അധികാര ഗര്‍വ്വിഷ്ഠതയുടെ അന്ത്യകൂദാശ

ഇടിമിന്നലേറ്റ പോലെ പരാജയം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ സമയത്തു മാത്രം എല്ലാവരെയും കേള്‍ക്കാം എന്നു പറയുന്നതില്‍ അസ്വാഭാവികത ഉണ്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ കേള്‍ക്കണം. മാവോ മുതല്‍ ഗ്രാംഷി വരെയുള്ള മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ പറഞ്ഞത് അതാണ്. ജനങ്ങള്‍ പറഞ്ഞതു കേട്ടാല്‍ സിംഹാസനങ്ങളില്‍ തുരുമ്പ് പിടിക്കില്ല. അതാണ് തെരഞ്ഞെടുപ്പ് പാഠം.

ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം. എന്തുകൊണ്ട് തോറ്റു? അതിന്റെ ഉത്തരം അധികാര ഗര്‍വ്വിഷ്ഠമായ ഒരു കാലത്തെ ജനങ്ങള്‍ വെറുത്തു എന്നതാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയും അഴിമതിയും അതിന് ആക്കം കൂട്ടി. തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രനാണ് അഹങ്കാരത്തിന് കൈയ്യും കാലും വെച്ച് തലസ്ഥാന നഗരിയില്‍ ഇറങ്ങി നടന്നത്. ആര്യ രാജേന്ദ്രന്‍ എത്രമാത്രം വെറുപ്പ് വാരിക്കൂട്ടി എന്ന് ചോദിച്ചാല്‍ അതിനുത്തരം കിട്ടാന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നോക്കിയാല്‍ മതി. ആര്യരാജേന്ദ്രനെതിരെ പോസ്റ്റിട്ടാല്‍ നിമിഷം നേരം കൊണ്ട് ആയിരങ്ങള്‍ അതു കാണും. അത് ലൈക്ക് ചെയ്യും. ഷെയര്‍ ചെയ്യും. ആര്യ രാജേന്ദ്രന്‍ ഒരു പതിപ്പ് മാത്രം. സി.പി.എംന്റെ ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാസെക്രട്ടറി തുടങ്ങിയ നേതാക്കളും സാധാരണക്കാര്‍ ഫോണ്‍ ചെയ്താല്‍ എടുക്കാത്തവരാണ്. എല്ലാ മന്ത്രിമാരും ധിക്കാരികളായിരുന്നു. ഒറ്റവാക്കില്‍ സി.പി.എം. തോറ്റത് എന്തുകൊണ്ട് എന്നതിന്റെ ഉത്തരം അധികാര ഗര്‍വ്വ് എന്നാണ്. തെരഞ്ഞെടുപ്പില്‍ തോറ്റ് പുറത്ത് പോയതിനു ശേഷം ഇപ്പോഴും വെറുപ്പിന്റെ പെരുക്കം മാറിയിട്ടില്ല.

