നിജാനന്ദം – അനുഭൂതിയും വിലാസവും
ജനിമരണങ്ങൾ ദുഃഖഹേതുക്കളാണ്. അവ അറ്റുപോയാൽ സായൂജ്യമായി : ബ്രഹ്മഭൂയം. ആ പദവിയിലേക്ക് എത്താനാഗ്രഹിയ്ക്കുന്നവർക്ക് അവിടേയ്ക്കുള്ള മാർഗ്ഗം സുഗ്രഹമല്ല. അത് ധ്യാനം സാദ്ധ്യമാക്കിക്കൊടുക്കുന്നു. പക്ഷേ, ആ വഴി കുടിലമാണ്. അന്ധാളിച്ചുനില്ക്കുന്ന മോക്ഷകാമിയ്ക്ക് മാർഗ്ഗവിഘ്നങ്ങളകറ്റി സത്ഗ്ഗതി സ്വാധീനത്തിലാക്കാനുള്ള ഉപാധി ധ്യാനയോഗത്തിലുണ്ട്.

നിജം സത്യമാകയാൽ നിജാനന്ദം സത്യാനന്ദമണ്. സത്യം, നിത്യമായതാണ്; അതിനാൽ സത്യാനന്ദം നിത്യാനന്ദമാണ്. നിത്യമായുള്ളത് ബ്രഹ്മം മാത്രമാകയാൽ നിത്യാനന്ദം ബ്രഹ്മാനന്ദമാണ്. നിത്യാനന്ദാനുഭൂതി ബ്രഹ്മാനന്ദാനുഭൂതിയാണ്. പരമമായ സത്യബോധത്തിൽനിന്നു കിട്ടുന്ന നിർവൃതിയാണ്, അത്. അദ്വൈതികൾക്ക് ഇതിനപ്പുറം ഒരു ലക്ഷ്യമില്ല. പ്രാപഞ്ചികബോധത്തിനതീതവും അവർണ്ണനീയവുമാണ് ഈ പരമാനന്ദാനുഭൂതി; അതിമാത്രവും അധൃഷ്യവുമാണ്, അത്. അത് സ്ഥലകാലങ്ങളുടെ പരിമിതികൾക്ക് അതീതമാണ്. തത്ത്വബോധത്തിന്റ പരമകാഷ്ഠയാണത്. പരമാർത്ഥബോധത്താൽ, അഹംബുദ്ധിയറ്റ് താൻതന്നെ ബ്രഹ്മം എന്ന അനുഭൂതിയിൽ തന്നിലെ താനറ്റ് ചിദാകാശത്തിലെ സദാനന്ദാര്യസൂര്യനായി ലസിയ്ക്കുമ്പോഴുണ്ടാകുന്ന ആനന്ദം അവാച്യമാണ്, അപരിമേയമാണ്. ആ ആനന്ദാനുഭൂതി ആവിഷ്ക്കരിയ്ക്കാനുള്ള പാഴ്വേലയാവുമോ ആശാന്റെ ‘നിജാനന്ദാനുഭൂതി’?
“ബ്രഹ്മാദിയ്ക്കുമമന്ദസുന്ദരപരാ‐
നന്ദൈകസന്ദായിനീ!
ബ്രഹ്മശ്രീബഹുവേദവിസ്തരധുരാ-
ലംബേ! ശിവാലംബികേ!
കർമ്മാകർമ്മവികർമ്മവിഭ്രമവിവാ-
ദാമൂലവിദ്ധ്വംസിനീ!
ബ്രഹ്മദ്ധ്യാനകലേ! സമാധികുശലേ!
