നീതിക്ക് നിരക്കാത്ത അമിത പ്രാതിനിധ്യ കുത്തക
വഴിനടക്കാനും തുണിയുടുക്കാനും മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി കേരളത്തിലെ അടിസ്ഥാന ജനതയായ ജാതിബാഹ്യരായ അവര്‍ണര്‍ തുടങ്ങിയ പോരാട്ടങ്ങളെയാണ് കേരള നവോത്ഥാനം എന്നു പറയുന്നത്. കണ്ണില്‍ ചുണ്ണാമ്പെഴുതലും വൃഷണങ്ങളും ജനനേന്ദ്രിയങ്ങളും തകര്‍ക്കലുമെല്ലാം ബ്രാഹ്മണ്യത്തിന്‍ കുപ്പിണിയായ ജാതിക്കോമരങ്ങള്‍ അവര്‍ണസമരക്കാര്‍ക്കെതിരേ പ്രയോഗിച്ചു. ജാതിമര്‍ദ്ദനങ്ങളില്‍ മരണപ്പെട്ടവരുടെ കണക്കുകളൊന്നും അക്കാലത്തെടുത്തിരുന്നില്ലല്ലോ.
ഇന്നത്തെ ദേവസ്വംബോർഡിലും പൊതുസേവനരംഗത്തും ജാതിഹിന്ദു കുത്തക പെരുകുന്നു. മലയാളി മെമ്മോറിയലിലൂടെ പ്രാതിനിധ്യവാദം പറഞ്ഞ് അധികാരത്തിലേറിയവര്‍, അവര്‍ണര്‍ കടക്കാത്ത കോട്ടയായി അതിനെ കുത്തകയാക്കി. അധികാരം ഏതാനും മലയാളി കുലീനരിലേക്കു കേന്ദ്രീകരിക്കുകയാണിന്ന് വീണ്ടും. സവര്‍ണ സാമ്പത്തിക സംവരണത്തിലൂടെ നടക്കുന്ന വര്‍ത്തമാന അട്ടിമറി ഇന്ത്യന്‍ ഭരണഘടനയെ പോലും തരിപ്പണമാക്കുന്നു. ലോകത്തെ ജനായത്തത്തിനു തന്നെ ഭീഷണിയാണ് ഒളിഗാര്‍ക്കി. മാനവരാശിക്കു ഭീഷണിയായ ആ അന്തകവിത്തും അര്‍ബുദവുമാണ് ഭേദഗതി 103 ലൂടെ നമ്മുടെ ഭരണഘടനയിലേക്കു കുത്തിയിറിക്കിയിരിക്കുന്ന കഠാര.
സാമൂഹ്യ നീതിയേയും സാമുദായിക പ്രാതിനിധ്യത്തേയും ഊന്നുന്ന അടിസ്ഥാന ഘടനയ്ക്കു കടകവിരുദ്ധമാണ് മുന്നാക്കമെന്ന അമിത പ്രാതിനിധ്യമുള്ളവര്‍ക്കുമാത്രം കൊടുക്കുന്ന സാമ്പത്തിക സംവരണം. കെ. ആര്‍. നാരായണന്‍ വിഷ്വല്‍ ആര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും എറണാകുളം ലോകോളേജിലും കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലുമെല്ലാം നടമാടിയ ജാതിക്കുത്തക ഭരണങ്ങള്‍ നാം 2022-23 കാലത്തു കണ്ടു. രാഷ്ട്രീയ പ്രാതിനിധ്യമെന്ന അടിസ്ഥാന ജനായത്ത പ്രക്രിയക്കും സംസ്‌കാരത്തിനും നീതിക്കും നിരക്കാത്തതാണീ അമിത പ്രാതിനിധ്യ കുത്തക. ജാതിഹിന്ദുക്കള്‍ എല്ലാ പൊതുസേവന വിദ്യാഭ്യാസ രംഗങ്ങളിലും അമിതപ്രാതിനിധ്യത്തിലിരിക്കവേയാണ് ഈ അമിതാധികാര കവര്‍ച്ച.