ഗൃഹസന്ദര്‍ശനത്തിന്
മനുഷ്യവിഭവ ശേഷിയില്ല
നിയമസഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് സി.പി.എംന്റെ സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നു. പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നു പോകുമ്പോള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ മുന്‍പ് പാര്‍ട്ടിക്ക് കഴിയുമായിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം കഴിഞ്ഞപ്പോള്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത സമീപനം പാര്‍ട്ടിയുടെ വിശ്വാസി കുടുംബങ്ങളില്‍ എതിര്‍പ്പുണ്ടാക്കിയതു കൊണ്ടാണ് തോറ്റതെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടി പ്രശ്‌നപരിഹാരത്തിനായി ഗൃഹസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു. അത് നൂറുശതമാനം വിജയിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. അങ്ങിനെ പാര്‍ട്ടി ബന്ധുക്കളെ ഒപ്പം നിറുത്താനും വിജയത്തിലേക്ക് തിരിച്ചു വരാനും കഴിഞ്ഞു. എന്നാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും സി.പി.എം. നന്നായി തോറ്റു. അതിന് പരിഹാരമായി ഗൃഹസന്ദര്‍ശനം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. അത് പൊളിഞ്ഞു പാളീസായി.
തെരഞ്ഞെടുപ്പ് റിസല്‍ട്ട് വരുന്നതിന് തലേ ദിവസം അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് വി. വിശ്വനാഥമേനോന്റെ അനുസ്മരണ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തു. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഹാളിലായിരുന്നു സമ്മേളനം. സമ്മേളനം കഴിഞ്ഞതിനു ശേഷം ചില സഖാക്കള്‍ എന്നോട് പറഞ്ഞു ഇവിടെ നിരവധി വീടുകളില്‍ ഒരു സഖാവും കയറിയിട്ടില്ല എന്ന്. അദ്ദേഹവും ചില സഖാക്കളും കൂടി ചില വീടുകളില്‍ ചെന്നപ്പോഴാണ് വിവരം മനസ്സിലാക്കിയത്. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരകം തൃക്കാക്കര നിയോജക മണ്ഡലത്തിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് മനസ്സിലായി. എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഉമതോമസ് അവിടെ ജയിച്ചത്. അമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം.

ഇത് സാക്ഷ്യപ്പെടുന്നതാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കേരളത്തിലെ മുഴുവന്‍ വീടുകളിലും എത്തിച്ചേരണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. പക്ഷെ 30 ശതമാനത്തില്‍ താഴെ വീടുകളിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയത്. സംസ്ഥാന കമ്മറ്റിയുടെ തീരുമാനം നടപ്പിലാക്കാൻ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമുഖത കാണിച്ചു. അതിന്റെ അര്‍ത്ഥം സി.പി.എംന് മനുഷ്യവിഭവശേഷി കുറഞ്ഞു വരുന്നു എന്നതാണ്. ഇതിന്റെ പ്രതിഫലനം മറ്റിടങ്ങളിലും കാണാം.
ഒരു പ്രദേശത്തെ ഏതെങ്കിലും കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന ആളുകളെ പരിശോധിച്ചാല്‍ അതില്‍ സി.പി.എം അംഗങ്ങളുടെയും അനുഭാവികളുടെയും എണ്ണം കുറഞ്ഞു വരുന്നു എന്ന് കാണാം. ഇതാണ് യഥാര്‍ത്ഥത്തില്‍ സി.പി.എം.നെ ഞെട്ടിക്കുന്നത്. സംസ്ഥാന കമ്മറ്റിയുടെ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന് പാര്‍ട്ടിയുടെ സംഘടനാശേഷി ദുര്‍ബലപ്പെട്ടു വരുന്നു എന്നതാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ പല പോരായ്മകളും പല ഘട്ടത്തിലും പരിഹരിക്കപ്പെട്ടിരുന്നത് സംഘടനാബലം കൊണ്ടായിരുന്നു. ആ സംഘടനാ ബലം പാര്‍ട്ടിയുടെ ഒരു ആത്മവിശ്വാസമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ആ ആത്മവിശ്വാസം പാര്‍ട്ടിക്ക് നഷ്ടമായി. പയ്യന്നൂരില്‍ പാര്‍ട്ടി തോറ്റു. എന്തുകൊണ്ട്? പാര്‍ട്ടി ഫണ്ട് തിരിമറി ചെയ്ത മധുസൂദനനെ സംരക്ഷിക്കാന്‍ ജില്ലാ കമ്മറ്റി തയ്യാറായി. കണക്ക് സഹിതം കള്ളനെ കൈ ചൂണ്ടിയപ്പോള്‍ പാര്‍ട്ടി അഴിമതിക്കാരന് ഒപ്പമാണെന്ന് അനുഭാവികള്‍ തിരിച്ചറിഞ്ഞു. അവര്‍ പത്തല് വെട്ടി പാര്‍ട്ടിയെ തല്ലി. പാര്‍ട്ടി തോറ്റു. തളിപ്പറമ്പില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ മത്സരിച്ചു. തിരുത്താന്‍ സഖാക്കള്‍ ശ്രമിച്ചു. പക്ഷെ പാര്‍ട്ടി ജനങ്ങളെ തിരിച്ചറിഞ്ഞില്ല. അവിടെയും അവര്‍ പാര്‍ട്ടിക്ക് അടി കൊടുത്തു. അമ്പലപ്പുഴയില്‍ പാര്‍ട്ടിയെ ജനങ്ങള്‍ നിറുത്തിപ്പൊരിച്ചു. ഇതുകൊണ്ടൊന്നും പാര്‍ട്ടി ഒന്നും മനസ്സിലാക്കിയില്ല. കാരണം, ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരുചുക്കുമറിയില്ല എന്നാണ് ഒരിക്കല്‍ പിണറായി വിജയന്‍ പറഞ്ഞത്.

