മാര്‍ക്‌സിയന്‍ മണ്ടത്തരങ്ങള്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിനും നേതാക്കന്മാരുടെ പ്രവര്‍ത്തനശൈലിക്കുമപ്പുറം കമ്മൂണിസം എന്ന ആശയത്തിന്റെ സാദ്ധ്യതകളും പരിമിതികളും കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അത്തരം ചര്‍ച്ചയ്ക്കുള്ള ഒരടിസ്ഥാന രേഖയായി ഈ കുറിപ്പിനെ കാണാം.

‘ഒരാള്‍ ഇരുപത് വയസ്സില്‍ കമ്മ്യൂണിസ്റ്റായില്ലെങ്കില്‍ അയാളൊരു മണ്ടനാണ്; ഒരാള്‍ മുപ്പത് വയസ്സിലും കമ്മ്യൂണിസ്റ്റായി തുടര്‍ന്നാല്‍ അയാളൊരു മരമണ്ടനാണ്. ‘ Any man who is not a communist at the age of twenty is a fool; any man who is still a communist at the age of thirty is an even bigger fool എന്ന ഇംഗ്ലീഷ് വാചകത്തിന്റെ മലയാള പരിഭാഷയാണിത്. ‘ഫൂള്‍’ എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായി ‘മണ്ടന്‍’ എന്ന വാക്ക് കൂടാതെ കോമാളി, വിദൂഷകന്‍, വിഡ്ഢി തുടങ്ങിയ വേറെയും വാക്കുകള്‍ മലയാളത്തിലുണ്ടല്ലോ.അങ്ങനെ ഏതെങ്കിലും വാക്കാണ് കൂടുതല്‍ അനുയോജ്യം എന്ന് കരുതുന്നവര്‍ക്ക് അതിനനുസരിച്ച് ‘മരമണ്ടന്‍’ എന്ന പ്രയോഗത്തില്‍ മാറ്റം വരുത്താവുന്നതാണ്.
ഷേക്‌സ്പിയര്‍ കഴിഞ്ഞാല്‍ ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന സാഹിത്യകാരന്‍, നോബല്‍ സമ്മാനജേതാവായ ബര്‍ണാഡ് ഷായുടേതാണ് ഈ നിരീക്ഷണം. [1]കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു കഴിഞ്ഞാണ് ഷാ അയര്‍ലണ്ടില്‍ ജനിച്ചത്. ഇരുപതു വയസ്സിനോടടുപ്പിച്ച് അദ്ദേഹം ലണ്ടനിലേക്ക് താമസം മാറുമ്പോള്‍ കാള്‍ മാര്‍ക്‌സ് ലണ്ടനില്‍ സ്ഥിരതാമസമാക്കിയിരുന്നു. ഷായ്ക്ക് മുപ്പതു വയസ്സ് തികയുന്നതിനു മുമ്പാണ് മാര്‍ക്‌സ് മരിക്കുന്നത്. ബര്‍ണാഡ് ഷാ, സ്വന്തം നാട്ടുകാരന്റെ സിദ്ധാന്തത്തെപ്പറ്റി നടത്തിയ നിരീക്ഷണം വെറും കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നര്‍ത്ഥം.

ബര്‍ണാഡ് ഷായുടെ നിരീക്ഷണത്തെ വാച്യാര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ല എന്ന് കരുതാം. എന്നാല്‍ അതിലെ വ്യംഗ്യാര്‍ത്ഥത്തെ തള്ളിക്കളയാനും കഴിയില്ല. കാരണം, വാക്‌ധോരണിയുടെ വര്‍ണ്ണപ്പൊലിമ കൊണ്ട് എത്രയൊക്കെ മറച്ചുവച്ചാലും ,ഉള്ളിലുള്ള യാഥാര്‍ത്ഥ്യത്തെ നര്‍മ്മം പൊതിഞ്ഞ പ്രയോഗം കൊണ്ട് മറ നീക്കിക്കാണിക്കാന്‍ ഷായ്ക്ക് അസാധാരണ കഴിവുണ്ടായിരുന്നു. യൂറോപ്പിനെ ‘കമ്മ്യൂണിസമെന്ന ഭൂതം’ പിടി കൂടിയിരിക്കുന്നു എന്ന് കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഉദ്‌ഘോഷിച്ച കാലത്താണ് ഷാ തന്റെ നിരീക്ഷണം നടത്തിയത്. കാലം മാറി. ഇംഗ്ലണ്ടിലെ തേംസ് നദിയില്‍ മാത്രമല്ല റഷ്യയിലെ വോള്‍ഗ നദിയിലും പഴയ വെള്ളമല്ല ഇപ്പോള്‍ ഒഴുകുന്നത്. ഈ നദീതീരങ്ങളില്‍ എവിടെയെങ്കിലും ‘ഭൂതം’ മറഞ്ഞിരിപ്പുണ്ടോ എന്നറിയാന്‍ ഭൂതക്കണ്ണാടി വേണ്ടിവരും എന്ന അവസ്ഥയിലേക്ക് ആ നാട് മാറുകയും ചെയ്തു. എന്നാല്‍ ഈ യൂറോപ്യന്‍ ‘ഭൂതാവേശത്തില്‍നിന്ന് ‘ വിടുതല്‍ നേടാത്തവര്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടല്ലോ . അതുകൊണ്ടുതന്നെ ബര്‍ണാഡ് ഷായുടെ നിരീക്ഷണത്തിന്റെ അര്‍ത്ഥതലങ്ങള്‍ ഇപ്പോള്‍, ഇവിടെ ,ഒന്ന് വിശകലനം ചെയ്യുന്നത് അസ്ഥാനത്താവില്ല. ഈ വിശകലനത്തിന് അദ്ദേഹത്തിന്റെ മറ്റൊരഭിപ്രായവും പ്രയോജനപ്പെടുത്താം : ‘ഇരുപതു വയസ്സില്‍ കമ്മ്യൂണിസ്റ്റാകാത്തവര്‍ ഹൃദയമില്ലാത്തവരാണ്, മുപ്പതു വയസ്സില്‍ ക്യാപിറ്റലിസ്റ്റ് ആകാത്തവര്‍ ബുദ്ധിയില്ലാത്തവരാണ്. ‘കൗമാരത്തിലെയും യൗവ്വനാരംഭത്തിലെയും വികാരത്തിളപ്പില്‍ കമ്മ്യൂണിസത്തെ കാണുന്നതുപോലെ ആയിരിക്കരുത് വിചാരം ഉറച്ചു കഴിയുമ്പോള്‍ കമ്മ്യൂണിസത്തെ വിലയിരുത്തേണ്ടത് എന്ന സന്ദേശമാണല്ലോ ഷായുടെ രണ്ട് വാചകങ്ങളിലുമുള്ളത്. വിശകലനത്തിന് അടിസ്ഥാനവും ഈ സന്ദേശം തന്നെ. . കൂടാതെ, ചരിത്രം നല്‍കുന്ന പാഠങ്ങള്‍ കണ്ണ് തുറന്ന് കാണാനുള്ള കാഴ്ച്ച ഉള്‍ക്കണ്ണിന് ഉണ്ടായിരിക്കുകയും വേണം.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മൂന്നാം അദ്ധ്യായത്തില്‍ ‘ജര്‍മ്മന്‍ അഥവാ സത്യ സോഷ്യലിസം ‘ എന്ന ഭാഗത്ത് വിപ്ലവ സാഹിത്യത്തെപ്പറ്റി പറയുന്നത് ഉദ്ധരിച്ചുകൊണ്ട് വിശകലനം ആരംഭിക്കാം: ‘ഈ സാഹിത്യം ഫ്രാന്‍സില്‍നിന്നും ജര്‍മ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോള്‍, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജര്‍മ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്തുത അവര്‍ വിസ്മരിച്ചു എന്ന് മാത്രം. ജര്‍മ്മന്‍ സാമൂഹ്യ സ്ഥിതിഗതികളുമായി ഇടപഴകിയപ്പോള്‍ ഈ ഫ്രഞ്ച് സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്ടപ്പെട്ടു. അതിന്റെ വെറും സാഹിത്യ വശം മാത്രം അവശേഷിച്ചു. ‘
ഫ്രാന്‍സും ജര്‍മ്മനിയും അയല്‍ രാജ്യങ്ങളാണ്. ഏതാണ്ട് 180 കിലോമീറ്റര്‍ ദൂരം, റൈന്‍ നദിയാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി നിര്‍ണയിക്കുന്നത്. ഒരേ നദിയിലെ ജലം രണ്ടു രാജ്യങ്ങളും പങ്കിടുകയും ചെയ്യുന്നു. എന്നിട്ടും, മാര്‍ക്‌സിന്റേയും എംഗല്‍സിന്റെയും തീരുമാനപ്രകാരം, ഒരു രാജ്യത്തിലെ വിപ്ലവ സാഹിത്യം തൊട്ടയല്‍രാജ്യത്ത് എത്തി അവിടുത്തെ സാഹചര്യവുമായി ഇടപഴകിയപ്പോള്‍ അതിന് പ്രായോഗികത ഇല്ലാതായി സാഹിത്യകൃതിയായി മാറുന്നു ! സാഹിത്യകൃതികള്‍ക്ക് പ്രായോഗികതയേക്കാള്‍ പ്രാധാന്യം ആസ്വാദനമാണല്ലോ.

