കുലീന കര്‍തൃത്വങ്ങളുടെ കലയും രാഷ്ട്രീയവും ജീവിതവും
ഇരിങ്ങാലക്കുടയിലെ കുട്ടന്‍കുളം ഏതോ കുട്ടവാര്യര്‍ കുഴിച്ചതാണെന്നു കഥകളിറക്കി കുട്ടന് അഥവാ ബാലബുദ്ധന്റെ പേരിലുള്ള ആ കുളത്തേയും അമ്പലത്തിന്റെ ആദിമ അശോകന് ബൗദ്ധചരിത്രങ്ങളെയും 1946ല്‍ നടന്ന കുട്ടന്‍കുളം വഴിനടപ്പു സമരത്തേയുമെല്ലാം ക്രമേണ മായിക്കുകയും മറവിയിലേക്കും അവ്യക്തതകളിലേക്കും പ്രാന്തീകരിക്കാനും ഇന്നും പലരും ശ്രമിക്കുന്നു. അതുപോലെ ദളവാക്കുളം ദളവാ വേലുത്തമ്പിയുമായി ബന്ധപ്പെട്ടതല്ല, മറിച്ച് രാമയ്യന്ദളവാ കുത്തിയതാണെന്നും മറ്റും ചിലര്‍ മുട്ടാപ്പോക്ക് തട്ടിമൂളിക്കുന്നു.

ഭരണഘടനാ അട്ടിമറി നടത്തിയ 2018 ലെ ശബരിമല ശൂദ്രലഹള നടത്തിയത് പിന്നീട് റദ്ദാക്കപ്പെട്ട ആയിരത്തോളം കേസുകള്‍ വ്യക്തമാക്കുന്ന പോലെ നായര്‍ സര്‍വീസുകാരും രാഷ്ട്രീയ സ്വയംസേവകരും കൂടിയാണ്. കേരളത്തില്‍ സ്വയംസേവകരും നായര്സേവകസമാജവും ഒന്നായി ഭവിക്കുന്നു. പക്ഷേ അതിലേക്കുള്ള ആശയപ്രചരണവും കാര്‍മികത്വവും മലയാളിമുന്ഷിത്തവും നടന്നത് രാമായണമാവാരത പട്ടത്താനങ്ങളിലൂടെയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ കാതലായ സാമൂഹ്യ നീതിയേയും ജനായത്തപരമായ സാമൂഹ്യ പ്രാതിനിധ്യത്തേയും അട്ടിമറിക്കാനായുള്ള ആര്. എസ്. എസ്. എന്‍. എസ്. എസ്. ബന്ധം സ്ഥാപിതമാകുന്നതും മന്നത്തിന്റെ കാലത്താണ്. ഭരണഘടനയുടെ സാമൂഹ്യ ജനായത്ത ദര്‍ശനത്തിനു കടകവിരുദ്ധമായ സാമ്പത്തിക സംവരണവാദം ഇ. എം. എസ്. 1958ല്‍ തന്നെ മുന്നോട്ടുവച്ചപ്പോള്‍ ഉടനടി ഏറ്റെടുത്തതും മന്നമാണ്. ജോസഫ് കമ്മീഷനിലൂടെ വന്ന ഭരണഘടനാ സാമൂഹ്യജനായത്തവിരുദ്ധമായ സാമ്പത്തികവാദം മണ്ഡല് കമ്മീഷന് കോടതിവ്യവഹാരകാലത്ത് നമ്പൂരിപ്പാടിന്റെ ആശയമായ ക്രീമീലെയറിലൂടെ ബഹുജനകോടികളെ വെട്ടിമുറിച്ചുപുറത്താക്കി. അതെന് ആശയമാണെന്നു നമ്പൂരിപ്പാടും അന്നുതന്നെ പിതൃത്വമേറ്റു. പിതാമഹന് പോയിട്ടും 2018ലാണതു മക്കളും കൊച്ചുമക്കളും കൂടി പൂര്‍ത്തീകരിച്ചു കേരളനിയമസഭയിലൂടെ നിയമമാക്കിയത്.