ബാലേ! കടാക്ഷിയ്ക്ക നീ.” 1
അസാദ്ധ്യമായ കൃതിയിൽ കൃതകൃത്ത്യത കൈവരിയ്ക്കാൻ സമാധികുശലയായ ബ്രഹ്മദ്ധ്യാനകലയുടെ അനുഗ്രഹം പ്രാർത്ഥിയ്ക്കയാണ്, കവി. ‘യദൃച്ഛാലബ്ധഹേതുവായ കാര്യസൗകര്യ’മല്ല ഈ സമാധി; ഇന്ദ്രിയങ്ങളെ പാട്ടിലാക്കിയവന്റെ ധ്യാനമാണ്. ‘ഏകതാനേന മനസാ സ്മരണ’മാണ് ധ്യാനം. സമാധിയിലാണ്ടിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവന് സുഖകരിയാണ് ബ്രഹ്മദ്ധ്യാനം എന്ന കല. അവൾ ബ്രഹ്മാവാദികൾക്കു പോലും സദ്യഃപരമാനന്ദം സമ്മാനിയ്ക്കുവാനെളുതായവളാണ്! വേദാഗമസാരഭാരം മുഴുവനും ആവഹിയ്ക്കുന്നവളാണ്! മങ്ഗലശീലയാണ്! ആമരുതായ്കകളെ സംബന്ധിച്ചുള്ള തർക്കവിതർക്കങ്ങൾക്കു കാരണമായ ഭ്രമത്തെ വേരോടറക്കുന്നവളുമാണ്! ഇവയിലൊക്കെ വിളയാടിനില്ക്കുന്ന ആ ‘ബാല’യുടെ കടാക്ഷമാണ് കവി ആഗ്രഹിയ്ക്കുന്നത്.
“ജന്മാപായജയോപയോഗപദവീ-
ജിജ്ഞാസുവിജ്ഞാപികേ!
ജിഹ്മാതീതപഥാന്ധപാന്ഥപരിഷ-
ത്സ്വാധേയപാഥേയമേ!
ബ്രഹ്മാനന്ദരസപ്രമാണകലനാ-
കുംഭായമാനേ! മഹാ-
നിമ്നദ്ധ്യാനകലേ! നിതാന്തസുഖദേ!
നിത്യേ! കടാക്ഷിയ്ക്ക നീ.” 2
ജനിമരണങ്ങളെ അതിവർത്തിയ്ക്കുവാനുള്ള പോംവഴി ആരായുന്നവരുടെ അന്ധത്വമൊഴിച്ച് നേരാംവഴി കാട്ടി അദ്ധ്വഖേദമകറ്റുന്ന ഗുരുവും ബ്രഹ്മാനന്ദരസാനുഭവത്തിനുള്ള ഉപാധികളുടെ ആകലനവികലനവേളകളിൽ മോക്ഷാർത്ഥികളുടെ സന്ദേഹസമ്മോഹങ്ങളകറ്റി അവരുടെ ആസ്തി വർദ്ധിപ്പിയ്ക്കുന്നവളും ധ്യാനകലയുടെ അത്യഗാധമായ തലം അണഞ്ഞിട്ടുള്ളവളും അനന്തസുഖദായിനിയുമായ ആ നിത്യയുടെ കടക്കണ്ണിന്റെ വിളയാട്ടം തന്റെ മേൽ ഉണ്ടാവണമേ എന്നാണ് കവിയുടെ പ്രാർത്ഥന.
ജനിമരണങ്ങൾ ദുഃഖഹേതുക്കളാണ്. അവ അറ്റുപോയാൽ സായുജ്യമായി : ബ്രഹ്മഭൂയം. ആ പദവിയിലേക്ക് എത്താനാഗ്രഹിയ്ക്കുന്നവർക്ക് അവിടേയ്ക്കുള്ള മാർഗ്ഗം സുഗ്രഹമല്ല. അത് ധ്യാനം സാദ്ധ്യമാക്കിക്കൊടുക്കുന്നു. പക്ഷേ, ആ വഴി കുടിലമാണ്. അന്ധാളിച്ചുനില്ക്കുന്ന മോക്ഷകാമിയ്ക്ക് മാർഗ്ഗവിഘ്നങ്ങളകറ്റി സത്ഗ്ഗതി സ്വാധീനത്തിലാക്കാനുള്ള ഉപാധി ധ്യാനയോഗത്തിലുണ്ട്.
“കന്ദർപ്പാദിപിശാചനീചപടല-
പ്രോച്ചാടനോങ്കാരിണീ!
സന്ദിഗ്ദ്ധാന്തസമസ്തസംസൃതിരുജാ-
സഞ്ജാതസഞ്ജീവനീ!
സന്ദർഭോദയസാരമൗനസരസാ-
ലാപേ! സദാ സച്ചിദാ-
നന്ദദ്ധ്യാനകലേ! സമാധികുശലേ!