കാൾ മാർക്സ്

നേതൃത്വമാറ്റം ഉണ്ടാവുമോ?
തെരഞ്ഞെടുപ്പ് അവലോകന വേളയില്‍ പല ലോക്കല്‍ കമ്മറ്റികളും ഏരിയ കമ്മറ്റികളും ജില്ലാ കമ്മറ്റികളും നേതൃത്വത്തിനെതിരെ വിമര്‍ശനം നടത്തി. കഴിഞ്ഞ പത്തുവര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെയും പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി സെക്രട്ടറിയായ എം.വി. ഗോവിന്ദന്‍ മാസ്റ്ററെയും പലരും വിമര്‍ശിച്ചു. ഒരു കമ്മറ്റിയില്‍ ഒരാളായിരിക്കും വിമര്‍ശിക്കുക. അതു പക്ഷെ പത്രങ്ങള്‍ എല്ലാവരുടെയും വിമര്‍ശനമായി അവതരിപ്പിക്കും. അതുവഴി പത്രങ്ങള്‍ പ്രചരിപ്പിച്ചത് എം.വി. ഗോവിന്ദനെയും പിണറായി വിജയനെയും നേതൃത്വ സ്ഥാനത്തു നിന്ന് മാറ്റുമെന്നായിരുന്നു. സി.പി.എംല്‍ അത് പതിവ് രീതിയല്ല. പാര്‍ട്ടി നേതൃത്വം മാറുന്നത് സമ്മേളനങ്ങളില്‍ വെച്ചാണ്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുക. ഇത് ഉള്ളില്‍ വെച്ചു കൊണ്ടാവും ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ‘എന്നെയും പിണറായി വിജയനെയും മാറ്റിക്കളയാം എന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്’. മേഖല റിപ്പോര്‍ട്ടിംഗിലാണ് അത് അദ്ദേഹം പ്രസ്താവിച്ചത്.
തന്നെ മാറ്റും, പിണറായിയെ മാറ്റും, സെക്രട്ടേറിയറ്റ് പുന:സംഘടിപ്പിക്കും, സംസ്ഥാന കമ്മറ്റി തന്നെ അഴിച്ചു പണിയും എന്നത് ചിലരുടെ ആഗ്രഹവും പ്രചാരണവുമാണ്. അതൊന്നും നടക്കാന്‍ പോകുന്നില്ല. എല്ലാവരെയും മാറ്റിയിട്ട് പുറത്തുള്ളവരെ വെക്കണോ? ആ ചോദ്യം ഓരോ നേതൃത്വ സഖാവിനോടും ഉള്ള ചോദ്യമാണ്. ആരും മാറുന്നില്ല. ആരെയും മാറ്റുന്നുമില്ല. പക്ഷെ തിരിച്ചുവരണമെങ്കില്‍ കഠിനമായി അദ്ധ്വാനിക്കേണ്ടതുണ്ട്. പഴയതു പോലെ ഇനി തിരിച്ചുവരവ് സാധ്യമല്ല. കാരണം പാര്‍ട്ടിയുടെ വോട്ട് ബി.ജെ.പി.ക്ക് ചെല്ലാന്‍ തുടങ്ങിയിരിക്കുന്നു. ബി.ജെ.