എത്ര ഇടിച്ചു താഴ്ത്താന്‍ ശ്രമിച്ചാലും സംഘടനാ പ്രവര്‍ത്തനം നടത്തും

കൊച്ചി: കുലംകുത്തികളും സ്വാര്ത്ഥതാല്പര്യം നടപ്പിലാക്കാന്‍ പരിശ്രമിക്കുന്ന ദുഷ്ടശക്തികളും എത്രയേറെ ഇടിച്ചു താഴ്ത്താന്‍ ശ്രമിച്ചാലും ചന്ദ്രനില്‍ ഈഴവരുണ്ടെങ്കില് അവിടെയും നേരിട്ടുപോയി സംഘടനാപ്രവര്‍ത്തനം നടത്തുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പദ്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നതിന് എറണാകുളം ടൗണ്‍ഹാളില്‍ കേരള കൗമുദി സംഘടിപ്പിച്ച പദ്മകാന്തി ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ശാഖയില്‍ പോലും പ്രവൃത്തിപരിചയമില്ലാത്ത താന്‍ ഒരിക്കലും എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി ആകാന്‍ ആഗ്രഹിച്ചുമില്ല, ആരുടെയും പിന്നാലെ നടന്നുമില്ല. ചിലര്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച ചുമതലയാണ്. സ്വാമി ശാശ്വതികാനന്ദയും കേരള കൗമുദി പത്രാധിപരായിരുന്ന എം.എസ്. മണി മുന്‍നിരയിലും വി.എസ്. അച്യുതാനന്ദന് പിന്നണിയിലും നിന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. തന്റെ ഗുണമല്ല എതിരാളിയുടെ ദോഷം കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. കണിച്ചുകുളങ്ങര ഹൈസ്കൂളില്‍ ആദ്യ കെ.എസ്.യു ചെയര്‍മാനായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ജന്മികുടുംബത്തില് ജനിച്ച് സമ്പന്നതയില്‍ വളര്‍ന്നിട്ടും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഇരുപതാംവയസ്സില്‍ സാമൂഹ്യപ്രവര്‍ത്തനവും ആരംഭിച്ചു. പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളില്‍ നേരിട്ടു പോയി അവര്‍ക്കൊപ്പം ചിക്കുപായയിലിരുന്ന് ദുഃഖദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. രാജ്യം പദ്മഭൂഷണ്‍ നല്കി ആദരിച്ചെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഈ സമുദായത്തിലെ ഓരോ പ്രവര്‍ത്തകനും അവകാശപ്പെട്ടതാണ്. സിനിമാനടന് മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ ലഭിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിനയത്തിനും കഴിവിനുമുള്ള അംഗീകാരമാണ്. വെള്ളാപ്പള്ളി നടേശന് ലഭിച്ചത് സമുദായത്തിലെ ഓരോ അംഗത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിനും അര്‍പ്പണബോധത്തിനുമുള്ള അംഗീകാരമാണ്. ഈ അവാര്‍ഡിന്റെ പേരില്‍ കേരളകൗമുദി ഏര്‍പ്പെടുത്തിയ സ്വീകരണത്തിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നില്ല. കാരണം നിനച്ചിരിക്കാത്ത നേരത്ത് എസ്.എന്‍.ഡി.പി യോഗത്തിന്റെ അമരക്കാരനായി അവരോധിക്കാന്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ച കേരളകൗമുദിക്ക് അതിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിന് കേവലം നന്ദിവാക്കുകള്‍ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സമ്മേളനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അദ്ധ്യക്ഷനായി. കേരള കൗമുദി അസോസിയേറ്റ് എഡിറ്റര്‍ വി.എസ്. രാജേഷ് ആമുഖപ്രഭാഷണവും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തി. കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, ഡെപ്യൂട്ടിമേയര്‍ ദീപക് ജോയി, ഹൈബിഈഡന് എം.പി., എം.എല്‍.എ. മാരായ കെ. ബാബു, ടി.ജെ. വിനോദ്, കെ.എന്‍. ഉണ്ണിക്കൃഷ്ണന്, സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ അഡ്വ. സംഗീത വിശ്വനാഥന്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, ശ്രീനാരായണ വേള്‍ഡ് മിഷന് ചെയര്മാന് പി.എസ്. ബാബുറാം, എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന് ചെയര്മാന് മഹാരാജാ ശിവാനന്ദന്, കണ്‍വീനര്‍ എം.ഡി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂര്‍ യൂണിറ്റ് ചീഫുമായ പ്രഭുവാര്യര്‍ സ്വാഗതവും ബ്യൂറോ ചീഫ് ടി.കെ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.