ബാലേ! കടാക്ഷിയ്ക്ക നീ.” 3
ഓങ്കാരം ഒരു രക്ഷാമന്ത്രമാണ്. സകലദുഷ്ടവികാരങ്ങളിൽനിന്നും സാധകനെ രക്ഷപ്പെടുത്തുവാൻ പ്രണവാക്ഷരമന്ത്രത്തിനാവും. ജ്യാനിനാദംകൊണ്ടുതന്നെ രാക്ഷസപ്പരിഷകർ ദൂരത്താവുന്നതിനെപ്പറ്റി കാളിദാസൻ പ്രസ്താവിയ്ക്കുന്നുണ്ടല്ലോ : “ജ്യാനിനാദൈവ ദുരതഃ”. അതു പോലെ ഓങ്കാരഹുങ്കൃതിയ്ക്ക് കാമക്ക്രോധമദമാത്സര്യാദി പിശാചദുഷ്ടവൃന്ദത്തെ അപ്പാടേ ദൂരതഃപരിവർജ്ജിപ്പിയ്ക്കുവാനാവും. ഇവിടെ പ്രണവമന്ത്രത്തെ ഉപാസകൻ നിജാനന്ദസ്വരൂപമായി സങ്കല്പിയ്ക്കുന്നു. സംസാരദുഃഖങ്ങൾക്കൊക്കെ കാരണമായ സകല ആശങ്കകൾക്കും അറുതിവരുത്താനുടലെടുത്ത ജീവനൗഷധിയായും ഈ പരാവിദ്യയെ ധ്യാനസ്ഥൻ കാണുന്നു. വേണ്ടപ്പോഴൊക്കെ നിശ്ശബ്ദസാന്നിദ്ധ്യമായിനിന്ന് ഹൃദ്യമായ ഉപദ്ദേശം തരുന്നവളാണല്ലോ ഈ ഗാനാത്മിക! സച്ചിദാനന്ദസാധകമായ ചിത്തവൃത്തിനിരോധത്തിന് ധ്യാനകലയുടെ ആശിർവാദമാണ് കവി അഭ്യർത്ഥിയ്ക്കുന്നുത്.
“അക്ഷാദിപ്രസൃതാത്മബോധകലികാ-
സന്ദോഹചന്ദ്രാത്മികേ!
വിക്ഷേപോദ്ഭവവിശ്വവൃദ്ധികലികാ-
മന്ദാരകന്ദാത്മികേ!
“അക്ഷാതീതചിദന്തരീക്ഷവിഹര-
ന്നിഷ്പക്ഷപക്ഷീ മഹാ-
വിക്ഷേപക്ഷയസൂക്ഷ്മസാക്ഷി” ന പരോ-
ക്ഷാക്ഷീ! കടാക്ഷിയ്ക്ക നീ.” 4
ഇന്ദ്രിയാദികളാൽ പ്രസരിതമായ ആത്മബോധമെന്ന പൂമൊട്ടുകളെ വിരിയിയ്ക്കുന്ന നിലാവാണത്രേ ധ്യാനം. ബാഹ്യേന്ദ്രിയങ്ങൾ ഓരോരോ തോന്നലുളവാക്കും. അവയെപ്പറ്റി പഠിയ്ക്കാനുള്ള വ്യഗ്രത അതിനപ്പുറമുള്ള ആത്മസത്തയിലേക്ക് ജിജ്ഞാസുവിനെ നയിയ്ക്കും. ആ അന്വേഷണഫലം – ഇന്ദ്രിയവിരക്തി – ധ്യാനലബ്ധമാണ്. ഈ മായാപ്രപഞ്ചത്തിൽ ചക്ഷുരാദ്യിന്ദ്രിയങ്ങൾക്കു വിഷയങ്ങളായവ ഉളവാക്കുന്ന മിഥ്യാധാരണയെ മാറ്റി തത്സ്ഥാനത്ത് സത്യബോധം പ്രതിഷ്ഠിയ്ക്കുന്ന സമവായവൈഭവമാണ് സമാധി. വിക്ഷേപം, ആവരണം എന്നീ മായാവൃത്തികളുടെ സ്ഥാനത്ത് തത്ത്വോദയം ആവിർഭവിയ്ക്കുന്നു, അനുക്രമവികസ്വരമായ കല്പകം പോലെ. ഇന്ദ്രിയഗോചരമല്ലാത്ത ചിദാകാശത്തിൽ വിഹരിയ്ക്കുന്ന ചിറകില്ലാപ്പക്ഷീ! സൃഷ്ടിയ്ക്കും സംഹൃതിയ്ക്കും സൂക്ഷ്മസാക്ഷിയായവളേ! പ്രത്യക്ഷദർശനമായവളേ! നീ കടാക്ഷിയ്ക്കണേ!