പി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും 2021ല്‍ പാര്‍ട്ടിക്ക് ലഭിച്ച ആയിരക്കണക്കിന് വോട്ട് ബിജെപി നേടി. നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. എന്നാല്‍ യു.ഡി.എഫിന്റെ വോട്ടു മാത്രമല്ല ബി.ജെ.പി. നേടിയത്. ബി.ജെ.പി അവിടെ സി.പി.എം.ന്റെ വോട്ടും പിടിച്ചു. മലമ്പുഴയിലും ആറ്റിങ്ങലിലും സി.പി.എം. ജയിച്ചെങ്കിലും രണ്ടാമത് വന്നത് ബി.ജെ.പി.യാണ്. മലമ്പുഴയിലും ആറ്റിങ്ങലിലും ബി.ജെ.പി, സി.പി.എമ്മിന്റെ വോട്ടു പിടിച്ചു. വര്‍ക്കലയില്‍ കമ്യൂണിസ്റ്റ് നേതാവിന്റെ മകളും ഏരിയാ കമ്മറ്റി അംഗവും ആയ സഖാവ് ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥിയായി. അത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ബി.ജെ.പി തൊട്ടു പുറകിലുണ്ടെന്നാണ്. ബി.ജെ.പി.യോടുള്ള സഖാക്കളുടെ അറപ്പ് മാറി. അവര്‍ സി.പി.എം നേതൃത്വം ധിക്കാരം കാട്ടിയാല്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യും. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഭയപ്പെടുത്തി നേതാക്കളെ പുറത്താക്കിയിരുന്നു. കെ.ആര്‍. ഗൗരിയമ്മയെയും എം.വി. രാഘവനെയും പുറത്താക്കുമ്പോള്‍ വിളിച്ച മുദ്രാവാക്യം ‘പൊന്നു കായ്ക്കും മരമായാലും പുരയ്ക്ക് മീതെ വന്നെന്നാല്‍ വെട്ടി മാറ്റും കട്ടായം’ എന്നായിരുന്നു. അത് പഴയ കഥ. ഇപ്പോള്‍ സഖാക്കള്‍ നേരം വെളുക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണ്. ‘പോകല്ലെ, പോകല്ലെ’ എന്ന് വിളിച്ചാല്‍പ്പോലും രക്ഷയില്ലാത്ത അവസ്ഥ. ഇതിനെയാണ് സംഘടനാപരമായ നിസഹായാവസ്ഥ എന്ന് പറയുന്നത്. ഇതൊരു തിരിച്ചറിവാണ്. പാര്‍ട്ടി സഖാക്കളുടെ മേല്‍ കുതിര കയറാനുള്ള അധികാരം നേതാക്കളില്‍ നിന്ന് അണികള്‍ തിരിച്ചു പിടിക്കുന്നു. വിനയത്തോടും മര്യാദയോടും കൂടി സഖാക്കളോട് പെരുമാറിയില്ലെങ്കില്‍ അവര്‍ നേതാക്കളെ ‘ക്ഷ’ വരപ്പിക്കും. വീട്ടില്‍പ്പോയി ചോദിക്കെന്നു പറഞ്ഞാല്‍ വീട്ടിലിരുത്തും.