1957 ലെ എറണാകുളം സ്വയംസേവക ശാഖയുടെ വാര്‍ഷികയോഗത്തില്‍ പൂജനീയ ഗുരുജീ ഗോള്‍വള്‍ക്കറുടെ ആത്മീയപൗരോഹിത്യ സാന്നിധ്യത്തില്‍ മന്നം പദ്മനാഭപിള്ള പറഞ്ഞത് ഹിന്ദുക്കളുടെ ഏക അവലംബവും ആശാകേന്ദ്രവും ആര്. എസ്. എസ്. ആണെന്നാണ്. ശൂദ്രനെങ്ങനെ ജാതിഹിന്ദു സാവര്ണ്യത്തിലെ നാലാം വര്ണക്കാരനായി എന്നചോദ്യം ആചാര്യനും ചോദിച്ചില്ല. ഈ ഗുരുജി-ആചാര്യ സംഗമം സ്വയംസേവക മുഖപത്രമായ കേസരിയില്‍ 20-10-1957ല്‍ അച്ചടിച്ചു വരികയുമുണ്ടായി. 2018 ലാണ് ഇടതുപക്ഷത്തിലൂടെ സ്വയംസേവക അജണ്ടയായ സാമ്പത്തിക സംവരണം കേരള നിയമസഭയില്‍ പാസായത്. സവര്‍ണര്‍ 90 ശതമാനം അമിത പ്രാതിനിധ്യത്തിലായ ദേവസ്വം ബോര്‍ഡിലായിരുന്നു ഇത്.
പ്രാതിനിധ്യമില്ലാത്തവരുടെ രാഷ്ട്രീയ പ്രാതിനിധ്യവും ഭരണപങ്കാളിത്തവും ഉറപ്പാക്കാനുള്ള ജനായത്തപരമായ ഭരണഘടനാ ഉപാധിയും ഉപകരണസംവിധാനവുമാണ് സംവരണം. സാമൂഹ്യനീതിയും ജനങ്ങളുടെ പ്രാതിനിധ്യജനായത്തവും നടപ്പാക്കപ്പെടുന്ന ഭരണഘടനാ ക്രമീകരണമാണത്. അതില്‍ സാമ്പത്തികം സാധുവല്ല കാരണം എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ ആനുപാതികമായ പ്രാതിനിധ്യം അവശ്യമാണ് ജനായത്തത്തില്‍.
രാക്ഷസീകരണവും
വംശഹത്യാകാമനയും
പ്രതീകാത്മകഹിംസകളും
പുരാണപട്ടത്താനങ്ങളുടെ പ്രതീകാത്മക ഹിംസാ വംശാവലിയും രാക്ഷസീകരണത്തില് വിളയുന്നു. ”ഞാന്‍ ജനിച്ച സമുദായത്തെ ഞെക്കിക്കൊല്ലാന്‍ വരുന്ന രാക്ഷസപ്പടയുടെ (ഈഴവരുടെ) വംശവിഛേദം വരുത്താതെഞാനടങ്ങുകയില്ല” (വാസവപ്പണിക്കര്‍ 387). എന്നായിരുന്നല്ലോ മന്നത്തിന്റെ കരുനാഗപ്പള്ളി പ്രസംഗം. വംശീയവും വംശഹത്യാ കാമനകള്‍ വിജൃംഭിക്കുന്നതുമായ ഇത്തരം പ്രസ്താവങ്ങളുടെ പരിശുദ്ധ പരമപിതാവായിരുന്നു ആ നായര്നവോത്ഥാനനായകന്.
ഇന്ത്യന്‍ ഭരണഘടനയ്ക്കു കീഴേ നിന്നാണിതെല്ലാം പറഞ്ഞതെന്നതും നീതിനിയമ സംവിധാനങ്ങള്‍ ഇനിയും പരിശോധനകളും വിചാരണകളും നടത്തേണ്ടതുണ്ട്. കാരണം അതിലും ആക്രാമകമായ ജാത്യാചാരവും അതിക്രമവുമാണ് വൈക്കത്തടക്കം ഇന്നു നടമാടുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയായ ജനായത്തപരമായ സാമൂഹ്യ പ്രാതിനിധ്യത്തിനെതിരേ ദശകങ്ങളോളം കേസു നടത്തിയ നായര്‍ സൊസൈറ്റിക്ക് ഇതിലും വലിയൊരാചാര്യ പിതാവിനെ കിട്ടാനിടയില്ല. നായന്മാരില് അഭ്യസ്തവിദ്യര്‍ക്കെല്ലാം ഉദ്യോഗം ലഭിച്ചില്ലെങ്കില്‍ അതിനുവേണ്ടി മരിക്കാനും നായര്‍ തയ്യാറാകണം എന്നായിരുന്നു നെടുങ്കുന്നം പ്രസംഗം (വാസവപ്പണിക്കര്‍ 387).