അങ്ങനെയാണെങ്കില്‍, ‘യൂറോപ്പിലെ ഭൂതം’ ഭൂഖണ്ഡാന്തര യാത്ര ചെയ്ത് വിദൂര ഇന്ത്യയില്‍ എത്തിയപ്പോള്‍ അതിനെ നാം ഏതു മേഖലയില്‍ വച്ച് കാണണം ? അതേ നാട്ടില്‍നിന്ന് ഇവിടെയെത്തിയ ഷേക്‌സ്പിയര്‍ കൃതികള്‍ക്ക് കൊടുക്കുന്ന അതേ സ്ഥാനം തന്നെയല്ലേ ഇവയ്ക്കും കൊടുക്കേണ്ടത് ? അങ്ങനെ കണ്ടാല്‍, ഈ മഹാസാഹിത്യകാരന്റെ ഭാവന വികസിക്കുന്നതിനു സമാനമായ ഭാവനാ വിലാസങ്ങള്‍ കമ്മ്യൂണിസ്റ്റ് സാഹിത്യത്തിലും കാണാന്‍ കഴിയും. ‘മാക്ബത്തില്‍’, അസാധാരണവും വിലക്ഷണവുമായ ചില പ്രതിഭാസങ്ങളെപ്പറ്റി മന്ത്രവാദിനികള്‍ മാക്ബത്തിനെ ധരിപ്പിക്കുന്നുണ്ട്. അതിലൊന്ന്, വനം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് നടന്നു നീങ്ങുന്നതാണ്. പട്ടാളക്കാര്‍ മരച്ചില്ലകള്‍ മറയാക്കി നീങ്ങുന്നത് കണ്ടപ്പോള്‍ സ്വന്തം ഭ്രമകല്പന മൂലം അത് മരം നീങ്ങുന്നതാണെന്ന് മാക്ബത്തിന് തോന്നുകയും ചെയ്തു.
ഈ ഷേക്‌സ്പിയര്‍ ഭാവന പശ്ചാത്തലമാക്കി, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്നുകൊണ്ട് ഇംഗ്ലണ്ടിലേക്ക് ഒന്ന് നോക്കിയാല്‍ കമ്മ്യൂണിസ്റ്റ് സാഹിത്യത്തിലും മഹാഭാവനകള്‍ കാണാന്‍ കഴിയില്ലേ ? പ്രാകൃത കമ്മ്യൂണിസത്തില്‍ തുടങ്ങി, സമൂഹം പരിണമിച്ച് പരിണമിച്ച്, ഫ്യൂഡലിസവും മുതലാളിത്തവും സോഷ്യലിസവും കടന്ന്, സ്വര്‍ഗ്ഗസമാനമായ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയില്‍ എത്തുന്നത് വിപ്ലവ സാഹിത്യത്തിന്റെ ഒരു കേന്ദ്ര ഭാവനയാണല്ലോ. ഈ ഭാവനയെ ശാസ്ത്ര സത്യമായി കരുതാന്‍ ഭ്രമകല്പനകള്‍ ബാധിച്ചവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇന്ന് കഴിയുക. തന്നെയല്ല, ചരിത്ര പാഠങ്ങളും ശാസ്ത്രത്തിന്റെ വികാസവും ഉള്‍ക്കൊള്ളാതെ, ഇത്തരം ഭാവനകള്‍ ഇന്ത്യയിലും നടപ്പാകും എന്ന വിശ്വാസത്തില്‍ ജീവിക്കുന്നവരുമുണ്ടല്ലോ. അതാണ് ബര്‍ണാഡ് ഷായുടെ നിരീക്ഷണത്തിന്റെ കാലിക പ്രസക്തി.
സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ നിലവില്‍ വരുത്തുകയല്ല ,അനിവാര്യമായി നിലവില്‍ വരികയാണ്. പ്രകൃതി നിയമം പോലെ, ഇടവപ്പാതി ആയാല്‍ മഴ പെയ്യുന്നതു പോലെ, മകര മാസങ്ങളില്‍ തണുപ്പുണ്ടാകുന്നത് പോലെ, അനിവാര്യമായി നടക്കുന്നതാണ് അത്. ‘ കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ [2] ഇങ്ങനെയൊക്കെയാണ് അണികളെ പഠിപ്പിച്ച് പോന്നിട്ടുള്ളത്. എന്നാല്‍ മാര്‍ക്‌സ് അന്തരിച്ച് ഒന്നര നൂറ്റാണ്ടാകുമ്പോഴും ഇടവപ്പാതിയുടെ മഴമേഘമോ മകരമാസത്തിന്റെ കുളിരോ ‘രാഷ്ട്രീയ കാലാവസ്ഥാ പ്രവചനങ്ങളില്‍’ ഒന്നും കാണുന്നില്ല ! അതേ സമയം യൂറോപ്പിന് പുറത്ത് വിപ്ലവ പെരുമ്പറകള്‍ കൊട്ടിയ ചിലരുണ്ടല്ലോ. ഇവരുടെ നിലപാടുകള്‍ ഒന്ന് നിരീക്ഷിക്കുന്നതും ബര്‍ണാഡ് ഷായുടെ നിരീക്ഷണത്തിന്റെ ഇന്ത്യന്‍ പ്രസക്തി വിശകലനം ചെയ്യുമ്പോൾ പ്രസക്തമാണ്
അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ ബാര്‍ബാറ വാള്‍ട്ടേര്‍സ് ക്യൂബന്‍ വിപ്ലവകാരിയുമായി ഒരഭിമുഖം നടത്തിയിരുന്നു. ഫിദല്‍ കാസ്‌ട്രോയുടെ വിപ്ലവ സങ്കല്‍പം ഈ സംഭാഷണത്തിലുണ്ട് :

ബാര്‍ബാറ : ഒരുനാള്‍ ആഫ്രിക്ക മുഴുവന്‍ കമ്മ്യൂണിസ്റ്റാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?