പിണറായി വിജയൻ
എം.വി ഗോവിന്ദൻ

തലമുറകള്‍ മാറുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും. പഴയ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയുടെ ഗുഡ്‌വില്‍ അംബാസിഡേഴ്‌സ് ആയിരുന്നു. അവര്‍ ദുരിതമനുഭവിച്ചും പട്ടിണികിടന്നും പാര്‍ട്ടിയെ വളര്‍ത്തി. ആ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കലഹിച്ചാല്‍ അവര്‍ക്ക് വിരോധമുണ്ടായിരുന്നില്ല, കാരണം, അവര്‍ക്ക് അതിനുള്ള അവകാശമുണ്ടായിരുന്നു. അത്രമാത്രം ഹൃദയബന്ധം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സഖാവിനെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് പാര്‍ട്ടിയില്‍ ആ സമവാക്യം ഇല്ല. പാര്‍ട്ടി സഖാക്കള്‍ തമ്മിലുള്ള ബന്ധം സംശയത്തിന്റെ ബന്ധമാണ്. ഒരു സഖാവിനെ തന്റെ എതിരാളിയായിട്ടാണ് സഖാക്കള്‍ കാണുന്നത്. എറണാകുളം ജില്ലയില്‍ ഒരു നേതാവ് മറ്റൊരു നേതാവിനെ വെട്ടി. മേയറായിരുന്ന അനില്‍കുമാറിന് മത്സരിക്കാന്‍ ഇടം കിട്ടാതെ പോയത് അനില്‍കുമാര്‍ തന്നെക്കാള്‍ വലിയ നേതാവ് ആകണ്ട എന്ന മേല്‍കമ്മറ്റി നേതാവിന്റെ ആഗ്രഹം കൊണ്ടാണ്. പാര്‍ട്ടിക്കകത്തുള്ള ബന്ധം ഴാങ്‌പോള്‍ സാര്‍ത്ര് പറഞ്ഞതു പോലുള്ളതാണ്. ‘ദി അദര്‍ ഈസ് ഹെല്‍’. അപരന്‍ നരകമാണ്. സി.പി.എം. നേതാക്കള്‍ ഇങ്ങനെ മാറിയത് കൊണ്ടാണ് പാര്‍ട്ടി തോല്‍വിയില്‍ നിന്ന് തോല്‍വിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു നേതാവിന്റെ ലക്ഷ്യം എന്താണ്? അത് വിപ്ലവം അല്ല എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പിന്നെ എന്താണ് അത്. പാര്‍ലമെന്ററി സ്ഥാനങ്ങള്‍. പഞ്ചായത്തു മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ്, എം.എല്‍.എ., എം.പി. മന്ത്രി, മുഖ്യമന്ത്രി. ഈ സ്ഥാനമാനങ്ങള്‍ സ്വപ്‌നം കണ്ട് കഴിയുന്ന ഒരു നേതാവ് പാര്‍ട്ടിയില്‍ അതിന് വേണ്ടി പരമാവധി കരുക്കള്‍ നീക്കും. പരാജയപ്പെട്ടാല്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അലയും. അതാണ് കൂറുമാറ്റങ്ങളുടെ നീണ്ട കഥ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇനി അത് തുടര്‍ക്കഥയാവും. കാരണം, ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളവര്‍ അധികാര രുചി അറിഞ്ഞവരാണ്. അവര്‍ക്ക് വേണ്ടത് അധികാരം മാത്രമാണ്.

