പൊരുൾ
പോക്കുവെയ്‌ലാടകള്‍ വാരി
പുതയ്ക്കുന്നൊരീയുര്‍വ്വിയെ
കാറ്റിന്റെ കൈകളില്‍ തൂങ്ങി
വന്നെത്തും സൗരഭങ്ങളെ
കാര്‍ത്തികനക്ഷത്രം പോലെ
വിടരും പൂങ്കുലകളെ
ഞാനുമീയാതിരപ്പെണ്ണും
ഞാറു നട്ട വയലിനെ
ചിറകില്‍ മഴവില്ലിനെ
ചുമക്കും ശലഭങ്ങളെ
വെറുതെ നൃത്തം വയ്ക്കുന്ന
പച്ചില ത്തലപ്പുകളെ
അന്തിക്കുമാത്രം കപോലം
തുടുക്കുന്ന പ്രതീചിയെ
ഇരവില്‍ പോലുമുറങ്ങാ
തുലാത്തുന്ന കടലിനെ
ഇരുട്ടില്‍ വെള്ളിപൂശുന്ന
നിലാവിന്‍ രാസവിദ്യയെ
കിഴക്കും പടിഞ്ഞാറുമായ്
ഊരുചുറ്റുന്ന സൂര്യനെ
മൃതിയില്‍ ചെന്നസ്തമിക്കാന്‍
തിരക്കു കൂട്ടും മര്‍ത്യനെ
വെറുതെയെന്നറിഞ്ഞിട്ടും
പുലര്‍ത്തുന്നൊരീ ജന്മത്തെ
ഒക്കെയും കണ്ടിട്ടത്ഭുത
സ്തബ്ധമെന്‍ മാരീചജന്മം