ഏതാനും വരേണ്യരുടെ രാഷ്ട്രീയാധികാര കുത്തകഭരണം എന്ന ഒളിഗാര്‍ക്കിയെയാണ് ഗുരു 1924ല്‍ തന്നെ ഇങ്ങനെ വിലക്കപ്പെട്ട പാല്‍പ്പായസ രൂപകത്തിലൂടെ വിമര്‍ശ വിചാരവും വിചാരണയും നടത്തിയത്. 1930 കളുടെ തുടക്കത്തില്‍ വട്ടമേശസമ്മേളനത്തിനായി തയ്യാറാക്കിയ കരടു ഭരണഘടനയിലാണ് അംബേദ്കര്‍ കേവല ഭരണമാറ്റം ഒളിഗാര്‍ക്കിയുടെ അഥവാ ജാതിഹിന്ദുവരേണ്യരിലേക്കുള്ള ഭരണകൈമാറ്റമാകുമെന്ന മുന്നറിയിപ്പു തന്നത്. അതിനും ശേഷം 1935 ഓടെയാണ് ഇറ്റാലിയന്‍ ചരിത്രവുമായി ബന്ധപ്പെടുത്തി അന്റോണിയോ ഗ്രാംഷി ഒളിഗാര്‍ക്കിയെ കുറിച്ച് വിശദീകരിച്ചത്. ലോകത്തെ ഫാസിസത്തിന്റെനിശിതവിമര്‍ശമാര്‍ന്ന, സ്ഥിതിസമത്വ ജനായത്തവുമായി ബന്ധപ്പെട്ട രാഷ്ട്രീയചിന്തയും രാഷ്ട്രമീമാംസയുമായി താരതമ്യം ചെയ്യുമ്പോഴും ഗുരുവിന്റെ ക്രാന്തദര്‍ശിത്തത്തെ അടയാളപ്പെടുത്തുന്നതാണ് രാഷ്ട്രീയപ്രാതിനിധ്യമെന്ന പാല്‍പ്പായസരൂപകം. ഒന്നിലധികം അര്‍ത്ഥസൂചനാതലങ്ങളതിനുണ്ട്. അതിനെ കുലീനര്‍ മാത്രം കുത്തകയാക്കി കോളനീകരിക്കുമ്പോള്‍ അത് വിലക്കപ്പെട്ട പാല്‍പ്പായസമാകും. രാഷ്ട്രീയാധികാരവും പ്രാതിനിധ്യവും തന്നെയാണത്. അതിനെ ബഹുജനങ്ങള്‍ എടുത്തു കുടിക്കുമ്പോള്‍ അത് പ്രാതിനിധ്യത്തിന്റെ പൊന്‍വഴിയാകും. ജനായത്തപരമായ മധ്യമാര്‍ഗത്തേയും പ്രാതിനിധ്യചിന്തയേയും പായസരൂപകം വിമോചനാത്മകമായി സൂചിപ്പിക്കുന്നു.

ചക്കയെ കുറിച്ച് ഗുരു പറഞ്ഞപോലെ പൊന്‍പഴമാണത്. മുറിച്ചാല്‍ പുത്തരുടെ കാലടികള്‍ പിന്തുടര്‍ന്ന അശോകരുടെ ധമ്മചക്കത്തെ (പാലി) പോലെ കാണപ്പെടുന്നതുകൊണ്ടാണ് പ്ലാവിന്‍ പഴത്തിന് പ്ലാങ്ങയെന്നല്ലാതെ ചക്ക എന്ന പേരും വാക്കും കേരളത്തിലുണ്ടായത്. പ്രാചീന അശോകന്‍ ഭിക്ഷുക്കൾ ഈ മരത്തേയും കുരുവിനേയും ഏഷ്യയിലെമ്പാടും പരത്തിയത്. ചക്കമെന്ന പദം നാട്ടുപേരുകളിലും കുടിപ്പേരുകളിലും കുടുംബപ്പേരുകളിലും നിറയുന്നു. ചക്കളം, ചക്കുളം, ചക്കംപള്ളി, ചക്കശേരി, ചക്കമ്പുറം, ചക്കംപുഴ, ചക്കിയത്ത്, ചക്കാലയ്ക്കല്‍ എന്നിങ്ങനെ. ചക്കമുടി ചൊക്കമുടിയായും ചൊക്രമുടിയുമായും നിലനില്‍ക്കുന്നു ബോധിമലനിരകളതിരിട്ട മൂന്നാറ്റില്‍.ചക്കാലക്കല്‍, ചാക്കാല, ചാക്കോള എന്നെല്ലാമുള്ള കുടുംബപ്പേരുകളും ധർമ്മചക്കവും അതുവച്ച വേദികയുള്ള ആലമരമെന്ന പോതിമരവും ചേര്‍ന്നുണ്ടായതാണ്. ചക്കിയെന്ന പേരും ധമ്മചക്കത്തില്‍ നിന്നും ബുദ്ധിസത്തില്‍ നിന്നും ഉണ്ടായതാണ്. ബ്രാഹ്മണികവംശങ്ങള്‍ ആധുനികകാലത്ത് ഏറ്റവും ഇകഴ്ത്തിയ പേരുകളിലൊന്നാണ് ചക്കിയും ചങ്ങരനും. കോതയെന്ന ഗോതമയെ ഏതപ്പാ കോതമംഗലമാക്കിയ പോലെ പോലെ ചക്കിക്കൊത്തൊരു ചങ്ങരനെന്ന വായ്ത്താരിയുമുണ്ടാക്കി. ചക്കി ബോധിസത്വരൂപമായ താരയും