കാസ്‌ട്രോ : അതേ. ഞാനങ്ങനെ കരുതുന്നു. കമ്മ്യൂണിസ്റ്റ് എന്ന വാക്ക്‌കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്നത് ആശ്രയിച്ചാണത്. ആഫ്രിക്ക മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റായി തീരുമെന്നൊന്നും ഞാന്‍ പറയുന്നില്ല. . . . . . ചില രാജ്യങ്ങളില്‍ മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ് രീതിയിലാണിതു നടക്കുന്നത്. മറ്റ് ചിലയിടങ്ങളില്‍ ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് അനുസരണമായിരിക്കും അത് നടക്കുക. ഒരു പക്ഷെ ക്രിസ്തീയ മാനവികതയുടെ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇതേറ്റെടുത്ത് നടത്താനും ചിലരുണ്ടായേക്കാം. [3]
ഫിദല്‍ കാസ്‌ട്രോ ഇതു പറഞ്ഞത് 1977-ലാണ്. ഓരോ നാടിന്റെയും സാമൂഹ്യ -സാംസ്‌കാരിക സാഹചര്യം അനുസരിച്ചു വേണം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടത് എന്ന തിരിച്ചറിവാണല്ലോ അദ്ദേഹത്തിന്റെ വാക്കുകളിലുള്ളത്, വേറൊരു തരത്തില്‍ പറഞ്ഞാല്‍ കാസ്‌ട്രോ ഒരു മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് അന്ധവിശ്വാസി ആയിരുന്നില്ല എന്നര്‍ത്ഥം.

ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ‘മനുഷ്യനിര്‍മ്മിത’ ക്ഷാമം ഉണ്ടായത് മാവോയുടെ ചൈനയിലാണെന്നുള്ളത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മൂന്ന് കോടിയോളം ആളുകളാണ് ഈ ക്ഷാമത്തില്‍ മരിച്ചത് ! ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ഉണ്ടായ മഹാക്ഷാമത്തില്‍ മരിച്ചതിനേക്കാള്‍ പത്തിരട്ടിയാണ് കമ്മ്യൂണിസ്റ്റ് ചൈനയിലെ ഈ മരണസംഖ്യ ! [4] മാവോ അധികാരത്തിലെത്തി ഏതാണ്ട് പത്തുവര്‍ഷമാകുമ്പോള്‍ ,1958-ലാണ്, ചൈനീസ് ക്ഷാമത്തിന്റെ തുടക്കം. മാവോ ഈ കെടുകാര്യസ്ഥത കാണിച്ചത് ഭരണാധികാരി ആയതിനു ശേഷമാണ്. എന്നാല്‍ ഭരണത്തിലെത്തിയത് ജനപിന്തുണ ഉണ്ടായതുകൊണ്ടും. മാവോയിലെ എന്ത് ഘടകമായിരിക്കും അദ്ദേഹത്തിലേക്കു ജനങ്ങളെ അടുപ്പിച്ചത് ? മാര്‍ക്‌സിസം – ലെനിനിസത്തിന്റെ വശീകരണമാണോ ?
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മാവോ സ്വീകരിച്ചു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ യൂറോപ്യന്‍ മാതൃകയിലുള്ള ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി ചൈനയെ മാറ്റാനാണോ മാവോ ശ്രമിച്ചത്? അല്ല . എന്നാരു പറഞ്ഞു? മാവോയുടെ സ്വകാര്യ ഡോക്ടര്‍ ആയിരുന്ന ഷിസൂയി ലി (Zhisui Li ) പറഞ്ഞു. ‘ചെയര്‍മാന്‍ മാവോയുടെ സ്വകാര്യ ജീവിതം'(The Private Life of Chaiman Mao) എന്ന പേരില്‍ അദ്ദേഹം എഴുതിയ പുസ്തകത്തില്‍ മാവോയുടെ പല സ്വകാര്യ ചിന്തകളും കൊടുത്തിട്ടുണ്ട്. പുസ്തകത്തിന്റെ ഒരു പതിപ്പ് 1996-ല്‍ ‘ആരോ ബുക്‌സ് ‘ പ്രസിദ്ധീകരിച്ചത് ഇന്ത്യയില്‍ ലഭ്യമാണ്. മാവോ ലക്ഷ്യമിട്ടത് ഒരു ‘ചൈനീസ് സോഷ്യലിസം’ ആയിരുന്നു എന്നും ചൈനീസ് സംസ്‌കാരത്തിന്റെ പുനരുജ്ജീവനം അതിലൊരു പ്രധാന ഘടകമായിരുന്നു എന്നും ലി എഴുതിയിട്ടുണ്ട് (പേജ് 124).
കമ്മ്യൂണിസ്റ്റുകാര്‍ ബുദ്ധ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനെ മാവോ എതിര്‍ത്തു. കുട്ടിക്കാലത്ത് തനിക്ക് അസുഖം വന്നപ്പോള്‍ അമ്മ ബുദ്ധക്ഷേത്രത്തില്‍ കൊണ്ടുപോയി പ്രാര്‍ത്ഥിച്ചത് മാവോ ഓര്‍ക്കുകയും ചെയ്തു. ‘രോഗം ബാധിച്ചാല്‍ പാവങ്ങള്‍ക്ക് അവരുടെ വിഗ്രഹത്തെ ആശ്രയിക്കേണ്ടതുണ്ട്. രോഗശമനത്തിനായി ബുദ്ധന്റെ മുന്നില്‍ കേണപേക്ഷിക്കുമ്പോള്‍ അവര്‍ക്ക് കിട്ടുന്നത് സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ച ഭസ്മം മാത്രമാണ്. എന്നാല്‍ ഈ ഭസ്മം അവരുടെ മനസ്സിനെ ശാന്തമാക്കുന്നു, ഈ ശാന്തി ആരോഗ്യം വീണ്ടെടുക്കാന്‍ അവരെ സഹായിക്കുന്നു. ‘ ഇതായിരുന്നു മാവോയിലെ ‘മനഃശാസ്ത്രഞ്ജന്റെ ‘ സമീപനം. (പേജ് 113)
‘യൂറോപ്പിലെ ഭൂതത്തെ ‘ അങ്ങനെതന്നെ ചൈനയില്‍ കുടിയിരുത്താന്‍ ശ്രമിച്ചാല്‍ അത് വിജയിക്കില്ല എന്ന തിരിച്ചറിവ് മാവോയ്ക്ക് ഉണ്ടായിരുന്നു എന്ന് ഉഹിക്കുന്നതില്‍ തെറ്റില്ലല്ലോ. ഫ്രാന്‍സിന് വേണ്ടി വികസിപ്പിച്ച ആശയം വ്യത്യസ്ത സാഹചര്യമുള്ള ജര്‍മ്മനിയില്‍ എത്തുമ്പോള്‍ അതിന്റെ പ്രായോഗികത നഷ്ടപ്പെടുമെന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ വീക്ഷണം തന്നെയാണല്ലോ ഈ തിരിച്ചറിവ്. ഫിദല്‍ കാസ്‌ട്രോയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതും ഇതേ വിവേകം തന്നെ. വിപ്ലവം നടത്തണമെങ്കില്‍ വിവേകമുണ്ടാകണം എന്ന ഗുണപാഠമാണല്ലോ ഇവര്‍ രണ്ടുപേരും നടത്തിയ പെരുമ്പറ കൊട്ടലില്‍ മുഴങ്ങുന്നത്.
പറങ്കികള്‍ കുരുമുളകുവള്ളി കൊണ്ടുപോയപ്പോള്‍ കോഴിക്കോട് സാമൂതിരി പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ ഈ ഗുണപാഠത്തിന് ഒരു കേരളീയ ആവിഷ്‌കാരമായി :’തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ലല്ലോ’.