“സംസാരാമയഘോരസാഗരതരീ-
ഭൂതേ! സമസ്തേശ്വരീ!
ഹിംസാപേതഹിരണ്യഗർഭദയിതേ!
ഹീരോപലോദ്യൽപ്രഭേ!
ഹംസാരാധിതഹംസവാഹനസുതേ!
ഹംസാത്മികേ! ഹംസികേ!
ഹംസദ്ധ്യാനകലേ! ഹരാങ്ഗനിലയേ!
അംബേ! കടാക്ഷിയ്ക്ക നീ.” 5
ലൗകികക്ലേശങ്ങളുടെ പെരുങ്കടലിന് തരണിയായി- ‘ഭവാബ്ധിയ്ക്ക് ആവിവൻതോണി’യായി- ഭവിച്ചവളേ! സകലാശ്രയമായവളേ! ‘കൊല്ലാവ്രത’മനുഷ്ഠിയ്ക്കുന്ന ബ്രഹ്മപത്നീ! വൈഡൂര്യപ്രഭാപ്രസരമായിരിയ്ക്കുന്ന ദേവീ! ആത്മവേദികളാൽ ആരാധിയ്ക്കപ്പെടന്ന ബ്രഹ്മപുത്രീ! നീരക്ഷീരങ്ങൾ പകുക്കാനാവതുള്ളവളേ! ഹേ, പെണ്ണരയന്നമേ! നീ ബ്രഹ്മദ്ധ്യാനകലതന്നെയാണ്; പരമേശന്റെ പാതിയുടൽ സ്വന്തം ആലയമാക്കിയവളുമാണ്. അങ്ങനെയൊക്കെയായിരിയ്ക്കുന്ന അല്ലയോ അംബേ! നീ കടക്ഷിയ്ക്കണേ!
വിദ്യാദേവതയാണല്ലോ സരസ്വതി. സകലകലകളുടെയും അധിദേവത സരസ്വതിതന്നേ. ബ്രഹ്മദ്ധ്യാനത്തെയും കലയായാണ് കവി കാണുന്നത്. അതിനാലാവണം സരസ്വതീകടാക്ഷം കവി പ്രാർത്ഥിയ്ക്കുന്നത്. പാർവ്വതി ഹരന്റെ മെയ്യിൻപാതിയായത് കഠിനമായ തപസ്സിലൂടെയാണ്. ആ ധ്യാനയോഗചരിതമുള്ള അംബയുടെ കടാക്ഷം കവി കാമിയ്ക്കുന്നതിലെ സാങ്ഗത്യം അവിടെയാണ്. അഥവാ, ശാരദാവന്ദനം നടത്തുന്ന കവിയ്ക്കെന്തിന് ദ്വൈതചിന്ത? ‘ശാരദാസ്തവ’ത്തിലെ ഈ ശ്ലോകം കാണുക:
“അംബ, യോഗിമൃഗിതാം പരാഭിധാം
ത്വാം വിഭിന്നപരിണാമസുന്ദരീം
പുഷ്ക്കലാർത്ഥവിഭവാമുപാസ്മ്യഹേ
സ്ഫോടദർശിതവിചിത്രവിഭ്രമാം.”
(അമ്മേ! യോഗികൾ അന്വേഷിയ്ക്കുന്ന പരാവിദ്യയും രൂപപരിണാമഭിന്നയും സുന്ദരിയും ശബ്ദസ്ഫോടത്തിലൂടെ പ്രകടമാകുന്ന വിചിത്രാർത്ഥങ്ങളെക്കൊണ്ട് സമ്പന്നയും വിഭ്രാമകയുമായ നിന്നെ ഞങ്ങൾ ഉപാസിയ്ക്കുന്നു.)