ചങ്ങരന്‍ ചങ്ങത്തിന്റെ അഥവാ സംഘത്തിന്റെ നായകനായ ബുദ്ധനും തന്നെ. കോത്താഴവും കോതയും പോലെ ഗോതമരെ ഇകഴ്ത്തിയ ഊരുപേരുകള്‍ ഏറെയാണ്. തിരു ഗോതമപുരയായ ഇന്നത്തെ തൃഗൌതമപുരമാണ് കോതയുടെ അഥവാ ഗോതമരുടെ പുരയും അയവുമായ കോതായം എന്ന കോട്ടയം. കോത്താഴത്തുകാരെയും കിളിരൂരുകാരേയും കളിയാക്കിയിരുന്നത് അവര്‍ ആധുനികകാലം വരെ ബൗദ്ധരായിരുന്നതുകൊണ്ടാണ്. ബ്രാഹ്മണിക, മഹായാന നോക്കുപാടില്‍ വെറും മ്ലേഛരും ഹീനരും ശൂന്യരുമായ ഹീനയാനികള്‍ എന്നു വിളിക്കപ്പെട്ട യഥാര്‍ഥ ബൗദ്ധരായ തേരവാദികള്‍. തെറാപി, തെറപ്യൂട്ടിക്, തിയറി എന്നീ യൂറോപ്യന്‍ വാക്കുകള്‍ പോലും തേരവാദത്തില്‍ നിന്നുമുണ്ടായതാണെന്ന് ഡോ. പല്‍പ്പുവടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിന്ധുമഹാസാഗരത്തെ കളിത്തൊട്ടിലാക്കിയ തികഞ്ഞ ലോകസഞ്ചാരികളും ലോകപൗരരുമായിരുന്നു തന്റെ ബൗദ്ധപൂര്‍വീകരെന്നും പല്‍പ്പുവെഴുതി. സ്വന്തം ചരിത്രം പോലും മറക്കുന്ന ജനതകള്‍ക്ക് മനുഷ്യാവകാശങ്ങളും പൗരത്വവും നഷ്ടമാകുന്നു. ഹിന്ദുവായിമാറാന്‍ വെമ്പിനടക്കുന്ന അവര്‍ണരോട് അടിമ തങ്ങളെ ബന്ധിപ്പിക്കുന്ന ചങ്ങല സ്വന്തമെന്നു കരുതുന്നതുപോലെയാണതെന്നാണ് സഹോദരനെഴുതിയത്. മനുഷ്യരാവുക, മനുഷ്യര്‍ നന്നാവുക, പാല്‍പായസമെന്ന രാഷ്ട്രീയപ്രാതിനിധ്യാവകാശം കോരിക്കുടിക്കുക എന്നതായിരുന്നു ഗുരുവരുള്‍.
വൈക്കം പോരാട്ടം
നൂറ്റാണ്ടു പിന്നിടുമ്പോള്‍
മറവിയെ മറികടക്കുന്ന പോരാട്ടമാണ് ഇന്ന് തെന്നിന്ത്യയില്‍ നടക്കുന്നത്. 2023 മാര്‍ച്ച് ആറിന് തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ തെന്നിന്ത്യയിലെ രണ്ടു തലയെടുത്ത മുഖ്യമന്ത്രിമാരായ സ്റ്റാലിനും പിണറായി വിജയനും ഒന്നുചേര്‍ന്ന് മാറുമറയ്ക്കല്‍ സമരത്തിന്റെ ഇരുനൂറാം വാര്‍ഷികം ആഘോഷിച്ചു. അവര്‍ണ സ്ത്രീകളുടെ മാറുമറയ്ക്കാന്‍ ജാത്യാചാരപരമായ വിലക്കുണ്ടായിരുന്നു പഴയ തിരുവിതാംകൂറിന്റെ ഭാഗമായ നാഞ്ചില്‍നാട്ടിലും. ആധുനികതയുടെ സമ്മിശ്ര സന്ദര്‍ഭത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം നടന്ന വിപുലമായ ജനകീയ പോരാട്ടങ്ങളിലൂടെയാണ് അവര്‍ണ ജനത തുണിയുടുക്കാനും വഴിനടക്കാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ നേടിയത്. അവരെ തല്ലിയൊതുക്കിയതും ഇത്തരം സാമൂഹ്യമാറ്റത്തെ തടഞ്ഞതും മലയാളി കുലീനരായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ തന്നെ അവര്‍ ആംഗലവിദ്യാഭ്യാസവും അതുവഴി പ്രാതിനിധ്യവാദവും ഉപയോഗിച്ച് തിരുവിതാംകൂര്‍ സര്‍വീസില്‍ അധികാര കുത്തക രൂപീകരിക്കുകയും ചെയ്തു. മാത്രമല്ല അവര്‍ണരുടെ പ്രാതിനിധ്യത്തെ മര്‍ദ്ദിച്ചൊതുക്കുകയും ചെയ്തു.

