മന്ത്രി ബിന്ദുകൃഷ്ണയോഗം ജനറൽ സെക്രട്ടറിയെ കണ്ടാൽ …

സംവരണ സമുദായമുന്നണി രൂപീകരിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടും പിന്നീട് ലീഗ് അധികാരത്തിൽ വന്നതോടെ യോഗത്തെ പൂർണമായും വിസ്മരിച്ചുവെന്നും മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകിയെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചത് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ഇതിനെ പ്രതിരോധിക്കാൻ മുസ്ലിം ലീഗ് കണ്ടെത്തിയ തന്ത്രം വെള്ളാപ്പള്ളി നടേശൻ മുസ്ലിം സമുദായത്തെയാകെ അപമാനിച്ചുവെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുകയായിരുന്നു. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷവും കോൺഗ്രസ്, യൂത്ത്കോൺഗ്രസുകാരും എസ്.എൻ.ഡി.പി യോഗത്തിന്റെ വിനാശം സ്വപ്നം കണ്ടു നടക്കുന്ന ഒരു വിഭാഗവും ഇതേറ്റെടുത്ത് വെള്ളാപ്പള്ളി നടേശനെ വർഗ്ഗീയവാദിയാക്കി ചിത്രീകരിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശൻ വർഗ്ഗീയവാദിയും അദ്ദേഹത്തെക്കാൾ തീവ്ര വർഗ്ഗീയത പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ മതേതരന്മാരായും മാറുന്ന ഇരട്ടത്താപ്പിനാണിപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്.

മന്ത്രിമാരും പൊതുപ്രവർത്തകരും സമുദായ, മത, ആദ്ധ്യാത്മിക നേതാക്കളെ സന്ദർശിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരുടെയോ കളങ്കിത വ്യക്തിത്വങ്ങളുടെയോ സാമീപ്യത്തിൽ നിന്ന് ഇക്കൂട്ടർ അകന്നു നിൽക്കണമെന്നു മാത്രം. കേരളത്തിൽ പുതുതായി അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാർ ആരെയൊക്കെ സന്ദർശിക്കണമെന്നും ആരെയൊക്കെ സന്ദർശിക്കേണ്ടെന്നും തീരുമാനിക്കാൻ സർക്കാരിൽ ആരെയെങ്കിലും ചുമതലപ്പെടുത്തിയതായും അറിവില്ല. എന്നാൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മന്ത്രിമാർ ആരെങ്കിലും സന്ദർശിച്ചാൽ അതൊരു മഹാപരാധമായി ചിത്രീകരിച്ച്, സന്ദർശിക്കുന്നവരെ സമൂഹമദ്ധ്യത്തിൽ തേജോവധം ചെയ്യുകയും വെള്ളാപ്പള്ളിയെ നികൃഷ്ടമായ നിലയിൽ താറടിക്കുകയും ചെയ്യുന്ന അധമസംസ്കാരം കേരളത്തിൽ ഉടലെടുത്തിരിക്കുന്നു. സമൂഹമാധ്യമങ്ങൾക്കൊപ്പം ചില ചാനലുകളും ഇതിനായി ആരിൽ നിന്നോ ക്വട്ടേഷൻ എടുത്തതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. മന്ത്രിയായി ചുമതലയേറ്റ ശേഷം കൊല്ലത്തെ എം.എൽ.എ കൂടിയായ ബിന്ദുകൃഷ്ണ, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചതാണിപ്പോൾ എന്തോ വലിയ അപരാധമായി മാറിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ ഇടതുമുന്നണിയെ വിജയിപ്പിക്കാൻ പരിശ്രമിച്ചെന്നും യു.ഡി.എഫിനെ തോൽപ്പിക്കാൻ പ്രചാരണം നടത്തിയെന്നതുമാണ് അദ്ദേഹത്തിനെതിരായ കുറ്റപത്രത്തിലെ പ്രധാന ആരോപണം. മറ്റൊരാരോപണം കേരളത്തിലെ മുസ്ലിം സമുദായത്തിനെതിരായി വർഗ്ഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നതാണ്. കുറ്റപത്രത്തിലെ ആദ്യത്തെ ആരോപണത്തെക്കാളുപരി രണ്ടാമത്തെ ആരോപണത്തിലൂന്നിയുള്ള വിമർശനങ്ങൾക്ക് കൂടുതൽ മൂർച്ചയും തീവ്രതയുമേറുമ്പോൾ വിവാദകോലാഹലം സൃഷ്ടിക്കുന്നതിനു പിന്നിലെ ശക്തികേന്ദ്രം ആരാണെന്ന് വ്യക്തമാകും. ആ വിഭാഗത്തിനൊപ്പം കോൺഗ്രസിലെയും എസ്.എൻ.ഡി.പിയോഗത്തിലെ കുലംകുത്തികളായഒരു വിഭാഗവും ചേർന്നപ്പോൾ വി.