ആളൊരുങ്ങി, അരങ്ങൊരുങ്ങി;ഇനി ലോകകപ്പ്ഫുട്‌ബോള്‍
മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌റേക്കായില്‍
ജൂണ്‍ 11-ാംതീയതി നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 38 കാരനായ ‘ഫുട്‌ബോള്‍ മിശിഹാ’ ലയണല്‍ മെസിയാണ് നയിക്കുന്നത്. മെസിക്കും പരിക്കുകളില്‍ നിന്ന് മോചിതനായി ബ്രസീല്‍ ദേശീയ ടീമില്‍ ഇടംപിടിച്ച 34 കാരനായ നെയ്മര്‍ക്കും ഇത് മിക്കവാറും അവസാന ലോകകപ്പ് ആയിരിക്കും.

ഈ വര്‍ഷത്തെ മണ്‍സൂണ്‍ കാറ്റുകള്‍ക്കൊപ്പം ലോകകപ്പ് ഫുട്‌ബോള്‍ ജ്വര കാറ്റും നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും പെയ്തിറങ്ങും. ജൂണ്‍ 11-ാംതീയതി തീയതി മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌റേക്കായില്‍ വച്ചുനടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. മെക്‌സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഇത്തവണത്തെ വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ഇത്തവണ ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ട് ആയ ‘റൗണ്ട് ഓഫ് 32’ലേക്ക് കടക്കും. ഈ റൗണ്ട് മുതല്‍ എല്ലാ മത്സരങ്ങളും നോക്ക് ഔട്ട് ഫോര്‍മാറ്റില്‍ ആണ് നടക്കുക.
ലയണല്‍ മെസ്സി, ക്രിസ്ത്യാനോ റൊണാള്‍ഡോ, നെയ്മര്‍, എംബാപ്പെ, മുഹമ്മദ് സല, പെഡ്രി, ഹാരി കെയിന്‍, ലവന്‍ഡോസ്‌കി എന്നീ ഇതിഹാസതാരങ്ങള്‍ ഇത്തവണയും അവരവരുടെ ദേശീയ ടീമിനായി രംഗത്തിറങ്ങും.
ഫിഫ വേള്‍ഡ് ഫുട്‌ബോള്‍ റാങ്കിംഗ് പ്രകാരം ഫ്രാന്‍സ് ആണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. സ്‌പെയിന്‍, അര്‍ജന്റീന, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ബ്രസീല്‍, നെതര്‍ലാന്‍ഡ്, മൊറോക്കോ, ബെല്‍ജിയം, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ആദ്യ 10 സ്ഥാനങ്ങളില്‍ യഥാക്രമം നിലവിലുള്ളത്. മേല്‍ പറഞ്ഞ രാജ്യങ്ങളിലെ ടീമുകള്‍ തന്നെയാണ് ഇത്തവണത്തെയും ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരായി വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയിലെയും മറ്റും ചില കറുത്ത കുതിരകള്‍ ഒരുപക്ഷേ ചരിത്രം തിരുത്തി പുതിയ ലോക ചാമ്പ്യന്മാരായേക്കാം.
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 38 കാരനായ ‘ഫുട്‌ബോള്‍ മിശിഹാ’ ലയണല്‍ മെസ്സിയാണ് നയിക്കുന്നത്. മെസ്സിക്കും പരിക്കുകളില്‍ നിന്ന് മോചിതനായി ബ്രസീല്‍ ദേശീയ ടീമില്‍ ഇടംപിടിച്ച 34 കാരനായ നെയ്മര്‍ക്കും ഇത് മിക്കവാറും അവസാന ലോകകപ്പ് ആയിരിക്കും. മെസ്സിക്ക് തങ്ങളുടെ ലോകകിരീടം നിലനിര്‍ത്താന്‍ ആകുമോ, പറങ്കിപ്പടയുമായി റൊണാള്‍ഡോ കിരീടം നേടുമോ, അല്ലെങ്കില്‍ നെയ്മര്‍ ഇത്തവണ ബ്രസീലിനെ ചാമ്പ്യന്മാര്‍ ആക്കുമോ, കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ പരാജയത്തിന് എംബാപ്പെ പകരം ചോദിക്കുമോ എന്ന വിധത്തിലുള്ള ചോദ്യങ്ങള്‍ ഓരോ ആരാധകന്റെയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുവാന്‍ ഓരോ ഫുട്‌ബോള്‍ പ്രേമിയും ആകാംക്ഷാഭരിതരായി ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്.
അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ കേരളത്തിലെ ഓരോ തെരുവീഥികളും ജംഗ്ഷനുകളും വിദേശ ടീമുകളുടെ പതാകകള്‍ കൊണ്ടും താരങ്ങളുടെ ചിത്രങ്ങള്‍ കൊണ്ടും നിറയും. ഓരോ മത്സര ഫലങ്ങള്‍ക്ക് ശേഷവും നമ്മുടെ ഓരോ ഗ്രാമത്തിലെയും ഇടവഴികളില്‍ ഒരു വിദേശരാജ്യത്തിന്റെ പതാകയുമായി മലയാളി ആരാധകര്‍ വിക്ടറി മാര്‍ച്ചുകള്‍ നടത്തും. ഗ്രാമങ്ങളിലെ മുറുക്കാന്‍ കടകളിലും ചായക്കടകളിലും അതാത് ദിവസങ്ങളിലെ ഇഷ്ട വിദേശ ടീമുകളുടെ പ്രകടനത്തെ സൂക്ഷ്മമായി അവലോകനം ചെയ്യും. വിജയിക്കുന്ന ടീമിനായി ചെറിയ തുകകള്‍ക്കും മദ്യത്തിനും, ഭക്ഷണത്തിനും ആരാധകരുടെ താടിക്കും മീശക്കും വരെ ബെറ്റുകള്‍ വെക്കും. ഇത് കേരളമാണ്.
ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിനായി ഇതുവരെ ഒരു സ്‌പോണ്‍സറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഒരു ചോദ്യചിഹ്നമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും ലോകകപ്പ് ദിനങ്ങള്‍ അടുക്കുംതോറുംസംപ്രേഷണ അവകാശം ഏതെങ്കിലും കമ്പനികള്‍ ഏറ്റെടുത്ത് നമ്മള്‍ക്ക് കാണാനാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
നിലവിലെ ഫിഫ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ അടുത്തൊന്നും ഒരു ലോക ചാമ്പ്യന്മാരായി കാണാന്‍ കഴിയില്ല എന്ന ആരാധകരുടെ നിരാശാബോധം ആയിരിക്കാം മലയാളികളായ നമ്മളെ മറ്റു രാജ്യങ്ങളുടെ പതാകയേന്താൻ പ്രേരിപ്പിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
സീറോയായി ബ്ലാസ്റ്റേഴ്സ്

മലയാളികളുടെ അഭിമാന ഫുട്‌ബോള്‍ ടീം ആയ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ17 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇന്ത്യയില്‍ ഏറ്റവും ഫുട്‌ബോള്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ നിലവില്‍ പരിതാപകരമാണ്. തുടക്കത്തില്‍ ഉണ്ടായ പരാജയങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള തര്‍ക്കങ്ങളും, പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്കും ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരു കാലത്ത് ലോകോത്തര താരങ്ങളെ ഉള്‍പ്പെടുത്തി അത്ഭുത പ്രകടനങ്ങള്‍ നടത്തി കൊച്ചിയിലെയും മറ്റും മൈതാനങ്ങളെ കോരിത്തരിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് കാണാന്‍ കഴിയുന്നത്. പ്രമുഖ താരങ്ങളും കോച്ചുകളും എല്ലാം ടീം ഉപേക്ഷിച്ച് പോയിരിക്കുന്നു. ആരാധക വൃന്ദത്തിന്റെ ആരാധന തണുത്ത് ഉറഞ്ഞിരിക്കുന്നു. വമ്പന്‍ കോര്‍പ്പറേറ്റുകള്‍ ഏറ്റെടുത്തോ, മാനേജ്‌മെന്റില്‍ മാറ്റങ്ങള്‍ വരുത്തിയോ, പണം മുടക്കി വമ്പന്‍ താരങ്ങളെയും പരിശീലകരെയും ടീമിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. ഇത്രയും ആരാധക വൃന്ദത്തിന്റെ പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ പണം മുടക്കാന്‍ കഴിയുന്ന ഏതെങ്കിലും പുതിയ ഗ്രൂപ്പ് അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.