സനാതന വര്‍ണാശ്രമധര്‍മമാണ് ഈ ജാതിവിലക്കുകളും ഉച്ചനീചത്വങ്ങളും മതാധികാരപരമായി സ്ഥാപിച്ച് സമൂഹത്തെ വെട്ടിമുറിച്ചു വേര്‍തിരിച്ചതെന്ന് പിണറായി അവിടെ പറഞ്ഞു. മാധ്യമങ്ങള്‍ അതു റിപ്പോട്ടു ചെയ്തു. നാടാര്‍ സമുദായത്തില്‍ നിന്നുയര്‍ന്നു വന്ന അയ്യാവൈകുണ്ഠസാമിക്കും തന്റെ പ്രസ്ഥാന നായകനായ പെരിയോറിനും ഒപ്പം തമിഴക തലവനായ സ്റ്റാലിന്‍ അവിടെ മിഷനറിയും ബ്രിട്ടീഷ് ഭരണാധികാരിയുമായ കേണല്‍ മണ്‍റോയുടെ പേരും പറഞ്ഞു. തിരുവിതാംകൂറിലെ ജാതിയാല്‍ താഴ്ത്തപ്പെട്ട തൊട്ടുകൂടാത്തവരാക്കി മാറ്റപ്പെട്ട ഏഴജനതകള്‍ ഓര്‍മിക്കേണ്ട പേരാണ് മണ്‍റോ സായിപ്പിന്റേതെന്നും അദ്ദേഹത്തിന്റെ ജീവചരിത്രം കേരളഭാഷയില്‍ എഴുതേണ്ടതാണെന്നും ആദ്യം എഴുതിയത് അരനൂറ്റാണ്ടു മുമ്പ് തന്റെ ആത്മകഥയായ ജീവിതസമരത്തില്‍ സി. കേശവനെന്ന അവര്‍ണനായ ഗുരുശിഷ്യനായ ആദ്യ തിരുകൊച്ചി മുഖ്യമന്ത്രിയും ജനനേതാവുമാണ്.
1803 ലായിരുന്നു തിരുവിതാംകൂറിലെ മുലക്കരം അവസാനിപ്പിച്ച ചേര്‍ത്തല നങ്ങേലി എന്ന ധീരയായ ഈഴവ സ്ത്രീയുടെ രക്തസാക്ഷിത്തം. 1806 ലായിരുന്നു ദളവാക്കുളം പോരാട്ടവും തമ്പിക്കുവേണ്ടി വൈക്കം പപ്പന്‍, കുഞ്ചി പിള്ളമാര്‍ നടത്തിയ കൂട്ടക്കൊലയും വംശഹത്യാപരമായ നരമേധങ്ങളും. 1820 കളില്‍ തുടങ്ങി 1859 ലെ തിരുവിതാംകൂര്‍ വിളംബരം വരെ നീണ്ട ഏതാണ്ട് അരനൂറ്റാണ്ടു നീണ്ട പോരാട്ടത്തിലൂടെയാണ് നാടാര്‍ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ജാതിഹിന്ദു സവര്‍ണതയോടും വര്‍ണാശ്രമധര്‍മത്തോടുമുള്ള തീവ്ര സമരം നാഞ്ചിനാട്ടില്‍ വിജയിപ്പിച്ചത്. നായന്മാരും അവര്‍ വേലുത്തമ്പിയുടെ കാലത്തോടെ കുത്തകയാക്കിയ നായന്‍പടയുമായിരുന്നു ജനങ്ങളെ വേട്ടയാടിയത്. സമകാലത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ നട്ടുച്ചയില്‍ ആറാട്ടുപുഴ നടത്തിയ ജാതിവിരുദ്ധ മനുഷ്യാവകാശ പോരാട്ടങ്ങളേയും മര്‍ക്കടമുഷ്ടിയും ജാതിവാലും വളഞ്ഞുകോര്‍ത്ത കോമ്പല്ലുമുപയോഗിച്ച് എതിര്‍ത്തത്തും വ്യവഹാരവഴക്കുകള്‍ നടത്തിയതും നായന്മാരായിരുന്നു. മനുസ്മൃതിയുടേയും പുരാണങ്ങളുടേയും കാലാളുകളായി ശൂദ്രര്‍ ചമഞ്ഞുവശായ ചരിത്രപരമായ ദുരന്തവും മലയാളികുലീനതയുടെ വിരോധാഭാസവും. ബ്രാഹ്മണരേക്കാള്‍ വലിയ സനാതനഹിന്ദുക്കളായി അക്ഷരവും ഭാഷണവും പോലും നിഷേധിക്കപ്പെട്ട് ചെവിയില്‍ ഈയമൊഴിക്കപ്പെട്ട നാവറുക്കപ്പെട്ട പാദജര്‍ നമ്പൂരിത്തത്തിന്‍ നല്ലപിള്ളചമഞ്ഞു ചരിതാര്‍ഥ്യരായി. ബ്രാഹ്മണ്യം കൊലച്ചിരി തുടരുന്നു.