“പ്രേമപ്രസ്രവണപ്രസന്നവദന-
പ്രേക്ഷാപരോക്ഷപ്രദേ!
കാമക്ക്രോധവിഘാതഗാധഹൃദയാ-
ക്രാന്താന്ധകാരോത്കരേ!
നേമിപ്രായഭവഭ്രമപ്രതിഭട-
പ്രൗഢേ! ദൃഢേ! നിത്യനിഷ്-
കാമദ്ധ്യാനകലാകലാപകലഭേ!
കാന്തേ! കടാക്ഷിയ്ക്ക നീ.” 6

പ്രസന്നമായ ആ മുഖത്തുനിന്നു വഴിയുന്ന സ്നേഹവും പ്രത്യക്ഷാനുഭൂതി പകരുന്ന ആ നോട്ടവും ബാധിച്ചിരിയ്ക്കുന്ന കാമക്രോധങ്ങളകറ്റി തരളഹൃദയങ്ങളിൽ പ്രസരിപ്പിയ്ക്കുന്ന തേജസ്സും തേരുരുൾ പോലെ കറങ്ങിക്കൊണ്ടിരിയ്ക്കുന്ന സംസാരചക്രത്തെ തടുക്കാൻപോന്ന ആ പ്രൗഢിയും ആ ദൃഢതയും സനാതനവും അനാസക്തവും അന്യധ്യാനധാരകൾക്കൊക്കെ അപ്പുറമെത്തുന്ന ആകർഷകത്വവുമാണ് നിജാനന്ദാനുഭോക്താവാകാൻ കൊതിയ്ക്കുന്ന മുമുക്ഷു സച്ചിദാനന്ദദ്ധ്യാനകലയിൽ ദർശിയ്ക്കുന്നത്.
“വേദാഭിജ്ഞരസജ്ഞവിജ്ഞവദനാം-
ഭോജാതജാതാമൃതേ!
വാദാപേതവിധാവിതർക്കജനിജ-
പ്രജ്ഞാനവിജ്ഞാപിതേ!
നാദാതീതപരേ! നിരങ്കുശനിരാ-
ലംബാത്മനിർവ്വാണനിർ-
ഭേദദ്ധ്യാനകലാധുരന്ധരകലേ!
കാലേ കടാക്ഷിയ്ക്ക നീ.” 7
ഈ ദേവത വേദാന്തഭക്തി അറിഞ്ഞനുഭവിയ്ക്കുന്ന യോഗികളുടെ മുഖകമലത്തിൽ വിരിയുന്നവളാണ്; തർക്കവിതർക്കങ്ങൾക്കൊന്നും ഇടമില്ലാത്തവിധം ഭക്തഹൃദ്ധ്യാനഗമ്യയും ആത്മബോധമെന്ന പെരുമയാളുന്നവളുമാണ്. നാദബ്രഹ്മത്തിനുമപ്പുറമാണ് ഈ പരാദേവത. നിരാമയവും നിരാലംബവും ആത്മനിർവൃതിയ്ക്ക് അന്യേതരവുമായ യോഗവിദ്യയുടെ ഗാംഭീര്യമാളുന്നവളായ ദേവിയുടെ കടാക്ഷം എക്കാലവും ഉണ്ടാവാനാണ് മുമുക്ഷുവിന്റെ പക്ഷത്തുനില്ക്കുന്ന കവിയുടെ പ്രാർത്ഥന.
“ശല്ല്യാഘാതശതാധികക്ഷതരുജാ-
ഹൃദ്വേദനാനോദനാ
തുല്ല്യാമോദതുഷാരതുന്ദിലദയാ-
പീയൂഷധാരാധരേ!