ഡി സതീശൻ സർക്കാരിനെത്തന്നെ ഹൈജാക്ക് ചെയ്യുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ മാത്രം വോട്ട് നേടിയിട്ടാണെന്ന മട്ടിൽ വിജയത്തിന്റെ അട്ടിപ്പേറവകാശം സ്വന്തമാക്കി ഒരു വിഭാഗം പെരുമാറുമ്പോൾ അവരുടെ താളത്തിനൊത്ത് തുള്ളാൻ വിധിക്കപ്പെട്ടവരായി മന്ത്രിസഭയിലെ മന്ത്രിമാർ പോലും മാറുന്നുവെന്ന ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. മന്ത്രി ബിന്ദുകൃഷ്ണ ജനിച്ചതും വളർന്നതും രാഷ്ട്രീയ പ്രവർത്തനം നടത്തിയതും മന്ത്രിയായതും ഈഴവ സമുദായാംഗമായിത്തന്നെയാണ്. ശ്രീനാരായണ ദർശനങ്ങളിൽ വിശ്വാസം അർപ്പിച്ച് ജീവിക്കുന്ന കുടുംബത്തിലെ അംഗമായ അവർക്ക് എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയെ കാണാൻ ആരുടെയും അനുമതി വാങ്ങേണ്ടതില്ല. എന്തിന് പോയെന്ന് ചോദിക്കാൻ ആർക്കാണവകാശം ?
കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനയായ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടരുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം എന്ന മഹാ പ്രസ്ഥാനത്തിന് സംസ്ഥാന രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ വ്യക്തമായ സാന്നിദ്ധ്യവും സ്വാധീനവും സൃഷ്ടിച്ച നേതാവുമാണ് അദ്ദേഹം. ആർ. ശങ്കർ ഉൾപ്പെടെ നിരവധി മഹാരഥന്മാർ സംഘടനയെ നയിച്ചിട്ടുണ്ടെങ്കിലും സമുദായത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുഖംനോക്കാതെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുകയും പോരാടുകയും ചെയ്ത നേതാവാണ് വെള്ളാപ്പള്ളി നടേശൻ എന്നതിന് ആരുടെയും സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഇക്കാരണത്താൽ ധാരാളം ശത്രുക്കളെയും അദ്ദേഹം നേടിയെന്നതിന്റെ ഉത്തമോദാഹരണമാണ് മുസ്ലിം ലീഗ് ഭരണപക്ഷത്തുണ്ടായിരുന്നപ്പോൾ എസ്.എൻ.ഡി.പി യോഗത്തിന് മലപ്പുറം ജില്ലയിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം പോലും അനുവദിച്ചില്ലെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ കോലാഹലം. സംവരണ സമുദായമുന്നണി രൂപീകരിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടും പിന്നീട് ലീഗ് അധികാരത്തിൽ വന്നതോടെ യോഗത്തെ പൂർണമായും വിസ്മരിച്ചുവെന്നും മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകിയെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചത് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ഇതിനെ പ്രതിരോധിക്കാൻ മുസ്ലിം ലീഗ് കണ്ടെത്തിയ തന്ത്രം വെള്ളാപ്പള്ളി നടേശൻ മുസ്ലിം സമുദായത്തെയാകെ അപമാനിച്ചുവെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുകയായിരുന്നു. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷവും കോൺഗ്രസ്, യൂത്ത്കോൺഗ്രസുകാരും എസ്.എൻ.ഡി.പി യോഗത്തിന്റെ വിനാശം സ്വപ്നം കണ്ടു നടക്കുന്ന ഒരു വിഭാഗവും ഇതേറ്റെടുത്ത് വെള്ളാപ്പള്ളി നടേശനെ വർഗ്ഗീയവാദിയാക്കി ചിത്രീകരിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശൻ വർഗ്ഗീയവാദിയും അദ്ദേഹത്തെക്കാൾ തീവ്ര വർഗ്ഗീയത പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ മതേതരന്മാരായും മാറുന്ന ഇരട്ടത്താപ്പിനാണിപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്.