അടുത്തകാലത്ത് ഭ്രമയുഗമെന്ന കലിയുഗത്തില്‍ കണ്ടതുമതാണ്. നീതിയടിയാള്‍, യേശുവടിയാള്‍, ശകുന്തളാദേവി എന്നിങ്ങനെ നിരവധി നാടാര്‍ വനിതകള്‍ ജാതിഹിന്ദുക്കളുടെ കിരാത മര്‍ദ്ദനത്തിനിരയായി രക്തസാക്ഷിത്തം വരിച്ചു. നങ്ങേലിയേയും ആറാട്ടുപുഴയേയും പോലെ അവര്‍ക്കും സ്മാരകങ്ങള്‍ ജനകീയ സര്‍ക്കാരുകള്‍ സമുചിതം നിര്‍മിക്കേണ്ടതാണ്. കേവലം സമ്മേളനങ്ങളില്‍ മാത്രം ഒതുക്കാവുന്ന ജീവിതസമര സംഭാവനകളല്ല അവര്‍ നടത്തിയത്.

ബ്രാഹ്മണ്യ ജാതിഹിന്ദുത്തം പത്താം നൂറ്റാണ്ടോടെ വിഴുങ്ങിയ കേരള സമൂഹത്തേയും തെന്നിന്ത്യന്‍ നാഗരീകത്തേയും ആധുനികമായും ജനായത്തപരമായും പുതുക്കിയെടുത്തു സ്ഥാപിച്ചത് ഈ നീതിബോധവും മനുഷ്യത്തവുമുള്ള പൗരാവകാശബോധവുമുള്ള അടിസ്ഥാന അവര്‍ണ ജനതയാണ്. ബ്രാഹ്മണ്യത്തിനും ജാതിക്കും വഴങ്ങാത്ത ബൗദ്ധരാണവര്‍. മഹാബലിയെ എന്നപോലെ ചതിയില്‍ ചവിട്ടിത്താഴ്ത്തി വെട്ടിമൂടി മറച്ചുവച്ചിരിക്കുകയാണ് കേരളത്തിന്റെ അശോകന്‍ നാഗരീക സഭ്യത. വഴിനടക്കാനും തുണിയുടുക്കാനും മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി കേരളത്തിലെ അടിസ്ഥാന ജനതയായ ജാതിബാഹ്യരായ അവര്‍ണര്‍ തുടങ്ങിയ പോരാട്ടങ്ങളെയാണ് കേരള നവോത്ഥാനം എന്നു പറയുന്നത്. കണ്ണില്‍ ചുണ്ണാമ്പെഴുതലും വൃഷണങ്ങളും ജനനേന്ദ്രിയങ്ങളും തകര്‍ക്കലുമെല്ലാം ബ്രാഹ്മണ്യത്തിന്‍ കുപ്പിണിയായ ജാതിക്കോമരങ്ങള്‍ അവര്‍ണസമരക്കാര്‍ക്കെതിരേ പ്രയോഗിച്ചു. ജാതിമര്‍ദ്ദനങ്ങളില്‍ മരണപ്പെട്ടവരുടെ കണക്കുകളൊന്നും അക്കാലത്തെടുത്തിരുന്നില്ലല്ലോ.
1925 ലെ സവര്‍ണജാഥ പോലെ മര്‍ദ്ദനമൊന്നുമേല്‍ക്കാത്ത സുഖജാഥ നയിച്ച് പല മലയാളി കുലീനരും പതിറ്റാണ്ടുകള്‍ക്കു ശേഷം നവോത്ഥാനത്തിന്‍ ഗുണഭോക്താക്കളായി വന്ന് അതിനെയും ദേവസ്വംബോര്‍ഡുപോലെ കുത്തകയാക്കാനാഞ്ഞു. കുത്തകക്കാരായ വരേണ്യരുടെ വാഴ്ച്ചയല്ലോ ഒളിഗാര്‍ക്കി. ഇന്നു കേരളം വിഴുങ്ങുന്നതും ഈ കുലീന ഒളിഗാര്‍ക്കിയാണ്. ദേവസ്വംബോര്‍ഡുപോലെ ഒറ്റജാതിയുടെ കുത്തകഭരണമാണത്. ഇന്നവരുടെ ചിത്രങ്ങളും ബിംബങ്ങളുമാണ് കോണ്‍ഗ്രസ് പോസ്റ്ററുകളില്‍ നിറയുന്നത്. കാക്കിനാദയിലും മറ്റും പോയി ഗാന്ധിജിയെ പലവട്ടം കണ്ടു സംസാരിച്ചു കേരളത്തില്‍ കൊണ്ടുവന്ന ടി. കെ. മാധവനെന്ന ഗുരുശിഷ്യനെ പോലും തമസ്‌കരിക്കുന്ന തരത്തിലേക്ക് സവര്‍ണചരിത്രാന്ധ്യവും മാധ്യമ അക്കാദമിക മുഖ്യധാരയും കൂപ്പുകുത്തിക്കഴിഞ്ഞു.