തിരുവാതിര ഞാറ്റുവേല കേരളത്തിന്റെ കാര്‍ഷിക കലണ്ടറിന്റെ ഭാഗമാണ്. ഈ കലണ്ടറിന് അടിസ്ഥാനമാകട്ടെ ഈ നാട്ടിലെ ഋതുഭേദവും. പോര്‍ച്ചുഗീസുകാരുടെ ഋതുക്കളില്‍ തിരുവാതിര ഞാറ്റുവേല പ്രകൃതി നല്‍കിയിട്ടില്ലെന്ന് സാമൂതിരിക്ക് ബോദ്ധ്യമുണ്ടായിരുന്നു ;അതുകൊണ്ട്തന്നെ ഞാറ്റുവേലയ്ക്ക് നടേണ്ട കുരുമുളകുവള്ളി അവര്‍ കൊണ്ടുപോയി നട്ടാലും അത് വേരോടില്ല എന്നറിയാനുള്ള വിവേകവും സാമൂതിരിക്കുണ്ടായി. കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ സാമൂഹ്യമാറ്റത്തിന് ഒരു ‘കലണ്ടര്‍’ സൃഷ്ടിച്ചപ്പോള്‍ അതിനുമുണ്ടായിരുന്നു ഒരടിസ്ഥാനം. അത് ഋതുഭേദങ്ങളായിരുന്നില്ല, ജര്‍മ്മന്‍ തത്വചിന്തയും ഇംഗ്ലണ്ടിന്റെ സാമ്പത്തികശാസ്ത്രവും ഫ്രാന്‍സിന്റെ രാഷ്ട്രീയ ആശയങ്ങളുമായിരുന്നു. അതുകൊണ്ടാണല്ലോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ‘യൂറോപ്പിന്റെ ‘ ഭൂതത്തെപ്പറ്റി പറയുന്നത്.
ആലങ്കാരികമായി പറഞ്ഞാല്‍ ,യൂറോപ്പിന്റെ ‘രാഷ്ട്രീയ ഞാറ്റുവേലകള്‍’ ഭൂഗോളം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നില്ല എന്നാണ് കാസ്‌ട്രോയും മാവോയും തിരിച്ചറിഞ്ഞത്. ഇന്ത്യയിലെ ഞാറ്റുവേലകളും യൂറോപ്പില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടിരുന്ന കമ്മ്യൂണിസ്‌റ്കാര്‍ ഇന്ത്യയിലും ഉണ്ടായിരുന്നു. അതില്‍ എടുത്തുപറയേണ്ട ഒരു പേരാണ് കെ. ദാമോദരന്റേത്. അദ്ദേഹത്തിന്റെ, 1957-ല്‍ പ്രസിദ്ധീകരിച്ച, ‘ഇന്ത്യയുടെ ആത്മാവ് ‘ എന്ന പുസ്തകത്തിന്റെ മുഖവുര ആരംഭിക്കുന്നതുതന്നെ ഋഗ്വേദത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ടാണ് :’ഒന്നിച്ചു സഞ്ചരിക്കുക ,ഒന്നിച്ചിരിക്കുക ; നിങ്ങളുടെ ഹൃദയങ്ങളെല്ലാം ഒന്നായിരിക്കട്ടെ ! ഗ്രാമത്തിന്റെ ഐക്യം പരിഗണിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടായ സ്വത്തുക്കള്‍, പണ്ട് ദൈവങ്ങള്‍ ചെയ്തിരുന്നതുപോലെ, തുല്യമായി പങ്കിട്ടെടുത്തനുഭവിക്കുക !’ – ഈ അര്‍ത്ഥം വരുന്ന ശ്ലോകമാണത്.
ഈ ശ്ലോകത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കാണുന്ന അദ്ദേഹം തുടര്‍ന്ന് എഴുതിയിരിക്കുന്നതും ശ്രദ്ധേയമാണ് :
‘പഴയ പൊതു ഉടമയില്‍നിന്ന് പുതിയ പൊതുവുടമയിലേക്ക് അയ്യായിരത്തിലധികം കൊല്ലങ്ങളുടെ ദൂരമുണ്ട്. ഈ നീണ്ട യാത്രക്കിടയില്‍ ഇന്ത്യ സൃഷ്ടിച്ച ദാര്‍ശനികവും സാംസ്‌കാരികവുമായ പാരമ്പര്യം ഇന്ന് നമുക്കാവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ ആ മഹത്തായ പാരമ്പര്യത്തിന്റെ നേട്ടങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാത്രമേ പുതിയ സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് മുന്നേറാന്‍ നമുക്ക് സാധിക്കുകയുള്ളു. ‘
തിരുവാതിര ഞാറ്റുവേല ഇല്ലാത്ത നാട്ടില്‍ കുരുമുളക് വള്ളികള്‍ എത്ര നട്ടാലും വേരോടുകയില്ല എന്ന ,സാമൂതിരിയുടെ വിവേകമാണല്ലോ കെ. ദാമോദരന്റെ വാക്കുകളില്‍ ഉള്ളത് – യൂറോപ്പിലെ രാഷ്ട്രീയ ഞാറ്റുവേല ഇല്ലാത്ത ഇന്ത്യയില്‍ ‘കമ്മ്യൂണിസ്റ്റ് വള്ളികള്‍’ വേര് പിടിക്കുകയില്ല എന്ന വിവേകം ; ജര്‍മ്മനിയുടെയും ഇംഗ്ലണ്ടിന്റെയും ഫ്രാന്‍സിന്റെയും സാംസ്‌കാരിക പശ്ചാത്തലം രൂപം കൊടുത്തതല്ല ഇന്ത്യന്‍ ജനതയുടെ അവബോധം എന്ന് തിരിച്ചറിയാനുള്ള വിവേകം.
‘1920 ഒക്ടോബര്‍ 17-ന് താഷ്‌കണ്ട് നഗരത്തില്‍ എം. എന്‍. റോയ് ഒരു യോഗം വിളിച്ചു കൂട്ടി. ആ യോഗമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത് ‘. സി. ഭാസ്‌കരന്‍ എഴുതി, ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ ‘ എന്ന പുസ്തകത്തിലെ ഒരു വാചകമാണിത് (പേജ് 17). ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നടത്തിയ എം. എന്‍. റോയ് കമ്യൂണിസ്റ്റ്കാരനായിത്തന്നെ തുടര്‍ന്നോ എന്ന് അന്വേഷിക്കുന്നതും ബര്‍ണാഡ് ഷായുടെ നിരീക്ഷണത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നിന്നുകൊണ്ട് വിലയിരുത്താനുള്ള ഒരു മാനദണ്ഡമാണ്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പോലുള്ള വേദികളില്‍ നേതൃസ്ഥാനത്തിരിക്കുകയും ലെനിനെപ്പോലുള്ള നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത് കമ്മൂണിസം ‘കണ്ടറിഞ്ഞ’ ആളെന്ന നിലയില്‍ ഈ മാനദണ്ഡത്തിന് ‘ഞാറ്റുവേല’ മാറ്റത്തേക്കാള്‍ പ്രാധാന്യവുമുണ്ട്.