സര്‍വീസിനെ കുത്തകയാക്കുക എന്ന ഒളിഗാര്‍ക്കിയുടെ തന്ത്രത്തിന്റെ ഗോപ്യപിതൃത്വം മറ്റാരുടേതുമല്ല.നായന്മാരുടെ കുടുംബസ്വത്തായാണല്ലോ സമുദായാചാര്യന്‍ ബഹുജനങ്ങളുടെ നികുതിപ്പണത്തേയും സര്‍വീസിനേയും കണ്ടത്. ദേവസ്വം ബോർഡിലേതുപോലെ പരിപൂര്‍ണ സംവരണം അഥവാ നൂറുശതമാനം കുലീനരുടെ കുത്തക, ഭരണഘടന വന്ന 1950 കളില്‍ തന്നെ അഭിവീക്ഷണം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു ശ്രീ മന്നം. നമ്പൂതിരിപ്പാടിന്റെ ആശയത്തിന്റെ തികഞ്ഞ പ്രയോക്താവായിരുന്നു ഭരണഘടനാ ജനായത്ത പ്രാതിനിധ്യ ധ്വംസനത്തില്‍ മന്നം എന്നു സുവ്യക്തമാണ്.
പന്നിപ്പേറു പ്രസംഗത്തെ പത്രാധിപര്‍ സുകുമാരന്‍ തിരിച്ചടിച്ചത് എത്രപെറ്റാലും ഈഴവര്‍ക്ക് ഒറ്റ തന്തയേ ഉളളൂ എന്നും തന്റെ പിതാവ് സി. വി. കുഞ്ഞുരാമനാണെന്നുമല്ലോ. തിരുവിതാംകൂറിലെ അടിച്ചമര്‍ത്തപ്പെട്ട അവര്‍ണരുടെ നാവായി മാറിയ പരവൂര്‍ കേശവനാശാന്‍ 1891ല്‍ തുടങ്ങിയ സുജനാനന്ദിനി പത്രമോഫീസും കേരളഭൂഷണം പ്രസ്സും കത്തിച്ചത് കൊട്ടേഷന്കാരായ നായന്മാരായിരുന്നു എന്ന ചരിത്ര സത്യവും ഓര്‍ക്കാം. നാടാര്‍ കലാപത്തേയും അയ്യങ്കാളിയുടെ സമരങ്ങളേയും ആറാട്ടുപുഴയേയും ഗുരുവിനേയും എല്ലാം നിയന്ത്രിക്കാനും ഒതുക്കാനും പടയൊരുക്കിയത് കേരളത്തില്‍ ഒറ്റ ജാതിക്കാരായിരുന്നു.1930ല്‍ പോലും കാപ്പിറ്റോള്‍ തീയേറ്ററും കുടിലും കത്തിച്ചു പി. കെ. റോസിയെ തമിഴകത്തേക്കോടിച്ചതും നായന്മാര് തന്നെ. കേരളത്തെ ദേവസ്വം ബോര്‍ഡുപോലെ ഒറ്റജാതിയുടെ ഭ്രാന്താലയമാക്കാനാണ് 2018 ലെ ശബരിമല ശൂദ്രലഹളയിലും അവര്‍ പണിയെടുത്തതെന്ന ചരിത്ര വസ്തുതയും രേഖപ്പെടുത്തേണ്ടതുണ്ട്.

ജന്മനാതന്നെ വലിയവനായ
സാമൂഹ്യ സാംസ്കാരികനായകന്
അവര്‍ണരുടെ വിദ്യാലയ പ്രവേശത്തിനുവേണ്ടി നിരന്തരം എഴുതി കേശവനാശാന്‍. അവര്ണവിദ്യാര്ഥികള് പ്രവേശിച്ച ഹരിപ്പാട്, പരവൂര്‍ പള്ളിക്കൂടങ്ങള്‍ നായന്മാര് കത്തിച്ചതിലും അവര്‍ണരെ മര്‍ദ്ദിച്ചതിലും പ്രതികരിച്ച് തിരുവിതാംകൂര്‍ രാജസ്ഥാനത്തിനും പ്രതികരണമില്ലാതെ വന്നപ്പോള്‍ ബ്രിട്ടീഷ് റസിഡന്റിനും കേശവനാശാന്‍ പരാതികൊടുത്തപ്പോഴാണ് നായന്മാര് പ്രസ്സും പത്രമോഫീസും കത്തിച്ചത്. ഉദ്ബോധനം എന്ന കുമാരനാശാന്റെ കവിത ഈ സംഭവത്തെ ചരിത്രവല്ക്കരിക്കുന്നു.