കല്ല്യാണാലയകാലയാപനഘനാ-
സക്തേ! വിരക്തേംബ! കൈ-
വല്ല്യദ്ധ്യാനകലാവിലാസകലിതാ-
നന്ദേ! കടാക്ഷിയ്ക്ക നീ.” 8
ബാഹ്യവും ആഭ്യന്തരവുമായ ഉപദ്രവങ്ങളേല്പിയ്ക്കുന്ന വ്രണങ്ങളെക്കൊണ്ടുള്ള ബദ്ധപ്പാടുകളൊക്കെ പോക്കി അനുപമാനന്ദനീഹാരനിബിഢമായ കാരുണ്ണ്യാമൃതധാര ചൊരിയുന്ന ഹേ ദേവീ, നീ മങ്ഗല്ല്യമന്ദിരത്തിലെ കാലക്ഷേപത്തിന്റെ പെരുമയിൽ ആസക്തയാണ്; പക്ഷേ, വിരക്തയുമാണ്. മോക്ഷദായകമായ ധ്യാനകലാവിലാസസമ്മേളിതമായ ആനന്ദംതന്നെയാണ് നീ. അങ്ങനെയുള്ള നിന്റെ കടാക്ഷമാണ് എനിയ്ക്കാവശ്യം.
“മായാമാർഗ്ഗനിസർഗ്ഗനിർഗ്ഗളദഘൗ-
ഘാസാരദുർഗ്ഗാമുഖം
മേയാതെന്നെയെടുത്തു മൗനമണിസൗ-
ധത്തില്ക്കടത്തംബികേ!
നീയെന്ന്യേ ഗതിയില്ല ഞാനൊരു നിരാ-
ലംബൻ നിരാലംബധൗ-
രേയദ്ധ്യാനകലേ! ധരാധരകര-
സ്ഥൈര്യേ! കടാക്ഷിയ്ക്ക നീ.” 9
യാതൊന്നാണോ അങ്ങനെയല്ലാത്തത് അതാണ് മായ. ”യാ മാ സാ മായാ” – ” ന വിദ്യതേ യാ സാ മായാ”, എന്ന് ശ്രീനാരായണഗുരു. മായയ്ക്കു കാരണംതന്നേ അവിദ്യയാണ്.
അംബികേ! പിറവിതൊട്ടേ പാപപ്പെരുമഴ പെയ്യിച്ചുകൊണ്ടിരിയ്ക്കുന്ന ആ മായയുടെ കോട്ടവാതിലിലൂടെ അലയാൻ വിടാതെ, എന്നെ നീ ഉരിയാടാവ്രതമനുഷ്ഠിയ്ക്കുന്നവർക്കുള്ള രത്നകുടീരത്തിലെത്തിയ്ക്കണേ! ഞാൻ തുണയറ്റവനാണല്ലോ! നീയല്ലാതെ മറ്റു ഗതിയില്ല. ഗോവർദ്ധനഗിരിധരനുപോലും സ്ഥൈര്യമായി നിന്ന, ആലംബഹീനർക്കൊക്കെ താങ്ങായുള്ളവളേ മാം പാഹി! അരുതായ്കകളുടെ വഴിയെ തിരിയാനാണ് എളുപ്പം. അതിനെ പ്രോത്സാഹിപ്പിയ്ക്കാൻ ‘പാപചേതന’ സദാ സന്നദ്ധവുമായിരിയ്ക്കും.
കൈവല്ല്യാദ്രിമഹാവിഹാരകമനീ-
യോന്നീതചേതഃപ്രിയേ!
ദൈവാഭോഗവിഭോഗദൈത്ത്യദലനേ!
ദേവീ! ദയാവാരിധേ!
നൈവന്നൈവമിതിപ്രവൃത്തനടനേ!
നാഥേ! നമസ്തേ നമ-
ശ്ശൈവദ്ധ്യാനകലേ! ശശാങ്കവിമലേ!