ലെനിനോടൊപ്പം പ്രവര്‍ത്തിക്കുക മാത്രമല്ല എം. എന്‍ റോയ് ചെയ്തത്. സ്റ്റാലിന്‍ ഭരണവും അദ്ദേഹം നേരിട്ട് കണ്ടു. കമ്മ്യൂണിസത്തിന്റെ കുഴപ്പവും മനസ്സിലായി, അദ്ദേഹം കമ്മ്യൂണിസ്റ്റ്കരാനല്ലതാവുകയും ചെയ്തു. തന്നെയല്ല ‘ന്യൂ ഹ്യൂമനിസം ‘ എന്ന പേരില്‍ ഒരു ‘മാനിഫെസ്റ്റോ’യും തയ്യാറാക്കി. വേണമെങ്കില്‍, കമ്മ്യൂണിസത്തിന് ഒരു ‘ബദല്‍ രേഖ’ എന്ന് വിശേഷിപ്പിക്കാവുന്ന മാനിഫെസ്റ്റോ ആയി അദ്ദേഹത്തിന്റെ ‘റാഡിക്കല്‍ ഹ്യൂമനിസം’ എന്ന ആശയത്തെ വിശേഷിപ്പിക്കുകയും ചെയ്യാം. അതെന്തായാലും, ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയ ആള്‍ 1929-ല്‍ത്തന്നെ കമ്മ്യൂണിസ്റ്റ്കാരന്‍ അല്ലാതായി എന്നതാണ് രസകരം.
എന്തുകൊണ്ട് ? ‘ഹ്യൂമനിസം ‘ എന്ന വാക്കില്‍ത്തന്നെ എന്തുകൊണ്ട് എന്നുള്ള ചോദ്യത്തിന്റെ ഉത്തരത്തിനുള്ള മറുപടിയുടെ ധ്വനിയുണ്ട്. എം. എന്‍. റോയ് തന്നെ അതിന് ധാരാളം വിശദീകരണങ്ങള്‍ എഴുതിയിട്ടുമുണ്ട്. അതിലേക്കൊന്നും കടക്കാതെ ,ഡോക്ടര്‍ രാധാകൃഷ്ണന്റെ ചില വാക്കുകള്‍ ഉദ്ധരിച്ചാല്‍ത്തന്നെ കാര്യം പിടികിട്ടും :
‘നമ്മള്‍ പൂര്‍ണ്ണമായും സാമൂഹ്യ ജീവികളല്ല – സമൂഹ മദ്ധ്യത്തിലാണ് ജീവിക്കുന്നതെങ്കിലും ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതായ അനേകം കാര്യങ്ങള്‍ ഉണ്ട്. മനുഷ്യന്റെ ആത്മാവിലും ഹൃദയത്തിലും എന്താണ് നടന്നുകൊണ്ടിരിക്കുന്നത് ? മഹത്തായ കലയും ശാസ്ത്രവും സാഹിത്യവും എല്ലാം രൂപം പ്രാപിച്ചുയര്‍ന്നുവരുന്നത് മനുഷ്യാത്മാവിന്റെ അജ്ഞാതമായ അഗാധതകളില്‍നിന്നാണ്. അതിനാധാരമായ ചോദനങ്ങളെ നമ്മള്‍ ആദരിക്കുകതന്നെ വേണം. മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം വ്യക്തിയേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് സമുദായമാണ്. ഓരോ വ്യക്തിക്കും സ്വതന്ത്രവും സംതൃപ്തവുമായ ജീവിതം നയിക്കാന്‍ കഴിവുള്ള രീതിയില്‍ സംഘടിതമായതാണ് ഏറ്റവും മികച്ച സമുദായം. ഈ മൗലികമായ ലക്ഷ്യം നമ്മള്‍ അവഗണിച്ചുകൂടാ. അങ്ങനെ അവഗണിച്ചാല്‍ ,പിന്നെ നമ്മള്‍ ആരാധിക്കുന്നത് സംഭൂതമായ മനുഷ്യാധികാരത്തിന്റെ ഒരു വിഗ്രഹത്തെ ആയിരിക്കും. ‘[5]
സഹോദരന്‍ അയ്യപ്പന്‍ എം. എന്‍. റോയിയെപ്പോലെ കമ്മൂണിസം ‘കണ്ടറിഞ്ഞ ‘ ആളല്ല. എങ്കിലും സോവിയറ്റ് യൂണിയനിലെ സമത്വ സുന്ദരമായ വ്യവസ്ഥ ‘കേട്ടറിഞ്ഞ’ അദ്ദേഹം കേരളത്തിലും ഈ ‘സ്വര്‍ഗ്ഗരാജ്യം’ സപ്‌നം കണ്ടെന്നുള്ളതിന് തെളിവ് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലുണ്ട്. കമ്മ്യൂണിസ്‌റ്കാരുടെ ഒരു അടയാള വാക്കായ ‘സഖാവ് ‘ അയ്യപ്പന്‍ സൃഷ്ടിച്ചതാണ് – 1918-ല്‍ അദ്ദേഹം രചിച്ച ‘ഈഴവോദ്‌ബോധനം’ എന്ന പദ്യകൃതിയില്‍. ഈ കൃതിയില്‍ റഷ്യന്‍ വിപ്ലവത്തെ അദ്ദേഹം പുകഴ്ത്തുന്നുമുണ്ട്.
‘ശ്രീനാരായണ പ്രസ്ഥാനമുള്‍പ്പെടെയുള്ള സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ നിര്‍ത്തിയേടത്ത്‌നിന്ന് അവയെ മുന്നോട്ട് കൊണ്ടുപോവുകയാണ് കമ്മ്യൂണിസ്റ്റ്കാര്‍ ചെയ്തത് ‘ എന്നാണ് സി. ഭാസ്‌കരന്‍ എഴുതിയ ‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ ‘ എന്ന പുസ്തകത്തില്‍ (പേജ് 16 ) പറയുന്നത്. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനം ഉഴുതു മറിച്ച മണ്ണിലാണ് കമ്മ്യൂണിസത്തിന്റെ വിത്ത് വിതയ്ക്കപ്പെട്ടത് എന്നും പറയുന്നുണ്ട്. ഈ ‘ഉഴവുകാരില്‍’ നിര്‍ണ്ണായക സ്ഥാനമാണ് സഹോദരന്‍ അയ്യപ്പനുള്ളത്.
എന്നാല്‍, യൗവ്വനത്തിന്റെ തീക്ഷ്ണതയില്‍ അദ്ദേഹം കണ്ട കമ്മ്യൂണിസത്തിന്റെ ജ്വാല, കാലം കഴിഞ്ഞപ്പോള്‍ വീണ്ടും ജ്വലിച്ചോ, അതോ, മധ്യവയസ്സിന്റെ അനുഭവസമ്പത്തില്‍ അത് മങ്ങിപ്പോയോ എന്നൊന്ന് നോക്കുന്നതും ബര്‍ണാഡ് ഷായുടെ നിരീക്ഷണത്തെ വിലയിരുത്താന്‍ ഉപകരിക്കും. സഹോദരനുമായി നേരിട്ട് ഇക്കാര്യം സംസാരിച്ച ഒരാള്‍ പറയുന്നു :
“പില്‍ക്കാലത്ത് അദ്ദേഹത്തില്‍ പ്രകടമായിക്കണ്ട കമ്മ്യൂണിസ്റ്റ് നിര്‍മ്മമത്വത്തിന്റെ ഉറവിടത്തെപ്പറ്റി ഇതെഴുതുന്നയാള്‍ അദ്ദേഹത്തെ എറണാകുളത്തുള്ള വസതിയില്‍ ചെന്നുകണ്ട് അന്വേഷിക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സ്വതന്ത്രമായി ചിന്തിക്കാനും ചിന്തിക്കുന്ന കാര്യങ്ങള്‍ സ്വതന്ത്രമായി പറയാനും കഴിയാതെ വരുന്നതിലുള്ള പ്രതിഷേധമായിരുന്നു ആ മാറ്റത്തിന്റെ ഉറവിടം. സഹോദരപ്രസ്ഥാനവും യുക്തിവാദവും സ്വതന്ത്ര സമുദായവാദവും ഒന്നുചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ കബളിപ്പിക്കപ്പെടുന്നതായി അദ്ദേഹം സംശയിച്ചിരുന്നു. ‘ [6]
ലെനിനെയും സ്റ്റാലിനെയും കണ്ടറിഞ്ഞ എം. എന്‍. റോയ് കമ്മൂണിസം വിട്ടത് ഹ്യൂമനിസത്തിന്റെ കുറവുകൊണ്ട്; റഷ്യന്‍ വിപ്ലവം കേട്ടറിഞ്ഞ് വിപ്ലവാവേശം ഉള്‍ക്കൊണ്ട സഹോദരന്‍ അയ്യപ്പന്റെ നിര്‍മ്മമത്വത്തിന്റെ ഉറവിടമാകട്ടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കബളിപ്പിക്കപ്പെടുന്നോ എന്ന സംശയവും. ഇവിടം കൊണ്ടും വിശകലനത്തിന്റെ പശ്ചാത്തലം പൂര്‍ത്തിയാകുന്നില്ല. മാര്‍ക്‌സ് ,ഇന്ത്യയുടെ സാമൂഹ്യ -രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയത് ശരിയായിട്ടാണോ എന്ന് പരിശോധിക്കുകയും വേണം ; മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി പറഞ്ഞിട്ടുള്ള അഭിപ്രായങ്ങള്‍ ആത്മാഭിമാനമുള്ള ഒരിന്ത്യന്‍ പൗരന് സ്വീകാര്യമാകുമോ എന്ന് വിലയിരുത്തുകയും വേണം.