മതേതരരാകാൻ
പാടുപെടുന്ന ലീഗ്

‘എനിക്കും സായിപ്പിനും കൂടി പതിനായിരം ശമ്പളം’ എന്ന് പറയും പോലെ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്ന മുസ്ലിം ലീഗ് അവകാശപ്പെടുന്നത് കേരളത്തിലെ മുസ്ലിം സമുദായാംഗങ്ങൾ ഒന്നടങ്കം വോട്ട് ചെയ്താണ് പുതിയ യു.ഡി.എഫ് സർക്കാരിനെ ഭരണത്തിലേറ്റിയതെന്നാണ്. 102 സീറ്റ് നേടിയ യു.ഡി.എഫിൽ 22 സീറ്റ് മാത്രം നേടിയ ലീഗ് നിയമസഭയിലും പുറത്തും 62 നെക്കാൾ വലുതാണ് 22 എന്ന് വീമ്പിളക്കി യു.ഡി.എഫിനെ വരുതിയിലാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങൾ ഇതിനകം കണ്ടു തുടങ്ങി. 5 മന്ത്രിസ്ഥാനവും പിന്നെ ഹൈക്കമാൻഡിനെപ്പോലും വരുതിയിൽ നിർത്തി വി.ഡി സതീശന് മുഖ്യമന്ത്രിസ്ഥാനവും നേടിക്കൊടുത്ത ലീഗിന് തങ്ങൾ വിചാരിക്കുന്നിടത്ത് കൊണ്ടുപോയി യു.ഡി.എഫ് സർക്കാരിനെ കെട്ടാനറിയാമെന്ന് തെളിയിച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് ലീഗായിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ മുൻകൂട്ടിപ്പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാകുകയാണിപ്പോൾ.
മന്ത്രിസഭ സത്യപ്രതിജ്ഞാ വേളയിൽ പതിവായി ലീഗ് മന്ത്രിമാരണിയുന്ന രോമതൊപ്പി ഒഴിവാക്കിയും അള്ളാഹുവിന്റെ നാമത്തിലെ സത്യപ്രതിജ്ഞ ദൈവനാമത്തിലാക്കിയും മതേതരരാകാൻ ശ്രമിച്ച ലീഗ് മന്ത്രിമാർ നിലവിളക്ക് തെളിയിക്കുന്നതിൽ മതവാദികളായപ്പോൾ നീലനിറത്തിൽ വീണ കുറുക്കന്റെ നീലനിറം മഴയിൽ ഒലിച്ചുപോയതുപോലെയായി. ഫാത്തിമ തഹ്‌ലിയ എന്ന ലീഗിന്റെ വനിത എം.എൽ.എ ഒരു പൊതു ചടങ്ങിൽ നിലവിളക്ക് കൊളുത്തിയപ്പോൾ ലീഗിന്റെ മുഖംമൂടി അഴിഞ്ഞു വീണു. വിദ്യാഭ്യാസ മന്ത്രിഎൻ.ഷംസുദ്ദീനാകട്ടെ, സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൽ തന്ത്രപൂർവം നിലവിളക്ക് കൊളുത്താതെ ഒഴിഞ്ഞുമാറി ‘മതേതരത്വം’ കാത്തു. നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികമെന്നും മുസ്ലിം മന്ത്രിമാർ നിലവിളക്ക് കൊളുത്തുന്നതടക്കം അനിസ്ലാമിക രീതികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും സമസ്തയുടെ ‘ഫത്വ’ പുറത്തുവന്നിട്ടും കേരളത്തിലെ മതേതര ഹാൻഡിലുകളും സാംസ്കാരിക നായകരും വെള്ളാപ്പള്ളി നടേശനെ വർഗ്ഗീയവാദിയാക്കുന്ന തിരക്കിലാണ്.