ഗുരുവിന്റെ വണ്ടി വിലക്കിയതാണ് ടി. കെ. മാധവനെ സഞ്ചാര സ്വാതന്ത്ര്യത്തിനായി ദേശീയതലത്തില്‍ തന്നെ ഇടപെടാന്‍ പ്രേരിപ്പിച്ചത്. ഗുരുപോലും തനിക്ക് ഒരു വടിവേണമെന്നു പറഞ്ഞകാലം. തന്നെ തല്ലാന്‍ വര്‍ക്കലയില്‍ വരുന്ന വിരോധികള്‍ വടിതേടി വിഷമിക്കരുതല്ലോ. ഗുരുവിന്റെ അനുകമ്പയും നര്‍മവും വിരോധികളെ പോലും മാറ്റുന്നതാണ്. കോണ്‍ഗ്രസ് അജണ്ടയാക്കാന്‍ ഏറെവൈകിയ അടിസ്ഥാന സഞ്ചാര സ്വാതന്ത്ര്യവിഷയം കേരളത്തിലെ ബൗദ്ധപാരമ്പര്യമുള്ള സംഘക്കാരായ ഈഴവരാണ് ചുരുങ്ങിയത് ദളവാക്കുളം സമരകാലം മുതലെങ്കിലും ആധുനികകാലത്ത് മിഷനറി ഇടപെടലിനും മുമ്പ് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും സമരമുഖങ്ങളിലും സജീവമാക്കിയതും അതിനായി ജീവനര്‍പ്പിച്ചതും. ദലിതരടക്കമുള്ള അവര്‍ണരെല്ലാം അതിനായി നിരന്തരം പോരാടി.
ഇഴചേര്‍ന്നതാണ് ഈഴം അഥവാ സംഘം. ഈഴത്തിന്റെ നാടായതു കൊണ്ടാണ് തമിഴില്‍ ശ്രീലങ്കയേയും ഈഴമെന്നു വിളിച്ചത്. കൂട്ടായി നില്‍ക്കുന്ന പൂങ്കുലകള്‍ ഇന്നും ഈഴമുല്ല, ഈഴക്കൊന്ന, ഈഴച്ചെമ്പകം എന്നിങ്ങനെ അറിയപ്പെടുന്നു. കൂട്ടുകൃഷി ഈഴകൃഷി എന്നുമറിയപ്പെടുന്നു. കൂട്ടമായി വളരുന്ന ചേമ്പിനും കേരളത്തില്‍ ഈഴച്ചേമ്പ് എന്നു പറയുന്നു. ഈഴവന്‍ ബൗദ്ധന്റെ പര്യായമാണെന്ന് നരവംശസാമൂഹ്യ ശാസ്ത്രകാരനായ പ്രൊഫസര്‍ എ. അയ്യപ്പന്‍ എഴുതുന്നു (അയ്യപ്പന്‍ എ. 2019). ഈഴം അഥവാ ഈളം ചേര്‍ന്ന പല കുടുംബ, സ്ഥലപ്പേരുകളും കുലീനത പള്ളികളെ പുള്ളിയും പിള്ളിയും വള്ളിയും ആക്കുന്ന പോലെ ഏഴവും ഈളവുമൊക്കെ ആക്കി മാറ്റി ചരിതാര്‍ഥ്യമാവുകയാണ്.
കോമലീഴവും പുത്തീഴവുമെല്ലാം ഏഴമാക്കി മാറ്റപ്പെട്ടു. ഈളംകാവും ഈളംകുളവും ഈളംപള്ളിയും എല്ലാം ഇളമാക്കിയും ഏലമാക്കിയും ഏഴമാക്കിയും മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ഇളമ്പളളിയും ഇളംകാവും ഏലംകുളവും ഏഴംകുളവും നോക്കുക. ചെറിയ സ്വര, ഉച്ചാരണ വ്യതിയാനത്തിലൂടെ വാക്കുകളുടെ ചരിത്രപരമായ അര്‍ത്ഥസൂചനകളെ, പ്രബുദ്ധതയുടെ അടയാളങ്ങളെ ഭാഷയില്‍ മാറ്റാന്‍ അധീശത്തത്തിനു കഴിയുന്നു. ഉച്ചാരണ, അക്ഷരശുദ്ധിയും വിദ്യാഭ്യാസ മാതൃഭാഷാ വാദങ്ങളും ഇതിനായി കുത്തകയാക്കുന്നു. ഭാഷാശുദ്ധിവാദത്തിലൂടെ വര്‍ണാശ്രമത്തെ ഉറപ്പിക്കുന്നു. ബഹുജന ബുദ്ധപാരമ്പര്യങ്ങളേയും ദ്രാവിഡപാരമ്പര്യങ്ങളേയും പാലിയേയും മായിക്കുന്നു. ജനതയെ സ്വന്തം ദ്രാവിഡ, പാലി പാരമ്പര്യങ്ങളില്‍ നിന്നും ചമക്രിതീകരണത്തിലൂടെ ഹൈന്ദവമാക്കി മാറ്റിയെടുക്കുന്നു. സംസ്‌കൃതീകരണമാണ് ഹൈന്ദവീകരണ ക്ഷുദ്രതയുടെ വലിയ സാംസ്‌കാരികകര്‍മപരിപാടി. പഴന്തമിഴിലും പാലിയിലും മാത്രമേ ബഹുജനങ്ങളുടെ വിമോചനം സാധ്യമാകൂ.