മാര്‍ക്‌സ് കണ്ട ഇന്ത്യ ‘, ഇ. എം. എസ്. നമ്പൂതിരിപ്പാട് എഴുതി,1981-ല്‍ പ്രസിദ്ധീകരിച്ച ‘കേരളചരിത്രവും സംസ്‌കാരവും ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണം’ എന്ന പുസ്തകത്തിലെ ഒരദ്ധ്യായമാണ്. ഇന്ത്യയിലെ കൃഷിഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട മാര്‍ക്‌സിന്റെ അഭിപ്രായത്തെപ്പറ്റി ഇ. എം. എസ്. എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് : ‘ഈ നിരീക്ഷണത്തില്‍ ഒട്ടേറെ പോരായ്മകള്‍ ഉണ്ടെന്ന് വസ്തുതകള്‍ അറിയുന്ന ഏതൊരാള്‍ക്കും ഇന്ന് കാണാന്‍ സാധിക്കും. ‘ ഇന്ത്യന്‍ സമൂഹത്തെപ്പറ്റിയുള്ള മാര്‍ക്‌സിന്റെ നിരീക്ഷണത്തെപ്പറ്റിയാകട്ടെ, ‘കാര്യമായ തിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ട മറ്റൊരഭിപ്രയം ‘ എന്നാണ് എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ നേട്ടങ്ങള്‍ മാര്‍ക്‌സ് കാണാതെ പോയതിനെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. തന്നെയല്ല, ‘മാര്‍ക്‌സ് ജീവിച്ചിരുന്ന കാലത്തുതന്നെ രൂപം കൊണ്ടതും പിന്നീട് വളര്‍ന്നതുമായ രണ്ടു പ്രവണതകള്‍ക്ക് തികച്ചും വിരുദ്ധമാണ് മാര്‍ക്‌സിന്റെ ഈ വീക്ഷണമെന്നു കാണാന്‍ പ്രയാസമില്ല’ എന്നുപോലും പറഞ്ഞിരിക്കുന്നു !
മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ ഒരു മോണോഗ്രാഫും 2008-ല്‍ പ്രസിദ്ധീകരിച്ചു. ‘അലിഗഡ് ഹിസ്റ്റോറിയന്‍സ് സൊസൈറ്റി’യാണ് പ്രസാധകര്‍ ; പുസ്തകം എഡിറ്റ് ചെയ്തത് ഇഖ്ബാല്‍ ഹുസൈനും. ആമുഖം ഇര്‍ഫാന്‍ ഹബീബിന്റേതാണ്. അത് വായിച്ചാല്‍ ഒരു കാര്യം ബോദ്ധ്യമാകും. മാര്‍ക്‌സിന്റെ ‘ആശാനാ’യിരുന്നഹെഗലിന് ഇന്ത്യയെപ്പറ്റി അത്ര മതിപ്പൊന്നും ഉണ്ടായിരുന്നില്ല. ‘ഹിന്ദുക്കള്‍ക്ക് ചരിത്രമില്ല ‘ എന്നായിരുന്നത്രെ ഹെഗലിന്റെ ‘വിശ്വാസം’. ആശാനെ അനുകരിച്ച ,ശിഷ്യന്‍ മാര്‍ക്‌സ് എഴുതിയത് ‘ഇന്ത്യന്‍ സമൂഹത്തിന് ചരിത്രമില്ല, കുറഞ്ഞപക്ഷം അറിയപ്പെടുന്ന ചരിത്രമില്ല ‘ എന്നാണ്. തന്നെയല്ല, നാം ഇന്ത്യാ ചരിത്രമെന്ന് പറയുന്നത് ‘എതിര്‍ക്കാത്തതും മാറ്റമില്ലാത്തതുമായ സമൂഹത്തിന്റെ നിഷ്‌ക്രിയമായ അടിത്തറയില്‍ ,ഒന്നിന് പുറകെ ഒന്നായി വന്ന വലിഞ്ഞുകയറ്റക്കാര്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യങ്ങളുടെ ചരിത്രം മാത്രമാണ് ‘ എന്ന നിലപാടില്‍നിന്നാണ് മാര്‍ക്‌സ് തന്റെ ഇന്ത്യാപഠനം നടത്തുന്നത്. (പേജ് xx)

ജര്‍മ്മന്‍കാരന്റെ വീക്ഷണത്തില്‍ ഇന്ത്യയെ കാണാനല്ലാതെ ഇന്ത്യന്‍ ജനതയുടെ അവബോധത്തിലേക്ക് പ്രവേശിക്കാന്‍ മാര്‍ക്‌സ് പരാജയപ്പെട്ടു എന്നതിന് മറ്റൊരു തെളിവ് അടുത്ത പേജില്‍ കാണാം. ഇന്ത്യാക്കാര്‍ ‘ഹീനമായ’ പ്രകൃതി ആരാധനാ നടത്തുന്നത് മാര്‍ക്സിന് തീരെ രുചിക്കാത്ത ഒരു കാര്യമായി എഴുതിയിരിക്കുന്നു. അതിന് മാര്‍ക്‌സ് കണ്ടുപിടിച്ച ഒരു കാരണമിതാണ് – ‘പ്രകൃതിയിലെ പരമാധികാരിയായ മനുഷ്യന്‍ ഒരു കുരങ്ങായ ഹനുമാന്റെ മുന്നില്‍ മുട്ട് മടക്കി ആരാധിക്കുന്നു. ‘
ഇന്ത്യയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ ധാരണയിലെ പോരായ്മകള്‍ ഇ. എം. എസ് മാത്രമല്ല റൊമില ഥാപ്പറും ,ഒരു ന്യായീകരണത്തിന്റെ ധ്വനിയോടെ, ചൂണ്ടിക്കാണിക്കുന്നുണ്ട് :
‘ഏഷ്യയെക്കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന സിദ്ധാന്തങ്ങളില്‍ പൊതുവേ കാണുന്ന ദൗര്‍ബല്യം തന്നെയാണ് മാര്‍ക്‌സിന്റെ മാതൃകയിലും ഉണ്ടായിരുന്നത്. യൂറോപ്യന്‍ പണ്ഡിതന്മാര്‍ക്ക് ഏഷ്യയുടെ ചരിത്രം പഠിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഏറെ വിവരമൊന്നും ലഭ്യമായിരുന്നില്ല ;ലഭ്യമായിരുന്നവയാകട്ടെ , ആഴത്തില്‍ അന്വേഷിക്കപ്പെട്ടിരുന്നുമില്ല. ‘[7]
റൊമില ഥാപ്പര്‍ ഒരു ബൂര്‍ഷ്വ ചരിത്രകാരി അല്ല എന്നുള്ളത് അംഗീകരിക്കപ്പെട്ട വസ്തുതയാണല്ലോ. ഇ. എം. എസ്സാകട്ടെ , മാര്‍ക്‌സിന്റെ ഇന്ത്യന്‍ പഠനത്തിന്റെ പശ്ചാത്തലം പറയുന്നതിങ്ങനെയാണ് :
‘തന്റെ പഠനകേന്ദ്രമായ ലണ്ടനില്‍ ഇന്ത്യയെക്കുറിച്ച് ഗവേഷണം നടത്താന്‍ ധാരാളം സൗകര്യം ഉണ്ടായിരുന്നത് അദ്ദേഹം തികച്ചും വിനിയോഗിച്ചു. അങ്ങനെ ഇന്ത്യയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു പണ്ഡിതനെക്കൊണ്ട് കഴിയുന്നത്ര വ്യക്തവും സവിസ്തരവുമായ ഇന്ത്യയുടെ ചിത്രം വരയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘ [8]
ചില വസ്തുതകള്‍ക്ക് കടകവിരുദ്ധമാണ് മാര്‍ക്‌സിന്റെ വീക്ഷണം എന്ന് പറയുന്ന അതേ പുസ്തകത്തില്‍ത്തന്നെയാണ് ഇതും പറയുന്നത് !