യു.ഡി.എഫ് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ പോലും സമസ്തയുടെ ഇടപെടൽ പരസ്യമായി തുടങ്ങിക്കഴിഞ്ഞതിന്റെ പ്രതിഫലനമാണ് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമില്ലാത്തതെന്തെന്ന ചോദ്യം. പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ലീഗിന്റെ നിലപാട് വി.ഡി സതീശന് തലവേദനയാകുമെന്നതിൽ തര്‍ക്കമില്ല. ‘മതമാണ്, മതമാണ്, മതമാണ് പ്രശ്നം, അതാണ് നമ്മുടെ ഐഡന്റിറ്റി’ എന്ന് മൈക്ക് വച്ച് പരസ്യമായി പ്രസംഗിച്ച മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി ഇപ്പോൾ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗമാണ്. ‘മുസ്ലിം സമുദായത്തിന് കഴിഞ്ഞ 10 വർഷം നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കാനായില്ലെങ്കിൽ പിന്നെ ഈ പണിക്ക് നിൽക്കരുത്’. മന്ത്രിയാകുന്നതിനു മുമ്പ് ഷാജി നടത്തിയ പ്രസംഗത്തിലെ ഭാഗമാണിത്. ഇങ്ങനെയൊക്കെ പരസ്യമായി പ്രസംഗിച്ച ഷാജി ഇപ്പോൾ മതേതര പട്ടികയിലെ വാഴ്ത്തപ്പെട്ടയാളും തന്റെ സമുദായത്തിന് അർഹതപ്പെട്ടത് മുസ്ലീം ലീഗ് മന്ത്രിമാരിൽ നിന്ന് ലഭിച്ചില്ലെന്ന് തുറന്നു പറഞ്ഞ വെള്ളാപ്പള്ളിനടേശൻ കൊടും വർഗ്ഗീയവാദിയുമാണ്. പേരിലടക്കം ലീഗ് മതേതര പാർട്ടിയല്ലെന്ന നിലപാടിൽ ഉറച്ചുതന്നെ നിൽക്കുകയാണ് വെള്ളാപ്പള്ളിനടേശൻ.

മന്ത്രി ടി. സിദ്ദിഖ്
ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്

ഏതാനും ചില ദൃശ്യമാധ്യമങ്ങളും ചില സമൂഹമാധ്യമങ്ങളുമാണ് എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറിയെയും ബോധപൂർവം താറടിക്കാനും ആക്ഷേപിക്കാനുമായി കുപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്ന കാര്യം യോഗം പ്രവർത്തകർ തിരിച്ചറിഞ്ഞിട്ടുണ്ട്. മന്ത്രി ബിന്ദുകൃഷ്ണ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെ അനാവശ്യ വിവാദമാക്കി മാറ്റിയതിനു പിന്നിൽ ഇക്കൂട്ടരുടെ മാധ്യമധർമ്മത്തിന് നിരക്കാത്ത കുത്സിത താത്പര്യമായിരുന്നു. ട്രീകട്ടർ, മൗദൂദി ചാനലുകളാണ് സ്ഥാപിത താത്പര്യത്തോടെ യോഗത്തിനെതിരായ വാർത്തകൾ പടച്ചുവിടുന്നതിൽ മുൻപന്തിയിലുള്ളതെന്നാണ് യോഗം പ്രവ‌ർത്തകർ പറയുന്നത്.