ശാന്തേ! കടാക്ഷിയ്ക്ക നീ.” 10
കേവലത്വം, ഒന്നെന്ന ഭാവം, ആണ് കൈവല്ല്യം – ജീവാത്മപരമാത്മൈക്യം – ശരീരേന്ദ്രിയാദി കൂടാതെ ആത്മാവിന്റെ കേവലമായ അവസ്ഥ. കൈലാസം ക്രീഡാജാലങ്ങളോടൊപ്പമുള്ള വാസസ്ഥലം (കേളീനാം സമൂഹഃ കൈലം, തേന ആസ്യതേ അത്ര) മാത്രമാണ്. അതിനൊക്കെ ഏറെ അപ്പുറത്താണ് നിർവ്വാണലോകം – കൈവല്ല്യം. ആ കൈവല്ല്യക്കൊടുമുടിയിലൂടെ മഹാവിഹാരം ചെയ്യുന്നവനെന്ന കാമ്മ്യമായ പദവിയിലേക്ക് ഉയർത്തപ്പെട്ടവരുടെ അന്തരങ്ഗത്തിന് പ്രിയങ്കരിയായവളാണ് ഈ അംബ. പരമഹംസപദം പ്രാപിച്ച പുണ്ണ്യാത്മാക്കൾക്ക് ചിദാനന്ദമായുള്ളവളേ എന്ന സംബുദ്ധിയിലെ കൈവല്ല്യാദ്രിശബ്ദശക്തി കൈലാസാദ്രിയിൽ ലീലാലോലനായി വിഹരിയ്ക്കുന്ന മഹേശ്വരന് പ്രാണപ്രിയയാവളുടെ പ്രതീതി ഉളവാക്കുന്നുണ്ട്. ദേവന്മാരുടെ ആഭോഗത്തെ അഥവാ പൂർണ്ണതയെ വിഭോഗ- അപൂർണ്ണ- മാക്കുന്ന അസുരന്മാരെ ഛിന്നഭിന്നരാക്കുന്ന ഈ ദേവി, പക്ഷേ, കരുണക്കടലാണ്. ഇക്കാണുന്ന സമസ്തപ്രതിഭാസങ്ങളുടെയും നിജം ഇങ്ങനെയൊന്നുമല്ലെന്ന് അവയിൽ സന്നിധാനംചെയ്ത് സമർത്ഥിയ്ക്കുന്ന നാഥേ! ഭൂതിസാധികേ! ശാന്താത്മികേ! കടാക്ഷിച്ചരുളേണമേ! പാഹി മാം, പാഹി മാം, പാഹി മാം!
ആശാൻ തനിയ്ക്കനുഭവിയ്ക്കാനായ നിജാനന്ദമല്ല ഇവിടെ വിസ്തരിച്ചിരിയ്ക്കുന്നത്. നിജാനന്ദാനുഭൂതിയിലേക്കുള്ള മുമുക്ഷുവിന്റെ ഉത്ക്കടമായ അഭിവാഞ്ച അർത്ഥനാരൂപത്തിൽ പേർത്തും പേർത്തും ആവുന്നത്ര വിശേഷാഡംബരങ്ങളോടെ അവതരിപ്പിയ്ക്കാൻ മാത്രമേ ആശാന് സാധിച്ചിട്ടുള്ളു. ആർക്കായാലും അത്രമാത്രമേ ആവൂ. നിവൃത്തന് പ്രവൃത്തി സാദ്ധ്യമല്ലല്ലോ!
ഈ പ്രാർത്ഥനകളുടെ വാഗ്ദ്വാരത്തിലൂടെ ഓട്ടക്കണ്ണോടിച്ചാൽ അപ്പുറത്ത് മറഞ്ഞും മറയാതെയും നാരായണഗുരുവിനെ കാണാം. അതിന്റെ സമ്മതപത്രമാണ് ഇനി ചേർത്തിരിയ്ക്കുന്ന ഉപസംഹാരശ്ലോകം.
“നാരായണാഖ്യ ഗുരവേ നരകാന്തകായ
നാദാന്തയോഗനഗരാന്തരനായകായ
നാകാവനീസുരനിരസ്തനിജാഭിലാഷ-
നാമാങ്കുരായ ഭവതേ! നതിരസ്തു നിത്യം.”
ഭവിയ്ക്കുന്നതാണ് ഭാവം; ഭവിച്ചത് ഭവം. ഭവത്തിനു പിന്നാലെ ഭവിയ്ക്കുന്നത് അനുഭവം. അനുഭവംതന്നേ അനുഭൂതി. അനുഭൂതിയുടെ, അറിഞ്ഞോ അറിയാതെയോ ഉള്ള ആവിഷ്ക്കാരമാണ് വിലാസം. കാര്യകാരണബന്ധം അങ്ങനെയാകയാൽ നിജാനന്ദാനുഭൂതിയുടെ പ്രകടിതഭാവമാണ് നിജാനന്ദവിലാസം.
(തുടരും)