1930 ല്‍ ജെ. സി. ഡാനിയേല്‍ നാടാരുടെ വിഗതകുമാരന് കളിച്ച തിരുവനന്തപുരത്തെ കാപിറ്റോള്‍ സിനിമാക്കൊട്ടകയുടെ തിരശീല കുത്തി കീറിയതും ആദ്യ നായികയായ പി. കെ. റോസി എന്ന ദലിത് വനിതയുടെ കുടില്‍ കത്തിച്ചതും അവരെ തമിഴകത്തേക്ക് ഓടിച്ചതും ഇതേ സാംസ്കാരിക നായന്മാരായിരുന്നു. അവര്‍ണനായ ജീവനായകം നാടാര്‍ ആദ്യ തിരപ്പടം കേരളത്തില്‍ പിടിച്ചു എന്നു മാത്രമല്ല ദലിതയുവതിയെ നായികയായി അവതരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു നായനിസത്തിന് ദൃഷ്ട്രിയിലെ സമസ്താപരാധം. ഇന്നും ഒരു ദലിത് വനിതയക്ക് ഒരു ദലിത് പെണ്ണായി വേഷമിടാന്‍ മലയാള സിനിമയില്‍ കഴിയുന്നില്ല എന്നതാണ് പെരുതാമപരാധം. അച്ചിമാര് കരിയണിഞ്ഞാടുകയാണു നിണം.

ജാത്യാതിക്രമവും ജാതിപീഡനവും ദലിതവിദ്യാര്ഥികള് ഉന്നയിച്ചപ്പോള്‍ 2022ല്‍ അടൂര്‍ ഗോപാലകൃഷ്ണന് എന്ന ചെയര്മാന് തന്റെ ഡയറക്ടറായ ശങ്കരമോഹനനെ കുറിച്ചു പറഞ്ഞതും അയാള്‍ തന്നെ പോലെ ഒരു കുലീന മലയാളി കുടുംബത്തില്‍ നിന്നാണെന്നും അയാള്‍ക്കു പിഴവൊന്നും പറ്റില്ല എന്നുമാണ്. സ്ത്രീകളായ ക്ലീനിങ്ങ് ജോലിക്കാരുടെ വസ്ത്രധാരണത്തേയും ജീവിതശൈലിയേയും കുറിച്ചും അദ്ദേഹം കുലീനതനിറഞ്ഞ മൊഴിമുത്തുക്കള് വാരിവിതറി. ഇത്തരം കുലീന കര്‍തൃത്വങ്ങളുടെ കലയും രാഷ്ട്രീയവും ജീവിതവും തികച്ചും കിരാതവും അജ്ഞവും സഹതാപാര്ഹവുമാണെന്നതാണ് വസ്തുത. 2025ല്‍ നടന്ന ദലിത, സ്ത്രീ സിനിമകളുടെ അക്കാദമി ഫണ്ടിങ്ങ് വിവാദത്തിലും പഴയ ഡയറക്ടര്‍ ശ. മോഹനനെ ന്യായീകിരിച്ചു അടൂര്‍.
1950 കളിലും അറുപതുകളിലും ഭരണഘടനയുടെ കീഴിലും നൈതിക കരാറിനെ അട്ടിമറിച്ചും റദ്ദുചെയ്തും വംശഹത്യാപരമായ ജാതിഹിംസയുടെ ഭീഷണിമുഴക്കിയ ഇത്തരം ഒരു കര്‍തൃത്വത്തെയാണ് ക്രമേണ വെള്ളപൂശി സാമൂഹ്യപരിഷകര്ത്താവാക്കി പൊതുവവധി കൊടുത്തിരിക്കുന്നത്. ഇതും കേരളത്തില്‍ വലതിലൂടെയും ഇടതിലൂടെയും പോലും നടപ്പാക്കപ്പെടുന്നു. സാമ്പത്തികസംവരണം എന്ന സവര്‍ണ അമിത പ്രാതിനിധ്യക്കാര്ക്കു മാത്രമായുളള ഉദ്യോഗവിദ്യാഭ്യാസ സംവരണം പോലെ സ്വയംസേവക അജണ്ടകള്‍ ഓരോന്നായി രായ്ക്കുരാമാനം നടപ്പാക്കി കേരളത്തേയും കേന്ദ്രത്തിലേക്കു പ്രതിഷ്ഠിക്കാനാണോ ഇതെല്ലാം എന്നു ജനങ്ങള്‍ ചിന്തിക്കുന്നു.