എസ്.എൻ.ഡി.പി യോഗത്തിന്റെയും ജനറൽ സെക്രട്ടറിയുടെയും മാത്രമല്ല, രാഷ്ട്രീയമായ വിഷയങ്ങളിൽ പോലും ഇരട്ടത്താപ്പും പക്ഷം ചേരലും നടത്തുന്ന ന്യൂനപക്ഷമായ ഇക്കൂട്ടരുടെ ചെയ്തികൾ പൊതുസമൂഹത്തിൽ മുഴുവൻ മാധ്യമങ്ങൾക്കും എതിരായ വികാരം ആളിക്കത്തിക്കാൻ മാത്രമാണുപകരിക്കുന്നത്. നിഷ്പക്ഷവും സത്യസന്ധവുമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് പോലും ചുരുക്കം ചിലരുടെ ചെയ്തികളുടെ പാപഭാരം ഏറ്റുവാങ്ങേണ്ട അവസ്ഥയാണ്. അടുത്തിടെ തിരുവനന്തപുരത്ത് നിയമസഭാ പ്രസ് റൂമിൽ കൃഷി മന്ത്രി ടി.സിദ്ദിഖ് കൃഷിവകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഏതാനും മാധ്യമ പ്രവർത്തകർ ചീപ് പോപ്പുലാരിറ്റിക്ക് വേണ്ടി നടത്തിയ നാടകം സമൂഹത്തിൽ മാധ്യമപ്രവർത്തകരുടെയാകെ വിലയിടിക്കുന്നതായിരുന്നു. കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ പത്രസമ്മേളനത്തിൽ മന്ത്രി ഒപ്പം ഇരുത്തിയതിനെതിരെ ട്രീകട്ടർ ചാനലിന്റെ റിപ്പോർട്ടറുടെ നേതൃത്വത്തിൽ ചുരുക്കം പേരാണ് പ്രതിഷേധിച്ചത്. മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുക്കുന്ന പത്രസമ്മേളനത്തിൽ തങ്ങൾ ഇരിക്കുകയില്ലെന്ന് ഇവർ നിലപാടെടുത്തു. കാര്യം അറിയാതെ പകച്ച മന്ത്രി സിദ്ദിഖ് പ്രതിഷേധിച്ചവരോട് സംസാരിക്കുന്നതിനിടെ ശ്രീറാം എഴുന്നേറ്റ് താൻ പുറത്തു പോകാമെന്ന് മന്ത്രിയോട് പറഞ്ഞ ശേഷം ഇറങ്ങിപ്പോയി. ഒരു മാധ്യമപ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥനോട് പ്രതിഷേധിക്കുന്നതിൽ അസ്വാഭാവികതയില്ലെങ്കിലും മന്ത്രി ടി.സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിനിടെ പ്രതിഷേധിച്ചവരുടേത് ആത്മാർത്ഥതയില്ലാത്ത വെറും ഷോ മാത്രമായിരുന്നുവെന്ന് പിന്നീടാണ് മന്ത്രിക്കും പൊതുസമൂഹത്തിനും മനസ്സിലായത്. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന പി. പ്രസാദിന്റെ വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിരുന്നുവെന്നും അന്ന് ആരും പ്രതിഷേധിച്ചില്ലെന്നും പിന്നീട് പുറത്തുവന്നതോടെയാണ് ചില മാധ്യമപ്രവർത്തകരുടെ ഇരട്ടത്താപ്പും ധാർഷ്ട്യവും പൊതുസമൂഹത്തിന് ബോദ്ധ്യമായത്. ശ്രീറാം വെങ്കട്ടരാമനെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല. കുറ്റാരോപിതൻ മാത്രമാണ്
ഇടത് സർക്കാരിന്റെ കാലത്തെ കൃഷി മന്ത്രിയോട് ചോദിക്കാൻ ധൈര്യമില്ലാതിരുന്നവർക്ക് യു.ഡി.എഫ് മന്ത്രിയായ ടി.സിദ്ദിഖ്നോട് കയർക്കാനും ശ്രീറാം വെങ്കിട്ടരാമനെ ഇറക്കിവിടാൻ പറയാനുമുള്ള ആർജ്ജവം എങ്ങനെയുണ്ടായി എന്നാണുയരുന്ന ചോദ്യം. എന്നാൽ പിന്നീട് ഇക്കാര്യം അറിഞ്ഞ മന്ത്രി സിദ്ദിഖ് ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ചു രംഗത്തെത്തി. ഉദ്യോഗസ്ഥർ വകുപ്പിന്റെ അവിഭാജ്യ ഘടകമാണെന്നും കർഷകരുമായി യോജിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് ഉറപ്പാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം എന്നും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ മുൻ കൃഷി മന്ത്രിയുടെ വാർത്താ സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. ഈ വകുപ്പ് മാറി വേറെ വകുപ്പിൽ പോയാലും ആ വകുപ്പുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ ശ്രീറാമിന് പങ്കെടുക്കേണ്ടി വരും. അത് സ്വാഭാവികമാണെന്നും ടി.സിദ്ദിക്ക് പറഞ്ഞു. ഇനിയുള്ള വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം ഉണ്ടാകുമോ എന്ന് അടുത്ത ദിവസങ്ങളിൽ അറിയാമെന്നും മന്ത്രി പറഞ്ഞു. 

വെള്ളാപ്പള്ളി നടേശനെതിരെ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളിൽ വലിയൊരു പങ്കും കരുതിക്കൂട്ടിയുള്ള അജണ്ടകളുടെ ഭാഗമാണെന്നതിൽ സംശയമില്ല. പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി നടേശനെ ക്രൂശിക്കാൻ ഇറങ്ങുന്നവരിൽ പലരും ഒരുകാലത്ത് അദ്ദേഹത്തിന്റെ ആശ്രിതരായി നടന്ന് എല്ലാവിധ ആനുകൂല്യങ്ങളും നേടിയെടുത്ത് തുടർന്നും കിട്ടാതെ വന്നതിന്റെ മോഹഭംഗവുമായി നടക്കുന്നവരാണ്. ഹിന്ദു ഐക്യത്തിനായി നിരന്തരം പ്രവർത്തിച്ച വെള്ളാപ്പള്ളി നടേശൻ “നായാടി മുതൽ നസ്രാണി വരെ” എന്ന ആശയം ഉയർത്തിപ്പിടിച്ചതോടെ അദ്ദേഹത്തിനെതിരായുള്ള ആക്രമണം കടുപ്പിക്കുന്നതിനു പിന്നിൽ ആരെന്നും ലക്ഷ്യം എന്തെന്നും വ്യക്തമാണ്. ഒരു ദിവസം പെട്ടെന്ന് ഓട് പൊളിച്ച് നേതൃത്വത്തിലെത്തിയ ആളല്ല, എസ്.എൻ.ഡി.പി യോഗാംഗങ്ങളുടെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ യോഗം ജനറൽ സെക്രട്ടറിയായ നേതാവാണ്. വിവാദങ്ങളുടെ കൊടുങ്കാറ്റ് വീശുന്ന ഈ കാലത്തും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആയിരക്കണക്കിന് പ്രവർത്തകരും വിശ്വാസികളുമാണ് അദ്ദേഹത്തിന്റെ യഥാർത്ഥ ശക്തി.

മുഖ്യമന്ത്രി വി .ഡി. സതീശനും മന്ത്രിമാരും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറോടൊപ്പം

വി.എം സുധീരന്റെ ‘ധീരത’
കേരള രാഷ്ട്രീയത്തിലെ ജനപ്രിയ രാഷ്ട്രീയ നേതാവെന്നും സംശുദ്ധ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനെന്നും അറിയപ്പെടുന്ന വി.എം സുധീരൻ പുതിയ സർക്കാർ അധികാരമേറ്റയുടൻ വെള്ളാപ്പള്ളി നടേശനെതിരെയാണ് പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റായിരുന്ന കെ.കെ മഹേശന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണിപ്പോൾ സുധീരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതേ പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ലെന്നും സുധീരൻ പറയുന്നുണ്ട്.
നല്ല കാര്യം, അന്വേഷണം നടക്കുന്നെങ്കിൽ നടക്കട്ടെ. കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ വെള്ളാപ്പള്ളി നടേശൻ ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും, സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിച്ചാലും അതിനെ സ്വാഗതം ചെയ്യുമെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ കോടതി വിധികൾ വരുന്നതിന് മുമ്പേ കോടതി ചമഞ്ഞ് വിധി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത്. അഴിമതി നിഴലിൽ നിൽക്കുന്നവർ പോലും “സംരക്ഷണസമിതി”യുടെ മുഖാവരണം അണിഞ്ഞ് രംഗത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ 5 വർഷം ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവുമായിരുന്ന വി.ഡി സതീശൻ, പിണറായി സർക്കാരിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും പരാതികളും ഉന്നയിച്ചിരുന്നു. അതൊക്കെ ഒന്നന്വേഷിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന് കത്ത് കൊടുക്കുമോ എന്ന് പലരും ഉറ്റുനോക്കുന്നുണ്ട്. സുധീരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ മദ്യനയത്തെ നഖശിഖാന്തം എതിർക്കുകയും ഉമ്മൻചാണ്ടിയെ വരച്ചവരയിൽ നിർത്തി മദ്യഷാപ്പുകൾ പൂട്ടിച്ചപ്പോൾ തകർന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ നിലനിൽപ്പ് തന്നെയായിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിന് തുടർഭരണം ലഭിക്കാതെ പോയ കാരണങ്ങളിലൊന്ന് അന്നത്തെ വികലമായ മദ്യനയമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം കോൺഗ്രസുകാർക്കെങ്കിലും അറിവുണ്ടാകാം. എന്നാൽ തുടർന്ന് വന്ന പിണറായി സർക്കാർ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കിയപ്പോൾ മദ്യത്തിനെതിരായ പോരാട്ടം മതിയാക്കി 10 വർഷവും മൗനിയായിരുന്നാണ് സുധീരൻ ആദർശ ധീരത പ്രകടിപ്പിച്ചത്. പരിധിവിട്ട് കേരളത്തിൽ വ്യാപകമായനുവദിച്ച മദ്യശാലകൾ ഇപ്പോഴും പ്രവർത്തിക്കുകയാണ്. ഇതൊക്കെ പൂട്ടാൻ പറഞ്ഞില്ലെങ്കിലും കുറയ്ക്കാനെങ്കിലും വി.ഡി സതീശനോട് സുധീരൻ ആവശ്യപ്പെടുമോ ?
കരിമണൽ മാഫിയക്കെതിരെ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ സുധീരൻ കരിമണൽ രാജാവ് ശശിധരൻ കർത്തായുടെ മാസപ്പടി ഡയറിയിൽ പേരുള്ള കോൺഗ്രസ് നേതാക്കളെക്കുറിച്ച് കൂടി അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടുമോ? വിവാദമായതും കോടിക്കണക്കിന് അയ്യപ്പഭക്തരുടെ മനസുകളിൽ കനൽകോരി നിറച്ച ശബരിമല സ്വർണക്കൊള്ളയിൽ സി.ബിഐ അന്വേഷണം ആവശ്യപ്പെടാൻ സുധീരൻ തയ്യാറാകുമോ ?. സുധീരൻ കൂടി കക്ഷിചേർന്ന ലാവ് ലിൻ കേസിൽ ശക്തമായ നിയമപ്പോരാട്ടത്തിന് തയ്യാറാകുമോ അതോ വെള്ളാപ്പള്ളി നടേശനെ മാത്രം ടാർഗറ്റ് ചെയ്തു കൊണ്ടുള്ള പോരാട്ടമായി ചുരുങ്ങുമോ എന്നുമാണ് ഏവരും ഉറ്റുനോക്കുന്നത്.

Author

Scroll to top
Close
Browse Categories