മാര്‍ക്‌സിസം അറിയാവുന്നവര്‍
പാര്‍ട്ടിയില്‍ ഇല്ല

ഒരു കാലത്ത് ഭൂമുഖത്ത് മൂന്നില്‍ രണ്ടിടങ്ങളില്‍ മാര്‍ക്‌സിസ്റ്റ് ഭരണം ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊരിടത്തുമില്ല. കാരണം മാര്‍ക്‌സിസം ഉദയം ചെയ്തത് വ്യവസായ വിപ്ലവത്തിന്റെ അനന്തരഫലം എന്ന നിലയിലായിരുന്നു. വ്യവസായവത്കരണം സൃഷ്ടിച്ച അസമത്വവും അനീതിയും ഇല്ലാതാക്കാനുള്ള ആഗ്രഹത്തിന്റെ ദര്‍ശനമായിരുന്നു മാര്‍ക്‌സിസം. അതിനൊരു സാര്‍വദേശീയ സ്വഭാവം ഉണ്ടായിരുന്നു. കമ്യൂണിസം സ്വയം ജിയോപൊളിറ്റിക്കല്‍ ആണെന്ന് പ്രഖ്യാപിച്ചു. പുതിയ ആകാശവും ഭൂമിയും അത് സ്വപ്‌നം കണ്ടു. മാര്‍ക്‌സിസത്തെ ഒരു ശരാശരി മനുഷ്യന് സ്വീകാര്യമാക്കുന്നത് അതിന്റെ മാനവിക പരികല്പനയാണ്. മനുഷ്യനെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും ഉള്ള ഏറ്റവും രസകരമായ സങ്കല്പം. ദുരിതക്കടലില്‍ നിന്ന് അദ്ധ്വാനിക്കുന്നവന് മുക്തി നേടാനുള്ള മാര്‍ഗം. സാര്‍വലൗകിക നീതിബോധവും ധാര്‍മ്മികതയും മാര്‍ക്‌സിസം വാഗ്ദാനം ചെയ്യുന്നു. ഏകാധിപത്യത്തിനും സേച്ഛാധിപത്യത്തിനും എതിരെ ചെറുത്തുനില്പിന്റെ രാഷ്ട്രീയം അതിനുണ്ട്. എല്ലാ വരട്ടുവാദങ്ങളെയും ഈ നിര്‍ണയ വാദങ്ങളെയും അത് പുറന്തള്ളുന്നു. ഇതാണ് മാര്‍ക്‌സിസത്തിന്റെ സര്‍ഗാത്മകത. അതിനെ പൂര്‍ണമായി കുഴിച്ചുമൂടിയവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. ഒരു പ്രത്യയശാസ്ത്രത്തെ ഉപജീവന ഉപാധിയാക്കി മാറ്റിയാല്‍ എന്ത് സംഭവിക്കും എന്നതിന് ഉദാഹരണമാണ് ഇപ്പോഴത്തെ പാര്‍ട്ടി. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് ചിന്ത പ്രതിസന്ധി നേരിടുകയാണ്. അധികാരത്തിനും ധനാര്‍ജ്ജനത്തിനും വേണ്ടി മാത്രം പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന, അതിനുവേണ്ടി അതിരില്ലാത്ത അനീതി ചെയ്യുന്നവരുടെ കൈകളില്‍ പാര്‍ട്ടി അമര്‍ന്നു പോയി.

