്പിക്കുന്നു. ഇടതുപക്ഷവും വലതു പക്ഷവും അക്കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല. മാധ്യമങ്ങളുടെ കാര്യമാണ് അതിലും കഷ്ടം. ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ല. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം ഇവര്‍ക്കെതിരെ ഒരു വാര്‍ത്തയും കൊടുക്കില്ല. പണ്ട് ഇവര്‍ക്ക് അഹിതകരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ പത്രം ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി. ‘കൈയും വെട്ടും കാലും വെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’ എന്ന് മുദ്രാവാക്യം മുഴക്കി. ജിഹാദികളെക്കാള്‍ എത്രയോ മടങ്ങ് ജനാധിപത്യ വിശ്വാസികളുള്ള സ്ഥലമാണ് കോട്ടയം. എങ്കിലും പത്രാധിപന്മാര്‍ പേടിച്ചു. അതിന് ശേഷം തീവ്രവാദം എന്ന വാക്ക് പോയിട്ട് ‘തീ’ എന്നുപോലും ഈ പത്രം എഴുതാറില്ല.
കഴിഞ്ഞ ദിവസം ഈ പത്രത്തിന്റെ ഒന്നാം പേജില്‍ ഒന്നാമത്തെ വാര്‍ത്ത അറബ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പി കീഴടങ്ങിയതു സംബന്ധിച്ചായിരുന്നു. അതേസമയം നൈജീരിയയില്‍ 50 ക്രിസ്ത്യാനികളെ മുസ്ലീം തീവ്രവാദികള്‍ വെടിവെച്ചു കൊന്നത് ഒറ്റക്കോളത്തില്‍ ചെറിയ വാര്‍ത്ത. ഇതാണ് അവസ്ഥ.
വലിയ വിപ്ലവം പ്രസംഗിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് ഭിത്തിയില്‍ എഴുതി വയ്ക്കും. പക്ഷേ പോപ്പുലര്‍ ഫ്രണ്ട് എന്ന വാക്ക് വായില്‍ നിന്ന് വരില്ല.
ഇതൊരു ക്രമസമാധാന പ്രശ്നമല്ല. അതിനെക്കാള്‍ കൂടുതല്‍ രാഷ്ട്രീയപ്രശ്നവും സാമൂഹ്യപ്രശ്നവുമാണ്.നാള്‍ക്ക് നാള്‍ ഇത്തരം വിധ്വംസക സംഘടനകളുടെ ശക്തിവര്‍ദ്ധിച്ചു വരികയാണ്. അതില്‍ ചേരുന്ന ആളുകള്‍ കൂടുതലാണെന്ന അര്‍ത്ഥത്തിലല്ല. ഇതിന് വേറൊരു വശമുണ്ട്. 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അപ്പോള്‍ തന്നെ മുസ്ലീം ജനസാമാന്യം വല്ലാതെ ചകിതരായി. അവര്‍ക്ക് ഭാവിയെക്കുറിച്ച് വലിയ ആശങ്കയുണ്ടായി. അപ്പോഴും അവര്‍ വിചാരിച്ചു ഒരു ടേം കൊണ്ട് തീര്‍ന്നു പോകുന്ന കാര്യമാണെന്ന്. എന്നാല്‍ 2019ലും അവര്‍ കൂടുതല്‍ ശക്തിയോടെ അധികാരത്തില്‍ വന്നു. മാത്രമല്ല അവരുടെ അജണ്ടയിലുള്ള കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കാന്‍ തുടങ്ങി. രാമക്ഷേത്രനിര്‍മ്മാണം തുടങ്ങി. മുത്തലാഖ് നിരോധിച്ചുവെന്ന് മാത്രമല്ല കുറ്റകരവും ശിക്ഷാര്‍ഹവുമാക്കി. അതിനുപുറമേ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. ഏകീകൃത സിവില്‍കോഡ് കൊണ്ടുവരാന്‍ ആലോചിക്കുന്നു. കാശി, മഥുര തുടങ്ങിയ പള്ളികളുടെ നേര്‍ക്കും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
ഇങ്ങനെയുള്ള പ്രവൃത്തികള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ സാധാരണ മുസ്ലീങ്ങള്‍ക്ക് സ്വാഭാവികമായി അവരുടെ നിലനില്‍പ്പിനെക്കുറിച്ച് കാര്യമായ ഭയമുണ്ടാകും. ആ ഭയമാണ് തീവ്രവാദികളുടെ മൂലധനം. മുസ്ലീംലീഗ് വ്യവസ്ഥാപിതമായ ഒരു രാഷ്ട്രീയപാര്‍ട്ടിയാണ്. അവര്‍ അക്രമത്തിനും കൊള്ളരുതായ്‌മക്കും പോകില്ല. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച്, നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് അത്. ആ പാര്‍ട്ടിക്ക് ഇപ്പോള്‍ മൊത്തത്തില്‍ കഷ്ടകാലമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ അവര്‍ തോറ്റു. 2021ലും തോറ്റു. അധികാരമില്ലാതായി. സ്വാഭാവികമായി അതിന്റെയൊരു ക്ഷീണം അവര്‍ അനുഭവിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ തുടങ്ങി. പോപ്പുര്‍ഫ്രണ്ടില്‍ ചേരുന്നവര്‍ കുറവാണ് പക്ഷേ മാനസിക പിന്തുണ അധികമായി ലഭിക്കുന്നുണ്ട്. അതാണ് ആപത്ക്കരം. തീവ്രവാദ സംഘടനകള്‍ ഇനിയും വളരും. രാജ്യത്ത് അശാന്തിയും അക്രമവും ഉണ്ടാകും.
ഇവര്‍ക്ക് പണം വലിയ തോതില്‍ വിദേശത്ത് നിന്ന് വരുന്നുണ്ട്. ഇന്ത്യയെ തകര്‍ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളുണ്ട്. പിന്നെ സൗദി അറേബ്യയിലും ഖത്തറിലുമുള്ള ചില കോടീശ്വരന്മാര്‍ കൈയയച്ചു സഹായിക്കുന്നുമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ചില മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ സാമ്പത്തിക സഹായമുണ്ട്. ഈ പണമൊക്കെ വ്യവസ്ഥാപിത മാര്‍ഗ്ഗത്തില്‍ കൂടിയല്ല വരുന്നത്. അതാണ് മറ്റൊരു പ്രത്യേകത. കുഴല്‍പ്പണമായി വരുന്നുണ്ട്. കള്ളക്കടത്ത് സ്വര്‍ണമായി വരുന്നുണ്ട്. പോപ്പുലര്‍ഫ്രണ്ടിന് സ്വര്‍ണ ബിസിനസുമായുള്ള ബന്ധം വളരെ പ്രധാനമാണ്.
ജഡ്ജി കാവി കൗപീനം ധരിച്ചിട്ടുണ്ടോ, ചുവന്ന ലങ്കോട്ടി കെട്ടിയിട്ടുണ്ടോ എന്നുള്ളതല്ല, അത് വിളിച്ചു പറയാന്‍ യാതൊരു സങ്കോചവുമില്ലാത്ത സ്ഥിതിയിലേക്ക് ഒരു സംഘടന വളര്‍ന്നുവെന്നതാണ് പ്രധാനം. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം നോക്കുന്നത് വലിയൊരു വിപത്തിന്റെ ചെറിയ ദൃഷ്ടാന്തമാണ്. ജനാധിപത്യ സംവിധാനത്തില്‍ നമ്മുടെ റിപ്പബ്ലിക്കിനും ഭരണഘടനയ്ക്കും വലിയ വെല്ലുവിളി ഉയര്‍ന്നുവന്നിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം