ഭരണമാറ്റവും കാലത്തിന്റെ ചുവരെഴുത്തും
ജയവും തോല്‍വിയും എപ്പോഴുമുണ്ടാകും. ഏതെങ്കിലും സംഘടനയേയോ, സമുദായത്തേയോ സമുദായ നേതാവിനെയോ കുറ്റപ്പെടുത്തിയതുകൊണ്ട് പ്രശ്നം തീരില്ല. തല്‍ക്കാലത്തേക്ക് പറഞ്ഞു നില്‍ക്കാമെന്ന് മാത്രമേയുള്ളു. ഉദാഹരണത്തിന് എന്‍.എസ്.എസ്. വ്യക്തമായ നിലപാട് സ്വീകരിച്ചില്ല. സമദൂരം എന്നൊക്കെ പറഞ്ഞെങ്കിലും അവര്‍ കോണ്‍ഗ്രസ്സിന് വേണ്ടി ശക്തമായി രംഗത്തിറങ്ങിയില്ല. സുകുമാരന്‍ നായര്‍ രംഗത്തിറങ്ങാതിരുന്നിട്ടും നായര്‍ വോട്ടുകള്‍ പോയത് എല്‍ഡിഎഫിലേക്കല്ല. ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കുമാണ്. വോട്ടിന്റെ പാറ്റേണ്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും. ബിഷപ്പുമാര്‍ പ്രത്യേകിച്ച് ഇടയലേഖനമൊന്നും പ്രസിദ്ധീകരിച്ചില്ലെങ്കിലും ക്രിസ്ത്യന്‍ വോട്ടുകള്‍ പൂര്‍ണമായിട്ടും കോണ്‍ഗ്രസിലേക്കു തന്നെ പോയി.

കേരള രാഷ്ട്രീയത്തില്‍ കേവലമായ ഒരു ഭരണമാറ്റമല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്നത്. അതിനേക്കാളു പരി ഒരു രാഷ്ട്രീയ മാറ്റത്തിന്റെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശയക്കുഴപ്പത്തിന്റെയും കാലമാണ്.
കോണ്‍ഗ്രസ്സുകാര്‍ പോലും പ്രതീക്ഷിക്കാത്ത വിജയമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായത്. പലതരത്തിലുള്ള കൊള്ളലും കൊടുക്കലും വേലവയ്ക്കലും കാല് വാരലും കുതികാല്‍ വെട്ടലുമൊക്കെ നടന്നുവെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ ഏറെക്കുറെ ഒറ്റക്കെട്ടായി ജാതിമതഭേദമന്യേ കോണ്‍ഗ്രസിനെ സഹായിച്ചു.
കോണ്‍ഗ്രസുകാര്‍ അര്‍ഹിച്ചതിനേക്കാള്‍ വലിയ തോതിലുള്ള വിജയമാണ് ഉണ്ടായത്. അത് കോണ്‍ഗ്രസിന്റെ ശക്തി കൊണ്ട് മാത്രം ഉണ്ടായതല്ല. ഘടകകക്ഷികളുടെ പിന്തുണകൊണ്ട് സംഭവിച്ചതുമല്ല. മുസ്ലീംലീഗിന് മലബാര്‍ ഭാഗത്ത് വലിയ വിജയമുണ്ടായത് പ്രധാനമായും അവരുടെ സ്വന്തം ശക്തികൊണ്ടും ശേഷം മുസ്ലീം ജനസാമാന്യത്തിന്റെ പരിപൂര്‍ണ പിന്തുണ കൊണ്ടുമാണ്.
ഭരണവിരുദ്ധ വികാരം രൂക്ഷം
മുസ്ലീം, ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധിച്ചാല്‍ നമുക്കറിയാം ജാതിമതഭേദമന്യേ എല്ലാവിഭാഗം ആളുകളുടെ ഇടയിലും ഭരണവിരുദ്ധ വികാരമുണ്ടായി. യു.ഡി.എഫ് അനുകൂല വികാരവും വലിയൊരു അളവ് വരെയുണ്ടായി.
മുസ്ലീം സമുദായ അംഗങ്ങള്‍ക്കിടയിലാണ് ഏറ്റവും രൂക്ഷമായ രീതിയില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായത്. അതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും എണ്ണിപ്പറയാന്‍ പറ്റും. അമ്പലപ്പുഴയും തൃക്കരിപ്പൂരും ദൃഷ്ടാന്തമാണ്.അമ്പലപ്പുഴയില്‍ നല്ലൊരു ഭാഗം മുസ്ലീം വോട്ടര്‍മാരും അവരുടെ വോട്ട് മുസ്ലീമായ സലാമിനല്ല, മുസ്ലീംലീഗും കോണ്‍ഗ്രസും പിന്തുണച്ച ജി. സുധാകരനാണ് നല്‍കിയത്. മാര്‍ക്‌സിസ്റ്റ് കോട്ടയെന്ന് പറയാവുന്ന തൃക്കരിപ്പൂരില്‍ മുസ്ലീംങ്ങളുടെ വോട്ട് മൊത്തമായി സന്ദീപ് വാര്യര്‍ക്കാണ് കിട്ടിയത്. ജന്മം കൊണ്ട് മുസ്ലീമായ വി.പി.പി മുസ്തഫ പരാജയപ്പെട്ടു. ക്രിസ്ത്യന്‍ വോട്ടര്‍മാരും ഏറെക്കുറെ ഇതേ രീതിയില്‍ വോട്ടുചെയ്തതു കൊണ്ടാണ് ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് സമ്പൂര്‍ണമായി പരാജയപ്പെട്ടത്.

പി.ജെ. ജോസഫിന്റെ പാര്‍ട്ടി, സത്യം പറഞ്ഞാല്‍ തൊടുപുഴയിലും അല്പാല്പം കടുത്തുരുത്തിയിലുമല്ലാതെ സംസ്ഥാനത്ത് ഒരിടത്തുമില്ല. എന്നിട്ടും അവര്‍ നിറുത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഒരാളൊഴികെ എല്ലാവരും വിജയിച്ചു. ഫലം കണ്ട് ജോസഫ് ഗ്രൂപ്പുകാര്‍ പോലും ഞെട്ടിപ്പോയി. കുട്ടനാട്ടിലും ഇരിങ്ങാലക്കുടയിലുമൊക്കെ വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമേ അവര്‍ക്കുള്ളു. എന്നിട്ടും ജയിച്ചു. അതുപോലെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും ജയിച്ചു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു ദിശയിലേക്കാണ്. ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ ബഹു ഭൂരിപക്ഷവും മുസ്ലീം വോട്ടര്‍മാര്‍ സമ്പൂര്‍ണ്ണമായും യു.ഡി.എഫിനെ പിന്തുണച്ചു.
അതേ സമയം നയവൈകല്യം കൊണ്ടാണ് സി.പി.എം. പല സീറ്റിലും തോറ്റത്. പയ്യന്നൂരും തളിപ്പറമ്പുമൊക്കെ ഉദാഹരണം. എല്‍.ഡി.എഫിന് കുറഞ്ഞവോട്ടുകള്‍ ചില സ്ഥലങ്ങളിലെങ്കിലും ബിജെപിയിലേക്ക് പോയെന്നതാണ് മറ്റൊരു പ്രത്യേകത. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങള്‍ ഉദാഹരണം. അവിടെ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൂടുകയല്ല ചെയ്തത്. സിപിഎമ്മിന് കുറഞ്ഞ വോട്ടുകള്‍ ബിജെപിക്കാണ് കിട്ടിയത്. എന്നാല്‍ ബിജെപിക്ക് ജയിക്കാന്‍ ഈ വോട്ടു പോര. എല്‍ഡി.എഫില്‍ നിന്ന് ബിജെപിയിലേക്ക് പോയ വോട്ടുകള്‍ യുഡിഎഫിന്റെ വിജയത്തില്‍ കലാശിക്കുകയായിരുന്നു.
ഭരണത്തോടുള്ള വിപ്രതിപത്തി
സമുദായികം എന്നതിനേക്കാള്‍ കൂടുതലായി ഭരണത്തോടുള്ള വിപ്രതിപത്തിയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. 10 കൊല്ലം ഭരിച്ച സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് സ്വാഭാവികമായി വിപ്രതിപത്തി ഉണ്ടാകും. ഭരണവിരുദ്ധ വികാരമുണ്ടാകും. അതിലുപരിയായി നവകേരള സദസ്, ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത കുടിശികയായത് ഇങ്ങനെ ഒരുപാട് ഘടകങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. ലോക കേരള സഭ പോലുള്ള കെട്ടുകാഴ്ചകള്‍ ആളുകള്‍ക്കുള്ള എതിര്‍പ്പിന് കാരണമായി. പിന്നെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഫലപ്രദമായി നടപടി സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ച. അതില്‍ പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ക്കുണ്ടായിരുന്ന പങ്കാളിത്തം. തോല്‍ക്കാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു.
തോല്‍വി ഒരു യാഥാര്‍ത്ഥ്യമാണ്. എന്തുകൊണ്ട് തോറ്റുവെന്ന് ഇടതുപാര്‍ട്ടികള്‍ വിലയിരുത്തും. എങ്ങനെ ജയിച്ചുവെന്ന് യുഡിഎഫും വിലയിരുത്തണം. ജയവും തോല്‍വിയുമൊക്കെ സ്വാഭാവികമായ കാര്യങ്ങളാണ്. എല്‍ഡിഎഫ് തകര്‍ന്നെന്നും ഇനി അവര്‍ക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും പറയുന്നതില്‍ കഥയില്ല.അഴിമതി, കെടുകാര്യസ്ഥത, ഭയാനകമായ സമുദായ പ്രീണനം ഇതൊക്കെ കോണ്‍ഗ്രസുകാരുടെ ഭരണത്തില്‍ പതിവുള്ള കാര്യങ്ങളാണ്. ഇപ്പോള്‍ തോറ്റ ഇടതുപക്ഷക്കാരെ തന്നെ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ചുവന്ന പരവതാനി വിരിച്ച് തിരിച്ചുകൊണ്ടുവരാനുള്ള സാദ്ധ്യതയുണ്ട്.

ബിജെപിയുടെ വളര്‍ച്ചയും
എല്‍. ഡി. എഫും
അതേ സമയം എല്‍ഡിഎഫുകാര്‍ മറക്കാന്‍ പാടില്ലാത്ത കാര്യം ബിജെപിയുടെ വളര്‍ച്ചയാണ്. അത് കേവലം ചാത്തന്നൂരും കഴക്കൂട്ടത്തും നേമത്തും മാത്രം ഒതുങ്ങുന്നതല്ല. പൊതുവേ ബിജെപി ശക്തി പ്രാപിക്കുകയാണ്. തിരുവല്ലയില്‍ ഇടതുസ്ഥാനാര്‍ത്ഥി മാത്യു ടി. തോമസിന് കുറഞ്ഞ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്കാണ് പോയത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിക്ക് ഏതാണ്ട് രണ്ടായിരം വോട്ടേ കൂടിയുള്ളു. പക്ഷേ മാത്യു ടി. തോമസിന്റെ വോട്ട് വല്ലാതെ കുറയുകയും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. പൊതുവേ സത്യസന്ധന്‍ എന്ന പ്രതിച്ഛായ ഉള്ളയാളാണ് മാത്യു ടി. തോമസ്. അങ്ങനെയൊരാള്‍ക്കാണ് ഈ ദുര്‍വിധിയുണ്ടായത്. അത് നല്‍കുന്ന ഒരു സന്ദേശമുണ്ട്. കേരളത്തിലെ ഒരുമാതിരി മണ്ഡലങ്ങളിലൊക്കെ ബിജെപി ശക്തി പ്രാപിച്ചു.പത്ത് മുപ്പത് മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ മണ്ഡലങ്ങളിലൊക്കെ അവര്‍ ആഗ്രഹിച്ച റിസല്‍ട്ട് ഉണ്ടാക്കി. ജയിച്ചതിന് പുറമെ ഇനി ജയിക്കാവുന്ന സീറ്റുകളും അവര്‍ കണ്ടുവെച്ചിട്ടുണ്ട്. പാലായില്‍ ഷോണ്‍ ജോര്‍ജ്ജ് നല്ല വോട്ട് പിടിച്ചു. ജോസ് കെ മാണി പറയുന്നത് സിപിഎമ്മിന്റെ വോട്ട് ക്രോസ് വോട്ടിംഗിലൂടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് പോയെന്നാണ്. എന്നാല്‍ സിപിഎം വോട്ട് പോയത് മാണി സി കാപ്പനല്ല. ഷോണ്‍ ജോര്‍ജ്ജിനാണ്.
ഈയൊരു ട്രെന്‍ഡ് വളരെ പ്രധാനമാണ്. ഹിന്ദുവോട്ടര്‍മാര്‍ താരതമ്യേന അസംതൃപ്തരും അസ്വസ്ഥരുമാണ്. ആ വോട്ടുകളാണ് നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരും ബിജെപിയെ ജയിപ്പിച്ചത്. മറ്റു പല സ്ഥലങ്ങളിലും എല്‍ഡിഎഫിനെ തോല്‍പ്പിച്ചത് ഈയൊരു സംഗതിയാണ്.
നായര്‍ വോട്ടുകള്‍ ബിജെപിക്കും
കോണ്‍ഗ്രസിനും
ജയവും തോല്‍വിയും എപ്പോഴുമുണ്ടാകും. ഏതെങ്കിലും സംഘടനയേയോ, സമുദായത്തേയോ സമുദായ നേതാവിനെയോ കുറ്റപ്പെടുത്തിയതുകൊണ്ട് പ്രശ്നം തീരില്ല. തല്‍ക്കാലത്തേക്ക് പറഞ്ഞു നില്‍ക്കാമെന്ന് മാത്രമേയുള്ളു. ഉദാഹരണത്തിന് എന്‍.എസ്.എസ്. വ്യക്തമായ നിലപാട് സ്വീകരിച്ചില്ല. സമദൂരം എന്നൊക്കെ പറഞ്ഞെങ്കിലും അവര്‍ കോണ്‍ഗ്രസ്സിന് വേണ്ടി ശക്തമായി രംഗത്തിറങ്ങിയില്ല. സുകുമാരന്‍ നായര്‍ രംഗത്തിറങ്ങാതിരുന്നിട്ടും നായര്‍ വോട്ടുകള്‍ പോയത് എല്‍ഡിഎഫിലേക്കല്ല. ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കുമാണ്. വോട്ടിന്റെ പാറ്റേണ്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും. ബിഷപ്പുമാര്‍ പ്രത്യേകിച്ച് ഇടയലേഖനമൊന്നും പ്രസിദ്ധീകരിച്ചില്ലെങ്കിലും ക്രിസ്ത്യന്‍ വോട്ടുകള്‍ പൂര്‍ണമായിട്ടും കോണ്‍ഗ്രസിലേക്കു തന്നെ പോയി.
പിന്നെ സിപിഎം എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നു ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ അനാരോഗ്യവും പ്രായാധിക്യവും, അദ്ദേഹത്തിന് സ്വാഭാവികമായി ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍, മാസപ്പടി കേസ് ഇങ്ങനെയൊക്കെയുള്ള ഘടകങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. സ്വര്‍ണക്കൊള്ള, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇങ്ങനെയൊക്കെയുള്ള വിഷയങ്ങള്‍ അവിടെ കിടക്കുന്നുണ്ട്.
ഡീല്‍ എന്ന തമാശ
ഇടതുപക്ഷത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടായി എന്നത് സത്യമാണ്. അത് അംഗീകരിക്കാതെ മറ്റു പല സ്ഥലങ്ങളില്‍ പരാജയത്തിന്റെ ഭാരം കുത്തിച്ചാരുന്നതില്‍ അര്‍ത്ഥമില്ല. 30 സ്ഥലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഡീല്‍ എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ കളിയാക്കി ചിരിക്കും. ബിജെപിക്ക് വോട്ടു ചെയ്യുമായിരുന്ന കുറെ ആളുകള്‍ ഒരു മാറ്റത്തിന് വേണ്ടി കോണ്‍ഗ്രസിന് വോട്ടു ചെയ്യുകയാണ്.അത് സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രമാണ്. അത് ഡീലാണെന്ന് പറയാനാവില്ല. കഴിഞ്ഞ തവണ സിപിഎമ്മിന് വോട്ടു ചെയ്ത ആളുകള്‍ ഇത്തവണ സിപിഎമ്മിന് വോട്ടു ചെയ്‌തോ എന്ന ചോദ്യമുണ്ട്. ആ വോട്ടുകള്‍ എന്തുകൊണ്ട് കിട്ടിയില്ല കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കളമശ്ശേരി, തിരുവല്ല, പാലാ തുടങ്ങിയ മണ്ഡലങ്ങളില്‍ വോട്ട് എങ്ങനെ കുറഞ്ഞു? ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ പ്രതികളായിരുന്നിട്ടു പോലും അവരുടെ പേരില്‍ അച്ചടക്ക നടപടി എടുത്ത് മുഖം രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചില്ല. ജയിലില്‍ കിടക്കുമ്പോഴും പത്മകുമാര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി മെമ്പറായിരുന്നു. തിരഞ്ഞെടുപ്പു ഫലം വന്ന് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
പലസ്തീന്‍ ഐക്യദാര്‍ഢ്യ
റാലിയും തുണച്ചില്ല
വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാന്‍ മറന്ന് പോയതാണ് തിരിച്ചടിക്ക് ഒരു കാരണമെന്നാണ് സിപിഎം പറയുന്നത്. എന്തുകൊണ്ട് അന്ന് തള്ളിപ്പറയാന്‍ തയ്യാറാവാതിരുന്നത് എന്ന ചോദ്യം കിടക്കുകയാണ്. അദ്ദേഹത്തിന്റെ ഏതെങ്കിലും പ്രസ്താവന ഉചിതമായില്ലെന്ന് തോന്നിയെങ്കില്‍ പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്ന് പറയാമായിരുന്നു. അന്നു പറഞ്ഞില്ല.
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയപ്പോഴും പൗരത്വ നിയമഭേദഗതിക്ക് എതിരായി ഘോരംഘോരമായ പ്രസംഗങ്ങള്‍ നടത്തിയപ്പോഴും ഞായറാഴ്ച വന്ന പെരുന്നാളിന് തിങ്കളാഴ്ചയും അവധി കൊടുത്തപ്പോഴും ചില തലേക്കെട്ടുകാരും താടിക്കാരും സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടറെ മാറ്റിയപ്പോഴും ന്യൂനപക്ഷ സമുദായക്കാര്‍ നമ്മുടെ കൂടാരത്തിലേക്ക് വരും, ഈ വോട്ടൊക്കെ നമുക്ക് കിട്ടുമെന്നായിരുന്നു ഇടതുപക്ഷം വിചാരിച്ചത്. അത് അങ്ങനെയല്ലെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19 സീറ്റിലും തോറ്റു. ന്യൂനപക്ഷ മേഖലകളിലാണ് വലിയ തിരിച്ചടി ഉണ്ടായത്.
എളമരം കരീം കോഴിക്കോട് മത്സരിച്ചപ്പോള്‍ മുസ്ലീം സമുദായത്തില്‍ നിന്നും ഒരു വോട്ടും കിട്ടിയില്ല. അവരൊക്കെ കൃത്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന് വോട്ടു ചെയ്തു. ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ജനങ്ങളുടെയിടയില്‍ ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാണ് എല്‍ഡിഎഫിന്റെ വോട്ടില്‍ കുറവുണ്ടായതും ബിജെപി നേതാവ് എം.ടി. രമേശിന്റെ വോട്ട് കൂടിയതും. അതേ പാറ്റേണ്‍ തന്നെയാണ് കോഴിക്കോട് സൗത്തിലും നോര്‍ത്തിലും ഇപ്പോള്‍ കാണുന്നത്.
സി.പി.എം. നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുന്നില്ലെന്ന് മാത്രമല്ല ഭൂരിപക്ഷ സമുദായക്കാരുടെ വോട്ടില്‍ ചോര്‍ച്ചയുണ്ടാകുകയും ചെയ്തുവെന്നതാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് സംഭവിച്ചു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ഒരുസൂത്രപ്പണിയാണ് ഇപ്പോള്‍ ചെയ്യുന്നത്.
വെള്ളാപ്പള്ളി നടേശനെ പ്രതിരോധിക്കുന്നതില്‍ വീഴ്ച വന്നതു കൊണ്ടാണ് ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാതെ പോയതെന്നാണ് കണ്ടെത്തല്‍. അതല്ല പ്രശ്‌നം.
പരാജയത്തിന്റെ ഉത്തരവാദിത്വം
ചാരുമ്പോള്‍
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ചില മാദ്ധ്യമ പ്രവര്‍ത്തകരും മറ്റുചില ദോഷൈകദൃക്കുകളും പരാജയത്തിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്വം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തെ കാറില്‍ കയറ്റാന്‍ ധൈര്യം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയനുമാണ് എന്ന് പരിഹാസമായി ചൂണ്ടിക്കാട്ടി. ശബരിമല അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി വേദി പങ്കിട്ടതും അദ്ദേഹത്തെ കാറില്‍ കയറ്റിയതുമായ സംഭവമുണ്ടായത്. ശബരിമല വിഷയത്തില്‍ ആദിമദ്ധ്യാന്തം ഇടതുപക്ഷം പ്രസ്ഥാനത്തിന് പിന്തുണ കൊടുത്ത ഒരു സമുദായ സംഘടനയുണ്ടെങ്കില്‍ അത് എസ്.എന്‍.ഡി.പി യോഗമാണ്. അതുപോലെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. യുവതി പ്രവേശത്തെ സംബന്ധിച്ചിടത്തോളം എസ്.എന്‍.ഡി.പി യോഗത്തിന് വിപരീത അഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും നവോത്ഥാന മുന്നണിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനിതാ മതിലിലും സഹകരിച്ചു. പിന്നീട് ആഗോള അയ്യപ്പ സംഗമം നടത്തിയപ്പോള്‍ അതുമായും സഹകരിച്ചു. മിക്കവാറും എല്ലാ വിഷയങ്ങളിലും സര്‍ക്കാരുമായി സമരസപ്പെട്ടു പോകുന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അതിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു.
മതേതരത്വം
ശ്രീനാരായണീയരുടെ മാത്രം ബാദ്ധ്യത
നിരവധി സമുദായ സംഘടനകളും മതമേലദ്ധ്യക്ഷന്മാരും കാലാകാലങ്ങളില്‍ പിണറായി സര്‍ക്കാരില്‍ നിന്ന് വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. ക്രൈസ്തവ, മുസ്ലീം ജനവിഭാഗങ്ങളെ സന്തോഷിപ്പിക്കാന്‍ ഓരോ തവണയും മുഖ്യമന്ത്രി ഇഫ്താര്‍ വിരുന്നും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചപ്പോള്‍ അതിലൊന്നും ആര്‍ക്കും ഒരു സങ്കടവും തോന്നിയില്ല വി.എസ്. അച്യുതാനന്ദന്റെ കാലത്ത് പാലൊളി കമ്മറ്റി ഉണ്ടാക്കിയപ്പോഴോ പിണറായി വിജയന്‍ ജസ്റ്റിസ് കോശി കമ്മീഷന്‍ രൂപീകരിച്ചപ്പോഴോ അത് സമുദായ പ്രീണനമാണെന്ന് ആര്‍ക്കും തോന്നിയില്ല. പക്ഷേ വെള്ളാപ്പള്ളി നടേശന്‍ ഇവിടെ ഈഴവരാദി പിന്നാക്ക സമുദായങ്ങള്‍ക്ക് ചില അവശതകളുണ്ടെന്നും ഇടതുപക്ഷവും വലതുപക്ഷവും ഭരിക്കുമ്പോള്‍ അത് പരിഗണിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നും പറഞ്ഞപ്പോള്‍ വലിയ പ്രതിഷേധമായി.
വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് കൊണ്ടാണ് ഇടതുപക്ഷത്തിന് പരാജയമുണ്ടായതെന്നാണ് മതേതരവാദികള്‍ ഏകസ്വരത്തില്‍ ആലപിച്ചു കൊണ്ടിരിക്കുന്നത്. അവര്‍ മനസ്സിലാക്കാത്ത ഒരു കാര്യം എസ്.എന്‍.ഡി.പി യോഗമെന്നത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ വാലായിട്ടോ തലയായിട്ടോ പ്രവര്‍ത്തിക്കുന്ന അല്ലെങ്കില്‍ അങ്ങനെ പ്രവര്‍ത്തിക്കേണ്ട സംഘടനയല്ല. യോഗം ജനറല്‍ സെക്രട്ടറിക്കും ശക്തമായ നിലപാടുകളുണ്ട്. സമയാ സമയങ്ങളില്‍ യോഗം ജനറല്‍ സെക്രട്ടറി അത് പറയുകയും ചെയ്യും. സമുദായത്തിന്റെ താല്പര്യം സംരക്ഷിക്കുകയെന്നതാണ് ജനറല്‍ സെക്രട്ടറിയുടെ പരമമായ ലക്ഷ്യം. പലപ്പോഴും പലരോടും അദ്ദേഹത്തിന് കലഹിക്കേണ്ടതായി വന്നിട്ടുണ്ട്. അതൊക്കെ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടിയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുമാണ്.
അന്യസമുദായ നേതാക്കള്‍ മാത്രമല്ല ആരാധ്യനായ ശിവഗിരിമഠം മേധാവി ശ്രീനാരായണധര്‍മ്മസംഘം പ്രസിഡന്റായിരിക്കുന്ന സച്ചിദാനന്ദ സ്വാമികള്‍ വരെ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്യുന്ന കാഴ്ച നമ്മള്‍ കണ്ടു. ഇതുപോലുള്ള നേതാക്കന്മാരും സന്യാസിമാരുമൊക്കെയാണ് സത്യത്തില്‍ യോഗത്തെ വളരെക്കാലം അന്ധകാരത്തിലേക്കും വലിയ വലിയ പരാജയങ്ങളിലേക്കും നയിച്ചത്. മതേതരത്വവും ജനാധിപത്യവും സര്‍വമത സമഭാവനയുമൊക്കെ ശ്രീനാരായണീയര്‍ക്ക് മാത്രം മതി. മറ്റെല്ലാവരും ജാതി അടിസ്ഥാനത്തില്‍ മത അടിസ്ഥാനത്തില്‍ വില പേശുകയും പിടിച്ചുവാങ്ങുകയും ചെയ്യുന്നു. അതിനെതിരെ പ്രതികരിക്കുന്നവര്‍ വര്‍ഗീയവാദികളാവുന്നു. മറ്റുള്ളവര്‍ ചെയ്യുന്നത് അവകാശ സംരക്ഷണം. വെള്ളാപ്പള്ളി നടേശന്‍ ചോദിക്കുന്നത് വര്‍ഗീയ വാദം.
