സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നഏതു ശക്തിയേയും നേരിടും

അമ്പലപ്പുഴ: കരിഓയില്‍ ഒഴിച്ചാലും കത്തിച്ചാലും തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യോഗം 796-ാം നമ്പര്‍ പുറക്കാട്-കരൂര്‍ ശാഖയുടെ ഗുരുമന്ദിരം സമര്‍പ്പണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ചാല്‍ സമ്മാനം തരാമെന്നാണ് മലപ്പുറത്ത് ഒരു യൂത്ത് നേതാവ് പറഞ്ഞത്. ഈ അഭിപ്രായം തന്നെയാണോ വേദിയിലിരിക്കുന്ന കോണ്‍ഗ്രസ് നേതാവിനും ഉള്ളതെന്ന് പറയണം.

ചടങ്ങില്‍ പങ്കെടുത്ത എം. ലിജുവിനെ നോക്കി വെള്ളാപ്പള്ളിനടേശന്‍ ചോദിച്ചു. ഞങ്ങള്‍ക്കുമുണ്ട് യൂത്ത്. കോലം കത്തിക്കുന്ന കാര്യത്തില്‍ ഞങ്ങളുടെ പിള്ളേരാണ് ഒന്നുകൂടെ മിടുക്കര്‍. മരണം ഒരു പ്രാവശ്യമേയുള്ളൂ. എന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. ചത്തില്ല. സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതു ശക്തിയേയും ധൈര്യപൂര്‍വം നേരിടും. അഭിപ്രായത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല. തീവ്രമായി സംസാരിച്ചയാളെ തീവ്രവാദിയെന്ന് പറഞ്ഞു. മതതീവ്രവാദിയെന്ന് പറഞ്ഞിട്ടില്ല. സത്യം ബോദ്ധ്യപ്പെടുത്താന്‍ വീട്ടില്‍ മാധ്യമങ്ങളെ കണ്ടു. അവിടെ ഒരു ചാനല്‍ പ്രശ്‌നമുണ്ടാക്കി. പറയാന്‍ അനുവദിച്ചില്ല.
റേറ്റിംഗ് കൂട്ടാന്‍ ഒരു ചാനല്‍ എനിക്കെതിരെ പ്രചാരണം നടത്തുകയാണ്. അവര്‍ വിചാരിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതു സംവാദത്തിനും തയ്യാറാണ്.
മുസ്ലീംലീഗുമായി ചേര്‍ന്ന് പിന്നാക്ക സമുദായ മുന്നണി ഉണ്ടാക്കി സമരം ചെയ്ത് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെ ഇറക്കിയതാണ്. യു.ഡി.എഫ് ഭരണം വരുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. മുസ്ലീംസമുദായത്തിന് മലപ്പുറത്ത് മാത്രം 17 കോളേജുകള്‍ നല്‍കി. ആര്‍. ശങ്കറിന്റെ കാലത്തല്ലാതെ യു.ഡി.എഫില്‍ നിന്ന് സമുദായത്തിന് കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. മുസ്ലീം സമുദായത്തിന് ഞാന്‍ എതിരല്ല. മുസ്ലീങ്ങള്‍ക്ക് 4,100 സ്‌കൂളുകള്‍ മലപ്പുറത്ത് ഉള്ളപ്പോള്‍ 370 സ്‌കൂളുകള്‍ മാത്രമാണ് ഈഴവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഗുരുമന്ദിരം സമര്‍പ്പണവും പൊതുസമ്മേളനം ഉദ്ഘാടനവും നിര്‍വഹിച്ചത്. ശാഖാ പ്രസിഡന്റ് എം.ടി. മധു പൂര്‍ണകുംഭം നല്‍കി യോഗം ജനറല്‍ സെക്രട്ടറിയെ സ്വീകരിച്ചു.
ഗുരുമന്ദിര സന്നിധിയില്‍ ഭദ്രദീപം തെളിയിച്ച് വെള്ളാപ്പള്ളി നടേശന്‍ ഗുരുമന്ദിര സമര്‍പ്പണം നടത്തി. തുടര്‍ന്നു നടന്ന പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ടി. മധു അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ഉത്തമന്‍ സ്വാഗതം പറഞ്ഞു. എച്ച്. സലാം എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി. വൈസ്പ്രസിഡന്റ് എം. ലിജു ജനപ്രതിനിധികളെ അനുമോദിച്ചു. പ്രതിഭകളെ അമ്പലപ്പുഴ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസും മുതിര്‍ന്ന ശാഖാംഗങ്ങളെ യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദനും ആദരിച്ചു.
യൂണിയന്‍ വൈസ്പ്രസിഡന്റ് ബി. രഘുനാഥ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ എ.കെ. രംഗരാജന്‍, പി.വി. സാനു, കെ.പി. പരിക്ഷിത്ത്, യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ.ഭാസി, ജി.രാജേഷ്, യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രാകേഷ് മഹീധരന്‍, യൂണിയന്‍ വനിതാസംഘം സെക്രട്ടറി ജി. ജമിനി, പുന്തല ശാഖാ പ്രസിഡന്റ് എന്‍. വിനയകുമാര്‍, പി.എ. ഷൗക്കത്തലി കൈരളി, കോമന 3715-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് പി. ദിപീല്, ശാഖാ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എസ്. അനുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ശാഖാ വൈസ്പ്രസിഡന്റ് എ. ഗോപകുമാര്‍ നന്ദി പറഞ്ഞു.

Author

33 Views
Scroll to top
Close
Browse Categories