ടി.കെ ഗോവിന്ദന്‍ വി. കുഞ്ഞികൃഷ്ണന്‍

വേറിട്ട എന്തുണ്ട്
കൈയില്‍

സി.പി.എംനെ കേരളത്തില്‍ വ്യത്യസ്തമായ ഒരു പാര്‍ട്ടിയായി നിലനിര്‍ത്തിയിരുന്നത് അതിന്റെ പ്രത്യയശാസ്ത്ര നിഷ്ഠയും ധാര്‍മ്മികതയും മതേതര മൂല്യ സങ്കല്പവും ആയിരുന്നു. ഇതെല്ലാം ഇന്ന് പാര്‍ട്ടിക്ക് നഷ്ടമായിക്കഴിഞ്ഞു. മാര്‍ക്‌സിസത്തിന് പല സാമൂഹ്യ ലക്ഷ്യങ്ങളും ഉണ്ട്. അവയില്‍ ഏറ്റവും പ്രധാനം സമ്പത്തിന്റെ സമത്വപൂര്‍ണമായ വിതരണമാണ്. തൊഴില്‍ ഇടങ്ങളില്‍ കൂടുതല്‍ ജനാധിപത്യം, സാമ്പത്തിക ചൂഷണത്തിന്റെ അന്ത്യം. വര്‍ഗസമൂഹങ്ങളുടെ ഉന്മൂലനം. അതുകൂടാതെ പുതിയ കാലം ഭൂമിയുടെ ആവാസ വ്യവസ്ഥ സംരക്ഷണവും സ്ത്രീകളുടെ തുല്യനീതി അല്ലെങ്കില്‍ ലിംഗ നീതി നടപ്പിലാക്കലും പ്രധാന കാര്യമാണ്. ഇതിനൊന്നുമുള്ള കാഴ്ചപ്പാടുകള്‍ ഇന്ന് സി.പി.എംല്‍ ഇല്ല. മാര്‍ക്‌സിസത്തിന്റെ മൂലതത്വങ്ങളെ മുറുകെ പിടിച്ചിരുന്നെങ്കില്‍ സി.പി.എം. ഇത്രമാത്രം ബ്യൂറോക്രാറ്റിക് ആയി മാറില്ലായിരുന്നു.
ഒരിക്കല്‍ ‘സ്‌പെക്‌റ്റേഴ്‌സ് ഓഫ് മാര്‍ക്‌സ്’ എഴുതിയ ഴാക് ദരിദ പറഞ്ഞു മാര്‍ക്‌സിന്റെ ഒരിക്കലും നിഷേധിക്കാനാവാത്ത സ്പിരിറ്റ് സ്വയം വിമര്‍ശനമാണ്. സ്വയം വിമര്‍ശനം എന്നത് രക്ഷയുടെയും വിമോചനത്തിന്റെയും വാഗ്ദാനമാണ്. എല്ലാത്തരം വരട്ടുവാദങ്ങളില്‍ നിന്നും ഒരാള്‍ക്ക് രക്ഷ നേടാനുള്ള വഴിയാണ് അത്. ജീര്‍ണ്ണതകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധി. പക്ഷെ സി.പി.എം. അതിനെ തമസ്‌കരിച്ചു. പാര്‍ട്ടി കമ്മറ്റികളില്‍ തുറന്ന ചര്‍ച്ച നിരോധിച്ചു. മുകളില്‍ നിന്ന് താഴേക്ക് വരുന്ന പാര്‍ട്ടി സര്‍ക്കുലറുകള്‍ അനുസരിക്കാന്‍ മാത്രമാണ് ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റി, ഏരിയ കമ്മറ്റി തുടങ്ങിയ പാര്‍ട്ടി ഘടകങ്ങള്‍ക്ക് അവകാശമുള്ളു. ഭിന്ന അഭിപ്രായങ്ങള്‍ പറയാന്‍ സഖാക്കള്‍ക്ക് കഴിയില്ല. അവര്‍ ഭയത്തിന്റെ ഇരുളിലാണ്.
ഇതെല്ലാം പുറത്തു വന്നതു കൊണ്ടാണ് പാര്‍ട്ടി പരസ്യമായി സഖാക്കളോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ ആവശ്യപ്പെട്ടത്. അതിനെ സഹായിക്കാന്‍ പുതിയ ഒരു വാട്‌സ്ആപ്പ് സംവിധാനം ഉണ്ടാക്കി. പെട്ടെന്ന് തന്നെ അത് വൈറല്‍ ആയി. പതിനായിരങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അത്തരം നടപടികള്‍ നല്ലതാണ്. പക്ഷെ അവ കാര്യക്ഷമമായും സത്യസന്ധമായും ഉപയോഗിക്കണം. അല്ലാതെ ഇടിമിന്നലേറ്റ പോലെ പരാജയം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ സമയത്തു മാത്രം എല്ലാവരെയും കേള്‍ക്കാം എന്നു പറയുന്നതില്‍ അസ്വാഭാവികത ഉണ്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ കേള്‍ക്കണം. മാവോ മുതല്‍ ഗ്രാംഷി വരെയുള്ള മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ പറഞ്ഞത് അതാണ്. ജനങ്ങള്‍ പറഞ്ഞതു കേട്ടാല്‍ സിംഹാസനങ്ങളില്‍ തുരുമ്പ് പിടിക്കില്ല. അതാണ് തെരഞ്ഞെടുപ്പ് പാഠം. അതെ; ജനങ്ങളെ കേള്‍ക്കു സഖാവെ. മാവോ പറഞ്ഞതു പോലെ ജലത്തില്‍ മത്സ്യമെന്ന പോലെ നേതാക്കള്‍ ജനങ്ങളില്‍ ഇടകലരട്ടെ.

Author

Scroll to top
Close
Browse Categories