മുതലാളിത്ത സമ്പദ് ഘടനയെയും വര്‍ഗ്ഗ വീക്ഷണ രാഷ്ട്രീയത്തെയും കേന്ദ്രീകരിച്ചുള്ള ബൗദ്ധിക പ്രവൃത്തിയിലൂടെയാണ് മാര്‍ക്‌സ് ഇന്ത്യയെ കണ്ടത്. അതിലാണ് പല ‘അബദ്ധപഞ്ചാംഗങ്ങള്‍’ കടന്നുകൂടിയത്. എന്നാല്‍ മാര്‍ക്‌സിനെപ്പോലെ ജര്‍മ്മനിയില്‍ ജനിക്കുകയും മാര്‍ക്‌സ് ജീവിച്ച അതേ ലണ്ടനില്‍ ജീവിച്ചുകൊണ്ട് ഇന്ത്യയെ മനസ്സിലാക്കുകയും ചെയ്ത മറ്റൊരു പണ്ഡിതനുമുണ്ട് – മാര്‍ക്‌സിനേക്കാള്‍ അഞ്ചു വയസ്സ് മാത്രം പ്രായക്കുറവുള്ള മാക്‌സ് മുള്ളര്‍. അദ്ദേഹം കണ്ട ഇന്ത്യ ഏതാണെന്നു നോക്കൂ :
‘ഏത് ആകാശത്തിനു കീഴിലാണ് മനുഷ്യമനസ്സ് അതിന്റെ ഏറ്റവും മികച്ച സിദ്ധികള്‍ പരമാവധി വികാസം പ്രാപിച്ച്, അത്യഗാധമായ പ്രശ്‌നങ്ങളെപ്പറ്റി ചിന്തിച്ച്, പ്ലേറ്റോ, കാന്റ് എന്നിവരുടെ ചിന്തകള്‍ പഠിച്ചവര്‍ക്കുകൂടി ശ്രദ്ധാര്‍ഹമായ പരിഹാരങ്ങള്‍ കണ്ടെത്തിയിട്ടുള്ളത് എന്ന് ചോദിച്ചാല്‍, ഞാന്‍ ഇന്ത്യയെ ചൂണ്ടിക്കാട്ടും. നമ്മുടെ ആന്തരിക ജീവിതം കൂടുതല്‍ സമഗ്രവും, സമ്പൂര്‍ണ്ണവും ,സാര്‍വ്വലൗകികവും ,സത്യത്തില്‍ മാനുഷികവും ആകുന്നതിന് ചില തിരുത്തലുകള്‍ ആവശ്യമാണ്. ഈ ജീവിതത്തിനുവേണ്ടി മാത്രമല്ല ,രൂപപരിണാമം സംഭവിച്ച ശാശ്വതജീവിതത്തിനുകൂടി പ്രയോജനകരമായ ഈ തിരുത്തലുകള്‍ ഏതു സാഹിത്യത്തില്‍നിന്നു സ്വീകരിക്കാം എന്ന് ഞാന്‍ സ്വയം ചോദിക്കുമ്പോള്‍ എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളതും ഇന്ത്യയെത്തന്നെ. ‘[9]
ഇന്ത്യന്‍ സിവിൽ സര്‍വീസില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച യുവ സായ്പന്മാര്‍ക്കുവേണ്ടി കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ മാക്‌സ് മുള്ളര്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞ കാര്യമാണിത്. അദ്ദേഹമന്ന് ഓക്‌സ്‌ഫോര്‍ഡില്‍ അത്യുന്നത അക്കാഡമിക് പീഠങ്ങള്‍ അലങ്കരിച്ചിരുന്ന കാലമാണ്. മാര്‍ക്‌സ് കാണാതെ പോയ ഒരിന്ത്യയെപ്പറ്റിയാണ് ഇന്ത്യ ഭരിക്കാന്‍ വരുന്നവരോട് മാക്‌സ് മുള്ളര്‍ പറഞ്ഞത്. ഭൂ ഉടമ സമ്പ്രദായത്തിനും ഇംഗ്ലണ്ടിലെ മുതലാളിത്ത സമ്പദ് ഘടനയ്ക്കുമപ്പുറം ,ഇന്ത്യാക്കാരന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുള്ള സാംസ്‌കാരികവും ദാര്‍ശനികവുമായ അന്തര്‍ധാരകള്‍ അറിഞ്ഞെങ്കില്‍ മാത്രമേ ഇന്ത്യയെ അറിയാന്‍ കഴിയൂ എന്ന ഉള്‍ക്കാഴ്ചയാണ് ഈ വാക്കുകളിലുള്ളത്.
മാര്‍ക്‌സിന്റെ കാര്യത്തിലാകട്ടെ, ഇന്ത്യയെപ്പറ്റി അറിയേണ്ടതൊന്നും അറിഞ്ഞുമില്ല ,അഭ്യൂഹങ്ങള്‍ പലതും പതിരാവുകയും ചെയ്തു. ഇവിടെ നാം ബര്‍ണാഡ് ഷായുടെ നിരീക്ഷണം വിശകലനം ചെയ്യുന്നതിന്റെ മര്‍മ്മം തൊടുന്നു. ഇതുവരെ കണ്ട കാര്യങ്ങളുടെ പശ്ചാത്തലത്തില്‍, 2026-ലെ ഇന്ത്യയില്‍, മാര്‍ക്‌സിനെ കേന്ദ്രീകരിച്ച്, ആ പേര് ഉയര്‍ത്തിപ്പിടിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് ‘ഇന്ത്യന്‍ വിപ്ലവം’സ്വപ്‌നം കാണുന്നവരുമായി ബന്ധപ്പെടുത്തി ഷായുടെ നിരീക്ഷണം വിലയിരുത്തുന്നിടത്താണ് ഈ മര്‍മ്മമിരിക്കുന്നത്.