കിരീടം ചൂടി
ബാംഗ്ലൂര്‍ റോയല്‍
ഐപിഎല്ലിന്റെ 19-ാം സീസണ്‍ ഇതാ അവസാനിച്ചിരിക്കുന്നു.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി നടന്ന ഐപിഎല്‍ ഫൈനലില്‍ ശുഭ്മാന്‍ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ച് രജത്ത് പട്ടിദാര്‍ നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കിരീടം ചൂടി.

ഇത് ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീട നേട്ടമാണ്. ചേസ് മാസ്റ്റര്‍ ആയ കിംഗ് കോലി ഫൈനല്‍ മത്സരത്തില്‍ 42 പന്തുകളില്‍ നിന്ന് 75 റണ്‍സുകള്‍ നേടി ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചും ഐപിഎല്‍ കിരീടവും സ്വന്തമാക്കി. ഈ ഐപിഎല്ലിന്റെ കണ്ടെത്തല്‍ അത് തീര്‍ച്ചയായും ഇന്ത്യയുടെ അത്ഭുത കൗമാര ബാലന്‍ കേവലം 15 വയസ്സു മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയാണ്. തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ പരാജയപ്പെട്ടെങ്കിലും ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ്, മാന്‍ ഓഫ് ദ സീരീസ്, സൂപ്പര്‍ സ്‌ട്രൈക്കര്‍, ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിക്കുന്ന താരം, എന്നീ റെക്കോര്‍ഡുകള്‍ ഈ ഐപിഎല്ലില്‍ വൈഭവ് സ്വന്തമാക്കി. 16 ഇന്നിങ്‌സുകളില്‍ നിന്ന് 72 സിക്‌സറുകളും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറി യും അടക്കം മൊത്തം 776 റണ്‍സുകളാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഈ ബാലനെ ഇനിയും അവഗണിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് കഴിയില്ല. അടുത്ത പരമ്പരയില്‍ തന്നെ ഇന്ത്യന്‍ കുപ്പായമണിഞ്ഞ വൈഭവിനെ നമ്മള്‍ക്ക് കാണാന്‍ കഴിയും. ടൂര്‍ണമെന്റില്‍ മൊത്തം 29 വിക്കറ്റുകള്‍ നേടി, 28 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിനെ മറികടന്ന് കാഗിസോ റബാഡ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കി. വൈഭവിനെ പോലെയുള്ള കൗമാര താരങ്ങളോട് കിടപിടിച്ച് ഇപ്പോഴും ട്വന്റി20 ക്രിക്കറ്റില്‍ മുന്നില്‍ നിന്ന് കളിക്കാനും തന്റെ ടീമിന് കിരീടം നേടിക്കൊടുക്കുന്നതിനും താന്‍ ഇപ്പോഴും പ്രാപ്തനാണെന്ന് വിരാട് കോലി തെളിയിച്ചു. 14 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികൾ അടക്കം 477 റണ്‍സുകള്‍ നേടി മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, മറ്റു ചെന്നൈ താരങ്ങളുടെ പ്രകടനം ശരാശരിക്ക് താഴെ ആയതിനാല്‍ ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ രണ്ടു സെഞ്ച്വറികള്‍ നേടിയ ഏകതാരവും സഞ്ജു സാംസനാണ്.വൈഭവ് സൂര്യവംശി എന്ന കൗമാര താരം ഒരു ശുക്രനക്ഷത്രമായി ഇന്ത്യന്‍ ക്രിക്കറ്റ് വാനത്തില്‍ തെളിഞ്ഞിരിക്കുന്നു. ആയത് ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും പ്രകാശം പടര്‍ത്തി ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയര്‍ത്തുമെന്ന് വൈഭവിന്റെ ഇത്തവണത്തെ ഐപിഎല്‍ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ച്ചയായും നമുക്ക് ഉറപ്പിക്കാം