ദളവാക്കുളം രക്തസാക്ഷികള്‍ക്ക്
സ്മാരകം വേണം
200 നടുത്തുള്ള ഈഴവ യുവാക്കളാണ് 1806 ലെ സഞ്ചാര, ആരാധനാ സ്വാതന്ത്ര്യത്തിനായുള്ള ദളവാക്കുളം പ്രക്ഷോഭത്തില്‍ പങ്കെടുത്തു രക്തസാക്ഷികളായത്. അവരെ പാതിജീവനോടെ വെട്ടിക്കൂട്ടി കിഴക്കേനടയിലെ കുളത്തില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു തലക്കുളം തമ്പിയുടെ തിരുവിതാംകൂറിന്റെ നായന്‍പട്ടാളം. ദളവാ വേലുത്തമ്പിയുടെ തിട്ടൂരപ്രകാരം വൈക്കത്തെ സര്‍വാധികാര്യക്കാരായ കുഞ്ചുക്കുട്ടി പിള്ളയും പപ്പനാവപിള്ളയും കുതിരപ്പക്കി നായകനുമായിരുന്നു അതിനു കുപ്പിണികൂട്ടിയത്. ഇന്നും വൈക്കം സ്വകാര്യ ബസ് സ്റ്റാന്‍ഡു നില്‍ക്കുന്ന കിഴക്കേനട ഭാഗം ദളവാക്കുളം എന്നറിയപ്പെടുന്നു. 1539 ലാണ് അശോകകാലം മുതല്‍ ബൗദ്ധ പള്ളി അഥവാ ബുദ്ധവിഹാരമായിരുന്ന വൈക്കം അമ്പലത്തെ ബ്രാഹ്മണിക ഹൈന്ദവ ക്ഷേത്രമാക്കിയതെന്ന് പ്രാദേശിക ചരിത്ര രചയിതാക്കളായ എന്‍. കെ. ജോസും കലാചരിത്രകാരിയായ സ്റ്റെല്ലാ ക്രാംറീച്ചും ലേഖകനുമെല്ലാം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും തന്നെ എഴുതിയിട്ടുള്ളത്.
സത്യവും ചരിത്രവും തിരയുകയും നീതിബോധത്തോടെ പഠിക്കുകയും ചെയ്യുന്ന യുവജനങ്ങള്‍ക്ക് കാര്യം വ്യക്തമാകും. 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയും 1903 ലെ ധര്‍മപരിപാലനയോഗവും 1912 ലെ ശാരദാപ്രതിഷ്ഠയും സാധ്യമാക്കിയ നാരായണഗുരുവാണ് കേരളീയമായ നവോത്ഥാനത്തിന് മതേതരവും മാനവികവുമായ വിദ്യാഭ്യാസ സംഘടനാ തത്വചിന്തയും ഉള്‍ക്കാമ്പും ദാര്‍ശനീക നൈതിക ആധാരവും ഒരുക്കിയത്. ജാതിക്കും വര്‍ണാശ്രമത്തിനുമെതിരായ വലിയ സമരത്തില്‍ അദ്ദേഹം തലവനായി നിന്നണിനിരത്തിയ വമ്പിച്ച ശിഷ്യസമൂഹങ്ങളാണ് പല്പുവിലും മൂലൂരിലും കറുപ്പനിലും ആശാനിലും സഹോദരനിലും സി. വി. കുഞ്ഞിരാമനിലും മിതവാദിയിലും മാധവനിലും കൂടിയെല്ലാം കേരളം മുഴുവന്‍ സഞ്ചാര സ്വാതന്ത്ര്യസമരപരമ്പരകള്‍ അഴിച്ചുവിട്ടത്. മഹാത്മാ അയ്യങ്കാളിയുടേയും പൊയ്കയില്‍ അപ്പച്ചന്റെയും പോരാട്ടങ്ങളും മനുഷ്യാവകാശ സമരങ്ങളെ അടിത്തട്ടിലേക്കു ചാലകമാക്കി.
പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദര്‍ താമരശേരി ചുരമിറങ്ങി വരുന്നു എന്നു കേട്ടമാത്രയില്‍ കോഴിക്കോട്ടു തളിയിലെ വെടിമരുന്നറയ്ക്കു തീകൊളുത്തി തീപ്പെട്ടുപോയ പഴയ സാമൂതിരിയുടെ പിന്മുറക്കാരനിറക്കിയ തിട്ടൂരത്തെ മാത്രമല്ല മലബാര്‍ ബ്രിട്ടീഷ് കലക്ടറായിരുന്ന തോറന്‍ സായിപ്പിന്റെ ഉത്തരവുപോലും കാറ്റില്‍ പറത്തി നടത്തിയ മിതവാദിയുടെ 1917 ലെ തളിക്ഷേത്രവഴികളിലൂടെയുള്ള ഐതിഹാസികമായ കുതിരവണ്ടിയാത്രയും തീണ്ടല്‍പ്പലകയെടുത്തു കുളത്തില്‍ തള്ളിയതയുമെല്ലാം ഓര്‍ക്കാം. വൈക്കം കഴിഞ്ഞ് കണ്ണന്‍കുളങ്ങരയും തിരുവാര്‍പ്പും സഞ്ചാര സ്വാതന്ത്ര്യ സമരം നടത്തിയത് ടി. കെ. മാധവനാണ് (രവീന്ദ്രന്‍). തിരുവാര്‍പ്പില്‍ വച്ച് ജാതിഹിന്ദു മുട്ടാളന്മാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചോരതുപ്പിയാണ് അദ്ദേഹം 44 വയസ്സില്‍ 1930ല്‍ മരണമടഞ്ഞത്. അതിനുമുമ്പ് 1928 കാലത്ത് പാലായിലെ വൈദ്യഭവനത്തില്‍ ചികില്‍സിലായ തന്‍ ശിഷ്യനെ ചോരതുപ്പുന്ന രൂപത്തില്‍ ഒന്നു കാണാന്‍ പോലും ഗുരുവിനായില്ല.
പാശ്ചാത്യ ആധുനികതയുടെ ഇടപെടലുണ്ടായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മാറ്റം സാധ്യമാകുന്നത്. വിമോചനാത്മകമായ ഈ പാശ്ചാത്യ ജ്ഞാനോദയ ആധുനികതയെ തന്‍ ഗുരുക്കന്മാരായി കണ്ടാണ് നാരായണഗുരു 1914ല്‍ നമുക്കു സന്യാസം തന്ന നമ്മുടെ ഗുരുക്കന്മാരാണവര്‍, അവര്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ ജയിക്കാനായി നാമെല്ലാം പ്രാര്‍ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്യണം എന്നു പറഞ്ഞത്. രാമാദികളുടെ കാലത്തെങ്കില്‍ ശൂദ്രാദികള്‍ക്കു കൂടി സന്യസിപ്പാന്‍ വകുപ്പില്ലെന്നും, ശുദ്രനായ ശംബുകന്റെ ഗതിയാവും തനിക്കുണ്ടാവുക എന്നും അദ്ദേഹം വിശദീകരിച്ചു. രാമരാജ്യത്തിനും ഹിന്ദുരാഷ്ട്രത്തിനും സനാതനധര്‍മത്തിനും കൊല്ലുന്ന രാമകൃഷ്ണദൈവങ്ങള്‍ക്കുമെതിരായ ലോകോത്തരമായ നൈതിക ചരിത്ര പ്രസ്താവവും ഹിന്ദുമതത്തിന്റെ വിമര്‍ശന നിഷേധവുമാണിത്. ഗുരുവിതു പറഞ്ഞതിനാലാണ് സഹോദരന് ഗാന്ധിയോട് മിസ്റ്റര്‍ ഗാന്ധി, താങ്കളുടെ കൃഷ്ണന്‍ ഒരു പരമ്പരക്കൊലയാളിയല്ലേയെന്നു തുറന്നു ചോദിക്കാന്‍ 1925ല്‍ കഴിഞ്ഞത്. ഗുരുവിന്റെ പരിനിബാണത്തിനുശേഷവും 1929ല്‍ തിരുനക്കരവച്ച് മദനമോഹന മാളവ്യയുടെ ജയശ്രീരാം വിളി തള്ളാനും തിരിച്ചു ശംബൂകനും രാവണനും ജയ് വിളിക്കാനും കഴിഞ്ഞതും ഗുരുവിന്റെ ജീവകാരുണ്യപഞ്ചകത്തിലെ പ്രസ്താവങ്ങള്‍ കൊല്ലുന്ന മൃഗതുല്യരായ ദൈവങ്ങളെ അംഗീകരിക്കുന്നില്ല എന്നതിനാലാണ്. അത്തരം മാനവികഗുണമില്ലാത്ത പൂമാന്‍മാരെ കുറിച്ച് ഗുരു വ്യക്തമായി 1910കളില്‍ തന്നെ ദാര്‍ശനിക കവിതയില്‍ ഭാഷയിലെഴുതിയാഴ്ത്തിയിരുന്നു. ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം എന്നതായിരുന്നു ബഹുജനസുഖത്തിലേക്കും ലോകഹിതത്തിലേക്കുമുള്ള കേരളപുത്തരുടെ വിശ്വോത്തരമായ നൈതികചിന്ത. കോതയെന്നു ജനതയോമനിച്ചുവിളിക്കുന്ന ഗോതമ പുത്തരിലാണതിന്റെ ആധാര ദാര്‍ശനികത.
9895797798