എം.വി. ഗോവിന്ദന്‍
ആത്മപരിശോധന നടത്തണം
വലതുപക്ഷ പാര്‍ട്ടികളും മതമൗലികവാദികളും വര്‍ഗീയ കോമരങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നവരുമൊക്കെ ഈ രീതിയില്‍ പ്രചരണം നടത്തുന്നത് മനസ്സിലാക്കാം. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ശക്തമായ പിന്തുണ സ്വീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം തന്നെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയുന്നത് മാന്യതയല്ല. ഇത് പറയുന്ന എം.വി. ഗോവിന്ദന്‍ ആത്മപരിശോധന നടത്തണം. പിണറായി വിജയനും പിന്നീട് കോടിയേരി ബാലകൃഷ്ണനും വഹിച്ചിരുന്ന പദവിയോട് അദ്ദേഹത്തിന് എന്തുമാത്രം നീതി പുലര്‍ത്താന്‍ കഴിഞ്ഞു. ഇദ്ദേഹത്തിന്റെ പ്രസ്താവനകളും പത്രസമ്മേളനങ്ങളും കണ്ട് ചിരിക്കാത്ത കോണ്‍ഗ്രസുകാരും ബിജെപിക്കാരും ലീഗുകാരും അല്ല സിപിഎംകാര്‍ തന്നെ എത്ര കുറവാണെന്ന് അന്വേഷിക്കുന്നതും ഈ വിഷയത്തില്‍ ഒരു ആത്മപരിശോധന നടത്തുന്നതും ഏതു നിലയ്ക്കും നന്നായിരിക്കും.
ഭൂരിപക്ഷ സമുദായക്കാരെ പറ്റിക്കാനാവില്ല
ന്യൂനപക്ഷ വോട്ടിലുണ്ടായ ചോര്‍ച്ച ഭൂരിപക്ഷ വോട്ടുകൊണ്ട് പരിഹരിക്കാമെന്നായിരുന്നു സഖാക്കളുടെ വ്യാമോഹം. അതു ചെലവായില്ല. ന്യൂനപക്ഷ വോട്ടുകള്‍ പോകുകയും ചെയ്തു; ഭൂരിപക്ഷ വോട്ടുകള്‍ കൈയിലുണ്ടായിരുന്നത് കൂടി ബിജെപിയിലേക്കും പോയി.
ഭൂരിപക്ഷ സമുദായക്കാരെ പറ്റിക്കാനാവില്ല. അവര്‍ക്കും ബുദ്ധി ഉദിച്ചു. അവരും കാര്യങ്ങള്‍ പഠിച്ചു. അതുകൊണ്ടാണല്ലോ ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാര്‍ വിജയിച്ചത്. കോണ്‍ഗ്രസും സിപിഐയും മാറിമാറി ജയിച്ചിരുന്ന മണ്ഡലമാണ്. ഇപ്പോള്‍ സി.പി.ഐ.യുടെ വോട്ട് കുറഞ്ഞു. കുറഞ്ഞ അത്രയും വോട്ട് ബിജെപിയിലേക്കാണ് പോയത് . ഈയൊരു പ്രതിഭാസത്തെ പഠിച്ച് അത് വിശകലനം ചെയ്യുന്നതിന് പകരം സമുദായ നേതാക്കന്മാരെ തള്ളിപ്പറഞ്ഞ് കൊണ്ട് പ്രശ്‌നം തീരുകയില്ല.

പി.എം. ശ്രീ ‘ഹറാമില്ല ഹറാമാണ്’
മഹാത്മാഗാന്ധിയുടെ സെനറ്റിലേക്ക് ബിജെപിക്കാരേയും സംഘപരിവാര്‍ അനുയായികളേയും ഗവര്‍ണര്‍ കൂട്ടംകൂട്ടമായി നോമിനേറ്റ് ചെയ്തിട്ടും ആര്‍ക്കും വലിയ ആക്ഷേപമില്ല. സത്യത്തില്‍ കേരളം ഭരിക്കുന്നത് ഗവര്‍ണറാണോ മുഖ്യമന്ത്രിയാണോയെന്ന് നമുക്ക് സംശയം തോന്നും. ഒന്നാന്തരം സംഘപരിവാറുകാരനെ എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിച്ചു. മൂന്ന് വൈസ്ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ്. മേധാവി മോഹന്‍ഭാഗവതിന്റെ പ്രസംഗം ആദ്യാവസാനം സശ്രദ്ധം ശ്രവിക്കുന്നതും കാണാന്‍ കഴിഞ്ഞു. പി.എം.ശ്രീ പദ്ധതി നടപ്പാക്കുമെന്നാണ് മുസ്ലീംലീഗുകാരനായ വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീനും പവന്‍മാറ്റ് മതേതരനായ മുഖ്യമന്ത്രി വി.ഡി. സതീശനും പറയുന്നത്. അത് നടപ്പാക്കിയാലല്ലേ കാശ് കിട്ടു എന്നാണ് അവരുടെ ന്യായം.
വി. ശിവന്‍കുട്ടി പി.എം.ശ്രീ പദ്ധതി നടപ്പാക്കാന്‍ പോയപ്പോള്‍ വലിയ വായില്‍ നിലവിളിച്ചവരാണവര്‍. ഇപ്പോള്‍ ആര്‍ക്കും ഒരു പരാതിയുമില്ല. രാജ്യത്ത് 27 സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കി. കേരളത്തില്‍ മാത്രം നടപ്പാക്കില്ല എന്ന് പറയുന്നതില്‍ വല്ല ന്യായമുണ്ടോ? വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോള്‍ പറയുന്നത് അതിന് അത്ര വലിയ കുഴപ്പമില്ലെന്നാണ്. സി.എച്ച്. മുഹമ്മദ്കോയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഹറാമില്ല ഹറാമാണ്’.