ദേശീയ വിദ്യാഭ്യാസനയമെന്ന സ്വയംസേവക അജണ്ടയും അമിത ആക്രാന്തത്തില്‍ കേരളത്തില്‍ നടപ്പാക്കി വരികയാണ്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തു മാത്രം സര്‍ക്കാര്‍, എയിഡഡ്കോളേജ് മേഖലയില്‍ മാത്രം 6000 ലധികം നിലവിലുള്ള അധ്യാപക തസ്തികകളാണ് ബിരുദാനന്തരബിരുദ അധ്യാപനത്തിനു ആക്കം കൊടുക്കുന്ന പി. ജി. വെയ്റ്റേജ് റദ്ദാക്കിയതിലൂടെ ആവിയായത്. ഉന്നതവിദ്യാഭ്യാസരംഗത്തുള്ള സര്‍വകലാശാലകളും മറ്റു പഠനഅക്കാദമികഗവേഷണ സ്ഥാപനങ്ങളുമെല്ലാം എടുക്കുമ്പോള്‍ നഷ്ടമായത് നിലവിലുള്ള ഇരുപത്തിയയ്യായിരത്തിലധികം അധ്യാപക സ്ഥാനങ്ങളാണെന്നാണ് പല മാധ്യമവൃത്തങ്ങളും പറയുന്നത്. നിലവിലുള്ള അധ്യാപകരുടെ തലയില്‍ അമിതഭാരവും സമ്മര്‍ദ്ദവും നിലവാരത്തകര്‍ച്ചയും ഉണ്ടാക്കിയെന്നു മാത്രമല്ല ഗവേഷണബിരുദങ്ങളോടെ അധ്യാപനത്തിനായി പഠിച്ചൊരുങ്ങി പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കായ യുവജനങ്ങളെയാണ് ഇത് ബാധിക്കുന്നത്.
ശ്രീ മന്നം അവര്‍ണരുടെ ക്ഷേത്രപ്രവേശനത്തെ കുറിച്ചു പറഞ്ഞപോലെ അദ്ദേഹത്തിനനുവദിച്ചു കൊടുത്തിരിക്കുന്ന അവധിയും സ്ഥാനമാനങ്ങളുമെല്ലാം അടിയന്തിരമായി പുനപ്പരിശോധിക്കേണ്ടതാണ് എന്നും ജനങ്ങള്‍ പറയുന്നു.
ഇതുകൊണ്ടൊന്നും നായന്മാര് ഇളകുകില്ല എന്നും മന്നം 1964 ലെ അമ്പലപ്പുഴ പ്രസംഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ”മന്ത്രിമാരെ നിയന്ത്രിക്കാന്‍ പോലും നായന്മാര്ക്കു കെല്പുണ്ടാവണം, നായരെ ആരും ഭയപ്പെടുത്താന്‍ വരണ്ട. അവര്‍ ഭയക്കുന്നവരല്ല. നായര്‍ ജന്മനാതന്നെ വലിയവനാണ്” (വാസവപ്പണിക്കര്‍ 399). സംവരണം തുടര്‍ന്നു വാദിക്കുന്നതെല്ലാം നായരെ നശിപ്പിക്കുന്നതിനാണെന്നും ഇതിനെ എതിര്‍ക്കാന്‍ നായര്‍ സര്‍വീസ് സൊസൈറ്റി മാത്രമാണുള്ളതെന്നും മന്നം 1964 ലെ പൊന്‍കുന്നം പ്രസംഗത്തില്‍ പറഞ്ഞു (വാസവപ്പണിക്കര്‍ 400). രാഷ്ട്രീയ പ്രാതിനിധ്യത്തിനായുള്ള ഭരണഘടനാ സംവിധാനമായ സംവരണത്തെ കുറിച്ചുള്ള അമിത പ്രാതിനിധ്യക്കാരായ ഒരു ജാതിഹിന്ദു വിഭാഗത്തിന്റെ ആശങ്ക ഒളിഗാര്‍ക്കിയുടെ തികഞ്ഞ ലക്ഷണവും തെളിവുമാണല്ലോ. തങ്ങളുടെ കുത്തക കുറയാന്‍ പാടില്ല, മറ്റാരുടേയും പ്രാതിനിധ്യം അംഗീകരിക്കാന്‍ പാടില്ല എന്ന കിരാതമായ അജ്ഞതയും ജനായത്തവിരുദ്ധതയും ഫാഷിസവുമാണത്.

സവര്‍ണജാഥയുടെ രാഷ്ട്രീയവും
ഓര്‍മയുടെ ചിട്ടപ്പെടുത്തലും പൊതുമറവികളും
1924 നവമ്പറിലെ സവര്‍ണജാഥ നയിച്ച് വ്യാജമായി നിര്‍മിച്ചെടുത്ത സത്യഗ്രഹവിജയയശസ്സില് എളുപ്പത്തില്‍ പങ്കാളിയായി എന്നല്ലാതെ വൈക്കത്തെ 603 ദിവസം ഇളക്കിമറിച്ച ഘോരമര്ദ്ദനങ്ങളും ചതികളും ജാതിഹിംസകളും കണ്ട പോരാട്ടത്തില്‍ മന്നത്തിന് മറ്റൊരു പങ്കുമുണ്ടായിട്ടില്ല. ശിവഗിരി ധര്‍മസംഘം പുഷ്പാര്‍ച്ചന നടത്തേണ്ടത് 1925ലും തുറക്കാന്‍ തയ്യാറാകാത്ത കിഴക്കേനടയിലായിരുന്നു. കാരണം അതിനടുത്താണ് ദളവാക്കുളം. അവിടെയാണ് സംഘബോധമുള്ള നീതിബോധമുള്ള മനുഷ്യാവകാശ പോരാളികളായ ഇരുനൂറിലധികം ഈഴവയുവാക്കള്‍ 1806 മുതല്‍ പൂജനീയരായി മറവിയിലും തമസ്കരണത്തിലുമാണ്ടു കിടക്കുന്നത്. 1923 ലെ മഹാകവി ആശാന്റെ വടയാര്‍ പ്രസംഗത്തില്‍ ദളവാക്കുളം രക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകം ആവശ്യപ്പെടുന്നു. 1924 ജനുവരി മധ്യത്തിലദ്ദേഹം അന്തരിച്ചു. അല്ലായിരുന്നെങ്കില്‍ വൈക്കം സത്യഗ്രഹഭൂവിലെത്തി ഒരു രണ്ടാം ദളവാക്കുളം പ്രസംഗം ആശാന് നടത്തിയേനേ.
ഇരിങ്ങാലക്കുടയിലെ കുട്ടന്‍കുളം ഏതോ കുട്ടവാര്യര്‍ കുഴിച്ചതാണെന്നു കഥകളിറക്കി കുട്ടന് അഥവാ ബാലബുദ്ധന്റെ പേരിലുള്ള ആ കുളത്തേയും അമ്പലത്തിന്റെ ആദിമ അശോകന് ബൗദ്ധചരിത്രങ്ങളെയും 1946ല്‍ നടന്ന കുട്ടന്‍കുളം വഴിനടപ്പു സമരത്തേയുമെല്ലാം ക്രമേണ മായിക്കുകയും മറവിയിലേക്കും അവ്യക്തതകളിലേക്കും പ്രാന്തീകരിക്കാനും ഇന്നും പലരും ശ്രമിക്കുന്നു. അതുപോലെ ദളവാക്കുളം ദളവാ വേലുത്തമ്പിയുമായി ബന്ധപ്പെട്ടതല്ല, മറിച്ച് രാമയ്യന്ദളവാ കുത്തിയതാണെന്നും മറ്റും ചിലര്‍ മുട്ടാപ്പോക്ക് തട്ടിമൂളിക്കുന്നു. ഇരിങ്ങാലക്കുടയെന്ന ഊരുപേരില് തന്നെ ഈരണ്ടു ആലവട്ടങ്ങളും കുടയും തികഞ്ഞ അശോകന് ബുദ്ധബിംബങ്ങളാണ് കുടിയിരിക്കുന്നത്.

വൈക്കത്തിന് വ്യാഘ്രപുരയെന്നുംവ്യാഘ്രാലയമെന്നും സംസ്കൃതശൈലിയില്‍ പേരുണ്ട് എന്ന് മൂലൂര്‍ സാഹോദര്യമെന്ന കവിതയില്‍ എഴുതി. കടുവ അഥവാ പുലി തമിളകത്ത് പുത്തസൂചകവും കൂടിയാണ്. അസോക സിംഹസൂചന. പുലിക്കാലന് ചാമിയാരെന്ന വ്യാഘ്രപാദനെ ബ്രാഹ്മണ്യം അവിടെ കുടിയിരുത്തി. പ്രത്യഗ്രബുദ്ധനായി ഗുരുവിനെ മൂലൂര്‍ ഈ കവിതയില്‍ അവതരിപ്പിക്കുന്നു. നാണുഗുരുവായ കേരളപുത്തരുടെ സംഘത്തിലണിചേര്ന്ന പ്രാചീന ശാക്യസിംഹന്റെ സംഘത്തിലുള്ള സിംഹജരായ സോദരരോട് സിംഹതുല്യരായി നിന്നു പോരാടാന്‍ കവി പറയുന്നു. ഹിന്ദുസാമ്രാജ്യം എന്ന പ്രയോഗവും മൂലൂര്‍ കവിതയില്‍ ആരംഭിക്കുന്നു 1924ല്‍ വൈക്കം പോരാട്ടവേളയില്‍. എന്തിനീ ഹിന്ദുമതമെന്നു ചോദിക്കുന്നു. മതപരിവര്‍ത്തന സംവാദത്തില്‍ ചിദംബരം പിള്ളയ്ക്കുള്ള മറുപടിക്കവിതയിലാണത്. ഗുരുശിഷ്യ സാംസ്കാരിക ചര്‍ച്ചകളുടെ ഗൗരവവും ജ്ഞാനസിദ്ധാന്ത വിമര്‍ശ ഗൗരവവും വെളിപ്പെടുത്തുന്നു മൂലൂരിന്റെ കവിതയെ ശക്തിമത്താക്കുന്ന 1924ലെ ഹിന്ദുസാമ്രാജ്യ വിമര്‍ശം.1942 ലാണ് ഗുരുശിഷ്യരായ ധമ്മതീര്ഥര് ഹൈന്ദവദുഷ്പ്രഭുത്വചരിത്രം എഴുതിയതും ഹിന്ദു ഇംപീരിയലിസം എന്ന വിമര്‍ശ പരിപ്രേക്ഷ്യം രൂപീകരിച്ചതും.
അശോകന്
ബുദ്ധവിഹാരങ്ങളായ പള്ളികള്‍
ബ്രാഹ്മണിക ഹിന്ദുക്ഷേത്രങ്ങളാക്കി
വൈക്കം എന്നത് കായലും കടലും വച്ച കരയാണ് വൈപ്പിന്‍ പോലെ. ഖരനെന്ന അസുര പ്രതിഷ്ഠയുടെ ഐതീഹ്യസൂചന അസുരവല്ക്കരിക്കപ്പെട്ട ബൗദ്ധരുടേതായിരുന്നു അതെന്ന വസ്തുതയാണ്. വ്യാഘ്രപാദനെന്ന പുലിക്കാലന് ചാമിയുടെ പഥസഞ്ചലനവും ശിലാന്യാസവും ലിംഗപ്രതിഷ്ഠയും മധ്യകാലത്തിനവസാനമാണ് നടന്നത്. ബുദ്ധസ്തുപത്തെ ശൈവലിംഗമാക്കുന്നത് ഇന്ത്യയിലെമ്പാടും ബ്രാഹ്മണ്യം നടത്തിയ കൂടുവിട്ടുകൂടുമാറലാണ്. പനച്ചിക്കല്‍ കാവ് ഇന്നും വൈക്കത്തു മതിലകത്താണ്. അശോകന് ഗജോത്തമനും നാഗരും അവിടെയുണ്ട്. അതു തങ്ങളുടേതാണെന്നാണ് ദളവാക്കുളം രക്തസാക്ഷികള്‍ വാദിച്ചതും ആരാധനയ്ക്കായി അവിടെ കയറിയതും. കാലായ്ക്കല്‍ എന്ന ഈഴവ കുടുംബത്തിനായിരുന്നു വൈക്കത്തമ്പലത്തിലെ കാര്യനടത്തിപ്പിനുള്ള അവകാശം. കാലായ്ക്കല്‍ കാവ് പനച്ചിക്കല്‍ കാവിന്റെ തുടര്‍ച്ചയായി മതിലിനു വടക്കുപടിഞ്ഞാറായി ഇന്നും നിലനില്ക്കുന്നു. രണ്ടിടത്തും പനച്ചിമരങ്ങളുണ്ട്.
കേരള സംസ്കാരത്തിനാധാരമായ അശോകന് ബുദ്ധവാദത്തെ ചതിയിലൂടെ മാബലിയെ വാമനന് എന്ന പോലെ ചവിട്ടിത്താഴ്ത്തി ജാതിവ്യവസ്ഥയും വൈദിക വര്‍ണാശ്രമധര്‍മവും സ്ഥാപിച്ച പത്താം നൂറ്റാണ്ടുമുതല്‍ ആയിരം വര്‍ഷമായി ജാതിക്കും ബ്രാഹ്മണ്യത്തിനും അതിന്റെ കിരാത ഉപോല്‍പ്പന്നമായ മലയാളി കൂലീനതയെന്ന ക്ഷുദ്രതയ്ക്കും അവരുടെ പൗരോഹിത്യ-പടയാളി സഖ്യകാമനകള്ക്കും കിരാത സൈനികഭരണത്തിനും അവര്‍ണരുടെ മേല്‍ കെട്ടിവച്ച ജാതിക്കരങ്ങള്ക്കും വിലക്കുകള്‍ക്കും വര്‍ണവെറിയന്‍ അപ്പാര്‍ത്തീഡിനും എതിരായി ജനായത്തത്തിനായി നിര്‍ഭയരും നിരായുധരുമായി പോരാടി വീരമരണം വരിച്ച നങ്ങേലിയേയും ദളവാക്കുളം പോരാളികളേയുമാണ് സത്യനീതിബോധവും ചരിത്രബോധവും മാനവികതയുമുള്ള ഗുരുവിന്റെ പിന്‍ഗാമികളും പൗരബോധമുള്ള ജനായത്തവിശ്വാസികളും ഓര്‍ക്കേണ്ടത്. ഗുരുവിന്റെ ധമ്മഭിക്ഷു സംഘം പ്രത്യേകിച്ചും ചരിത്രത്തെ കവചമായണിയണം ജനതയിലുണര്ത്തി നിര്‍ത്തണം.
ടി. കെ. മാധവന്റെ സമരസഖാവായി ജീവിതവും കാഴ്ച്ചയും അര്‍പ്പിച്ചു മറഞ്ഞ പെരുമ്പളം പള്ളിപ്പുറം പൂത്തോട്ട ഭാഗങ്ങളിലെ ആമചാടി തേവരെ പോലുള്ള ദലിതസോദരരേയും ഓര്‍ക്കേണ്ടത് സംഘക്കാരായ ഈഴവരാണ്. സാഹോദര്യത്തോടെ മൈത്രീപൂര്ണമായി ഇഴചേരുമ്പോഴാണ് സംഘമുണ്ടാകുന്നത്. സംഘവുമായി ചേരുന്ന ജനതയാണ് ചേരമര്‍. തമിഴകത്തെ പറയര്, പള്ളര്‍ തുടങ്ങിയ ജനതകളും ചക്ലിയര്‍ എന്ന ശാക്യരുമെല്ലാം പള്ളിയുമായും ചേരിയെന്ന മൊണാസ്ട്രിയുമായും ബന്ധമുളളവരാണ്. പ്രബുദ്ധമായ കമ്മത്തെ ആളുന്നവരും പഞ്ചശീലം പാലിക്കുന്നവരുമാണ് ഐംകുടിക്കമ്മാളരെന്ന വിശ്വകര്മര്. അവര്ണരെല്ലാം സഹോദരകവിത പാടിയപോലെ ബൗദ്ധരായിരുന്നു.
ജാതിവര്ണബാഹ്യര്.
ജാതിബാഹ്യരാമഖിലരുമേ
ബൗദ്ധരെന്നു സഹോദരന്.
പ്രകൃതിയിലും പ്രബുദ്ധമായ നെയ്ത്തിലുമെന്ന പോലെ സംഘടിതമായ ഇഴചേര്‍ന്ന സംഘത്തെയാണ് ഈഴം എന്ന പ്രാചീന തമിഴ്പദം സൂചിപ്പിക്കുന്നത്. ഈഴവരെന്നാല് പ്രബുദ്ധരായ സംഘക്കാരെന്നാണ് പൊരുള്‍. അതില്‍ നിരവധി ഗോത്രങ്ങളും വംശങ്ങളുമുണ്ട്. സംഘകാല ഗണങ്ങളാണവര്. ആധുനികകാലത്ത് നീതിബോധമുള്ള തന്റെ ശിഷ്യരായ ജൈവബുദ്ധിജീവികളെ ഇഴയടുപ്പത്തോടെ അരുളോടെ അനുകമ്പയോടെ അണിനിരത്തി ബ്രാഹ്മണ്യവും ജാതിക്ഷുദ്രതയും തകര്‍ത്ത ആ മൈത്രീവലവീണ്ടും നെയ്തെടുത്തത് കേരളപുത്തരെന്ന് ശിഷ്യരായ മഹാകവികള്‍ മൂലൂരും കറുപ്പനും ആശാനും സഹോദരനുമെല്ലാം ആദരത്തോടെ അഭിവാദ്യം ചെയ്ത നാണുവാശാന് എന്ന നാരായണഗുരുവാണ്. ജാതിലഹളകളുടെ കാലത്ത് ഇരുപതാം നൂറ്റാണ്ടിനു തുടക്കത്തില്‍ അനുകമ്പാദശകവും ജീവകാരുണ്യപഞ്ചകവുമെഴുതി ഗുരു, അങ്ങനെ അദ്ദേഹം മഹാകരുണയും മൈത്രിയും മുദിത്തവും അറിവന്പനുകമ്പകളുടെ പൊരുളായി അക്ഷരങ്ങളിലൂടെയും ചിന്തയിലൂടെയും വേരുറപ്പിച്ച് കേരളത്തെ പുതുക്കിയെടുത്ത കേരള പുത്തരായി. ശിവനെക്കുറിച്ചും രാമനേക്കുറിച്ചും ഗുരു പറഞ്ഞ കാര്യങ്ങള്‍ യുക്തിവാദികളും നീതിവാദികളും പ്രചരിപ്പിക്കേണ്ടതാണ്. ഡോ. ടി. ഭാസ്കരന്റേയും പി. കെ. ബാലകൃഷ്ണന്റേയും സമാഹാരപുസ്തകങ്ങള് പ്രയോജനപ്പെടുത്താം (ഭാസ്കരന്, ബാലകൃഷ്ണന്).( തുടരും)