അതിനര്‍ത്ഥം മാര്‍ക്‌സ് പറഞ്ഞതൊന്നും ഇന്ത്യക്കാര്‍ സ്വീകരിക്കരുതെന്നോ മാര്‍ക്‌സ് പറഞ്ഞത് പൂര്‍ണ്ണമായും കാലഹരണപ്പെട്ടു എന്നോ അല്ല. തന്നെയല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ജനതയോട് കാണിച്ച മനുഷ്യത്ത്വഹീനമായ പെരുമാറ്റത്തെ മാര്‍ക്‌സ് ശക്തമായി അപലപിച്ചിട്ടുമുണ്ട്. എന്നാല്‍ ,ആശയങ്ങള്‍ സ്വീകരിക്കേണ്ടിടത്ത് സ്വീകരിക്കുകയും നന്ദി പറയേണ്ടിടത്ത് നന്ദി പറയുകയും ചെയ്യുന്നത് ഒരു കാര്യവും, ഇന്ത്യയെ വേണ്ടപോലെ ഉള്‍ക്കൊള്ളാതിരിക്കുക മാത്രമല്ല കുറെയൊക്കെ പുച്ഛത്തോടെ കാണുക പോലും ചെയ്ത ഒരാളെ മഹത്ത്വവല്‍ക്കരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് മറ്റൊരു കാര്യവുമാണെന്നുമാത്രം. ആദ്യത്തേതില്‍ വിശാല മനോഭാവമാണുള്ളതെങ്കില്‍ രണ്ടാമത്തേതില്‍ അപകര്‍ഷതാബോധത്തിന്റെയും അടിമത്ത മനോഭാവത്തിന്റെയും അടയാളങ്ങള്‍ പതിഞ്ഞു കിടക്കുകയല്ലേ എന്ന് തോന്നും.
മാര്‍ക്‌സിയന്‍ മണ്ടത്തരങ്ങള്‍ ‘ ആസ്വദിക്കാന്‍ മറ്റൊരു ‘വ്യൂ പോയിന്റില്‍ ‘ നിന്നുള്ള കാഴ്ച്ചകൂടി കാണേണ്ടതുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ വികാസവും അതിനനുസരിച്ച് പരിണമിക്കുന്ന പ്രപഞ്ചവീക്ഷണവുമാണ് ഈ ‘വ്യൂ പോയിന്റ്. ‘ ആശയവാദവും ഭൗതികവാദവുമൊക്കെ വെള്ളം കടക്കാത്ത അറകളായി കണ്ട്, വാദികള്‍ പരസ്പരം എതിര്‍ വാദങ്ങള്‍ നടത്തിയ കാലത്താണ് മാര്‍ക്‌സ് വളര്‍ന്നതും ജീവിച്ചതും. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ അനുകരിച്ച്, സമൂഹത്തില്‍ കടുത്ത മത്സരമാണെന്ന ധാരണ മാര്‍ക്‌സിനെ സ്വാധീനിച്ചിട്ടുണ്ട്. ഐസക് ന്യൂട്ടനെപ്പോലുള്ള ശസ്ത്രജ്ഞന്മാരുടെ ‘ക്ലാസിക്കല്‍ ഫിസിക്‌സ് ‘ അന്നത്തെ പ്രപഞ്ച വീക്ഷണത്തിന്റെ അടിസ്ഥാനവുമായിരുന്നു.
കാലം മാറി, ശാസ്ത്രം കൂടുതല്‍ കൂടുതല്‍ സൂക്ഷ്മ പ്രപഞ്ചത്തിലേക്കു പ്രവേശിച്ചു. ഊര്‍ജ്ജതന്ത്രത്തില്‍ ആപേക്ഷികാ സിദ്ധാന്തവും ക്വാണ്ടം ഭൗതികവും ആവിര്‍ഭവിച്ചു. ജീവശാസ്ത്രമേഖലയിലെ സമകാലിക വിപ്ലവം പരിണാമസിദ്ധാന്തമല്ല, ‘എപ്പി ജനറ്റിക്‌സ് ‘ ആണ്. ജീവലോകത്ത് മത്സരം മാത്രമല്ല സഹകരണവും ഉണ്ടെന്നുള്ളത് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ശാസ്ത്രത്തിന്റെയും ദര്‍ശനത്തിന്റെയും ഇടയിലുള്ള അതിര്‍വരമ്പ് നേര്‍ക്കുക മാത്രമല്ല ,കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ദൂരം കുറയുകയും ചെയ്തു. ഇവയെല്ലാം ചേര്‍ന്ന് കമ്മ്യൂണിസം രൂപം കൊണ്ട പ്രപഞ്ച വീക്ഷണ ഭൂമികയുടെ അടിത്തറ ഇളക്കുകയും ചെയ്തു. ഈ വിപ്ലവകരമായ മാറ്റങ്ങളൊന്നും കാണാതെ, മാര്‍ക്‌സിന്റെ കാലത്തെ പ്രപഞ്ചവീക്ഷണത്തിലൂടെ സാമൂഹ്യ – രാഷ്ട്രീയ പ്രശ്‌നങ്ങളെ വിലയിരുത്തിയാല്‍ എങ്ങനിരിക്കും ? ഭൂമി ഉരുണ്ടതാണെന്നു തെളിഞ്ഞ് കഴിഞ്ഞാലും ,ഭൂമി പരന്നതാണെന്ന നിലപാടില്‍ രൂപീകരിച്ച ആശയങ്ങളാണ് ശരിയെന്നു മര്‍ക്കടമുഷ്ടി പിടിക്കുന്നതിന് തുല്യമാകും.
ആകയാല്‍ ഇനി തീരുമാനിക്കാം, കമ്മൂണിസം കണ്ടറിയുകയും കേട്ടറിയുകയും ചെയ്ത് ഇന്ത്യയിലും കേരളത്തിലും കമ്യൂണിസത്തിന് അടിത്തറയിട്ട യഥാര്‍ത്ഥ വിപ്ലവകാരികള്‍ കമ്മൂണിസം ഉപേക്ഷിച്ചതിന്റെ ‘സെഞ്ച്വറി’ ആഘോഷിക്കേണ്ട ഇക്കാലത്ത് ബര്‍ണാഡ് ഷായുടെ നിരീക്ഷണങ്ങളെ എങ്ങനെ വിലയിരുത്തണം ? തമാശയായി കണ്ടാല്‍ മതിയോ ? അതോ തമാശയാണെങ്കിലും അതിലെ വ്യംഗ്യാര്‍ത്ഥത്തില്‍ കഴമ്പുണ്ടെന്നു കാണണോ? അതുമല്ലെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സത്യമാണെന്നു കരുതണോ ? തീരുമാനം വ്യക്തിഗതമാണെങ്കിലും,സ്വന്തം തമാശകളെപ്പറ്റി ബര്‍ണാഡ് പറഞ്ഞ അഭിപ്രായം തീരുമാനമെടുക്കാന്‍ സഹായിക്കും :’എന്റെ തമാശകള്‍ സത്യം പറയാനുള്ളതാണ്. ‘
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിനും നേതാക്കന്മാരുടെ പ്രവര്‍ത്തനശൈലിക്കുമപ്പുറം കമ്മൂണിസം എന്ന ആശയത്തിന്റെ സാദ്ധ്യതകളും പരിമിതികളും കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അത്തരം ചര്‍ച്ചയ്ക്കുള്ള ഒരടിസ്ഥാന രേഖയായി ഈ കുറിപ്പിനെ കാണാം.
9447863335