മന്ത്രി ബിന്ദു കൃഷ്ണ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് വലിയ തെറ്റായിപോയെന്ന് ലീഗുകാര്‍ക്ക് അഭിപ്രായമില്ല. പക്ഷേ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കും അവരുടെ ചാനലായ മീഡിയാവണ്ണിനും തീരെ സഹിക്കാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശനെ തുഷാര്‍ വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ പോയി കണ്ടു. അതേ ദിവസം രമേശ് ചെന്നിത്തല തുഷാറിന്റെ ഭാര്യവീട്ടില്‍ ചെന്ന് തുഷാറിനെയും കണ്ടു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സത്യപ്രതിജ്ഞക്കു മുമ്പായി ജി. സുധാകരന്‍ കണിച്ചുകുളങ്ങരയില്‍ ചെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറിയെ പൊന്നാട അണിയിച്ചു .ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായില്ല. ഏറ്റവും ഒടുവില്‍ കേരളാ കോണ്‍ഗ്രസുകാരനായ മന്ത്രി മോന്‍സ് ജോസഫും കണിച്ചുകുളങ്ങര സന്ദര്‍ശിച്ച് ജനറല്‍ സെക്രട്ടറിയുടെ അനുഗ്രഹം വാങ്ങി. അധികം വൈകാതെ കുഞ്ഞാലിക്കുട്ടിയും ബഷീറും ഷംസുദ്ദീനും ഗഫൂറുമൊക്കെ അതേ പാത പിന്തുടരും. വരും വരാതിരിക്കില്ല.

ഗവര്‍ണറുടെ നിലപാടില്‍
ആക്ഷേപമില്ലാതെ
തിരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും എന്നതിനേക്കാളേറെ മൊത്തത്തിലുള്ള രാഷ്ട്രീയ കാലാവസ്ഥക്ക് ഒരു മാറ്റം വന്നിരിക്കുന്നു. അത് ഗുണത്തിനായിരിക്കുമോ ദോഷത്തിനായിരിക്കുമോയെന്ന് ഈ ഘട്ടത്തില്‍ പ്രവചിക്കാനാവില്ല.
ബിജെപി ജയിച്ച മൂന്നു സീറ്റുകളല്ല പ്രധാനം. ഈ മൂന്നു പേരുടെ സാന്നിദ്ധ്യം നിയമസഭയിലുണ്ടാകുമെന്നതാണ്. പിന്നെ ഒരു സാക്ഷാല്‍ ആര്‍.എസ്.എസ്. കാരന്‍ ആദ്യമായികേരളത്തില്‍ ഗവര്‍ണറായി വന്നിരിക്കുന്നു. അതൊരു വ്യത്യാസമാണ്.
വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുസ്ലീംമത വിശ്വാസിയായ ബിജെപിക്കാര്‍ സിക്കന്ദര്‍ഭക്ത് കേരളത്തിൽ ഗവര്‍ണരായിരുന്നു. നരേന്ദ്രമോദിയുടെ ആദ്യത്തെ ടേമില്‍ മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവം കേരള ഗവര്‍ണറായി. അന്നൊക്കെ മതേതര വിശ്വാസികള്‍ ആക്ഷേപവും കുത്തുവാക്കും പറഞ്ഞിരുന്നു. പിന്നീട് ആരിഫ് മുഹമ്മദ്ഖാന്‍ വന്നപ്പോഴാണ് പി. സദാശിവം എത്ര മര്യാദക്കാരനും അന്തസ്സുള്ളവനുമായിരുന്നുവെന്ന് മനസ്സിലായത്. ആരിഫ്ഖാന്‍ പോയി ആര്‍ലേക്കര്‍ വന്നപ്പോള്‍ അവര്‍ വിചാരിച്ചു ഇനി പ്രശ്നമില്ലെന്ന്. അപ്പോഴാണ് അദ്ദേഹം രാജ്ഭവനില്‍ വരുന്നവര്‍ ഭാരതാംബയുടെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും വന്ദേമാതരം ആലപിക്കണം. ആര്‍ക്കും ഒരു ആക്ഷേപവുമില്ല. മാര്‍ക്സിസ്റ്റുകാര്‍ക്ക് ചെറിയ മന:പ്രയാസമുണ്ടായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് അതുപോലുമില്ല. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന് കാള്‍മാര്‍ക്‌സ് പറഞ്ഞത് എത്ര സത്യം.






