സമുദായ നീതി എല്ലാവര്ക്കും ലഭിക്കണം

തൃശൂര്‍: ഈഴവര്‍ക്ക് ഭൂരിപക്ഷമുള്ളയിടങ്ങളില്‍ പോലും ന്യൂനപക്ഷങ്ങളെ സ്ഥാനാര്ത്ഥികളാക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പിന്നിട്ടതിന്റെയും രാജ്യം പദ്മഭൂഷണ്‍ നല്കി ആദരിച്ചതിന്റെയും ഭാഗമായി എസ്.എന്‍.ഡി.പി യോഗം മണ്ണുത്തി യുണിയന്‍ പുത്തൂര്പുഴയോരം കണ്വെന്ഷന് സെന്ററില്‍ നല്കിയ സ്വീകരണത്തില്‍ നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈഴവന് ജാതി പറയരുത്, മറ്റുള്ളവര്‍ക്ക് പറയാം. ഈഴവര്‍ ഉയര്‍ന്ന് വരുന്നത് കണ്ടാല്‍ ജാതി പറഞ്ഞു വ്യക്തിഹത്യ നടത്താന്‍ സംഘടിത ശ്രമമാണ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ആര്.ശങ്കര്‍, വി.എസ്.അച്യുതാനന്ദന്, കെ.ആര്.ഗൗരിയമ്മ, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരെല്ലാം ഇതിന്റെ ഇരകളാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മറന്ന് അച്ചടക്കത്തോടെ വളരാന്‍ ഈഴവര്‍ക്ക് സാധിക്കണം. സമുദായ നീതി എല്ലാവര്ക്കും ലഭിക്കണം. അധികാരം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മേഖലകളില്‍ അര്‍ഹമായ പ്രാതിനിധ്യം വേണം.
മന്ത്രി കെ.രാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. യോഗം ജനറല്‍ സെക്രട്ടറി ഭദ്രദീപം തെളിച്ചു. യൂണിയന് പ്രസിഡന്റ് ഇ.കെ.സുധാകരന് അദ്ധ്യക്ഷനായി. ഗുരുദേവന്റെ ഛായാചിത്രത്തിന് മുന്നില്‍ യൂണിയന് വനിതാസംഘം പ്രസിഡന്റ് ബീന ടീച്ചര്‍ ഭദ്രദീപം തെളിച്ചു. എസ്.എന്‍.ഡി.പി യോഗം മണ്ണുത്തി യൂണിയന് സെക്രട്ടറി ബ്രുഗുണന്‍ മനയ്ക്കലാത്ത്, മണ്ണുത്തി യൂണിയന് മുന്‍ കൗണ്‍സിലര്‍ സുന്ദരന്‍ കുന്നത്തുള്ളി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാര്‍,യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്തു ചന്ദ്രന്, ശിവദാസന്‍ താമരശ്ശേരി, എന്‍.കെ.രാമന്, രാജേഷ് തിരുത്തോളി, ജനാര്ദ്ദനന് പുളിങ്കുഴി, കുമാരി രമേശന്, അഡ്വ. എം.എന്‍.ശശിധരന്,കെ.എസ്.രമേശന്, പി.എം.ജിമിത്ത്, കെ. എസ്.വിനൂപ്, ഇ.പി.പ്രശാന്ത്, സുബീഷ് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.

റീഗല്‍ ജ്വല്ലറി ചെയര്മാന് ശിവദാസന്‍ താമരശേരി, ഒല്ലൂര്‍ ഭവന നിര്‍മ്മാണ സംഘം പ്രസിഡന്റ് ശശി പോട്ടയില്‍, സയന്റിഫിക് വാസ്തു കണ്‍സള്‍ട്ടന്റ് ഡോ.നിശാന്ത് തോപ്പില്‍, കര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് കെ.എം.സജീഷ്കുമാര്‍, കേരള ഹോംസ് ട്രഡീഷണല്‍ എക്സ്പര്‍ട്ട് പി.എസ്.രമേഷ്, ചിറക്കാകോട് എസ്.എന്‍.ഡി.പി യോഗം ശാഖ സെക്രട്ടറി സത്യഭാമ ടീച്ചര്‍, വെറ്ററിനറി യൂണിവേഴ്സിറ്റി റിട്ട.പ്രൊഫ ഡോ.എം.കെ.രാജഗോപാല്‍,പുഴയോരം കണ്വെന്ഷന് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ മനോജ് കുമാര്‍ വായ്ക്കാട്ടില്‍, കിഴക്കേകോട്ട റോസ് ഫുഡ് കാറ്ററിംഗ് ഉടമ ടി.എം.പ്രകാശന്, കോര്പറേഷന് ജനത ട്രേഡിംഗ് രാമചന്ദ്രന് താമരശ്ശേരി എന്നിവരെ വെള്ളാപ്പള്ളി നടേശന് പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് ഇ.കെ.സുധാകരന് പതാക ഉയര്‍ത്തി. നൃത്താവിഷ്കാരവും ഉണ്ടായിരുന്നു.






