കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടി വേണം

കുട്ടനാട്: ശ്രീനാരായണ മാനവ സേവ ട്രസ്റ്റ് കനിവ് മൂന്നാം വാര്‍ഷിക സമ്മേളനം ആനപ്രമ്പാല്‍ 24-ാം നമ്പര്‍ ശാഖാങ്കണത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ മുന്‍ എം.എല്‍.എ. കുട്ടനാടിനെ മറന്നു പോയെങ്കിലും പുതുതായി ജയിച്ചുവന്ന എം.എല്‍.എ. ഈ നാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലമായിട്ടും കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ശുദ്ധജലക്ഷാമം പരാമര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്. നിലവിലെ എം.എല്‍.എ. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ എം.എല്‍.എ. ആയതിനാല്‍ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം എന്ന ശ്രീനാരായണ വാക്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മാനവ സേവാ ട്രസ്റ്റിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

സാംസ്‌കാരിക സമ്മേളനം റെജിചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എ.ജി. സുഭാഷ് അധ്യക്ഷത വഹിച്ചു. രോഗിപരിചരണ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കുട്ടനാട് സൗത്ത് യൂണിയന്‍ ചെയര്‍മാന്‍ സന്ദീപ് പച്ചയിലും പഠനോപകരണവിതരണോദ്ഘാടനം രക്ഷാധികാരി എന്‍. മോഹന്‍ദാസും നിര്‍വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുഷമസുധാകരന്‍, ശാഖാ പ്രസിഡന്റ് എം.ആര്‍. അജിത്ത്കുമാര്‍, വനിതാസംഘം പ്രസിഡന്റ് സുജിസന്തോഷ്, വൈസ്പ്രസിഡന്റ് ഷാജി തോട്ടുകടവില്‍, പ്രമോദ് കളത്തിപ്പാലം, ഷാജി നെടുമുടി, സോമന്‍ ജി കരുമാടി എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യധാന്യ കിറ്റുകള്‍, രോഗീപരിചരണ ഉപകരണങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ചികിത്സാ ധനസഹായം എന്നിവ സമ്മേളനത്തില്‍ വിതരണം ചെയ്തു.

Author

Scroll to top
Close
Browse Categories