എല്ലാം നാം തന്നെ ആയാല്‍

ദീര്‍ഘദൂരം നടന്നുകഴിഞ്ഞു. സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. രാത്രിയില്‍ ഒരിടം വേണം. പരിചയക്കാരാരുമില്ല. കുറച്ചുദൂരം മുന്നോട്ടു നടന്നപ്പോള്‍ ഒരു പഴയ ക്ഷേത്രം കണ്ടു. അങ്ങോട്ടു ചെന്നു.
ക്ഷേത്രക്കുളത്തില്‍ കുളിച്ചു. ക്ഷേത്രദര്‍ശനം നടത്തി. അവിടെയൊരിടത്ത് ധ്യാനിച്ചിരുന്നു. സുബ്രഹ്മണ്യക്ഷേത്രമാണ്. ആരൊക്കെയോ ക്ഷേത്രത്തില്‍ വന്നു തൊഴുതു മടങ്ങി.

രാത്രിയായി. ഭക്ഷണമൊന്നുമില്ല. ഇന്നു രാത്രി ഉപവാസമാവാം എന്നു നിശ്ചയിച്ചു. അവിടെ അടുത്തുകണ്ട പാറപ്പുറത്ത് കിടന്നുറങ്ങി. അതികാലത്തെഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ നടത്തി. ക്ഷേത്രക്കുളത്തില്‍ കുളിച്ചു ദര്‍ശനം നടത്തി.
രാവിലെ ക്ഷേത്രത്തിലെത്തിയ ചിലര്‍ പുതിയ ഭക്തനെ ശ്രദ്ധിച്ചു. ഇന്നലെ സന്ധ്യയില്‍ കണ്ടിരുന്നു. എങ്ങും പോകാതെ ഇവിടെത്തന്നെ തങ്ങിയതെന്ത്? സംശയമായി അവര്‍ അടുത്തുചെന്നു.

വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. എന്നാല്‍ ഒരു സന്ന്യാസിയുടെ പൂര്‍ണ്ണചൈതന്യഭാവം ആ മുഖത്തുണ്ട്. അവര്‍ ആദരവോടെ അപരിചിതനായ യുവാവിന്റെ അടുത്തുവന്നു കുശലം ചോദിച്ചു.
ശാന്തസ്വരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു. അതു കേട്ടപ്പോള്‍ ഈ യുവാവ് സാധാരണക്കാരനല്ലെന്നു അവര്‍ക്ക് തോന്നി. ജോലിക്കു പോകേണ്ടതുണ്ടെന്നു പറഞ്ഞു അവര്‍ പല വഴിക്കു പോയി.
അന്നു വൈകുന്നേരം വരുമ്പോള്‍ നാട്ടുകാരായ അവര്‍ കൈയില്‍ കുറേ പഴങ്ങളും കരുതിയിരുന്നു. ആ പഴങ്ങള്‍ സ്‌നേഹാദരങ്ങളോടെ ഭക്തന് നല്‍കി.
”ഞങ്ങള്‍ കൃഷിചെയ്തുണ്ടാക്കുന്നതാണ്.”
നാട്ടുകാര്‍ അഭിമാനത്തോടെ പറഞ്ഞു.
”നന്നായി.”
യുവസന്ന്യാസിയുടെ അഭിനന്ദനം കേട്ട് കൃഷിക്കാര്‍ സന്തോഷിച്ചു. അവിടെത്തന്നെ നിന്നു.
”ഈ ക്ഷേത്രപരിസരം കുറേനാളായി വേണ്ടവിധത്തില്‍ ആരും വൃത്തിയാക്കിയിട്ടില്ലെന്നു തോന്നുന്നു.”
യുവ സന്ന്യാസി പറഞ്ഞു.
”അതെ. ആണ്ടുത്സവത്തിന് നന്നായി വെടിപ്പാക്കും. അതു കഴിഞ്ഞിട്ടിപ്പോള്‍…”
ഒരാള്‍ പറഞ്ഞുതുടങ്ങിയതുകേട്ട് മറ്റുള്ളവര്‍ തലതാഴ്ത്തിനിന്നു. വേണ്ടതുതന്നെയെന്ന ചിന്തയുണ്ട്. അവരോട് മൃദുസ്വരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കി.
”ചുറ്റും വളര്‍ന്നു പടര്‍ന്ന കുറ്റിച്ചെടികള്‍ നമുക്ക് വെട്ടിത്തെളിക്കാം. മുറ്റത്ത് നല്ല മണല്‍ കൊണ്ടുവന്നു നിരത്തണം. അപ്പോള്‍ അവിടെ ഇരുന്ന് നമുക്ക് നല്ല ഗ്രന്ഥങ്ങള്‍ വായിക്കാം.”
അന്നുവരെ ആരും ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും മണലില്‍ വന്നിരിക്കാന്‍ കഴിയുന്നത് നല്ല കാര്യം തന്നെ.
”നാളെത്തന്നെ ഞങ്ങള്‍ ജോലി തുടങ്ങും. അങ്ങു വേണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍മതി.”
ഒരാള്‍ എല്ലാവര്‍ക്കുംവേണ്ടി സംസാരിച്ചു. അതുകേട്ടപ്പോള്‍ മറ്റുള്ളവര്‍ സമ്മതഭാവത്തില്‍ തലകുലുക്കി.
”ഇവിടെ നിങ്ങളുടെ മക്കള്‍ക്ക് പഠിക്കാന്‍ പള്ളിക്കൂടങ്ങളുണ്ടോ?”
യുവസന്ന്യാസിയുടെ ചോദ്യം കേട്ടപ്പോഴാണ് അങ്ങനെയൊരു കാ ര്യം പലരും ഓര്‍ത്തത്. തങ്ങള്‍ പഠിച്ചിട്ടില്ല. തങ്ങളുടെ അച്ഛന്‍ കാരണവന്മാരാരും പഠിച്ചിട്ടില്ല. ഇനിയിപ്പോള്‍ മക്കള്‍ പഠിച്ചിട്ടെന്താണ് കാര്യം എന്നായി ചിലരുടെ ചിന്ത.
”പള്ളിക്കൂടമുള്ളത് വളരെ ദൂരെയാണ്. അവിടെ ചെന്നു പഠിക്കാന്‍ സമ്മതിക്കുകയുമില്ല.”
നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ എന്തെന്നു മനസ്സിലായി. പക്ഷെ അവരെ ഭയപ്പെടുത്തുന്നത് ജാതിചിന്തയും സ്വഭാവവുമാണ്. അതു മാറ്റണം.
”നമുക്കിവിടെ ഒരു പള്ളിക്കൂടം തുടങ്ങാം.”
സ്വാമിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ എല്ലാവരുടെ മുഖത്തും ഭയം മിന്നിമറഞ്ഞു. ആരെയൊക്കെയോ ഇവര്‍ ഭയക്കുന്നുണ്ട്. അതിന്റെ കാര്യകാരണങ്ങളറിഞ്ഞു മതി ഇനി പള്ളിക്കൂടത്തെപ്പറ്റി പറയുന്നത്.
ആരും ഒന്നും പറയുന്നില്ല. പള്ളിക്കൂടം വേണമെന്നോ വേണ്ടെ ന്നോ അഭിപ്രായമില്ല. അല്പനേരംകൂടി അവിടെ തങ്ങി നിന്നിട്ട് അവര്‍ പിരിഞ്ഞുപോയി.
പിറ്റെന്നു കാലത്ത് സ്വാമിയെ കാണാന്‍ അവരില്‍ ചിലര്‍ വന്നു. കുറേ കാര്യങ്ങള്‍ അറിയിക്കനുണ്ട്. ഉപദേശം വാങ്ങാനുമുണ്ട്.
ക്ഷേത്രമുറ്റത്ത് ധ്യാനത്തിലെന്നപോലെ ഇരിക്കുന്ന സ്വാമിയെ കണ്ടപ്പോള്‍ ഒരാള്‍ ചോദിച്ചു.
”രാത്രി എവിടെയാണ് ഉറങ്ങിയത്?”
”ഇവിടെ.”
അതുകേട്ടപ്പോള്‍ മറ്റൊരാള്‍ ചോദിച്ചു.
”ഇവിടെ രാത്രിയില്‍ ഇരുട്ടില്‍ ഒറ്റയ്ക്ക് കഴിയാന്‍ പേടിയില്ലേ?”
”ഇല്ല.”
”ഈ ലോകത്തില്‍ താനുമായി ബന്ധമില്ലാത്ത പലതും ഉണ്ടെന്നു കരുതുന്നതിനാലാണ് ആ പലതിനെയും പേടിക്കുന്നത്. ഇവിടെയുള്ളതെല്ലാം നമുക്ക് ബന്ധമുള്ളതാണെന്നു വിശ്വസിച്ചാല്‍ പിന്നെ ആരെയാണ് പേടിക്കേണ്ടത്. ബന്ധുക്കളെ പേടിക്കേണ്ടതുണ്ടോ?”
”വലിയ തത്ത്വം തന്നെയാണ് പറയുന്നത്. എന്നാലും…”
പേടി വിട്ടൊഴിയാത്ത ഒരാള്‍ പറഞ്ഞു.
”എല്ലാം നാം തന്നെ ആയാല്‍ പിന്നെ ആരെയാണ് പേടിക്കേണ്ടത്? ഇതിനെയാണ് അദ്വൈതം അതായത് എല്ലാം ഒന്നുതന്നെയെന്നു പറയുന്നത്.”
വിദ്യാലയം തുടങ്ങണമെന്നു പറഞ്ഞപ്പോള്‍ ഭയപ്പെട്ടവരുടെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ പ്രകാശം നിറഞ്ഞു. കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു പള്ളിക്കൂടം ഇവിടെയും വേണമെന്ന ആഗ്രഹം ഉണര്‍ന്നു.
സ്വാമിതന്നെ വേണ്ടതു ചെയ്യണമെന്നായി ചിലര്‍. സ്വാമിയുടെ നിര്‍ദ്ദേശപ്രകാരം അധികം വൈകാതെ അവിടെ ഒരു പള്ളിക്കൂടമുണ്ടാ യി. അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ ഒരാളെയും അവര്‍ കണ്ടെത്തി. എല്ലാം കഴിഞ്ഞ് സ്വാമി ഇവിടെനിന്നും എങ്ങോട്ടോ പോയിരുന്നു.

Author

61 Views
Scroll to top
Close
Browse Categories